Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചതയം-പൂരുരുട്ടാതി നക്ഷത്രക്കാരുടെ കർമ്മ പുരോഗതിക്ക്

weekly-star-prediction

ചതയം

രാഹുർദശയിലാണ് ജനനം, ജനങ്ങളെ സഹായിക്കുന്നതിൽ താൽപര്യമുള്ളവരും, കാര്യങ്ങളിൽ മുൻപന്തിയിലിരിക്കുന്നവരും, കുട്ടിക്കാലം മുതൽ ഈ സ്വഭാവത്തെ പ്രോത്സാഹിപ്പിച്ചാൽ ഭാവി ശോഭനമായിത്തീരും. നയചാതുര്യവും വാക്സാമർത്ഥ്യവും കൊണ്ട് മറ്റുള്ളവരെ അമ്മാനമാടാൻ ചാതുര്യമുള്ളവരും, സഹനശക്തിയും ക്ഷമയുമില്ലാത്തവരും, മുൻകോപികളും ആശയവിനിമയത്തിൽ മിടുക്കരും, മറ്റുള്ളവരെ വിശ്വസിക്കുകയില്ല, ചതി  ഒരിക്കലും പൊറുക്കാത്തവരാണ്. പാമ്പിന്റെ പക ഉള്ളിൽ സൂക്ഷിക്കുന്നതുപോലെ രാഹുവിന്റെ നക്ഷത്രക്കാരായ ഇവർ വച്ചു പുലർത്തുന്നു. ആത്മീയതാൽപര്യവും ദൈവീക കഴിവുകളും ഉള്ളവരും, അറിവും വിവേകവും ഉണ്ടെങ്കിലും പെട്ടെന്ന് പ്രതികരിക്കുന്നവരായതിനാൽ ദോഷങ്ങൾ വിലയ്ക്കു വാങ്ങുന്നു. ആലോചിക്കാതെ പ്രതിസന്ധികളിൽ അകപ്പെടുന്നു. ക്ഷമയോടെയും കരുതലോടെയും ജീവിക്കാൻ വേണ്ട ഉപദേശങ്ങൾ രക്ഷിതാക്കൾ നൽകണം. സ്വതന്ത്രചിന്ത, ജ്ഞാനം, സാഹിത്യാഭിരുചി ഇവയ്ക്കുടമയുമാണ്. കടുത്ത തീരുമാനങ്ങളെടുക്കുന്നതിലൂടെ പൊതുജനങ്ങളുടെ വിരോധം അനുഭവിക്കും. സഹായം ചോദിക്കുന്നവരെ കയ്യയച്ചു സഹായിക്കുന്നു. മുൻകോപികളെങ്കിലും ശുദ്ധഹൃദയരാണ്. അനിഷ്ടസത്യങ്ങൾ പറയുന്നവരെ ഇഷ്ടപ്പെടാറില്ല. സ്നേഹിക്കുന്നവർക്ക് കരളും പറിച്ചു കൊടുക്കും. നോവിച്ചാൽ അവരുടെ കരളറുത്തെടുക്കും. കൊഴുപ്പുസംബന്ധമായ രോഗങ്ങൾ ഇവരെ പെട്ടെന്ന് പിടികൂടും. കുട്ടിക്കാലം മുതൽ കൊഴുപ്പാഹാരങ്ങൾ ഒഴിവാക്കണം. രക്തസമ്മർദം, എല്ലു സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കടിമയായതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. യോഗാപരിശീലനവും ഭക്ഷണനിയന്ത്രണവും ചെറുപ്പം മുതലേ ശീലിപ്പിക്കണം. മറ്റുള്ളവരുടെ മേൽ അധികാരം ചെലുത്തുന്നതിനാൽ ശത്രുക്കളെ വിലയ്ക്കു വാങ്ങിക്കുന്നു. ഇതൊഴിവാക്കാനുള്ള ഉപദേശം നല്‍കണം. ചതവോ മുറിവോ കൂടെ കൂടെ ഉണ്ടായിക്കൊണ്ടിരിക്കും. നല്ല അഭിനയശേഷിയുള്ളവരും, ദേഷ്യം ഉള്ളിൽവച്ച് പുഞ്ചിരിക്കുന്നവരും, സേവനസന്നദ്ധതയുള്ളവരും, എപ്പോഴും യാത്രകൾ നടത്തുന്നവരും ആയിരിക്കും. സ്വന്തം ആശയം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കും.

ഭാഗ്യദിനം – വെള്ളി, ശനി

ശുഭതിയതി – 4, 13, 22, 31

പൂരുരുട്ടാതി

വ്യാഴദശയിലാണ് ജനനം, അറിവിന്റെ ഉറവിടമായി ഇവരെ കാണണം. കർമ്മരംഗത്തും മികച്ചവരാകാൻ കഴിവുള്ളവരും, വാക്ചാതുര്യവും, ശുദ്ധഗതിക്കാരാണ്, ക്ഷമയും സ്ഥിരോത്സാഹവും കൈമുതലുള്ളവരായിരിക്കും, നീതിയും ധർമ്മവും കൈവെടിയാത്തവരും, പൊതുജനങ്ങൾക്ക് ലളിതമായി മനസിലാവുന്നവിധം കാര്യങ്ങള്‍ അവതരിപ്പിക്കുന്നവരും, അവരുടെ കാര്യങ്ങളിൽ ആത്മാർത്ഥമായി ഇടപെട്ട് വിജയിച്ചുകൊടുക്കുകയും, പുതിയ പുതിയ ആശയങ്ങൾ കണ്ടെത്തുകയും, പുതിയ പുതിയ ബന്ധങ്ങളിലും സൗഹൃദങ്ങളിലും സന്തോഷം കൊണ്ടാടുന്നവരും, ശാന്ത ഗംഭീര സ്വഭാവമാണെങ്കിലും ആരെയും വക വെക്കാത്തവരും, തനിക്ക് ശരിയെന്ന് തോന്നുന്നതെ ചെയ്യുകയുള്ളു. ഇവരെ ഏതെങ്കിലുമൊരു കായിക പരിശീലനത്തില്‍ താൽപര്യമുണ്ടാക്കി എടുക്കുന്നത് നല്ലതായിരിക്കും. ആഡംബര വസ്ത്രങ്ങൾ ധരിക്കുന്നതിൽ അതീവ കമ്പമുള്ളവരും അവരുടെ ഇഷ്ടത്തിനുള്ള വസ്ത്രങ്ങൾ അണിയാൻ അനുവാദം നൽകണം. പ്രായത്തിനനുസരിച്ചുള്ള ബലമില്ലാത്ത പ്രകൃതക്കാരാണ്. ജീവൻ നിലനിർത്തുന്നതിനാവശ്യമായ പഴവർഗ്ഗങ്ങൾ കഴിക്കേണ്ടതാണ്. മനപ്രയാസവും ക്ഷോഭവും ആർക്കും കണ്ടുപിടിക്കാന്‍ കഴിയില്ല. ഉടുതുണിയിലും കുടിക്കുന്ന വെള്ളത്തിൽപോലും പെറ്റമ്മയെ പോലും വിശ്വസിക്കാത്തവരാണ്. വലിയ ദൈവഭക്തരും പണ്ഡിതരുമാണ്. തന്റെ നിയമങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിച്ച് നടപ്പിലാക്കി ആനന്ദം കണ്ടെത്തും. ബാല്യകാലത്ത് നൽകേണ്ട പോളിയോ തുള്ളിമരുന്നും മറ്റു പ്രതിരോധ കുത്തിവയ്പ്പുകളും യഥാസമയത്തു നൽകണം. ആരോഗ്യരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ കാര്യങ്ങള്‍ കുട്ടിക്കാലത്തേ ചെയ്യേണ്ടതാണ്. ഇവരുടെ ആത്മീയമായ ചിന്താഗതി വേറിട്ടു നിലൽക്കുന്നു. ആത്മീയതയും ഭൗതികതയും ഒരേപോലെ ഇവർ കൊണ്ടുപോകുന്നു. ആത്മീയതയ്ക്ക് മുൻതൂക്കം കിട്ടിയാൽ ലോകോപകാരപ്രദമായി പ്രവർത്തിക്കുകയും, കൃത്യനിഷ്ഠയും ജീവിതനിഷ്ഠയും നിറഞ്ഞുനിൽക്കുകയും ചെയ്യുന്നു. ഭൗതികതയ്ക്ക് മുൻതൂക്കം കിട്ടിയാൽ അവസരവാദികളും ഗർവ്വുകാരും അഹങ്കാരികളും സ്വാർത്ഥരുമായി മാറുന്നു. ചിലർക്ക് ലഹരിവസ്തുക്കളോട് താൽപര്യം വർദ്ധിക്കും. മറ്റുള്ളവരുടെ ഇഷ്ടമറിഞ്ഞു പെരുമാറുന്നു. ഏതുരംഗത്തും ശുഭാപ്തി വിശ്വാസം ഇവരുടെ കൂടപ്പിറപ്പാണ്. മനോദുഃഖം വിട്ടുമാറില്ല. സാഹിത്യം, ഗണിതം, ജ്യോതിഷം, വേദങ്ങൾ എന്നിവയിൽ താൽപര്യമുള്ളവരും, ചിലർ അറ്റകൈയ്ക്ക് ഉപ്പു തേയ്ക്കാത്ത അറുപിശുക്കരുമായിരിക്കും. കുലീനത്വം പുലർത്തുന്ന സ്വഭാവമായിരിക്കും ഇവരുടേത്. എന്നാൽ മോശമായാൽ അങ്ങേയറ്റം മോശമാകുകയും ചെയ്യും. ഏതുകാര്യവും മനസ്സിരുത്തി ചിന്തിച്ചതിനുശേഷം മാത്രമെ പ്രവർത്തിക്കുകയുള്ളു. ഔദ്യോഗികമായി ഏതു തൊഴിലിൽ ഏർപ്പെട്ടാലും അവിടെ താങ്കളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച് അവിടെ സമ്പത്ത് വർധിപ്പിക്കും. നിയമങ്ങൾ അനുസരിക്കുന്നതിലും അത് നടപ്പാക്കുന്നതിലും തികഞ്ഞ നിഷ്ട പാലിക്കുന്നതിലും, മേലുദ്യോഗസ്ഥരോടും സഹപ്രവർത്തകരോടും കുറ്റവും കുറവും പറഞ്ഞ് തിരുത്തുന്നത് അപ്രീതി സമ്പാദിച്ചുകൂട്ടുന്നവരാണ്.

ഭാഗ്യദിനം – വ്യാഴം, ശനി

തിയതി – 3, 12, 21

ലേഖകൻ

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating: