Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവിട്ടം നക്ഷത്രവും ദേവത അഷ്ടവസുക്കളും

avittam

അവിട്ടം നാളിന്റെ ഗണദേവതകളാണ് അഷ്ടവസുക്കൾ. ധ്രുവൻ, സോമൻ, പ്രത്യുഷൻ, പ്രഭാസൻ, അനിലൻ, അനലൻ, അഗ്നി, ആപൻ എന്നീ എട്ടു വസുക്കളും ധർമദേവനു ദക്ഷപുത്രിയായ വസുവിൽ ജനിച്ചവരാണ്. അഷ്ടവസുക്കളെ മഹാഭാരതത്തിലെ ഭീഷ്മരുമായി ബന്ധപ്പെടുത്തുന്ന കഥയുണ്ട്. ഒരിക്കൽ ഇവർ തങ്ങളുടെ ഭാര്യമാരുമൊത്തു വിനോദസഞ്ചാരം ചെയ്യുന്നതിനിടയിൽ വസിഷ്ഠന്റെ ആശ്രമത്തിലെത്തി.

അവരിലൊരു വസുപത്നി ആശ്രമത്തിലെ ഇഷ്ടമൃഗമായ നന്ദിനി എന്ന പശുവിനെക്കണ്ടു സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചു. അതനുസരിച്ച് ഭർത്താവ് പശുവിനെയും കിടാവിനെയും അവിടെ നിന്നു മോഷ്ടിച്ചു കൊണ്ടുപോകുകയും ചെയ്തു. അൽപം കഴിഞ്ഞു പശുവിനെ കാണാത്തതിനാൽ മഹർഷീശ്വരൻ ധ്യാനദൃഷ്ടി കൊണ്ടു മോഷ്ടാവിനെ മനസ്സിലാക്കി. ഈ ധിക്കാരപ്രവൃത്തിയുടെ ഫലമായി വസുക്കൾ മനുഷ്യയോനിയിൽ പിറക്കട്ടെ എന്നു ശപിച്ചു. വിവരം അറിഞ്ഞ് വസുക്കൾ പത്നീസമേതരായി വസിഷ്ഠമുനിയുടെ കാൽക്കൽ വീണു മാപ്പപേക്ഷിച്ചു. വസിഷ്ഠൻ ശാന്തനായി. നിരപരാധികളായ ഏഴു വസുക്കളും ശാപഫലം കുറഞ്ഞ കാലയളവിൽ അനുഭവിക്കാനും നന്ദിനിയെ അപഹരിച്ച ആപൻ എന്ന വസു ദീർഘകാലം മനുഷ്യനായി കഴിയുന്നതിനും ശാപമോക്ഷം കൊടുത്തു. ഇദ്ദേഹമാണു ഭിഷ്മനായി ജനിച്ചത്.

അഷ്ടവസുക്കൾ ഒരുമിച്ചു ശാപവൃത്താന്തത്തെക്കുറിച്ച്‌ ആലോചിച്ചുകൊണ്ടിരുന്ന സമയത്ത് ഗംഗാദേവി അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ഒരു ശാപഫലമായി താൻ ഭൂമിയിൽ സ്ത്രീയായി പിറക്കാൻ പോകുകയാണെന്നും ആ സമയത്ത് തന്റെ ഉദരത്തിൽ അഷ്ടവസുക്കൾ ജനിച്ചു കൊള്ളാനും ഗംഗാദേവി സമ്മതിച്ചു. ഒരിക്കൽ ചന്ദ്രവംശത്തിലെ ശന്തനു മഹാരാജാവ് ഗംഗാതീരത്തു കൂടി വേട്ടയാടി നടന്നപ്പോൾ അതിസുന്ദരിയായ ഒരു സ്ത്രീ (ഗംഗാദേവി) യെ കാണുകയും അവളിൽ അനുരാഗം തോന്നി വിവാഹാഭ്യർഥന നടത്തുകയും ചെയ്തു.

‘‘ ഞാൻ എന്തു പറഞ്ഞാലും എതിർക്കരുത്’ എന്ന വ്യവസ്ഥ പാലിക്കാമെങ്കിൽ ഞാൻ അങ്ങയുടെ ഭാര്യയാകാമെന്നു പറഞ്ഞു. ശന്തനു രാജാവ് അതു സമ്മതിക്കുകയും അവർ വിവാഹിതയാകുകയും ചെയ്തു. അധികം താമസിയാതെ അവർക്ക് ഒരു കുട്ടി ജനിച്ചു. മഹാരാജാവിന്റെ കൺമുമ്പിൽ വച്ച് ഗംഗ അതിനെ ഗംഗാനദിയിലേക്കെറിഞ്ഞു. മുൻവ്യവസ്ഥ അനുസരിച്ചു രാജാവ് നിശ്ശബ്ദനായിരുന്നു. അങ്ങനെ തുടർച്ചയായി ജനിച്ച ഏഴു വസുക്കളെയും ദേവി ജനനസമയത്തു തന്നെ ഗംഗയിലെറിഞ്ഞു. അവർ ഏഴു പേരും വസിഷ്ഠന്റെ ശാപമോക്ഷം അനുസരിച്ചു സ്വർഗത്തിലേക്കുപോയി. എട്ടാമനായ ദ്യോവു ജനിച്ചു അതിനെ ഗംഗയിലെറിയാൻ രാജാവ് അനുവദിച്ചില്ല. വ്യവസ്ഥയിൽ ഭംഗം വന്നതിനാൽ ഗംഗാദേവി ആ പുത്രനെയും കൊണ്ട് അപ്രത്യക്ഷയായി. ആ കുഞ്ഞാണു പിൽക്കാലത്തു ഭീഷ്മർ എന്ന പേരിൽ പ്രസിദ്ധനായത്.

അവിട്ടം ആട്ടിൻതല പോലെയെന്നും അതല്ല ഡ്രം പോലെയെന്നും പറയപ്പെടുന്നു. അവിട്ടം രണ്ടു രാശിയിലായാണു നിൽക്കുന്നത്. ആദ്യപകുതി മകരത്തിലും രണ്ടാം പകുതി കുംഭത്തിലും. അതിനാൽ മകരം രാശിയുടെ രൂപം ആടിന്റെ തലയും മുതലയുടെ അല്ലെങ്കിൽ മത്സ്യത്തിന്റെ ഉടലുമുള്ള പ്രത്യേക മൃഗമായിട്ടാണ് ആചാര്യൻ പറയുന്നത്. അതിൽ മകരത്തിലെ ആട്ടിൻതല വരുന്നത് അവിട്ടത്തിലാണെന്നു വിശ്വസിക്കുന്നു. കൂടാതെ അഷ്ടവസുക്കളുടെ കഥയിലെ ഗംഗാദേവി അഥവാ ഗംഗാനദിയെ വഹിക്കുന്നതു മകരമാണ്. കാരണം ഗംഗാദേവിക്കു മകരവാഹിനിയെന്ന് ഒരു പേരുമുണ്ട്. കൂടാതെ ജലദേവതയായ വരുണനു മകരാശൻ എന്ന പേരുമുണ്ട്. അതിനാൽ മേൽപ്പറഞ്ഞ വസുക്കളുടെ കഥയുമായി വളരെയധികം സാമ്യം ഈ നക്ഷത്രത്തിനു കാണുന്നുണ്ട്. അവിട്ടം അഥവാ ധനിഷ്ഠ എന്ന വാക്കിന്റെ അർഥം പ്രസിദ്ധിയാർജിച്ചത് എന്നാണ്. പല ശുഭമുഹൂർത്തങ്ങൾക്കും ഉത്തമമായ ഊൺനാളാണ് അവിട്ടം. അസുരഗണത്തിൽപ്പെടുന്ന സ്ത്രീനാളായ അവിട്ടത്തിന്റെ നാഥൻ സൗന്ദര്യത്തിന്റെയും സാഹസത്തിന്റെയും ചുറുചുറുക്കിന്റെയും പ്രതികാരത്തിന്റെയും ലൈംഗികതയുടെയും കാരകനായ ചൊവ്വയാണ്. രാശിനാഥനായ ശനി കഠിനപ്രയത്നത്തിന്റെയും വിഷാദത്തിന്റെയും പാരമ്പര്യത്തെയും രോഗങ്ങളെയും സ്ഥിരതയെയും കഠിനമായ അധ്വാനത്തെയും ആത്മീയതയെയും പ്രകൃതിസ്നേഹത്തെയും സൂചിപ്പിക്കുന്നു. അതിനാൽ നേരിയ ഒരു വിഷമം ( അവരുടെ ലക്ഷ്യത്തിലെത്താൻ കഴിയില്ലായെന്ന ഒരു തോന്നൽ അഥവാ പൂർത്തീകരിക്കാൻ കഴിയില്ലായെന്ന സംശയം) എപ്പോഴും ഈ കൂട്ടരെ അലട്ടുന്നതായി കാണാൻ കഴിയും.

അഷ്ടവസുക്കളുടെ ആസ്വാദനരീതിയും അന്യന്റെ മുതലിനോടുള്ള ആഗ്രഹവും ഗംഗാനദിയുടെ വിശാലമനസ്സും കുലീനത്വവും പ്രണയവും (പലപ്പോഴും അതിരു വിടാതിരിക്കാൻ ശ്രദ്ധിക്കണം കാരണം ശനിയുടെ വിഷാദം സംഭവിക്കാം), ചൊവ്വയുടെയും ശനിയുടെയും സ്വഭാവരീതികളും ഉണ്ടാകും. ആരോഗ്യത്തിൽ ശ്രദ്ധക്കുറവുണ്ടാകും. എങ്കിലും പൊതുവെ ആരോഗ്യവാൻമാരാണ്. ധനസമ്പാദനത്തിൽ കമ്പം. കഠിനമായി പ്രവർത്തിക്കുന്നവർ, കുടുംബം, മതം എന്നിവയിൽ താൽപര്യം. സ്വന്തം കഴിവിലുള്ള വിശ്വാസം. നയം. രഹസ്യം എന്നിവ സൂക്ഷിക്കുന്നതിനുള്ള കഴിവ്. എതിർക്കുന്നവരോടു പ്രതികാരം, കർക്കശത്വം എന്നീ സ്വഭാവങ്ങളും ഇവരിൽ കാണാൻ കഴിയും. എന്നാൽ ധനത്തിന് അധികം വിഷമിക്കേണ്ടിവരില്ല എന്നും ആചാര്യൻ പറയുന്നു. പലപ്പോഴും യാദൃച്ഛിക സംഭവങ്ങളിൽ കൂടി ഇവർക്കു പുരോഗതിയുണ്ടാകുന്നതായി കണ്ടിട്ടുണ്ട്. ശനിയുടെ സ്വാധീനത്താൽ പ്രതിസന്ധികളെ അതിജീവിച്ച് ഇവർ മുന്നേറുന്നവരാണ് എന്നു മാത്രമല്ല, നല്ല നാളേക്കു വേണ്ടി കാത്തിരിക്കാനും തയാറു‌ള്ളവരാണ്. കൂടാതെ കുടുംബസ്നേഹികളും സമൂഹനന്മ ആഗ്രഹിക്കുന്നവരുമായ ഇവർ ശാസ്ത്രം, ഗവേഷണം, കൃഷി, ചരിത്രം എന്നിവയിൽ അതീവതാൽപര്യം കാണിക്കും. ആത്മാഭിമാനം അടിയറ വയ്ക്കാനും ആരെയും ആശ്രയിച്ചു ജീവിക്കാനും തയാറാകാത്ത ഇക്കൂട്ടർ മുൻകോപം നിയന്ത്രിക്കേണ്ടതാണ്.

അവിട്ടം നക്ഷത്രത്തിന്റെ പ്രത്യേകതകൾ: ഗണം –അസുരം, യോനി –സ്ത്രീ, ഭൂതം –ആകാശം, മൃഗം –നല്ലാൾ, പക്ഷി– മയിൽ, വൃക്ഷം –വഹ്നി, രജ്ജു– ശിരസ്സ്‌, അക്ഷരം –‘ഒ’, മന്ത്രം– ‘യ’. ഈ നാളുകാർ ശുഭഫലപ്രാപ്തിക്കായി പതിവായി ചൊവ്വയെയും കൂടാതെ സുബ്രഹ്മണ്യനെയും ഭജിക്കുന്നതും ഭദ്രകാളിഭജനം നടത്തുന്നതും ഉത്തമമായിരിക്കും. ചൊവ്വാഴ്ചയും അവിട്ടം നക്ഷത്രവും ചേർന്നു വരുന്ന ദിവസങ്ങളിൽ സവിശേഷ പ്രാധാന്യത്തോടെ വ്രതം, മറ്റു ദോഷപരിഹാര കർമങ്ങൾ തുടങ്ങിയ അനുഷ്ഠിക്കുന്നതു നന്ന്.

ലേഖകൻ

Sivaram Babukumar

Prasanthi, NRA E6,

Nedumpram lane,

Peroorkada P O, 

Trivandrum 650005. 

Cell - 9847187116 0471 2430207

mail id - sivarambabu@hotmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.