Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർത്തിക നക്ഷത്ര സ്വഭാവം, തൊഴിൽ, പൊരുത്തം

നക്ഷത്രഫലം കാർത്തിക നക്ഷത്രക്കാർ കലാവാസനയുളളവരും തലമുടി ചീകുന്നതിൽ പ്രത്യേകത വച്ചുപുലർത്തുന്നവരുമാണ്.

കാർത്തിക നക്ഷത്രക്കാർ‌ സമൂഹജീവികളും പരിചയക്കാരുടെയും സ്നേഹിതരുടെയും കൂടെ ഒത്തൊരുമയോടെ കഴിയാനാഗ്രഹിക്കുന്നവരും സൽക്കാരപ്രിയരും ആയിരിക്കും. മറ്റുളളവരോടു പൊതുവേ സന്തോഷത്തോടെ പെരുമാറും. അവരുടെ മനസ്സിൽ നല്ല അഭിപ്രായം ജനിപ്പിക്കും. ഭംഗിയും അഴകുമുളള വസ്തുക്കളോട് വളരെയധികം ഇഷ്ടമുളളവരും അവയെ ഉപയോഗിക്കാതെ സൂക്ഷിച്ചുവയ്ക്കാൻ താല്പര്യമുളളവരും ആയിരിക്കും. കലാവാസനയുളളവരും തലമുടി ചീകുന്നതിൽ പ്രത്യേകത വച്ചുപുലർത്തുന്നവരും വലിയ കാര്യങ്ങളൊന്നും വേണമെന്ന് ആഗ്രഹമില്ലാത്തവരും ആകും. അലസതയും മന്ദഗതിയും ഉണ്ടായിരിക്കും. വളരെ നിർബന്ധിച്ചു മാത്രമേ പുതിയ കാര്യം ചെയ്യിക്കാൻ കഴിയൂ. 

ഏറ്റെടുക്കുന്ന ജോലി വളരെ ഭംഗിയായി പൂർത്തിയാക്കുന്നതു വരെ സമാധാനമില്ലാതിരിക്കുന്നവരും ആഡംബര വസ്തുക്കളിൽ ആഗ്രഹമുളളവരുമാകും. ഉടുത്തൊരുങ്ങി നടക്കാൻ ഇഷ്ടപ്പെടുന്നവരുമാണ്. ആഗ്രഹങ്ങൾ പുറത്തുകാണിക്കാതെ മനസ്സിൽ ഒതുക്കിനിർത്തും. 

ധാരാളം വേണമെന്നില്ല ഉളളതു നന്നായിരിക്കണമെന്നാണ് ആഗ്രഹം. ഒരു കാര്യത്തിലും മുന്നിട്ടു ചാടിയിറങ്ങാറില്ല. പ്രവൃത്തിയിൽ ഇറങ്ങിയാൽ ദൃഢനിശ്ചയത്തോടു കൂടി ലക്ഷ്യത്തിലെത്തിക്കും. കാര്യങ്ങൾ  ആത്മാർ‌ഥതയോടെ ചെയ്യും. തളർച്ചയോ ക്ഷീണമോ എന്നത് അനുഭവപ്പെടാറില്ല. യന്ത്രം പോലെ തന്നെ പ്രവർത്തിക്കും. സ്വന്തമായൊരു ജോലി തുടങ്ങില്ല, മറ്റുളളവർ തുടങ്ങിവയ്ക്കുന്ന കാര്യങ്ങൾ ഇവരെ ഏല്പിച്ചു കൊടുത്താൽ അതിനെ ചുമതലയോടു കൂടി മുന്നോട്ടു കൊണ്ടുപോയി പൂർത്തീകരിക്കും. 

നിര്‍ബന്ധബുദ്ധിയും കോപവുമുണ്ട്. തന്റെ അഭിപ്രായത്തിന് എതിരു പറയുന്നവരോടു കയർക്കും. കഷ്ടപ്പാടിനെക്കുറിച്ച് ഭയമാണെങ്കിലും കുട്ടികളോടും ഇണയോടും വലിയ സ്നേഹം കാണിക്കും. ധനമിടപാടുകൾ നടത്താൻ നല്ല കഴിവുളളവരും  കണിശക്കാരുമാണ്. പിശുക്കരാണ്. പൊതുജനത്തോടുളള പെരുമാറ്റത്തിനു പ്രത്യേക വശ്യതയുണ്ട്. ഭാവിയെപ്പറ്റി ചിന്തിക്കാനറിയുകയില്ല. അതിനാൽ വലിയ പദ്ധതികളൊന്നും തയാറാക്കില്ല. വ്യാകുലപ്പെടാതെ അന്നന്നു കഴിയുന്ന രീതിയിൽ കാര്യങ്ങൾ നടത്തിക്കൊണ്ടുപോകും. വന്നുചേരുന്ന പരിസ്ഥിതികളുമായി വളരെ വേഗത്തിൽ ഇണങ്ങിച്ചേരും. ശനി പ്രതികൂലനക്ഷത്രമാണ്. തടസ്സങ്ങളും അപകടങ്ങളും വന്നുചേരും. കാര്യങ്ങൾ തുടങ്ങുമ്പോൾ തന്നെ ഫലത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങും. വീടിനോടും താൻ സമ്പാദിച്ച വസ്തുവിനോടും വലിയ മമതയുളളവരായിരിക്കും. തന്നിഷ്ടക്കാരായതിനാൽ മറ്റുളളവരുടെ നിയന്ത്രണം ഇഷ്ടപ്പെടാറില്ല. ഈശ്വരവിശ്വാസികളും മതവിശ്വാസികളുമായിരിക്കും. വിരോധികളോടു തക്കം നോക്കി പക വീട്ടും. ഭരണസാമർ‌ഥ്യമുളളവരും സ്വപ്രയത്നം കൊണ്ടു മുന്നേറുന്നവരും വീണ്ടുവിചാരമില്ലാതെ പല തെറ്റായ തീരുമാനമെടുക്കുന്നവരും മാതൃസ്നേഹം കൂടുതൽ കിട്ടുന്നവരും പിതാവിന്റെ ആനുകൂല്യം ലഭിക്കാത്തവരും സഹോദരനേട്ടം ഇല്ലാത്തവരുമായിരിക്കും. 

വിശപ്പ് സഹിക്കില്ല. ഭൂസ്വത്ത് ഉണ്ടായിരിക്കുന്നവരും അമ്മയുടെ വാക്ക് അനുസരിക്കാത്തവരും ആയിരിക്കും.  സന്താനനാശമുണ്ടാക്കുന്ന വേധദോഷമുളളതിനാൽ വിശാഖവുമായി വിവാഹം പാടില്ല. നന്ദിയില്ലാത്തവരും പാപ കർ‌മതല്പരരും ദിനവും പ്രശ്നങ്ങളാൽ  മറ്റുളളവരെ വേദനിപ്പിക്കുന്നതിൽ താല്പര്യമുളളവരുമായിരിക്കും. സ്വന്തം കാര്യത്തിൽ താല്പര്യമുളളവരായിരിക്കും. മധുരമായി സംസാരിച്ച് സദസ്സ് കീഴടക്കാൻ ഉളള കഴിവ് ഇവർക്ക് ഏറെയാണ്. ആരെയും അവർ‌ക്കു കീഴിൽ കൊണ്ടുവരാനുളള സാമർ‌ഥ്യം കൂടിയവരായിരിക്കും. അതിയായ ആദര്‍ശവും അഭിമാനബോധവും ജീവിതത്തിൽ പരാജയങ്ങൾ ഏറ്റുവാങ്ങും. ഒപ്പം മറ്റുളളവരെ ഉപദേശിക്കാനും ശരിയായ മാർ‌ഗനിർദേശങ്ങള്‍ നിർദേശിക്കാനുമുള്ള കഴിവ് ഇവർക്കുണ്ട്. ആ കഴിവ് സ്വന്തം ജീവിതത്തിൽ ഉപകാരപ്പെടാറില്ല. സ്വന്തം കാര്യത്തിൽ അപ്പോഴപ്പോൾ തോന്നുന്ന മനോഭാവത്തിനും സാഹചര്യത്തിനുമനുസരിച്ചായിരിക്കും മുന്നോട്ടുളള ഇവരുടെ പോക്ക്. ഈശ്വരവിശ്വാസികളാണെങ്കിലും ആചാരാനുഷ്ഠാനങ്ങളും അന്ധവിശ്വാസങ്ങളും അതേപടി അനുസരിക്കില്ല. അതിനാൽ പൊതുജനം ഇവരെ നിരീശ്വരവാദികളായി കരുതുന്നു. വിധിയിൽ വിശ്വസിക്കാത്തവരാണിവർ. സ്വയം ബഹുമാനം ആഗ്രഹിക്കുന്ന ഇവർ മറ്റുളളവർക്കു കൊടുക്കുന്ന കാര്യത്തിൽ പിറകോട്ടായിരിക്കും. ദുഃഖവും അപമാനവും ലഭിക്കുവാനുളള പ്രധാന കാരണം സന്ദർഭത്തിനനുസരിച്ച് ചാഞ്ഞും ചരിഞ്ഞും കുതികാൽ വെട്ടിയും മുന്നേറാനുളള അതിസാമർത്ഥ്യവും നയശൂന്യതയുമാണ്. കാർത്തിക കീർത്തി കേൾക്കുമെന്നാണു വയ്പ്. അതു സൽകീർത്തിയുമാവാം ദുഷ്കീർത്തിയുമാവാം.

കാർത്തിക നക്ഷത്രത്തിൽ ജനച്ച സ്ത്രീകൾ പൊതുവെ കോപിഷ്ഠകളും, കലഹപ്രിയരുമായിരിക്കും. ഗൃഹഭരണത്തില്‍ സാമർ‌ഥ്യം കാണിക്കുന്നവരും ഒന്നിലും കൂടുതൽ മമതയില്ലാത്തവരും ബന്ധുഗുണമില്ലാത്തവരും കഫപ്രകൃതി കൂടുതലുളളവരും ആകും. ദാമ്പത്യജീവിതത്തിൽ സ്വസ്ഥത കുറയും.  ജാതകത്തിലെ ഗ്രഹനിലയും പ്രശ്നവിധി പ്രകാരമുളള ഗ്രഹനിലയും പരിശോധിച്ച ശേഷം മാത്രം വിവാഹം നടത്തുക. എപ്പോഴും മാനസിക വിഷമം ഉണ്ടായിക്കൊണ്ടിരിക്കും. മറ്റുളളവരുടെ മേൽക്കോയ്മയ്ക്കും സമ്മർദത്തിനും വഴങ്ങാറില്ല. ഈഗോ കൂടുതൽ ഉളളവരായിരിക്കും. ആരോഗ്യഹാനി ഉണ്ടാകും. സ്വയം തിരുത്തുന്ന ശീലം കൂടി ഉളളതിനാൽ വാക്കു മാറ്റി പറയുന്നവരാണോ എന്നു മറ്റുളളവർ സംശയിക്കാം. സംഭാഷണപ്രിയരും സമർഥരും എല്ലാ കാര്യങ്ങളും ചോദിച്ച് അന്വേഷിച്ചറിയാൻ കഴിവുളളവരും നിന്ദസ്വഭാവക്കാരുമായിരിക്കും. 41 നു ശേഷം സുഖജീവിതം ലഭിക്കും.

പൊതുഫലം

ശിവപാർ‌വതി സംഗമത്തിൽ പിറന്ന കുഞ്ഞിനെ ശരവണപ്പൊയ്കയിൽ ഒഴുക്കി. ആ കുഞ്ഞിനെ  കൃത്തികമാർ  (6 ദേവിമാരുടെ സങ്കൽ‌പം) എടുത്തുവളർത്തി. അതിനാൽ കാർത്തികേയനെന്നും സുബ്രഹ്മണ്യനെ വിളിക്കുന്നു. ഭൂതി, അനസൂയ, ക്ഷമ, പ്രീതി, സന്നതി, ലജ്ജ എന്നിവരാണ് ആറു കൃത്തികമാർ.  ദേവത അഗ്നിയാണ്. വേദങ്ങളിൽ പ്രതിപാദിക്കുന്ന ദേവനാണ് അഗ്നി. അഷ്ടദിക്‌പാലകരിലൊരാളായ അഗ്നിക്ക് തെക്കുകിഴക്കിന്റെ (മിഥുനം രാശി) ആധ‌ിപത്യമാണുളളത്.  അഗ്നിക്ക് പഞ്ചഭൂതങ്ങളൽ മുഖ്യസ്ഥാനമുണ്ട്.  പ്രകാശവും ഐശ്വര്യവും പ്രദാനം ചെയ്യുന്നത് അഗ്നിയാണ്. തിന്മയെ നശിപ്പിച്ചു പ്രകാശം പരത്താൻ അഗ്നി ആവശ്യമാണ്.

നക്ഷത്രമൃഗം പെൺ ആട്– പ്രകൃതിയോടിണങ്ങി കൂട്ടത്തിൽ മേഞ്ഞു നടക്കാനിഷ്ടപ്പെടുന്ന മൃഗമാണ് ആട്. ദക്ഷനുമായും ആടിനൊരു കഥയുണ്ടെന്നു പറയപ്പെടുന്നു. സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നതിൽ മിടുക്കരല്ലേ ആടുകൾ. ആട് സ്വന്തമായുളള എല്ലാം (പാൽ, തോൽ, ഇറച്ചി) മറ്റുളളവർക്ക് ദാനം ചെയ്യുന്നു.  ചന്ദ്രന്റെ ഭാര്യമാരാണ് 27 നക്ഷത്രങ്ങൾ. അതിൽ ചന്ദ്രൻ കാർത്തികയിൽ ഉച്ചനായി വരുന്നു. ദശാനാഥൻ സൂര്യൻ. സൂര്യന്റെ നക്ഷത്രവുമാണ്. സ്വന്തം വെളിച്ചവും ഊർജവും കൊണ്ട് ജീവൻ നിലനിർത്തുന്ന സൂര്യൻ ഇരുട്ടിനെ മാറ്റി പ്രകാശം നൽകുന്നു. പക്ഷി പുളള്.   

വിദ്യാഭ്യാസം– പൊതുവില്‍ ദൂരെ പോയി പഠിക്കുന്നവരായിരിക്കും. ഉയർന്ന വിദ്യാഭ്യാസം ഇവരിൽ കുറവായിരിക്കും. ഉളളവർ ഉയർന്ന നിലയിലും എത്തുന്നവരായിരിക്കും.

തൊഴിൽ– നക്ഷത്രദേവത അഗ്നിയായതിനാൽ വ്യവസായം, ഗവേഷണം, നിർമാണ മേഖലകൾ, പാചകവൃത്തി, വൈദ്യുതി വകുപ്പ് അഗ്നിയുമായി ബന്ധപ്പെട്ടവ, ഇലക്ട്രിക് ഉപകരണ നിർമാണം, റിപ്പയറിങ്‌, വിപണനം, എക്സ്–റേ വിഭാഗം, ചലച്ചിത്രമേഖല.

മൃഗം ആടായതിനാൽ പാചകവൃത്തി, ഔഷധ വിപണനം, ഫുഡ് ഇന്‍സ്പെക്ടർ, ടൂറിസം മേഖല, പ്രതിരോധ വകുപ്പ്, കരകൗശലം, വൈദികവൃത്തി, കണക്കെഴുത്ത്, വൈദ്യശാസ്ത്രം, ഭൂമി സമ്പാദനം, വസ്തുവകകൾ പൈതൃകമായി ലഭിക്കൽ, ഊഹക്കച്ചവടം, പട്ടാളം, പൊലീസ്, അർ‌ധസൈനികവിഭാഗം, വ്യവസായം, ശാസ്ത്രക്രിയ, യാത്ര, കെമിക്കൽ നിർമാണം, പടക്കം, തീപ്പെട്ടി, തുരുമ്പുമായി ബന്ധപ്പെട്ടവ 

രോഗങ്ങൾ– ചെങ്കണ്ണ്, തൊണ്ടരോഗം, കഴുത്തിനു മുകളിലെ അസുഖങ്ങൾ, നാസ രോഗങ്ങൾ, മലമ്പനി, വാതപ്പനി, സ്മോൾ പോക്സ്, മസ്തിഷ്ക മുറിവുകൾ, അപകടം, സ്ഫോടനങ്ങൾ, പ്രമേഹക്കുരുക്കൾ, തീപിടിത്തം.

ഗുണകര ദിനങ്ങൾ– 1, 10, 19, 28

അനുകൂല നിറം – വെളള, കാവി

പ്രതികൂല നിറം– കറുപ്പ്, ചാരം.

ഭാഗ്യദിനം– വെളളി, ‍ഞായര്‍

ശുഭകാര്യങ്ങൾക്ക് – ചൊവ്വ

നിർഭാഗ്യ ദിനം– ബുധ–ശനി

നിർഭാഗ്യ തീയതി– 2, 8, 14, 23

നിർഭാഗ്യ മാസം– മേടം 15 വരെ, വൃശ്ചികം, തുലാം, ഇടവം

അനുകൂല നക്ഷത്രം (വിവാഹത്തിന്) തിരുവാതിര–5 മകം–6 പൂരം–6, ചോതി–7, ഉത്രാടം–7, തിരുവോണം–6, രേവതി–5 1/2

പ്രതികൂലം– മകയിരം, പുണർതം, ആയില്യം, ചിത്തിര, വിശാഖം, മൂലം, പൂരാടം, അശ്വതി, ഉതൃട്ടാതി, ചതയം

അനുകൂല മാസങ്ങള്‍– മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, കുംഭം, മീനം

ശുഭകർമങ്ങൾക്ക് – മകം, ഉത്രം, അത്തം, തിരുവോണം. 

ആരാധിക്കേണ്ട ദേവന്മാർ– ശിവനും സൂര്യനും. 

ജീവിത വിജയത്തിന് പരിഹാരം– ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ വളർത്തച്ഛനും അമ്മയുമായ ഉമാമഹേശ്വരന്മാര്‍‌ അവരുടെ നവഗ്രഹ ശാസ്ത്രം തയാറാക്കും. നാഡീശാസ്ത്രം പൂർണമായും ശരിയാണ്. അതനുസരിച്ച് രവിയുടെ നക്ഷത്രമാണു കാർത്തിക. ചന്ദ്രന്റെ ഉച്ചരാശി കൂടിയാണ്. അവരെ ഭജിക്കുകയും രാവിലെയും വൈകിട്ടും നാമം ജപിക്കുക. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും നെയ് വിളക്കു വയ്ക്കുക. അരവണപ്പായസമോ കടുംപായസമോ വീട്ടിൽ വയ്ക്കുക. 

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating: