Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരണി നക്ഷത്രക്കാരുടെ സവിശേഷതകൾ

bharani

യാമൃർഷേ വികലോ അന്യദാരനിരത : ക്രൂര : ക്യതഘ്നോ ധനി

ഭരണി ഭദ്രകാളി പ്രധാനമായ നക്ഷത്രമാണ്. രാശി ചക്രത്തിൽ മേടം രാശിയിലെ രണ്ടാമത് നക്ഷത്രം. 13.20 നും 26.40 നും ഇടയിൽ സ്ഥിതി ചെയ്യുന്ന ഇത് പുരുഷയോനി, മനുഷ്യഗണം പൃഥ്വി, ഭൂതം, പക്ഷി–പുളള്, മൃഗം– ആന, വൃക്ഷം– നെല്ലിയുമാണ്. ക്ഷത്രിയജാതിയും വസിഷ്ട ഗോത്രവും ആണ്. ഇത് ക്രൂര നക്ഷത്രവും അധോമുഖവും, ചതുഷ്പാദവുമാണ്. ഊൺ നാളല്ലാത്തതിനാൽ ഒരു ശുഭകാര്യത്തിനും ഗുണകരമല്ല. വിതയ്ക്കൽ, മുറിക്കൽ, യാത്ര മുതലായ കാര്യങ്ങൾക്കും വർജജ്യമാണ്. പിണ്ഡനൂൽ നക്ഷത്രമാണ്. 

അനിഴം വേധ നക്ഷത്രമാണ്. അനിഴം നക്ഷത്രജാതരുമായുളള ഒരേർപ്പാടും നന്നല്ല. നക്ഷത്രാധിപൻ ശുക്രനാണ്. മദ്ധ്യമരജ്ജു വിൽപ്പെട്ട നക്ഷ‌ത്രമാകയാൽ വിവാഹ കാര്യങ്ങളിൽ മകയിരം, അവിട്ടം, പൂരം, പൂരാടം, ഭരണി, അനിഴം, ഉത്തൃട്ടാതി, ചിത്തിര നക്ഷത്രങ്ങളുമായി ചേർക്കാൻ പാടില്ല.

ഭരണിക്കാർ ഏറ്റെടുക്കുന്ന ജോലികൾ ഭംഗിയായി പൂർത്തിയാക്കും. സ്വപ്രയത്നത്താലുളള ഫല അനുഭവങ്ങളാണ് അവർക്കേറെയിഷ്ടം. നിങ്ങൾക്ക് സഹപ്രവർത്തകരെ തിരഞ്ഞെടുക്കാൻ ഭരണിക്കാർ യോഗ്യരാണ്. സഹിഷ്ണുത, സഹാനുഭൂതി, എന്നീ ഗുണങ്ങൾ ഇവരിൽ കാണാനാകും. മറ്റുളളവർക്ക് തോന്നാത്ത പല ആശയങ്ങളും ഇവരുടെ ബുദ്ധിയിലുദിക്കുകയും അതു പ്രകടിപ്പിക്കുകയും അത് അനുസരിച്ച് പുതിയ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്യും. പക്ഷേ, മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കാതെ വരും. ഇതിന്റെ കാരണം 3–ാം ഭാവാധിപത്യം ബുധനും 10–ാം ഭാവാധിപത്യം ശനിയും വരുന്നതിനാലാണ്. ലക്ഷ്യത്തിനു വേണ്ടി സ്ഥിരപരിശ്രമം ചെയ്യാനുളള മനോബലം ഇവർക്കുണ്ടായിരിക്കണം. ഭരണി നക്ഷത്രക്കാർക്ക് പിതാവിൽ നിന്നുളള ആനുകൂല്യം കുറവായിരിക്കും. കാരണം 9–ാം ഭാവാധിപൻ ഗുരുവും നക്ഷത്രാധിപൻ ശുക്രനും തമ്മിലുളള ശത്രുതതന്നെ. ഇവരുടെ മാതാവിന് സന്താനങ്ങളിൽ നിന്നും ആനുകൂല്യം കിട്ടുകയില്ല. ഭരണി നക്ഷത്രക്കാരുടെ അമ്മ ഇവരെ പ്രതി ക്ലേശിക്കേണ്ടി വരും. മാതാവിന് സന്താന സ്ഥാനമായ വൃശ്ചികത്തിൽ നീചം ഭവിക്കുന്നു. ഇതു മൂലമാണ് ഈ അവസ്ഥയ്ക്കു കാരണം.  ഭരണിക്കാർക്ക് സഹോദരങ്ങളിൽ നിന്നും ആനുകൂല്യം കുറഞ്ഞിരിക്കും. സഹോദര ഭാവാധിപനായ ബുധന് 6–ാം ഭാവാധിപത്യം വരുന്നതിനാലാണ്. ഇപ്രകാരം സംഭവിക്കുന്നത്. ആയില്യം, കേട്ട, ഭരണി  നക്ഷത്രത്തിലുളള സഹോദരവർഗ്ഗക്കാർ ഉണ്ടെങ്കിൽ ശത്രുത ഉണ്ടായി എന്നു വരാം. ‍

ഈ നക്ഷ‌ത്രക്കാർ പൊതുവേ സ്വതന്ത്രപ്രകൃതമുളളവരും കോപസ്വഭാവികളുമാണ്. തന്റെ ഇഷ്ടത്തിനെതിരായി ആരെങ്കിലും പറഞ്ഞാൽ ‌ഇവർ സഹിക്കുകയില്ല. 5–ാം ഭാവാധിപതി രവിയായും രാശ്യാധിപൻ കുജനും ആയതിനാലാണ്.  ഇതിനു കാരണം ചാരരാശിയായതിനാൽ അഭിപ്രായങ്ങൾ മാറിക്കൊണ്ടിരിക്കും. ഈ നക്ഷത്രക്കാർ പൊതുവേ അഭിമാനികളും പരാശ്രയം കൂടാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവരുമാണ്. വൃദ്ധരായാലും സന്താനങ്ങളുടെ തണലിൽ ജീവിക്കാൻ ഇഷ്ടപ്പെടുകയില്ല. ഭാവിയെപ്പറ്റി വ്യാകുലപ്പെടുന്ന ഇവർ ഭാവിക്കുവേണ്ടി എന്തെങ്കിലും കരുതാനും മറക്കില്ല. തൊഴിൽ രംഗത്തും പ്രവർത്തന രംഗത്തും പല എതിർപ്പുകളും നേരിടേണ്ടി വരും. സർക്കാർ ആനുകൂല്യം പ്രവർത്തനരംഗത്ത് കുറഞ്ഞിരിക്കും. കാരണം കാരനായ സൂര്യന്റെ 6–ാം ഭാവത്തിൽ പ്രവർത്തന ഭാവമായ 10–ന്റെ അധിപതി ശനിക്ക് ആധിപത്യം വരുന്നതിനാലാണ്.

ഭരണിക്കാർക്ക് ജാതകത്തിൽ ശുക്രൻ 7–ാം ഭാവപതി ഇവർ അനുകൂലരായിരുന്നാൽ നല്ല ദാമ്പത്യജീവിതം ഉണ്ടാകും. ഭാര്യ അനുസരണയും സ്നേഹവുമുളളവളും ആയിരിക്കും. 7–ാം ഭാവാധിപത്യം കാരകത്വം ഇവയുളള ശുക്രൻ നക്ഷത്രാധിപനായതു തന്നെ ഇതിനു കാരണം.

ഭരണി നക്ഷത്രക്കാരായ സ്ത്രീകൾ ഭർത്തൃ കുടുംബവുമായി കലഹിക്കാനും  അതു മൂലം ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുവാൻ ഇടയാകുകയും ചെയ്യും. ഗണിത ശാസ്ത്രം, കാർഷികമേഖല, രാഷ്ട്രിയം, വ്യാപാരം, പ്രഭാഷകൻ, ആരോഗ്യ മേഖല ഇവ പ്രവർത്തന മണ്ഡലമായാൽ ശോഭിക്കാൻ കഴിയും. ആരോഗ്യപരമായി മെച്ചമുളളവരാണ് ഈ നക്ഷ‌ത്രജാതർ. മൂത്രാശയരോഗം, അർശസ്, ശിരോരോഗം ഇവക്കിടയുണ്ട്. 10 വയസ്സു മുതൽ 30 വയസ്സു വരെ കാലം ഗുണദോഷ സമ്മിശ്രം ആയിരിക്കും.  വിദ്യാഭ്യാസതടസമോ മാന്ദ്യമോ ഉണ്ടാകാം. 30 വയസ്സിനു ശേഷം 50  വയസ്സു വരെ  കാലം അഭിവൃദ്ധികരമാണ്. സാമ്പത്തികമായി ഇക്കാലത്ത് അഭിവൃദ്ധി ഉണ്ടാകും. 50–ാം വയസ്സിൽ ദുരിതങ്ങൾ ഉണ്ടാകും. 50 വയസ്സിനു ശേഷം ജീവിതം പൊതുവെ സന്തോഷകരമായിരിക്കും. കുജൻ–ശുക്രൻ, രവി, ഗുരു അനുകൂല ഗ്രഹങ്ങളായതിനാൽ ഇവരുടെ ദശാപഹാരങ്ങൾ ഗുണകരമാണ്.

ബുധൻ –ശനി പ്രതികൂല ഗ്രഹങ്ങളാകയാല്‍ ഇവരുടെ ദശാകാലത്ത് ക്ലേശഫലം അനുഭവപ്പെടും.

ഭരണിക്കാർ അനുഷ്ടിക്കേണ്ട കാര്യങ്ങൾ

ചന്ദ്രൻ –രാഹു–ശനി എന്നീ ദശാകാലങ്ങളിൽ വിധിപ്രകാരമു ളള ദോഷ പരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കണം. 

ഭരണി, പൂരം, പൂരാടം നക്ഷത്രങ്ങളിൽ ക്ഷേത്ര ദർശനത്തിനും വ്രതാനുഷ്ഠാനങ്ങൾക്കും നന്ന്. മഹാലക്ഷ്മി ഭജനം, അന്ന പൂർണേശ്വരി ഭജനം തുടങ്ങിയവ ഭരണിക്കാർ അനുഷ്ഠിക്കുന്നത് നന്നായിരിക്കും. ശുക്രപ്രീതികരമായ മന്ത്രങ്ങളും സ്തോത്രങ്ങളും ജപിക്കുന്നത് ഗുണമാണ്.

മന്ത്രം

ഓം യമായ നമഃ 

ലേഖനം തയ്യാറാക്കിയത്

ഗീതകുട്ടി

ലക്ഷ്മീനാരായണ കൊടുങ്ങൂർ

9656132213

sreelakshminarayananastro@gmail.com

Your Rating: