Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തയാറെടുപ്പുകളുടെ കർക്കടകം

1190-Karkkidakam

മിഥുനം, കർക്കടകം മാസങ്ങൾ വിവിധ മതങ്ങൾ വിവിധ ശീർഷകങ്ങളിൽ വിനിയോഗിച്ചുവരുന്നു. വിളവെടുപ്പുകളുടെ ചിങ്ങത്തെ വരവേൽക്കാം, ചിങ്ങത്തിലാരംഭിക്കുന്ന നവവത്സരത്തെ വരവേൽക്കാം. അതിൽ ഉപവാസം, വ്രതാനുഷ്ഠാനങ്ങൾ, ധ്യാനം, ഹോമം, പൂജ എല്ലാറ്റിനും പങ്കുണ്ട്. ഔഷധസേവ പോലും മർമപ്രധാനം. പുതിയ സംരംഭങ്ങൾക്കു വർജ്യവും മോഹശരങ്ങളുടെ പടവുകൾ കയറാനുള്ള ഊർജം സംഭരിക്കുന്നതിനു വളരെ പ്രധാനവുമാണ് ഈ മാസം.

അടിച്ചുതളിച്ചു ശുദ്ധിവരുത്തിയ ഭവനങ്ങളിൽ ഉദയത്തിനും അസ്തമയത്തിനും മുൻപേ വിളക്കു തെളിയിച്ചു സൂര്യചന്ദ്രാദികളെ വരവേറ്റു ഗണപതിഹോമം, ഭഗവതിസേവ എന്നിവ നടത്തി ഗുരുക്കന്മാരെയും ആചാര്യവൃന്ദത്തെയും യഥാവിധി സ്വീകരിച്ചു സന്തോഷിപ്പിച്ചു യഥാശക്തി ദാനം നല്കുന്ന പതിവും ഉണ്ടായിരുന്നു. ഇത് ഇന്നും പലയിടത്തും നിലനില്ക്കുന്നു. ഇവയൊക്കെ സ്വന്തം ജീവിതത്തോടുള്ള രതിയുടെ സാത്വികഭാവങ്ങളാണ്. ആഖ്യാനവിഷയം ജ്യോതിഷപ്രധാനമായതിനാൽ ആ വഴിക്കു ചിന്തിക്കാം.

1190 കർക്കടകം എങ്ങനെ?

ഭാരതത്തിൽ ഭരണം കയ്യാളുന്നവർ മാനസികതലങ്ങളിൽ ഉഷ്ണാധിക്യം അനുഭവിക്കും. ജലക്കെടുതി സമൂഹത്തെയും പൊതുഖജനാവിനെയും ദോഷകരമായി ബാധിക്കും. ജലവാഹനദുരന്തം സൂചനയിലുണ്ട്. വിദ്യാർഥികൾ, അധ്യാപകർ, ഗണിതശാസ്ത്രം കൈകാര്യം ചെയ്യുന്നവർ, ഗവേഷകർ, നിയമരംഗത്തു പ്രവർത്തിക്കുന്ന പ്രമുഖർ ഉൾപ്പടെ പരിശ്രമഫലം കിട്ടാതെ അലമുറയിടുന്ന കാലം. പ്രവാസികൾ സംഘം ചേർന്നു മാതൃരാജ്യത്തേക്കു മടങ്ങാനിടയുണ്ട്. ഹൃദ്രോഗങ്ങളും ശ്വാസകോശരോഗങ്ങളും മൂർച്ഛിക്കാവുന്ന കാലം. അസ്ഥി, കണ്ണ്, പല്ല്, ഉദരം എന്നിവയും രോഗഭീതിയിൽ അവശ്യമരുന്നുകളുടെ ദൗർലഭ്യം നിയന്ത്രണാതീതം ആകാനിടയുണ്ട്. വന്‍ അഴിമതിയും പുറത്തുവരും. ഫലം നാസ്തി. സമൂഹത്തിൽ വിവിധ നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ഫലങ്ങൾ കേട്ട് അവയുമായി സമരസപ്പെട്ടു കഴിയുന്ന മലയാളികൾക്കു പ്രത്യേകിച്ചും അത്തരത്തിൽ കർക്കടകത്തെ ഒന്നു വിലയിരുത്താം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ)

മേടക്കൂറിൽ ജനിച്ചവർക്കു ശാരീരിക ആരോഗ്യം തീരെ തൃപ്തികരമല്ല. മരുന്നുകൾ സഹായകമാകും ദൈവാധീനവിഷയത്തിൽ സംഘർഷാത്മകമായ അന്തരീക്ഷമുണ്ട്. പരസ്പരവിരുദ്ധങ്ങളായ ആശയങ്ങൾ മനസ്സിനെയും ഉപാസനകളെയും തത്രപ്പാടിലാക്കാം. സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകളിൽ നിന്നു പ്രയോജനം എളുപ്പമല്ല. സഹോദരഗുണം, മാതൃസഹായം, ജനപ്രീതി, സന്തതികളുടെ ശ്രേയസ്സ്‌ എന്നിവ ഫലങ്ങളാണ്.

ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യപകുതി)

അനാരോഗ്യത്തിന്റെ സൂചനകളുണ്ട്. ഇഎൻടി രോഗങ്ങൾ, നാഡീഞരമ്പുകളെ ബാധിക്കുന്ന അസ്വസ്ഥതകൾ, കുടുംബത്തിലേക്കു ചതിവു പറ്റാനുള്ള സാധ്യത എന്നിവയോടൊപ്പം എതിർപ്പുകളെ മറികടക്കാനുള്ള അവസരവും കാണുന്നു. യാത്രാദുരിതം, ജീവിതപങ്കാളിക്കു രോഗാവസ്ഥ, പ്രമേഹാദികളുടെ ആക്രമണം എന്നിവ പ്രതീക്ഷിക്കേണ്ടതുണ്ട്. കടബാധ്യതകളിൽ പെടാതെ സൂക്ഷിക്കുക. വാക്കുകളെ നിയന്ത്രിക്കുന്നതും ചിന്തകളെ ഏകാഗ്രമാക്കുന്നതും നേട്ടങ്ങൾ വർധിപ്പിക്കും.

മിഥുനക്കൂറ് (മകയിരം അവസാനപകുതി, തിരുവാതിര, പുണർതം ആദ്യമുക്കാൽ)

ദൈവാധീനക്കുറവുണ്ട്. വിദ്യാർഥികൾ, കലാകാരന്മാർ, മാധ്യമപ്രവർത്തകർ എന്നിവരെ കൂടാതെ ഗണിതശാസ്ത്രം കൈകാര്യം ചെയ്യുന്നവർക്കും കാലം ഉത്കൃഷ്ടം. അധികാരലാഭം, ധനലാഭം, കുടുംബ പുരോഗതി എന്നിവ കാണുന്നു. വാക്കുകളെ നിയന്ത്രിക്കുകയും പുതിയ പദ്ധതികളി നിന്ന് ഈ മാസം ഒഴിവാക്കുകയും ചെയ്യുക.

കർക്കിടകക്കൂറ് (പുണർതം അവസാന കാൽ, പൂയം, ആയില്യം)

അലച്ചിൽ വേണ്ടി വരുമെങ്കിലും കഴിഞ്ഞ രണ്ടു വർഷത്തെക്കാൾ സാമ്പത്തികനേട്ടം വന്നുതുടങ്ങും. വിദ്യാർഥികൾക്കും കാലം ഉചിതം. ഭക്ഷണവൈകല്യം രോഗകാരണമാകാതെ നിയന്ത്രിക്കുക. പൊതുപ്രവർത്തകർക്കു ജനപ്രീതിയും അധികാരലാഭവും വന്നുചേരും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽ)

ഉദരരോഗശാന്തിയനുഭവപ്പെടും. പൊതുപ്രവർത്തകർ നേട്ടങ്ങൾ കൈവരിക്കും. വാണിജ്യരംഗത്തും സാമ്പത്തികലാഭം പ്രതീക്ഷിക്കാം. ഊഹക്കച്ചവടം പാടുള്ളതല്ല. അധികാരിവിരോധത്തിനു പാത്രമാകാതിരിക്കാന്‍ ജാഗ്രത പുലർത്തുക. അസ്ഥിസംബന്ധമായ രോഗങ്ങൾക്കു വൈദ്യോപദേശം നേടേണ്ടതാണ്.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യപകുതി)

തടങ്കലിൽ എന്ന പോലെ വീർപ്പുമുട്ടലിനു കാരണങ്ങൾ വന്നുചേരാം. വിഷദൂഷ്യം, ത്വഗ്രോഗങ്ങൾ, അപവാദങ്ങൾ, കുറ്റപ്പെടുത്തലുകൾ എന്നിവ നിഴൽ പോലെ പിന്തുടരുന്ന കാലം. ഗവേഷണ വിദ്യാർഥികൾക്ക് അനുകൂലസാഹചര്യം.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യമുക്കാൽ)

പൂർവാധികം ജീവിതലാഭങ്ങൾ സന്തതി മുഖേനയും ദൈവാധീനം കൊണ്ടും വന്നു ചേരും. ബിസിനസ് രംഗം സുരക്ഷിതതലത്തിലെത്തും. പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ ശങ്കിക്കേണ്ടതില്ല. നല്ല ബിസിനസ് പങ്കാളികളും ലഭ്യമാകും. വ്രതങ്ങൾ, ഉപാസനകൾ, ദാനകർമങ്ങൾ, ചിട്ടയായ ജീവിതചര്യ എന്നിവ ജീവിതമഹത്വം വർധിപ്പിക്കും

വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട)

ദൈവാധീനത്തിനു മറവുണ്ട്. സാഹസപ്രവൃത്തികൾ പാടില്ല. എടുത്തുചാട്ടം പരാജയത്തെ ക്ഷണിച്ചുവരുത്തും. അനാരോഗ്യം ഒരുതരം ഗുതുതരാവസ്ഥ കാണിക്കുന്നു. അധികാരമോഹം കൈവെടിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ചതിക്കുഴികൾ മുന്നിലും പിന്നിലും ഉണ്ടായേക്കാം. തികഞ്ഞ രാഗദ്വേഷം കൊണ്ട് ഒറ്റപ്പെട്ടേക്കാം. ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ടു പോകുമ്പോഴും അപവാദങ്ങൾ പതനഭയം സൃഷ്ടിക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യകാൽ)

ഭാഗ്യം, ദൈവാധീനം, ഗുരുക്കന്മാരുടെ അനുഗ്രഹം എന്നിവ ജീവിതത്തെ ധന്യമാക്കും. വന്നുചേരുന്ന നന്മകളിൽ ഭ്രമിക്കാതെ സർവേശ്വര പ്രസാദമെന്ന നിലയിൽ സ്വീകരിക്കുക. സന്തതികൾക്കു നല്ല കാലം. അഭിമാനിക്കാനുള്ള ഒന്നിലധികം അവസരങ്ങൾ ബലപ്പെട്ടു കാണുന്നു.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യപകുതി)

കലാകാരന്മാർ, വിദ്യാഭ്യാസ പ്രവർത്തകർ, പൊതുപ്രവർത്തർ ബാങ്കിങ്‌ രംഗത്തു പ്രവർത്തിക്കുന്നർ, ഷെയർ മാർക്കറ്റിലുള്ളവർ, റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നവർ എന്നു വേണ്ട സാഹസപ്രവൃത്തികൾ നടത്തുന്നവർ പോലും ജീവിതവിജയത്തിന്‍റെ പാതയിലെത്തും.

കുംഭക്കൂറ് (അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ)

ത്വക്ക്‌ രോഗങ്ങൾ, അലർജി, മൂത്രതടസ്സം, അപവാദശ്രവണം എന്നിവയ്ക്കു യോഗം. പദ്ധതികളുടെ നടത്തിപ്പിൽ‌ ഒരു തരം അനിയന്ത്രിതാവസ്ഥ അനുഭവപ്പെടും. വൈദ്യോപദേശം ആവശ്യമുള്ള കാലം. തിരുപ്പതി ദർശനം, ശബരിമല ദർശനം, മൂകാംബികയിൽ ചണ്ഡികാഹോമം എന്നിവ നടത്തുന്നതു നല്ലത്.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽ, ഉത്തൃട്ടാതി, രേവതി)

ദൈവാധീനത്തിനു മന്ദത. ആയുധങ്ങൾ കൊണ്ടു ദൂഷ്യം, അപവാദശ്രവണത്തിനിട എന്നിവ കാണുന്നു. പൊതുവെ പ്രവൃത്തികൾക്കു മരവിപ്പു കാണുന്നു. മതാചാരപ്രകാരമുള്ള ആരാധനാസമ്പ്രദായങ്ങൾ നിഷ്കർഷയോടെ ചെയ്യുന്നത് ആശ്വാസം പകരും.

കൂടുതൽ വിവരങ്ങൾക്ക്

Ajithan Nampoothirippad

Gouri Sivam, AIMS P.O, Ponekkara,

Edappally, Ernakulam Dist.,

Kerala state, India, Pin - 682 041

0484-32 9094 9387919559

me@ajithan.com, ajithan.astro@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.