Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂലം നക്ഷത്രത്തിന്റെ സ്വഭാവ സവിശേഷതകൾ

astro-star-19 Representative image

മൂലം പത്തൊൻ‌പതാമത്തെ നക്ഷത്രമാണ്. തുടക്കക്കാരനെന്നും വിളിക്കും. ഇവർ ഉദാരമതികളും വിശ്വസനീയരുമാണ്. ഉയർന്ന ആദർശമുളളവരും ആഭിജാത്യമുളളവരും ഉയർ‌ന്ന മനസ്ഥിതിക്കാരുമാണ്. മറ്റുളളവരിൽ കാണുന്ന യോഗ്യതയും അംഗീകാരവും കൂടുതലായുളളവരാണ്. മറ്റുളളവർക്കു നേതൃത്വം കൊടുക്കാൻ കഴിവുളളവരാണ്. ജനത്തിനു വേണ്ട ഉപദേശം നൽകി നല്ലവരാക്കാൻ കഴിവുളളവരാണ്. സ്നേഹിക്കുകയും ഹൃദ്യമായി പെരുമാറുകയും ചെയ്യും. സന്തോഷത്തോടു കൂടിയ െപരുമാറ്റമായിരിക്കു. ജീവിതം അടുക്കും ചിട്ടയും ഉളളതായിരിക്കും.

നിയമങ്ങൾ അനുസരിച്ചു ജീവിക്കുന്നവരാകും. അന്ധവിശ്വാസങ്ങൾ പരമ്പരയായി കൊണ്ടുനടക്കും. ജനങ്ങൾക്കു വേണ്ടി ഉപകാരങ്ങൾ ചെയ്യാൻ കഴിവുളളവരും മതകാര്യങ്ങൾക്കും ധാർ‌മിക കാര്യങ്ങൾക്കും വേണ്ടി പണം മടി കൂടാതെ നൽകുന്നവരും ഉത്സാഹികളുമാണ്‌. പരാജയങ്ങൾ വിജയത്തിന്റെ മുന്നൊരുക്കമാണെന്നു കരുതി സമാധാനിക്കും. എപ്പോഴും എന്തെങ്കിലും കാര്യങ്ങൾ ചിന്തിച്ചുകൊണ്ടിരിക്കുന്നവരും പൊതുകാര്യങ്ങളിൽ വലിയ താല്പര്യമുളളവരും ആയിരിക്കും. മറ്റുളളവരെക്കൊണ്ട്‌ ഇവരെ കടിഞ്ഞാൺ ഇടാൻ കഴിയുകയില്ല. പിതാവുമായുളള ബന്ധം അത്ര നന്നായിരിക്കില്ല. സഞ്ചാരികളാണ്. ആഡംബരവേഷ ധാരികളാണ്. പുതിയ കണ്ടുപിടിത്തങ്ങളിലും സുഖ ഭോഗങ്ങളിലും താല്പര്യമുളളവരും സൗമ്യസ്വഭാവക്കാരും അരോഗദൃഢഗാത്രരും ആയിരിക്കും. ജാതകത്തിലെ രവി, ചന്ദ്രൻ‌, ശുക്രൻ എന്നിവരുടെ സ്ഥിതിയനുസരിച്ച് അർശസ്സ്, ഉദരരോഗം, രക്തവാതം തുടങ്ങിയ രോഗങ്ങളുടെ ശല്യം അനുഭവപ്പെട്ടേക്കാം.

ശരീരം സൂക്ഷിക്കുന്നവരാണ്. ജനങ്ങൾ‌ക്കു നന്മ ചെയ്യുന്നവരും ലോകോപകാരികളും അഭിമാനികളും ആയിരിക്കും. പെരുമാറ്റത്തിൽ ചാപല്യവും അസ്ഥിരതയും ഉണ്ടായിരിക്കും. പ്രവർത്തനകുശലതയും കാര്യസാമർ‌ഥ്യവും ഉളളവരും സ്വതന്ത്രശീലരും ആയിരിക്കും.

ധനലക്ഷ്മിയെ വേണ്ട രീതിയിൽ നോക്കാതെ പ്രവർത്തിക്കുന്നതിനാൽ ഇവർ‌ക്കു കൊടുക്കൽ വാങ്ങലുകൾ ചെയ്യരുത്. കൃത്യനിഷ്ഠയോടെ തിരിച്ചുകൊടുക്കാറില്ല. മനസ്സിലാഗ്രഹമുണ്ടെങ്കിലും അതിന് ഇവർ‌ക്കു കഴിയുകയില്ല എന്നത് ഒരു പ്രത്യേകതയാണ്. നയശാലികളായി തോന്നുമെങ്കിലും സ്വന്തം കാര്യം സിന്ദാബാദ് ആയ ഇവർ സ്വന്തം കാര്യത്തിൽ നയചാതുര്യവും കാണിക്കാറില്ല എന്നതു പ്രത്യേകതയാണ്. നിർബന്ധബുദ്ധി കാരണം ധാരാളം ശത്രുക്കളെ ഉണ്ടാക്കിയെടുക്കാറുണ്ട്. ഈ പ്രവണത ഇവർ ഒഴിവാക്കി ജീവിതവിജയം നേടേണ്ടതാണ്. എല്ലാ കാര്യങ്ങളും മുറ പോലെ നടത്തിക്കൊളളാമെന്നു കരുതി നാളെയെക്കുറിച്ചു ചിന്തിക്കാറില്ല. വരവിൽ കവിഞ്ഞ് ചെലവു ചെയ്യാനുളള സ്വഭാവം ഇവരെ കടക്കെണിയിലാക്കുകയും അന്യായമാർ‌ഗത്തിൽ കൂടി പണം സമ്പാദിക്കാത്തതും ഒരു പ്രത്യേകതയാണ്. സന്തുഷ്ടരും പ്രസന്നരുമായിത്തന്നെ കഴിയുന്നു. നിരാശയെന്തെന്ന് ഇവർ അറിയാറില്ല. നല്ല അറിവും സാമർ‌ഥ്യവും ബുദ്ധിശക്തിയും പൊതുജനസേവാ താല്പര്യവും കൈമുതലായതു കാരണം ഇവർ തന്റെ സമൂഹത്തിൽ നേതൃസ്ഥാനത്തെത്തിച്ചേരുന്നു. പ്രശസ്ത വ്യക്തികളുമായുള്ള സമ്പർക്കവും ഇവർക്കു ലഭിക്കുന്നു.

ഒരാളെപ്പറ്റി സ്നേഹവും ബഹുമാനവും തോന്നിക്കഴിഞ്ഞാൽ അവരെ അങ്ങേയറ്റം സഹായിക്കുകയും അവരെപ്പറ്റി ചിന്തിച്ച് ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഈശ്വരഭക്തിയും സത്യധർ‌മങ്ങളിൽ വിശ്വാസവും ഇവരുടെ പ്രത്യേകതയാണ്. കേതു നക്ഷത്രാധിപനായതു കൊണ്ടും വ്യാഴം ലഗ്നാധിപനായതു കൊണ്ടും 5 ഉം 9 ഉം കേതുവിന്റെ നക്ഷത്രങ്ങൾ വരുന്നതിനാലും കുജനും രവിയും ആയതിനാലും ലഹരിക്ക് അടിമപ്പെടുമെന്ന തോന്നലിനാലും ലഹരിവിരുദ്ധനായി കാണുന്നു. ഇവർ വീടു വിട്ടു താമസിക്കേണ്ടി വരുമെന്നതും ഒരു പ്രത്യേകതയാണ്. പിതൃസഹോദര ഗുണം ഇല്ലെന്നു തന്നെ പറയാം. ദാമ്പത്യജീവിതം തൃപ്തികരമായിരിക്കില്ല. എങ്കിലും ഇണയെ ശ്രദ്ധാപൂർ‌വം പരിചരിക്കുന്നവരും ദൈവഭക്തി ഉളളവരുമായിരിക്കും. വിദ്യാശാഖയിൽ ഇവർ വളരെ സമർ‌ഥരാണ്‌. മൂലം നക്ഷത്രത്തെക്കുറിച്ചു സമുദായമധ്യത്തിൽ‌ തെറ്റായ ചില ധാരണകൾ ഉണ്ട്. തൃക്കേട്ട നക്ഷത്രത്തിന്റെ അവസാന ഒരു നാഴികയും ഗണ്ഡാന്തം എന്ന സന്ധി അഭുക്ത മൂലം എന്നു പറയുന്നു. ഈ സന്ധിയിൽ കുട്ടി ജനിച്ചാൽ പിതാവിനു ദോഷം ആണത്രേ.

മൂലം നക്ഷത്രത്തിന്റെ ചില ദോഷവശങ്ങൾ:

മൂലം ഒന്നാം പാദത്തിൽ ജനിച്ചാൽ അർശസ്സ് ഉണ്ടാകാൻ സാധ്യതയുണ്ട്‌. സദാ രോഗിയും മദോന്മത്തനും ആയിരിക്കുമത്രേ. രണ്ടാം പാദത്തിൽ പണ്ഡിതനും ഭീഷണ ഗാത്രനും വക്രമായ വീക്ഷണമുളളവനും സത്യസന്ധനും ഹൃദ്രോഗിയും സംഗീതവാസനയുളളവനും പാവവുമായിരിക്കും. മൂന്നാം പാദത്തിൽ ജനിക്കുന്നവൻ‌ നീചകർ‌മനും കാമിയും അന്യർക്ക് അപ്രിയനും സുന്ദരശീലനും പ്രതികാരിയും ആയിരിക്കും. നാലാംപാദത്തിൽ ജനിച്ചവൻ‌ ബലവാനും സമർ‌ഥനും സജ്ജന സമേതനും കണ്ഠരോഗിയും ബുദ്ധിമാനും ശത്രുക്കളെ പീഡിപ്പിക്കുന്നവനും വിവേകശാലിയും ആകും.

മൂലത്തിൽ മാവിയാർ മൂലയിലേ എന്ന തമിഴ് ചൊല്ല് തെറ്റാണ്. അങ്ങനെ വിവാഹം കഴിക്കാതിരിക്കരുത്. മൂലം നക്ഷത്രത്തിൽ 60 നാഴിക പലതായി വിഭജിച്ച് അതിൽ ജനിക്കുന്നവർ‌ക്കു ചില പ്രത്യേക ഫലങ്ങൾ മൂഹൂർത്ത ചിന്താമണി, പീയൂഷധാര മുതലായ ഗ്രന്ഥങ്ങളിൽ പറയുന്നു:

4 നാഴിക ജന്തുക്കളെ കൊണ്ടു ശല്യം

6 നാഴിക ധനനഷ്ടം

5 നാഴിക ധനവരവ്

5 നാഴിക വളഞ്ഞ ബുദ്ധി

10 നാഴിക ധനാഗമം

8 നാഴിക ദയ

4 നാഴിക അത്യന്തം കാമം

4 നാഴിക അമ്മാവനു പ്രതിസന്ധി

4 നാഴിക ജ്യേഷ്ഠ സഹോദരനു ബുദ്ധിമുട്ടുകൾ

10 നാഴിക വൈധവ്യം

ലേഖകൻ

Aruvikkara Sreekandan Nair

K. Srikantan Nair KRRA - 24

Neyyasseri Puthen Veedu

Kothalam Road Kannimel Fort

Trivandrum -695023

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.