Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത്തം നക്ഷത്രക്കാർ ക്ലേശങ്ങൾ ഉള്ളിലൊതുക്കുന്നവർ

ജ്യോതിഷം

നക്ഷത്രങ്ങളിൽ പതിമൂന്നാമത് നക്ഷത്രം. രാശിചക്രത്തിൽ 160 ഡിഗ്രി മുതൽ 173 ഡിഗ്രി 20 സെക്കന്‍റ് വരെയും വ്യാപിച്ചു
കിടക്കുന്നു. യോനി-സ്ത്രീ, ഗണം- ദേവം, ഭൂതം-അഗ്നി, മൃഗം- പോത്ത്, വൃക്ഷം -അമ്പഴം, പക്ഷി- കാക്ക, ഗോത്രം- പുലഹ.
ചതുഷ്പാത്ത് നക്ഷത്രം സമനക്ഷത്രം തിരങ്മുഖനക്ഷത്രം, ക്ഷിപ്രനക്ഷത്രം. വേധനക്ഷത്രം ചതയമാണ്. അതിനാൽ അത്തം നക്ഷത്ര ജാതന് ചതയം നക്ഷത്രം ഒരു ശുഭകാര്യങ്ങൾക്കും എടുക്കാൻ പാടില്ല. ഊൺ നാളാകയാൽ എല്ലാ ശുഭകാര്യങ്ങൾക്കും നന്ന്. നാമകരണം, വിദ്യാരംഭം, കാതുകുത്ത്, ഉപനയനം, കൃഷിയാരംഭം,വിതയ്ക്കൽ, ഗൃഹപ്രവേശനം, വിവാഹം, സീമന്തം, ഔഷധസേവ ഇവയ്ക്ക് അത്തം സ്വീകാര്യമാണ്. പാദ ദോഷമുള്ള നക്ഷത്രമാണ്. പിതാവ്, മാതുലൻ, താൻ, മാതാവ് എന്ന ക്രമത്തിലാണ്. പലകാര്യങ്ങൾ ഒത്തുവന്നാൽ മാത്രമേ ഇതു സംഭവിക്കുകയുള്ളൂ.

അത്തം നക്ഷത്രക്കാർ പൊതുവേ ശാന്തപ്രകൃതികളും ആരെയും വശീകരിക്കുന്ന പെരുമാറ്റവും ഭാവവും ഉള്ളവരായിരിക്കും. മറ്റുള്ളവർക്ക് ആവുന്നത്ര ഉപകാരം ഇവർ ചെയ്യുമെങ്കിലും സഹായം പറ്റുന്നവർ തന്നെ ഇവർക്ക് ശത്രുവായി വരും. കാരണം രാശ്യാധിപനായ ബുധന്‍റെ മിത്രമാണ് ശനിയെങ്കിലും 6-ാം ഭാവാധിപത്യം ശനിക്കു വന്നതാണ് ഇതിനു കാരണം. ഗൃഹവും പരിസരവും അടുക്കും ചിട്ടയുമായി
സൂക്ഷിക്കുകയും മറ്റുള്ളവരെ ഇതിനു നിർബന്ധിക്കുകയും ചെയ്യും. ഈ നക്ഷത്രക്കാർ പൊതുവേ ശാന്തരാണ്. നല്ല ആത്മനിയന്ത്രണവും ഇവർക്കുണ്ട്. അതിനാൽ ഇന്ദ്രിയസുഖങ്ങൾക്കടിമപ്പെടാതെ ലളിതമായ ജീവിതം നയിക്കും. എത്രതന്നെ ജീവിത ക്ലേശങ്ങളുണ്ടായാലും അത് മുഖത്തു പ്രതിഫലിക്കാതെ സന്തോഷപൂർവ്വം അതുസഹിക്കും. അത്തം നാളുകാരുടെ ജീവിതത്തിൽ ഉയർച്ചയും താഴ്ചയും മാറി മാറി വന്നുകൊണ്ടിരുക്കും. ചില കാലഘട്ടത്തിൽ വലിയ സാമ്പത്തിക നേട്ടങ്ങളും സ്ഥാനമാനങ്ങളും ഉണ്ടാവും. മറ്റൊരവസരത്തിൽ ഇതെല്ലാം
കൈവിട്ടു പോവുകയും ചെയ്യും. അപ്രതീക്ഷിതമായ സന്ദർഭത്തിൽ വലിയ അധഃപതനം ഉണ്ടാകാനും സാധ്യതയുണ്ട്. നക്ഷത്രാധിപനായ ചന്ദ്രന്‍റെ സ്വാധീനമാണ് ഇതിനു കാരണം. ദാമ്പത്യജീവിതം പൊതുവേ സന്തോഷകരമായിരിക്കും. ഇടക്കിടെ ജീവിതപങ്കാളിയുമായി ചില അഭിപ്രായ വ്യത്യാസത്തിനിടയുണ്ട്, പിണക്കം വളരെക്കാലം നീണ്ടുനിൽക്കില്ല. പരസ്പരസ്നേഹവും വിശ്വാസവും ഉള്ളതിനാൽ ഇത്തരം കുഴപ്പങ്ങൾ ഇവർക്ക് വളരെ എളുപ്പത്തിൽ പരിഹരിക്കാനാവും. സന്താനങ്ങൾ ബന്ധുക്കൾ തുടങ്ങിയവരോട് നല്ല ബന്ധം പുലർത്തും. ബുധന്‍റെ രാശിയായതിനാലും ചന്ദ്രന്‍റെ നക്ഷത്രാധിപത്യവും ഇവരെ തത്വശാസ്ത്രം പ്രസംഗിക്കുവാനും മറ്റുള്ളവരെ ഉപദേശിക്കുവാനും പ്രേരിപ്പിക്കും. മറ്റുള്ളവരെ നിരൂപണം ചെയ്യുവാനും കുറ്റങ്ങളും കുറവുകളും കണ്ടെത്താനും സമർത്ഥരാണ്.

അത്തം നക്ഷത്ര ജാതരുടെ ആരോഗ്യം പൊതുവേ മെച്ചമായിരിക്കും. പുഷ്ടിയുള്ള ശരീരവും സൗന്ദര്യവും ഉണ്ടാകും. അത്തം നാളിൽ ജനിച്ച സ്ത്രീകൾ പൊതുവേ സുന്ദരികളും ആകർഷണീയരായ ശരീരവും പെരുമാറ്റരീതിയും ഉള്ളവരായിരിക്കും.

ബാല്യകാലം അത്ര മെച്ചമായിരിക്കുകയില്ല. വിദ്യാഭ്യാസകാലം ഗുണദോഷ സമ്മിശ്രമായിരിക്കും. 30 വയസുവരെ കാര്യമായ നേട്ടങ്ങൾ ഉണ്ടായെന്നു വരികയില്ല. 30 വയസു മുതൽ 40 വരെയുള്ള കാലം തൊഴിൽ ഗുണം, ധനാഭിവൃദ്ധി, മെച്ചമായ ആരോഗ്യം തുടങ്ങിയവ കൊണ്ട് അനുഗ്രഹീതമായിരിക്കും. 46 വയസിനും 63 വയസിനും ഇടയ്ക്കുള്ളകാലം ആരോഗ്യസംബന്ധമായ ദുരിതങ്ങളുണ്ടാകും. പക്ഷെ ഇക്കാലത്ത് ഭൂമി സംബന്ധിയായ നേട്ടങ്ങളുണ്ടാകും. ഗൃഹനിർമ്മാണം, വാഹനം തുടങ്ങിയവക്കു യോഗമുണ്ട്. 65 ന്ശേഷം സാമൂഹികമായ പ്രവർത്തനങ്ങളിലൂടെ അംഗീകാരവും പദവിയും നേടും. ബുധൻ വാഗ്മി ആയതിനാൽ ഇവർക്ക് ഭംഗിയായി സംസാരിക്കേണ്ടുന്ന ഏതു മേഖലയിലും ശോഭിക്കാൻ കഴിയും. ചന്ദ്രന്‍റെ ജലസംബന്ധം വിദേശ സംബന്ധിയായ തൊഴിലിന് സാധ്യത നൽകും. കണക്ക്, എഞ്ചിനിയറിങ്, പോസ്റ്റൽ, പത്രപ്രവർത്തനം, അധ്യാപനം ഇവയിൽ ശോഭിക്കാൻ കഴിയും.

അത്തം നക്ഷത്രക്കാർക്ക് ചോതി, അനിഴം, മൂലം, അശ്വതി, ഭരണി,കാർത്തിക (മേടക്കൂർ) എന്നിവ പ്രതികൂല നക്ഷത്രങ്ങളാണ്.
രാഹു-ശനി- കേതു ദശാകാലങ്ങൾ ഗുണം കുറഞ്ഞുകാണുകയാൽ ഇക്കാലത്ത് വിധിപ്രകാരമുള്ള പരിഹാരങ്ങൾ അനുഷ്ഠിക്കേണ്ടതാണ്. രോഹിണി- അത്തം- തിരുവോണം നക്ഷത്രങ്ങളിൽ ക്ഷേത്ര ദർശനം ഉത്തമം. ചന്ദ്രപ്രീതികരമായ കാര്യങ്ങൾ അനുഷ്ഠിക്കുകയും, ദുർഗ്ഗാദേവിയെ ഭജിക്കുകയും ചെയ്യുന്നതും ഉത്തമമാണ്.പക്ഷബലമുള്ള ചന്ദ്രൻ ജാതകത്തിലുള്ളവർ ദുർഗ്ഗാഭജനവും പക്ഷബലമില്ലാത്ത ചന്ദ്രൻ ജാതകത്തിലുള്ളവർ ഭദ്രകാളിഭജനവും നടത്തുക. രാശ്യാധിപനായ ബുധനെ പ്രീതിപ്പെടുത്തുകയും ശ്രീകൃഷ്ണഭജനവും ഭാഗവതപാരായണവും ഉത്തമഫലങ്ങളെ തരും.

ഓം സവിത്രേ നമഃ എന്നു ജപിക്കുന്നത് ഉത്തമം.

ലേഖനം തയ്യാറാക്കിയത്

ഗീതകുട്ടി
ലക്ഷ്മീനാരായണ കൊടുങ്ങൂർ
9656132213
sreelakshminarayanaastro@gmail.com

Your Rating: