Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനിഴം നക്ഷത്രക്കാരുടെ സ്വഭാവ വിശേഷങ്ങൾ

ജ്യോതിഷം

‘‘മൈത്രേ സുപ്രിയവാക് ധനി സുഖരതഃ പുജ്യോ യശ്ശസ്വീ വിഭുർ’’

അനുരാധ എന്ന സംസ്കൃതനാമം. 17-ാമതു നക്ഷത്രം രാശി ചക്രത്തിൽ 213 ഡിഗ്രി 20 സെ മുതൽ 226 ഡിഗ്രി 40

സെക്കന്‍റ് വരെ വ്യാപിച്ചു കിടക്കുന്നു.

മൃദു മൈത്ര നക്ഷത്രം, സ്ഥിതി നക്ഷത്രം, തിരങ്മുഖനക്ഷത്രം, മന്ദാക്ഷം, സമനക്ഷത്രം, ചതുഷ്പാത്ത് വസിഷ്ഠഗോത്രം. നക്ഷത്രമൃഗം -മാൻ, വൃക്ഷം- ഇലഞ്ഞി, ഗണം- ദേവം, യോനി- സ്ത്രീ, പക്ഷി- കാക്ക,അഗ്നി-ഭൂതം.

നക്ഷത്രദേവത മിത്രനും നക്ഷത്രാധിപൻ ശനിയുമാണ്.ഊൺ നാളാകയാൽ എല്ലാ ശുഭകാര്യങ്ങൾക്കും ഉത്തമം. വിവാഹം, വ്രതാനുഷ്ഠാനം, യാത്ര, ഗൃഹപ്രവേശം, വാഹനം, വിദ്യാരംഭം, ആഭരണധാരണം എല്ലാത്തിനും ഉത്തമം. മധ്യമരജ്ജുവിൽ ഉള്ള നക്ഷത്രമാകയാൽമറ്റു രജ്ജു നക്ഷത്രക്കാരുമായുള്ള വിവാഹം നന്നല്ല. ഈ നക്ഷത്രക്കാർ ദൃഢനിശ്ചയവും, പരിശ്രമവും, ശീഘ്രസ്വഭാവവും, ആദ്ധ്യാത്മികതയും അദ്ധ്വാനിയ്ക്കാനുള്ള ശരീരശക്തിയും ചേർന്നുള്ള വ്യക്തിയും ആയിരിക്കും ഇവരുടേത്.

തന്‍റെ പ്രവർത്തനത്തേയോ ശൈലിയേയോ ആരെങ്കിലും ചോദ്യം ചെയ്താൽ ഇവർക്കും ദേഷ്യം വരും.ഇവർക്ക് ക്ഷോഭം നിയന്ത്രിക്കുവാനുള്ള കഴിവ് കുറവാണ്. ശത്രുക്കളോടും തനിക്കു പാരപണിയുന്നവരോടു കാത്തിരുന്നു പകരം വീട്ടും. കർമ്മനിരതരായിക്കുന്ന ഇവർക്ക് പലപ്പോഴും പ്രയത്നത്തിനു തക്ക പ്രതിഫലം കിട്ടിയെന്നുവരില്ല. പക്ഷെ ഇവർക്കുനിരാശ ഉണ്ടാകാറില്ല. വിദേശയാത്രയും അവിടെതാമസിക്കാനും ഇടയാകും. മാതാപിതാക്കൾ, സഹോദരങ്ങൾ ഇവരുമായി മാനസിക അടുപ്പം കുറവായിരിക്കും. പക്ഷെ കുടുംജീവിതം സന്തോഷകരമായിരിക്കും. മനസ്സിനിണങ്ങിയ ജീവിത പങ്കാളിയേയും സത് സ്വഭാവികളായ സന്താനങ്ങളും ഉണ്ടാകും.സ്വപരിശ്രമത്താൽ ധനം നേടുകയും സുഖജീവിതം നയിക്കുകയും ചെയ്യും.

ബാല്യത്തിൽ കുടുംബത്തിൽ ക്ലേശകരമായ സാഹചര്യം ഉണ്ടായെന്നു വരും. ഇതിന്‍റെ ആഘാതം ഇവരെ പ്രതികാര ചിന്തയുള്ളവരാക്കിമാറ്റും. കുടുംബാംഗങ്ങളോടോ, സമൂഹത്തിലോ, അതു പ്രതിഫലിക്കും. രാശിയുടെ പ്രതീകമായ തേൾ സ്വയം കുത്തി നശിക്കുന്നതുപോലെ ഇവരും സ്വന്തം പ്രവർത്തനത്താൽ നാശമുണ്ടാക്കാറുണ്ട്. ഈ നക്ഷത്രക്കാർക്ക് ആകുലതചിന്തകൾ കൂടിയിരിക്കും. എപ്പോഴും മുഖം ഗൗരവഭാവമായിരിക്കും. ഒരു കാര്യവും നിസ്സാരമായി കാണുകയില്ല. നിർബന്ധബുദ്ധി കൂടിയിരിക്കും. ശാസ്ത്രത്തിലും സാങ്കേതികവിദ്യകളിലും ഇവർക്ക് താല്പര്യം ഏറിയിരിക്കും.

മറ്റുള്ളവർ തന്‍റെ കഴിവിനെ അംഗീകരിക്കുന്നതും ബഹുമാനിക്കുന്നതും ഇവർക്ക് സന്തോഷമുള്ള കാര്യമാണ്. എത്ര കഷ്ടപ്പെട്ടും ധനം സമ്പാദിക്കും. കാരണം പണം അധികാര പ്രാപ്തിക്കുള്ള എളുപ്പവഴിയായി കണക്കാക്കുന്നു. തടസ്സങ്ങൾ ഏറുന്നതനുസരിച്ച് വളരെ ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ ഏർപ്പെടും. എതിർപ്പുകൾക്ക് കീഴടങ്ങാതെ അവസാനം വരെ പൊരുതുന്ന സ്വഭാവമാണിവർക്കുള്ളത്. വ്യവസായം, കൃഷി, വ്യാപാരം തുടങ്ങിയ മേഖല ഈ നക്ഷത്രജാതർക്ക് പ്രിയമുള്ളതായിരിക്കും. ഉയർന്ന നിലയിലുള്ളവരുടെ സാഹൃദവും സഹകരണവും ഇവർ നേടിയെടുക്കും. പക്ഷെ സ്വജനങ്ങളിൽനിന്നും കാര്യമായ സഹകരണം കിട്ടിയെന്നു വരില്ല. ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധക്കുറവുണ്ടാകും. എങ്കിലും ആരോഗ്യം മെച്ചമായിരിക്കും. ദിനചര്യയ്ക്ക് കൃത്യതയുണ്ടാവുകയില്ല. ഔഷധം സേവിക്കുവാനോ, പഥ്യം നോക്കാനോ ഇവർക്കു താല്പര്യമില്ല. ശ്വാസകോശ രോഗങ്ങൾ ശിരോരോഗങ്ങൾ മൂത്രാശയ സംബന്ധമായ രോഗങ്ങൾ ഇവയ്ക്കു സാധ്യതയുണ്ട്.

ബാല്യത്തിൽ ശ്വാസകോശ രോഗസാധ്യതയുണ്ട്. 10 വയസ്സിനുശേഷം 27 വയസ്സുവരെ ആരോഗ്യം മെച്ചമായിരിക്കും. ഇക്കാലത്ത് വിദ്യാഭ്യാസം, തൊഴിൽ ലാഭം ഇവയുണ്ടാകും. 27 മുതൽ 34 വരെയുളള കാലഘട്ടംരോഗപീഡ, മുറിവുചതവുകൾ, അപകടസാധ്യത ഇവയുണ്ടാകും. ബന്ധുക്കളുടെ വിയോഗദുഃഖവും ഇക്കാലത്തുണ്ടാവും. 34 മുതൽ 54 വരെ ഏറ്റവും നല്ലകാലഘട്ടം. അതിനുശേഷം ഗുണദോഷ സമ്മിശ്രകാലഘട്ടമായിരിക്കും. മൂലം, ഉത്രാടം, അവിട്ടം, മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം പ്രതികൂല നക്ഷത്രമാണ്.

ഭരണി വേധ നക്ഷത്രമാണ്. കേതു, സൂര്യൻ, കുജൻ എന്നീ ദശാകാലങ്ങളിൽ വിധിപ്രകാരമുള്ള പരിഹാരങ്ങൾ ചെയ്യേണ്ടതുണ്ട്. പൂയം, അനിഴം, ഉത്തൃട്ടാതി നാളുകൾ ക്ഷേത്രദർശനത്തിനും പൂജാദികൾക്കും ഉത്തമം. ശനിപ്രീതകരമായ കർമ്മങ്ങൾ അനുഷ്ഠിക്കുക. ശാസ്താക്ഷേത്രദർശനവും ഉത്തമം. രാശ്യാധിപനായ കുജനെ പ്രീതിപ്പെടുത്തുക ജാതകത്തിൽ കുജൻ ഓജരാശിയിലെങ്കിൽ സുബ്രഹ്മണ്യനെയും യുഗ്മരാശിയിലായാൽ ഭദ്രകാളി ഭജനവും നടത്തുക.

ഓം മിത്രായ നമഃ എന്നു ജപിക്കുന്നത് ഉത്തമം.

ലേഖനം തയ്യാറാക്കിയത്

ഗീതക്കുട്ടി

ലക്ഷ്മീനാരായണ കൊടുങ്ങൂർ

9656132213

sreelakshminarayanaastro@gmail.com

Your Rating: