Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോതി നക്ഷത്രക്കാരുടെ സ്വഭാവം...

ജ്യോതിഷം

ഇരുപത്തിയെഴ് നക്ഷത്രങ്ങളിൽ 15-ാമതു നക്ഷത്രം രാശി ചക്രത്തിൽ 186-40 ഡിഗ്രി മുതൽ 200 ഡിഗ്രി വരെ വ്യാപിച്ചു കിടക്കുന്നു. മൃഗം- മഹീഷം, വൃക്ഷം- നീർമരുത്, ഗണം- ദേവം, യോനി-പുരുഷൻ, പക്ഷി-കാക്ക, അഗ്നി- ഭൂതം, നക്ഷത്ര ദേവത വായുവാണ്.

‘‘സ്വാത്യാം ദേവ മഹീസുരപ്രിയകരോ

ഭോഗി ധനി മന്ദധീർ ’’

സ്വാതി എന്ന് സംസ്കൃത നാമം.

ഇത് സംഹാര നക്ഷത്രം, ചരനക്ഷത്രം, തിര്യങ്മുഖം, സുലോചനം, ചതുഷ്പാദ്നക്ഷത്രം, മരിചി ഗോത്രം. ഊൺ നാളായതിനാൽ വിദ്യാരംഭം, ഉപനയനം, വിതക്കൽ, ആയുധഭ്യാസം പുതിയ വാഹനത്തിൽ കയറൽ, ഗൃഹപ്രവേശം, വിവാഹം, പുംസവനം, ഗൃഹാരംഭം, ഔഷധസേവ തുടങ്ങിയവയ്ക്ക് നല്ലതാണ്. ചോതിയുടെ നക്ഷത്രാധിപൻ രാഹുവാണ്. രാശ്യാധിപൻ ശുക്രനും ശുക്രന്‍റെയും രാഹുവിന്‍റെയും സംയുക്തസ്വഭാവം ഇവരിൽ കാണാൻ കഴിയും. ദേവ ബ്രാഹ്മണ ഭക്തിയുള്ളവരും സുഖഭോഗങ്ങളിൽ തല്പരരും സാരാഹ്യം നല്ല സാമ്പത്തിക സ്ഥിതയും ചില സമയങ്ങളിൽ ബുദ്ധിശൂന്യമായി പ്രവർത്തിക്കുകയും ചെയ്യും. ഈ നക്ഷത്രക്കാർ വളരെ സമർത്ഥരും ദയ, ധർമ്മനിഷ്ഠ ഇവയും ചോതിയുടെ പ്രത്യേകതയാണ്. യാഥാർത്ഥ്യങ്ങളെക്കാൾ സ്വപ്ന ലോകത്ത് ജീവിക്കാനാണ് ഏറെയിഷ്ടം. പരോപകാര താല്പര്യം മാനുഷികത എന്നീ ഗുണങ്ങൾ ഈ നക്ഷത്രക്കാരിൽ മുന്നിട്ടുനിൽക്കും. കാര്യപ്രാപ്തിയും പരിശ്രമശീലവും ഇവർക്കുണ്ടായിരിക്കും. സ്വന്തം അഭിപ്രായങ്ങൾ മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കാൻ ശ്രമിക്കും. ഇഷ്ടത്തിനൊത്തു നിൽക്കുന്നവർക്ക് സാധ്യമായ ഏതു സഹായവും ചെയ്തുകൊടുക്കും. ഏതു കാര്യത്തിന്‍റെയും ലാഭനഷ്ടങ്ങൾ നോക്കിയാവും ഓരോ കാര്യത്തിലും തീരുമാനമെടുക്കുന്നത്. തന്‍റെ കഴിവുകളെ തനിക്കു പ്രിയപ്പെട്ടവർ അംഗീകരിക്കണമെന്നു നിർബന്ധമുണ്ട്. വിമർശനങ്ങൾ നേരിടാനുള്ള കഴിവുകുറവാണ്. നിർബന്ധ ബുദ്ധി കൂടുതലായി ഉണ്ടെങ്കിലും പുറമെ വളരെ ശാന്തസ്വഭാവം പ്രകടിപ്പിക്കും. ചോതിക്കാർ അപ്രതീക്ഷിതമായി ജീവിതത്തിൽ വളരെ പെട്ടെന്ന് ഉയർച്ചയിലെത്തുകയും വളരെപ്പെട്ടെന്ന് എല്ലാം ഇല്ലാതാകുകയും ചെയ്യുന്നതായി കാണാറുണ്ട്. തനിക്ക് താൻ തന്നെ നാശം വരുത്തി വയ്ക്കും.

മനസിന് സന്തോഷം നൽകാത്തതും കുടുംജീവിതത്തിന് ഹാനി സംഭവിക്കാവുന്നതുമായ കാര്യങ്ങളിൽ നിന്നും ഒഴിവായി നിൽക്കും. തുലാംരാശിയുടെ പ്രതീകമായ ത്രാസുപോലെ എല്ലാ കാര്യത്തിന്‍റെ ഗുണദോഷങ്ങളെ താരതമ്യപ്പെടുത്തി തീരുമാനമെടുക്കാൻ ഇവർക്ക് കഴിവുണ്ടായിരിക്കും. വ്യാപാരത്തിലും വ്യവസായത്തിലും ഇവർ നല്ല കഴിവുള്ളയാളായിരിക്കും. രാശ്യാധിപൻ ശുക്രനായതിനാൽ ആകർഷകമായ വ്യക്തിത്വം ഇവർക്കുണ്ടായിരിക്കും. 4-ാം ഭാവാധിപൻ ശനി തുലാത്തിൽ ഉച്ചനാകയാൽ ബാല്യത്തിൽ അമ്മയുടെ സ്നേഹം

ധാരാളം ലഭിക്കും. അതിനാൽ അമ്മയെപ്പോലെ കുടുംബാംഗങ്ങളെ സ്നേഹിക്കുവാനും ഗൃഹത്തിൽ ശാന്തിയും സമാധാനവും നിലനിർത്തുന്നതിനുവേണ്ടി ഏതു ത്യാഗവും സഹിച്ചും കലഹം ഒഴിവാക്കാൻ ശ്രമിക്കും. വിവാഹ ജീവിതത്തിൽ പലക്ലേശങ്ങളും ഉണ്ടാകാറുണ്ടെങ്കിലും അതു രഹസ്യമായി സൂക്ഷിക്കും. വ്യവസായത്തിൽ ഉപദേശികൾ എന്ന നിലയിൽ ഇവർക്ക് ശോഭിക്കാനാവും. ചന്ദ്രനുമായി ബന്ധപ്പെട്ട വസ്തുക്കളുടെ വ്യാപാരങ്ങൾ ഇവർക്കു ഗുണകരമാവും. ഔഷധം, ജലോൽപന്നങ്ങൾ, മധുരപലഹാരങ്ങൾ, പഴവർഗ്ഗങ്ങൾ ഇവയും കൂടാതെ അഭിനയം, സംഗീതം, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ ന്യായാധിപൻ, രാഷ്ട്രീയം തുടങ്ങിയ മണ്ഡലങ്ങളിലും ശോഭിക്കാൻ കഴിയും.

ബാല്യം പൊതുവേ ക്ലേശകരമായിരിക്കും. 20 വയസിനുശേഷം പൊതുവേ ഗുണകരമായിരിക്കും. 30 വയസിനു ശേഷം വലിയ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. മെച്ചമായ ജോലി, നല്ല വിവാഹം, പലവിധത്തിലും ധനലാഭം തുടങ്ങിയ ഗുണങ്ങളുണ്ടാകും. 45-നും 61-നും മധ്യേകാലം ഗുണദോഷ സമ്മിശ്രമായിരിക്കും. 62-നും 68-നും മധ്യേ പെട്ടെന്നുള്ള രോഗപീഡ, അപകടങ്ങൾ, ക്ലേശങ്ങൾ ഇവക്കു സാധ്യതയുണ്ട്. ശേഷം ഗുണകരമായിരിക്കും.

രോഹിണി വേധ നക്ഷത്രമാണ്. അനിഴം, മൂലം, ഉത്രാടം, കാർത്തികയുടെ അവസാനമൂന്നു പാദങ്ങൾ, മകയിരം ആദ്യപകുതി ഇവ പ്രതികൂല നക്ഷത്രങ്ങളാണ്.

ശനി, കേതു, ആദിത്യൻ എന്നീ ദശകാലങ്ങളിൽ വിധിപ്രകാരമുള്ള ദോഷപരിഹാരകർമ്മങ്ങൾ അനുഷ്ഠിേക്കണ്ടതാണ്. രാഹുപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുക. സർപ്പക്ഷേത്രദർശനം സർപ്പക്കാവിൽ നീർമരുത് വച്ചുപിടിപ്പിക്കുക തുടങ്ങിയ കർമ്മങ്ങൾ ഗുണം ചെയ്യും. ശുഭപ്രീതികരമായ കർമ്മങ്ങളും ലക്ഷ്മിപൂജയും നടത്തുന്നത് ഉത്തമം. വായു പുത്രനായ ഹനുമൽ ഭജനവും ഗുണം ചെയ്യും.

ഓം വായവേ നമഃ എന്നു ജപിക്കുന്നത് ഉത്തമം.

ലേഖനം തയ്യാറാക്കിയത്

ഗീതകുട്ടി

ലക്ഷ്മീനാരായണ കൊടുങ്ങൂർ

9656132213

sreelakshminarayanaastro@gmail.com

Your Rating: