ADVERTISEMENT

മേയ് 01 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. 

അശ്വതി: വരവും ചെലവും പൊരുത്തപ്പെട്ടു പോകാൻ വളരെ പ്രയാസപ്പെടും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. പ്രയോജനമില്ലാത്ത കാര്യങ്ങളിൽപ്പെട്ട് സമയനഷ്ടവും സാമ്പത്തിക നഷ്ടവും സഹിക്കേണ്ടതായി വരും. ആരേയും അമിതമായ വിശ്വസിക്കരുത്. നന്നായി ജപം ചെയ്യുക. യുക്തമായ തീരുമാനം സ്വീകരിക്കുവാൻ അനുഭവജ്ഞാനമുള്ളവരുടെ നിർദേശം തേടുക.

ഭരണി:വാക്ക് തർക്കങ്ങളിൽ നിന്ന് യുക്തിപൂർവം പിൻമാറുക. വ്യാപാര വിപണന മേഖലകളിൽ മാന്ദ്യം ഉണ്ടാകും. അനിയന്ത്രിതമായ ക്ഷോഭ്യം പല വിപത്തുകൾക്കും വഴിയൊരുക്കും. ആരോഗ്യ ശ്രദ്ധ അത്യാവശ്യം. പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കുക. യുക്തിപൂർവമുള്ള സമീപനത്താൽ പ്രലോഭനങ്ങളെ അതിജീവിക്കും.

കാർത്തിക:വസ്തുതകൾക്ക് നിരക്കാത്ത പ്രവൃത്തികളിൽ നിന്നും പിൻമാറുന്നത് ഭാവിയിലേക്ക് ഗുണകരമാകും. സാമ്പത്തിക കാര്യങ്ങൾ ആലോചിച്ച് മാത്രമെ നടത്താവു. അനാവശ്യ വാഗ്ദാനത്തിൽ ഏർപ്പെടരുത്. ആരേയും അന്ധമായി വിശ്വസിക്കരുത്. ദൈവിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. വർഷങ്ങൾക്കു ശേഷം സഹപാഠികളെ കാണുവാനിടവരും.

രോഹിണി:സുഖദു:ഖങ്ങൾ ഒരു പോലെ സ്വീകരിക്കുവാനുള്ള മാനസികാവസ്ഥാ വിശേഷം വന്നു ചേരുന്നതിനാൽ ക്ഷമ, വിനയം, ആദരവ് തുടങ്ങിയവ ജീവിതത്തിൽ പകർത്തേണ്ടതായി വരും. ശരീരത്തിനും മനസ്സിനും പൊതുവെ ക്ഷീണം അനുഭവപ്പെടുന്നതാണ്. വിട്ടു വീഴ്ചാ മനോഭാവത്താൽ ദാമ്പത്യ ബന്ധം നിലനിൽക്കും. ദിനചര്യ ക്രമത്തിൽ മാറ്റം വരുത്തുന്നത് വഴി ആരോഗ്യം വീണ്ടെടുക്കും. വാഹനം ഉപയോഗിക്കുന്നതിൽ വളരെ നിയന്ത്രണം വേണം. 

മകയിരം:ഏതു വിഷയത്തെയും സന്തുലിത മനോഭാവത്തോടു കൂടി അതിജീവിക്കാനുള്ള ആത്മവിശ്വാസം ആർജിക്കും. തൊഴിൽ രംഗത്ത് ഉന്നതി ഉണ്ടാകും. സന്താനങ്ങളുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധ ആവശ്യമാണ്. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവാതെ നോക്കണം. ശത്രുക്കളെ കരുതിയിരിക്കുക.

തിരുവാതിര:ജീവിതമാർഗത്തിന് വഴിത്തിരിവുണ്ടാകുന്ന കർമമേഖലകളിൽ പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. പുണ്യ - തീർഥ- ഉല്ലാസ വിനോദയാത്രയ്ക്ക് അവസരം വന്നു ചേരും. വേർപെട്ടു താമസിക്കുന്ന ദമ്പതികൾക്ക് പുനസ്സമാഗമം സാധ്യമാകും. വിരോധികളായിരുന്നവർ ലോഹ്യമായിത്തീരും. സാമ്പത്തിക പുരോഗതിക്കും യോഗമുണ്ട്.

പുണർതം:ആത്മപ്രഭാവത്താൽ ദുഷ്പ്രചരണങ്ങൾ നിഷ്പ്രഭമാകും. അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കിയ മേലധികാരിയോട് ആദരവ് തോന്നും. സർവർക്കും സ്വീകാര്യമായ സമീപനം സൽകീർത്തിക്ക് വഴിയൊരുക്കും. വാഹന ഉപയോഗം വളരെ സൂക്ഷ്മതയോടു കൂടി ആവണം. ശുഭസൂചകങ്ങളായ പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നതിനാൽ ആത്മ സംതൃപ്തിയുണ്ടാകും.

പൂയം:സാമ്പത്തിക ഭദ്രതയും കുടുംബാവൃദ്ധിയും കാണുന്നു. ഗൃഹനിർമാണം നടക്കും. ദുഃശ്ശീലങ്ങൾ ഉപേക്ഷിച്ച് സദ്ശീലങ്ങൾ അനുവർത്തിക്കും. സമന്വയ സമീപനത്താൽ സർവകാര്യ വിജയം നേടും. വ്യവസ്ഥകൾ പാലിക്കുന്നതിൽ ആത്മാഭിമാനം തോന്നും. സേവന സാമർഥ്യത്താൽ അധികൃതരുടെ പ്രീതി നേടും. മുടങ്ങി കിടപ്പുള്ള സ്ഥാനമാനങ്ങൾ ലഭിക്കും.

ആയില്യം:സങ്കല്‍പങ്ങൾക്കനുസരിച്ച് കുടുംബജീവിതം നയിക്കുവാൻ സാധിക്കുന്നത് സമാധാനത്തിനും സ്വസ്ഥതയ്ക്കും വഴിയൊരുക്കും. സുപ്രധാനങ്ങളായ കാര്യങ്ങൾ തീരുമാനത്തിലെത്തിക്കുവാൻ സാധിക്കും. ഭൂമി വാങ്ങുവാനിടവരും. കാര്യനിർവഹണ ശക്തിയും ആത്മവിശ്വാസവും വർധിക്കുന്നതിനാൽ ഔദ്യോഗിക ചുമതലകൾ എല്ലാം ഏറ്റെടുത്ത് പ്രവർത്തന സജ്ജമാക്കും.

മകം:സജീവ സാന്നിധ്യത്താലും കഠിനാധ്വാനത്താലും തൊഴിൽ മേഖലകളിൽ പുരോഗതിയുണ്ടാകും. യാഥാർഥ്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിക്കുവാൻ തയാറാകും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. ആത്മാർഥമായ പ്രയത്നങ്ങളാൽ അധികൃതരുടെ പ്രീതി നേടും. ഈശ്വരപ്രാർഥനകളാൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും.

പൂരം:അനുഭവജ്ഞാനമുള്ളവരുടെ നിർദേശങ്ങൾ സ്വീകരിച്ച് തൊഴിൽ ക്രമീകരിക്കും. പണം കൈകാര്യം ചെയ്യുന്നതിൽ വളരെ ശ്രദ്ധിക്കണം. അനാവശ്യ ചെലവുകൾ വർധിക്കും. സർക്കാർ ജീവനക്കാർ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കാൻ ശ്രമിക്കണം. വിചാരിക്കാതെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു നടത്തേണ്ടി വരും. ശത്രുക്കളെ കരുതിയിരിക്കുക.

ഉത്രം:ക്ഷേത്രദർശനവും തീർഥയാത്രകളും കൊണ്ട് മാനസിക പിരിമുറുക്കം കുറയ്ക്കാൻ ശ്രമിക്കും. പിതൃസ്ഥാനീയരിൽ നിന്നും ഉപദേശങ്ങളും സഹായങ്ങളും ഉണ്ടാകും. സന്താനങ്ങളുടെ കാര്യത്തിൽ നല്ല ശ്രദ്ധവേണം. വിഷ ഭീതിയുണ്ടാവാതെ സൂക്ഷിക്കണം. ദൈവാധീനം കൊണ്ട് പല പ്രതിസന്ധികളെയും തരണം ചെയ്യും.

അത്തം:പരീക്ഷണ നിരീക്ഷണങ്ങൾക്ക് ആവർത്തനം വേണ്ടി വരും. അപ്രാപ്യമായ വിഷയങ്ങളെ പറ്റി ചിന്തിച്ച് വിഷമിക്കുന്നത് മാനസികവിഭ്രാന്തിക്കും അസുഖങ്ങൾക്കും വഴിയൊരുക്കും. യുക്തി സഹമല്ലെങ്കിലും യാഥാർഥ്യങ്ങളെ അംഗീകരിക്കേണ്ടതായി വരും. സഹോദരങ്ങളുമായി സ്വല്‍പം വിരോധമായിത്തീരും. അനാവശ്യ ചിന്തകളും മിഥ്യാധാരണകളും ഒഴിവാക്കണം.

ചിത്തിര:വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാകും. ചില ദുഷ്പേരുകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. സ്വാർഥ താല്‍പര്യ സാധ്യത്തിനായി അന്യരെ ഉപദ്രവിക്കരുത്. സുതാര്യമുള്ള സമീപനത്താൽ അപകീർത്തി ഒഴിവാകും. ബന്ധുക്കളുമായുള്ള സ്നേഹങ്ങൾക്ക് അകൽച്ച അനുഭവപ്പെടും പാഴ്‌വാക്കുകൾ അബദ്ധമായി തീരും. ആരോഗ്യ ശ്രദ്ധ വേണം.

ചോതി:ആരോഗ്യ ശ്രദ്ധ വേണം. ചില ശത്രുക്കൾ തടസ്സങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കും. സ്വത്ത് ഭാഗം വെക്കുന്നത് സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടായേക്കാം. ദൂരയാത്രകൾ ചെയ്യേണ്ടതായി വരും. യാത്രകൾ വളരെ കരുതലോടെ ആവണം അനാവശ്യ ചിന്തകൾ മനസ്സിനെ സദാ അലട്ടിക്കൊണ്ടിരിക്കും. അനാവശ്യ അഭിപ്രായങ്ങൾ ഗൃഹാന്തരീക്ഷം ദോഷമാക്കും. ദമ്പതികൾ കഴിയുന്നതും അനാവശ്യ പിണക്കം ഒഴിവാക്കണം.

വിശാഖം:പാഴ്ച്ചെലവുകൾ കൂടും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള ആർജവമുണ്ടാകും. രോഗ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചില്ലെങ്കിൽ ദൂരവ്യാപകമായ ദോഷഫലങ്ങൾ ഉണ്ടാകും. തനിക്ക് ശരിയെന്ന് തോന്നുന്നത് നിർഭയം ചെയ്യാൻ തയ്യാറാകുന്നത് മൂലം പലരുടെയും അതൃപ്തിക്കിടയാക്കും. കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം. പ്രലോഭനങ്ങളിൽ അകപ്പെടരുത്.

അനിഴം:സ്വതസിദ്ധമായ പ്രവർത്തന ശൈലി മാതൃകാപരമായി എന്നറിഞ്ഞതിനാൽ ആത്മാഭിമാനം തോന്നും. മുൻകോപം നിയന്ത്രിച്ചില്ലെങ്കിൽ പല വിധ ആപത്തുകളും ഉണ്ടാകുന്നതാണ്. ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധ വേണം. അഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന ഇടപാടുകളിൽ ഉൾപ്പെടാതിരിക്കാൻ നോക്കണം. വാക്കു തർക്കങ്ങളിൽ നിന്ന് യുക്തിപൂർവം പിൻമാറുക.

തൃക്കേട്ട:അമിതമായ ആത്മപ്രശംസ അവസരങ്ങളെ നഷ്ടപ്പെടുത്തും. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. സ്ത്രീകൾ മൂലം മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയുണ്ട്. ഈശ്വരാനുഗ്രഹത്താൽ മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും. ദമ്പതികൾ പിണക്കങ്ങൾ കഴിവതും ഒഴിവാക്കി രമ്യതയിൽ വർത്തിക്കാൻ ശ്രമിക്കണം.

മൂലം:നിരാശയെ അതിജീവിക്കാനുള്ള സമീപനം ജീവിത പങ്കാളിയിൽ നിന്നും വന്നു ചേരും. ദുർജന സംസർഗത്തിൽ നിന്നും യുക്തിപൂർവം പിൻമാറുക. സന്താനങ്ങളുടെ കാര്യത്തിൽ ശ്രദ്ധ വേണം. വിമർശനങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കി ജീവിത ഗതിക്ക് മാറ്റം വരുത്തും. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. 

പൂരാടം:സാമ്പത്തിക സുരക്ഷിതത്വം അന്വേഷിച്ചറിയാതെ ഒരു തൊഴിലും ഏറ്റെടുക്കരുത്. ആശങ്ക വർധിക്കുന്ന പല ഘട്ടങ്ങളെയും അതിജീവിക്കാനുള്ള ആത്മവിശ്വാസം ഉണ്ടാകും. രേഖകളില്ലാതെ ഒരു പണമിടപാടും അരുത്. അപവാദങ്ങളിൽ ചെന്നു ചാടരുത്. സത്യസന്ധമായ പ്രവൃത്തികൾ ലക്ഷ്യപ്രാപ്തിയിൽ എത്തിച്ചേരും.

ഉത്രാടം:ഇഷ്ടജനങ്ങൾ ശത്രു ചേരിയിലാകാനിടയുണ്ട്. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള ആർജവം കാണിക്കും. ക്രയവിക്രയങ്ങളിൽ നേട്ടം കാണുന്നു. ജീവിത പങ്കാളിയുടെ നിർദേശങ്ങൾ അംഗീകരിക്കും. ആധ്യാത്മിക - ആത്മീയ പ്രഭാഷണങ്ങൾ മനസ്സമാധാനത്തിന് വഴിയൊരുക്കും. തറവാട്ടിലെ മംഗള കർമങ്ങൾക്ക് നേതൃത്വം വഹിക്കുവാനിടവരും. 

തിരുവോണം:പ്രവർത്തന മേഖലകളിൽ നിന്നും സാമ്പത്തിക പുരോഗതിയുണ്ടാകും. തൊഴിൽ തർക്കം പരിഹരിക്കും. കുടുംബ കാര്യങ്ങളിൽ  അഭ്യുദയകാംക്ഷികളിൽ നിന്നും സഹായം ലഭിക്കും. യാഥാർഥ്യം മനസ്സിലാക്കിയ സഹോദരങ്ങൾ ലോഹ്യം കൂടുവാൻ വന്നു ചേരും. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം പര്യാപ്തത ആർജിക്കുന്നത് ഭാവിജീവിതത്തിന് ഉപകരിക്കും. ആരോഗ്യ ശ്രദ്ധ വേണം.

അവിട്ടം:സമയോചിതമായ ഇടപെടലുകളാൽ ഭീമമായ നഷ്ടപ്പെടലുകളിൽ നിന്നും രക്ഷപ്പെടും. അശ്രാന്തമായ പരിശ്രമത്താൽ തൊഴിൽ മേഖലകളിലുള്ള അനിശ്ചിതാവസ്ഥകളെ അതിജീവിച്ച് പ്രവർത്തനക്ഷമമാക്കുവാൻ സാധിക്കും. ബന്ധുവിന് പരോപകാരം ചെയ്യുവാൻ സാധിക്കും. ദുഃശ്ശീലങ്ങൾ ഒഴിവാക്കുവാൻ ഉൾപ്രേരണയുണ്ടാകും. അജ്ഞത കൊണ്ട് അബദ്ധം വന്നു ചേരുന്ന പുത്രനു മാർഗനിർദേശങ്ങൾ നല്‍കും.

ചതയം:സമയോചിതമായ ഇടപെടലുകളാൽ അർഹതയുള്ള കാര്യങ്ങൾ സാധ്യമാകും. മറ്റുള്ളവർക്ക് എതിർപ്പ് ഉണ്ടാക്കുന്ന വിധത്തിലുള്ള സമീപന ശൈലിയിൽ നിന്നും പിൻമാറണം. വരവും ചെലവും തുല്യമായിരിക്കും. അമിത വൈദ്യുത പ്രവാഹത്താൽ ഗൃഹോപകരണങ്ങൾക്ക് കേടുപാടുകൾ വന്നു ചേരും. വാഹനം മാറ്റി വാങ്ങും. ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്നതിനാൽ ആശ്വാസമുണ്ടാകും.

പൂരുരുട്ടാതി:അനാവശ്യ കാര്യങ്ങൾക്കുള്ള പരിഭ്രമം ഒഴിവാക്കണം. അനുചിത പ്രവൃത്തികളിൽ നിന്നും പിൻമാറുവാൻ ഉൾപ്രേരണയുണ്ടാകും. വേണ്ടപ്പെട്ടവരുടെ ഉയർച്ചയിൽ അനുമോദിക്കാനിടവരും. ഭഷ്യവിഷബാധ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. വീഴ്ച, ചതവ് ഇവ വരാതെ നോക്കണം. ദുഷ്ട ജനങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണം. മക്കളുടെ സംരക്ഷണം ആശ്വാസത്തിന് വഴിയൊരുക്കും.

ഉത്തൃട്ടാതി: സുഖദു:ഖങ്ങൾ ഒരു പോലെ വന്നു ചേരും. അപ്രധാനങ്ങളായ കാര്യങ്ങളിൽ ഏർപ്പെട്ടാൽ അപകീർത്തിയുണ്ടാകും. ദീർഘ വീഷണത്തോടു കൂടി ചെയ്യുന്ന കാര്യങ്ങൾ ലക്ഷ്യപ്രാപ്തി നേടും. ഉദരവാദിത്ത്വമുള്ള പുത്രന്റെ സമീപനത്തിൽ ആശ്വാസം തോന്നും. അറിയാതെ ചെയ്തു പോയ അബദ്ധങ്ങൾ തിരുത്തുവാനും പ്രായശ്ചിത്തം ചെയ്യുവാനും യോഗമുണ്ട്. 

രേവതി:ഏകാഗ്രതയോടുകൂടി സ്വന്തം നിലപാടിൽ നിന്നും വ്യതിചലിക്കാതെയുള്ള പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിക്ക് വഴിയൊരുക്കും.  അപര്യാപ്തതകൾ മനസ്സിലാക്കി ജീവിക്കുവാൻ തയാറാകുന്ന ജീവിത പങ്കാളിയോടു ആദരവ് തോന്നും. അസാധാരണമായ വ്യക്തിത്വമുള്ളവരെ പരിചയപ്പെടുന്നതിനാൽ ജീവിതത്തിന് വഴിത്തിരിവുണ്ടാകുന്ന പ്രവർത്തനം തിരഞ്ഞെടുക്കും. 

ലേഖിക

ജ്യോതിഷി പ്രഭാസീന സി.പി.

ഹരിശ്രീ

പി ഒ മമ്പറം

വഴി: പിണറായി 

കണ്ണൂർ ജില്ല 

ഫോ: 9961442256

Email ID : prabhaseenacp@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com