Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂലം നക്ഷത്രക്കാരുടെ സ്വഭാവം...

astro-today-f

സുഖേനയുക്തോ ധന വാഹനാ‍‍ഡ്യോ

ഹിം സ്രോ ബലാഡ്യഃ സ്ഥിരകർമ്മകർത്താ

പ്രതാപി താരാതി ജനോ മനുഷ്യോ

മൂലേ കൃതസ്യോ ജ്ജനനം പ്രപന്നാഃ

ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ പത്തൊൻപതാമത് നക്ഷത്രം, രാശിചക്രത്തിൽ 240 മുതൽ  253 ഡിഗ്രി 20 മിനിട്ട് വരെ വ്യാപിച്ചു കിടക്കുന്നു. ഇതൊരു തീക്ഷ്ണനക്ഷത്രവും അധോമുഖനക്ഷത്രവുമാണ്. സമ നക്ഷത്രവും ചതുഷ്പാദ നക്ഷത്രവുമാണ്. ഊൺ നാളല്ലാത്തതിനാൽ പല മുഹൂർത്തങ്ങൾക്കും എടുക്കുന്നില്ലെങ്കിലും വിവാഹത്തിനു ശുഭമാണ്. ഇതൊരു ഗണ്ഡാന്തനക്ഷത്രമാണ്. ആദ്യത്തെ 15 നാഴിക ഗണ്ഡാന്തമാണ്.

നക്ഷത്രമൃഗം-ശ്വാവ്, വൃക്ഷം-വയനം, ഗണം-അസുരം, യോനി-പുരുഷം, പക്ഷി-കോഴി, ഭൂതം-വായു, നക്ഷത്രദേവത നിര്യതിയാണ്.

മൂലത്തിന്റെ രാശ്യാധിപൻ ഗുരുവും നക്ഷത്രാധിപൻ കേതുവുമാണ്. ധനുരാശിയുടെയും ഗുരുവിന്റെയും കേതുവിന്റെയും പ്രത്യേകതകൾ ഈ നക്ഷത്രക്കാരിൽ കാണാം. ഈ നക്ഷത്രത്തിൽ ജനിക്കുന്നവർ അസാധാരണ മനഃശക്തിയുള്ളവരാണ്. കുഴപ്പം പിടിച്ച സാഹചര്യങ്ങളിൽ സമചിത്തതയോടും ധൈര്യത്തോടും പ്രശ്നങ്ങൾ കൈകാര്യം ചെയ്യും. സ്വന്തം ചിന്താഗതികൾ അന്യർക്കു മനസിലാവാത്ത തരത്തിലുള്ള ശാന്തതയും സൗമ്യതയും മുഖത്തുകാണാം. ഉറച്ച ഈശ്വരവിശ്വാസവും മതനിഷ്ഠയും ഉണ്ടാകും. എല്ലാ വിഷയത്തെപ്പറ്റിയും സാമാന്യം അറിവു നേടും. പൊതുപ്രവർത്തനത്തിൽ വിജയിക്കുമെങ്കിലും സ്വാർഥചിന്തമൂലം വിമർശനങ്ങൾ സഹിക്കാൻ ഇടയാകും. പക്ഷേ യഥാർഥത്തിൽ സ്വാർഥലാഭത്തിനായി ഒന്നും ചെയ്തെന്നുവരില്ല. സഞ്ചാരശീലമുണ്ടാകും. സുഖഭോഗങ്ങൾ, ലഹരി വസ്തുക്കൾ തുടങ്ങിയവയോട് ആകർഷണമുണ്ടാകും. പൂർവിക ധനം പൂർണമായി അനുഭവത്തിൽ വരികയില്ല. സ്വന്തം പരിശ്രമം കൊണ്ട് നേടിയ ധനം കൊണ്ട് സുഖജീവിതം നയിക്കും. ഈ നക്ഷത്രക്കാർ ഉദാരഹൃദയൻമാരാണ്.

വിശ്വാസപൂർവമായ ഏറ്റ ജോലികൾ ചെയ്തുതീർക്കും. ആളുകളോട് പരിചയപ്പെടുകയും സ്നേഹമായി പെരുമാറുകയും ചെയ്യക, ഇവരുടെ പ്രത്യേകതയാണ്. മറ്റുള്ളവർക്ക് വളരെ ബഹുമാനം കൊടുക്കുകയും ഏതുകാര്യത്തിനും നേതൃത്വം കൊടുക്കാനുള്ള കഴിവും ഇവർക്കുണ്ടായിരിക്കും. അഞ്ജാശക്തിയിലും ഉപദേശം നൽകാനും ഇവർ സമർ‌ഥരാണ്. ധനുസ് ആഗ്നേയരാശി ആകയാൽ തന്റേടം കൂടെപ്പിറപ്പാണ്. വില്ലുകുലച്ചു നിൽക്കുന്ന വീരപുരുഷനെ പ്രതിനിധീകരിക്കുന്ന ധനുരാശിയിൽ ജനിച്ച ഇവർ ഏതു വിപരീത പരിതസ്ഥിയിലും പതറാതെ മുന്നോട്ടുപോകും. ധനു രാശ്യാധിപനായ വ്യാഴത്തിന്റെ സ്വാധീനം ഇവരിൽ സ്ഥിരതാസ്വഭാവവും, ധാർമ്മികരായും ആദർശശുദ്ധിയും ഉള്ളവരാക്കി മാറ്റുന്നു. ഉള്ളകാര്യം ഉള്ള് തുറന്ന് ഒന്നും മറച്ചു വയ്ക്കാതെ സംസാരിക്കും. തനിക്കുതന്നെ ദോഷം വന്നാലും നേർവഴിവിട്ട് സഞ്ചരിക്കുകയില്ല.

കാര്യങ്ങൾ ഗ്രഹിക്കാനുള്ള ബുദ്ധിയും ഓർമ്മയിൽ സൂക്ഷിക്കാനുള്ള കഴിവും വേണ്ടസമയത്ത് ഉപയോഗിക്കാനുള്ള പ്രായോഗിക ബുദ്ധിയും ഇവരിൽ കാണാം. മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കാറില്ല. തോൽവിയിൽ നിരാശപ്പെടാറുമില്ല. പരമ്പരാഗത കാര്യങ്ങളിൽ വലിയ വിശ്വാസമായിരിക്കും. മതകാര്യങ്ങളിലും ധാർമ്മിക പ്രവർത്തനങ്ങൾക്കും പണം ചെലവാക്കുന്നതിൽ ദുഃഖിക്കാറില്ല. ആരും ഇവരെ ശാസിച്ചു നന്നാക്കാമെന്നു കരുതേണ്ട സനേഹപൂർവം പറഞ്ഞു നോക്കൂ എന്തും ചെയ്യാൻ തയാറാകും. പിതാവുമായി അത്ര രമ്യതയിലായിരിക്കില്ല. പിതൃധനം അനുഭവത്തിൽ വരാൻ ക്ലേശിക്കേണ്ടിവരും. ദാമ്പത്യജീവിതം അത്ര സുഖകരമായിരിക്കില്ല. മാന്യമായ വസ്ത്രധാരണം ഇവരുടെ പ്രത്യേകതയാണ്. സ്വന്തം ചിന്താഗതികൾ അന്യർ മനസിലാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. അന്യരുടെ മനോഭാവം എളുപ്പത്തിൽ ഊഹിച്ചെടുക്കാനും ഇവർ മിടുക്കരാണ്.

ആരോഗ്യം പൊതുവേ മെച്ചമായിരിക്കും. ഔഷധം ഒഴിവാക്കാൻ ശ്രമിക്കും. ആരോഗ്യത്തെപ്പറ്റിയുള്ള ആശങ്കയുണ്ടായിരിക്കും. ബാല്യത്തിൽ അപകടങ്ങളുണ്ടാകും. 5 മുതൽ 24 വയസുവരെ കാലം അനുകൂലം. പൊതുവേ ആരോഗ്യവും ഐശ്വര്യവും അഭിവൃദ്ധിയും ഉള്ളകാലമായിരിക്കും. മെച്ചമായ വിദ്യാഭ്യാസവും ജോലിയും സാധ്യമാവും. 25 മുതൽ 40 വരെ ഗുണദോഷസമ്മിശ്രമായിരിക്കും. അടുത്തബന്ധുക്കൾക്ക് രോഗപീഢ ധനനഷ്ടം യാത്രാക്ലേശം തുടങ്ങിയവയും ധനാഭിവൃദ്ധി കുടുംബസുഖം വിവാഹം സന്താനഗുണവും ഇക്കാലത്തുണ്ടാവും. 40 മുതൽ 46 വരെ ഭൂസ്വത്തു സമ്പാദിക്കുക, വീട്, വാഹനം തുടങ്ങിയവയ്ക്ക് യോഗമുണ്ട്. ശേഷം ഫലം ഗുണദോഷസമ്മിശ്രം. ആത്മീയ പ്രവർത്തനങ്ങൾ, ഔദ്യോഗികം, രാഷ്ട്രീയം മതപരമായ പ്രവർത്തനങ്ങൾ, പ്രഭാഷകൻ ശാസ്ത്രസാങ്കേതിക വിഷയങ്ങൾ സംഗീതം, വൈദ്യശാസ്ത്രം തുടങ്ങിയ രംഗങ്ങളിൽ ശോഭിക്കാം.

മൂലം നക്ഷത്രത്തിന് ആയില്യം വേധനക്ഷത്രമാണ്. എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം. ഉത്രാടം, അവിട്ടം, പൂരുരുട്ടാതി, പുണർതം 4ാംപാദം, പൂയം ഇവ പ്രതികൂല നക്ഷത്രങ്ങളാണ്.

സൂര്യൻ, ചൊവ്വ, വ്യാഴം എന്നീ ദശാകാലങ്ങളിൽ ഇവർ വിധിപ്രകാരമുള്ള പരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതാണ്. അശ്വതി, മകം,മൂലം നാളുകളിൽ പരിഹാരകർമ്മങ്ങളും ക്ഷേത്രദർശനവും നടത്താം. കേതു പ്രീതികരമായ കർമ്മങ്ങളും രാശ്യാധിപനായ വ്യാഴപ്രീതികരമായ കർമ്മങ്ങളും അനുഷ്ഠിക്കുന്നത് ഗുണകരം. ഗണപതി ഹോമം പക്കപ്പിറന്നാളുതോറും നടത്തുക. വിഷ്ണുക്ഷേത്രദർശനം പതിവായി സഹസ്രനാമജപവും ഉത്തമഫലത്തെ പ്രദാനം ചെയ്യും

ഓം നിര്യതയേ നമഃ എന്നു ജപിക്കുന്നത് ഉത്തമം

ലേഖനം തയ്യാറാക്കിയത്

‌ഗീതകുട്ടി

ലക്ഷ്മീനാരായണ കൊടുങ്ങൂർ

9656132213

sreelakshminarayananastro@gmail.com

Your Rating: