Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകയിരം നക്ഷത്രക്കാരുടെ സ്വഭാവം

നക്ഷത്രഫലം

ചാന്ദ്രേ സൗമ്യമനോടനഃ കുടിലദൃക്കാമാതുരോ രോഗവാൻ

മകയിരം നക്ഷത്രം ദേവി പാർവ്വതിയുടെ ജന്മനക്ഷത്രമെന്നറിയപ്പെടുന്നു.രാശി ചക്രത്തിൽ അൻപത്തിമൂന്ന് ഡിഗ്രി നാൽപത് മിനിറ്റ് മുതൽ അറുപത്തിയാറ് ഡിഗ്രി നാൽപത് മിനിറ്റുവരെ രാശി ചക്രത്തിൽ വ്യാപിച്ചു കിടക്കുന്ന മകയിരം നക്ഷത്ര ജാതർ രണ്ടു രീതിയിലുളള സ്വഭാവ വിശേഷങ്ങൾ ഉളളവരായിരിക്കും. ആദ്യ മുപ്പത് നാഴികയ്ക്കകം ജനിച്ചവർ ഇടവക്കൂറുകാരും മുപ്പത് നാഴിക മുതൽ അറുപത് നാഴിക വരെ ജനിച്ചവർ മിഥുക്കൂറുകാരും ആണ്. ‌

നക്ഷത്രദേവത– ചന്ദ്രൻ, നക്ഷത്രാധിപൻ– കുജൻ, ഗണം-ദൈവം, യോനി-സ്ത്രീ, വൃക്ഷം–കരിങ്ങാലി, ഭൂതം-ഭൂമി, പക്ഷി-പുളള്, മൃഗം–പാമ്പ്.

ഇതൊരു ക്ഷിപ്ര നക്ഷത്രമാണ്. ലഘു നക്ഷത്രം, തിരങ്മുഖ നക്ഷത്രം. ദ്വിപാദ നക്ഷത്രം. പുലസ്ത ഗോത്ര മകയിരം, ചിത്തിര, അവിട്ടം വേധ നക്ഷത്രങ്ങളും ര‍‍ജ്ജുനക്ഷത്രവുമാണ്. മറ്റു രജ്ജുനക്ഷത്രക്കാരുമായി വിവഹം ഗുണകരമല്ല.

മകയിരം ഊൺ നാൾ ആകയാൽ അസ്ഥിസഞ്ചയനം ഒഴികെ എല്ലാ ശുഭകാര്യങ്ങൾക്കും എടുക്കാം. വിവാഹം, വിദ്യാരംഭം, ദേവപ്രതിഷ്ഠ ഗൃഹപ്രവേശം, ഉപനയനം, വിതയ്ക്കൽ, നാമകരണം തുടങ്ങിയ എല്ലാ ശുഭകാര്യങ്ങൾക്കും നന്ന്.

ഇടവകൂറിലും മിഥുനകൂറിലുമുളള രണ്ടു വിഭാഗങ്ങൾക്കും നക്ഷത്രാധിപനായ കുജന്റെ വിശേഷതകൾ കാണാം. ഇടവകൂറിൽ ശുക്രന്റെ ഗുണവിശേഷതകളും മിഥുനക്കൂറുകാരിൽ ബുധന്റെ സവിശേഷ, സ്വഭാവവും കൂടി കാണും. ഈ നക്ഷത്ര ജാതർക്ക് ബാല്യത്തിൽ ക്ലേശങ്ങൾ കൂടുതലായി കാണാം. ഇവർ ശുദ്ധ മനസ്ഥിതിയുളളവരാകയാൽ  ആളുകളെ ഉളളു തുറന്ന് വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇവർക്ക് അബദ്ധങ്ങളും ചതിവുകളും പറ്റും. മകയിരം നക്ഷത്രജാതർ ബുദ്ധിയും സൗന്ദര്യവും ആത്മാർത്ഥതയും ഉളളവരായിരിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങൾ  ഇവർക്കു ചെയ്തു തീർക്കുവാൻ കഴിയും. ജീവിതത്തിൽ ആദ്യഭാഗം ക്ലേശവും മധ്യഭാഗവും അന്ത്യഭാഗവും സുഖവും അനുഭവത്തിൽ വരും. സ്വന്തം പരിശ്രമത്താൽ ഉന്നതിയിലെത്തും. നല്ല സംഭാഷണത്താൽ ആരേയും വശത്താക്കാൻ കഴിയുമെങ്കിലും മുൻകോപം സൗഹൃദത്തെ നശിപ്പിക്കും. സുഖഭോഗത്തിലും ആഡംബരത്തിനും ഭ്രമമുളള ഇവർ വലിയ ചിലവുകാരായിരിക്കും. 

അന്യർക്കു വേണ്ടിയും സുഹൃത്തുക്കൾക്കു വേണ്ടിയും ചിലവു ചെയ്യുന്നതിൽ യാതൊരു മടിയും കാണിക്കുകയില്ല. ഈ കാരണം കൊണ്ടു തന്നെ ഇവർ ബാധ്യതകൾ വരുത്തി വയ്ക്കൻ സാധ്യതയുണ്ട്. കൂട്ടുകെട്ടിൽ കൂടി നിയന്ത്രിക്കാനാവാത്ത ചില സ്വഭാവത്തിന് അതായത് ലഹരിപദാർത്ഥങ്ങൾക്ക് അടിമയാവാനുളള സാധ്യതയുളളതിനാൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ നക്ഷത്രജാതർ ഈശ്വരവി ശ്വാസികളായിരിക്കും. എല്ലാ കാര്യത്തിലും അമ്മയുടെ പിൻബലം ഇവർക്കുണ്ടായിരിക്കും.  ഇടവകൂറുകാരിൽ കലാപരമായ കഴിവുകളും ആഡംബരത്തോടുളള ഭ്രമവും കാണും. ലൗകിക സുഖങ്ങളിൽ വളരെ തല്പരരായിരിക്കും. മാതാപിതാക്കളോട് വളരെ സ്നേഹമായിരിക്കും. ഭാര്യമാർ‌ നിർബന്ധബുദ്ധികളും ദേഷ്യക്കാരുമായിരിക്കും. മിഥുനക്കൂറുകാർ നല്ല രീതിയിലുളള സംഭാഷണത്താൽ ആളുകളെ കയ്യിലെ ടുക്കും. ജാതകത്തിൽ ബുധന് ബലമുണ്ടെങ്കിൽ കണക്ക്, എൻജിനീയറിംഗ് വിഷയങ്ങളിൽ ശോഭിക്കും.  പുത്രാനുകൂല്യം ഈ നക്ഷത്ര ജാതർക്ക് കുറ‍ഞ്ഞിരിക്കും. ചഞ്ചലസ്വഭാവം കാണിക്കും. അധ്യാപക വൃത്തിയിൽ ശോഭിക്കും. വിവാഹ ജീവിതത്തിൽ ചില അസ്വസ്ഥതകൾ അനുഭവപ്പെടും. പങ്കാളിയുടെ അനാരോഗ്യം മൂലം ക്ലേശമുണ്ടാവും.

ആശയപരമായ ഭിന്നതയും കുടുംബത്തില്‍ ഉണ്ടാകാവുന്നതാണ്. പക്ഷെ, ഉറച്ച ഈശ്വരവിശ്വാസവും  അതിൽ നിന്നുണ്ടാവുന്ന ആത്മവിശ്വാസവും എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും മോചനം നേടാൻ വഴിതെളിയ്ക്കും. ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ സുന്ദരികളും പ്രസന്നമായി സംസാരിക്കുന്നവരും ആഭരണാദികളിൽ പ്രിയമുള്ളവരും, ശാസ്ത്രതാല്പര്യം ഉളളവരും സന്താന ഭാഗ്യമുളളവരും ധർമ്മകാര്യങ്ങളിൽ താല്പര്യം ഉളളവരുമായിരിക്കും. മകയിരം നക്ഷ‌ത്രക്കാര്‍ക്ക്  ബാല്യകാലം  അത്ര മെച്ചമായിരിക്കുകയില്ല. ആരോഗ്യകുറവ് കുടുംബത്തിലെ അസ്വസ്ഥതകൾ ഇവകൊണ്ട് ബാല്യകാലം  21 വയസുവരെ  പലവിധ ബുദ്ധിമുട്ടുകളും അനുഭവിക്കേ ണ്ടിവരും. വിദ്യാഭ്യാസത്തിന് തടസമോ മന്ദതയോ വരാം.  21 മുതല്‍ 37 വരെയുളള കാലം പൊതുവേ അഭിവൃദ്ധികരമാണ്. വിദ്യാഗുണം, തൊഴിൽ അഭിവൃത്തി, ധനാഭിവൃത്തി തുടങ്ങിയവ ഇക്കാലത്ത് പ്രതീക്ഷിക്കാം. മുപ്പത്തിയെഴുവയസിനു ശേഷം ജീവിതത്തിൽ ഏറെ നേട്ടങ്ങളും സാമ്പകത്തികാഭിവൃദ്ധിയും ഉണ്ടാവും. പക്ഷെ, ഇക്കാലത്ത് സ്വജനവിശ്വാസം ഉണ്ടാകാൻ ഇടയുണ്ട്. കൂട്ടുകെട്ടുകൾ ദോഷകരമായി മാറിയേക്കാം. ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. 56 വയസുവരെ ഇതു തുടരും. ശേഷം ജീവിതം ശാന്തമായിരിക്കുമെങ്കിലും സാമ്പത്തിക നേട്ടങ്ങൾ കുറവായിരിക്കും.  സ്വജനങ്ങളുമായി  സഹകരണം ഉണ്ടാവും. 

മകയിരം ഇടവക്കൂറിന്– മൂലം, പൂരാടം, ഉത്രാടം (ആദ്യപാദം) ഇവയും മിഥുനകൂറിന്–ഉത്രാടം(അവസാന മൂന്നുപാദം), തിരുവോണം, അവിട്ടം(ആദ്യപകുതി) ഇവ പ്രതികൂല നക്ഷത്രങ്ങളാണ്. ഇവർക്ക് വ്യാഴദശ, ബുധദശ, ശുക്രദശ ഇവ അനുകൂലമായിരിക്കുകയില്ല. വിധി പ്രകാരമുളള ഗ്രഹദോഷ പരിഹാരങ്ങൾ അനുഷ്ഠിക്കേണ്ടതാണ്. മകയിരം നക്ഷത്ര ജാതർ കുജനെയും കുജന്റെ ദേവകളെയും ഭജിക്കുക. കുജമന്ത്രം സ്തോത്രം ഇവ ജപിക്കുക. ഓജരാശിയിൽ‌ ചൊവ്വ നിൽക്കുന്നവര്‍ സുബ്രഹ്മണ്യനെയും യുഗ്മരാശിയിൽ കുജൻ നിൽക്കുന്നവര്‍ ഭദ്രകാളിയെയും ഭജിക്കുക. ഇടവക്കൂറുകാർ ശുക്രനേയും  മിഥുനക്കൂറുകാർ ബുധനെയും പ്രീതിപ്പടുത്തുന്നത് നന്നായിരിക്കും. നക്ഷത്രദേവത ചന്ദ്രനാകയാൽ തിങ്കളാഴ്ച ദേവീക്ഷേത്ര ദർശനവും ലളിതാസഹസ്രനാമ ജപവും നടത്തുന്നത് ഉത്തമം.

മന്ത്രം–ഓം ചന്ദ്രമസേ നമഃ

ലേഖനം തയ്യാറാക്കിയത്

‌ഗീതകുട്ടി

ലക്ഷ്മീനാരായണ കൊടുങ്ങൂർ

9656132213

sreelakshminarayananastro@gmail.com

Your Rating: