Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരണി നക്ഷത്രക്കാർ അനുഗൃഹീതർ

Nelli

ഭരണി നക്ഷത്രക്കാർ അനുഗൃഹീതരാണ്. നെല്ലിമരമാണ് നക്ഷത്രവനത്തിലെ അവരുടെ പ്രതീകം. ആദ്യം കയ്ക്കുകയും പിന്നെ മധുരിക്കുകയും ചെയ്യുന്ന നെല്ലിക്കയുടെ ചൈതന്യം ഭരണിയെ മധുരഭരണിയാക്കി മാറ്റുന്നു. ലോകത്ത് ഏറ്റവും പോഷകസമൃദ്ധിയുള്ള ഫലമെന്നാണല്ലൊ നെല്ലിക്കയുടെ ഖ്യാതി. ആയുർവേദ ടോണിക്കുകളിലെ ഒരു സ്ഥിരഘടകം. മറ്റു മരുന്നുകളുമായി ചേർന്ന് പ്രമേഹം, മഞ്ഞപ്പിത്തം, നെഞ്ചെരിച്ചിൽ, ചുമ, അർബുദം, ഹൃദ്രോഗം എന്നിവയ്ക്കെല്ലാം നെല്ലിക്ക ശമനം നൽകുന്നു. ആയുർവേദത്തിലെ ത്രിഫലങ്ങളാണ് നെല്ലിക്ക, താന്നിക്ക, കടുക്ക എന്നിവ. ഔഷധമേൻമയിൽ ഈ മുക്കൂട്ടിലും ഒന്നാമൻ ‘അംല’ എന്ന് ഹിന്ദിപ്പേരുള്ള നെല്ലിക്ക തന്നെ. ദിവസം ഒരു നെല്ലിക്ക രോഗങ്ങളെ അകറ്റിനിർത്തും. പാശ്ചാത്യലോകത്ത് ദിവസം ഒരു ആപ്പിൾ ഡോക്ടറെ അകറ്റിനിർത്തുന്നതുപോലെ!

മാത്തുക്കുട്ടി ജെ. കുന്നപ്പള്ളി mkunnappally@gmail.com Phone 9847061526

ഭരണി നക്ഷത്രത്തിൽ ജനിച്ചാൽ

ബാബു നായർ

വളരെ പ്രത്യേകതയുള്ള പല സ്വഭാവങ്ങളും ഭരണി നാളിൽ ജനിച്ചവരിൽ കാണാറുണ്ട്. അധികം സംസാരിക്കാത്തവരും അന്യരുടെ കാര്യങ്ങളിൽ കഴിവതും ഇടപെടാതെ കഴിയാൻ ആഗ്രഹിക്കുന്നവരുമാണ് ഇവർ. സ്വന്തം അഭിപ്രായത്തിൽ ഉറച്ചു നിൽക്കും. അന്യരുടെ അഭിപ്രായമനുസരിച്ച് സ്വന്തം അഭിപ്രായത്തിൽ മാറ്റം വരുത്തുവാൻ സാധാരണഗതിയിൽ ഇവർ തയ്യാറാവുകയില്ല. അന്യരുടെ ഇഷ്ടാനിഷ്ടങ്ങൾ അധികമൊന്നും ശ്രദ്ധിക്കാത്തവരാണ് ഈ നാളുകാർ. ആരുടെയെങ്കിലും ആനുകൂല്യംകൊണ്ട് എന്തെങ്കിലും നേടാൻ ഇവർ താല്പര്യം കാണിക്കാറില്ല. പെരുമാറ്റത്തിൽ അൽപം കർക്കശ സ്വഭാവം കാണിക്കും. അതിനാൽ എല്ലാവരുമായി യോജിച്ചുപോകാൻ പ്രയാസമാണ്. സത്യസന്ധതയും സദാചാരനിഷ്ഠയും ഉണ്ടാകും. മനസാക്ഷിയുടെ പ്രേരണ അനുസരിച്ചായിരിക്കും ഏതു കാര്യവും ചെയ്യുക. സഹനശക്തി കുറയും. പെട്ടെന്ന് ക്ഷോഭിക്കും. ക്ഷോഭം അധികസമയം നീണ്ട് നിൽക്കത്തില്ല.

എല്ലാവരുടെ തെറ്റുകളും ക്ഷമിക്കാനുള്ള മഹാ മനസ്കത ഉണ്ടാകും. ഇവരെ ആശ്രയിക്കുന്നവരോട് പ്രത്യേക പരിഗണന കാണും. അഭിമാനത്തിന് ഭംഗംവരുന്ന സാഹചര്യമുണ്ടായാൽ നാടുവിടുക, ആത്മഹത്യ തുടങ്ങിയവയെപ്പറ്റി ചിന്തിക്കും. ഏറ്റെടുക്കുന്ന ജോലികൾ ഭംഗിയായി ചെയ്തു തീർക്കും. മറ്റുള്ളവർക്ക് തോന്നാത്ത പല ആശയങ്ങളും ഇവർക്കു തോന്നുകയും അതനുസരിച്ച് പല പുതിയ കാര്യങ്ങൾ തുടങ്ങിവെയ്ക്കുകയും ചെയ്യുമെങ്കിലും അലസത കാരണം അത് പൂർത്തികരിക്കാൻ ചിലപ്പോൾ സാധിക്കാതെ വരും. ഈ നക്ഷത്രക്കാർക്കു പിതാവിൽനിന്ന് ആനുകൂല്യം പലപ്പോഴും കുറയാറുണ്ട്. അതുപോലെ സഹോദരാനുകൂല്യവും കുറവായിരിക്കും. ഇവർ സ്വതന്ത്രപ്രകൃതിക്കാരും കോപസ്വഭാവക്കാരുമാണ്. തന്റെ ഇഷ്ടത്തിനെതിരായി ആരെങ്കിലും എന്തെങ്കിലും പറയുന്നത് ഇവർക്ക് സഹിക്കുകയില്ല. ഇവരുടെ അഭിപ്രായങ്ങളും ഇടയ്ക്കിടെ മാറികൊണ്ടിരിക്കും.

ഭരണി നക്ഷത്രക്കാർ അഭിമാനികളും, പരാശ്രയം കൂടാതെ ജീവിക്കുവാൻ ആഗ്രഹിക്കുന്നവരുമാണ്. സന്താനങ്ങളുടെ സഹായത്താൽ പോലും ജീവിക്കാൻ ഇഷ്ടപ്പെടാത്തവരാണ് ഇവർ. അതേ അവസരത്തിൽ താൻ സഹായിച്ചവർ തന്നെ സഹായിക്കുന്നില്ലല്ലോ എന്ന് ഇവർ മനസ്സിൽ ഖേദിക്കുകയും ചെയ്യും. ആരുടെ മുമ്പിൽ തല കുനിക്കുന്നതോ തെറ്റ് ഏറ്റുപറയുന്നതോ ഇവർക്ക് വിഷമകരമാണ്. പറഞ്ഞവാക്ക് പാലിക്കുന്നതിൽ ഇവർ നിർബന്ധം ഉള്ളവരാണ്. ബന്ധുക്കളും ആത്മാർത്ഥ സ്നേഹിതന്മാരും ഇവർക്ക് കുറവായിരിക്കും. ഭാവിയെപ്പറ്റി വളരെ വ്യാകുലപ്പെടുന്നവരാണ്. ഭാവിക്കു വേണ്ടി എന്തെങ്കിലും കരുതിവെയ്ക്കുന്ന സ്വഭാവം ഉണ്ടായിരിക്കും. തൊഴിൽരംഗത്തും പ്രവർത്തനരംഗത്തും ഇവർക്ക് പല എതിർപ്പുകളും ശത്രുക്കളും ഉണ്ടാകും. ഭംഗി വാക്കുപറയലും, മുഖസ്തുതി പറയലും ഇവർക്ക് വരമില്ലാത്ത കാര്യങ്ങളാണ്. മൂത്രാശയരോഗങ്ങൾ, ഉദരരോഗം, ഇവയ്ക്ക് സാധ്യതകൂടും.

പൊതുവിജ്ഞാനം സമ്പാദിക്കാൻ താൽപര്യം കാണിക്കും. എല്ലാ വിഷയത്തെപ്പറ്റിയും അറിവ് നേടും. നേടാൻ കഴിയുമായിരുന്ന പലതും നിർബന്ധബുദ്ധി കാരണം നേടാൻ കഴിഞ്ഞില്ലെന്ന് പിൽക്കാലത്ത് പശ്ചാത്തപിക്കാൻ ഇടയാകും. പെരുമാറ്റത്തിൽ അൽപം ഗൗരവഭാവം പ്രകടിപ്പിക്കുമെങ്കിലും ആർക്കും ഉപദ്രവം ചെയ്യരുതെന്ന് നിർബന്ധമുണ്ടാകും. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപ്പെട്ട് മനഃസ്വസ്ഥത നശിപ്പിക്കുകയും, കഷ്ടനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്യും. കുടുംബത്തിൽ നിന്ന് ധനലാഭം കുറയും. കൃഷി, വ്യവസായം തുടങ്ങിയവയിൽ താൽപര്യം ഉണ്ടാകും. വിവാഹജീവിതം പൊതുവെ സുഖകരമായിരിക്കുമെങ്കിലും പിടിവാശി മൂലം സമാധാനക്കുറവ് ഉണ്ടാകും.

ബാല്യകാലം പൊതുവെ സന്തോഷപ്രദമായിരിക്കുമെങ്കിലും 10 വയസുമുതൽ 30 വയസുവരെയുള്ള കാലം ഗുണദോഷ മിശ്രമായിരിക്കും. ഈ കാലത്ത് വിദ്യാഭ്യാസത്തിന് തടസ്സമോ, അലസതയോ ഉണ്ടാകാം. 30 വയസ്സിനുശേഷം 50 വയസ്സുവരെയുള്ള കാലം അഭിവൃദ്ധികരമാണ്. എന്നാൽ രോഗകാര്യങ്ങളിൽ ശ്രദ്ധവേണം താനും.

ലേഖകൻ

ബാബു നായർ, പാലാ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.