അസുലഭ നേട്ടങ്ങളുടെ കാലം; വ്യാഴമാറ്റം അനുകൂലമാകുന്ന 7 രാശിക്കാർ, സമ്പൂർണ സൂര്യരാശിഫലം

Mail This Article
എല്ലാ ഗ്രഹങ്ങളും രാശി മാറിക്കൊണ്ടേയിരിക്കുന്നു. എന്നാൽ വ്യാഴവും ശനിയും രാശി മാറുമ്പോഴാണ് കൂടുതലായി അത് പലരും ശ്രദ്ധിക്കുന്നത്. വ്യാഴത്തെ കൊണ്ടാണ് ദൈവാധീനം ചിന്തിക്കുന്നത്. ഒരു രാശിയിൽ സാധാരണ ഒരു വർഷമാണ് വ്യാഴം നിൽക്കുന്നത്. ശനി രണ്ടര വർഷമാണ് ഒരു രാശിയിൽ സഞ്ചരിക്കുന്നത്. വ്യാഴം എട്ടിലൂടെ സഞ്ചരിക്കുന്ന കാലത്തെ കഷ്ടകാലം, കാലക്കേട് എന്നെല്ലാം പറയും. വ്യാഴം പതിനൊന്നാം ഭാവത്തിൽ സഞ്ചരിക്കുന്ന കാലമാണ് സർവാഭീഷ്ടങ്ങളും സാധിക്കുന്നത്. ഈശ്വരാധീനം ഉണ്ടെങ്കിൽ ഏതു പ്രതിസന്ധിയും നമുക്ക് തരണം ചെയ്തു പോകാൻ സാധിക്കും. മറിച്ച് ആയാൽ എല്ലാകാര്യത്തിനും പലവിധ ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. സാമ്പത്തിക ക്ലേശങ്ങളും വ്യാഴം അനുകൂലമല്ലാത്ത കാലത്താണ് അധികം ഉണ്ടാവുക.
സന്താനഭാഗ്യവും വ്യാഴം അനുകൂലമാകുന്ന കാലത്താണ് സംഭവിക്കുക. ജാതകത്തിലെ ഗ്രഹനില ഇപ്പോൾ നടക്കുന്ന ദശാകാലം എന്നിവയുടെ അടിസ്ഥാനത്തിൽ ചാരവശാൽ ഉള്ള ഫലങ്ങൾക്ക് ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം. വ്യാഴം മോശം രാശിയിൽ സഞ്ചരിക്കുന്നവർ വ്യാഴാഴ്ച വ്രതം എടുക്കുകയും വിഷ്ണു സഹസ്രനാമം ജപിക്കുകയും നവഗ്രഹ പ്രതിഷ്ഠയുള്ളിടത്ത് വ്യാഴ ഗ്രഹത്തിന് അർച്ചന നടത്തുന്നതും വിഷ്ണു ക്ഷേത്രങ്ങളിൽ യഥാശക്തി വഴിപാടുകൾ നടത്തുന്നതും പരിഹാരമാണ്. ശൈവ സങ്കല്‍പത്തിൽ വ്യാഴത്തെ ദക്ഷിണാമൂർത്തിയായാണ് കണക്കാക്കുന്നത്. അതിനാൽ ദക്ഷിണാമൂർത്തി ക്ഷേത്രങ്ങളിലും വഴിപാടുകൾ നടത്തുന്നത് വ്യാഴ ദോഷത്തിന് പരിഹാരമാണ്.
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): സാമ്പത്തിക ക്ലേശങ്ങൾ ഉണ്ടാകും. പല കാര്യങ്ങളും നടത്താൻ ഒരുപാട് പ്രാവശ്യം പരിശ്രമിക്കേണ്ടതായി വരാം. വീട് സ്വന്തമാക്കാൻ സാധിക്കും. തീർഥയാത്ര നടത്തും. ചിലർക്ക് വാഹനത്തിന് യോഗം തെളിയും. കുടുംബജീവിതം സമാധാനം നിറഞ്ഞതാവും. മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി വെണ്ണ നിവേദ്യം, തുളസി മാല, പാൽപ്പായസം എന്നീ വഴിപാടുകൾ നടത്തുക.
ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ): വർഷാരംഭം സാമ്പത്തിക നേട്ടവും പഠന പുരോഗതിയും ഉന്നത വിജയവും നൽകും. പ്രവർത്തന രംഗത്ത് പലവിധ ക്ലേശങ്ങളും അനുഭവിക്കേണ്ടി വരും. ലേഖകന്മാർക്കും സാഹിത്യകാരന്മാർക്കും നേട്ടങ്ങൾ ഉണ്ടാകും. ചില ഭാഗ്യ അനുഭവങ്ങളും ഉണ്ടാകും. നരസിംഹ സ്വാമി ക്ഷേത്രത്തിൽ പാൽപ്പായസം നിവേദിച്ച് തുളസിമാല ചാർത്തുക.
മിഥുന രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): ജന്മ വ്യാഴം ജന്മശനിയെപ്പോലെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെങ്കിലും രണ്ടിലെ വ്യാഴം സാമ്പത്തിക നേട്ടവും പഠന പുരോഗതിയും നൽകും. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. അവിവാഹിതരുടെ വിവാഹം നടക്കും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ഉണ്ടാകും. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ തൃക്കൈവണ്ണയും പാൽപ്പായസവും കദളിപ്പഴവും സമർപ്പിക്കുക.
കർക്കടക രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): അനാവശ്യചെലവുകൾ വർധിക്കും. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണം. ചിലപ്പോൾ മക്കൾ മൂലം ബുദ്ധിമുട്ടുകളും ഉണ്ടാകാം. തീർഥയാത്രകൾ നടത്താനും യോഗം കാണുന്നു. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കണം. പുതിയ സംരംഭങ്ങൾ ഒന്നും തുടങ്ങരുത്. മഹാവിഷ്ണുവിന് മഞ്ഞപ്പട്ടും തുളസിമാലയും ചാർത്തുക. പാൽപ്പായസം നിവേദിക്കുക.
ചിങ്ങ രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): സർവാഭീഷ്ടങ്ങളും നേടാൻ സാധിക്കുന്ന ഒരു കാലമാണിത്. ഏറെ വർഷമായി ശ്രമിക്കുന്ന കാര്യങ്ങൾ സഫലമാകും. സാമ്പത്തികമായും തൊഴിൽപരമായും പുരോഗതി നേടും. ഇടയ്ക്ക് കുറച്ചു അധിക ചെലവുകൾ വരാം. പങ്കാളിയുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. നരസിംഹസ്വാമി ക്ഷേത്രത്തിൽ വേണ്ണ നിവേദ്യവും പാൽപ്പായസവും സമർപ്പിക്കുക.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): തൊഴിൽ രംഗത്ത് ബുദ്ധിമുട്ടുകൾക്ക് സാധ്യത കാണുന്നു. പിന്നീട് വലിയ നേട്ടങ്ങൾ ഉണ്ടാകും. വരുമാനം നല്ല രീതിയിൽ വർധിക്കും. പുതിയ ബിസിനസ് തുടങ്ങാൻ സാധിക്കും. ഒരു പാട് കാലമായി നടക്കാത്ത ചില കാര്യങ്ങളും നടക്കും. ചിലർക്ക് ദൂരെ ദിക്കിലേക്ക് സ്ഥലംമാറ്റം ഉണ്ടാകും. വെങ്കിടാചലപതി ഭഗവാന് പാൽപ്പായസം നിവേദിക്കുക.
തുലാം രാശി (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെ): പലവിധ ഭാഗ്യാനുഭവങ്ങളും പ്രതീക്ഷിക്കാം. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം ഉണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും. മുടങ്ങിക്കിടന്ന പലകാര്യങ്ങളും പൂർത്തിയാക്കാൻ സാധിക്കും. പുതിയ ജോലിയിൽ പ്രവേശിക്കും. ബിസിനസിൽ അഭിവൃദ്ധി ഉണ്ടാവും. പുണ്യകർമങ്ങൾ അനുഷ്ഠിക്കും. തൊഴിൽ രംഗത്ത് ചില ബുദ്ധിമുട്ടുകൾ പ്രതീക്ഷിക്കാം. ശ്രീകൃഷ്ണന് മഞ്ഞപ്പട്ട് ചാർത്തുക. വെണ്ണ നിവേദിക്കുക.
വൃശ്ചികം രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): നല്ലതും ചീത്തയുമായ ഫലങ്ങൾ പ്രതീക്ഷിക്കേണ്ട വർഷമാണിത്. തുടക്കത്തിൽ പലവിധ തടസ്സങ്ങളും സാമ്പത്തിക ക്ലേശങ്ങളും ഉണ്ടാവുമെങ്കിലും പിന്നീട് വരുമാന വർധനവും ഭാഗ്യവും ഉണ്ടാകും. അപകട സാധ്യതകളും നേരിടേണ്ടി വരാം. മറ്റുള്ളവർക്ക് ജാമ്യം നിൽക്കാനുള്ള സാഹചര്യം ഒഴിവാക്കുക. മഹാവിഷ്ണുവിന് പാൽപ്പായസം നിവേദിക്കുക.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): സുഹൃത്തുക്കളെ കൊണ്ടു നേട്ടം ഉണ്ടാകും. പാർണർഷിപ്പ് ബിസിനസ് ലാഭകരമാകും. അവിവാഹിതരുടെ വിവാഹം നടക്കും. ചിലർക്ക് പുതിയ ജോലിയിൽ പ്രവേശിക്കാൻ കഴിയും. മുൻകാല പ്രാബല്യത്തോടെ ശമ്പളം വർധിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. എതിരാളികളെ വശത്താക്കാൻ കഴിയും. ശ്രീകൃഷ്ണന് വെണ്ണ നിവേദ്യവും കദളിപ്പഴവും സമർപ്പിക്കുക.
മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): വ്യാഴം നല്ലതും ചീത്തയുമായ ഫലങ്ങൾ ആവും നൽകുക. പല കാര്യങ്ങൾക്കും വേണ്ടി തുടക്കത്തിൽ ഒരു പാട് പ്രാവശ്യം പരിശ്രമിക്കേണ്ടി വരും. എന്നാൽ പിന്നീട് കാര്യങ്ങൾ അനുകൂലമായി മാറും. അവിവാഹിതരുടെ വിവാഹം നടക്കും. തർക്കങ്ങളും കലഹങ്ങളും ഉണ്ടാകാം. ആരോഗ്യകാര്യത്തിലും ശ്രദ്ധിക്കണം. മഹാവിഷ്ണുവിന് പാൽപ്പായസം നിവേദിക്കുക.
കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): സാമ്പത്തിക നേട്ടവും സ്ഥാനക്കയറ്റവും സന്താനഭാഗ്യവും പ്രതീക്ഷിക്കാം. പലകാര്യങ്ങളും മന്ദഗതിയിലാവും. നടക്കാതെ പോയ ചില കാര്യങ്ങളും പരിശ്രമം കൊണ്ട് നേടിയെടുക്കാൻ കഴിയും. പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ശ്രീകൃഷ്ണന് തുളസിമാല ചാർത്തുകയും പാൽപ്പായസം നിവേദിക്കുകയും ചെയ്യുക.
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): സാമ്പത്തിക നേട്ടവും പുതിയ വീടിനുള്ള യോഗവും പ്രതീക്ഷിക്കാം. പുതിയ ജോലിയിൽ പ്രവേശിക്കാൻ കഴിയും. ഈ വർഷം മുഴുവൻ ഗുണകരമാണ്. ചിലർക്ക് ആഗ്രഹിച്ച വാഹനം സ്വന്തമാക്കാനും കഴിയും. സന്താന ഭാഗ്യത്തിനും സാധ്യത കാണുന്നു. മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തുകയും പാൽപ്പായസം, വെണ്ണ നിവേദ്യം, തുളസി മാല എന്നിവ ചാർത്തുകയും ചെയ്യുക.