Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്ഷത്രസ്വഭാവം: അശ്വതിക്കാർ കഴിവുള്ളവർ

നക്ഷത്രഫലം

അശ്വതി– 

ഈ നക്ഷത്രത്തിൽ സ്ത്രീകളിലും പുരുഷന്മാരിലും കുറച്ചു വ്യത്യാസങ്ങളുണ്ടായിരിക്കും. പുരുഷന്മാര്‍ വളരെ കഴിവുളളവരായിരിക്കും. ഏതു കാര്യത്തിലും പൊതുവെ ഇവർ കഴിവുളളവരായിരിക്കും. കഠിനമായ തീരുമാനമെടുക്കുന്നവരായിരിക്കും. തുലാം മാസം ഏഴിനു ശേഷം 20 വരെ ജനിക്കുന്നവർ ബലഹീനരായിരിക്കും. യമരാജനു പോലും ഇവരുടെ തീരുമാനത്തെ മാറ്റിയെടുക്കാൻ പ്രയാസമെന്നാണു പറച്ചിൽ. സ്നേഹവും സാന്ത്വനവും നൽകുന്നവരെ ഇവർ അങ്ങേയറ്റം സ്നേഹിക്കും. അത്തരം ആൾക്കാർക്കു വേണ്ടി എന്തു ത്യാഗം സഹിക്കേണ്ടി വന്നാലും അതു സാധിച്ചുകൊടുക്കുന്നതിലും ഒരു മടിയും കാണിക്കാത്തവരാണിവർ. മറ്റുളളവർ ഇവരെക്കുറിച്ചു നന്നായി മനസ്സിലാക്കിയാൽ ഉറപ്പിക്കാൻ കഴിയും ഇവർ ഏറ്റവും നല്ലതും വിശ്വസിക്കാവുന്നതുമായ സുഹൃത്തായിരിക്കുമെന്ന്. അപകടസമയത്തു പോലും അങ്ങേയറ്റം സഹനശക്തി കാത്തുസൂക്ഷിക്കുന്നവരാണിവർ. എടുത്തുചാടില്ല. എന്നാൽ വേണ്ട സ്ഥലത്തു കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കുകയും ചെയ്യും. വേദനിക്കുന്നവരെ ഉപദേശിക്കാൻ പ്രഗൽഭരാണിവർ. ഇവർ കാര്യങ്ങൾ ചെയ്യാൻ സ്വയം സമയമുണ്ടാക്കുന്നവരാണ്. ചെയ്യുന്നത് പതുക്കെയായാലും നല്ലരീതിക്കായിരിക്കും.  എന്തിലേർപ്പെട്ടാലും അതിനെക്കുറിച്ച് ധാരാളം ചിന്തിക്കുകയും, എന്താണെന്നും എങ്ങനെയാണെന്നതിനെയും കുറിച്ച് ചിന്തിക്കുന്നവരാണിവർ. 

ദൈവത്തിൽ വിശ്വസിക്കുന്നവരാണിവര്‍, എന്നാലും ഒന്നിലും വികാരം കൊളളുന്നവരല്ല. യാഥാസ്ഥിതികരാണെങ്കിലും പുതിയ ആശയം ഉൾക്കൊളളുന്നവരാണിവർ. ബുദ്ധിരാക്ഷസരാണെങ്കിലും ചിലപ്പോൾ വേണ്ടാത്തതു ചിന്തിച്ചു പുകയുന്നവരാണിവർ. ഇതു കാരണം പലപ്പോ ഴും മാനസികാസ്വസ്ഥതയ്ക്ക്  കാരണമായി തീരുന്നു. ചുറ്റും വൃത്തിയും വെടിപ്പുമായിരിക്കാൻ ഇവർ ആഗ്രഹിക്കുന്നു. 

അശ്വതി ഒന്നാം പാദത്തിൽ ജനിച്ചവർ ആവശ്യമില്ലാത്തത് ചിന്തിച്ച് പുകയുന്നവരായിരിക്കും. എന്തുണ്ടായാലും സുഖിച്ച് ജീവിക്കാനിവർക്ക് കഴിയില്ല. കുടുംബത്തിൽ ചീത്തപ്പേരുണ്ടാക്കുന്നവരുമായിരിക്കും. മുൻകോപികളാണിവർ. ഇവരുടെ തീരുമാനങ്ങൾ പരാജയത്തിൽ കലാശിക്കുന്നു. മാനേജർമാർ, ഭരണാധികാരികൾ, സൈന്യാധിപന്മാർ എന്നിവർ പൊതുവെ അശ്വതി നക്ഷത്രക്കാരായിരിക്കും. ആത്മനിയന്ത്രണവും യുക്തിബോധവും വിവേകശക്തിയും ഉളളവരുമായിരിക്കും ഇവർ. താങ്കളുടെ ജാതകത്തിൽ ഗുരുവും, ബുധനും, ചന്ദ്രനും ബലമുണ്ടെങ്കിൽ ഗുണാനുഭവങ്ങൾ അധികമായി ഉണ്ടായിരിക്കും. എതിർക്കുന്നതും തർക്കിക്കുന്നതും ഇവരുടെ കൂടെപ്പിറപ്പാണ്. ഇവരുടെ ദൗർബല്യം മറ്റുളളവർ മുതലെടുക്കും. അഭിമാനത്തെ ചോദ്യം ചെയ്യുന്നവരോട് തക്ക സമയം പകരം വീട്ടുകയും ചെയ്യും, ആയതിനാൽ ഇവരെ എതിരാളികളാക്കരുത്. പ്രതികാരാഗ്നി കെട്ടടങ്ങുന്നവരല്ല. ഇവരുടെ സ്വന്തം ക്ലേശങ്ങൾ മനസ്സിനുളളിൽ സൂക്ഷിക്കുകയും എന്നാൽ കുടുംബം നോക്കുന്നതിൽ മറ്റുളളവർക്ക് മാതൃകയാണ്. കുടുംബത്തിൽ നിന്നും ഒരുഗുണവും കിട്ടാറില്ല. വിവാഹജീവിതം തൃപ്തികരമാകില്ല. ശുക്രന്റെ പ്രീതി വരുത്തി കുടുംബ ജീവിത തൃപ്തികരമാക്കണം. ഭാര്യമാരിലും ഭർത്താവിലും ആരോഗ്യ വും സൗന്ദര്യവും ഒരുമിച്ചു കാണില്ല. ഒന്നു കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. രാഹു, ശനി ദുർബലനാണെങ്കിൽ കാലതാമസ്സവും വിരഹവുമുണ്ടാക്കും. കുജൻ ദുർബലനാണെങ്കിൽ ആരോഗ്യക്ഷയവും ധാതു ക്ഷയവും, ലൗകിക രോഗവും കാരണം വിവാഹജീവിതം മോശമായിരിക്കും. ബുധനോ ശനിയോ അനിഷ്ട  സ്ഥാനത്തായാൽ  കൃത്രിമ ബന്ധത്തിലേർപ്പെടും.

സ്ത്രീകളുടെ പ്രത്യേകതകൾ– 

മുകളിൽ പറഞ്ഞവർക്കു പുറമെ ഇവർ തിളക്കമുളള കണ്ണുകളുളളവര‍ും ആകർഷണ ശക്തിയുളളവരുമായിരിക്കും. ആരോഗ്യവതികളായിരിക്കും. മധുരവാക്കുകളിലൂടെ മറ്റുളളവരെ സ്വന്തം കയ്യിലാക്കുന്നവരായിരിക്കും. സഹനശക്തിയുണ്ടായിരിക്കും, ലൗകികാസക്തി കൂടിയിരിക്കും. മനസ്സാക്ഷിയുളളവരായിരിക്കും. പ്രായം ചെന്നവരെ ബഹുമാനിക്കുന്നവരായിരിക്കും. ജോലിയുണ്ടെങ്കിൽ അവസാനം വരെ ചെയ്യാൻ ഇഷ്ടപ്പെടാത്തവരായിരിക്കും. അതിനു ശേഷം കുടുംബം നോക്കി വീട്ടിലെ കാര്യങ്ങളിൽ മാത്രം ശ്രദ്ധ തിരിച്ച് ഒപ്പം സോഷ്യൽ ജീവിതവും നയിക്കുന്നവരായിരിക്കും. ഭരണചുമതല നിർവ്വഹിക്കാൻ ഏറെ താല്പര്യമുളളവരായിരിക്കും. ചെറുപ്പത്തിലേ വിവാഹം പൊതുവെ ബന്ധം വേർപെടുത്തലിൽ കലാശിക്കാം. പെൺകുട്ടികളായിരിക്കും കൂടുതല്‍.  കുട്ടികളെ അവരുടെ താല്പര്യത്തിനു വിടുന്നതിൽ ഇവർ തല്പരരാണ്. ഇവർ സ്വയം വീട് വൃത്തിയാക്കുന്നതിലും ഒതുക്കി വയ്ക്കുന്നതിലും തല്പരരാണെങ്കിലും മറ്റുളളവരെകൊണ്ട് അതു പോലെ പണിയെടുപ്പിക്കാനും താല്പര്യമുളളവരാണിവർ. കർക്കടകത്തിൽ ശുക്രൻ നിന്നാൽ കുടുംബ പ്രശ്നങ്ങൾ ഉടലെടുക്കും. രണ്ടു വിവാഹയോഗത്തിനും സാധ്യത. തന്റെ ഇഷ്ടാനിഷ്ടങ്ങൾ മറ്റുളളവരിൽ അടിച്ചേൽപിക്കും. ക്ഷമയും സഹനശക്തിയും കുറഞ്ഞിരിക്കും.

പൊതുഫലം– 

അശ്വതിയുടെ ദേവതയായി സങ്കല്പിച്ചിട്ടുളളത് അശ്വനി ദേവതകളെയാണ്. ശ്രീകൃഷ്ണൻ അർജുനന് ഭഗവദ്‌ ഗീത ഉപദേശിക്കുന്ന സമയത്ത് സ്വന്തം രൂപം സകല ചരാചരങ്ങളിലും നിറഞ്ഞു നില്‍ക്കുന്നതായി വിരാട രൂപം കാണിക്കുന്നുണ്ട്. ആ രൂപത്തില്‍ അർജുനന് സകല ശക്തികളെയും കാണാനും കഴിഞ്ഞു. അശ്വനി കുമാരന്മാരെയും അർജുനൻ കാണുകയുണ്ടായി. സൂര്യന്റെ ഭാര്യയായ സംജ്ഞ സൂര്യന്റെ താപം സഹിക്കാതെ ഭർത്താവിനെ ശുശ്രൂഷിക്കാനായി സൂര്യന്റെ മറ്റൊരു ഭാര്യയായ ഛായയെ ഏല്പിച്ച് ഗൃഹം വിട്ടു പോയി. കാര്യമറിഞ്ഞ സൂര്യൻ സംജ്ഞയെ അന്വേഷിച്ചു നടന്നു. അവസാനം ഒരു കുതിരയുടെ രൂപത്തിൽ മേഞ്ഞു നടക്കുന്ന സംജ്ഞയെ കണ്ടു. സൂര്യനും ഒരു കുതിരയുടെ രൂപം കൊണ്ട് സംജ്ഞയുമായി കഴിഞ്ഞു.  അങ്ങനെയുണ്ടായ ഇരട്ടക്കുട്ടികളാണ് അശ്വനി കുമാരന്മാർ. തമോഗുണമുളള അശ്വനി പിശാചുക്കളെ നശിപ്പിച്ചു കൊണ്ടുവരുന്നു. അശ്വനി ദേവതകളുമായി സരസ്വതി ദേവി ചേര്‍ന്ന് ആദ്യമായി മധു ഉ ണ്ടാക്കിയെന്നു പറയുന്നു. അതിനാൽ ഇവരെ ദേവന്മാരായി സ്വർ‌ഗലോകത്ത് അംഗീകരിച്ചില്ലായിരുന്നു. ഘ്രാണ ശക്തിയും മദ്യവും വേണ്ട തിനാൽ ദേവന്മാർക്ക് ഇവരുടെ സഹായവും വേണ്ടതിനാൽ ഇവരെ ദേവന്മാർ അംഗീകരിച്ചു. ഇതു പോലെ സ്വന്തം കഴിവുകൾ കൊണ്ട് മറ്റുളളവരുടെ അംഗീകാരം പിടിച്ചു പറ്റാനുളള കഴിവാണിവിടെ കാണിക്കുന്നത്.  ആദ്യത്തെ ഭിഷഗ്വരന്മാരും ഇവരായിരുന്നു.  ച്യവന മഹര്‍ഷിക്ക് യുവത്വം നിലനിർത്തിയതും ഇവരാണ്. മഹാഭാരതത്തിലെ നകുലനും സഹദേവനും അശ്വിനി ദേവകളുടെ മക്കളായും സൂര്യപുത്രന്‍ രാഥേയൻ സഹോദരനുമാണ്. 27 നക്ഷത്രങ്ങളിലും മുൻഗണന സൂര്യഭഗവാനുമായി അശ്വതിയുടെ ബന്ധം ഒന്നാം സ്ഥാനത്ത് ഇവരെത്തുന്നു. മേടം രാശി സൂര്യന്റെ ഉച്ച രാശിയായതിനാലും ചന്ദ്രന്റെ സ്ഥിതി അവിടെ വരുന്നതിനാലും ഇവർക്ക് എപ്പോലും ഒരു നേത‍ൃ പദവിയുമുണ്ടായിരിക്കും.

അശ്വതി നക്ഷത്രത്തിന്റെ മൃഗം കുതിരയാണ്. സൂര്യൻ സഞ്ചരിക്കുന്നത് കുതിരകളെ കെട്ടിയ രഥത്തിലുമാണ്. കോടാനുകോടി ജീവികൾക്കാവശ്യമായ വെളിച്ചം നൽകുന്നത് സൂര്യനുമാണ്. കുതിരയെ പ്രതിനീധീകരിക്കുന്നത് സ്വാതന്ത്ര്യം, സൗന്ദര്യം, അഹങ്കാരം സാഹസകർമങ്ങൾ എന്നിവയാണ്. പെട്ടെന്ന് ഇണങ്ങുന്ന ജീവിയുമല്ല.  അശ്വതിക്കാരെ പെട്ടെന്നു സ്വാധീനിക്കാനും കഴിയില്ല.

വിദ്യാഭ്യാസം– കലയിലും സാഹിത്യത്തിലും അഭിരുചിയുണ്ടായിരിക്കും. ജനനം കേതു ദശയിലാണ്. 24 വരെ രണ്ടും ഏഴും ഭാവാധിപനായ ശുക്രന്റെ ദശ വിദ്യാഭ്യാസത്തിനു മോശമായിരിക്കും, 27 വരെ ആദിത്യ ദശയും മോശമായിരിക്കും. അതിനാൽ പരിഹാരങ്ങൾ നടത്തേണ്ടതാണ്, രക്ഷിതാക്കളും അധ്യാപകരും നല്ല മനസ്സോടെ പ്രവർത്തിച്ച് ഇവർക്ക് നല്ല മേൽഗതി ഉണ്ടാക്കേണ്ടതാണ്. 29 നു ശേഷം ഉയർച്ചയുണ്ടാകും. വരവിൽ കൂടുതൽ ചെലവു ചെയ്യുന്നവരായിരിക്കും.

ആരോഗ്യം– പൊതുവെ നന്നായിരിക്കും ശിരസ്സിൽ മുറിവ്, രക്തസ്രാവം, രക്തക്കുറവ്, സങ്കോചം, മോഹാലസ്യം, അപസ്മാരം, സന്നി, പക്ഷാഘാതം, നെഞ്ചിടിപ്പ്, ഉറക്കക്കുറവ്, ഉദരരോഗം, അസ്ഥി ഭംഗം, മുഴകൾ, വ്രണങ്ങൾ, അർശസ്, രക്തസമ്മർദം, ആർത്തവദൂഷ്യം ഗർഭാശയരോഗങ്ങൾ, ദന്തനേത്രരോഗങ്ങൾ എന്നിവയ്ക്കു സാധ്യത.

ജോലി–പോലീസ്, പട്ടാളം, അർധ സൈന്യവൃത്തി, ശസ്ത്രക്രിയാ വിദഗ്ധൻ, ക്രിമിനൽ കോടതി, ആയുധ ഉപയോഗം, വൈദ്യ ശാസ്ത്രം, സ്വകാര്യ മേഖല, ജനനേതൃത്വം രാജ്യ സുരക്ഷ കായികാധ്വാനം, വ്യാപാരം, സാഹിത്യം. ആതുര സേവനം, ആശുപത്രി ജീവനം. ഔഷധ നിർമ്മാണ മേഖലകൾ, ചതുരംഗം, യാഗങ്ങൾ, യുദ്ധം, ഉപദേശകർ, ഗണിതം, മന്ത്ര തന്ത്രവിദഗ്ദ്ധർ ബാങ്ക്, എഴുത്ത് കണക്ക്. പക്ഷി പുളള് ആയതിനാൽ പ്രസംഗം, പാട്ട്, സംഗീതം, അഭിഭാഷകവൃത്തി, രാഷ്ട്രീയം, മധ്യസ്ഥ വേഷം എന്നിവയിൽ തിളങ്ങും. വൃക്ഷം കാഞ്ഞിരമായതിനാൽ കഠിനാധ്വാനികളാണ്. അങ്ങനെയുളള ജോലികളില്‍  ഏർപ്പെടുകയും അടിക്കടി ക്ഷീണവും തോന്നും ഇടയ്ക്കിടയ്ക്ക്  വിശ്രമവുമെടുക്കണം.  ഇന്റർവ്യൂ, ടെസ്റ്റ്, പരീക്ഷ എന്നിവയ്ക്ക് പോകുമ്പോൾ ചുമപ്പു ധരിക്കുക. ചൊവ്വാഴ്ചകളിൽ തൊഴിലിന് അപേക്ഷകൾ സമർപ്പിക്കുക. കൂടിക്കാഴ്ചകൾക്കും ചൊവ്വാഴ്ച ശ്രമിക്കാം. കിഴക്ക് സ്ഥിതി ചെയ്യുന്ന തൊഴിൽ സ്ഥലത്ത് ജോലിക്കു ശ്രമിക്കുക. ഗുണകരമായ തീയതികൾ 7, 16, 18, 25, 27.

പൊരുത്ത നക്ഷത്രങ്ങൾ– അശ്വതി–6, ഭരണി–6, രോഹിണി–6, ചോതി–7, മൂലം–6, രേവതി–6

പ്രതികൂല നക്ഷത്രങ്ങൾ, കാർത്തിക, മകയിരം, പുണർതം, വിശാഖം, പൂരുരുട്ടാതി, അവിട്ടം, ചിത്തിര, ഉത്രം, ഉത്രാടം, പൂയ്യം, അനിഴം, ഉതൃട്ടാതി, കേട്ട ഇവരുമായുളള ഇടപാടുകൾ ഒഴിവാക്കുക.

ജീവിതവിജയത്തിന് പരിഹാരങ്ങൾ

അശ്വതി മകം മൂലം നക്ഷത്ര ദിവസം ഗണപതിയെ ഭജിക്കുക. വീട്ടിൽ നെയ്‍‌വിളക്ക് വച്ച്, ഭദ്രയ്ക്ക് അരവണയോ കടും പായസമോ വീട്ടിൽ നടത്തുക. അമ്മയുമായും അമ്മയുടെ ഇളയ സഹോദരങ്ങളും ഭാര്യയുടെ മൂത്തസഹോദരങ്ങളും പിതാവിന്റെ കുടുംബാംഗങ്ങളും ഇവരുടെ പ്രവർത്തനങ്ങളിൽ സൂക്ഷ്മത പുലർത്തി മുന്നോട്ടു പോകണം. 

അനുകൂലമാസം– മേടം, മിഥുനം, ചിങ്ങം, കന്നി, എന്നിവ അനുകൂലമല്ലാത്ത നിറം– കറുപ്പ്, മഞ്ഞ, നീല. 

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating: