Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകം നക്ഷത്രക്കാരി വീട്ടിലുണ്ടെങ്കിൽ...

Makam

മകം നക്ഷത്രത്തിൽ ജനിച്ചവരുടെ  സ്വഭാവം, തൊഴിൽ, പൊരുത്തം എന്നിവയെക്കുറിച്ചറിയാം. ഉയർന്ന കഴുത്തും കയ്യിൽ മറുകുള്ളവരും നിരപരാധികളെന്ന് തോന്നുന്ന മുഖവുമായിരിക്കും മകം നക്ഷത്രക്കാരുടെത്. ഇവർ സാഹസികരായിരിക്കും, മൂത്തവരെ ബഹുമാനിക്കുന്നവരും, ദൈവവിശ്വാസികളും അടിച്ചു പൊളിച്ചു ജീവിക്കുന്നവരും, പല വിധ കണ്ടു പിടുത്തക്കാരും തന്മയത്വമായി സംസാരിക്കുന്ന വരുമായിരിക്കും. നിശബ്ദമായി ജീവിക്കാനിഷ്ടപ്പെടുന്നവരാണിവർ. വിദ്യാസമ്പന്നരിൽ നിന്നും ഉയർന്നവരില്‍ നിന്നും ആദരവ് ലഭിക്കുന്നവരായിരിക്കും. കലകളെക്കുറിച്ച് അറിവ് ഉള്ളവരായിരിക്കും. ഇവര്‍ വിലയേറിയ സമയം സാംസ്കാരികമായും, കലാപരമായുമുള്ള പ്രവർത്തികൾ സദാ മുഴുകിയിരി ക്കുന്നവരായിരിക്കും. മറ്റുള്ളവരോടുള്ള പ്രവർത്തന ശൈലി മികവുറ്റതാണ് ആരെയും വേദനിപ്പിക്കുന്ന തരത്തിലായിരിക്കില്ല. അഥവാ അങ്ങനെ മറ്റുളളവര്‍ക്ക് തോന്നിയതായി കണ്ടാൽ ഉടൻ തന്നെ അതിലെ തെറ്റിനെ  തിരുത്തി മാറ്റിയെടുക്കുന്നു. മറ്റുളളവര്‍ക്ക് ഒരു പ്രതിബന്ധമായി തോന്നുന്ന തരത്തിലെ ഒരു പ്രവർത്തിയും ഇവർ ചെയ്യാറില്ല. എന്നാലും അറിയപ്പെടാത്ത ധാരാളം ശത്രുക്കൾ ഇവര്‍ക്കുണ്ടായിരിക്കും. മുൻ കോപികളാണ്. സത്യത്തിനു നിരക്കാത്ത ഒരു പ്രവർത്തിയോ സംസാരമോ നിബന്ധനകളോ ഇവർക്ക് സഹിക്കാൻ സാധ്യമല്ല. ഇവർ ഉടനതിൽ  പ്രതികരിക്കും. ഇതിവരുടെ പരാജയത്തിന് വഴി തെളിക്കും.  സ്വാർത്ഥത കുറഞ്ഞവരായിരിക്കും. സമൂഹത്തിന് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്നതിൽ സമർത്ഥരായിരിക്കും. ഒന്നും തിരികെ പ്രതീക്ഷിക്കാറില്ല. അതും സ്വന്തം മാനസ്സിക സംതൃപ്തിക്കുവേണ്ടി ചെയ്യുന്നു എന്നു മാത്രം.  ഇതു കാരണം സമൂഹത്തിൽ എല്ലാവരുടെയും ശ്രദ്ധ ഇവരിലുണ്ടാകുന്നു. ഇവർ ധാരാളം ജോലിക്കാരും സമ്പത്തുള്ളവരുമായിരിക്കും. കച്ചവട മനസ്സില്ലാത്തവരും. നേരായ വഴിയിലൂടെ ധനം സമ്പാദിക്കുന്നവരുമായിരിക്കും. 

ആത്മാർത്ഥതയും നിസ്വാർത്ഥ സേവനവും ഉള്ളവരാണിവർ. ഇതുകാരണം ചില അവസരങ്ങളിൽ ഇവർക്ക് ചില നേട്ടങ്ങൾ വരികയും ചെയ്യും. ഒരിക്കൽ ഒരു തീരുമാനത്തിലുറച്ചാൽ അതിൽ തന്നെ ഉറച്ചു നിൽക്കുന്നവരാണിവർ. മേലധികാരികളോടും, കൂടെ ജോലി ചെയ്യുന്നവരോടും വിധേയത്വമുള്ളവരായിരിക്കും. നല്ല കുടുംബജീവിതമായിരിക്കുകയില്ല ഇവരുടേത്. പല ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കേണ്ടതായി വരുന്നതാണ്. മാമൂൽ വിരോധികളായിരിക്കും. മറ്റുള്ളവരുടെ കീഴിൽ ജോലി ചെയ്യാനിഷ്ടപ്പെടുകയില്ല. ഇതിനവരുടെ ആത്മാഭിമാനം അനുവദിക്കുകയില്ല. ആത്മാഭിമാനികളായതിനാൽ അതിനെ പണയം വച്ചുകൊണ്ട് ഒന്നിനും തയാറാകില്ല. ഇതുകാരണം ആളുകൾ ഇവരെ അഹങ്കാരികളെന്ന് മുദ്രകുത്തുന്നു. 

സ്വന്തം കഴിവിൽ അമിതവിശ്വാസം കാരണം മറ്റുള്ളവരുടെ സഹായത്തിന് പോകാറില്ല. സ്വതന്ത്രപ്രിയരും ഏതുകാര്യവും ചുഴിഞ്ഞു ചിന്തിക്കുന്നവരുമായിരിക്കും. പറയേണ്ടതു തുറന്നടിച്ചു പറയുന്നവരായിരിക്കും, തന്റേടമുള്ളവരായിരിക്കും, സ്വന്തം പ്രയത്നത്തിലൂടെ സമ്പാദിക്കും. കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കാൻ മിടുക്കരായിരിക്കും. കേതുവിന് ജാതകത്തിൽ അനിഷ്ടസ്ഥിതി വന്നാൽ എല്ലാ ദൂഷ്യസ്വഭാവങ്ങളുമുണ്ടായിരിക്കും. ചെറുപ്പം മുതൽ ഗൂഢവിഷയങ്ങളിൽ താൽപര്യം കൂടിയിരിക്കും. ധാരാളം ബന്ധുക്കളുണ്ടായിരിക്കും. ഒപ്പം ശത്രുക്കളുമുണ്ടായിരിക്കും. തുറന്നും തറപ്പിച്ചും പറയുന്നവരാണിവർ. ആക്രമണ സ്വഭാവവും ചിലരിൽ കാണാം. ഇന്ദ്രിയ സുഖത്തിൽ താൽപര്യമുള്ളവരാണിവർ. ചിലരുടെ ഭാര്യമാർ രോഗികളായിരിക്കും.

മകം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ

സ്ത്രീകളെ സംബന്ധിച്ചിടത്തോളം മാന്യതയുണ്ടെങ്കിലും അതുപോലെ ശത്രുക്കളുമുണ്ടായിരിക്കും. ധാരാളം സുഖം ആഗ്രഹിക്കുന്നവളും, വഴക്കാളികളുമായിരിക്കും. മുൻകോപികളുമായിരിക്കും, ഒപ്പം കരുണയുള്ളവളും, ദൈവവിശ്വാസികളുമായിരിക്കും, രാജകീയസുഖം ലഭിക്കുന്നവളായിരിക്കും. മതാനുഷ്ഠാനങ്ങൾ ഇഷ്ടപ്പെടുന്നു, ആർക്കെങ്കിലും പ്രശ്നങ്ങളുണ്ടായാൽ തക്കസമയത്ത് അവരെ സഹായിക്കുകയും ചെയ്യും. ജോലിയുള്ളവർ വലിയ നിലയിലെത്തും. സമ്പത്തുണ്ടായിരിക്കും. വിവാഹജീവിതത്തിൽ കുടുംബാംഗങ്ങളോട് എപ്പോഴും ഉരസിക്കൊണ്ടിരിക്കും. ഇതുകാരണം ഭര്‍തൃഗൃഹത്തിൽ നിന്നും സ്വസ്ഥതക്കുറവും മാനസികാസ്വസ്ഥതകളും ഉണ്ടായിക്കൊണ്ടിരിക്കും. ഇത് സന്തോഷജീവിതത്തെ അലങ്കോലപ്പെടുത്തും. 

അഭിമാനികളായിരിക്കും. മകം പിറന്ന മങ്ക എന്നതുപോലെ മകം സ്ത്രീകൾക്കു നല്ലതാണ്. ഞാനെന്ന ഭാവമുള്ളവരാണ്. മകം നക്ഷത്രക്കാരുടെ ചിങ്ങം രാശി സ്വരൂപം സിംഹമായതിനാൽ ആ ഒരു അഹംഭാവം എപ്പോഴുമിവരിൽ ഉണ്ടായിരിക്കും. വാക്സ്ഥാനാധിപൻ ബുധനായതിനാൽ മധുരമായും വശ്യമായും സംസാരിച്ച് മറ്റുള്ളവരെ തന്റെ പാട്ടിലാക്കാന്‍ കഴിവുള്ളവരാണ്. എതിരാളികളെ നിലം പരിശാക്കുന്ന സ്വഭാവം ജന്മസിദ്ധമായ വരദാനമാണ്. എല്ലാപേരെയും സംശയദൃഷ്ടിയോടെ കാണുന്നവരാണിവർ. മകം നക്ഷത്രക്കാരി ഒരു വീട്ടിലുണ്ടെങ്കിൽ അമ്മയായാലും മകളായാലും അമ്മൂമ്മയായാലും അധികാര കേന്ദ്രം അവളിലായിരിക്കും. ആ വീടിന്റെ കിരീടവും ചെങ്കോലും അവളിലായിരിക്കും. ഇവർ ആ ഗൃഹത്തിൽ ഐശ്വര്യവിളക്കായിരിക്കും.

പൊതുഫലം – മകം എന്നതിന്റെ അർത്ഥം ശക്തിമാൻ എന്നാണ്. കുംഭമാസത്തിലെ മകം നക്ഷത്രത്തിലാണ് ചോറ്റാനിക്കര ഭഗവതി വിരാടരൂപത്തിൽ വില്വമംഗലം സ്വാമിക്ക് ദർശനം നൽകിയതെന്ന് കഥ. ഇതാണ് ചോറ്റാനിക്കര മകം. കേരളക്കരയിലെ പ്രധാനക്ഷേത്രമാണ് ചോറ്റാനിക്കര. അമൃതസ്വരൂപികളായ ആശ്രിതവത്സലരുമായ തന്റെ മക്കളെ കുംഭ മകംതൊഴലിൽ അമ്മ അനുഗ്രഹിക്കുന്നതാണ്.

വിദ്യാഭ്യാസം – വിദ്യാഭ്യാസത്തിനുള്ള ദശകൾ മോശമാണ്. ആയതിനാൽ രക്ഷകർത്താക്കളും, ജാതകനും, അദ്ധ്യാപകരും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കണം. 

തൊഴിൽ – കൈത്തൊഴിൽ, ദാസ്യപ്പണി, ഔഷധനിര്‍മ്മാണ മേഖല, കേന്ദ്രസർക്കാർ വകുപ്പ്, തുകൽ വ്യാപാരം, മതപ്രചരണം, നക്ഷത്രദേവത പ്രകാരം തുന്നൽ, എംബ്രോയ്ഡറി, ഭക്ഷ്യ സിവിൽസപ്ലൈ, പൂന്തോട്ട പരിപാലനം, ക്ഷീരവിപണനം. മൃഗം എലിയായതിനാൽ കൃഷിയും, എണ്ണ വ്യാപാരവും, കുട്ടികളുമായി ബന്ധപ്പെട്ട വിനോദവസ്തു നിർമ്മാണവും, വിപണനവും, അച്ചടി, ടിവി മാധ്യമങ്ങളുമായിബന്ധപ്പെട്ട തൊഴിൽ, വൃക്ഷം പേരാലായതിനാൽ ഐടി മേഖല, അറ്റകുറ്റപണികൾ, റേഡിയോ, ടിവി, ഹോട്ടൽ മേഖല, ക്രിമിനൽ ലോയർ, സർജൻ, ഇമിഗ്രേഷൻ, ആഭരണനിർമ്മാണം.

ആരോഗ്യം – ശരീരാവയവങ്ങൾ – ഹൃദയം, മുതുക്, സ്പൈനൽ കോഡ്, പ്ലീഹ രോഗങ്ങൾ – ഹൃദയത്തെ ബാധിക്കുന്ന രോഗം, മുതുകുവേദന, കോളറ, കിഡ്നി രോഗങ്ങൾ, ഹൃദയമിടിപ്പ് കൂടുതൽ, ഏമ്പക്കം, മോഹാലസ്യം, മെനഞ്ചൈറ്റിസ്. ചിങ്ങം രാശിയായതിനാൽ പ്രമേഹം, പിത്തം, നേത്രരോഗം, നാഡീപ്രവര്‍ത്തനവൈകല്യം, ത്വക്ക്‌രോഗങ്ങൾ, അഗ്നിസംബന്ധമായവ, വിവിധ പനികൾ, ശരീരതളർച്ച, പാണ്ട്, ഉദരരോഗം, തേയ്മാനം, ദന്തരോഗം.

അനുകൂലദിവസം – ചൊവ്വ, ഞായർ

തിയതികൾ – 7, 10, 25

ഒഴിവാക്കേണ്ട നിറം – നീല, പച്ച, കറുപ്പ്

ഭാഗ്യദേവത – ശിവൻ, ഗണപതി, നരസിംഹം

നക്ഷത്രദേവത – പിതൃക്കളെ ആരാധിക്കണം

അനുകൂലനിറം – ചുമപ്പ്, തവിട്ടുനിറം

അനുകൂലമാസം – ചിങ്ങം, മകരം, മിഥുനം, ഇടവം

പ്രതികൂലമാസം – മീനം, തുലാം, കർക്കിടകം

നിർഭാഗ്യദിനം – ശനി, തിങ്കൾ

നിർഭാഗ്യ തിയതി – 4, 22, 13, 2, 11, 20

നിർഭാഗ്യനക്ഷത്രം – ഉത്രം, ചിത്തിര, വിശാഖം, ഉതൃട്ടാതി, രേവതി, രോഹിണി, തിരുവാതിര, പൂയ്യം

അനുകൂല നക്ഷത്രങ്ങൾ – അശ്വതി 6, ആയില്യം 5, പൂരം 5, മൂലം 6, അവിട്ടം 5, ചതയം 6

ശുഭകർമ്മത്തിനുള്ള നക്ഷത്രങ്ങൾ – അനിഴം, മൂലം, അശ്വതി, രോഹിണി, മകയിരം, തിരുവാതിര, പുണർതം

ജീവിതവിജയത്തിന് പരിഹാരം – നിത്യവും 3 നേരം നെയ്‌വിളക്ക് വീട്ടിൽ കത്തിക്കുക, ഗണപതിയെ പ്രാർത്ഥിക്കുക. മാസത്തിൽ 2 ദിവസം കടുംപായസമൊ അരവണയൊ  വീട്ടിൽ നടത്തുക. നിത്യവും കാലത്തും വൈകിട്ടും 10 മിനിട്ട് നാമം ജപിക്കുക.

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.