Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചതയം നക്ഷത്രക്കാരുടെ സ്വഭാവം...

നക്ഷത്രഫലം Representative image

കാലജ്ഞശ്ശത താരകോത്ഭവ നര ശാന്തോ അൽപഭൂജ് സാഹസീ

വസുപഞ്ചക നക്ഷത്രമാണ് ചതയം നക്ഷത്രം, 27 നക്ഷത്രങ്ങളിൽ ഇരുപത്തിനാലാമതാണ് സ്ഥാനം. രാശിചക്രത്തിൽ 306 ഡിഗ്രി 40 മിനിറ്റുമുതൽ  320 ഡിഗ്രി വരെ വ്യാപിച്ചു കിടക്കുന്നു. സംസ്കൃതത്തിൽ ശതാഭിഷേക് എന്നു വിളിക്കുന്നു. നക്ഷത്രദേവത വരുണനാണ്. നക്ഷത്രാധിപൻ രാഹുവും രാശ്യാധിപൻ ശനിയുമാണ്. നക്ഷത്രമൃഗം-കുതിര, വൃക്ഷം-കടമ്പ്, ഗണം-അസുരം, യോനി-സ്ത്രീ, പക്ഷി-മയിൽ‌

ഇതൊരു ചരനക്ഷത്രവും ‌ഊർദ്ധമുഖവും മന്ദാക്ഷവും സംഹാരനക്ഷത്രവും ചതുഷ്പാത്ത് നക്ഷത്രവുമാണ്. ഊൺനാളാകയാൽ മിക്കവാറും എല്ലാ ശുഭകർമ്മങ്ങൾക്കും കൊള്ളാം. പ്രതിഷ്ഠാ കലശങ്ങൾക്കും വിവാഹത്തിനും എടുക്കാറില്ല. വാഹനം വാങ്ങുന്നതിനും പുതിയ വാഹനത്തിൽ കയറുന്നതിനും വാസ്തു കർമ്മത്തിനും കൊള്ളാം. 

ഈ നക്ഷത്രത്തിൽ ജനിക്കുന്നവർ സ്വതന്ത്രമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്. ആദർശങ്ങളെ മുറുകെപിടിക്കുന്ന ഇവർ വളരെ ഔദാര്യശീലരായിരിക്കും. കുലീനമായ പെരുമാറ്റവും ദൈവീക കാര്യങ്ങളിൽ താൽപര്യവും ഇവർക്കുണ്ടായിരിക്കും. ആരോടും കലഹിക്കാതിരിക്കാനും എല്ലാവരോടും സഹകരിച്ചു പെരുമാറുവാനും ഇവർ ആഗ്രഹിക്കുന്നു. ദാനശീലവും ആശ്രിതവാത്സല്യവും കൂടുതലായിരിക്കും. ശത്രുക്കളുടെ പ്രവർത്തനത്തെ പരാജയപ്പെടുത്താൻ സഹജമായ കഴിവുള്ള ഇവർ സാഹസിക കർമ്മങ്ങൾ ചെയ്യാനും ഏറ്റെടുക്കാനും സന്നദ്ധരായിരിക്കും. 

ആരോടും എന്തും തുറന്നുപറയുന്ന സ്വഭാവമാണ്. സൗഹൃദങ്ങൾക്ക് വലിയ വില കൽപിക്കാറുണ്ട്. സഹായം അഭ്യാർഥിച്ചു വരുന്നവരെ എന്തുവില കൊടുത്തും സഹായിക്കും. എല്ലാ കാര്യത്തിലും അറിവുനേടാൻ ശ്രമിക്കും. പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവക്കാരാണ്. സാഹിത്യത്തേക്കാൾ ശാസ്ത്രങ്ങളെ ഇഷ്ടപ്പെടുന്നു. പാരമ്പര്യ ശാസ്ത്രങ്ങളോടും പ്രാചീന ശാസ്ത്രത്തോടും ഏറെ താൽപര്യമുള്ളവരായിരിക്കും. ആത്മീയത ഇവരിൽ നിറഞ്ഞുനിൽക്കും. തങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ നിന്ന് ഇവർ അകന്നു നിൽക്കും. മറ്റുള്ളവർ ശാന്തമെന്നു ചിന്തിക്കുമ്പോൾ മനസിൽ കടുത്ത തീരുമാനങ്ങൾ എടുക്കാനിടയുണ്ട്.  ശരിയും തെറ്റും തിരിച്ചറിയാൻ ഇവർക്ക് പ്രത്യേകമായ കഴിവുണ്ട്. സ്വാർത്ഥരല്ല. അധ്വാന ശീലരാണെങ്കിലും ചില കാര്യങ്ങളിൽ അലസതകാണിക്കും. പലതും മനസിൽ അടക്കിവച്ച് ആവശ്യമായതുമാത്രമേ പുറത്തു പ്രകടിപ്പിക്കുകയുള്ളൂ. ജീവിതത്തിന്റെ ആദ്യകാലഘട്ടം ക്ലേശം നിറഞ്ഞതാണെങ്കിലും ഉദ്ദേശിക്കുന്ന മിക്കകാര്യങ്ങളും സ്ഥിര പരിശ്രമത്താൽ നേടിയെടുക്കും. ബന്ധുക്കളെ സഹായിക്കുമെങ്കിലും ഭാവിയിൽ അവരിൽ നിന്നുമകലും. സ്വജനങ്ങളിൽ നിന്നും കാര്യമായ ഗുണം കിട്ടില്ല. പിതാവിനേക്കാൾ മാതാവിനോട് ആഭിമുഖ്യം പ്രകടിപ്പിക്കും. ആളുകളെ അറിഞ്ഞു പെരുമാറുകയും സുഖദുഃഖങ്ങളിൽ സമചിത്തതയോടെ പെരുമാറുകയും ചെയ്യും.

പൊതുവിജ്ഞാനം സമ്പാദിക്കുന്നതിൽ താൽപര്യമുണ്ടാവും. പുസ്തകങ്ങൾ വായിക്കുക, അറിവുള്ളവരുമായി സംസാരിക്കുക, പ്രഭാഷണങ്ങളിൽ താൽപര്യം എന്നിവ ഇഷ്ടവിനോദങ്ങളാണ്. വിവാഹത്തിന് കാലതാമസം വരാം.  ജീവിത പങ്കാളിയുമായി ഇടയ്ക്കിടെ അഭിപ്രായ വ്യത്യാസത്തിനിടയുണ്ട്. അസ്വസ്ഥമായ കുടുംബജീവിതമോ വേർപാടുള്ള ജീവിതമോ ഉണ്ടാകാം. 

ആരോഗ്യം പൊതുവേ മെച്ചമായിരിക്കും. വാതസംബന്ധമായ രോഗങ്ങളും മൂത്രാശയ രോഗങ്ങൾക്കും സാധ്യതയുണ്ട്. ഗൗരവമായ രോഗപീഢയ്ക്ക് സാധ്യതയില്ല. ഒൻപതുവയസുവരെ ത്വക് രോഗങ്ങൾക്ക് സാധ്യത. ഒൻപത് മുതൽ ഇരുപത്തിയഞ്ച് വയസുവരെ വിദ്യാഗുണം കുടുംബാഭിവൃദ്ധി, ആരോഗ്യം, മാതാപിതാക്കൾക്ക് നേട്ടങ്ങൾ ഇവയുണ്ടാകും. 44 വരെയുള്ള കാലം യാത്രാക്ലേശം, ശരീരക്ലേശം, അധ്വാന കൂടുതൽ ഇവയുണ്ടെങ്കിലും ഭൂമിലാഭം, ഗൃഹലാഭം, ധനലാഭം, വാഹനഗുണം ഇവയ്ക്കു അനുകൂലമായ സമയം. 44നും 61 നും ഇടയ്ക്കുള്ള കാലം ശാന്തവും സന്തോഷപൂർണവുമായിരിക്കും. 61 മുതൽ 68 വരെ രോഗയോഗം, ചതവ്, മുറിവ്, പൊള്ളൽ ഇവയ്ക്ക് സാധ്യത. 68 നു ശേഷം ജീവിതം സമാധാനപരമായിരിക്കും.

ആത്മീയ പ്രവർത്തനങ്ങൾ, പൗരാണിക വിഷയങ്ങൾ, ന്യായാധിപൻ, സാമൂഹ്യക്ഷേമം, അധ്യാപകവൃ‌ത്തി ഇവ ശോഭിക്കാവുന്ന മേഖലകളാണ്. അത്തം വേധനക്ഷത്രമാണ്. ഉത്തൃട്ടാതി, അശ്വതി, കാർത്തിക ഉത്രം മുക്കാൽ, അത്തം, ചിത്തിര ആദ്യപകുതി പ്രതികൂലനക്ഷത്രങ്ങളാണ്.

ശനി, കേതു സൂര്യൻ എന്നീ ദശകളിൽ പരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതാണ്. ചതയം തിരുവാതിര, ചോതി, നക്ഷത്രങ്ങളിൽ ക്ഷേത്രദർശനത്തിനും പൂജാദികാര്യങ്ങൾക്കും ഉത്തമം. സർപ്പക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും കുടുംബത്തിലെ സർപ്പക്കാവുകൾ പരിരക്ഷിക്കുകയും കാവിൽ വൃക്ഷം നട്ടുവളർത്തുന്നതും ഗുണകരമാണ്. ചതയം നക്ഷത്രത്തിൽ രാഹുപൂജ നടത്തുകയും  രാശ്യാധിപനായ ശനിയെ പ്രീതിപ്പെടുത്തുകയും വേണം.  ശനിയാഴ്ച വ്രതം ശാസ്താക്ഷേത്രദർശനം ഇവ അനുഷ്ഠിക്കുക.

ഓം വരുണായനമഃ എന്നു ജപിക്കുന്നത് ഉത്തമം. 

ലേഖനം തയ്യാറാക്കിയത്

ഗീതകുട്ടി

ലക്ഷ്മീനാരായണ കൊടുങ്ങൂർ

9656132213

sreelakshminarayananastro@gmail.com

Your Rating: