Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊരുത്തവും പൊരുത്തക്കേടുകളും- ചിങ്ങം ഭാഗം 1

leo-special

ചിങ്ങം-മേടം/ഇടവം /മിഥുനം /കർക്കിടകം ചിങ്ങം രാശി ലഗ്നമായി ജനിച്ചവർക്കും മകം, പൂരം, ഉത്രം ആദ്യ പാദം എന്നീ നക്ഷത്രക്കാർക്കും ബാധകമാണ്. ഈ ലേഖനം അവർ മറ്റു രാശിയിൽ ജനിച്ചവരുമായുള്ള പ്രായോഗിക പൊരുത്തം ചിന്തിക്കയാണ്. വിവാഹ പൊരുത്തം ചിന്തിക്കുന്നതുപോലെ രണ്ട് രാശിയിൽ ജനിച്ചവരുടെ സ്വഭാവം പരിശോധിച്ചു കൊണ്ട് അവരുടെ ചേർച്ചയെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അത് വിവാഹ ജീവിതമോ, പാർട്നർഷിപ്പ് ബിസിനസോ കൂട്ടുകെട്ടോ ആകാം. അതിൽ വരാൻ സാധ്യതയുള്ള പൊരുത്തക്കേടുകളും അത് തരണം ചെയ്യാനുള്ള പ്രായോഗിക പരിഹാരങ്ങളും ഇതിൽ വിവരിക്കുന്നുണ്ട്.

ചിങ്ങം രാശിക്കാരുടെ പ്രത്യേകത ചിങ്ങം രാശിയിൽ ജനിച്ചവർ വളരെയധികം ആത്മവിശ്വാസം എല്ലാ കാര്യങ്ങളിലും പ്രകടിപ്പിക്കുന്നു. ഇവർക്കു നേതൃത്വഗുണം കൂടും. ഏതൊരു ഗ്രൂപ്പിൽ പോയാലും ഇവരുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെടും. അന്യരുടെ ശ്രദ്ധ തന്നിലേക്കു ആകർഷിക്കാനും ഇവർക്കറിയാം. സ്നേഹപൂർവമുള്ള ഇവരുടെ പെരുമാറ്റം, കലാബോധം, സാഹിത്യം, സംഗീതം ഇവയോടുള്ള അടുപ്പം, പ്രേരണകൾക്കു വഴങ്ങാത്ത പ്രകൃതം, മതവിശ്വാസം, പുരാണങ്ങളോടും തത്വചിന്തകളോടുള്ള താൽപര്യം എന്നിവ എടുത്തു പറയേണ്ട സ്വഭാവങ്ങളാണ്.

ചിങ്ങം-മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യപാദം) മേടം അഗ്നി രാശിയാണ്. ധൈര്യവും സാഹസികതയും ഇഷ്ടപ്പെടുന്ന ഇവരെ എപ്പോഴും വളരെ ചുറുചുറുക്കോടെ മാത്രമേ കാണാൻ സാധിക്കയുള്ളൂ. ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താൻ കഴിവുള്ള ഇവർ മറ്റുള്ളവരുടെ ന്യായമല്ലാത്ത അഭിപ്രായങ്ങൾക്ക് വലിയ വില കൽപിക്കാറില്ല. ഇവരുടെ ഈ സ്വഭാവങ്ങൾ ഇവർക്ക് ആരാധകരെ നേടിക്കൊടുക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. എവിടെയും നേതൃത്വം ഇഷ്ടപ്പെടുന്നവരാണ് ഇവർ. സ്വതന്ത്രകാംക്ഷികളായ ഇവർക്ക് ഇവരുടെ മനസാക്ഷിയാണ് വലുത്. ആഗ്രഹിച്ച കാര്യങ്ങൾ നേടാൻ വളഞ്ഞ വഴി സ്വീകരിക്കാറില്ല. നേരിട്ട് തന്നെ യത്നിക്കും പെട്ടെന്ന് സഹായം വേണമെങ്കിൽ ഇവരെ സമീപിച്ചാൽ മതി. ഒരു കാര്യവും നാളേക്ക് മാറ്റിവയ്ക്കുന്നത് ഇവർക്ക് ഇഷ്ടമില്ല. ഇഷ്ടപ്പെട്ട ഇണയെ ലഭിക്കയാണെങ്കിൽ ഇവർ എന്തു വിട്ടുവീഴ്ചയ്ക്കും തയാറാകും.

മേടം ചിങ്ങം എന്നീ രണ്ടും അഗ്നിരാശികളാണ്. രണ്ടു അഗ്നികൾ ചേരുമ്പോൾ ഉണ്ടാകാവുന്ന ചൂട് വളരെ അധികമായിരിക്കും. രണ്ടുപേരും നല്ല ഇണക്കത്തിലെങ്കിൽ വളരെ ആവേശകരമായ ഒരു ജീവിതമായിരിക്കും ഇവർക്കുണ്ടാകുന്നത്. തിരിച്ചെങ്കിൽ ആലോചിക്കാതിരിക്കുന്നതാണ് നല്ലത്. ചിലപ്പോൾ വളരെ ഉച്ചത്തിലായിരിക്കും തർക്കങ്ങൾ. അന്യോന്യം രണ്ടുപേരും വകവച്ചു കൊടുക്കാത്തതായിരിക്കും കാരണം. പക്ഷെ ഇതിന്റെ അടിത്തട്ടിൽ ഒളിഞ്ഞിരിക്കുന്ന അന്തസും അന്യോന്യമുള്ള ആരാധനയും സാധാരണ വഴക്ക് മറ്റു തലങ്ങളിലേക്ക് പോകാതെ തന്നെ സ്വയം ഒത്തുതീർപ്പാക്കും.

രണ്ടുപേർക്കും ആജ്ഞാപിക്കുന്നതിലാണ് താൽപര്യം. അനുസരിക്കാൻ സാധ്യമല്ല. നേതൃത്വം വേണം. അതിന് കുടുംബത്തിലെ കാര്യങ്ങൾ പല മേഖലകളായി വിഭജിക്കുക. ചില മേഖലകളുടെ നേതൃത്വം പുരുഷനും മറ്റുള്ളത് സ്ത്രീക്കുമായി വേർതിരിക്കുക. അതാണ് പോംവഴി. കൂടാതെ അന്യോന്യം ബഹുമാനിക്കയും അംഗീകരിക്കയും വേണം. രണ്ടുപേർക്കും സമ്മാനങ്ങൾ സ്ഥാനമാനങ്ങൾ മറ്റുള്ളവരുടെ അംഗീകാരം എന്നിവ ലഭിക്കുന്നതു വളരെ സന്തോഷമാണ്. ചിങ്ങം രാശി സ്വരൂപം സിംഹമാണ്. സിംഹത്തെ സന്തോഷിപ്പിക്കുവാൻ അവർ ചെയ്യുന്ന നല്ല കാര്യങ്ങളെ പുകഴ്ത്തുന്നതിൽ മേടം ജാതർ ഒരിക്കലും പിശുക്ക് കാണിക്കരുത്. അതേപോലെ രണ്ടുപേരും അന്യോന്യം അംഗീകരിക്കുക, ബഹുമാനിക്കുക. നിങ്ങളുടെ കുടുംബജീവിതം ശരിക്കും ആഘോഷമാക്കാം.

ചിങ്ങം- എടവം (കാർത്തിക അവസാന മൂന്ന് പാദം, രോഹിണി, മകയിരം ആദ്യ രണ്ട് പാദം) എടവം രാശിയിൽ ജനിച്ചവർ ശരിക്കും സഹന ശക്തി സൗന്ദര്യം, ക്ഷമാശീലം, ത്യാഗമനോഭാവം എന്നീ സ്വഭാവങ്ങൾ ഉള്ളവരായിരിക്കും. കൂടാതെ ലൈംഗിക കാര്യങ്ങളിലും ഇണയെ ആകർഷിക്കാനും അതീവ സമർഥരുമായിരിക്കും. ഓർമശക്തി, കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കാനുള്ള കഴിവ്, ആത്മീയ ചിന്ത എന്നിവ എടുത്തു പറയേണ്ട സവിശേഷതകളാണ്. എല്ലാ കാര്യങ്ങൾക്കും ഒരു ചിട്ട വേണമെന്നു നിർബന്ധമാണ്. കൂടാതെ സ്ഥിരതയും. പെട്ടെന്ന് പെട്ടെന്ന് അഭിപ്രായം മാറ്റി പറയുന്നവരുമല്ല. ഇവരുടെ ജീവിതത്തിൽ സ്ഥിരതയ്ക്കും പ്രായോഗികതയ്ക്കും വലിയ പ്രാധാന്യമുണ്ട്.

ഇടവം ചിങ്ങം രാശികൾ തമ്മിലുള്ള ബന്ധത്തിൽ ഒന്നും തന്നെ അന്യോന്യം അടിച്ചേൽപ്പിക്കൽ നടക്കില്ല. അവർ ഒരുമിച്ച് നിൽക്കാൻ തീരുമാനിച്ചാൽ ഈ ബന്ധം വളരെ അന്തസോടെ തന്നെ ജീവിതാവസാനം വരെ നന്നായി തുടരും പക്ഷെ അതിന് പല വിട്ടുവീഴ്ചകളും രണ്ടുപേരും ചെയ്യേണ്ടി വരും. ഇടവം കാളയേയും ചിങ്ങം സിംഹത്തെയും പ്രതിനിധീകരിക്കുന്നു.

അതിനാൽ രണ്ടുപേരും ഞാനാണ് വലുത് എന്ന ഭാവം കാണിക്കും. അന്യോന്യമുള്ള ബഹുമാനവും ആരാധനയുമാണ് അതിന് പരിഹാരം. സംഘർഷം എപ്പോഴും ഉണ്ടാകുന്നത് ഇടവത്തെ ചിങ്ങം പരിഗണിക്കുന്നില്ലായെന്ന കാര്യത്തിലായിരിക്കും. നിശ്ചയദാർഢ്യമുള്ള ഇടവം ഇണയ്ക്ക് ആവശ്യമായ അംഗീകാരവും ബഹുമാനവും കൊടുക്കുന്നില്ലായെന്ന പരാതി സിംഹത്തിനുമുണ്ടാകും.

രണ്ടുപേരും അവരവരുടെ തെറ്റുകൾ പരസ്യമായി സമ്മതിക്കില്ല. ചെറുപ്പക്കാരായ ഇടവം ജാതരെ സംബന്ധിച്ചിടത്തോളം ബാങ്ക് ബാലൻസും, ആഡംബരവുമാണ് വലുത്. അനുഭവങ്ങളും പ്രായവും കൂടുമ്പോൾ അത് മാറും. എന്തും ചെയ്യാനുള്ള തന്റേടവും അഹങ്കാരവും ചിങ്ങത്തിനുമുണ്ടാകും. രണ്ടുപേരും ആരാണ് വലുത് എന്നറിയാനുള്ള കാര്യത്തിലായിരിക്കും

എപ്പോഴും വഴക്കുണ്ടാക്കുന്നത്. ഇവരുടെ വഴക്ക് പരിഹരിക്കാൻ പ്രയാസമാണ്. കാരണം രണ്ടുപേരും സ്ഥിരരാശികളിലാണ് ജനനം. അതിനാൽ എടുക്കുന്ന തീരുമാനങ്ങളിൽ നിന്നും ഇവരെ വ്യതിചലിപ്പിക്കാൻ ബുദ്ധിമുട്ടാണ്. പക്ഷേ ഇവർ ഇവരുടെ പങ്കാളിത്തത്തിന് പ്രാധാന്യംകൊടുക്കുന്നവരാണെങ്കിൽ വഴക്ക് പെട്ടെന്ന് തീരും.

പ്രശസ്തനായ ജ്യോതിഷികളുടെ അഭിപ്രായത്തിൽ ഇടവവും ചിങ്ങവും തമ്മിലുള്ള യോജിപ്പ് സുഗമമാവില്ലായെന്നാണ് അല്ലെങ്കിൽ ഇടവം സിംഹത്തിന് കീഴടങ്ങുകയും വിട്ടുവീഴ്ചകൾക്ക് തയാറാവുകയും വേണം. ഇവർ തമ്മിൽ ശാരീരികമായും ലൈംഗികമായും ചേർച്ചയുണ്ടെങ്കിലും ചിങ്ങം ജാതകർക്ക് ഇടവത്തിൽ ജനിച്ച ഇണയുടെ ടൈം ടേബിൾ ജീവിതത്തോട് പെട്ടെന്ന് വിരക്തി തോന്നും. വിട്ടുവീഴ്ചാ മനോഭാവത്തോടെ ജീവിക്കാൻ തയാറായാൽ രണ്ടുപേർക്കും അന്യോന്യം അഭിമാനിക്കാൻ കഴിയും അന്തസും ആഭിജാത്യവും സ്ഥിരതയും കലാസ്വാദനവും ഇവരുടെ പൊതുവായ സ്വഭാവങ്ങളാണ്.

ചിങ്ങം-മിഥുനം (മകയിരം അവസാന 30 നാഴിക, തിരുവാതിര, പുണർതം ആദ്യ 45 നാഴിക) മിഥുനം രാശിയിൽ ജനിച്ചവർ വിനയവും പാണ്ഡിത്യവും കൂടിയവരായിരിക്കും. നർമ്മ രസത്തോടെ മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ സംസാരിക്കാനുള്ള ഇവരുടെ കഴിവ് ഇവർക്ക് ആരാധകരെ നേടിക്കൊടുക്കും. സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാതെ ബന്ധുക്കളെയും സ്നേഹിതരെയും സഹായിക്കുന്നതിലും ഇവർ മുന്നിലാണ്. ഇഷ്ടവാക്കുകളെ മാത്രം സംസാരിക്കുന്ന ഇവർ നല്ല കേൾവിക്കാരും ദൈവഭക്തരും കുടുംബസ്നേഹികളുമാണ്. ലാഭേശ്ച കൂടാതെ ഉപകാരസ്മരണ വച്ചു പുലർത്തുന്ന ഇവർക്ക് ഭാഗ്യവും കൂടും.

മിഥുനം ചിങ്ങം ബന്ധം വളരെ രസകരമായ ഒരു അനുഭവമായിരിക്കും. ചിങ്ങത്തിന് മിഥുനത്തെ ശരിക്കും ഇഷ്ടപ്പെടും. പ്രത്യേകിച്ചും അവരുടെ ആരെയും വെറുപ്പിക്കാത്ത നർമ സംഭാഷണം ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടി, സമൂഹത്തിൽ നന്നായി പെരുമാറാനുള്ള കഴിവ് ഇവയൊക്കെ ആകർഷണീയങ്ങളാണ്. ഇവർ ഒരുമിച്ചാൽ ഇവർക്ക് പലതും ചെയ്യാനും നേടാനും കഴിയും.

ചിങ്ങം രാശിസ്വരൂപം സിംഹവും രാശിനാഥൻ സൂര്യനും ആയതിനാൽ ചിങ്ങം രാശിയിൽ ജനിച്ചവരെ ഒരു സിംഹത്തോട് ഉപമിക്കാൻ സാധിക്കും. സൂര്യന്റെ പ്രകാശവും ധൈര്യവും ഇവരിൽ ദർശിക്കാൻ സാധിക്കും. ബുധന്റെ സ്വാധീനമുള്ള മിഥുനം രാശിയിൽ ജനിച്ചവർ തന്ത്രപരമായി സംസാരിക്കാൻ മിടുക്കരായിരിക്കും. അതിനാൽ ലക്ഷ്യം നേടാൻ ഉപയോഗിക്കുന്ന വഴികൾ വിഭിന്നമായിരിക്കും. മിഥുനം ജീവിതത്തിലെ വെല്ലുവിളികളെ ആസ്വദിച്ച് നേരിടുമ്പോൾ ചിങ്ങം വളരെ ഗൗരവമായിട്ടായിരിക്കും നേരിടുക. മിഥുനം പങ്കാളിയുടെ ഗൗരവഭാവത്തെ നേരത്തേ തന്നെ മനസിലാക്കുകയും അതനുസരിച്ച് പെരുമാറുകയും ചെയ്യും.

രണ്ടുപേർക്കും സാമൂഹ്യ പരമായ പരിപാടികളിൽ പങ്കെടുക്കാൻ വലിയ ഉത്സാഹമാണ്. എല്ലാവരുടേയും ശ്രദ്ധ തങ്ങളിൽ വരണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. മിഥുനത്തിന് മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്കാകർഷിക്കാനുള്ള കഴിവുണ്ട്. അത് മിക്കവാറും അവരുടെ സംഭാഷണ ശൈലി കൊണ്ടായിരിക്കും. സിംഹത്തിന് അത് വളരെ അഭിമാനവുമാണ്. അവർക്ക് തന്റെ തലയെടുപ്പ് കൊണ്ട് തന്നെ പലരുടെയും ശ്രദ്ധ തന്നിലേക്കാകർഷിക്കാൻ സാധിക്കും. ചിങ്ങത്തിന് പങ്കാളിയെ തന്റെ ചൊൽപ്പടിക്ക് നിറുത്തണമെന്ന് രഹസ്യമായി ആഗ്രഹമുണ്ട്.

പക്ഷെ തന്ത്രശാലിയായ മിഥുനം അതിൽ നിന്നും വഴുതി മാറിക്കളയും അതിനാൽ മറ്റുള്ളരേക്കാളും തനിക്ക് എന്തെങ്കിലും കൂടുതൽ പ്രത്യേകതയുണ്ടെന്ന് സിംഹം തെളിയിക്കേണ്ടിയിരിക്കുന്നു.

മിഥുനം ജാതരുടെ വളരെ തുറന്ന പെരുമാറ്റം സിംഹത്തിന് ഇഷ്ടപ്പെട്ടുയെന്ന് വരില്ല. ചിങ്ങം തന്നെ കൂടുതൽ ഭരിക്കാൻ ശ്രമിക്കുന്നുണ്ടോയെന്ന സംശയം ഇടവത്തിനും ഉണ്ടാകാം. പക്ഷെ രണ്ടുപേരും അന്യോന്യം ബഹുമാനിക്കുന്നവരും ധാരണയുള്ളവരുമായതിനാൽ പ്രശ്നങ്ങൾ ഇവർക്കു തന്നെ പെട്ടെന്ന് പരിഹരിക്കാൻ കഴിയും അതിനാൽ ഇവരുടെ ബന്ധം വളരെ നന്നായിരിക്കും.

ചിങ്ങം-കർക്കിടകം (പുണർതം അവസാന 15 നാഴിക പൂയം, ആയില്യം) കർക്കിടകം രാശിയിൽ ജനിച്ചവർ ഉപകാരസ്മരണ, ദാനശീലം ബുദ്ധി ക്ഷമ കർമഗുണം എന്നിവയുളളവരാകും ഇവർ കുടുംബസ്നേഹം പരസ്യമായി കാണിക്കുന്നവരല്ല. മറിച്ച് കുടുംബം അഥവാ സ്വന്തം വീടിനേയും കുടുംബാംഗങ്ങളെയും ഒരു തള്ളപക്ഷി എങ്ങനെയാണോ സ്വന്തം കൂട്ടിൽ സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് അതുപോലെ സംരക്ഷിക്കുന്നതിൽ ആനന്ദം കാണുന്നവരാണ്. വളരെ ഹൃദ്യമായി പെരുമാറാൻ കഴിവുള്ള ഇക്കൂട്ടർ മറ്റുള്ളവരുടെ ചിന്തകളെ അറിഞ്ഞ് അവരുടെ പ്രശ്നങ്ങളെ പരിഹരിക്കാനും ശ്രമിക്കും. കൂടാതെ മാറിയ പുതിയ പരിതസ്ഥിതിയോട് പൊരുത്തപ്പെടാനും അതിനോട് യോജിച്ച് പോകാനും ഇവർക്ക് പ്രത്യേക കഴിവ് ഉണ്ട്. അതുകൊണ്ട് തന്നെ ഒരേ രീതിയിലല്ലാതെ മാറി മാറി വരുന്ന ജോലികളിൽ വിജയിക്കാനും ഇവർക്കു സാധിക്കുന്നു. ഓർമശക്തി കൂടുതലായതിനാൽ കഴിഞ്ഞ കാലങ്ങൾ പ്രത്യേകിച്ചും കുട്ടിക്കാലം മുതലുള്ള കാര്യങ്ങൾ ഓർമ്മിച്ചെടുക്കാനും വളരെ പഴയ സുഹൃത്തുക്കളെപ്പോലും പലപ്പോഴും ഓർമ്മിക്കുകയും അവരെ കണ്ടാൽ സ്നേഹപൂർവം പെരുമാറുകയും ചെയ്യും.

കർക്കിടകം, ചിങ്ങം രാശികൾ തമ്മിൽ വളരെയധികം സമാനതകൾ ഉണ്ട്. ഇവർ ചെറിയ വിട്ടുവീഴ്ചകൾ ചെയ്താൽ ബന്ധം നന്നായി മുന്നോട്ടു കൊണ്ടു പോകാവുന്നതാണ്. പരസ്പരം വിശ്വസ്തരാണിവർ. സ്ഥിര രാശിക്കാരായ ചിങ്ങം നേതൃത്വം ആഗ്രഹിക്കുന്നവരാണ്. ഊർജ്ജസ്വലരായ കർക്കിടകത്തിന് അതിൽ പരാതിയുമുണ്ടാകില്ല. പ്രധാന കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പലപ്പോഴും അവ പെട്ടെന്ന് ചെയ്തു തീർക്കണമെന്ന ആഗ്രഹക്കാരായിരിക്കും കർക്കിടകം രാശിക്കാർ. പക്ഷെ ചിങ്ങം അത് സമ്മതിക്കില്ല. അതിലെ വരാവുന്ന ഭവിഷ്യത്തുകളെയും കൂടി പരിശോധിച്ചിട്ടേ അവർ അത് പൂർത്തയാക്കാൻ അനുവദിക്കുകയുള്ളൂ. അത് പിന്നീട് കർക്കിടകം രാശിക്കാർക്ക് മനസിലാകുകയും അത് അവരുടെ ബന്ധത്തെ കൂടുതൽ ഭദ്രമാക്കുകയും ചെയ്യും.

രണ്ടുപേരും അന്യോന്യം പങ്കാളിയുടെ ആവശ്യങ്ങൾ മനസിലാക്കി പെരുമാറാൻ മിടുക്കരാണ്. അത് അവരുടെ ബന്ധത്തെ കൂടുതൽ ഈടുറ്റതാക്കും. സുരക്ഷിതത്വം രണ്ടുപേരും ആഗ്രഹിക്കുന്നതാണ്. ചിങ്ങം രാശിസ്വരൂപം സിംഹവും കർക്കിടകം രാശിസ്വരൂപം ഞണ്ടുമാണ്. അതുകൊണ്ട് തന്നെ ചിങ്ങം പങ്കാളിയ്ക്ക് ആവശ്യമായ ശ്രദ്ധയും പ്രാധാന്യവും കൊടുക്കും. സിംഹത്തിനാവശ്യം അംഗീകാരമാണ്. അംഗീകാരവും പ്രശംസയും കൊടുക്കാൻ എപ്പോഴും കുടുംബ സ്നേഹികളായ കർക്കിടകം രാശിക്കാർ തയാറുമായിരിക്കും. രണ്ടുപേർക്കും നല്ല ഗ്രഹാന്തരീക്ഷം ഇഷ്ടപ്പെടുന്നവരാണ്. സമൂഹത്തിൽ അറിയപ്പെടാനും അതിനാവശ്യമായ കാര്യങ്ങൾ ചെയ്യുന്നതിലും തൽപരരാണ്. കർക്കിടകം ആഗ്രഹിക്കുന്നത് സമാധാനവും സ്ഥിരതയുമാണ്. ചിങ്ങം നേതൃത്വവും സ്ഥാനമാനങ്ങളും ആഗ്രഹിക്കുന്നു. ഇവർ ഒന്നിച്ചു നിന്നാൽ അതെല്ലാം ഇവരെത്തേടി വരും.

ചിങ്ങം രാശിക്കാരെ ആരും ഭരിക്കുന്നത് അവർക്ക് സഹിക്കാൻ സാധിക്കില്ല. അവർക്ക് കർക്കിടകം രാശിക്കാരുടെ വിഷാദഭാവം മാറ്റാൻ നന്നായറിയാം. കുടുംബ സ്നേഹിയായ കർക്കിടകം രാശിക്കാർക്ക് ഗ്രഹകാര്യങ്ങൾ ഭംഗിയായി നടക്കണമെന്ന ആഗ്രഹം കൂടിയിരിക്കും. ചിങ്ങം രാശിക്കാർ ഷൈൻ ചെയ്യാൻ ലഭിക്കുന്ന അവസരങ്ങളൊന്നും വെറുതേ കളയില്ല.

ഇവർക്കിടയിൽ വരുന്ന ഈ വക ചെറിയ കാര്യങ്ങൾ പരിഹരിക്കുന്നതിൽ ചിങ്ങം രാശിക്കാർ കൂടുതൽ മുൻകൈ എടുക്കേണ്ടിയിരിക്കുന്നു. കൂടാതെ കർക്കിടകം ഇണയോട് മത്സരിക്കാനും നിൽക്കരുത്. ചെറിയ വിട്ടുവീഴ്ചകൾ ചെയ്ത് മുന്നേറിയാൽ ഈ ബന്ധം വളരെ അന്തസോടെയും ആവേശത്തോടെയും ദീർഘനാൾ കൊണ്ടുപോകാൻ കഴിയും.

ശിവറാം ബാബുകുമാർ പ്രശാന്തി, നെടുമ്പ്രം ലെയിൻ, പേരൂർക്കട, തിരുവന്തപുരം ഫോൺ: 0471 2430207 , 98471 87116 Email : sivarambabu@hotmail.com , sivaram.babu@yahoo.com

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer