Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊരുത്തവും പൊരുത്തക്കേടുകളും -ചിങ്ങം ഭാഗം-2

leo-porutham-part2

ചിങ്ങം-ചിങ്ങം/കന്നി/തുലാം/വൃശ്ചികം ചിങ്ങം രാശി ലഗ്നമായി ജനിച്ചവർക്കും മകം, പൂരം, ഉത്രം ആദ്യ പാദം എന്നീ നക്ഷത്രക്കാർക്കും ബാധകമാണ് ഈ ലേഖനം. അവർ മറ്റു രാശിയിൽ ജനിച്ചവരുമായുള്ള പ്രായോഗിക പൊരുത്തം ചിന്തിക്കയാണ്. വിവാഹ പൊരുത്തം ചിന്തിക്കുന്നതുപോലെ രണ്ട് രാശിയിൽ ജനിച്ചവരുടെ സ്വഭാവം പരിശോധിച്ചു കൊണ്ട് അവരുടെ ചേർച്ചയെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അത് വിവാഹ ജീവിതമോ,പാർട്ടനർഷിപ്പ് ബിസിനസ്സോ, കൂട്ടുകെട്ടോ ആകാം. അതിൽ വരാൻ സാധ്യതയുള്ള പൊരുത്തക്കേടുകളും അത് തരണം ചെയ്യാനുള്ള പ്രായോഗിക പരിഹാരങ്ങളും ഇതിൽ വിവരിക്കുന്നുണ്ട്.

ചിങ്ങംരാശിക്കാരുടെ പ്രത്യേകത ചിങ്ങം രാശിയിൽ ജനിച്ചവർ വളരെയധികം ആത്മവിശ്വാസം എല്ലാ കാര്യങ്ങളിലും പ്രകടിപ്പിക്കുന്നു. ഇവർക്കു നേതൃത്വഗുണം കൂടും. ഏതൊരു ഗ്രൂപ്പിൽ പോയാലും ഇവരുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെടും. അന്യരുടെ ശ്രദ്ധ തന്നിലേക്കു ആകർഷിക്കാനും ഇവർക്കറിയാം. സ്നേഹപൂർവമുള്ള ഇവരുടെ പെരുമാറ്റം, കലാബോധം, സാഹിത്യം, സംഗീതം ഇവയോടുള്ള അടുപ്പം, പ്രേരണകൾക്കു വഴങ്ങാത്ത പ്രകൃതം, മതവിശ്വാസം, പുരാണങ്ങളോടും തത്വചിന്തകളോടുള്ള താല്പര്യം എന്നിവ എടുത്തു പറയേണ്ട സ്വഭാവങ്ങളാണ്.

ചിങ്ങം-ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ 15 നാഴിക) ചിങ്ങം രാശി സ്വരൂപം സിംഹമാണ്. സിംഹവും സിംഹിണിയും രണ്ടുപേരും വളരെ ബുദ്ധിശാലികളായിരിക്കും. കൂടാതെ സൗന്ദര്യം, ദയ, വിശാലമനസ്ക്കത, മറ്റുള്ളവരെ സംരക്ഷിക്കുക, ധൈര്യം, അന്തസ്സ്, വിശ്വസ്തത, സ്നേഹം തുടങ്ങിയ വിശിഷ്ട സ്വഭാവങ്ങളുടെ ഉടമയുമായിരിക്കും. ജീവിതത്തിൽ എല്ലാം നേരേ നടക്കണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. അവർക്ക് വളഞ്ഞവഴി അഥവാ ചതി എന്നിവയിലൊന്നുും താൽപ്പര്യമുണ്ടാകില്ല. എവിടെയും ഒരു പ്രമാണിത്വം ആഗ്രഹിക്കുന്നവരാണ്. നർമ്മഭാഷണപ്രിയരായ ഇവർക്ക് സ്വന്തം വീട് കൊട്ടാരസമാനമാണ്. അവിടെ കൂട്ടുകാരെയൊക്കെ സൽക്കരിക്കാനും വളരെയിഷട്മാണ്.

രണ്ടു വിശിഷ്ട വ്യക്തിത്വങ്ങളുടെ കൂട്ടായ്മയാണ് ഇവരുടെ ബന്ധം. സ്വതന്ത്രചിന്തകരായ ഇവർക്ക് പൊതുവായ സ്വഭാവങ്ങൾ ഏറെയുണ്ട്. രണ്ടു രാജാക്കൻമാർക്ക് എന്തായാലും ഒരു കൊട്ടാരത്തിൽ കഴിയാൻ ബുദ്ധിമുട്ടുണ്ടാകും. അതുപോലെ ഒരു സിംഹാസനവും പ്രശ്നമുണ്ടാക്കും. പക്ഷെ രണ്ടുപേരും കൂടി വിട്ടുവീഴ്ചകളിൽ കൂടി അത് പങ്കുവച്ചേ മതിയാകൂ.

സ്ഥിരരാശിയിൽപ്പെട്ട ചിങ്ങം രാശിക്കാർ ധൈര്യശാലികളായിരിക്കും. അത് ചിലപ്പോൾ ദുരഭിമാനത്തിലെത്തിയേക്കും. ഇവർ രണ്ടുപേരും മാത്രമേയുള്ളൂവെങ്കിൽ പരസ്പ്പരം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യും. വേറെ മൂന്നാമൻ അവിടെയുണ്ടെങ്കിൽ അയാളുടെ ശ്രദ്ധ ലഭിക്കാൻ വേണ്ടി ഇവർ തമ്മിൽ കലഹിച്ചേക്കും. അന്യോന്യം നല്ല ധാരണയും സ്നേഹവുമുള്ള ചിങ്ങം രാശിക്കാരാണെങ്കിൽ പങ്കാളിയുടെ മഹത്വങ്ങളെപ്പറ്റി മൂന്നാമന് പറഞ്ഞുകൊടുക്കാൻ മത്സരിക്കും. എല്ലാ കാര്യങ്ങളിലും ഒരു അന്തസ്സ് സൂക്ഷിക്കുന്നവരായിരിക്കും. പങ്കാളിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ വലിയ താൽപ്പര്യം രണ്ടുപേർക്കുമുണ്ടാകും. ഇവർ അന്യോന്യം കഴിവുകളെ പുകഴ്ത്താനും ശ്രമിക്കും. ആവശ്യമുള്ള പിന്തുണ പരസ്പ്പരം കൊടുക്കുകയും ചെയ്യും. നിർബന്ധശീലമുള്ള രണ്ടുപേർക്കും പരസ്പ്പരം കലഹിച്ചു കഴിഞ്ഞാൽ പിന്നീട് യോജിക്കാൻ ബുദ്ധിമുട്ടാണ്. സിംഹിണി തന്നെ മുൻകൈയെടുത്താലേ പ്രശ്നം അവസാനിപ്പിക്കാൻ സാധിക്കയുള്ളൂ. മറ്റെല്ലാ രാശികളേയും ഭരിക്കുന്ന ചിങ്ങം സുന്ദരിക്ക് ഇവിടെ കുടുംബം നേരേ കൊണ്ടുപോകുന്നതിനായി പരാജയം സമ്മതി ക്കേണ്ടി വരും. രണ്ടുപേർക്കും ഒരു പരിധിവരെ സ്വയം നിയന്ത്രിക്കാൻ സാധിക്കും. അതു കഴിഞ്ഞാൽ സ്വയം മറന്നു ഉച്ചത്തിൽ തന്നെ തന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിക്കും.

രണ്ടു സിംഹങ്ങൾ ചേർന്നാൽ അവിടത്തെ ശക്തി അപാരമായിരിക്കും. ശരിയായ രീതിയിലുള്ള ഊർജ്ജത്തിന്റെ അളവ് കൂടിയിരിക്കും. അവിടെ നർമ്മഭാഷണങ്ങളും സന്തോഷവും കൊണ്ട് അന്തരീക്ഷം തന്നെ ഉല്ലാസഭരിതമായിരിക്കും. രണ്ടുപേരും അന്യോന്യം പങ്കാളിയുടെ കഴിവുകളെ അംഗീകരിക്കയും പ്രശംസിക്കയും ചെയ്താൽ അവരുടെ സ്നേഹത്തേയും കെട്ടുറപ്പിനേയും ഒരു ശക്തിക്കും തകർക്കൻ കഴിയില്ല. ജനനാൽ തന്നെ ധൈര്യയശാലികളായ ഇവർ ഒന്നിച്ചു നിൽക്കയും പരസ്പ്പരം സംരക്ഷിക്കുകയും ചെയ്താൽ ആ കുടുംബത്തിൽ നിന്നും സ്വന്തക്കാർക്കും സമൂഹത്തിനും പല നല്ല കാര്യങ്ങളും പ്രതീക്ഷിക്കാം.

ചിങ്ങം-കന്നി (ഉത്രം അവസാന 45 നാഴിക, അത്തം, ചിത്തിര ആദ്യ 30 നാഴിക) കന്നി രാശിയിൽ ജനിച്ചവർ ഒരു പ്രത്യേക സ്വഭാവക്കാരാണ്. ഏതു കാര്യത്തിലുമുള്ള അടുക്കും ചിട്ടയും കൂടാതെ വൃത്തിയും മാന്യമായ പെരുമാറ്റവും. ഏതു കാര്യവും ശരിക്ക് പഠിച്ച ശേഷമേ ഇക്കൂട്ടർ അതിനെപ്പറ്റി അഭിപ്രായം പറയുകയുള്ളൂ. എത്ര പ്രയാസമുള്ള കാര്യമായാലും ഇവർ വിചാരിച്ചാൽ പ്രശ്നം പരിഹരിക്കാൻ സാധിക്കും. എല്ലാ കാര്യങ്ങൾക്കും കൃതൃത വേണമെന്ന ആഗ്രഹത്താൽ പെട്ടെന്ന് ഇവരെക്കൊണ്ട് കാര്യങ്ങൾ ചെയ്യിക്കാനാകില്ല. ഒരേ കാര്യം എന്നും ചെയ്യാൻ താല്പര്യം ഇവർക്ക് കുറവാണ്. പുതിയ പുതിയ കാര്യങ്ങൾ ചെയ്യാനും പഠിക്കാനും വലിയ താല്പര്യമാണ്. കന്നി ഒരു ഭൂമിരാശിയായതിനാൽ ഇവർക്ക് സ്ഥിരത, ധനം, പ്രശസ്തി എന്നിവയോട് ആസ്കതി കൂടും. അത് നേടാനായി ക്ഷമയോടുകൂടി നന്നായി ആസൂത്രണം ചെയ്ത് പരിശ്രമിക്കയും ചെയ്യും. ഏത് കാര്യവും ചെയ്യുന്നതിന് മുമ്പ് അതിന്റെ എല്ലാ വശവും ചിന്തിച്ച ശേഷമേ ഇറങ്ങി തിരിക്കയുള്ളൂ. സ്വയം വിമർ ശകരായതിനാൽ ഇവരിൽ തെറ്റ് കണ്ടുപിടിക്കാൻ പ്രയാസമായിരിക്കും.

വിശിഷ്ടവ്യക്തിത്വത്തിന് ഉടമകളും പ്രബലരുമാണ് ചിങ്ങം രാശിക്കാർ. സമാധാനപ്രിയരും, പല വിഷയങ്ങളിലും സാമാന്യതയിൽ കൂടിയ അറിവുമുള്ളവരാണ് കന്നി രാശിക്കാർ. ചിങ്ങം സ്ഥിര രാശിക്കാരും, കന്നി ദ്വിസ്വഭാവരാശിക്കാരുമാണ്. രണ്ടും തികച്ചും വ്യത്യസ്ഥ സ്വഭാവക്കാർ. പങ്കാളിയുടെ അപരിചിതമായ രീതികൾ മനസ്സിലാക്കയും പരസ്പ്പരം അംഗീകരിക്കയും ചെയ്താൽ ഇവരുടെ ബന്ധം വളരെ രസകരമായിരിക്കും. ഈ ബന്ധത്തിന്റെ സുഗമമായ മുന്നേറ്റത്തിന് ഏറ്റവും ആവശ്യം ക്ഷമയും സഹിഷ്ണുതയുമാണ്.

ചിങ്ങം രാശിക്കാർ ജീവിതത്തിലെ വിനോദങ്ങളേയും ലൈംഗികതയേയും എങ്ങനെ ആസ്വദിക്കാമെന്ന് കന്നി രാശിക്കാരെ പഠിപ്പിക്കും. സ്വന്തം ലക്ഷ്യങ്ങളിലേക്ക് എങ്ങനെ എത്താൻ

സാധിക്കുമെന്നും ക്ഷമ എന്താണെന്നും കന്നി രാശിക്കാരും പങ്കാളികളെ പഠിപ്പിക്കും. കന്നി രാശിക്കാർ എല്ലാ കാര്യങ്ങളും തലനാരിഴ കീറി പരിശോധിക്കുമെന്നും, അവർ വിമർശിക്കാനും മടിക്കില്ലായെന്നും അറിയാവുന്ന ചിങ്ങം രാശിക്കാൻ അവർ അത്രയധികം ഗൗരവം കാണിക്കേണ്ടതില്ലായെന്ന് അവരെ പറഞ്ഞു മനസ്സിലാക്കും. ചിങ്ങം രാശിക്കാർ കൂടുതൽ സ്വാർത്ഥരാണെന്ന് കന്നി രാശിക്കാർ കരുതുന്നു. മറ്റുള്ളവരെ എങ്ങനെ സഹായിക്കാമെന്നും അതിൽ നമുക്ക് കിട്ടുന്ന ആനന്ദം എന്താണെന്നും ചിങ്ങം രാശിക്കാർക്ക് കന്നി രാശിക്കാർ കാണിച്ചു കൊടുക്കും.

ചിങ്ങം രാശിസ്വരൂപം സിംഹവും കന്നി രാശിസ്വരൂപം കന്യകയുമാണ്. സിംഹവും പുരുഷനും കന്യകയും ഒത്തുചേർന്നാൽ അത് വളരെ നല്ലൊരു ബന്ധമായിരിക്കും. പൊതുവേ മറ്റുള്ളവരെ നിശിതമായി വിമർശിക്കുന്ന സ്വഭാവക്കാരിയാണ് ഈ കന്നിരാശിക്കാർ. പക്ഷേ സിംഹത്തിന്റെ കൂടെ ചേർന്നാൽ അവരെ വിമർശിക്കില്ലായെന്നു മാത്രമല്ല, വളരെ സഹിഷ്ണുത കാണിക്കയും ചെയ്യും. എന്തു സാധനം പൊട്ടിയാലും അത് കൂട്ടിയോജിപ്പിക്കാൻ സിംഹം മിടുക്കനാണ്. കന്നി സുന്ദരിയുടെ ഹൃദയത്തിലാണ് മുറിവെങ്കിലും അത് പരിചരിക്കാനും ആ മുറിവ് കൂട്ടിയോജിപ്പിക്കാനും അവൻ സദാ സന്നദ്ദനായിരിക്കും. അവന്റെ ആ സ്വഭാവം അവളിൽ വലിയ മതിപ്പ് തന്നെ സൃഷിക്കും. അതുപോലെ തന്നെ കന്യകയുടെ വളരെ ഭംഗിയായ വസ്ത്രധാരണം, എവിടെയും മികച്ചത് തെരഞ്ഞെടുക്കാനുള്ള കഴിവ് എപ്പോഴും സമാധാനവും ശാന്തിയും സ്ഫുരിക്കുന്ന മുഖഭാവം എന്നിവ ചിങ്ങം ജാതർക്ക് കന്നിക്കാരോട് ആരാധനയുണ്ടാക്കുന്ന സ്വഭാവങ്ങളാണ്.

ഇവരുടെ ബന്ധത്തിൽ ചോദ്യം ചെയ്യപ്പെടാനാകാത്ത തരത്തിൽ നേതൃത്വം എപ്പോഴും ചിങ്ങം ജാതർക്കായിരിക്കും. കന്നി വളരെ സന്തോഷത്തോടെ തന്നെ അപകർഷതാബോധമില്ലാതെ ഇണയുടെ തീരുമാനങ്ങൾ അംഗീകരിക്കയും ചെയ്യും. മോശമല്ലാത്തൊരു ബന്ധമായിരിക്കും ഇത്.

ചിങ്ങം-തുലാം (ചിത്തിര അവസാന 30 നാഴിക, ചോതി, വിശാഖം ആദ്യ 45 നാഴിക) ജ്യോതിഷത്തിൽ തുലാം രാശിക്കാരെപ്പറ്റി പറയുന്നത് സമാധാനകാംക്ഷികളെന്നാണ്. കൂടാതെ മറ്റുള്ളവർക്കും സമാധാനം എത്തിക്കാൻ ഇവർ ശ്രമിക്കും. എല്ലാം അറിയാമെന്നു നടിക്കുന്നവരല്ല, അറിയാത്തത് അറിയില്ലായെന്നുതന്നെ പറയും. ഏതു കാര്യമായാലും അതിൽ തുലാം രാശിക്കാർ അഭിപ്രായം പറയുന്നത് ആ കാര്യത്തിന്റെ എല്ലാ വശവം ശരിക്കും ചിന്തിച്ച ശേഷമായിരിക്കും. അവരുടെ തുലാസ്സിൽ വച്ചു തൂക്കിയ ശേഷമേ അതിന്റെ ന്യായവും അന്യായവും അവർ പ്രകടിപ്പിക്കയുള്ളൂ. വളരെ അന്തസ്സോടെ പെരുമാറുന്നവരാണ് ഇവർ.

അഗ്നിഭൂതത്തിൽ പെടുന്ന ചിങ്ങം രാശിക്കാരും വായുഭൂതത്തിൽ പെടുന്ന തുലാം രാശിക്കാരും കൂടിച്ചേർന്നാൽ അവർക്ക് വിജയിക്കാൻ സാധിക്കാത്ത ഒരു മേഖലയുമുണ്ടാകില്ല. പ്രണയത്തിലായയാലും, വിവാഹ ജീവിതത്തിലായാലും, ബിസിനസ്സ് പങ്കാളിത്തത്തിലായാലും അത് വിജയിക്കുന്ന ഒരു ബന്ധമായിരിക്കും. രണ്ടുപേരും അനീതിക്കെതിരാണ്. പ്രകൃത്യാ തന്നെ ആരെയും വെറുപ്പിക്കാതെ കാര്യങ്ങൾ കൊണ്ടുപോകാനറിയുന്ന തുലാം രാശിക്കാരും വളരെ ഉത്സാഹത്തോടെയും അന്തസ്സോടെയും ആധുനികതയോടെയും കാര്യങ്ങളെ സമീപിക്കുന്ന ചിങ്ങം രാശിക്കാരും അന്യോന്യം പങ്കാളിയുടെ കഴിവിനെ അഭിനന്ദിക്കുന്നതിൽ മത്സരിക്കുന്നവരാണ്.

ചിങ്ങം രാശി സ്വരൂപം സിംഹമാണ്. തുലാം രാശി സ്വരൂപം ത്രാസ്സും. രണ്ടുപേരുടേയും സ്വഭാവങ്ങളിൽ കൂടുതലും യോജിച്ചു പോകുന്നവയാണ്. അഭിപ്രായ വ്യത്യാസങ്ങൾ പലപ്പോഴും സംഭവിക്കുന്നത് നേതൃത്വത്തെ ചെല്ലിയായിരിക്കും. തുലാം രാശിക്കാർ നയപരമായ പെരുമാറുകയും ചിങ്ങം രാശിക്കാരെ അംഗീകരിക്കയും ചെയ്യും. തുലാം രാശിക്കാരുടെ അംഗീകാരം

ചിങ്ങത്തെ സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ടതുമാവും.

രണ്ടുപേരും വിവിധ വിഷയങ്ങളിൽ താൽപ്പര്യമുള്ളവരാണ്. സാമൂഹ്യ കാര്യങ്ങളിൽ താൽപ്പര്യം കൂടുമെങ്കിലും ആരോടും പെട്ടെന്ന് അടുക്കുന്ന സ്വഭാവക്കാരനല്ല തുലാം. അതിനാൽ ചിങ്ങം അവർക്ക് കൂട്ടുകാരും കൂടെയായിരിക്കും. സിംഹം ചിലപ്പോൾ അധികാരം കാട്ടുകയും ആജ്ഞകൾ പുറപ്പെടുവിക്കുമെങ്കിലും തുലാം വളരെ നയപരമായി അവരോട് അനുസരണക്കേട് കാണിക്കാതെ തന്നെ തന്ത്രപൂർവ്വം അവരുടെ ഇഷ്ടം പോലെ പെരുമാറുകയും ചെയ്യും. രണ്ടുപേരും സമൂഹത്തിൽ അറിയപ്പെടാനും അന്തസ്സ് ഉയർത്തിപ്പിടിക്കാനും മിടുക്കരാണ്. പാർട്ടികളിൽ പങ്കെടുക്കാനും പാർട്ടികൾ നടത്താനും മറ്റുള്ളവരെ സൽക്കരിക്കാനും രണ്ടുപേരും വളരെ ധാരണയോടെ ഒന്നിച്ചുതന്നെ നിൽക്കും. ചിങ്ങം ചെലപ്പോൾ കൂടുതൽ സ്വാർത്ഥരാകുന്നുയെന്ന തോന്നൽ പങ്കാളിക്കുണ്ടായേക്കും. തുലാത്തിൽ നിന്നും പ്രതീക്ഷിച്ച പരിചരണം ലഭിക്കുന്നില്ലായെന്ന പരാതി സിംഹത്തിനും ഉണ്ടായേക്കും. തന്നെക്കാലും മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇണ കൂടുതൽ ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നലും ചിങ്ങം ജാതർക്ക് ശക്തമായേക്കാം. അത് പ്രശ്നങ്ങൾക്കിട വരുത്തും.ശരിയായ കെട്ടുറപ്പുള്ള ഒരു ബന്ധം നയിക്കുന്നതിന് ചിങ്ങം അവരുടെ അഭിപ്രായങ്ങളും പരിഗണിക്കണം. തുലാത്തിനെ പല കാര്യങ്ങൾക്കും മുമ്പിൽ നിൽക്കാൻ പ്രേരിപ്പിക്കണം.

അതുപോലെ തുലാം ഇണയെ മറ്റുള്ളവരോട് നയപരമായി പെരുമാറാൻ പഠിപ്പിക്കണം. കൂടാതെ അന്യോന്യം ചെറിയ വിട്ടുവീഴ്ചകളും ചെയ്താൽ ഈ ബന്ധം വളരെ നന്നായി ആസ്വദിക്കാവുന്നതാണ്.

ചിങ്ങം-വൃശ്ചികം (വിശാഖം അവസാന 15 നാഴിക, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർ ധൈര്യശാലികളും വ്യക്തമായ തീരുമാനങ്ങളും ആശയങ്ങളും ഉള്ളവരുമായിരിക്കും. അവരുടെ ആശയങ്ങൾ ആരുടെ മുമ്പിലും തുറന്നു പറയാൻ മടിയില്ലാത്തവരുമായിരിക്കും. ഏതു പ്രതിസന്ധികളെയും നേരിടാനും ഇവർ തയ്യാറായിരിക്കും. ഇവരുടെ മനോധൈര്യവും, അന്തസ്സും ആഭിജാത്യത്തോടെയുള്ള പെരുമാറ്റവും, ആധുനികമായ വസ്ത്രധാരണവും ആരേയും ആകർഷിക്കുന്നതാണ്. എടുക്കുന്ന തീരുമാനങ്ങളിൽനിന്നും മാറാൻ തയ്യാറാകാത്ത ഇവർ സംസാരിക്കുന്നതിനെക്കാൾ പ്രവർത്തിക്കാൻ താൽപ്പര്യപ്പെടുന്നവരാണ്. ശരിയാണെന്നു തോന്നിയാൽ അതിനു വേണ്ടി പാരമ്പര്യ വിശ്വാസങ്ങളെയും തള്ളിപ്പറയാനും ഇവർ മടിക്കില്ല. സ്വന്തം ബലഹീന അറിയുന്ന ഇവർ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാറില്ല. അഭയം തേടുന്നവരെ ഒരിക്കലും ഇവർ നിരാശപ്പെടുത്താറില്ല. ജീവിത പങ്കാളിയെക്കുറിച്ച് അഭിമാനം കൊള്ളുന്നവരാണ് ഇവർ. ലൈംഗിക കാര്യങ്ങളിൽ ഇണയെ തൃപ്തിപ്പെടുത്താൻ ഇവർക്ക് പ്രത്യേക വൈഭവമുണ്ട്.

ആരാധനയും അഭിനന്ദനവും ആഗ്രഹിക്കുന്ന ചിങ്ങം രാശിക്കാരും വിശ്വസ്ഥത, നിയന്ത്രണം, ആഴമേറിയ പരസ്പ്പര ധാരണ എന്നിവ ആഗ്രഹിക്കുന്ന വൃശ്ചികം രാശിക്കാരും. ഇവർ തമ്മിലുള്ള ബന്ധം ഒന്നുകിൽ വലിയ വിജയമായിരിക്കും അല്ലെങ്കിൽ തികഞ്ഞ പരാജയമായിരിക്കും. ചെറിയ വിട്ടുവീഴ്ചകളിൽ കൂടി പോകുന്നതല്ല ഇവരുടെ ബന്ധം. രണ്ടുപേരും പ്രത്യേക വ്യക്തിവൈശിഷ്ടങ്ങൾക്കു ഉടമയാണ്. രണ്ടും സ്ഥിരരാശിക്കാരാണ്. ചിങ്ങം രാശിക്കാർ വിശ്വസ്ഥരാണ്, എന്തും വെട്ടിത്തുറന്നു പറയുന്നവരുമാണ്. വൃശ്ചികം രാശിക്കാരും പലതും തുറന്നു പറയുന്നവരാണെങ്കിലും അതിനും ഒരു പരിധി സൂക്ഷിച്ചിട്ടുണ്ട്. അവരുടെ പ്രധാന ലക്ഷ്യം രഹസ്യമായിരിക്കും. അതിനുവേണ്ടി രഹസ്യമായി പ്രവർത്തിക്കയും ചെയ്യും.

രണ്ടുപേരും നേതൃത്വം ആഗ്രഹിക്കുന്നവരാണ്. ചിങ്ങം രാശിക്കാർ പറയുന്നത് ശ്രദ്ധിക്കുമെങ്കിലും വൃശ്ചികം രാശിക്കാർക്ക് ശരിക്കും ബോധ്യപ്പെട്ടാലേ അത് അവർ അംഗീകരിക്കയുള്ളൂ. അല്ലെങ്കിൽ അവർ തുറന്ന എതിർപ്പ് തന്നെ പ്രകടിപ്പിക്കുകയും അവിടെ നിന്ന് ഒഴിഞ്ഞു മാറുകയും ചെയ്യും. ചിങ്ങം വൃശ്ചികം രാശിക്കാർ ഒരുമിച്ച് എതെങ്കിലും സംരംഭത്തിൽ ഏർപ്പെടുകയാണെങ്കിൽ അത് വലിയ വിജയമായിരിക്കും. ഇവരുടെ ആത്മവിശ്വാസവും വൈകാരിക ബന്ധവും അത്ര വലുതായിരിക്കും. കൂടെ പ്രവർത്തിക്കുന്നവർക്കും വലിയ ഉത്സാഹമുണ്ടാകും. ഇതിനിടയിൽ ഇവർ തമ്മിൽ കലഹിച്ചാൽ അത് വലിയ യുദ്ധത്തിലാവും അവസാനിക്കുക. സാധാരണ പരസ്പ്പരം അറിയാവുന്നതിനാൽ അങ്ങനെ കലഹമുണ്ടാകാതിരിക്കാൻ രണ്ടുപേരും ശ്രദ്ധിക്കും.

വൃശ്ചികത്തിന് പങ്കാളിയുടെ ആത്മവിശ്വാസത്തോട് വലിയ ആരാധനയുണ്ടാകും. ചിങ്ങത്തിന് ഇണയുടെ വ്യക്തിത്ത്വത്തോടും സൗന്ദര്യത്തോടുമാകും ആരാധന. വൃശ്ചികം ജാതരുടെ ആത്മവിശ്വാസം നിറഞ്ഞതും ചുഴിഞ്ഞതുമായ സൂക്ഷ്മനോട്ടത്തെ മറ്റു രാശിയിൽ ജനിച്ചവർക്ക് നേരിടാൻ പ്രയാസമായിരിക്കും. എന്നാൽ ചിങ്ങം ജാതർക്ക് ആ നോട്ടത്തിൽ ഒരു പ്രത്യേക ആകർഷണീയതയാണ് തോന്നുക. രണ്ടുപേരും വലിയ മനക്കട്ടിയുള്ളവരാണ്. അഗ്നിഭൂതത്തിൽപ്പെട്ട ചിങ്ങം രാശിക്കാർ അവരുടെ അഭിപ്രായം, ഇണയെ വേദനിപ്പിക്കുന്നതാണെങ്കിൽ കൂടി , തുറന്നു പറയും. അവിടെ ഇണയുടെ പ്രതികരണം ശ്രദ്ധിക്കില്ല. ജലഭൂതത്തിൽപ്പെട്ട വൃശ്ചികം ജാതരുടെ ആയുധം വികാര പ്രകടനമാണ്. അതുപയോഗിച്ചായിരിക്കും അവർ പ്രതികരിക്കുകയും മറ്റുള്ളവരെ നിയന്ത്രിക്കയും ചെയ്യുന്നത്. ഇവർ തമ്മിൽ കലഹിക്കുകയാണെങ്കിൽ അത് ഒത്തുതീർപ്പാക്കുന്ന ജോലി ശരിക്കും കഠിനമേറിയതായിരിക്കും. വൃശ്ചികം ജാതർക്ക് പങ്കാളിയെ അധികം നിയന്ത്രിക്കാനൊന്നും താൽപ്പര്യമുണ്ടാകില്ല. അവർക്ക് ചിങ്ങത്തിന്റെ വിശ്വസ്ഥതയിലും ചിങ്ങത്തിന് വൃശ്ചികത്തിന്റെ വ്യക്തിത്വത്തിലും വലിയ വിശ്വാസമായിരിക്കും.

വൃശ്ചികം ജാതർ കുടംബത്തിന് വേണ്ടി എത്ര ഭാരിച്ച ചുമതലകളും ഏറ്റെടുക്കുവാൻ സന്നദ്ദരായിരിക്കും. ചിങ്ങത്തിന്റെ നിർബന്ധശീലവും ആജ്ഞകളും വൃശ്ചികത്തെ വിഷമത്തിലാക്കും. അങ്ങനെ വരുമ്പോൾ അവർ പിണങ്ങിയിരുന്നായിരിക്കും പ്രതിഷേധിക്കുക. വൃശ്ചികം രാശിക്കാരുടെ തീരുമാനം മാറ്റുന്നത് പ്രയാസമുള്ള കാര്യമാണ്. അത് ചിങ്ങത്തിന് ശുണ്ഠി പിടിപ്പിക്കും. രണ്ടുപേരുടെയും കുടുംബത്തിന് വേണ്ടിയുള്ള ലക്ഷ്യം ഒന്നാണ്. അതിനാൽ പരസ്പ്പരം മനസ്സിലാക്കി വിട്ടുവീഴ്ചകൾ ചെയ്ത് നീങ്ങിയാൽ ഈ ജോടിക്ക് നേടാൻ സാധിക്കാത്തത് ഒന്നുമില്ല തന്നെ.

ശിവറാം ബാബുകുമാർ പ്രശാന്തി, നെടുമ്പ്രം ലെയിൻ, പേരൂർക്കട, തിരുവന്തപുരം ഫോൺ: 0471 2430207 , 98471 87116 Email : sivarambabu@hotmail.com , sivaram.babu@yahoo.com

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer