Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊരുത്തവും പൊരുത്തക്കേടുകളും -ചിങ്ങം ഭാഗം-3

leo-porutham-part3

ചിങ്ങം-ധനു/മകരം/കുംഭം/മീനം ചിങ്ങം രാശി ലഗ്നമായി ജനിച്ചവർക്കും മകം, പൂരം, ഉത്രം ആദ്യ പാദം എന്നീ നക്ഷത്രക്കാർക്കും ബാധകമാണ് ഈ ലേഖനം. അവർ മറ്റു രാശിയിൽ ജനിച്ചവരുമായുള്ള പ്രായോഗിക പൊരുത്തം ചിന്തിക്കയാണ്. വിവാഹ പൊരുത്തം ചിന്തിക്കുന്നതു പോലെ രണ്ട് രാശിയിൽ ജനിച്ചവരുടെ സ്വഭാവം പരിശോധിച്ചു കൊണ്ട് അവരുടെ ചേർച്ചയെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അത് വിവാഹ ജീവിതമോ, പാർട്ടനർഷിപ്പ് ബിസിനസ്സോ, കൂട്ടുകെട്ടോ ആകാം. അതിൽ വരാൻ സാധ്യതയുള്ള പൊരുത്തക്കേടുകളും അത് തരണം ചെയ്യാനുള്ള പ്രായോഗിക പരിഹാരങ്ങളും ഇതിൽ വിവരിക്കുന്നുണ്ട്.

ചിങ്ങംരാശിക്കാരുടെ പ്രത്യേകത ചിങ്ങം രാശിയിൽ ജനിച്ചവർ വളരെയധികം ആത്മവിശ്വാസം എല്ലാ കാര്യങ്ങളിലും പ്രകടിപ്പിക്കുന്നു. ഇവർക്കു നേതൃത്വഗുണം കൂടും. ഏതൊരു ഗ്രൂപ്പിൽ പോയാലും ഇവരുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെടും. അന്യരുടെ ശ്രദ്ധ തന്നിലേക്കു ആകർഷിക്കാനും ഇവർക്കറിയാം. സ്നേഹപൂർവമുള്ള ഇവരുടെ പെരുമാറ്റം, കലാബോധം, സാഹിത്യം, സംഗീതം ഇവയോടുള്ള അടുപ്പം, പ്രേരണകൾക്കു വഴങ്ങാത്ത പ്രകൃതം, മതവിശ്വാസം, പുരാണങ്ങളോടും തത്വചിന്തകളോടുള്ള താല്പര്യം എന്നിവ എടുത്തു പറയേണ്ട സ്വഭാവങ്ങളാണ്.

ചിങ്ങം-ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ 15 നാഴിക) ധനു രാശിക്കാർ പൊതുവെ ശുഭാപ്തിവിശ്വാസക്കാരാണ്. എപ്പോഴും ഉത്സാഹഭരിതരായ ഇവർക്ക് പുതിയ അനുഭവങ്ങളും, പുതിയ സാഹചര്യങ്ങളും ഹരമാണ്. വളരെ വലുതായി ചിന്തിക്കാനും ആ ലക്ഷ്യം നേടുന്നതിനുവേണ്ടി പരിശ്രമിക്കാനും അതിൽ വരുന്ന പരാജയങ്ങളെ കണക്കാക്കാതെ മുന്നോട്ട് പോകുവാനും ഇവർ മിടുക്കരാണ്. ന്യായ വാദികളായ ഇവർ സത്യവാമ്മാരും ആത്മാർത്ഥതയുള്ളവരും വിശാലമനസ്കരുമാണ്. സാധാരണ കർട്ടനു പുറകിൽ നില്ക്കാൻ ഇഷ്ടപ്പെടുന്ന ഇവർ സ്വയം ന്യായമാണെന്നു തോന്നുന്ന കാര്യത്തിനുവേണ്ടി വിപ്ലവം സൃഷ്ടിക്കുവാനും മടിക്കില്ല. ആധുനികത ഇഷ്ടപ്പെടുന്നവരായ ഇവർ കടുത്ത ദൈവ ഭക്തരുമാണ്. ഭരിക്കപ്പെടാനല്ല, ഭരിക്കാനാണ് ജനിച്ചതെന്ന ഭാവം ഇവർക്ക് പലപ്പോഴും അപകടം വരുത്തിവക്കാറുണ്ട്. ഇവർക്ക് ഉള്ളിലുള്ള സ്നേഹം പലപ്പോഴും പ്രകടിപ്പിക്കാൻ സാധിക്കാറില്ല. അത് ജീവിതത്തിൽ പരാജയങ്ങൾക്ക് കാരണമാകാതിരിക്കാൻ ശ്രമിക്കേണ്ടതാണ്.

അഗ്നിരാശികളായ ചിങ്ങം, ധനു എന്നീ രാശികളിൽ ജനിച്ചവരുടെ സ്വഭാവത്തിലെ വൈരുദ്ധ്യങ്ങൾ ശ്രദ്ധയാകർഷിക്കുന്നവയാണ്. ചിങ്ങം രാശിക്കാർ ആജ്ഞാപിക്കാനും ഉപദേശിക്കാനും മുമ്പിൽ നിൽക്കുന്നവരാണ്. ഇതു രണ്ടും ശ്രദ്ധിക്കാൻ താൽപ്പര്യമില്ലാത്തവരാണ് ധനു രാശിക്കാർ. രണ്ടുപേരും ആർക്കും കീഴടങ്ങുന്നവരല്ല. ഇവർ പരസ്പ്പരം ധാരണയിൽ മുന്നോട്ട് പോയാൽ വലിയ വിജയമായിരിക്കും. പക്ഷേ ചിങ്ങം രാശിക്കാരുടെ ദുരഭിമാനം ധനു രാശിക്കാർക്ക് സഹിക്കാൻ സാധിക്കില്ല. ധനു രാശിക്കാർ പെട്ടെന്ന് വിട്ടുവീഴ്ചക്ക് തയ്യാറാവുന്നവരല്ല. ചിങ്ങം രാശിക്കാർ ചെയ്യുന്ന കാര്യം ഭംഗിയായി പൂർത്തീകരിക്കാൻ ശ്രമിക്കുന്നവരാണ്. ധനു രാശിക്കാർ പെട്ടെന്ന് വിരസതക്ക് അടിപ്പെടുന്നവരാണ്. അവർ എപ്പോഴും പുതിയതിന്റെ പിന്നാലേ പോകും. പെട്ടെന്ന് ഒത്തുതീർപ്പുകൾക്ക് വഴങ്ങുന്നവരുമാണ് ഇക്കൂട്ടർ.

ധനു നേരായ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവളാണ്. ചിങ്ങത്തിന്റെ ദുരഭിമാനം അവർക്ക് ഇഷ്ടപ്പെടില്ല. ചിങ്ങത്തിന്റെ തെറ്റുകൾ ധനു ചൂണ്ടിക്കാനിക്കും. ചിലപ്പോൾ പറയുന്നത് പരസ്യമായിതന്നെയായിരിക്കും. അത് വലിയ കലഹങ്ങളിലേക്ക് നീങ്ങിയെന്നും വരാം. ചിങ്ങത്തിന് പൊതുവെ അധികം വിമർശനങ്ങൾ കേൾക്കുന്നത് അവരെ കൊല്ലുന്നതിന് തുല്യമാണ്. അതിനാൽ അവരുടെ പ്രതികരണം പ്രവചനാതീതമായിട്ടായിരിക്കും. ചിലപ്പോൾ പൊട്ടിത്തെറിച്ചേക്കും. എന്നാൽ ധനു രാശിക്കാർ ഭവിഷ്യത്തുകൾ ആലോചിക്കാതെ സംസാരിക്കുന്നവരാണ്. അവർ പരിഹസിക്കാനും മടിക്കില്ല. അവസാനം ഒത്തുതീർപ്പാക്കാൻ ചിങ്ങം ജാതർ തന്നെ പരിശ്രമിക്കേണ്ടി വരും.

ഇവർ വിട്ടുവീഴ്ചകൾ ചെയ്ത് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചാൽ ധനുവിന്റെ നർമ്മഭാഷണവും ശുഭാപ്തിവിശ്വാസവും ഭാഗ്യവും ചിങ്ങത്തിന് വലിയ തുണയായിരിക്കും. രണ്ടുപേരും ആശയപരമായി പരസ്പ്പരം അഭിനന്ദിക്കാനും മിടുക്കരാണ്. അന്യോന്യം രണ്ടുപേർക്കും പങ്കാളിയുടെ പ്രത്യേക സ്വഭാവ വിശേഷം അറിയാവുന്നതുകൊണ്ട് അവർ വളരെ ആലോചിച്ച് മാത്രമേ കലഹിക്കാൻ തുനിയുകയുള്ളൂ. അതിനാൽ പരസ്പ്പരം മനസ്സിലാക്കി മുന്നോട്ട് നീങ്ങിയാൽ വളരെ ആശയപരമായി യോജിപ്പുള്ള ദമ്പതിമാരായി ജീവിതം ആസ്വദിക്കാം.

ചിങ്ങം-മകരം(ഉത്രാടം അവസാന 45 നാഴിക, തിരുവോണം,അവിട്ടം ആദ്യ 30 നാഴിക)

സ്വതന്ത്ര ചിന്താഗതിക്കാരായ മകരം രാശിക്കാർ ആത്മവിശ്വാസം, നല്ല മനശക്തി ഒട്ടും തന്നെ ബഹളം കാണിക്കാതെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നവരുമാണ്. കഠിനപ്രയത്നം, പ്രായോഗിക ബുദ്ധി, ആരോട് എങ്ങനെ പെരുമാറണമെന്ന അറിവ്, ആത്മാർത്ഥത തുടങ്ങിയ സ്വഭാവങ്ങൾ ഇവരുടെ പ്രത്യേകതകളാണ്. കൂടാതെ അമിത വികാര പ്രകടനങ്ങൾക്കൊന്നും ഇവരെ കിട്ടില്ല. ഏതൊരു വലിയ പ്രോജക്റ്റിന്റെയും പിന്നിൽ, അത് ഭംഗിയായി തീർക്കുന്ന കാര്യത്തിൽ മകരം രാശിക്കാരെ കാണാൻ സാധിക്കും. അത് ഉറച്ച തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ ഇവർ മിടുക്കരാണ്. സ്വന്തം തീരുമാനങ്ങളെ വിമർശന ബുദ്ധിയോടെ അപഗ്രഥിച്ചതിനു ശേഷം മാത്രം നടപ്പാക്കാൻ താത്പര്യം കാട്ടുന്ന ഇവർ അതുകൊണ്ടുതന്നെ മറ്റുള്ളവരിൽ നിന്നും ഏതു കാര്യത്തിനും അച്ചടക്കം വേണമെന്നു നിർബന്ധിക്കുകയും ചെയ്യും. വിജയം മാത്രം മുന്നിൽ കാണുന്നതുകൊണ്ട് വളരെ നിശ്ശബ്ദമായി പ്രതിബന്ധങ്ങളെ തട്ടി നീക്കി മുമ്പോട്ടു പോകാനും ഇവർ മിടുക്കരാണ്.മേലധികാരികളെ ബഹുമാനിക്കുന്നതിനും അവരുടെ പ്രശംസ നേടുന്നതിലും ഇവർ എപ്പോഴും വിജയിക്കാറുണ്ട്.

ഇവരുടെ കുടുംബ സ്നേഹവും എടുത്തു പറയേണ്ട സവിശേഷതയാണ്. മകരക്കാരായ ആളുകൾക്ക് വസ്തുതകളെ പക്വതയോടെ അഭിമുഖീകരിക്കാനും തങ്ങളുടെ തെറ്റുകളെ തടയാനും തങ്ങളുടെ പ്രത്യേക കഴിവുകളുപയോഗിച്ച് വളരെ മികച്ച കാര്യങ്ങൾ ചെയ്യാനുമുള്ള അത്ഭുതകരമായ കഴിവുണ്ട് കച്ചവടത്തിൽ ഏതെങ്കിലും രാശി മികവു കാണിക്കുന്നൂയെങ്കിൽ അത് മകരമാണ്.മകരം രാശിക്കാർ പല കാര്യത്തിലും ചിങ്ങം രാശിയേക്കാലും മുമ്പിലായിരിക്കും. പ്രത്യേകിച്ചും അവർ വളരെ വിവേകശാലികളും പ്രായോഗികതയുള്ളവരും, തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നവരും, നയിക്കാൻ കഴിവുള്ളവരുമാണ്. ഇവരുടെ ബന്ധത്തിന്റെ ആദ്യ കാലങ്ങളിൽ തമ്മിൽ പൊരുത്തപ്പെടാൻ രണ്ടുപേരും വളരെ വിഷമിക്കും. ഒരിക്കൽ ബന്ധം നേരേയായിക്കഴിഞ്ഞാൽ പരസ്പരം പിന്തുണക്കുന്ന ഒരു കുടുംബബന്ധം അവിടെ ഉടലെടുക്കും. യാഥാസ്ഥിതിക ചിന്തയുള്ള കഠിനാദ്ധ്വാനികളായി മകരം രാശിക്കാരെ ചിങ്ങം രാശിക്കാർ അംഗീകരിക്കുകയും പ്രശംസിക്കയും ചെയ്യും.

രണ്ടുപേരും ഒരു പൊതുവായ ലക്ഷ്യത്തിന് വേണ്ടി പ്രയത്നിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണ്. ഒരു ലക്ഷ്യം നേടിക്കഴിഞ്ഞാൽ അടുത്തതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടങ്ങാനും രണ്ടുപേർക്കും ഉത്സാഹമായിരിക്കും. രണ്ടുപേരും അന്തസ്സ് കാത്തു സൂക്ഷിക്കുന്നവരാണ്, അച്ചടക്കത്തോടെ പ്രവർത്തിക്കുന്നവരാണ് കൂടാതെ എപ്പോഴും ഊർജ്ജസ്വലരുമായിരിക്കും. വിശ്രമമില്ലാതെ ജോലിചെയ്യുന്ന മകരം രാശിക്കാരുടെ ആത്മവിശ്വാസത്തെ അഭിനന്ദിക്കാൻ ചിങ്ങം രാശിക്കാരും, അതിന് നന്ദി പ്രകടിപ്പിക്കാൻ മകരം രാശിക്കാരും മടിക്കാറില്ല. തൊഴിൽപരമായ സ്ഥിരതയും സുരക്ഷിതത്വവും മകരം രാശിക്കാർക്കും ആശയപരമായ സ്വാതന്ത്യ്രം ചിങ്ങം രാശിക്കാർക്കും വളരെ പ്രധാനമാണ്. അവർ ഒന്നിച്ചു ചെലവഴിക്കുന്ന സമയവും അവരവരുടെ വ്യക്തിപരമായ കാര്യങ്ങൾക്ക് ചെലവഴിക്കുന്ന സമയവും കഴിയുന്നതും ആസ്വദിക്കണമെന്ന ചിന്താഗതി രണ്ടുപേർക്കുമുണ്ടാകും. അതിനാൽ പരസ്പ്പരം അഭി പ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതെയിരിക്കാൻ രണ്ടുപേരും ഒരുപോലെ ശ്രദ്ധിക്കും.

രണ്ടു രാശിക്കാരും സവിശേഷ വ്യക്തിത്വമുളളവരാണ്. മകരം രാശിക്കാരെ മാറ്റിയെടുക്കാൻ ശരിക്കും പ്രയാസമായിരിക്കും. അവരെ അനുസരിപ്പിക്കാനോ ഭരിക്കാനോ ശ്രമിച്ചാൽ മകരം അതിന് വിരുദ്ധമായി മാത്രമേ പ്രവർത്തിക്കയുള്ളൂ. അത് അവരുടെ വാശി വർദ്ധിപ്പിക്കും. അതിനാൽ ചിങ്ങം തന്ത്രപൂർവ്വം വിചാരിച്ചാൽ ഘട്ടം ഘട്ടമായി കുറേശ്ശെ അവരെ മാറ്റിയെടുക്കാൻ സാധിക്കും. ഇവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾക്കുള്ള അടുത്ത കാരണം ധനമായിരിക്കും. അതിന് ഇവർ അവരവരുടെ ധനപരമായ കാര്യങ്ങളും ചെലവുകളും അവരവർ തന്നെ കൈകാര്യം ചെയ്യണം. രണ്ടുപേർക്കു പൊതുവായി യോജിക്കാവുന്ന മേഖലകൾ കണ്ടുപിടിച്ച് അത് ബലവത്താക്കണം. കൂടാതെ വളരെയധികം വിട്ടുവീഴ്ചകൾ പരസ്പ്പരം ചെയ്യേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ ചിങ്ങം മകരം ബന്ധം സുഗമമാവുകയുള്ളൂ.

ചിങ്ങം- കുംഭം (അവിടെ അവസാന 30 നാഴിക, ചതയം, പൂരുരൂട്ടാതി ആദ്യ 45 നാഴിക) കുംഭം രാശിയിൽ ജനിച്ചവർ വളരെ നയപരമായും കുലീനത്വത്തോടെയും പെരുമാറാൻ അറിയാവുന്നവരാണ്. പ്രായോഗികമായി ചിന്തിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനുമുള്ള കഴിവാണ് ഇവരെ മറ്റുള്ള രാശിക്കാരിൽ നിന്നും മാറ്റി നിറുത്തുന്നത്. വളരെ ഉറച്ച തീരുമാനങ്ങൾ എടുക്കാനും അതിൽ വിജയം കാണുന്നതുവരെ പ്രയത്നിക്കാനും ഇവർക്ക് ആവേശമാണ്. ഒരു സമയക്രമം വച്ച് പദ്ധതികൾ വിജയിപ്പിക്കും. കാര്യം ചെയ്യാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ അതിൽ വരാവുന്ന തെറ്റുകൾ ഇവർ മുൻകൂട്ടി കണ്ടിരിക്കുമെന്നു മാത്രമല്ല അനുയോജ്യമായ സമയത്തിന് വേണ്ടി കാത്തിരിക്കയും ചെയ്യും. ധനപരമായ കാര്യങ്ങളിലും ധനം ബുദ്ധിപരമായി നിക്ഷേപിക്കുന്നതിലും ഇവർ സമർത്ഥരുമാണ്. ചെയ്യുന്ന കാര്യങ്ങൾ ശരിയാണ് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താാനുും അവരുടെ സഹായം അഭ്യർത്ഥിക്കാനും സ്വന്തം ഭാഗം തെറ്റാണെങ്കിൽ അത് തിരുത്തുവാനും ഇവർക്ക് മടിയില്ല.ചിങ്ങം കുംഭം രാശിക്കാർ അന്യോന്യം ബഹുമാനിക്കുന്നവരാണ്. കുംഭത്തിന്റെ പുതിയ ആശയങ്ങളെ ചിങ്ങവും ചിങ്ങത്തിന്റെ കുലീനമായ പ്രവർത്തികളെ കുംഭവും പരസ്പ്പരം അഭിനന്ദിക്കും. രണ്ടുപേരും അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കും എന്ന പ്രതീക്ഷയുള്ളവരാണ്. ആധുനിക ചിന്ത വച്ചു പുലർത്തുന്നവരായ രണ്ടുപേരും എപ്പോഴും വളരെ ഊർജ്ജസ്വലരുമായിരിക്കും. ചിങ്ങം രാശിക്കാരുടെ അന്തസ്സുറ്റതും കുലീനതയുമുള്ള വ്യക്തിത്വം കുംഭം രാശിക്കാർക്കില്ല. കുംഭം രാശിക്കാർ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അവർ അതു തുറന്നു സമ്മതിക്കും കൂടാതെ വിമർശനളെ അർഹിക്കുന്ന രീതിയിൽ കാണുകയും തന്റെ ഭാഗത്തു തെറ്റുണ്ടെങ്കിൽ അത് തിരുത്താനും സന്നദ്ദരാകും. പക്ഷേ ചിങ്ങം താൻ ചെയ്തത് ശരിയാണെന്നു സ്ഥാപിക്കാൻ ശ്രമിക്കും, വിമർശനങ്ങളെ എതിർക്കും. ചിങ്ങം ഏതു സംരംഭവും വലിയ രീതിയിൽ ആഘോഷത്തോടെ തുടങ്ങാനോ പൂർത്തീകരിക്കാനോ ആഗ്രഹിക്കും. കുംഭം രാശിക്കാർ അതിനെ സശ്രദ്ധം വീക്ഷിച്ച ശേഷം അതിലുള്ള തെറ്റുകൾ ചൂണ്ടിക്കാണിക്കും.

കുംഭം രാശിക്കാർ വിമർശിക്കാൻ മിടുക്കരാണ്. അത് ചിങ്ങം രാശിക്കാർക്ക് സഹിക്കില്ല. അവരുടെ ആത്മവിശ്വാസത്തെ അത് ബാധിക്കും അവിടെ അഭിപ്രായ വ്യത്യാസങ്ങൾക്ക് തുടക്കമിടും. രണ്ടുപേരും വളരെയധികം വ്യത്യസ്ഥ സ്വഭാവങ്ങൾക്കുടമയാണെങ്കിലും ഇവർക്ക് നല്ല പങ്കാളികളാകാൻ സാധിക്കും. പ്രത്യേകിച്ചും കൂട്ടുകാരായും ബിസിനസ്സ് പങ്കാളികളായും വർത്തിക്കാൻ സാധിക്കും.

രണ്ടും സ്ഥിരരാശികളും ആൺരാശികളുമാണ്. അതിനാൽ എടുക്കുന്ന തീരുമാനങ്ങളിൽ നിന്നും മാറാൻ രണ്ടുപേർക്കും മടിയാണ്. ജീവിത വിജയത്തിന്, മൃദുത്വം, ക്ഷമ, സഹിക്കാനുള്ള സന്നദ്ദത എന്നിവയൊക്കെ വളരെ ആവശ്യമാണ് എന്ന് രണ്ടുപേരും മനസ്സിലാക്കേണ്ടിയിരിക്കുന്നു. പൊതുവെ സമാധാന പ്രിയരും പതിയെ സംസാരിക്കുന്നവരുമായ കുംഭം ദേഷ്യം വന്നാൽ വളരെ ഉറക്കെ സംസാരിച്ചേക്കും. അവർ പൊട്ടിത്തെറിക്കും. അത് ചിങ്ങം ജാതരെ അവരുടെ യഥാർഥ സ്വഭാവം വെളിയിൽ എടുക്കുന്നതിന് പ്രേരിപ്പിക്കും. അത് യുദ്ധമായി മാറും.

രണ്ടുപേരും ഒരുമിച്ച് ചെയ്യുന്ന സംരംഭങ്ങളും യാത്രകളും അവർ ആസ്വദിക്കും. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കുംഭം നല്ലൊരു ഭാവി ജീവിതം സ്വപ്നം കാണുന്നവരാണ്. പക്ഷേ അവർ പലപ്പോഴും സ്വയം ഒതുങ്ങിക്കൂടാൻ ആഗ്രഹിക്കും. എപ്പോഴും വിനോദങ്ങളും ഉല്ലാസവും ആഗ്രഹിക്കുന്ന ചിങ്ങം വിചാരിച്ചാൽ കുംഭത്തെ മാറ്റിയെടുക്കാം. ആഴമേറിയ സ്നേഹവും ലൈംഗിക ബന്ധവും ഇവരെ കൂടുതൽ അടുപ്പിക്കും.

ചിങ്ങം-മീനം (പൂരൂരുട്ടാതി അവസാന 15 നാഴിക, ഉതൃട്ടാതി രേവതി)

ആരേയും പിണക്കാതെ സംസാരിക്കാനറിയാവുന്ന മീനം രാശിക്കാരുടെ പെരുമാറ്റം വളരെ ഹൃദ്യമാണ്. ലൗകീകമായ അഭിവാഞ്ചകൾ കുറവാണിവർക്ക്. പണത്തിനോട് അത്യാർത്തിയില്ല. അന്യായ മാർഗ്ഗത്തിലോ ഇടിച്ചു കയറിയോ നേതൃത്വത്തിന് ശ്രമിക്കുന്നവരല്ല. അക്രമാസക്തി കുറഞ്ഞ ഇക്കൂട്ടർ സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നവരാണ്. വിമർശിക്കുന്നവരെ ഭയക്കാറുമില്ല. ഓരോ കാര്യങ്ങളിൽ ഇടപെടുമ്പോഴും കഴിഞ്ഞ കാര്യങ്ങളെ വിലയിരുത്തിയ ശേഷം മാത്രം അഭിപ്രായം പറയുന്നതിനാൽ ഇവരുടെ നിഗമനങ്ങൾ തെറ്റാറില്ല. സ്വന്തം കാര്യങ്ങൾ മാറ്റിവച്ചാലും അർഹതപ്പെട്ടവരെ സഹായിക്കാൻ ഇവർക്ക് വലിയ താൽപ്പര്യമാണ്. അതിനാൽ തന്നെ വേണ്ടപ്പെട്ടവരുടെയിടയിൽ ഇവർ വളരെ പോപ്പുലർ ആയിരിക്കും. പാരമ്പര്യ രീതികൾ കൈവിടാതെ തന്നെ ആധുനികത പിന്തുടരാനും പുതിയ ആശയങ്ങൾ സ്വായത്തമാക്കി അത് പ്രയോഗത്തിൽ വരുത്താനും ഇവർ മിടുക്കരാണ്.

കുടുംബസ്നേഹിയായ ഇക്കൂട്ടർ ഇണയെ ലൈംഗികമായി തൃപ്തിപ്പെടുത്താനും സ്നേഹിക്കാനും മറക്കാറില്ല.

ചിങ്ങം മീനം രാശിക്കാർ തികച്ചും വിഭിന്നമായ സ്വഭാവങ്ങളുടെ ഉടമകളാണ്. രണ്ടുപേരും സ്വപ്നജീവികളുമാണ്. രണ്ടുപേർക്കും പങ്കാളിയുടെ ഹിതമനുസരിച്ച് പ്രവർത്തിക്കുവാനുള്ള കഴിവുള്ളവരാണ്. ഇവർ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചാൽ അത് അന്യോന്യം ഗുണമുള്ളൊരു ബന്ധമായിരിക്കും. ഇവർക്ക് പരസ്പ്പരം പലതും പഠിപ്പിക്കാനുമുണ്ടാകും. എങ്ങനെയാണ് പങ്കാളിയെ പരിചരിക്കേണ്ടത് എന്നത് മീനം രാശിക്കാർ ചിങ്ങം രാശിക്കാരെ പരിചരിച്ച് തന്നെ പഠിപ്പിച്ചു കൊടുക്കും. ചിങ്ങം രാശിക്കാർ മീനം രാശിക്കാരുടെ മോഹന സ്വപ്നങ്ങൾ എങ്ങനെ യാഥാർഥ്യമാക്കാൻ സാധിക്കുമെന്നതും കാണിച്ചു കൊടുക്കും. ചിങ്ങം രാശിക്കാർ മറ്റുള്ളവരെ ഭരിക്കുന്നതിൽ താൽപ്പരരാണ്. സ്നേഹം കൊണ്ടാണ് ചിങ്ങം ഭരിക്കുന്നതെങ്കിൽ മീനം രാശിക്കാർക്കതിഷ്ടവുമാണ്. അത് നിർലോഭം കൊടുക്കുന്നതിന് മീനം രാശിക്കാർ എപ്പോഴും തയ്യാറുമാണ്. മീനം രാശിക്കാർക്ക് ആവശ്യം അംഗീകാരം, സ്നേഹവും സംരക്ഷണവും ആവുവോളം കൊടുക്കാൻ ചിങ്ങം രാശിക്കാരും തയ്യാറാവും. അന്യോന്യം പുകഴ്ത്തി ജീവിതം മനോഹരമാക്കാൻ ഈ ജോടികൾക്ക് കഴിയും.

ബുദ്ധി നർമ്മം മൃദുത്വം എന്നിവയുടെ വിളനിലമാണ് മീനം സുന്ദരി. അവർക്ക് ആത്മാർഥമായ ഒരു ആരാധന തന്നെയുണ്ടാകും ചിങ്ങം ജാതരോട്. അവരുടെ വ്യക്തിത്വത്തിനോട്. അതിരു കവിഞ്ഞ ആരാധനയാൽ ചിങ്ങത്തിന്റെ ദൗർബല്യങ്ങൾ അവർ അവഗണിക്കും എന്നുതന്നെ പറയാം. അത് മുതലെടുക്കാൻ ചിങ്ങം ശ്രമിക്കയും മീനത്തെ കൂടുതൽ ഭരിക്കാൻ ശ്രമിക്കയും ചെയ്താൽ അവർ പിണങ്ങി പോയെന്നു വരും. പെട്ടെന്ന് വികാരം കൊള്ളുന്ന മീനം രാശിക്കാരുടെ സ്വഭാവം ചില സമയത്ത് പങ്കാളിയ്ക്കും വിരസതയുണ്ടാക്കും.ജനനാലേ ഒരു നേതൃത്വ പാടവം ചിങ്ങം രാശിക്കാർക്കുണ്ട്. അവർ മീനം ജാതരുടെ കൂടെ ചിലവഴിക്കുമ്പോൾ അറിയാതെ അവരുടെ സംരക്ഷകരാവും. താൻ ആരാധിക്കുന്ന തന്റെ ഇണയുടെ സാമൂഹികമായ സ്ഥാനം നിലനിറുത്തുവാനാവശ്യമായ സഹായം മീനത്തിൽ നിന്നും ലഭിക്കും. ഇണയ്ക്ക് വേണ്ടി സമൂഹത്തിൽ സംസാരിക്കാനും പിന്തുണക്കാനും മീനം മുന്നിലുണ്ടാകും. കാരണം അവർ ചിങ്ങത്തെ അത്രയധികം നന്നായി മനസ്സിലാക്കിയിട്ടുണ്ട്.

ചെറിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും പലപ്പോഴും വിജയിക്കുന്ന ഒരു ജോടിയാണ് ഇത്. വളരെ നല്ല ആശയങ്ങളും കലാപരമായ കഴിവും മീനം രാശിക്കാർക്കുണ്ട്. അത് ആവശ്യമായ പ്രചോദനങ്ങൾ കൊടുത്ത് പുറത്തെടുക്കാൻ ചിങ്ങം മിടുക്കരാണ്. പരസ്പ്പരം അവരവരുടെ പ്രശ്നങ്ങൾ തുറന്നു സംസാരിച്ച് മുന്നോട്ട് പോയാൽ ഈ ബന്ധം úരണ്ടുപേർക്കും ശരിക്കും ആസ്വദിക്കാവുന്നതാണ്.

ശിവറാം ബാബുകുമാർ പ്രശാന്തി, നെടുമ്പ്രം ലെയിൻ, പേരൂർക്കട, തിരുവന്തപുരം ഫോൺ: 0471 2430207 , 98471 87116 Email : sivarambabu@hotmail.com , sivaram.babu@yahoo.com

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer