രാഹു-കേതു രാശിമാറ്റം 2025;നേട്ടങ്ങളുടെ പെരുമഴ, മഹാമാറ്റങ്ങൾ സ്വാധീനിക്കുന്ന നക്ഷത്രക്കാർ

Mail This Article
മറ്റു ഗ്രഹങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ് രാഹുകേതുക്കളുടെ സഞ്ചാരം. രാശിചക്രത്തിൽ 18 മാസത്തിൽ ഒരിക്കൽ രാശിമാറുന്ന ഗ്രഹങ്ങൾക്ക് കാരണമാകുന്ന നിഴൽ ഗ്രഹമാണ് രാഹു കേതുക്കൾ. സൂര്യന്റെയും ചന്ദ്രന്റെയും ഭ്രമണ പഥങ്ങൾ പരസ്പരം ഖണ്ഡിക്കുന്ന ബിന്ദുക്കളാണ് ഇവ. ഫലഭാഗ ജ്യോതിഷത്തിൽ രാഹുകേതുക്കൾക്ക് വലിയ പ്രാധാന്യം ഉണ്ട്.
2025 മെയ്18- 1200 ഇടവം 4 ന് രാഹു കുംഭത്തിലേക്കും കേതു ചിങ്ങത്തിലേക്കും രാശി മാറുകയാണ്. ഇതു പ്രകാരം ഓരോ കൂറുകാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത്. രാഹുകേതുക്കൾ ഉപചയ ഭാവങ്ങളിൽ (3, 6,11) ചാരവശാൽ സ്ഥിതി ചെയ്യുമ്പോഴാണ് അനുകൂലഫലങ്ങൾ നൽകുന്നത്. ദശയും ദശാപഹാരവും അനുകൂലമാവുകയും ഒപ്പം വ്യാഴത്തിന്റെയും ശനിയുടെയും അനുകൂലാവസ്ഥയും കൂടി ഉണ്ടാവുക ആണെങ്കിൽ രാഹു കേതു മാറ്റത്തിലെ ദോഷങ്ങൾ കൂടുതലായി ബാധിച്ചെന്നു വരില്ല. കൂടെ ജാതകാൽ ഉള്ള ബലാബലങ്ങളും ചിന്തിക്കണം. രാഹുകേതു മാറ്റം ഓരോ രാശിക്കാർക്കും എങ്ങനെയായിരിക്കും എന്നറിയാം.
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4): മേടക്കൂറുകാർക്ക് രാഹു പന്ത്രണ്ടാം ഭാവത്തിൽ നിന്നും പതിനൊന്നാം ഭാവത്തിലേക്കും കേതു ആറാം ഭാവത്തിൽ നിന്നും അഞ്ചിലേക്കും മാറുകയാണ്. പരിശ്രമങ്ങൾ ഫലവത്താകും. സാമ്പത്തികമായി നല്ല പുരോഗതി ഉണ്ടാവും. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കും. ഭൂമി സംബന്ധമായ തർക്കങ്ങളും പരിഹരിക്കും. സഹപ്രവർത്തകരും ബന്ധുക്കളും നിർണായക ഘട്ടത്തിൽ കൂടെ നിൽക്കുന്നത് ആശ്വാസകരമാകും. മാതാപിതാക്കളും സഹായിക്കും. ജീവിതാഭിലാക്ഷങ്ങൾ പൂവണിയും. ദാമ്പത്യ സുഖം, വാഹന ലബ്ധി തുടങ്ങിയ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ജീവിതരീതിയിൽ മെച്ചമായ പല മാറ്റങ്ങളും ഉണ്ടാവും. അർഹത അംഗീകരിക്കപ്പെടും. വ്യാപാരത്തിൽ നടത്തുന്ന പരീക്ഷണങ്ങൾ വിജയിക്കും. സന്താനങ്ങളുടെ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തി തീരുമാനം എടുക്കാൻ ശ്രമിക്കണം. ഉദര സംബന്ധമായ അസുഖം ഇടയ്ക്ക് ബുദ്ധിമുട്ടിച്ചേക്കാം.
ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2): ഇടവക്കൂറുകാർക്ക് രാഹു പതിനൊന്നാം ഭാവത്തിൽ നിന്നും പത്താം ഭാവത്തിലേക്കും കേതു അഞ്ചാം ഭാവത്തിൽ നിന്നും നാലാം ഭാവത്തിലേക്കും മാറുകയാണ്. തൊഴിൽരംഗത്തെ പ്രശ്നങ്ങൾ നയപരമായി പരിഹരിക്കണം. തൊഴിൽ വരുമാനം കൂടുമെങ്കിലും ജോലിഭാരം കൂടും. ഒരു കാര്യത്തിലും ഉറച്ചു നിൽക്കാതെയുള്ള ചഞ്ചല പ്രവണത കാരണം വിശ്വാസത്തകർച്ച തുടങ്ങിയ ദോഷാനുഭവങ്ങൾ സംഭവിക്കും. ബന്ധുക്കളോടും സുഹൃത്തുക്കളോടും വാക്കു തർക്കത്തിന് പോവാതിരിക്കുക. ജോലി സ്ഥലത്ത് മേലുദ്യോഗസ്ഥരോടും സഹപ്രവർത്തകരോടും നയപരമായി പെരുമാറുക. അമിത വൈകാരികതയോടെ പ്രശ്നങ്ങളെ സമീപിക്കരുത്. മുൻപ് പറ്റിപ്പോയ ചില അബദ്ധങ്ങൾ തിരുത്താൻ ശ്രമിക്കുക. അമ്മയുടെ ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. പാഴ് ചെലവുകൾ നിയന്ത്രിക്കണം.
മിഥുനക്കൂറ് (മകയിരം1/2, തിരുവാതിര, പുണർതം 3/4): മിഥുനക്കൂറുകാർക്ക് രാഹു പത്താം ഭാവത്തിൽ നിന്നും ഒൻപതാം ഭാവത്തിലേക്കും കേതു നാലാം ഭാവത്തിൽ നിന്ന് മൂന്നിലേക്കും മാറുകയാണ്. ഗുണദോഷ സമ്മിശ്രം. ഒന്നിലും അമിതാവേശം വേണ്ട. കഴിവുകൾ ശരിയായി വിനിയോഗിക്കാൻ ശ്രമിക്കണം. അവസരങ്ങൾ വർധിക്കും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധുക്കളുടെയും മറ്റും പിന്തുണ ലഭിക്കും. ജീവിതത്തിലെ എല്ലാ വെല്ലുവിളികളെയും ഈശ്വരാധീനവും മനോധൈര്യവും വർധിപ്പിച്ച് മറികടക്കാൻ കഴിയും. തൊഴിൽ സംബന്ധമായ കാര്യങ്ങളിൽ എന്തെങ്കിലും വീഴ്ചയുണ്ടായാൽ അത് ഉടനടി വിശകലനം ചെയ്ത് തിരുത്തി മുന്നേറണം. ഏത് സാഹചര്യത്തിലും വിവേകവും ആത്മവിശ്വാസവും കൈവിടാതിരിക്കാൻ ശ്രദ്ധിക്കണം. പൂർവ കാല നിക്ഷേപങ്ങളിൽ നിന്നും ഗുണം കിട്ടും. ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിക്കണം. പകർച്ചവ്യാധികളെ കരുതിയിരിക്കുക. വിലപിടിപ്പുള്ള രേഖകൾ, മറ്റു വസ്തുക്കൾ എന്നിവ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധവേണം.
കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം): കർക്കടകക്കൂറുകാർക്ക് രാഹു ഒൻപതാം ഭാവത്തിൽ നിന്നും എട്ടാം ഭാവത്തിലേക്കും കേതു മൂന്നാം ഭാവത്തിൽ നിന്നും രണ്ടിലേക്കും മാറുകയാണ്. എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ പുലർത്തുക. ആരോഗ്യപ്രശ്നങ്ങൾ ബുദ്ധിമുട്ടിക്കുകയാണെങ്കിൽ അവഗണിക്കരുത്. തക്കതായ ചികിത്സ നൽകണം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കുക. ധനനഷ്ട സാധ്യത വളരെ കൂടുതലാണ്. വരവിനേക്കാൾ ചെലവ് കൂടും. സ്വജനങ്ങളുമായി കലഹത്തിന് സാധ്യത ഉള്ളതിനാൽ വാക്ക് തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. ശത്രുക്കളിൽ നിന്നും കള്ളൻമാരിൽ നിന്നും ഉപദ്രവം ഏൽക്കാതിരിക്കാൻ വളരെ ശ്രദ്ധിക്കുക. മാനസിക സമർദങ്ങൾ ഒഴിവാക്കാൻ പഴയ വിഷമമനുഭവിച്ച സംഭവങ്ങൾ മറക്കാൻ ശ്രമിക്കണം. കൂട്ടുകാരും കുടുംബവുമായി ചെലവഴിക്കാൻ കുറച്ച് സമയമെങ്കിലും കണ്ടെത്തണം. വിദ്യാർഥികൾ നിഷേധസ്വഭാവം നിയന്ത്രിക്കുക.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): ചിങ്ങക്കൂറുകാർക്ക് രാഹു എട്ടാം ഭാവത്തിൽ നിന്നും ഏഴിലേക്കും കേതു രണ്ടാം ഭാവത്തിൽ നിന്നും ജന്മത്തിലേക്കും മാറുകയാണ്. ജീവിതപങ്കാളിയോട് സൗമ്യവും അനുകൂലവുമായ സമീപനം സ്വീകരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാത്തരം നിഷേധാത്മക ചിന്തകളിൽ നിന്നും അകന്നു നിൽക്കണം. നഷ്ടസാധ്യതയുള്ള ഒരു കാര്യത്തിലും ഭാഗ്യ പരീക്ഷണത്തിന് പണം മുടക്കരുത്. സൂക്ഷിച്ച് ശാന്തമായി മന:സംയമനത്തോടെ നീങ്ങിയാൽ വ്യാപാരത്തിൽ ലാഭം നേടാനാകും. അശുഭചിന്തകൾ ശക്തമായാൽ ലക്ഷ്യപ്രാപ്തിക്ക് പ്രശ്നങ്ങളുണ്ടാകും. നല്ല ബന്ധങ്ങൾ മനസ്സിന് സന്തോഷം നൽകും. പ്രേമ ബന്ധങ്ങളിൽ പെടാൻ കൂടുതൽ സാധ്യതയുള്ളതിനാൽ അനാവശ്യ ബന്ധങ്ങളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. വാത സംബന്ധമായും ശ്വാസകോശ സംബന്ധമായും അസുഖം. മറ്റു ശാരീരിക ബുദ്ധിമുട്ട് അവഗണിക്കരുത്.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2): കന്നിക്കൂറുകാർക്ക് രാഹു എഴാം ഭാവത്തിൽ നിന്നും ആറിലേക്കും കേതു ജന്മത്തിൽ നിന്നും പന്ത്രണ്ടിലേക്കും മാറുകയാണ്. പൊതുവെ ഗുണഫലങ്ങൾ പ്രതീക്ഷിക്കാം. ദീർഘകാലമായി അലട്ടികൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും. സന്തോഷവും സമാധാനവും ലഭിക്കും. ആത്മവിശ്വാസവും ഉൻമേഷവും വർധിക്കും. കർമരംഗത്ത് സ്ഥാനക്കയറ്റവും വേതന വർധനവും ഉണ്ടാവും. സാമ്പത്തിക ഇടപാടുകൾക്കും മെച്ചപ്പെട്ട നിക്ഷേപങ്ങൾക്കും സമയം അനുകൂലം. പരിശ്രമങ്ങൾക്ക് ചുറ്റുമുള്ളവരുടെ എല്ലാ പിന്തുണയും ലഭിക്കും. വായ്പകൾ കൃത്യസമയത്ത് തിരിച്ചടക്കാൻ കഴിയും. നേത്രരോഗങ്ങൾ ശ്രദ്ധിക്കണം. വീട് മോടി പിടിപ്പിക്കാനോ പുതിയ വീട് / വാഹനം വാങ്ങാനോ ധനം വിനിയോഗിക്കും. ന്യായമായ ആഗ്രഹങ്ങൾ നിറവേറ്റപ്പെടും. മത്സര പരീക്ഷയിൽ മികച്ച വിജയം നേടും. ആരോഗ്യ പരിശോധനകളിൽ അലംഭാവമരുത്. ഏത് കാര്യത്തിലും പ്രയോഗിക സമീപനം സ്വീകരിക്കണം.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): തുലാക്കൂറുകാർക്ക് രാഹു ആറാം ഭാവത്തിൽ നിന്നും അഞ്ചിലേക്കും കേതു പന്ത്രണ്ടാം ഭാവത്തിൽ നിന്നും പതിനൊന്നിലേക്കും മാറുകയാണ് സന്താനങ്ങളുടെ വിദേശ പഠനം, വിവാഹം ഇവയ്ക്ക് തടസ്സം നേരിടും. അനാവശ്യമായ മാനസിക പിരിമുറുക്കം കുറയ്ക്കണം. മറ്റുള്ളവരുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുക്കേണ്ട കാര്യമില്ല എന്ന് തിരിച്ചറിയണം. ആർക്കും വലിയ വാഗ്ദാനങ്ങൾ നൽകരുത്. വരവും ചെലവും കൃത്യമായി മനസിലാക്കിയ ശേഷം സാമ്പത്തിക അസൂത്രണം നടത്തണം. കർമരംഗത്തെ ബുദ്ധിമുട്ടുകൾ ഈശ്വരാധീനത്താൽ പരിഹരിക്കപ്പെടും. പുതിയ തൊഴിൽ സംരംഭങ്ങളിൽ ഏർപ്പെടും. അപകട ദുരിതങ്ങളിൽ നിന്ന് ഈശ്വരാധീനത്താൽ രക്ഷപ്രാപിക്കും. വിദ്യാർഥികൾ പരീക്ഷാ വിജയത്തിന് നല്ല കഠിനാധ്വാനം ചെയ്യുക. കാര്യങ്ങൾ നേടിയെടുക്കുന്നതിനായി ധാരാളം യാത്രകൾ ചെയ്യേണ്ടതായിവരും. നേട്ടങ്ങൾക്ക് ജാഗ്രതയോടെ ശ്രമിക്കണം. ബുദ്ധിപൂർവം പ്രവർത്തിച്ച് വ്യാപാരത്തിൽ വിജയം വരിക്കാൻ നോക്കണം.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട): വൃശ്ചികക്കൂറുകാർക്ക് രാഹു അഞ്ചാം ഭാവത്തിൽ നിന്നും നാലിലേക്കും കേതു പതിനൊന്നാം ഭാവത്തിൽ നിന്ന് പത്തിലേക്കും മാറുകയാണ്. എല്ലാ കാര്യങ്ങളിലും ജാഗ്രത വേണം. സഞ്ചാരക്ലേശം വർധിക്കും. തൊഴിൽമാന്ദ്യം അനുഭവപ്പെടും. സുഹൃത്തുക്കളും ബന്ധുക്കളും അകന്നു മാറാൻ സാധ്യത ഉണ്ട്. കുഴപ്പം പിടിച്ച കാര്യങ്ങളിൽ മുതിർന്നവരുടെയോ പരിചയ സമ്പന്നരുടെയോ വാക്ക് കേൾക്കാൻ മടിക്കരുത്. മാതാവിന്റെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക. കുടുംബ ജീവിതത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടായേക്കാം. ഉറ്റവരെ കൊണ്ടുള്ള വിഷമങ്ങൾ കൂടുതൽ സഹിക്കേണ്ടി വരും. പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കാൻ കാലതാമസം നേരിടുന്നതിനാൽ ഈശ്വര പ്രാർഥന ചെയ്യുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4): ധനുക്കൂറുകാർക്ക് രാഹു നാലാം ഭാവത്തിൽ നിന്നും മൂന്നിലേക്കും കേതു പത്താം ഭാവത്തിൽ നിന്ന് ഒൻപതിലേക്കും മാറുകയാണ്. പൊതുവെ അനുകൂലമാണ്. കർമരംഗത്ത് ഉയർച്ച. ആഗ്രഹങ്ങൾ സഫലമാകും. മിക്ക കാര്യങ്ങൾക്കും നിരവധി ചെറിയ തടസ്സങ്ങൾ അനുഭവപ്പെടാം. എങ്കിലും സാഹചര്യം അനുകൂലമാക്കി മാറ്റി നേട്ടങ്ങൾ കൈവരിക്കുന്നതിന് യോഗം ഉണ്ട്. ഗൃഹത്തിൽ സമാധാനവും ശ്രേയസ്സും വന്നു ചേരും. ധനസ്ഥിതി ഏറ്റക്കുറച്ചിലോട് കൂടിയതാവും എന്നാലും ദൈവാധീനമുണ്ടാവും. വിദ്യർഥികൾക്ക് മെച്ചപ്പെട്ട പരീക്ഷാ വിജയവും ആഗ്രഹിച്ച വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യതയും സിദ്ധിക്കും. ഉദരസംബന്ധമായ ചില അസുഖങ്ങളെ അവഗണി ക്കരുത്. തക്കതായ ചികിത്സ നൽകണം. ജീവിത ശൈലി രോഗങ്ങളെയും കരുതണം. ശാരീരിക മാനസിക ആരോഗ്യം നിലനിർത്തുന്നതിന് ധ്യാനവും യോഗയും ശീലിക്കുന്നത് നല്ലതായിരിക്കും.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): മകരക്കൂറുകാർക്ക് രാഹു മൂന്നാം ഭാവത്തിൽ നിന്നും രണ്ടിലേക്കും കേതു ഒൻപതാം ഭാവത്തിൽ നിന്നും എട്ടിലേക്കും മാറുകയാണ്. എല്ലാ കാര്യത്തിലും ജാഗ്രത വേണം. ഓഫിസിലും ബിസിനസിലും ചെറിയ അശ്രദ്ധ പോലും വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകും. അതിനാൽ ധൃതി പിടിച്ച് ഒന്നും ചെയ്യാതിരിക്കാൻ ശ്രമിക്കുക. എല്ലാ ഉത്തരവാദിത്വങ്ങളും ശരിയായി നിറവേറ്റുക. വാക്ക് തർക്കങ്ങളിൽ ഏർപ്പെടാതിരിക്കുക. കുടുംബപരമായ ബാധ്യതകൾ വർധിക്കും. അതുമൂലം കൂടുതൽ പണച്ചെലവ് വരും. അനാവശ്യ യാത്രകൾ കുറയ്ക്കുക. പാഴ്ച്ചെലവുകൾ നിയന്ത്രിക്കുക. മന:ശാന്തി നൽകുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം. മാനസിക സമർദത്തിൽ നിന്ന് ഒഴിവാകാൻ ഇത് മാത്രമാണ് പോം വഴി. വിദ്യാർഥികൾ പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. വെറുതെ സമയം കളയരുത്. മാന്യമായ പെരുമാറ്റത്തിലൂടെ എല്ലാവരുടെയും ആദരവ് നേടും. കഠിനാധ്വാനത്തിലൂടെ വിജയം കൈവരിക്കാൻ സാധിക്കും.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4): കുംഭക്കൂറുകാർക്ക് രാഹു രണ്ടാം ഭാവത്തിൽ നിന്നും ഒന്നാം ഭാവത്തിലേക്ക് അഥവാ ജന്മത്തിലേക്കും കേതു എട്ടാം ഭാവത്തിൽ നിന്ന് ഏഴിലേക്കും മാറുകയാണ്. ആരോഗ്യ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തിലെ ചെറിയ ചെറിയ പ്രശ്നങ്ങൾ വലുതാക്കി മാറ്റാതെ പരസ്പരം വിട്ടുവീഴ്കൾ ചെയ്യുക. പരസ്പരം കുറ്റപ്പെടുത്താതിരിക്കുക. പ്രണയബന്ധത്തിൽ പെടാൻ സാധ്യത ഉള്ളതിനാൽ അനാവശ്യ ബന്ധങ്ങളിൽപെട്ടുപോവാതിരിക്കാൻ ശ്രദ്ധിക്കുക. അനാവശ്യ യാത്രകൾ കുറയ്ക്കുക. ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ യഥാസമയം നിറവേറ്റാൻ സാധിക്കാതെ വന്നാൽ ടെൻഷൻ ആവാതെ നന്നായി ശ്രമിച്ചാൽ പല വിധ ഗുണാനുഭവങ്ങളും ഉണ്ടാക്കിയെടുക്കാം. തലവേദന, ശിരോരോഗങ്ങൾ ബുദ്ധി മുട്ടിച്ചേക്കാം. അസുഖങ്ങൾ വരുമ്പോൾ അവഗണിക്കാതെ തക്കതായ ചികിത്സ നൽകുക. ശത്രുക്കളെ കരുതിയിരിക്കുക.
മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി): മീനക്കൂറുകാർക്ക് രാഹു ജന്മത്തിൽ നിന്നും പന്ത്രണ്ടാം ഭാവത്തിലേക്കും കേതു ഏഴാം ഭാവത്തിൽ നിന്ന് ആറിലേക്കും മാറുകയാണ്. ഗുണ ദോഷ സമ്മിശ്രം. കർമരംഗത്തെ വെല്ലുവിളികളെ ധൈര്യപൂർവം നേരിടണം. ജാമ്യം നിൽക്കുക, കടം കൊടുക്കുക തുടങ്ങിയവയിൽ നിന്നും ഒഴിഞ്ഞുമാറുക. സഞ്ചാര ക്ലേശവും ധനനഷ്ടവും സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. ശ്രദ്ധയും വിവേകവും ഉപയോഗിച്ച് പ്രതികൂല കാലത്തെ മറികടക്കണം. ചുറുചുറുക്കോടെ കാര്യങ്ങൾ നീക്കാൻ കഴിയുന്നതിലൂടെ ഉന്നതരുടെ അഭിനന്ദനത്തിന് പാത്രമാകും. വീണ്ടു വിചാരത്തോടെയും വിവേകത്തോടെയുമുള്ള പ്രവർത്തനങ്ങൾ കാലം അനുകൂലമാക്കാൻ സഹായിക്കും. ഓഹരി വിപണിയിൽ അമിതമായ താൽപര്യം കാട്ടരുത്. ഈശ്വര കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ഈശ്വരാധീനത്താൽ ശത്രു ഉപദ്രവങ്ങളിൽ നിന്നും രക്ഷപ്പെടും.
ദോഷപരിഹാരത്തിനായി
രാഹു, കേതു പ്രീതിക്കായി സർപ്പകാവിൽ മഞ്ഞൾപൊടി, വിളക്ക്, നൂറും പാലും നിവേദിക്കുക. ശിവപ്രീതി വരുത്തുക. കടുത്ത ദോഷമുള്ളവർ (ജാതകാൽ രാഹു - കേതു ദോഷകാഠിന്യമോ, ദശാപഹാരാദികളോ ഉള്ളവർ) അഷ്ടദ്രവ്യാഭിഷേകം നടത്തിക്കുക, നാഗരൂട്ട് നടത്തുക, പുള്ളുവരെ കൊണ്ട് പാടിക്കുക തുടങ്ങിയ വഴിപാടുകൾ നടത്തുക. നവഗ്രഹക്ഷേത്രത്തിൽ രാഹുകേതുക്കൾക്ക് അർച്ചന നടത്തുക. ഗണപതി പ്രീതി വരുത്തുന്നത് വഴി കേതുദോഷം കുറയും. ഭദ്രകാളി പ്രീതിയും കേതു ദോഷത്തിന് ഉത്തമം.
ജ്യോതിഷി പ്രഭാസീന സി.പി
ഹരിശ്രീ
പി ഒ : മമ്പറം
വഴി: പിണറായി
കണ്ണൂർ - ജില്ല
Email ID :prabhaseenacp@gmail.com
ഫോ : 9961442256