Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്തിര നക്ഷത്രക്കാർ കാര്യങ്ങൾ മുൻകൂട്ടികാണും

astro-star

ഇവരെക്കുറിച്ച് ഒരു തിളക്കമാർന്ന ശില്പി എന്നു വേണമെങ്കില്‍ പറയാം. ഒത്ത ശരീരമായിരിക്കും, ഒപ്പം മെലിഞ്ഞതുമായിരിക്കും.  ഇവരെ ആൾക്കൂട്ടത്തിലും തിരിച്ചറിയാൻ കഴിയും. കാരണം ഇവരുടെ ആകർഷകമായ പെരുമാറ്റവും മുഖഭാവവും മറ്റുളളവർക്ക് ഇവരിൽ ഒരു പ്രത്യേക കഴിവുണ്ടെന്ന് മനസ്സിലാക്കാം. വളരെ ബുദ്ധിമാൻമാരും സമാധാനകാംക്ഷികളുമാണ്. ചന്ദ്രന്റെയോ ശനിയുടെയോ ദോഷകരമായ ദൃഷ്ടി വന്നാല്‍ ഇവർ കൗശലശാലികളും ദയവില്ലാത്തവനുമായിരിക്കും. ഒപ്പം സ്വാർത്ഥ താല്പര്യത്തിനു വേണ്ടി പ്രവർത്തിക്കുന്നവരാ യിരിക്കും. ഇവർക്ക് സ്വതവെ കിട്ടിയ ഒരു ഭാഗ്യമാണ് കാര്യങ്ങൾ മുൻകൂട്ടി കാണാൻ കഴിയുമെന്നത്, അതുകൊണ്ട് ജ്യോതിഷകാര്യത്തിൽ ഇവർക്ക്  കഴിവ് ഉണ്ടാകും ഒരു ജ്യോതിഷിയാണെങ്കിൽ മനസ്സിൽ കാണുന്ന സ്വപ്നത്തെ സാക്ഷാത്കരിക്കുന്നവരാണിവർ, ഇത് ദൈവകല്പിതമായി ഇവരുടെ തലയിൽ ഉറപ്പിച്ചു വച്ചിട്ടുണ്ടായിരിക്കുകയും ചെയ്യും. ഇവർ മറ്റുള്ളവരുടെ വികാരവിചാരങ്ങളെക്കുറിച്ച് ചിന്തിക്കുകയോ, മറ്റുളളവരുടെ കാര്യത്തിൽ സ്വാർത്ഥരോ ആവാറില്ല. ഇതു കാരണം ഇവർ എല്ലാ വിധത്തിലും മറ്റുള്ളവരോട് സഹകരണവും വിനയവും അനുകമ്പയും പ്രകടിപ്പിക്കും. എന്നാൽ മറ്റുള്ളവർ ഇവരെ അഹങ്കാരികളെന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഏതിലും വരും വരായ്കകളെക്കുറിച്ച് ചിന്തിക്കാതെ  പെട്ടെന്ന് കൊടുക്കുന്ന മറുപടികൾ പലപ്പോഴും പശ്ചാത്തപിക്കേണ്ടി വരികയും പിന്നെ അത് തിരുത്താൻ ശ്രമിക്കുമ്പോൾ കാലം വളരെ വൈകിപ്പോവുകയും ചെയ്യും. ശത്രുക്കളെ വകവരുത്താൻ കഴിവുള്ളവരാണിവർ. ഇവർ ചെയ്യേണ്ടത് ചെയ്തു അതിൽ നിന്നും ഇവർ നിഷ്പ്രയാസം രക്ഷപ്പെടുകയും ചെയ്യും. 

സമൂഹത്തിൽ താഴത്തട്ടിലുളളവരെ രക്ഷപ്പെടുത്തുന്നതിൽ സഹായം നൽകുന്നവരാണിവർ. ഇവരെ സമൂഹത്തില്‍ ഉയർന്ന നിലയിലെത്തിക്കാൻ പരിശ്രമിക്കുകയും ചെയ്യും. ഏകദേശം 32 വയസ്സുവരെ കഷ്ടപ്പാടുകളായിരിക്കും. എന്നാൽ അതിനു ശേഷം 55 വയസ്സുവരെ ഇവരുടെ ജീവിതത്തിലെ സുവർണ്ണ കാലമായിരിക്കും. കുടുംബത്തിൽ എല്ലാപേരെയും സ്നേഹിക്കുമെങ്കിലും സംശയരോഗികളായിരിക്കും. ഇവർക്ക് അച്ഛനിൽ നിന്നും സ്നേഹം ലഭിക്കുകയില്ല. അച്ഛനിൽ നിന്നും അകന്നിരിക്കുകയും ചെയ്യും, ഇവരുടെ ജനനത്തോടു കൂടി അച്ഛന് ക്ലേശങ്ങൾ ധാരാളം ഉണ്ടാകാൻ തുടങ്ങും. ഒരുപക്ഷേ, പിതൃകാരകനായ സൂര്യനുമായി രാശ്യാധിപൻമാരുമായ ബുധനും ശുക്രനുമായുള്ള ശത്രുത്വമായിരിക്കും. ഇതിനു കാരണം. ചിത്തിര പിറന്നാൽ അപ്പൻ തെരുവിൽ എന്ന ചൊല്ല് ഈ അനുഭവത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ അമ്മയുമായുള്ള ബന്ധം നേരെ തിരിച്ചാണ്. ഇവർ മാതൃഭക്തരും, മാതാവിന് സന്തോഷകാരികളും, മാതൃ സൗഹൃദം അനുഭവിക്കുന്നവരുമായിരിക്കും. ചിത്തിര പിറന്ന ഗൃഹം വിട്ട് ദൂരെ പോയി താമസിക്കുമെന്നും പഴമക്കാർ പറയുന്നുണ്ട്. പിറന്ന ഗൃഹം നശിപ്പിക്കുകയോ വിൽക്കുകയോ ചെയ്തെന്നും വരാം. 

കുടുംബജീവിതം പൊതുവെ നന്നായിരിക്കുകയില്ല ചില ഏറ്റക്കുറച്ചിൽ ഉണ്ടാകാം.  ഇവർക്ക് ജീവിതത്തിൽ വളരെയധികം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരികയും, ഇതിലൂടെ ധാരാളം ആക്ഷേപങ്ങൾക്ക് പാത്രമാകേണ്ടി വരികയും ചെയ്യും. കൂടുതൽ കാര്യ ങ്ങൾ ലഗ്നാധിപനെയും ജാതകന്റെ ലഗ്നാധിപന്റെ സ്ഥിതിയെയും നോക്കി വേണം പ്രവചനം നടത്താൻ. ഇവർ ഉയർച്ച ആഗ്രഹിക്കുന്നവരാണ്. സാഹസികതയിൽ താല്പര്യമുള്ളവരാണിവർ. കന്നിരാശിക്കാരിൽ പ്രായോഗിക ബുദ്ധി, വാക്സാമർത്ഥ്യം, ബുദ്ധി കൗശലം, പ്രവർത്തന സാമർത്ഥ്യം, സ്ഥിരോത്സാഹം എന്നീ ഗുണഗണങ്ങളും. തുലാം രാശിക്കാരിൽ  പരാക്രമശാലികളും വികാരാവേശമുള്ളവരും ബുദ്ധികൂർമ്മരും കലാവാസനയുള്ളവരും കല്പനാ ശീലമുള്ളവരും രസികരുമായിരിക്കും. ഇവര്‍ കുശാഗ്രബുദ്ധിയും ശാന്തതയുള്ളവരുമായിരിക്കും പുറമെ വിനയമായും വിധേയമായും പെരുമാറുമെങ്കിലും ഉള്ളുകൊണ്ട് ആരെയും വകവയ്ക്കാത്തവരാണിവർ. അന്യരുടെ സമ്പത്തുപയോഗിക്കാൻ യോഗമുള്ളവരാണ്. സ്വന്തം പരാജയത്തിനു കാരണം ഇവർ  തന്നെയാണ്. ഇവർക്ക് ചൊവ്വായുടെ പ്രഭാവമുള്ളതുകൊണ്ട് പരുഷമായി സംസാരിക്കുകയും ക്രൂരമായി പെരുമാറുകയും ചെയ്യുന്നു. മതപരമായ കാര്യത്തിൽ തൽപരരാണ്. മുൻകോപികളും പരോക്ഷമായി കളിയാക്കുന്നവരും വാദിക്കുന്ന സ്വഭാവക്കാരുമാണിവർ. അപകടകരമായ പ്രവർത്തികളിൽ താല്പര്യം, ഉയർച്ചയിൽ താല്പര്യം. ലൗകികാസക്തി, ശാസ്ത്ര താല്പര്യം എന്നിവ ഇവരുടെ ജന്മസിദ്ധമായ സ്വഭാവമാണ്. രഹസ്യ സ്വഭാവവും അഭിമാനിയും പരസ്ത്രീജിതനുമായിരിക്കും. ഇവർ സുന്ദരന്മാരും ബുദ്ധിമാനും സ്ത്രീകൾക്ക് പ്രിയനും വേണ്ടാത്ത സംഭാഷണം ഇഷ്ടപ്പെടാത്തവനും സംസാരിക്കാൻ കഴിവുള്ളവനും തന്റെ വാക്കിന് വില കല്പിക്കാത്തവനുമായിരിക്കും. 

ചിത്തിര നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ 

സ്ത്രീകൾ സുന്ദരികളും, ബുദ്ധിമതികളും, പ്രവർത്തന ചാതുര്യമുള്ളവരുമായിരിക്കും. ശനി ബുധൻ വ്യാഴൻ ജാതകത്തിൽ ബലമുണ്ടായിരുന്നാൽ ഈ ദശയിൽ നല്ല ഫലങ്ങള്‍ ലഭിക്കും. വ്യാഴൻ ദുർബലനായാൽ ഫലവും മോശമായിരിക്കും. കൃഷ്ണ പക്ഷ ചതുർ ദശിയും ചിത്തിരയും യോജിച്ചു വരുന്ന ദിവസം ജനിക്കുന്നത് വിഷകന്യകയായിരിക്കും, ശുക്ലപക്ഷ ചതുർദശിയും ചിത്തിരയും വരുന്ന ജനനം സ്ത്രീ നിത്യ ദരിദ്രയായിരിക്കും. സ്വതന്ത്ര സ്വഭാവക്കാരും, ബഹുമാനിക്കപ്പെടാത്തവളും ദുരാഗ്രഹിയുമായിരിക്കും. നിര്‍ഭാഗ്യങ്ങളും, ഭർ‌തൃവിരഹം, ഭർതൃപരിത്യാഗം ഇവയാൽ പലരുടെയും ജീവിതം ദുരിത പൂർണ്ണമായിരിക്കും. നല്ല ജാതക പരിശോധനയിലൂടെ മാത്രമേ ഇവരുടെ വിവാഹം നടത്താൻ പാടുള്ളൂ. 

പൊതുഫലം– ചിത്തിര അഥവാ ചിത്ര എന്ന നക്ഷത്രക്കൂട്ടം കണ്ടാൽ ചിരവ പോലെയോ മുത്തുകൾ പോലെയോ തോന്നും. ചിത്ര എന്ന വാക്കിനർത്ഥം തിളങ്ങുന്ന എന്നാണ്. 27 നക്ഷത്രങ്ങളിൽ 14–ാം നക്ഷത്രമാണിത്. 13 നക്ഷത്രങ്ങൾ അപ്പുറവും ഇപ്പുറവുമായി ഒരു ലോക്കറ്റ് പോലെ ഇതിനെ കാണണം. ചിത്രഗുപ്തന്റെ നക്ഷത്രമാണ് ചിത്തിര, മേടമാസ ചിത്തിരയാണ് ചിത്രഗുപ്തന്റെ ജനനം. ആരും അറിയാതെ  എന്തു തെറ്റും ചെയ്യാമെന്ന് നമ്മൾ കരുതും പക്ഷെ ചിത്രഗുപ്തന്‍ അറിയാതെ ഒരില പോലും ചലിക്കില്ല. ചിത്രഗുപ്തനാണ് ശിക്ഷ വിധിക്കുന്നത്, അതുപോലാണീ നക്ഷത്രക്കാരും.

നക്ഷത്ര വൃക്ഷം– കൂവളം, മഹാദേവന്റെ ഇഷ്ട വൃക്ഷമെന്ന നിലയിൽ കൂവളം ഏറെ പ്രശസ്തി അർഹിക്കുന്നു. ഔഷധ വൃക്ഷം കൂടിയാണ്. ഇതിന്റെ  ഇലകൾ ശിവന്റെ തൃക്കണ്ണായി വിശ്വസിക്കുന്നു.

ആൾ പുലി–ചിത്തിരയുടെ മൃഗമാണ് ആൾ പുലി.

നക്ഷത്രപ്പക്ഷി– കാക്ക 

വിദ്യാഭ്യാസം– ബാല്യകാല ദശകൾ മോശമായതിനാൽ അദ്ധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം.

തൊഴിൽ– റിയൽ എസ്റ്റേറ്റ്, വ്യാപാര ഇടനില, വർക്‌ഷോപ്പ്, ഡോക്ടർ, അച്ചടിരംഗം, ഡ്രൈവർ, പോസ്റ്റൽ വിഭാഗം, സിവിൽ സർവ്വീസ് മേഖല, പൊലീസ്  സേനാവിഭാഗം, അഭിനയം, മദ്യ വിപണന മേഖല ഭാഗ്യക്കുറി, വ്യാപാരം, ദേവസ്വവുമായി ബന്ധപ്പെട്ട തൊഴിൽ, തുകൽ ഫാക്ടറി, സിമന്റ് കമ്പനി, ഐ.ടി മേഖലയിൽ കരാർ ജോലി. ടാക്സ്, റവന്യൂ വകുപ്പ്, വക്കീൽ, മതവിശ്വാസി, പ്രതിരോധ വകുപ്പ്, കലാസാംസ്കാരിക മേഖല, അലങ്കാരം, ഖനി, ഇലക്ട്രിസിറ്റി, സുഗന്ധദ്രവ്യം.

ആരോഗ്യം– ആന്തരിക അൾസർ, വേദന, വിരകൾ, ത്വക് രോഗം, കാലിൽ വേദന, പ്രാണികളുടെ ഭ്രംശം, ഇഴജന്തു ഉപദ്രവം, അരയ്ക്കു താഴെയുള്ള ഭാഗങ്ങൾ, മൂത്രനാളി നീര്, കിഡ്നി രോഗം, തലവേദന, കിഡ്നിയില്‍ കല്ല്, രക്തസംബന്ധ രോഗം.

അനുയോജ്യമായ നക്ഷത്രങ്ങൾ– അശ്വതി–7, രോഹിണി–6, തിരുവാതിര–5, ആയില്യം–7, അത്തം–6, ചോതി–5, മൂലം–6, ഉത്രം–5, തിരുവോണം–5, രേവതി–6.

പ്രതികൂല നക്ഷത്രം– വിശാഖം, കേട്ട, പൂരാടം, ഭരണി, കാർത്തിക, പൂയം, മകയിരം, അവിട്ടം, മകം, ഉത്രം, ചതയം, പൂരുരുട്ടാതി.

ഭാഗ്യ ദിനം– ചൊവ്വ, തിങ്കൾ, 

നിർഭാഗ്യ ദിനം– വെള്ളി, ഞായർ, വ്യാഴം

ഭാഗ്യ തീയതി– 9, 18, 27

നിർഭാഗ്യ തീയതി– 7, 14, 21

ശുഭ കാര്യങ്ങൾക്ക്– അനിഴം, മൂലം, തിരുവോണം, പൂയം 

ഒഴിവാക്കേണ്ടത്– വെളുപ്പ്, മഞ്ഞ

യോജിച്ചത് – ചുമപ്പ്

ഭാഗ്യ ദേവത– സുബ്രമണ്യം, നരസിംഹം

ദോഷ ദശാകാലം– വ്യാഴനും, കുജനും

അനുകൂല മാസം– കന്നി 20 മുതൽ തുലാം അവസാനം, മീനം, കർക്കിടകം, മിഥുനം.

പ്രതികൂല മാസം– കന്നി 20 വരെ.

പരിഹാരം– നവഗ്രഹത്തെ പ്രാർത്ഥിച്ച് മൂന്ന് നേരം വീട്ടിൽ നെയ്യ് വിളക്ക് കത്തിക്കുക, കടുംപായസമോ അരവണയോ വീട്ടിൽ മാസത്തിൽ രണ്ട് പ്രാവശ്യം നടത്തുക. നരസിംഹമൂർത്തിക്ക് ഉണക്ക മുന്തിരിയും കൽക്കണ്ടവും വച്ച് പ്രാർത്ഥിക്കുക.

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.