Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനിഴം നക്ഷത്രക്കാർ സ്നേഹമുള്ളവർ

ജ്യോതിഷം

നല്ല മുഖകാന്തിയും തിളക്കമുള്ള കണ്ണുകളും ഇവർക്കുണ്ട്. ചിലരിൽ ദുഷ്ടസ്വഭാവവും തെളിയുന്ന മുഖഭാവം കാണാം. ചിലർക്ക് ധാരാളം  ബാധ്യതകളും നേരിടേണ്ടതായി വരാം, എന്നാലും ഏതു വിധ പ്രശ്നങ്ങളും വളരെയധികം ബുദ്ധിമുട്ടിയാലും ചിട്ടയായി തന്നെ ഇവർ കൈകാര്യം ചെയ്യുന്നവരാണ്. എപ്പോഴും ഇവരുടെ മുഖം മോഹഭംഗം സംഭവിച്ചപോലായിരിക്കും തോന്നുക. പല പരിപാടികളിലും ഇവർക്ക് പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു എന്നതാണ് ഇവരുടെ പ്രധാന പ്രശ്നം. എന്നാലും സഹജീവികളോട് വിരോധം കാണിക്കാറില്ല. നിസ്സാരകാര്യങ്ങൾ പോലും ഇവരുടെ മനശ്ശക്തി നശിപ്പിക്കുന്നു. ഇതവർ എല്ലാവരോടും പറഞ്ഞു നടക്കുകയും ചെയ്യും. അവസരം നോക്കി പക പോക്കുന്നവരാണിവർ. ദൃഢ നിശ്ചയക്കാരും പരിശ്രമികളുമാണിവർ. ഏർപ്പെടുന്ന ജോലി ശരിയായി പര്യവസാനിപ്പിക്കുമെങ്കിലും ഒരു തരത്തിലല്ലേൽ മറ്റൊരു തരത്തിൽ തടസ്സങ്ങൾ നേരിടേണ്ടി വരും. ബിസിനസ്സിലും ഉദ്യോഗത്തിലും ഇവർക്ക് നന്നായി ശോഭിക്കാൻ കഴിയും. മേലധികാരികൾ ഇവരെ ഇഷ്ടപ്പെടുന്നു. പ്രവർത്തിയുടെ പൂർണ്ണ ഫലം ഒരിക്കലും ഇവർക്ക് ലഭിക്കുകയില്ല. ഇവരുടെ ശുദ്ധഗതിയും ആവേശവുമാണിതിനു കാരണം. ഈശ്വരഭക്തരായ ഇവർ വാക്കു തർക്കത്തിനൊന്നും പോകാതെ ശാന്തരായി ജീവിക്കാനാഗ്രഹിക്കുന്നു. ഇവർക്ക് അച്ഛനമ്മമാരിൽ നിന്നോ മറ്റാരിൽ നിന്നോ ഒരു സഹായവും ലഭിക്കുകയില്ല. സ്വന്തം വീടു വിട്ടു പുറത്തു താമസ്സിക്കേണ്ടതായി വരും. ഇവരുടെ ഭാര്യമാർ നല്ലവരും, ഈശ്വരവിശ്വാസികളും കുടുംബിനികളുമായിരിക്കും. സന്താനങ്ങളെ കൊണ്ടും നല്ല ഗുണാനുഭവങ്ങൾ ലഭിക്കും.

18 നും 45 വയസ്സിനുമിടയിൽ പ്രശ്നാധിഷ്ടിത ജീവിതമായിരിക്കും. ഒപ്പം ഗുണദോഷസമ്മിശ്രവുമായിരിക്കും. 45–48 നു ശേഷം സന്തോഷകരമായ ജീവിതമുണ്ടാകും. വിശപ്പും ദാഹവും സഹിക്കുക ബുദ്ധിമുട്ടായിരിക്കും, സഞ്ചാരശീലനുമായിരിക്കും.  വിദേശത്തു താമസിക്കാൻ തല്പരരായിരിക്കും. ബുദ്ധിമാനും കാരുണ്യമുള്ളവനുമാണ്. നക്ഷത്രാധിപൻ ശനിയും രാശ്യാധിപൻ ചൊവ്വയുമായതിനാൽ ഇവ രണ്ടിന്റെയും സ്വഭാവഗുണം ഇവരിലുണ്ടാകും. തന്നെ എതിർക്കുന്നവരേയും തന്റെ കാര്യ ത്തിൽ ഇടപെടുന്നവരെയും തടസ്സങ്ങൾ സൃഷ്ടിക്കുന്നവരെയും ഇവർ കാത്തിരുന്ന് തക്കസമയം പകരം വീട്ടും. ചെറുപ്രായത്തിലെ സമ്പാദ്യ ശീലമുള്ളവരാണിവർ.

കുജനുമായി നല്ല സ്ഥാനത്തായാൽ മരുന്ന്, ബിസിനസ് മേഖലയിൽ ശോഭിക്കും.  സഹോദരങ്ങളിൽ‌ നിന്നും ഒരു സഹായവും ലഭിക്കുകയില്ല. അച്ഛനുമായി കൂടെ കൂടെ ഉരസലുകൾ ഉണ്ടാകാം. സ്വന്തം കുട്ടികളെ സ്നേഹമായും ആദരവായും വളർത്തുന്നതിൽ ഇവർ പ്രഗത്ഭരാണ്. ഇവർക്ക് ആവശ്യമായ എല്ലാ സുഖ സൗകര്യങ്ങളും ഇവർ കുട്ടികൾക്ക് നൽകുന്നു. അതുകാരണം ഇവരുടെ കുട്ടികൾ അത്യുന്നതങ്ങളിൽ എത്തുകയും ചെയ്യും. ദീർഘ സൗഹൃദം ഇവർ ആരുമായും വയ്ക്കാറില്ല. ലഹരിയിൽ അടിമപ്പെടുന്നവരാണിവർ. ശാസ്ത്രത്തിലും വേദാന്തത്തിലും സാങ്കേതിക വിദ്യയിലും ആയിരിക്കും കൂടുതൽ താൽപര്യം.

അനിഴം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ


സ്ത്രീകൾ സ്നേഹിതർ കൂടുതലുള്ളവരായിരിക്കും. ആഭരണവും ആഢംബരവും ഇഷ്ടപ്പെടുന്നവരായിരിക്കും. ഗുരുക്കന്മാരിലും ഭർത്താവിലും ഭക്തിയുള്ളവരുമാണ്. സ്വഭാവ ശുദ്ധിയുള്ളവരും ബുദ്ധിമതികളുമായിരിക്കും. ഭർത്താവിന്റെ ശക്തിയും സ്നേഹവുമിവരാണെന്നാണ് പറയുന്നത്. കുലത്തിന്റെ  അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിച്ച് ബന്ധു പ്രീതിയോടെ മാതൃകാപരമായ ജീവിതം നയിക്കാൻ ഇവർക്കു കഴിയും. അധികാരശക്തിക്ക് വേണ്ടി സ്വന്തം സ്ഥാനത്തെപ്പോലും തെറ്റായി ദുരുപയോഗം ചെയ്യുന്നവരാണിവർ. എതിർപ്പിനു കീഴടങ്ങാത്തവരാണിവർ അന്തസും ആത്മാഭിമാനവും കൂടിയവരാണിവർ. ചിലർ പ്രേമത്തിൽ താല്പര്യമുള്ളവരായിരിക്കും. പിണങ്ങിയാൽ ഇണങ്ങാത്തവരും സ്വാർത്ഥരുമാണിവർ, നീതിക്കും ന്യായത്തിനും നിരക്കാത്തത് ചിലപ്പോൾ ഇവർ പ്രവർത്തിക്കും. മറ്റുള്ളവരുമായി തുറന്ന്  ഇടപെടാറില്ല. അധികാരമോഹികളായിരിക്കും. എതിർപ്പിന് കീഴടങ്ങില്ല. പുരുഷന്മാർ ഇവരിൽ ആകൃഷ്ടരാകാറുണ്ട്. സാമൂഹിക ജീവിതത്തിലും രാഷ്ട്രീയത്തിലും ഇവർ ശോഭിക്കും. മൂത്തവരെ ബഹുമാനിക്കുന്നവരാണിവർ. കലയിലും പാട്ടിലും താല്പര്യമുള്ള വരായിരിക്കും. പാട്ടിലും ഡാൻസിലും ഉയർന്ന സർട്ടിഫിക്കറ്റുകൾ ലഭിക്കും. ആദർശവാദികളായ അമ്മമാരെ ഇവരിൽ കാണാം. ഭർതൃഗൃഹത്തിൽ ഇവർക്ക് ഉയർന്ന സ്ഥാനമാനങ്ങൾ ലഭിക്കുന്നതാണ്.

വിദ്യാഭ്യാസം– ബാല്യകാല ദശകൾ മോശമായിരിക്കും, ആയതിനാൽ രക്ഷിതാക്കളും, അധ്യാപകരും പഠിതാക്കളും ശ്രദ്ധിക്കേണ്ടതാണ്.

തൊഴിൽ– ആശുപത്രി, കൂലിവേല, എണ്ണ, പാൽ വ്യാപാരം, ജഡ്ജി, അദ്ധ്യാപകൻ, ബസുമായി ബന്ധപ്പെട്ടവ, ഹെൽത്ത് ഇൻസ്പെക്ടർ, ഹൗസ് കീപ്പിംഗ്, ഹോട്ടൽ വ്യവസായം, തുന്നൽ, കയറ്റിറക്കുമതി, ബ്യൂട്ടി പാർലർ, ശുചീകരണ പ്രവർത്തനം തദ്ദേശ സ്വയംഭരണ വകുപ്പ് സർക്കാർ സേവനം, ഫിഷ് വ്യാപാരം, കെട്ടിട നിർമ്മാണ വ്യാപാരം, സ്വകാര്യ ഫാക്ടറി, ആധാരം എഴുത്ത്, മെഡിക്കൽ സ്റ്റോർ, ഗവേഷണം, ശസ്ത്രക്രിയ വിദഗ്ധൻ, ഉപകരണ വിദഗ്ദ്ധൻ, പത്രമാധ്യമം, അഭിനയകല, തുകൽ, കമ്പിളി വ്യവസായം, പെട്രോൾ ഉൽപന്നം, ദന്ത ഡോക്ടർ, ജയിലർ, പ്ലംബർ.

ആരോഗ്യം– ഇടുപ്പെല്ല്, മൂത്രാശയം, ജനനേന്ദ്രിയങ്ങൾ, മലാശയം എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത. മാസമുറ ക്രമമായിരിക്കുകയില്ല, വളരെ വേദന തോന്നും. മലബന്ധം, അർശസ് എന്നിവ വരാം, ഞരമ്പു രോഗങ്ങൾ, രക്ത സംബന്ധ രോഗങ്ങള്‍, രക്ത സമ്മർദ്ദം, കുരുക്കൾ മ‍ജ്ജ രോഗം ഹൃദ്രോഗം, ശിരോരോഗം, ത്വക് രോഗം, നാഡി രോഗം, ബലക്ഷയം, മൂത്രക്കല്ല്, ഉറക്കക്കുറവ്, അപസ്മാരം.

അനുകൂല നക്ഷത്രം– രോഹിണി–7, പുണർതം–7, ആയില്യം–7 മകം–5, ഉത്രം–5, കേട്ട–6, തിരുവോണം–5

പ്രതികൂലം– മൂലം, ഉത്രാടം, അവിട്ടം, പൂരം, അത്തം, ചോതി, അശ്വതി, ഭരണി, കാർത്തിക, തിരുവാതിര.

അനുകൂല ദിവസം– ശനി, തിങ്കൾ, ചൊവ്വ
തീയതി– 8, 17, 26
പ്രതികൂല തീയതി– 5, 4, 23
പ്രതികൂല ദിവസം– ബുധൻ

നിർഭാഗ്യ നിറം– വെള്ള
അനുകൂല നിറം– കടും നീല, ചുമപ്പ്, കറുപ്പ്
നിർഭാഗ്യ മാസം– തുലാം, മിഥുനം
അനുകൂല മാസം– വൃശ്ചികം, മേടം, കന്നി, മകരം
ശുഭ ബന്ധത്തിന് നക്ഷത്രങ്ങൾ – രോഹിണി, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, അനിഴം, തിരുവോണം, ഉതൃട്ടാതി, രേവതി.

നക്ഷത്ര ദേവത– ഹനുമാൻ
ദോഷ ദശകൾ – കേതു, സൂര്യൻ, ബുധൻ

പരിഹാരം– നവഗ്രഹത്തിന് വീട്ടിൽ മൂന്ന് നേരം നെയ് വിളക്ക് കത്തിക്കുക, കാലത്തും വൈകിട്ടും നാമം ജപിക്കുക. മാസത്തിൽ രണ്ട് ദിവസം കടും പായസമോ അരവണയോ വീട്ടിൽ നടത്തുക. കൽക്കണ്ടവും, ഉണക്കമുന്തിരിയും വച്ച് നരസിംഹമൂർത്തിയെയും, ഹനുമാനെയും വീട്ടിലിരുന്ന് മനസ്സിൽ‌ പ്രാർത്ഥിക്കുക.

ലേഖനം തയ്യാറാക്കിയത്
Aruvikkara Sreekandan Nair
KRRA – 24, Neyyasseri Puthen Veedu
Kothalam Road, Kannimel Fort
Trivandrum -695023
Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.