ADVERTISEMENT

അശ്വതി :സത്യസന്ധമായ പ്രവർത്തനങ്ങൾ വിമർശനങ്ങളെ അതിജീവിക്കുന്നതിനു വഴിയൊരുക്കും. സ്വന്തം നിലപാടിൽ നിന്നു വ്യതിചലിക്കാതെ ഏകാഗ്രതയോടും ദീർഘസമഗ്ര വീക്ഷണങ്ങളോടും കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. പരീക്ഷ, ഇന്റർവ്യൂ, സന്ധിസംഭാഷണം തുടങ്ങിയവയിൽ തൃപ്തിയാകുംവിധത്തിൽ അവതരിപ്പിച്ച് പ്രശസ്തവിജയം നേടും. ആത്മവിശ്വാസം, ഉത്സാഹം, ഉന്മേഷം, കാര്യനിർവഹണശേഷി തുടങ്ങിയവ പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും. 

ഭരണി: സ്വപ്നസാക്ഷാത്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിച്ചാൽ അനിശ്ചിതാവസ്ഥകൾ തരണം ചെയ്യും. വിദേശത്തുള്ളവർക്കു ബന്ധുക്കളെ അങ്ങോട്ടു കൊണ്ടുപോകാൻ സാധിക്കും. മുൻകോപമുള്ള മേലധികാരിയുടെ സ്ഥലംമാറ്റം ആശ്വാസമുണ്ടാക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കാൻ ആത്മപ്രചോദനമുണ്ടാകും. 

കാർത്തിക : ജീവിതപങ്കാളിക്കു ചികിത്സ വേണ്ടിവരാനിടയുണ്ട്. പുതിയ കരാർ ജോലികൾ ഏറ്റെടുത്തു നടപ്പിലാക്കുമെങ്കിലും പ്രതീക്ഷിച്ച സാമ്പത്തികനേട്ടം ഉണ്ടാകില്ല. അമിതാധ്വാനത്താല്‍ ദേഹക്ഷീണമനുഭവപ്പെടും. പലപ്പോഴും അവധിയെടുക്കാനിടവരും. പകർച്ചവ്യാധി പിടിപെടാതിരിക്കാൻ കൂടുതൽ ജാഗ്രത വേണം. അമിതചെലവു നിയന്ത്രിക്കണം. 

രോഹിണി : ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കും സർവാത്മനാ സഹകരിക്കും. അനാവശ്യമായ ആധിയും ദുസ്സംശയങ്ങളും ഒഴിവാക്കണം. നിലവിലുള്ള വാഹനം മാറ്റി വലിയ വാഹനം വാങ്ങുവാനിടവരും. കാര്യകാരണ സഹിതം സമർപ്പിക്കുന്ന അപേക്ഷകർക്ക് അംഗീകാരം ലഭിക്കും. സാധുകുടുംബത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം ചെയ്യുവാൻ അവസരമുണ്ടാകും. 

മകയിരം:  ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. മനസ്സംതൃപ്തിയോടു കൂടി ബന്ധുവിനു സാമ്പത്തിക സഹായം ചെയ്യുവാനിടവരും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ കൃതാർഥതയുണ്ടാകും. വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കും. അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. 

തിരുവാതിര : പ്രായത്തിലുപരി പക്വതയോടുകൂടിയ സമീപനം മൂലം സൽക്കീർത്തിയും സജ്ജനബഹുമാന്യതയും വന്നു ചേരും. ചികിത്സ ഫലിക്കും. അർപ്പണ മനോഭാവവും ലക്ഷ്യബോധവും പുതിയ അവസരങ്ങൾക്കു വഴിയൊരുക്കും. ബന്ധുവിന്റെ അകാലവിയോഗം ഗതകാലസ്മരണകൾക്കു വഴിയൊരുക്കും. പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവർത്തനങ്ങളും ആഗ്രഹിക്കുന്ന ആശയങ്ങളും ഫലപ്രദമായ രീതിയിൽ അനുഭവത്തിൽ വന്നു ചേരും. 

‌‌പുണർതം : പല കാര്യങ്ങൾക്കും പരാജയം സംഭവിക്കാത്തത് വ്യത്യസ്ത മേഖലകളിൽ വിജയാനുഭവങ്ങൾക്കുള്ള സൂചനകളാകുമെന്നു കരുതി പ്രവർത്തിക്കണം. പുരോഗതിയില്ലാത്ത ഗൃഹത്തിൽ നിന്നു മാറിത്താമസിക്കും. ഗതാഗതനിയമം പാലിക്കാത്തതിനാല്‍ പിഴ അടയ്ക്കേണ്ടിവരും. നാഡീ–രക്തദൂഷ്യജന്യങ്ങളായ രോഗപീഡകൾക്ക് ആയുർവേദ ചികിത്സ വേണ്ടിവരും.  

പൂയം: നിലവിലുള്ള വാഹനം മാറ്റി വലിയ വാഹനം വാങ്ങുവാനിടവരും. കാര്യകാരണസഹിതം സമർപ്പിക്കുന്ന അപേക്ഷകൾക്ക് അംഗീകാരം ലഭിക്കും. സാധുകുടുംബത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം ചെയ്യുവാൻ അവസരമുണ്ടാകും. ഗൃഹനിർമാണം പൂർത്തിയാക്കാൻ കഴിയും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കുവാൻ സാധിക്കും. 

ആയില്യം :അശ്രദ്ധ കൊണ്ട് അബദ്ധം വന്നു ചേരുമെങ്കിലും അന്യരെ കുറ്റം പറയുന്നത് ഒഴിവാക്കണം. ആശയങ്ങൾ വ്യത്യസ്തമായതിനാൽ സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറും. പൊതുവേ സുഖദുഃഖമിശ്രമായ ഫലങ്ങളാണ് ഈ വർഷം അനുഭവപ്പെടുക. പരീക്ഷകളിൽ അറിവുള്ള കാര്യങ്ങളാണെങ്കിലും ചിലതു മറന്നു പോകും. വീഴ്ചകൾ ഉണ്ടാകാതെയും ഭക്ഷ്യവിഷബാധയേൽക്കാതെയും സൂക്ഷിക്കണം. 

മകം: നിയുക്തപദവിയിൽ സ്ഥാനക്കയറ്റവും സ്ഥാനചലനവും ഉണ്ടാകും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുവാൻ സാധിക്കും. തടസ്സങ്ങളെ അതിജീവിച്ച് കാര്യവിജയം േനടുവാൻ കഴിയും. അന്ധമായ അമിതവിശ്വാസം അബദ്ധങ്ങൾക്ക് വഴിയൊരുക്കും. കുടുംബജീവിതത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. 

പൂരം: സമ്മാനപദ്ധതികളിലും നറുക്കെടുപ്പിലും വിജയിക്കും. വാത–നാഡീ രോഗങ്ങൾക്കു ചികിത്സ വേണ്ടിവരും. വിട്ടുവീഴ്ചാമനോഭാവം സ്വീകരിച്ചാൽ ദാമ്പത്യബന്ധം പുനഃസ്ഥാപിച്ച് സ്വസ്ഥതയും സമാധാനവും ഉണ്ടാകും. കടം കൊടുത്ത തുക ഗഡുക്കളായി ലഭിക്കാൻ ധാരണയാകും. മകളുടെ സുരക്ഷിതത്വം മാനിച്ച് സുരക്ഷിതത്വമുള്ള സ്ഥലത്തു താമസിക്കാൻ നിർബന്ധിതനാകും.  

ഉത്രം: റോഡു വികസനത്തിനു ഭൂമി വിട്ടുകൊടുക്കുവാനിടവരും. ദുരാചാരങ്ങൾ ഉപേക്ഷിച്ച് സദാചാരപ്രവൃത്തികളിൽ ഏർപ്പെടുന്നതിനാൽ സമാധാനമുണ്ടാകും. നഷ്ടസാധ്യതകൾ വിലയിരുത്തി ചില കർമമണ്ഡലങ്ങളിൽ നിന്നു വിട്ടു നിൽക്കും. ആരോഗ്യകാര്യങ്ങളിൽ ചികിത്സ വേണ്ടിവരും. 

അത്തം: ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്നതിനാൽ കൃതാർഥനാകും. ലാഭശതമാനവ്യവസ്ഥകളോടു കൂടിയ വ്യാപാര–വിപണനങ്ങൾക്കു തുടക്കം കുറിക്കും. കാലാവസ്ഥയിലെ വ്യതിയാനത്താൽ കഫ–നീർദോഷങ്ങൾ വന്നു ചേരും. വാഹനം മാറ്റിവാങ്ങുവാനിടവരും. സ്വന്തം ആശയങ്ങളും അന്യരുടെ പണവും സമന്വയിപ്പിച്ച് പുതിയ പ്രവർത്തനമേഖലകൾ കണ്ടെത്തും. 

ചിത്തിര : വർഷങ്ങൾക്കു  മുൻപു വാങ്ങിയ ഭൂമിക്കു വില്‍പനയ്ക്ക് അവസരം വന്നുചേരും. അറിവും പ്രാപ്തിയും ഉണ്ടെങ്കിലും വേണ്ടവിധത്തിൽ ആവശ്യമുള്ള സമയത്ത് അവതരിപ്പിക്കുവാൻ സാധിക്കുകയില്ല. അവ്യക്തമായ പണമിടപാടിൽ നിന്നു പിന്മാറാനുള്ള ആത്മപ്രചോദനം ആശ്വാസത്തിനു വഴിയൊരുക്കും. ഗർഭിണികൾക്ക് പൂർണവിശ്രമവും പരിരക്ഷകളും വേണ്ടിവരും. 

ചോതി: നിർണായക വിഷയങ്ങളിൽ അനുരഞ്ജനശ്രമം അന്തിമനിമിഷത്തിൽ വിജയിക്കും. വാഹനാപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക ജാഗ്രത വേണം. ഉദര–നീർദോഷരോഗങ്ങളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. ഏറ്റെടുത്ത ജോലികൾ നിശ്ചിതസമയത്തിനുള്ളിൽ ചെയ്തു തീർക്കുന്നതിനാൽ ബൃഹത്പദ്ധതികൾ വന്നു ചേരും. 

വിശാഖം : വിജ്ഞാനികളുടെ വചനങ്ങൾ പലപ്പോഴും നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുവാൻ സഹായകമാകും. ജീവിതഘട്ടങ്ങൾ അതിജീവിക്കാനുള്ള ആത്മധൈര്യവും ആർജവവും ഉണ്ടാകും. ആത്മവിശ്വാസത്തോടു കൂടി പുതിയ പദ്ധതികൾ ഏറ്റെടുത്ത് പ്രവർത്തനതലത്തിൽ കൊണ്ടുവരും. ഒട്ടേറെ കാര്യങ്ങൾ നിഷ്കർഷയോടു കൂടി െചയ്തു തീർക്കും. ഉത്സാഹവും ഉന്മേഷവും കാര്യനിർവഹണശക്തിയും കൂടും. പുതിയ വ്യാപാരവ്യവസായങ്ങൾ തുടങ്ങും.  

അനിഴം: യുക്തിപൂർവം ചിന്തിച്ചു പ്രവർത്തിച്ച് പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കും. സമയോചിതമായ ഇടപെടലുകളാൽ കുടുംബാംഗങ്ങളിലുള്ള തെറ്റിദ്ധാരണ ഒഴിവാക്കുവാൻ കഴിയും. ആസൂത്രിത പദ്ധതികൾക്കു പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. ഉപരിപഠനത്തിന് അന്യസംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനത്തെ ആശ്രയിക്കും. കീഴ്‌വഴക്കം മാനിച്ച് പ്രവർത്തിച്ചാൽ ഏറെക്കുറെ നിലനിന്നു പോകുവാൻ സാധിക്കും. 

തൃക്കേട്ട:  പൊതുപ്രവർത്തനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കുവാനിടവരും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് പ്രതീക്ഷിച്ചതിലുപരി പണം കൊടുത്ത് മറ്റൊന്നിനു ചേരും. നടപടിക്രമങ്ങളിൽ അപാകതകള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. പുതിയ തലമുറയിലുള്ളവരുടെ അനൈക്യം കാരണത്താൽ മാറിത്താമസിക്കാനിടവരും. അശ്രാന്തപരിശ്രമത്താലും അഹോരാത്രമുള്ള പ്രവർത്തനങ്ങളാലും ഏറ്റെടുത്ത ദൗത്യം ഏറെക്കുറെ വിജയിപ്പിക്കാൻ സാധിക്കും. 

മൂലം:  പരമ്പരാഗത–പാരമ്പര്യം പ്രവൃത്തികളുടെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കുന്നതിൽ ആത്മാഭിമാനവും ആശ്വസവും തോന്നും. കലാകായികരംഗങ്ങളിൽ വിദഗ്ധപരിശീലനം നേടി, മത്സരങ്ങളിൽ വിജയിക്കും. സത്യാവസ്ഥകൾ ബോധിപ്പിക്കുവാൻ അവസരം ലഭിച്ചതിനാൽ വേണ്ടപ്പെട്ടവരിലുള്ള മിഥ്യാധാരണകള്‍ ഒഴിവാകും. പെരുമാറ്റത്തിലുള്ള കർക്കശമനോഭാവം ഉപേക്ഷിച്ച് സൗമ്യ സമീപനം സ്വീകരിക്കുന്നതു വഴി ആഗ്രഹസാഫല്യമുണ്ടാകും. 

പൂരാടം: വിവിധ വിഷയങ്ങളിൽ പ്രവർത്തിക്കുവാനുള്ള അവസരം വന്നു ചേരുന്നതിനാൽ ആത്മാഭിമാനം തോന്നും. അന്യരുടെ പണവും സ്വന്തം ആശയവും സമന്വയിപ്പിച്ചു െചയ്യുന്ന പ്രവർത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി േനടും. സ്വതസിദ്ധമായ ശൈലി പലർക്കും മാതൃകാപരമായി എന്നറിഞ്ഞതിനാൽ ആശ്വാസവും ആത്മാഭിമാനവും തോന്നും. തൊഴിൽമേഖലകളിൽ നിന്നു സാമ്പത്തികനേട്ടമുണ്ടാകും. 

ഉത്രാടം : തൃപ്തിയുള്ള ഭൂമി വാങ്ങി ഗൃഹനിർമാണപ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും. ഉദ്യോഗത്തിനു പുറമേ ലാഭശതമാന വ്യവസ്ഥകളോടുകൂടിയ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും. സ്തുത്യർഹമായ സേവനം അവതരിപ്പിക്കുവാൻ സാധിക്കും. ആത്മാഭിമാനം സംരക്ഷിക്കുവാൻ വിട്ടുവീഴ്ചമോഭാവം സ്വീകരിക്കും. 

തിരുവോണം: ബന്ധുക്കൾ തമ്മിലുള്ള തർക്കങ്ങളിൽ അഭിപ്രായം പറയുന്നത് അബദ്ധമാകും. ഏറ്റെടുത്ത കാര്യങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ കഴിയും. ആഗ്രഹങ്ങളും അഭിലാഷങ്ങളും സഫലമാകും. പല വിഷയങ്ങളിൽ പ്രവർത്തിക്കുവാനുള്ള അവസരം വന്നു േചരുന്നതിനാൽ അത്മാഭിമാനം തോന്നും. പുണ്യതീർഥ– ഉല്ലാസ–വിനോദയാത്രയ്ക്ക് അവസരമുണ്ടാകും. 

അവിട്ടം: വ്യവസ്ഥകൾ പാലിക്കുവാൻ അശ്രാന്തപരിശ്രമം വേണ്ടിവരും. സുദീർഘമായ ചർച്ചകളാൽ വിദേശബന്ധമുള്ള വ്യാപാരവ്യവസായങ്ങൾ തുടങ്ങുവാൻ തീരുമാനിക്കും. പഠിച്ചു വരുന്ന വിഷയം ഉപേക്ഷിച്ച് മറ്റൊരു പാഠ്യപദ്ധതിയിൽ ചേരും. ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ, വാഗ്ദാനങ്ങൾ തുടങ്ങിയവ പൂർത്തിയാക്കാൻ ശ്രമിക്കും. വാത–നാഡീരോഗങ്ങൾക്ക് ചികിത്സ വേണ്ടിവരും. 

ചതയം: ആദരണീയരുടെ കൂട്ടത്തിൽ സ്ഥാനം ലഭിച്ചതിനാല്‍ ആത്മാഭിമാനം തോന്നും. സമചിത്തതയോടു കൂടിയ പ്രവർത്തനശൈലി ലക്ഷ്യം നേടാൻ ഉപകരിക്കും. സങ്കൽപത്തിനനുസരിച്ച് ഉയരുവാൻ പുത്രന് അവസരം ലഭിച്ചതിനാൽ ആശ്വാസം തോന്നും. അനുഭവജ്ഞാനമുള്ളവരുടെ നിർദേശത്താൽ ഭൂമിക്രയവിക്രയങ്ങളിൽ പണം മുടക്കും. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാൽ കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറും. 

പൂരുരുട്ടാതി : അനന്തസാധ്യതകളോടു കൂടിയ മേഖലകളിൽ ജോലി ചെയ്യുവാനുള്ള അവസരം വന്നു ചേരും. വിദ്യാർഥികൾക്ക് അകാരണഭയവും ഉദാസീനമനോഭാവവും ഉണ്ടാകും. അസുഖങ്ങൾ ഉണ്ടോ എന്ന തോന്നലുകളാൽ വിദഗ്ധപരിശോധന നടത്തും. ഏറ്റെടുത്ത ദൗത്യം വിജയത്തിലെത്തിക്കാൻ പ്രവൃത്തിപരിചയമുള്ളവരെ നിയമിക്കും. അവിചാരിതമായി സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്ക് അവസരമുണ്ടാകും. 

ഉത്തൃട്ടാതി:  ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. വീടു മാറാൻ സാധിക്കും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുന്നതു സർവാദരങ്ങൾക്കും വഴിയൊരുക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. കർമമണ്ഡലങ്ങളിൽ കാലാനുസൃതമായ മാറ്റം ഉൾക്കൊണ്ട് ആധുനികസംവിധാനം അവലംബിക്കുന്നതു പ്രവർത്തനക്ഷമതയ്ക്കും സാമ്പത്തികഭദ്രതയ്ക്കും വഴിയൊരുക്കും. 

രേവതി : വിമർശനങ്ങളെ വിലയിരുത്തി സ്വയം സ്വഭാവമാറ്റത്തിനു തയാറാകുന്നതു കുടുംബത്തിനും സമൂഹത്തിനും മാതൃകയാകും. ദുശ്ശീലങ്ങൾ ഒഴിവാക്കും. നല്ല ശീലങ്ങൾ സ്വീകരിക്കും. കുടുംബസംരക്ഷണച്ചുമതല വർധിക്കും.

English Summary:

Monthly horoscope in Medam 1200 by Kanippayyur Narayanan Namboodiripad. Monthly predictions for all 27 birth star , offering insights into your career, finances, relationships, and well-being.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com