അപ്രതീക്ഷിത നേട്ടങ്ങളുടെ വാരം; ഭാഗ്യത്തേരിൽ 6 കൂറുകാർ, സമ്പൂർണ വാരഫലം

Mail This Article
മേടക്കൂറ് :അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും കർമരംഗത്ത് നേട്ടങ്ങൾ കൈവരുന്നതുമാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് നല്ല ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് പഠനത്തിൽ ഊർജസ്വലതയോടെ മുന്നോട്ട് പോകാൻ ആകും. ഊഹ കച്ചവടത്തിൽ വിജയിക്കാൻ ആകും. ദൂരദേശത്ത് പഠനം ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകുന്നതാണ്. എല്ലാ കാര്യത്തിലും ക്ഷമ ഉണ്ടാകണം. അച്ഛനുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. സന്താനങ്ങളുടെ ഉയർച്ചയിൽ സന്തോഷിക്കാൻ അവസരം ഉണ്ടാകും. ചില കാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകാനും കലഹങ്ങൾ വന്നുചേരുന്നതിനും ദൂരദേശ യാത്രകളിലും ക്ലേശങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ഏതൊരു കാര്യത്തിനിറങ്ങി പുറപ്പെടുമ്പോഴും ധന ചെലവുകൾ വർധിച്ചു നിൽക്കും. ബന്ധുക്കളും സുഹൃത്തുക്കളുമായി അകൽച്ചയ്ക്ക് ഇടയാകും. ഉദര സംബന്ധമായ ക്ലേശങ്ങളും ഉഷ്ണ രോഗങ്ങളും അലട്ടാൻ ഇടയുണ്ട്. മഹാദേവന് ധാര, ചൊവ്വാഴ്ച ദിവസങ്ങളിൽ ദേവിക്ക് രക്തപുഷ്പാഞ്ജലി എന്നിവ സമർപ്പിക്കുക.
ഇടവക്കൂറ്:കാർത്തികയുടെ ബാക്കി മുക്കാൽ ഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം, ശത്രു പരാജയം, സുഖം, വസ്ത്രാഭരണാദി ലാഭം, നല്ല ആരോഗ്യം, പ്രശംസ, ബന്ധു സമാഗമം എന്നിവ പ്രതീക്ഷിക്കാം. സന്താനങ്ങൾ മൂലം നല്ല നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും കലഹങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. കർമരംഗവുമായി ബന്ധപ്പെട്ട ചില വെല്ലുവിളികൾ തരണം ചെയ്ത് പോകേണ്ടതായി വരും. എല്ലാ കാര്യത്തിലും വിജയിക്കുന്നതിനായി കഠിനാധ്വാനം വേണ്ടി വരുന്നതാണ്. റിയൽ എസ്റ്റേറ്റ് ബിസിനസിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. മാനസിക പ്രയാസങ്ങൾ വർധിക്കുവാൻ ഇടയുണ്ട്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. ഉറക്ക കുറവ്, കണ്ണു സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാൻ ഇടയുണ്ട്.അച്ഛനമ്മമാരുടെ ആരോഗ്യകാര്യത്തിലും പ്രത്യേകം ശ്രദ്ധയുണ്ടാകണം. ഗണപതിക്ക് കറുകമാല, മഹാദേവന് ധാര, കൂവളത്തില കൊണ്ട് അർച്ചന എന്നിവ സമർപ്പിക്കുക.
മിഥുനക്കൂറ്:മകയിരത്തിന്റെ ബാക്കി പകുതിയും, തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന മിഥുനക്കൂറുകാർക്ക് ഈ വാരത്തിൽ, രോഗശമനം, ബന്ധു സമാഗമം, അധികാരികളുടെ സഹായം എന്നിവ പ്രതീക്ഷിക്കാം. ധൈര്യത്തോടെയും ഊർജസ്വലതയോടെയും ഓരോ കാര്യങ്ങൾക്കും ഇറങ്ങി പുറപ്പെടുന്നതാണ്. കർമരംഗത്ത് കഠിനാധ്വാനം ചെയ്യേണ്ടതായി വരും. സംസാരം ഹൃദ്യമാകും. വിവിധ ധന സ്രോതസ്സുകളിൽ നിന്നും ധനാഗമനം ഉണ്ടാകും. സഹോദരങ്ങളും സുഹൃത്തുക്കളുമായി നല്ല നേട്ടങ്ങൾ ഉണ്ടാകും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്. പുതിയ ജോലി ലഭിക്കുന്നതിനും പരീക്ഷകളിലും മത്സരങ്ങളിലും വിജയിക്കാനും ആകും. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല ശ്രദ്ധ കേന്ദ്രീകരിക്കാനാകും. ഊഹകച്ചവടത്തിൽ വിജയിക്കാൻ ആകും. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല ഗുണാനുഭവങ്ങൾ ഉണ്ടാകും. ഹൃദയസംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.ഗണപതിക്ക് നാളികേരം മുടയ്ക്കുകയും, വിഷ്ണു സഹസ്രനാമം നിത്യേന കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.
കർക്കടകക്കൂറ്: പുണർതത്തിന്റെ അവസാന കാൽഭാഗം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ചേർന്ന കർക്കടകക്കൂറുകാർക്ക് ഈ വാരത്തിൽ, അപ്രതീക്ഷിതമായ ധന നേട്ടം, രോഗശമനം, ബന്ധുസമാഗമം, അധികാരികളുടെ സഹായം, ധനധാന്യ–വസ്ത്രാഭരണാദി ലാഭം, സർവകാര്യവിജയം, പുതിയ ജോലി ആഗ്രഹിക്കുന്നവർക്ക് അത് ലഭിക്കുന്നതിനും ഇടയാകും. കുടുംബത്തുള്ളവരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. മനഃക്ലേശങ്ങൾ ഉണ്ടാകുന്നതിനും ചില അപവാദങ്ങൾ കേൾക്കാനും ഇടയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. വിവാഹ കാര്യങ്ങൾക്ക് അനുകൂലവാരമാണ്. സന്താനങ്ങളുടെ ഉയർച്ചയിൽ സന്തോഷിക്കാൻ അവസരം ഉണ്ടാകും. ബിസിനസ് രംഗത്തും രാഷ്ട്രീയക്കാർക്കും ഗുണപ്രദമാണ്. തന്നെ മറ്റുള്ളവർ അംഗീകരിക്കുന്നതിനും കഠിനപ്രയത്നത്തിന് അംഗീകാരവും ലഭിക്കുന്നതാണ്. അച്ഛനുമായി നല്ല ബന്ധം പുലർത്തി മുന്നോട്ടു പോകാൻ ആകും. ഉഷ്ണ രോഗങ്ങളും രക്തദോഷങ്ങളോ അലട്ടാനിടയുണ്ട്. ചൊവ്വാഴ്ച ദിവസങ്ങളിൽ ദേവിക്ക് കടുംപായസം സമർപ്പിക്കുക.
ചിങ്ങക്കൂറ് :മകം, പൂരം, ഉത്രത്തിന്റെ കാൽഭാഗം ചേർന്ന ചിങ്ങക്കൂറുകാർക്ക് ഈ വാരത്തിൽ, അപ്രതീക്ഷിതമായ ഭാഗ്യ അനുഭവങ്ങൾ പ്രതീക്ഷിക്കാം. ആകർഷകമായ വ്യക്തിത്വം, സമൂഹത്തിൽ പേര്, പ്രശസ്തി ഇവ ഉണ്ടാകുന്നതാണ്. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകാൻ ആകും. ആശയവിനിമയം ഗുണപ്രദമാകും. സഹോദരങ്ങളുമായി നല്ല ബന്ധം പുലർത്തി മുന്നോട്ടുപോകാൻ ആകും. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കും. മറ്റുള്ളവരുമായി തർക്കങ്ങൾ ഉണ്ടാകാനും തന്മമൂലം മനഃപ്രയാസങ്ങൾക്കും ഇടയാകും. സന്താനങ്ങൾ മൂലം ചില മനഃക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ശനിയാഴ്ച ദിവസങ്ങളിൽ കഴിയുന്നതും ധനമിടപാടുകൾ ഒഴിവാക്കുക. നേത്ര സംബന്ധമായ രോഗങ്ങളോ, ഉദരസംബന്ധമായ ക്ലേശങ്ങളോ ഉണ്ടാകാൻ ഇടയുണ്ട്. മഹാദേവന് ധാര കൂവളത്തില കൊണ്ട് അർച്ചന. ഹനുമാൻ ചാലിസ നിത്യവും ജപിക്കുകയും ചെയ്യുക.
കന്നിക്കൂറ് :ഉത്രത്തിന്റെ ബാക്കി മുക്കാൽ ഭാഗം, അത്തം, ചിത്തിരയുടെ ആദ്യപകുതിയും ഉൾപ്പെടുന്ന കന്നിക്കൂറുകാർക്ക് ഈ വാരത്തിൽ, രോഗശമനം ധനധാന്യ– വസ്ത്രാഭരണാദി നേട്ടം, ഭൂമി സ്വന്തം പേരിൽ ആകുന്നതിനും സന്തോഷങ്ങൾ വന്നുചേരുന്നതിനും സർവകാര്യ വിജയം എന്നിവ പ്രതീക്ഷിക്കാം. കർമരംഗത്ത് ചില മനഃപ്രയാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ഏതൊരു തീരുമാനം എടുക്കുമ്പോഴും രണ്ടുവട്ടം ആലോചിക്കണം. എല്ലാ ധനമടപാടുകളിലും അതീവശ്രദ്ധാലുക്കൾ ആയിരിക്കണം. യാത്രകളിൽ വിലപിടിപ്പുള്ള രേഖകൾ നഷ്ടമാകാതിരിക്കാൻ ശ്രദ്ധിക്കണം. പണം കടം കൊടുക്കുന്നതിന് ഉചിതമായ സമയമല്ല. സുഹൃത്തുക്കളുമായി കൂട്ടുകൂടുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. വിവാഹ കാര്യങ്ങൾക്ക് അനുകൂല വാരമാണ്. സന്താനങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാൻ ആകും. എതിർലിംഗത്തിൽപെട്ടവരും ആയി ഇടപഴകുമ്പോൾ അപമാനിതരാകാൻ ഇടയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. അച്ഛന്റെ ആരോഗ്യം ശ്രദ്ധിക്കണം. ഉദര സംബന്ധമായ ക്ലേശങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ശ്രീകൃഷ്ണസ്വാമിക്ക് തൃക്കൈ വെണ്ണ സമർപ്പിക്കുക.
തുലാക്കൂറ് :ചിത്തിരയുടെ ബാക്കി പകുതിയും, ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന തുലാക്കൂറുകാർക്കു ഈ വാരത്തിൽ, സന്തോഷം, കാര്യലാഭം, ശത്രുനാശം, ലോക ബഹുമാനം, രോഗ ശമനം, ഭക്ഷണ സമൃദ്ധി, ധനധാന്യ– വസ്ത്രാഭരണ ലാഭം എന്നിവ പ്രതീക്ഷിക്കാം. ഗ്രന്ഥകാരൻമാർക്കും എഴുത്തുകാർക്കും ഗുണപ്രദമാണ്. വിദ്യാർഥികൾക്ക് പഠനത്തിൽ താൽപര്യം വർധിക്കും. വാക്കുകൾ ക്രൂരമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒന്ന് വാങ്ങാൻ ആകും. സന്താനങ്ങൾ കാരണം മനോവിഷമതകൾ ഉണ്ടാകാൻ ഇടയുണ്ട്. നിത്യ വരുമാനത്തിൽ വർധനവ് ഉണ്ടാകും. എന്നാൽ ധന ചെലവുകളും വന്നുചേരും. ബിസിനസ് രംഗത്ത് ഉയർച്ചകൾ ഉണ്ടാകും. ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. കുടുംബത്തുള്ളവരുമായും, സുഹൃത്തുക്കളുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ഉറ്റവർക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. അമ്മയ്ക്കായി ധനചെലവുകൾ വന്നുചേരാം. ദേവീക്ഷേത്രത്തിൽ യഥാവിധി വഴിപാടുകളും ഓം നമഃശിവായ 108 ഉരു നിത്യേന ജപിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ്:വിശാഖത്തിന്റെ അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന വൃശ്ചികക്കൂറുകാർക്ക് ഈ വാരത്തിൽ, സന്തോഷം ധനലാഭം, ലോക ബഹുമാനം, നിത്യ വരുമാനത്തിൽ പുരോഗതിയും ഉണ്ടാകും. കർമരംഗത്ത് ഇതുവരെയുണ്ടായിരുന്ന വെല്ലുവിളികൾക്ക് ശമനം ഉണ്ടാകും. കടബാധ്യതകൾ കുറഞ്ഞു വരുന്നതായി കാണാം. ധന ചെലവുകൾ വർധിക്കും. വ്യവഹാരങ്ങൾ ഗുണപ്രദമാകും. ശത്രുശല്യം വർധിക്കും. സുഹൃത്തുക്കൾ മൂലവും ബന്ധുക്കൾ മൂലവും ചില മനഃക്ലേശങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. കുടുംബത്തും കർമരംഗത്തും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ബിസിനസ് രംഗത്ത് പുരോഗതി ഉണ്ടാകും. ജീവിതപങ്കാളിക്ക് ചില നേട്ടങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. വിദ്യാർഥികൾക്ക് മത്സര പരീക്ഷകളിൽ വിജയിക്കാനാകും. രാഷ്ട്രീയക്കാർക്കും പൊതുപ്രവർത്തകർക്കും ഗുണപ്രദമാണ്. ഉദരസംബന്ധമായ അസ്വസ്ഥതകളോ, നെഞ്ചരിച്ചിൽ പോലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാൻ ഇടയുണ്ട്. ചൊവ്വാഴ്ച ദിവസം ദേവീക്ഷേത്രത്തിൽ നെയ് വിളക്ക് സമർപ്പിക്കുകയും നാഗങ്ങൾക്ക് മഞ്ഞളഭിഷേകവും ഓം നമഃശിവായ ജപിക്കുകയും ചെയ്യുക.
ധനുക്കൂറ് :മൂലം, പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനുക്കൂറുകാർക്ക് ഈ വാരത്തിൽ,ധനനേട്ടം, കുടുംബസുഖം, അമ്മയിൽ നിന്നും നല്ല ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. ആഗ്രഹിക്കുന്ന രീതിയിലുള്ള ഉയർച്ച തൊഴിലിൽ ഉണ്ടാകും. വിവാഹ കാര്യങ്ങളുടെ അനുകൂല വാരമാണ്. പ്രണയിതാക്കൾക്ക് അനുകൂലമല്ല. സന്താനങ്ങൾ മൂലം മനഃക്ലേശങ്ങൾ ഉണ്ടാകാനും യാത്രകൾ ക്ലേശപ്രദമാകാനും ഇടയുണ്ട്. സുഹൃത്തുക്കൾ മൂലം സന്തോഷ അനുഭവങ്ങൾ ഉണ്ടാകാം. ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല ശ്രദ്ധ കേന്ദ്രീകരിക്കാനാകും. സംഭാഷണം ശ്രദ്ധിക്കണം. വിവിധ ധന സ്രോതസ്സുകളിൽ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും. ഊഹക്കച്ചവടത്തിൽ വിജയിക്കാനാകും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധയുണ്ടാകണം. വാഹനം സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. ഹൃദയസംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. അയ്യപ്പസ്വാമിക്ക് നീരാഞ്ജനം, ഓം ഗം ഗണപതേ നമഃ എന്ന ഗണപതി മന്ത്രം നിത്യേന ജപിക്കുകയും ചെയ്യുക.
മകരക്കൂറ് :ഉത്രാടത്തിന്റെ ബാക്കിമുക്കാൽ ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യ പകുതിയും ഉൾപ്പെടുന്ന മകരക്കൂറുകാർക്ക് ഈ വാരത്തിൽ, രോഗശമനം, മനസ്സുഖം, സുഹൃത്തുക്കളുമായി നല്ല ബന്ധം പുലർത്താനും ആകും. ധനനേട്ടം, സ്ഥാനമാന ലാഭം എന്നീ നല്ല ഫലങ്ങളും പ്രതീക്ഷിക്കാം. കുടുംബത്ത് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനും ഇടയുണ്ട്. സ്ഥാനമാന ലാഭം, സർവകാര്യ വിജയം സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും ഇടയാകും. സന്താനങ്ങൾ മൂലം സന്തോഷാനുഭവങ്ങൾ ഉണ്ടാകും. നിത്യവൃത്തിയിൽ ചില ക്ലേശങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. അച്ഛൻ മൂലം ചില മനഃപ്രയാസങ്ങൾക്ക് സാധ്യതയുണ്ട്. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട മേഖലയിൽ ഗുണനുഭവങ്ങൾ വർധിച്ചു നിൽക്കും. ജീവിതപങ്കാളിയിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകും. പെട്ടെന്ന് ദേഷ്യം ഉണ്ടാകാനും അപ്രതീക്ഷിതമായ ചെലവുകൾ വന്നുചേരുന്നതിനും ഇടയാകും. നേത്രസംബന്ധമായ രോഗങ്ങളും ഉദരസംബന്ധമായ ക്ലേശങ്ങൾക്കോ സാധ്യതയുണ്ട്. ഗണപതിക്ക് കറുകമാല സമർപ്പിക്കുകയും ദേവീക്ഷേത്രത്തിൽ വഴിപാടുകളും സമർപ്പിക്കുക.
കുംഭക്കൂറ് :അവിട്ടത്തിന്റെ ബാക്കി പകുതിയും, ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന കുംഭക്കൂറുകാർക്ക് ഈ വാരത്തിൽ, രോഗശമനം, മനസ്സുഖം, വസ്ത്രാഭരണാദി ലാഭം എന്നിവ പ്രതീക്ഷിക്കാം. സജ്ജനങ്ങൾ മൂലം സന്തോഷ അനുഭവങ്ങൾ ഉണ്ടാകും. ബന്ധുക്കൾ മൂലം മനഃക്ലേശങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. നാൽക്കാലികളുമായി ഇടപഴകുമ്പോൾ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ ഇടയുണ്ട്. ശ്രദ്ധിക്കേണ്ടതാണ്. വീട് മാറി താമസിക്കുന്നതിനും വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ടു നല്ല അനുഭവങ്ങൾ ഉണ്ടാകുന്നതിനും ഇടയാകും. വാക്കുപാലിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതാണ്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. ദാനധർമങ്ങൾ ചെയ്യുവാൻ ഇടയാകും ആത്മീയത വർധിച്ചു വരുന്നതാണ്. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ഭാര്യാഭർത്താക്കന്മാരുടെ ഇടയിലും അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. മഹാദേവനു ധാര, അയ്യപ്പസ്വാമിക്ക് നീരാഞ്ജനം, ഗണപതിക്ക് കറുകമാലയും സമർപ്പിക്കുക.
മീനക്കൂറ് :പൂരുരുട്ടാതിയുടെ അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനക്കൂറുകാർക്ക് ഈ വാരത്തിൽ, ധന നേട്ടം, ശത്രുനാശം, സുഖപ്രാപ്തി, കുടുംബസുഖം എന്നിവ അനുഭവത്തിൽ വരുന്നതാണ്. കുടുംബ കാര്യങ്ങളിലും വ്യക്തിബന്ധങ്ങളിലും ശ്രദ്ധ ഉണ്ടാകണം. കുടുംബത്ത് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ക്ഷമ കുറയുന്നതിനും ദേഷ്യം വർധിക്കുന്നതിനും ഇടയാകും. കുടുംബചെലവുകൾ വർധിക്കും. ലോണുകൾക്കോ ചിട്ടികൾക്കോ അനുമതി ലഭിക്കുന്നതാണ്. അമ്മയിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ശത്രുക്കൾ മുഖേന ധനം നഷ്ടമാകാതിരിക്കാൻ ശ്രദ്ധിക്കണം. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. പലവിധ പ്രയാസങ്ങൾക്കും സന്താനങ്ങൾ മൂലം മനഃക്ലേശങ്ങൾ ഉണ്ടാകാനും ഇടയുണ്ട്. ദുഷ്ടജനസംസർഗം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണ്, പല്ല്, ചെവി എന്നിവയുമായി ബന്ധപ്പെട്ട ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം.ശനിയാഴ്ച ദിവസങ്ങളിൽ ശാസ്താവിന് എള്ള് പായസം, സർപ്പപൂജ. വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.