ADVERTISEMENT

മീന ശനി ഇടവ വ്യാഴം കൊല്ലവർഷം 1200 മേടമാസം 1 (2025 ഏപ്രിൽ 14) തിങ്കളാഴ്ച ഉദയത്തിന് മുൻപ് 7 നാഴിക 25 വിനാഴികയ്ക്ക് (പുലർച്ചെ 3 മണി 21 മിനിറ്റ്) ചോതി നക്ഷത്രം തുലാക്കൂറും കൃഷ്ണപക്ഷ പ്രഥമ തിഥിയും വരാഹ കരണവും വജ്രനാമ നിത്യയോഗവും കൂടിയ സമയം മേട വിഷുസംക്രമം. വിഷു മുതൽ തുടങ്ങുന്ന ഒരു പുതുവർഷത്തിന്റെ സാമന്യ ഫലങ്ങളാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4):വ്യാപാര വിപണനമേഖലകളിൽ മാന്ദ്യം ഉണ്ടാകും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. പുതിയ പദ്ധതികളോ മനോ രഹസ്യങ്ങളോ ആരുമായും പങ്കിടരുത്. വിദ്യാർഥികൾക്ക് അലസത വർധിക്കും. ഉപരിപഠനം ഉപേക്ഷിക്കരുത്. കുടുംബത്തിലും ജോലിസ്ഥലത്തും എല്ലാവരോടും സ്നേഹത്തോടെയും ദയയോടെയും പെരുമാറുക. കുടുംബപ്രശ്നങ്ങൾ നയപരമായി പരിഹരിക്കണം. വാഹനങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. പുതിയ കാര്യങ്ങൾക്കായി പണമിറക്കുമ്പോൾ നന്നായി അന്വേഷണ വിധേയമാക്കിയേ ചെയ്യാവൂ. ദാമ്പത്യത്തിലെ ചെറിയ പിണക്കങ്ങൾ സംസാരിച്ച് തീർക്കണം. ആരോഗ്യ ശ്രദ്ധ വേണം. സഹവർത്തിത്വഗുണത്താൽ സദ്ചിന്തകൾ വർധിക്കും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2):വിദ്യാർഥികൾക്ക് ഉന്നത പഠന വിജയം ഉണ്ടാകും. ജോലിയിൽ അസൂയാവഹമായ പുരോഗതി നേടും. ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങൾ ലഭിക്കും. ജീവിതത്തിൽ അപ്രതീക്ഷിതമായ പല മാറ്റങ്ങളും ഉണ്ടാവും. പ്രണയം പൂവണിയും. നടക്കുവാൻ സാധ്യത ഇല്ലെന്ന് കരുതിയ പല കാര്യങ്ങളിലും ക്ഷിപ്ര വിജയം കൈവരിക്കാനുതകുന്ന സന്ദർഭം വന്നു ചേരും. സാമ്പത്തിക പരാധീനങ്ങളിൽ നിന്നും മുക്തി നേടും. ബന്ധുമിത്രാദികളുടെ പരാതികൾ തീർക്കും. പ്രിയപ്പെട്ടവരുടെ സാമീപ്യം സന്തോഷം നൽകും. കളത്രത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറും. ബിസിനസിൽ ലാഭം കൂടും. വിലപിടിപ്പുള്ള രേഖകൾ, ആഭരണങ്ങൾ ഇവ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധവേണം. അനാവശ്യ യാത്രകൾ കുറയ്ക്കണം. ചെറിയ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയേക്കാം.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4):ചുറുചുറുക്കും കർമശേഷിയും വർധിപ്പിക്കണം. പ്രതിസന്ധികളെ സധൈര്യം നേരിട്ട് ജീവിത വിജയം കൈവരിക്കാൻ ശ്രമിക്കണം. കടബാധ്യത തീർക്കാൻ ബുദ്ധിപരമായി ശ്രമിക്കണം. നിരാശ വേണ്ട. കാര്യങ്ങൾ ക്രമേണ നേരെയാവും. അപ്രതീക്ഷിതമായ ചെലവുകൾ പ്രയാസം സൃഷ്ടിക്കാനിടയുണ്ട്. ശ്രേയസ്ക്കരമായ കർമങ്ങൾ നിഷ്ഠയോടു കൂടിചെയ്യുക. അനവസരത്തിൽ അഭിപ്രായം പ്രകടിപ്പിക്കരുത്. ധനനഷ്ടം, അപവാദം ഇവ കരുതിയിരിക്കുക. എന്തു വില കൊടുത്തും തീരുമാനം നടപ്പാക്കാൻ ശ്രമിക്കുക. ശരിയായ തീരുമാനങ്ങൾ പ്രതിസന്ധികൾ പരിഹരിക്കും. ഗൃഹസംബന്ധമായി ചില കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിവരും. സ്വജനങ്ങളുടെ കുതന്ത്രങ്ങൾ മനഃസ്വസ്ഥത കെടുത്തും. വിനോദത്തിന് കൂടുതൽ പണം ചെലവഴിക്കരുത്. ദൈവീകത വർധിപ്പിക്കുക.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം):കർമരംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തുക. ഉത്തരവാദിത്വങ്ങൾ വർധിക്കും. ബുദ്ധിപരമായി നീക്കങ്ങളിലൂടെ ഗുണാനുഭവങ്ങൾ ഉണ്ടാകും. അലസതയോടു കൂടിയുള്ള സമീപനം പ്രയാസങ്ങൾ സൃഷ്ടിക്കും. സന്താനങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കണം. വളരെ വേഗം ലക്ഷ്യത്തിൽ എത്തിചേരാൻ കഴിഞ്ഞില്ലെങ്കിൽ നിരാശപ്പെടരുത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് നിറവേറ്റുന്നതിന് ക്ഷമയും കഠിനമായ പരിശ്രമവും വേണ്ടിവരും. ബന്ധങ്ങൾ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തുക. വാക്കുകൾക്ക് നിയന്ത്രണം വേണം. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അതിനാൽ ഏകാഗ്രത വർധിപ്പിക്കാൻ യോഗ, ഈശ്വര പ്രാർഥന എന്നിവ ചെയ്യാൻ ശ്രമിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4):പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിടവരും. ഭാഗ്യാനുഭവങ്ങൾ. മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരം. വിദ്യാർഥികൾക്ക് ഉന്നത പഠന വിജയം. കർമരംഗത്ത് പുതിയ സാധ്യതകൾ എന്നിവ ഉണ്ടാവും. വിവിധ സ്രോതസ്സുകളിൽ നിന്നും ധനം ലഭിക്കും. അത് ഉചിതമായ രീതിയിൽ നിക്ഷേപിക്കണം. സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് മൂലം കൂടുതൽ ആളുകളുമായി നല്ല ബന്ധമുണ്ടാകും. സ്വാധീനശേഷി വർധിക്കും കാലങ്ങളായി ആഗ്രഹിക്കുന്ന ഭവന നിർമാണം, വാഹനം മാറ്റി വാങ്ങൽ എന്നിവ നടക്കും. നിക്ഷേപങ്ങൾ നടത്തുന്നതിൽ തിരക്ക് കൂട്ടരുത്. വേണ്ടത്ര ആലോചനയില്ലാത്ത പ്രവർത്തികൾ സാമ്പത്തികമായി കുഴപ്പത്തിലാക്കും. എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുൻപ് പരിചയസമ്പന്നരായ ആളുകളോട് അന്വേഷിക്കണം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):ഈശ്വരപ്രാർഥനകളാലും ഔചിത്യമുള്ള സമീപനത്താലും ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കുമെങ്കിലും സാമ്പത്തിക നേട്ടം കുറയും. തൊഴിൽ മേഖലകളിലുള്ള ഗതിവിഗതികൾക്കനുസരിച്ച് ജീവിതം നയിക്കേണ്ടതായി വരും. പാഴ് ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. ചുറ്റുമുള്ളവരുടെ സ്വാധീനങ്ങൾക്ക് അമിതമായി വഴങ്ങരുത്. ഗൃഹസംബന്ധമായ ചുമതലകൾ സമയ ബന്ധിതമായി പൂർത്തിയാക്കുക. ദാമ്പത്യത്തിൽ കലഹം, തെറ്റിദ്ധാരണ ഇവ ഉണ്ടാകാതെ നോക്കണം. വാഹനം ഉപയോഗിക്കുമ്പോഴും യാത്രചെയ്യുമ്പോഴും നല്ല ശ്രദ്ധ വേണം. സന്താനങ്ങളുടെ ക്ഷേമത്തിനായി പരിശ്രമിക്കണം. കോപം നിയന്ത്രിക്കണം. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും അബദ്ധമായിത്തീരും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4):വരുമാനം വർധിക്കും. സാമ്പത്തിക സ്ഥിതി ഭദ്രമാകും. സത്കീർത്തി പ്രതീക്ഷിക്കാം. വിചാരിക്കുന്ന പല കാര്യങ്ങളും യഥാസമയം സാധിക്കും. പുതിയ സ്ഥലത്തെ ശമ്പളത്തിൽ നല്ല മാറ്റമുണ്ടാകും. നിക്ഷേപമെന്ന നിലയിൽ ഭൂമിയോ ഗൃഹമോ വാങ്ങുവാനിടവരും. അന്യാധീനപ്പെട്ട ധനം തിരികെ ലഭിക്കും. കൂട്ടു ബിസിനസിൽ പുതിയ മാറ്റങ്ങൾ വേണ്ടിവരും. സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി ചിലരെ തള്ളി പറയേണ്ടി വരും. ഓഹരി മാർക്കറ്റിൽ മികവ് ഉണ്ടാവും. ഭൂമിസംബന്ധിച്ചുള്ള അവകാശ തർക്കം പരിഹരിക്കും. ആരേയും അമിതമായി വിശ്വസിക്കരുത്. പാലിക്കാനാകാത്ത വാഗ്ദാനം നൽകരുത്. വിദ്യാർഥികൾക്ക് വിദ്യാലാഭം ഉണ്ടാകും. മറ്റുള്ളവരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. ചെറിയ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായേക്കും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട):പലതരം പ്രതിസന്ധികൾ നേരിടുമെങ്കിലും ഈശ്വരാധീനത്താൽ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാവില്ല. ഈശ്വരഭക്തി, ധർമനിഷ്ഠത പരോപകാരതല്‍പരത എന്നിവ ഉണ്ടാവണം. മേലധികാരികളുമായി വാക്ക് തർക്കത്തിന് പോവരുത്. വാക്കുകൾ സൂക്ഷിച്ചേ പ്രയോഗിക്കാവൂ. ശരിയായ ധനവിനിയോഗത്തിലൂടെ മെച്ചപ്പെട്ട നിലയിലേക്ക് സ്ഥിതിഗതികൾ മാറ്റണം. ചെലവ് നിയന്ത്രിക്കണം. ഉത്കണ്ഠയും ആശങ്കയും പാടില്ല. അശ്രദ്ധയും അലസതയും വലിയ പ്രയാസങ്ങൾക്ക് കാരണമായേക്കാം. ജീവിത പങ്കാളിയുമായി അനാവശ്യ വാഗ്വാദങ്ങൾ ഒഴിവാക്കുക. അനാവശ്യ കൂട്ടുകെട്ടുകളിൽ ചെന്ന് പെടരുത്. മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾക്ക് മേൽ ചുമത്തപ്പെടാൻ സാധ്യത ഉള്ളതിനാൽ എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ പുലർത്തുക. ക്ഷമയോടെ പ്രവർത്തിച്ചാൽ ആഹ്ലാദകരമായ ജീവിതം നയിക്കാനാകും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4):അപര്യാപ്തകൾ പരിഹരിച്ച് വ്യാപാരം പുനരാരംഭിക്കും. വിഭാവനം ചെയ്ത പദ്ധതികൾ പ്രാവർത്തികമാക്കുവാൻ അവസരമുണ്ടാകും. സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധയും സൂഷ്മതയും വേണം. സ്വന്തം കാര്യങ്ങൾ നീക്കിവെച്ച് അന്യരുടെ കാര്യങ്ങളിൽ ഇടപ്പെടുന്ന പ്രവണത ഉപേക്ഷിക്കണം. മംഗളവേളയിൽ വെച്ച് മഹദ് വ്യക്തികളെ പരിചയപ്പെടുവാനവസരമുണ്ടാകും. സംസർഗ ഗുണത്താൽ സദ്ചിന്തകൾ വർധിക്കും. സമർപ്പിക്കുന്ന പദ്ധതികൾക്ക് അന്തിമനിമിഷത്തിൽ അനുമതി ലഭിക്കും. ആദരവും വിനയവുമുള്ള സമീപനം മാർഗതടസ്സങ്ങളെ അതിജീവിച്ച് സർവകാര്യവിജയം നേടുവാൻ ഉപകരിക്കും. വസ്തുതകൾക്ക് നിരക്കാത്ത പ്രവൃത്തികളിൽ നിന്നും പിൻമാറുന്നത് ഭാവിയിലേക്ക് ഗുണകരമാകും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടു കൂടി ചെയ്യുന്നതെല്ലാം വിജയിക്കും. സംഘടനാ പ്രവർത്തനങ്ങൾക്ക് സർവാത്മനാ സഹകരിക്കുമെങ്കിലും സാമ്പത്തിക വിഭാഗത്തിൽ നിന്നും പിൻമാറുകയാണ് നല്ലത്. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഇല്ലെങ്കിൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും. കുടുംബത്തിൽ സമാധാനവും ഐശ്വര്യവു ഉണ്ടാവാൻ ശ്രമിക്കണം. നല്ല പെരുമാറ്റത്തിലൂടെ സ്നേഹം പിടിച്ചു പറ്റണം. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും ഉപദേശങ്ങൾക്കും വില നൽകുന്നതിലൂടെ അംഗീകാരം നേടിയെടുക്കും. ഉത്തരവാദിത്വമുള്ള നിരവധി ജോലികൾ ഏറ്റെടുക്കേണ്ടി വരും. ഈശ്വര ചിന്ത ശക്തമാക്കണം. മേലുദ്യോസ്ഥരുമായി കലഹിക്കരുത്. അപമാനത്തിന് ഇടയുള്ളതിനാൽ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് പരമാവധി ഒഴിവാക്കണം.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):തൊഴിൽ മേഖലകളിൽ പുരോഗതിയും സമ്പൽ സമൃദ്ധിയും പ്രതാപവും ഐശ്വര്യവും ഉണ്ടാകും. നിബന്ധനകൾക്ക് വിധേയമായി പുതിയ പദ്ധതികൾ ഏറ്റെടുക്കും. സാമ്പത്തിക പുരോഗതി ഉണ്ടായതിനാൽ ഗൃഹനിർമാണം പുനരാരംഭിക്കും. നിരവധി കാര്യങ്ങൾ നിഷ്കർഷയോടുകൂടി ചെയ്തു തീർക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. ആദ്ധ്യാത്മിക - ആത്മീയ ചിന്തകളാൽ സേവന പ്രവർത്തനങ്ങളിൽ വ്യാപൃതനാകും. സ്വതസിദ്ധമായ പ്രവർത്തനശൈലി മാതൃകാപരമായി എന്നറിഞ്ഞതിനാൽ ആത്മാഭിമാനം തോന്നും. പുണ്യ തീർഥയാത്രക്ക് അവസരം വന്നു ചേരും. പൂർവിക സ്വത്ത് ഭാഗം വയ്ക്കുവാൻ വിട്ടു വീഴ്ചയ്ക്ക് തയാറാകും. സത്യസന്ധവും നീതിയുക്തവുമായ സമീപനം സർവാദരങ്ങൾക്കും വഴിയൊരുക്കും. ആരോഗ്യ ശ്രദ്ധ വേണം അസുഖങ്ങളെ അവഗണിക്കരുത്.

മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):നിസ്സാരകാര്യങ്ങൾക്കു പോലും കൂടുതൽ പരിശ്രമം വേണ്ടി വരും. ഈശ്വരഭക്തി, ധർമനിഷ്ഠത, പരോപകാര താല്‍പരത എന്നിവ ഉണ്ടാവണം. മേലധികാരികളുമായി വാക്ക് തർക്കത്തിന് പോവരുത്. വാക്കുകൾ സൂക്ഷിച്ചേ പ്രയോഗിക്കാവൂ. ശരിയായ ധനവിനിയോഗത്തിലൂടെ മെച്ചപ്പെട്ട നിലയിലേക്ക് സ്ഥിതിഗതികൾ മാറ്റണം. ചെലവ് നിയന്ത്രിക്കണം. അശ്രദ്ധയും അലസതയും വലിയ പ്രയാസങ്ങൾക്ക് കാരണമായേക്കാം. ജീവിത പങ്കാളിയുമായി അനാവശ്യ വാഗ്വാദങ്ങൾ ഒഴിവാക്കുക. അനാവശ്യ കൂട്ടുകെട്ടുകളിൽ ചെന്നുചാടരുത്. മഹദ് വ്യക്തികളുടെ വാക്കുകൾ പലപ്പോഴും യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഉപകരികരിക്കും. വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങൾ ലക്ഷ്യപ്രാപ്തി നേടും.

ലേഖിക
ജ്യോതിഷി പ്രഭാസീന.സി.പി
ഹരിശ്രീ
പി ഒ : മമ്പറം
വഴി : പിണറായി - 670741
കണ്ണൂർ ജില്ല
ഫോൺ :9961442256
Email ID:prabhaseenacp@gmail.com

English Summary:

Medam Vishu Sankramam 2025 predictions offer insights into the new year for all zodiac signs. This comprehensive horoscope includes detailed forecasts, considering individual strengths and potential challenges for a more accurate assessment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com