Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയില്യം നക്ഷത്രക്കാരുടെ സ്വഭാവം

ജ്യോതിഷം

സർപ്പങ്ങളുടെ നാളാണ് ആയില്യം. ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒൻപതാമത് നക്ഷത്രം. രാശി ചക്രത്തിൽ 106 ഡിഗ്രി 40 മുതൽ 120 വരെ വ്യാപിച്ചു കിടക്കുന്നു. നക്ഷത്ര ദേവത രാഹുവാണ്. അസുരഗണം, പുരുഷയോനി, മ‍ൃഗം– വെരുക്, വൃക്ഷം– നാഗമരം, പക്ഷി– ചകോരം, ഭൂതം– ജലം. തീക്ഷ്ണ നക്ഷത്രം– അധോമുഖ നക്ഷത്രം, മന്ദാക്ഷം, ചതുഷ്പാദ് നക്ഷത്രം. വസിഷ്ഠഗോത്രം അവസാനപാദത്തിന് ഗണ്ഡാന്തമുണ്ട്. ആയില്യം വന്ധ്യ നക്ഷത്രമാകയാൽ ശുഭകർമ്മങ്ങൾക്ക് എടുക്കാറില്ല. പക്ഷെ സർപ്പം വിഷം ഇവയുമായി ബന്ധിക്കുന്ന കാര്യങ്ങൾക്ക് ഉത്തമമാണ്. ആയില്യം നക്ഷത്രത്തിന്റെ രാശ്യാധിപൻ ചന്ദ്രനാണ്. ഇക്കാരണത്താൽ ഇവരുടെ ജീവിതത്തിലും ഏറ്റക്കുറച്ചിലുകൾ വന്നു കൊണ്ടിരിക്കും. എങ്കിലും പൊതുവേ ഭാഗ്യാനുഭവങ്ങൾ ഇവർക്കുണ്ടാകും. ഭാഗ്യാധിപനായ വ്യാഴം കർക്കിടകത്തിന്റെ ഉച്ചവകാശിയാണ്. രാശ്യാധിപൻ ചന്ദ്രൻ ആയില്യത്തിന്റെ അഞ്ചാംഭാവമായ വൃശ്ചികത്തിൽ നീചനും വൃശ്ചികത്തിന്റെ അധിപൻ കുജൻ കർക്കിടകത്തിൽ നീചനുമാണ്. ഇക്കാരണത്താൽ ഇവർ സ്ഥിര പരിശ്രമശീലരും അന്വേഷണ തല്പരരും ആയിരിക്കും. 

ഇവർ ബന്ധുക്കളുടെയോ സ്നേഹിതരുടെയോ സമ്മർദ്ദത്തിൽ നിന്ന് അകന്നു നിൽക്കാൻ ആഗ്രഹിക്കുന്നവരാണ്. കാരണം മറ്റുളളവർക്ക് ഉപകാരം ചെയ്യുന്നത് ഇവർക്ക് താല്പര്യമുളള കാര്യമല്ല. എങ്കിലും തനിക്കെന്തെങ്കിലും പ്രയോജനമുണ്ടെന്നു കണ്ടാൽ അടുത്തു കൂടുകയും ചെയ്യും. രാശ്യാധിപൻ ചന്ദ്രനും നക്ഷത്രാധിപൻ ബുധനും ശത്രുക്കളാകയാൽ ആഗ്രഹങ്ങളും സ്ഥിരതയില്ലാതെ മാറ്റി മറിക്കും. വ്യക്തിത്വത്തിലും പരസ്പര വൈരുദ്ധ്യം കാണാം. 

ബുധന്റെ പ്രഭാവത്താൽ ഏതുകാര്യവും സംശയദൃഷ്ടിയോടെ മാത്രമേ കാണുകയുളളൂ. സന്ദർഭമനുസരിച്ച് കൗശലബുദ്ധി ഉപയോഗിക്കും. അന്യരെ പൊതുവേ വിശ്വസിക്കുന്ന സ്വഭാവം ഇവർക്കില്ല. സ്വതന്ത്രസ്വാഭാവികളായ ഇവർ എത്ര കഷ്ടപ്പാടു സഹിച്ചും താനുദ്ദേശിക്കുന്ന കാര്യം നേടിയെടുക്കും. ഇവർക്ക് സ്വാർത്ഥത മുന്നിട്ടു നിൽക്കും. അതിനുമുമ്പിൽ ആദർശത്തിനോ, സ്നേഹബന്ധങ്ങൾക്കോ വിലയില്ല. ഏതു സാഹചര്യത്തിലും സ്വന്തം കാര്യത്തിന് മുൻതൂക്കം കൊടുത്ത് പരാതികളും പരിഭവങ്ങളും മറ്റുളളവരോട് സംസാരിക്കും. മറ്റുളളവരുടെ മുഖത്തു നോക്കി എന്തു സംസാരിക്കുന്നതിനും മടി കാണിക്കില്ല. കാഴ്ചയിലും വാക്കിലും പെരുമാറ്റത്തിലും ഗാംഭീര്യമുണ്ടെങ്കിലും ഇവർ ഭീരുക്കളാണ്. വ്യക്തിത്വം പൊളളയാണ്.

ഏതു രംഗത്തും താൻ മുന്നിട്ടു നില്ക്കണം എന്നാഗ്രഹിക്കുന്നവരാണ് ഈ നക്ഷത്രക്കാർ. എത്രതന്നെ സുഖാനുഭവങ്ങളുണ്ടെങ്കിലും ചെറിയ ദുഃഖങ്ങളെ വലുതായി കാണുകയും അതു തന്നെ പറഞ്ഞുകൊണ്ടിരിക്കും. 

വിവാഹജീവിതവും അത്ര സുഖകരമായിരിക്കില്ല. 7–ാം ഭാവാധിപൻ ശനി 8–ന്റെ ആധിപത്യം കൂടി വഹിക്കുന്നതിനാലാണ്. തന്നെയുമല്ല. 7–ാം ഭാവാധിപനായ ശനിയുടെ ശത്രുവാണ് ചന്ദ്രൻ. ഭർത്ത‍ൃ കുടുംബാംഗങ്ങൾ ഭാര്യയുമായി സഹകരണം കുറഞ്ഞിരിക്കുന്നതും ഇവർക്ക് വിവാഹ ജീവിതത്തിലെ സ്വസ്ഥതകുറവിന് കാരണമാകും. സന്താനങ്ങളുടെ അനുഭവകുറവും ഇവർക്കുണ്ടാവും. മറ്റുളളവർ പറയുന്നത് വേഗത്തിൽ ഗ്രഹിക്കാനുളള കഴിവ് ഇവർക്കുണ്ട്. ധാര മുറിയാതെ സംസാരിക്കുകയും ചെയ്യും. ബുധന്റെ പ്രഭാവത്തിൽ സംഗീതത്തിലും സാഹിത്യത്തിലും അഭിരുചി കാണും. 

ആയില്യത്തിന്റെ വേധ നക്ഷത്രം മൂലമാണ്. പൂരം, അത്തം, ചോതി നക്ഷ‌ത്രങ്ങളും കുംഭകൂറിൽപ്പെട്ട അവിട്ടം, ചതയം, പൂരുരുട്ടാതി 3/4 ലും പ്രതികൂല നക്ഷത്രങ്ങളാണ്. ശുക്രൻ, ചന്ദ്രൻ, രാഹു എന്നീ ദശാകാലങ്ങൾ വിധിപ്രകാരം ദോഷപരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കണം. ആയില്യം, കേട്ട, രേവതി നക്ഷത്രങ്ങളിൽ ക്ഷേത്രദർശനവും പൗഷ്ടിക കർമ്മങ്ങൾക്കും ഉത്തമം.

ബാല്യകാലം പൊതുവേ ഗുണദോഷസമ്മിശ്രം. 8 വയസ്സുവരെ ശാന്തമായ ജീവിതം നയിക്കും. 15 വരെയുളള കാലം ആരോഗ്യകുറവുകൾ, മുറിവ് ചതവ് തുടങ്ങിയവ ഉണ്ടാകാം. 35 വരെ പൊതുവേ ഗുണകരം. വിദ്യാഗുണം, തൊഴിൽലാഭം, വിവാഹം സന്താനഗുണം ഇവയെല്ലാം അനുകൂലമാകും. 41 വരെ അദ്ധ്വാനകൂടുതലുണ്ടെങ്കിലും ധനപരമായ ഗുണം ഉണ്ടാവും. 51 വരെ കാലം കൂടുതൽ അനുകൂലമാകും. 51–നും 58–നും മധ്യേകാലം അല്പം പ്രതികൂലമാവും.

ദോഷശാന്തിക്കായി നക്ഷത്രാധിപനായ ബുധന്റെ സ്തോത്രങ്ങളും മന്ത്രങ്ങളും ജപിക്കും. ബുധനാഴ്ച ശ്രീകൃഷ്ണക്ഷേത്ര ദർശനം വ്രതാനുഷ്ഠാനങ്ങൾ ഇവ ചെയ്യുക. രാശ്യാധിപനായ ചന്ദ്രനെ പ്രീതിപ്പെടുത്തുന്നതും ഗുണകരമാണ്. ആയില്യത്തിന്റെ ദേവതയായ സർപ്പത്തെ പ്രീതിപ്പെടുത്തുന്നതും ആയില്യവും ബുധനാഴ്ചയും ചേർന്നു വരുന്ന ദിനം വിശേഷപ്രാധാന്യത്തോടെ വ്രതം അനുഷ്ഠിക്കുക.

ഓം സർപ്പേദ്യോ നമഃ എന്നു ജപിക്കുന്നത് ഉത്തമം.

ലേഖനം തയ്യാറാക്കിയത്

ഗീതകുട്ടി

ലക്ഷ്മീനാരായണ കൊടുങ്ങൂർ

9656132213

sreelakshminarayananastro@gmail.com

Your Rating: