ADVERTISEMENT

ഇടവം 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. 

അശ്വതി: ഏർപ്പെടുന്ന കാര്യങ്ങളിൽ പൂർണ ഫലപ്രാപ്തി ലഭിക്കില്ല. ആരോഗ്യ സ്ഥിതി ഇടയ്ക്കിടെ പ്രതികൂലമാവും. യാത്രാക്ലേശം വർധിക്കും. അഗ്നി, വാഹനം ഇവയിൽ നിന്നും ആപത്തുണ്ടാവാതെ നോക്കണം. വിദ്യാർഥികൾ അലസത വെടിയണം. സർക്കാരിൽ നിന്ന് പ്രതികൂലമായ നടപടികൾ ഉണ്ടാകാതെ നോക്കണം. നേത്രരോഗം വിഷമിപ്പിക്കും. 

ഭരണി: ദാമ്പത്യ കലഹം മനോവിഷമം സൃഷ്ടിക്കും. ദമ്പതികൾ രമ്യതയിൽ വർത്തിക്കണം. ദീർഘദൂരയാത്രകൾ വേണ്ടി വരും. സ്വന്തം സ്ഥാനമാനങ്ങൾ സംരംക്ഷിക്കുവാനുള്ള ശ്രമത്തിൽ മറ്റുള്ളവരുമായി അഭിപ്രായ വ്യത്യാസത്തിനിടയുണ്ട്. മറ്റുള്ളവർക്ക് അനിഷ്ടമുണ്ടാക്കുന്ന സംസാരം ഒഴിവാക്കണം. ഏറ്റെടുത്ത കാര്യങ്ങൾ തൃപ്തികരമായി പൂർത്തിയാക്കുവാൻ ശ്രമിക്കണം.

കാർത്തിക: എന്തു കാര്യത്തിനും ആദ്യംചെറിയ തടസ്സങ്ങളും പ്രശ്നങ്ങളും നേരിടുമെങ്കിലും ഒടുവിൽ ദൈവാധീനത്താൽ എല്ലാം ശരിയാകും. ബിസിനസിൽ ഉയർച്ചയും താഴ്ചയും അനുഭവപ്പെടും. കളത്രത്തിന്റെ ബന്ധുമിത്രാദികളുമായി ചില അഭിപ്രായ വ്യത്യാസം ഉണ്ടാവാൻ സാധ്യത. സന്താനങ്ങളുടെ ജോലി കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം.

രോഹിണി: വീട്ടിൽ പൂജാദി മംഗളകാര്യങ്ങൾ നടക്കും. ബന്ധുക്കളുടെ രോഗാരിഷ്ടതകൾ ബുദ്ധിമുട്ടിക്കും. തൊഴിൽ രംഗത്ത് അഭിവൃദ്ധിയുണ്ടാകുമെങ്കിലും ചില തടസ്സങ്ങൾ ഉണ്ടായേക്കാം. മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാക്കും. അനാവശ്യ ചിന്തകൾ വെടിയണം. ചില നല്ല അവസരങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തണം. ആരോഗ്യ ശ്രദ്ധ വേണം.

മകയിരം: ബാധ്യതകൾ തീർക്കുന്നതിന് അക്ഷീണം പ്രയത്നിക്കും. ഈശ്വര ചിന്ത വർധിക്കും. ഈശ്വരാനുഗ്രഹം കൊണ്ട് ആപത്തുകൾ ഒഴിഞ്ഞു പോവുന്നതാണ്. പ്രവർത്തനരംഗത്ത് ഉണ്ടായിരുന്ന തടസ്സം മാറി കിട്ടും. കോപം നിയന്തണവിധേയമാക്കണം. സംസാരത്തിലുണ്ടാകുന്ന പിഴവുകൾ കാരണം മാനഹാനി, അനർത്ഥങ്ങൾ ഇവ സംഭവിക്കാനിടയുണ്ട്. സംസാരത്തിൽ മിതത്വം പാലിക്കുക.

തിരുവാതിര: എല്ലാ കാര്യങ്ങളിലും ചെറിയ തടസ്സവും പ്രശ്നങ്ങളും നേരിടാൻ സാധ്യത. തൊഴിൽ രംഗത്ത് പൂർണമായി ശ്രദ്ധിക്കാൻ കഴിഞ്ഞെന്ന് വരില്ല. ബിസിനസിൽ ഉയർച്ചയും താഴ്ചയും അനുഭവപ്പെടും. കഠിനാധ്വാനത്തിലൂടെ നഷ്ടപ്പെട്ടത് വീണ്ടെടുക്കുവാൻ കഴിയും. ഉന്നത ബന്ധങ്ങൾ പ്രയോജനപ്പെടും. അപകീർത്തിക്കിടയാകാതെ ശ്രദ്ധിക്കണം.

പുണർതം: അനാവശ്യ ചെലവുകൾ ഉണ്ടാകുന്നതാണ്. ബിസിനസിൽ നഷ്ടം വരാൻ സാധ്യത. അപ്രതീക്ഷിതമായി ജീവിത പങ്കാളിയിൽ നിന്നുണ്ടാകുന്ന പെരുമാറ്റം മനോദുഃഖത്തിനിടവരുത്തും. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുക. വിവാദങ്ങളിൽ ചെന്നു ചാടരുത്. ആരോഗ്യ കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം.

പൂയം: അപ്രതീക്ഷിതമായി ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. ഗൃഹനിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. സന്താനങ്ങളുടെ കാര്യത്തിൽ സന്തോഷാനുഭവങ്ങൾ ഉണ്ടാകും. ഉന്നതവ്യക്തികളുമായി സഹകരണം വന്നു ചേരും. സ്വകാര്യ സ്ഥാപനത്തിൽ തർക്കങ്ങൾ പരിഹരിക്കുന്നതിന് മുൻകൈയെടുക്കും. മാതൃസ്ഥാനീയരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കും.

ആയില്യം: രാഷ്ട്രീയ സാമൂഹിക പ്രവർത്തകർക്ക് നേട്ടങ്ങൾ ഉണ്ടാകും. ഉദ്യോഗാർഥികൾക്ക് ജോലി സാധ്യത വർധിക്കും. ധനാഗമം വർധിക്കും. വിശേഷ പുണ്യസ്ഥല സന്ദർശനത്തിന് ഭാഗ്യമുണ്ട്. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് ഫല പ്രാപ്തി കൈവരും. ഭവന നിർമാണം വേഗത്തിൽ പൂർത്തിയാക്കും. മത്സരരംഗത്ത് കരുത്ത് കാട്ടും. പ്രഫഷണൽ കോഴ്സിന് അഡ്മിഷൻ തരപ്പെടുത്തും.

മകം: സന്താനങ്ങൾക്ക് ഉയർച്ചയുണ്ടാകും. ഭൂമി, വാഹനലാഭം ഇവ കാണുന്നു. യുക്തി സഹജമായി ചിന്തിച്ചു പ്രവർത്തിക്കുന്നതു കൊണ്ട് വിജയം സുനിശ്ചിതമാകും. ദാമ്പത്യസുഖവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. ശത്രുക്കളുടെ കുതന്ത്രങ്ങൾ കരുതിയിരിക്കുക. വ്യവസായ മേഖലയിൽ വ്യക്തിഗത നേട്ടമുണ്ടാകും. ഭൂമി ഇടപാടിൽ വൻ നേട്ടമുണ്ടാകും.

പൂരം: പല മാർഗങ്ങളിലൂടെ ധനം സമ്പാദിക്കും. എങ്കിലും കരുതലോടു കൂടി മാത്രമെ ധനം ചെലവാക്കാൻ പാടുള്ളൂ. ദൈവിക കാര്യങ്ങളിൽ താല്‍പര്യം, സന്താന സുഖം എന്നിവയുണ്ടാകും. സത്കർമങ്ങളാലും വാക്സാമർഥ്യത്താലും മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും. മുറിവ്, ചതവ് വരാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക

ഉത്രം: വിദ്യാർഥികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാനും വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അതിനു തക്ക ഉദ്യോഗം കിട്ടാനും യോഗമുണ്ട്. തനിക്കോ കുടുംബത്തിനോ നല്ല വിവാഹബന്ധം ലഭിക്കുകയും അതുവഴി ബന്ധുബലം വർധിക്കുകയും ചെയ്യും. വീണ്ടു വിചാരമില്ലാതെ ഒന്നും ചെയ്യരുത് അത് പല അനർഥങ്ങളും വരുത്തി വെക്കും.

അത്തം: ധനലാഭമുണ്ടാകുമെങ്കിലും അമിതവ്യയം വരാതിരിക്കാൻ ശ്രദ്ധിക്കണം. അലച്ചിൽ, യാത്രാക്ലേശം ഇവയ്ക്ക് സാധ്യത. പ്രാർഥനയിലൂടെയും വിട്ടുവീഴ്ചകളിലൂടെയും കുടുംബ ജീവിതം സമാധാനപരമാകും. സുഹൃത്ത് ബന്ധങ്ങളിൽ വിള്ളൽ വരാതെ ശ്രദ്ധിക്കണം. വിവാഹാലോചനകൾ വഴുതി മാറും. ആരോഗ്യശ്രദ്ധ വേണം.

ചിത്തിര: ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ അപ്രതീക്ഷിതമായ പല തടസ്സങ്ങളും ഉണ്ടാകും. വ്യാപാര രംഗത്ത് ലാഭമുണ്ടാക്കുവാൻ കഠിനപ്രയത്നം വേണ്ടി വരും. അന്യരിൽ അമിതവിശ്വാസം നന്നല്ല. ധനനഷ്ടത്തിന് ഇടയുള്ളതിനാൽ സാമ്പത്തിക ക്രയവിക്രയങ്ങളിൽ ശ്രദ്ധ ചെലുത്തണം. കുടുംബകാര്യങ്ങളിൽ അഭിപ്രായ ഏകീകരണത്തിന് മുൻകൈ എടുക്കും.

ചോതി: നിസ്സാര കാര്യത്തെച്ചൊല്ലി കലഹിക്കേണ്ടതായോ അധികം സംസാരിക്കേണ്ടതായോ വരാം. ദുർവാശി കുടുംബത്തിൽ കലഹങ്ങൾക്ക് കാരണമാകുമെന്നതിനാൽ അത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഔദ്യാഗിക രംഗത്ത് ശത്രുക്കൾ വർധിക്കും. ബന്ധുമിത്രാദികളുടെ അകൽച്ച മനസ്സിനെ അസ്വസ്ഥമാക്കും. ഇടയ്ക്കിടെ ഉണ്ടാകുന്ന ശാരീരിക അനാരോഗ്യം മാനസിക അസ്വസ്ഥതയ്ക്ക് കാരണമാകും.

വിശാഖം: കഠിനാധ്വാനത്തിലൂടെ നഷ്ടപ്പെട്ടത് വീണ്ടെടുക്കാൻ സാധിക്കും. സ്ഥലം സ്വന്തമാക്കുന്നതിന് കുറച്ച് കാലതാമസം വരും. പരദൂക്ഷണം പറയാനുള്ള പ്രവണതയെ നിയന്ത്രിക്കണം. വാഹനം, യന്ത്രങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നവർ അശ്രദ്ധ ഒഴിവാക്കണം. മറവി മൂലം പണമോ വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കണം.

അനിഴം: വ്യാപാരത്തിൽ ചെറിയനഷ്ടം നേരിടും. കാർഷിക വിളകൾക്ക് നാശമുണ്ടാകും. വാഗ്ദാനം പാലിക്കാൻ ശ്രദ്ധിച്ചില്ലെന്നു വരും. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. കുടുംബ സുഖം നിലനിർത്തുന്നതിന് പ്രത്യേക ശ്രദ്ധയും സംയമനവും ആവശ്യമാണ്. ദൂരയാത്രകൾ കഴിവതും കുറയ്ക്കണം.

തൃക്കേട്ട: എല്ലാ കാര്യത്തിലും ചെറിയ പ്രയാസങ്ങൾ ഉണ്ടായേക്കാം. വിദ്യാതടസ്സം വരാം. ഗൃഹാന്തരീക്ഷം അത്ര ശോഭനമാകില്ല. ആരുടെ കാര്യത്തിലും മധ്യസ്ഥതയ്ക്ക് പോകരുത്. പണമിടപാടുകളുമായി ബന്ധപ്പെട്ട് ചതിവ് സംഭവിക്കാനിടയുള്ളതിനാൽ ശ്രദ്ധിക്കണം.ആരോഗ്യ ശ്രദ്ധ വേണം.

മൂലം: ചില സുപ്രധാന കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. കടബാധ്യതകൾ കൊടുത്തു തീർക്കും. സാമൂഹിക പ്രവർത്തന രംഗത്തുള്ളവർക്ക് നേട്ടങ്ങൾ പ്രതീക്ഷിക്കാം. നിയമരംഗത്തുള്ളവർക്കും പ്രശസ്തി വർധിക്കും. വിവാഹ സംബന്ധമായ തടസ്സങ്ങൾ അകലും. വിദ്വൽസദസ്സുകളിൽ പങ്കുചേരും.

പൂരാടം: സർക്കാരിൽ നിന്നും ലഭിക്കാനിടയുള്ള ആനുകൂല്യങ്ങൾ വേഗം ലഭിക്കും. കർമരംഗത്ത് പുരോഗതി ഉണ്ടാകും. സുഹൃദ് ബന്ധങ്ങൾ വർധിക്കും. ഔദ്യോഗികരംഗത്ത് മേലുദ്യോഗസ്ഥരുടെ ആനുകൂല്യങ്ങളും അംഗീകാരവും ലഭിക്കും. വിവാഹ വിഷയത്തിൽ അനുകൂല സാഹചര്യം വന്നു ചേരും.

ഉത്രാടം: സർക്കാരുമായുള്ള ഇടപാടുകളിൽ തടസ്സം നേരിടുമെങ്കിലും കാര്യസാധ്യം ഉണ്ടാകും. ആഡംബര ചെലവുകൾ വർധിക്കും. വിവാഹമോചനക്കേസ്സുകൾ ഒത്തുതീർപ്പിനായി ശ്രമിക്കാം. ഉമാമഹേശ്വര പ്രീതി നേടുന്നത് നല്ലത്. സാമ്പത്തിക വിഷമങ്ങൾ മൂലം ചെറിയൊരു കാലയളവിൽ മനസ്സ് അസ്വസ്ഥമാകും.

തിരുവോണം: അലസതയും മടിയും വർധിക്കാതെ നോക്കണം. ഭാര്യയ്ക്കും ഭർത്താവിനും രോഗാരിഷ്ടതകൾ കൊണ്ട് കുറച്ച് ക്ലേശങ്ങൾ ഉണ്ടാകുമെങ്കിലും വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. ബന്ധുജനങ്ങളുടെ സഹായം ഉണ്ടാകും. ചില നല്ല അവസരങ്ങൾ പൂർണമായും പ്രയോജനപ്പെടുത്താൻ കഴിയില്ല. പുണ്യസ്ഥല സന്ദർശനത്തിന് അവസരം ലഭിക്കും.

അവിട്ടം: വീട്ടിൽ സമാധാനം ലഭിക്കുമെങ്കിലും മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കും. സ്നേഹിതരുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു തീർക്കാനിടവരും. മറ്റുള്ളവരുടെ തർക്കങ്ങളിൽ ഇടപെടരുത്. പൊതുമുതൽ കൈകാര്യം ചെയ്യുന്നവർ കൂടുതൽ ശ്രദ്ധിക്കണം. വായു കോപം ഉണ്ടാകാൻ ഇടയുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ ശ്രദ്ധ വേണം.

ചതയം: ധനാഗമം വർധിക്കുന്നതോടൊപ്പം ചെലവുകളും കൂടുതലാകും. സന്താനങ്ങളുടെ കാര്യത്തിൽ ശ്രദ്ധ വേണം. പനി, നീർക്കെട്ട് ഇവ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം തർക്കവിഷയത്തിൽ അഭിപ്രായം പറയരുത് മധ്യസ്ഥതയ്ക്കും പോകരുത്.

പൂരുരുട്ടാതി: പ്രധാനപ്പെട്ട തീരുമാനങ്ങളിൽ അറിവുള്ളവരോട് അഭിപ്രായം ആരായുന്നത് ഗുണം ചെയ്യും. അനാവശ്യ വാഗ്ദാനങ്ങളിൽ ഏർപ്പെട്ടോ സത്യാവസ്ഥ പൂർണമായി ബോധ്യപ്പെടാതെ പ്രതികരിച്ചോ ദോഷാനുഭവങ്ങൾക്കിടയുള്ളതിനാൽ അവ ഒഴിവാക്കണം.
നേത്രരോഗം പ്രത്യേകം ശ്രദ്ധിക്കണം. ഭാര്യാഭർത്തൃ കലഹം വരാതെ നോക്കണം. പ്രാർഥന ജപം നന്നായി ചെയ്യുക.

ഉത്തൃട്ടാതി: ബന്ധുക്കളിൽ നിന്ന് മെച്ചപ്പെട്ട സഹകരണവും സഹായങ്ങളും ലഭിക്കും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേടങ്ങൾ ഇടയ്ക്കിടെ ഉണ്ടാകും. കലാരംഗത്ത് ക്രിയാത്മക ശേഷി പ്രകടമാക്കാനുള്ള അവസരം ലഭിക്കും. സന്താനങ്ങൾക്ക് സന്തോഷാനുഭവങ്ങളും മത്സരപ്പരീക്ഷ വിജയവും ഉണ്ടാകും. ഉദരസംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. യാത്രാ വേളകൾ ശ്രദ്ധിക്കണം.

രേവതി: കർമരംഗത്ത് പുരോഗതി ഉണ്ടാകും. സഹപ്രവർത്തകരിൽ നിന്നും സഹകരണം ഉണ്ടാകും. ഭൂമി സംബന്ധമായ കേസുകൾ അനുകൂലമാകും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. ദീർഘകാലമായി വേർപിരിഞ്ഞ ദമ്പതികൾക്ക് വീണ്ടും ഒന്നിച്ചു ചേരാൻ അനുകൂല സമയം. ദൈവിക കാര്യങ്ങളിൽ താൽപര്യം വർധിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കും.

ജ്യോതിഷി പ്രഭാസീന സി.പി
ഹരിശ്രീ
പി ഒ മമ്പറം
വഴി: പിണറായി
കണ്ണൂർ ജില്ല
ഫോ: 9961442256
Email ID : prabhaseenacp@gmail.com

English Summary:

Edavam monthly horoscope provides predictions for all 27 nakshatras. This detailed astrology forecast includes insights into career, relationships, and health for the month.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com