Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2016 നിങ്ങൾക്കെങ്ങനെ?

zodiac-yuth

പുതുവർഷത്തിലെ സൂര്യരാശി ഫലം. മേടം–ഏരീസ് (മാർച്ച് 22 – ഏപ്രിൽ 20)

അന്തസ്സ് നിലനിർത്താൻ പരമാവധി ശ്രമിക്കുന്നവരാണ് ഈ രാശിക്കാർ. പുറമേക്ക് സന്തോഷം പ്രകടിപ്പിക്കുന്ന വരായിരിക്കും.

ഈ രാശിയിൽ ജനിച്ചവർ പുതുമ ആഗ്രഹിക്കുന്നവരും മറ്റുളളവരുടെ കുറ്റങ്ങൾ സമർഥമായി കണ്ടു പിടിക്കാൻ പ്രത്യേകം പ്രാഗത്ഭ്യമുളളവരുമായിരിക്കും. സ്വന്തപ്പെട്ടവരിൽ നിന്ന് വിമർശനം നേരിടേണ്ടി വരുന്നവരുമായിരിക്കും. ശത്രുക്കളുടെ എതിർപ്പുകളെ നിഷ്പ്രയാസം അതിജീവിച്ച് ഉന്നതസ്ഥാനത്തെത്തും. കുടുംബകാര്യങ്ങളിൽ‌ സാമാന്യം ശ്രദ്ധാലുക്കളാവും. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാതെ, പ്രാത്യാഘാതങ്ങൾ ആലോചിക്കാതെ എടുത്തു ചാടുന്നവരായിരിക്കും. മികച്ച പ്രതികരണ ശേഷിയുളള വരായിരിക്കും.

ആഡംബര ജീവിതം ആഗ്രഹിക്കുന്ന ഈ രാശിക്കാർ താഴ്ന്ന ജീവിത നിലവാരം ഒട്ടും ഇഷ്ടപ്പെടാത്തവരായിരിക്കും. പാരമ്പര്യഭക്ഷണമാണ് ഇവർക്ക് ഏറ്റവും അഭികാമ്യം. ഏത് പ്രവൃത്തിയിലും പെരുമാറ്റത്തിലും അന്തസ്സ് നിലനിർത്തുവാൻ പരമാവധി ശ്രമിക്കുന്നവരാണ് ഈ രാശിക്കാർ. പൊതുവേ ഉത്കണ്ഠാകുലരും അകാരണമായി ദുഃഖിക്കുന്ന വരുമാണെങ്കിലും പുറമേക്ക് സന്തോഷം പ്രകടിപ്പിക്കുന്നവരായിരിക്കും. സംഭാഷണ പ്രിയരായിരിക്കും. ഉദ്യോഗത്തിൽ നിന്നു വിരമിച്ചാൽ പൂർണ വിശ്രമം ആഗ്രഹിക്കുന്നവരാണ്. കൃത്യനിഷ്ഠയുടെ കാര്യത്തിലും അച്ചടക്കം പരിപാലിക്കുന്ന കാര്യത്തിലും ഈ രാശിക്കാർ പ്രഥമ സ്ഥാനത്തെത്തും. സന്താനങ്ങളുടെ അഭ്യുന്നതിക്ക് വേണ്ടി അശ്രാന്തം പരിശ്രമിക്കുകയും അവരുടെ ഉയർച്ചയിൽ ആഹ്ലാദിക്കുകയും ചെയ്യും. ആരംഭ ശൂരത്വമുളളവരാണിവർ.

ഏരീസ് 2016–ലെ ഫലം

ഉന്നത വിദ്യാഭ്യാസം കാംക്ഷിക്കുന്ന വിദ്യാർഥികൾക്ക് പ്രതിബന്ധങ്ങൾ തുടക്കത്തിൽ കാണുമെങ്കിലും ലക്ഷ്യം നേടിയെടുക്കും. ചിരകാലാഭിലാഷമായ വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. വിവാഹപ്രായമായവർക്ക് വിവാഹ ലബ്ധിക്കുളള വർഷമാണ്. കടം കൊടുക്കുവാനും അന്യരെ സഹായിക്കുവാനും കഴിയും. ദേവാലയ കാര്യങ്ങൾക്കായി നല്ല തുക സംഭാവന ചെയ്യും. ദാമ്പത്യ ജീവിതത്തിലെ തെറ്റിദ്ധാരണകൾ മാറ്റി സുന്ദരമായ ദാമ്പത്യ ജീവിതം നയിക്കാൻ കഴിയും. അപകടങ്ങളിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെടുമെങ്കിലും വൈദ്യുതി, വാഹനം, രാസവസ്തുക്കൾ, അഗ്നി, വാതകം എന്നിവ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. കലാകാരന്മാർക്ക് അംഗീകാരവും പ്രശസ്തിയും സാമ്പത്തിക ലാഭവും പ്രതീക്ഷിക്കാം. പുതിയ വാഹനങ്ങൾ വാങ്ങിക്കും.

ഭാഗ്യനമ്പർ : 9 നിറം : ചുവപ്പ് രത്നം : വജ്രം (വൈരം) മൃഗം : ആട് ഭക്ഷണം : ചുവന്നുളളി, കടുക്, കുരുമുളക് വസ്ത്രം : കമ്പിളി

ഇടവം – ടോറസ് (ഏപ്രിൽ 21 – മേയ് 21)

അഭിമാനികളും ആദർശങ്ങളെ മുറുകെ പിടിക്കുന്നവരുമായ ഈ രാശിക്കാർ രഹസ്യം സൂക്ഷിക്കാൻ കഴിവുളളവരായിരിക്കും.

ഭോജന പ്രിയരും വ്യായാമം, നൃത്തം എന്നിവയിൽ ആകൃഷ്ടരായി അതിനുവേണ്ടി ഏറെ സമയം ചെലവഴിക്കുന്നവരും സത്യസന്ധരുമായിരിക്കും ഈ രാശിയിൽ ജനിക്കുന്നവർ. അഭിമാനികളും ആദർശങ്ങളെ മുറുകെ പിടിക്കുന്നവരുമായ ഈ രാശിക്കാർ രഹസ്യം സൂക്ഷിക്കാൻ കഴിവുള‌ളവരായിരിക്കും. വലിയ കാര്യങ്ങൾ ഏറ്റെടുത്ത് അത് വിജയപ്രാപ്തിയിലെത്തിക്കുവാൻ സമർഥരായിരിക്കും. അഭിനയരംഗത്ത് ശോഭിക്കുന്ന ഇവർ പ്രശസ്തരും ഏറെക്കുറെ നേരായ മാർഗങ്ങൾ സ്വീകരിക്കുന്നവരുമായിരിക്കും. ആഗ്രഹിക്കുന്ന വ്യക്തികളെ വിവാഹം കഴിക്കുവാൻ ഈ രാശിക്കാർക്ക് കഴിയും. അധിക സമയവും അന്യർക്കു വേണ്ടി നീക്കി വയ്ക്കുന്ന ഇവർ കുടുംബകാര്യങ്ങൾക്കായി ചെറിയ ഉത്തരവാദിത്തങ്ങൾ മാത്രമേ നിറവേറ്റുകയുളളൂ. ഏറ്റെടുത്ത ഏതു കാര്യവും വളരെ ഭംഗിയായും ശുഷ്കാന്തിയോടെയും പ്രവർത്തിക്കണമെന്ന നിർബന്ധബുദ്ധിയുളള ഇവർ ഫലിത പ്രിയരും ഫലിതങ്ങളിലൂടെ തത്വോപദേശങ്ങൾ നൽകുന്നവരുമായിരിക്കും. ജീവിത പങ്കാളിയുമായി വളരെ വിശ്വസ്തത പുലർത്തുന്ന ഇവർ അതിഥി സൽക്കാരം നടത്തുന്നവരും സ്നേഹാദരങ്ങൾ തുറന്നു പ്രകടിപ്പിക്കുന്നവരുമായിരിക്കും. വശ്യമായ പെരുമാറ്റം, സ്ത്സംഗം, സത്പ്രവൃത്തി, സാഹസികത എന്നിവ ഇവരിൽ‌ ചേർന്നിരിക്കുന്നു.

ടോറസ് 2016–ലെ ഫലം

കലാകായിക പരിപാടികളിൽ പങ്കെടുക്കുകയും അതിൽ വിജയിക്കുകയും മാധ്യമങ്ങളിൽ ശോഭിക്കുകയും ചെയ്യും. ഭോജനസൗഖ്യം, ശയന സൗഖ്യം, ശത്രുജയം, തസ്കരഭയം, മരണാനന്തര ചടങ്ങുകളിൽ സംബന്ധിക്കൽ, ലഹരിപദാർത്ഥങ്ങളിൽ വൈമുഖ്യം, നാൽക്കാലി നാശം, കൃഷി നാശം, വ്യാപാര മാന്ദ്യം, ഇഷ്ടജന സഹവാസം, പ്രണയ സാഫല്യം , പുതിയ കൂട്ടുകെട്ട് മൂലം ഗുണാനുഭവം, ഉല്ലാസ യാത്ര, വിലപിടിപ്പുളള ആധാരങ്ങളിൽ ഒപ്പു വയ്ക്കൽ, കുടുംബങ്ങളിൽ വിവാഹനിശ്ചയം, പലവിധ ചികിത്സകൾ നടത്തിയും വഴിപാടുകൾ കഴിച്ചും സന്താനഭാഗ്യം കൈവരാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം, വിദ്യാഭ്യാസാവശ്യങ്ങൾ നേടിയെടുക്കാനായി കഠിനപ്രയത്നം, സർക്കാരിൽ നിന്ന് അനുക‌ൂലമായ നടപടി, പുതിയ ജോലിയിൽ പ്രവേശിക്കൽ, പ്രസവകാര്യങ്ങൾക്ക് ആശുപത്രി വാസം, ഭൃത്യ ജനങ്ങളിൽ നിന്ന് സഹായസഹകരണം, അപ്രതീക്ഷിതമായ സ്ഥലമാറ്റം, ഊഹക്കച്ചവടത്തിൽ വമ്പിച്ച ലാഭ ലബ്ധി എന്നിവയ്ക്കു ലക്ഷണം കാണുന്നുണ്ട്.

ഭാഗ്യനമ്പർ : 6 നിറം : പിങ്ക്, ഇളം നീല രത്നം : മരതകം (എമറാൾഡ്) മൃഗം : എല്ലാ മൃഗങ്ങളും (കാള പ്രധാനം) ഭക്ഷണം : ധാന്യങ്ങൾ (ഗോതമ്പ് പ്രധാനം)

മിഥുനം –ജമിനി (മേയ് 22– ജൂൺ 21) ആഡംബര ഭ്രമവും ധനസമ്പാദന മോഹവും ജമിനി രാശിക്കാർക്ക് മാത്രമുളള പ്രത്യേകതയാണ്. തൊഴിൽ രംഗത്ത് സുതാര്യമായ ആശയവിനിമയം നടത്താൻ ബഹു സമർഥരാണ്.

ഏതു സാഹചര്യത്തിലും പരിതസ്ഥിതിയിലും ഇണങ്ങി ജീവക്കുവാൻ ജമിനി രാശിക്കാർക്ക് പ്രത്യേകമായ സിദ്ധിയുണ്ട്. സ്വന്തം വ്യക്തിത്വം പ്രകടമാക്കുന്ന ഇവർ അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെടുന്ന കാര്യം വിരോധാഭാസമായി തോന്നാം. ബന്ധു ജനങ്ങൾക്കു വേണ്ടി അഹോരാത്രം അധ്വാനിക്കുവാനും ഇവർ തയാറാകും. സാഹിത്യ പ്രവർത്തനം, മാധ്യമപ്രവർത്തനം, രാഷ്ട്രീയം. അധ്യാപനം, നിയമകാര്യം, കച്ചവടം. അഭിനയം, ജ്യോതിഷം എന്നിവയിൽ ശോഭിക്കും. തൊഴിൽ രംഗത്ത് സുതാര്യമായ ആശയവിനിമയം നടത്താൻ ബഹു സമർഥരാണ്. മറ്റുളളവരെക്കൊണ്ട് പണിയെടുപ്പിച്ച് കൂടുതൽ നേട്ടങ്ങൾ ഔദ്യോഗിക രംഗത്ത് കൊയ്തെടുക്കുവാൻ ഇവർക്ക് അസാധാരണ നൈപുണ്യമുണ്ടാകും. പൊതുവെ വികാര ജീവികളായ ഇവർ ബുദ്ധിപരമായ സമീപനവും നയചാതുരിയും ഉളള പങ്കാളികളെയാണ് ഏറെ ഇഷ്ടപ്പെടുക. ആരോഗ്യ പരിപാലനത്തിനും സൗന്ദര്യ സംരക്ഷണത്തിനും മുൻതൂക്കം കൊടുക്കുന്ന വ്യക്തികളായിരിക്കും. ആഡംബര ഭ്രമവും ധനസമ്പാദന മോഹവും ജമിനി രാശിക്കാർക്ക് മാത്രമുളള പ്രത്യേകതയാണ്.

ജമിനി 2016–ലെ ഫലം

നവീന ഗൃഹാരംഭ പ്രവർത്തനം നവീന യന്ത്ര സാമഗ്രികളുടെ ലബ്ധി, എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം. ആത്മാർഥതയുളള പങ്കാളിയെ കച്ചവടകാര്യങ്ങളിൽ നിശ്ചയിക്കൽ, വിലപിടിപ്പുളള സാമഗ്രികൾ നഷ്ടപ്പെടൽ, പുതിയ കരാർ ജോലിയിൽ ഏർപ്പെടുകയും അതിൽ വമ്പിച്ച ലാഭം കൊയ്യുകയും ചെയ്യൽ, സർക്കാരിൽ നിന്ന് അനുകൂലമായി മറുപടി, ഇണയുമായി പിണക്കം, രാഷ്ട്രീയ സമ്മർദങ്ങൾക്കു വിധേയമായി പ്രവർത്തിക്കേണ്ടി വരിക, പുനർ വിവാഹം വേണ്ടവർക്ക് വിവാഹലബ്ധി, പൊതുജനമധ്യത്തിൽ വച്ച് ബഹുമാനിക്കപ്പെടൽ, ആഡംബര വസ്തുക്കൾക്കായി ധനം ചെലവഴിക്കൽ, രഹസ്യപ്രവർത്തനം പരസ്യമാകുന്നതു മൂലം ജാള്യത അനുഭവപ്പെടൽ, പ്രകൃതി ക്ഷോഭം മൂലം സ്വത്തുക്കൾക്ക് നാശം, വിദേശ ജോലിയുളളവർക്ക് തൊഴിൽ കുഴപ്പം. അന്യരുടെ വാക്കു കേട്ട് അബദ്ധത്തിൽ ചെന്നു ചാടൽ, വഴിപാടുകൾക്കും ഒൗഷധങ്ങൾക്കുമായി ധനം ചെലവഴിക്കൽ, പ്രണയസാഫല്യം, ബന്ധുജനങ്ങളിൽ നിന്ന് അംഗീകാര ലബ്ധി, കീടങ്ങളിൽ നിന്നും നാല്ക്കാലികളിൽ നിന്നും കുഴപ്പങ്ങൾ സംഭവിക്കൽ, സൗന്ദര്യ വർധനവ്, തസ്കര ഭയം, ശത്രു ഭയം എന്നിവയ്ക്ക് ലക്ഷണം കാണുന്നുണ്ട്.

ഭാഗ്യനമ്പർ : 5 നിറം : മഞ്ഞ രത്നം : ഗോമേദകം മൃഗം : കുരങ്ങ് ഭക്ഷണം : കശുവണ്ടി, കടലണ്ടി, പയർ

കർക്കടകം – കാൻസർ (ജൂൺ 22 – ജൂലൈ 23)

ഈശ്വര വിശ്വാസികളായിരിക്കും. നല്ല വസ്ത്രങ്ങൾ ധരിക്കുന്നവരും ജീവിത പങ്കാളിക്ക് കണക്കിലധികം സ്നേഹം ചൊരിയുന്നവരുമായിരിക്കും.

ഈ രാശിയിൽ ജനിച്ചവർ വികാര ജീവികളും ഭാവനാലോകത്തിൽ മുഴുകുന്നവരുമായിരിക്കുമെങ്കിലും നിർഭയരും അച‍ഞ്ചലരുമായിരിക്കും. വേഗത്തിൽ മാനസിക സംഘർഷങ്ങൾക്കു വിധേയരാകുമെങ്കിലും തീരുമാനങ്ങൾ ഉടനടിയെടുക്കാൻ സമർഥരും എടുത്ത തീരുമാനങ്ങളിൽ നിന്ന് വ്യതിചലിക്കാതെ അവയെ നടപ്പാക്കാൻ ചങ്കൂറ്റമുളളവരുമായിരിക്കും. ഇവരുടെ കുട്ടികൾ പ്രശസ്തരും പ്രഗത്ഭരും വിനയാന്വിതരുമായിരിക്കും. സൗന്ദര്യ വർധക സാമഗ്രികൾ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിലും ജ്യോതിഷത്തിലും വൈദ്യം, അഭിനയം, സംഗീതം, ചിത്രമെഴുത്ത് എന്നിവയിലും പന്തുകളി ,പാചകകല എന്നിവയിലും വൈദഗ്ധ്യം തെളിയിക്കും. കർമരംഗങ്ങളിൽ ഉയർന്നു കൊണ്ടിരിക്കും. ഇവർ സത്യസന്ധരും മിതഭക്ഷണ ശീലക്കാരും രഹസ്യ സ്വാഭാവമുളളവരും ലഹരി‌ പദാർത്ഥങ്ങളിൽ വൈമുഖ്യം പ്രകടിപ്പിക്കുന്നവരുമായിരിക്കും. പ്രശ്നങ്ങളെ സമചിത്തതയോടെയും നയപരമായും അഭിമൂഖീകരിക്കും. കുശാഗ്ര ബുദ്ധിശാലികളായ ഇവർ ഉപകാരസ്മരണയുളളവരും ഇഷ്ടപ്പെട്ട ഇണയെ വിവാഹം കഴിക്കുവാൻ ഭഗീരഥ പ്രയത്നം നടത്തുന്നവരുമായിരിക്കും. ഗുരുജനങ്ങളെ ബഹുമാനിക്കുന്നവരും വരവും ചെലവും തുല്യമാക്കാൻ ശ്രമിക്കുന്നവരുമാണ്. ഈശ്വരവിശ്വാസികളായിരിക്കും. നല്ല വസ്ത്രങ്ങൾ ധരിക്കുന്നവരും ജീവിത പങ്കാളിക്ക് കണക്കിലധികം സ്നേഹം ചൊരിയുന്നവരുമായിരിക്കും

കാൻസർ 2016– ലെ ഫലം

ഉദ്യോഗസ്ഥർക്ക് ഉദ്യോഗക്കയറ്റവും ശമ്പളവർധനയും ലഭിക്കും. വളരെക്കാലമായി സന്താന ഭാഗ്യമില്ലാത്തവർക്ക് ചികിത്സ വഴിയും വഴിപാട് വഴിയും സന്താന സൗഭാഗ്യലബ്ധിയുണ്ടാകും. വാക്ക് പാലിക്കാൻ വേണ്ടി ഭഗീരഥ പ്രയത്നം ചെയ്യേണ്ടി വരും. വിവാദ വിമർശനങ്ങളെ പുഷ്പം പോലെ അതിജീവിക്കും. വിദേശ നിർമിത വസ്തുക്കളുടെ ലബ്ധി, പ്രഭുത്വം, അലങ്കാര സാമഗ്രികൾക്കായി നല്ല തുക ചെലവഴിക്കൽ, ബന്ധുക്കൾ ശത്രുക്കളെ പോലെ പെരുമാറൽ, സ്വന്തപ്പെട്ടവരുടെ മരണാനന്തര ചടങ്ങുകളിൽ സംബന്ധിക്കൽ, വിഷഭക്തി, ഓർമക്കുറവ്, അകാരണമായ ദേഷ്യം, ഗ്രന്ഥര‌ചന, രാഷ്ട്രീയപരമായി സമുന്നത സ്ഥാനലബ്ധി, തിരഞ്ഞെടുപ്പിൽ ഉന്നത വിജയം, ഇഷ്ടജനസഹവാസം, പ്രണയ സാഫല്യം, ചികിത്സാലയം, റിസോർട്ട് മുതലായവയിൽ നിന്ന് ധനലാഭം, ഭാഗ്യക്കുറിയോ ചിട്ടിയോ വീണു കിട്ടൽ, ആദ്ധ്യാത്മിക കാര്യങ്ങളിൽ കൂടുതൽ താത്പര്യം. ധനസമ്പാദനം, സുഖ ചികിത്സ എന്നിവ പ്രതീക്ഷിക്കാം.

ഭാഗ്യനമ്പർ : 2 നിറം : നീല, വെളളി രത്നം : മുത്ത് (പേൾ) മൃഗം : ഞണ്ട് ഭക്ഷണം : സവാള, കാബേജ്, പാൽ, മീൻ

ചിങ്ങം– ലിയോ (ജൂലൈ 24 – ഓഗസ്റ്റ് 23)

നയപരമായ നീക്കങ്ങൾ കൊണ്ടും വശ്യമായ മുഖഭാവം കൊണ്ടും ശക്തരായ ശത്രുക്കളെപ്പോലും മിത്രങ്ങളാക്കാൻ യോഗ്യരാണ് ഈ രാശിക്കാർ.

സ്ഥാപനങ്ങളുടെയും വ്യവസായ കാര്യങ്ങളുടെയും മേൽ നോട്ടത്തിനും സമർഥരായ ഈ രാശിക്കാർ അഭിമാനികളും പാണ്ഡിത്യമുളളവരും സർഗശക്തിയേറിയവരുമായിരിക്കും. സംഗീതം, നൃത്തം, അഭിനയം, ആരോഗ്യം, വൈദ്യം, നിയമം സാഹിത്യ രചന, ചിത്ര രചന, രാഷ്ട്രീയം, പാചകകല എന്നീ മണ്ഡലങ്ങളിൽ തിളങ്ങും. വിശാല മനസ്കത പ്രകടിപ്പിക്കുന്ന ഇവർ പൊതുവെ ജനോപകാരപ്രദമായ കാര്യങ്ങളിൽ മുൻപന്തിയിൽ നില്ക്കും. ലോലഹൃദയരും സഹാനുഭൂതിയുമുളളവരായ ഇവർക്ക് വിനോദ കാര്യങ്ങൾക്കു പോലും സമയം ലഭിക്കയില്ല. പൊതുവേ ഉത്സാഹശീലരും യാഥാസ്ഥിതികരും തികഞ്ഞ ദൈവഭക്തരും ആയ ഇവർ നയപരമായ നീക്കങ്ങൾകൊണ്ടും വശ്യമായ മുഖഭാവം കൊണ്ടും ശക്തരായ ശത്രുക്കളെപ്പോലും മിത്രങ്ങളാക്കാൻ യോഗ്യരാണ്.

ലിയോ 2016–ലെ ഫലം

വിദ്യാർഥികൾക്ക് നല്ല വിജയം കരസ്ഥമാക്കാൻ കഴിയും. ഉന്നത വിദ്യാഭ്യാസാവശ്യങ്ങൾക്കായി വാതിലുകൾ തുറന്നു കിട്ടും. വീട് പണി തുടങ്ങി വയ്ക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ പറ്റിയ വർഷമാണ്. സൗന്ദര്യ വർധന, ഔഷധ സേവ, പ്രേമ സാഫല്യം, ഗൃഹാലങ്കാര സാമഗ്രികളൾക്കായി ധനം ചെലവഴിക്കൽ, പ്രസവാവശ്യങ്ങൾക്കായി ആശുപത്രി വാസം, സഹോദരസ്ഥാനീയരിൽ നിന്ന് ഗുണാനുഭവം, സാംസ്കാരിക ചടങ്ങുകളിലും ആദ്ധ്യാത്മിക പരിപാടികളിലും സംബന്ധിക്കൽ, എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം, ആരോപണങ്ങൾക്ക് വിധേയത്വം, അഭിമുഖം, പ്രവേശന പരീക്ഷാദികളിൽ ഉദ്യേഗാർഥികൾക്ക് അനുകൂലമായ നടപടി എന്നിവയ്ക്ക് ലക്ഷണമുണ്ട്. കയറ്റു മതി വഴിയും മത്സ്യ വ്യവസായം വഴിയും വസ്ത്രവ്യാപാരം വഴിയും വിദേശ ധനം ലഭിക്കുന്നതാണ്. ആധുനിക യന്ത്രസാമഗ്രികൾ വാങ്ങിക്കും. തിരഞ്ഞെടുപ്പിൽ വിജയിക്കും. പുതിയ നിയമനം ലഭിക്കുന്നതാണ്. സർക്കാരിൽ നിന്നു അനുകൂലമായ നടപടി എടുക്കും. കൊത്തു പണികൾ, ശില്പങ്ങൾ, വാഹനം, കാർഷിക ഉപകരണങ്ങൾ, കണ്ണട മുതലായ സാമഗ്രികൾ, ചലച്ചിത്ര മേഖല എന്നിവയിൽ നിന്ന് നല്ല ആദായം ലഭിക്കും.

ജനുവരിയിൽ പ്രണയസാഫല്യം, ഭോജന സൗഖ്യം, ഫെബ്രുവരിയിൽ വിരഹ ദുഃഖം, ശത്രുഭയം. മാർച്ചിൽ ഇഷ്ടജനസഹവാസം, ഏപ്രിലിൽ സ്വകർമ സിദ്ധി, സർവത്ര വിജയം. മേയിൽ സ്ഥാനമാന ലബ്ധി, വിഭവലാഭം, ഓഗസ്റ്റിൽ സൽപുത്ര ലാഭം, സൗന്ദര്യ വർധന. സെപ്റ്റംബറിൽ ശത്രുവിനാശം, ദാമ്പത്യ സൗഖ്യം. ഒക്ടോബറിൽ വിദ്യാലാഭം, പ്രശസ്തി, നവംബറിൽ സ്വജനാപത്ത്, ഡിസംബറിൽ വിരുന്നു സൽക്കാരം. രോഗവിമുക്തി എന്നിവയ്ക്ക് യോഗം കാണുന്നുണ്ട്.

ഭാഗ്യനമ്പർ : 1 നിറം : ചുവപ്പ് രത്നം : മാണിക്യം (റൂബി) മൃഗം : പൂച്ച വർഗം, സിംഹം ഭക്ഷണം : മാംസം, അരി, തേൻ

കന്നി – വിർഗോ (ഓഗസ്റ്റ് 24– സെപ്റ്റംബർ 23)

ഭക്ഷണ കാര്യങ്ങളിൽ നിർബന്ധബുദ്ധിയുളളവരും ശുചിത്വം പാലിക്കുന്നവരുമായിരിക്കും വിർഗോ രാശിക്കാർ. ഇവർ ഗുരുജനങ്ങളെ മാനിക്കുന്നവരും പൂജിക്കുന്നവരുമായിരിക്കും.

വിർഗോ രാശിയിൽ ജനിച്ചവർ പൊതുവെ സംഭാഷണ പ്രിയരും വാഗ്മികളുമായിരിക്കും. ഏതു ദുർഘട സന്ധികളിൽ ചെന്നു പെട്ടാലും ഇവർ അതിൽ നിന്നെല്ലാം പുഷ്പം പോലെ അത്ഭുതകരമായി രക്ഷപ്പെടും. ഇവർ ഗുരുജനങ്ങളെ മാനിക്കുന്നവരും പൂജിക്കുന്നവരുമായിരിക്കും. ഭൂമി ഇടപാടുകളിലെ ഊഹക്കച്ചവടത്തിലും പുതിയ വാഹനങ്ങളിലും ഈ രാശിക്കാർക്ക് അതീവ താൽപര്യമായിരിക്കും. ജീവിത പങ്കാളിക്ക് ചില പ്രത്യേക നിബന്ധനകൾ വേണമെന്ന് അതിയായി ആഗ്രഹിക്കുന്ന ഇവർ ഉത്സാഹികളും പ്രശസ്തരുമായിരിക്കും. സ്വന്തപ്പെട്ടവരെക്കുറിച്ചുളള വിമർശനങ്ങൾ ഇവരെ പ്രകോപിപ്പിക്കും. ലോലഹൃദയരും സഹാനുഭൂതി പ്രകടിപ്പിക്കുന്നവരും ആയ ഇവർ പിടിവാശിയുളളവരുമാണ്. നൃത്തത്തിലും അധ്യാപകവൃത്തിയിലും നിയമവൃത്തിയിലും അഭിനയത്തിലും ഇവർ ശോഭിക്കും. ചെയ്യുന്ന തൊഴിലിൽ തികഞ്ഞ ആത്മാർത്ഥതയുളളവരാണ് വിർഗോ രാശിക്കാർ. തന്നെ സ്നേഹിക്കുന്നവർക്കു വേണ്ടി എന്തു ത്യാഗവും ചെയ്യുവാനും സന്നദ്ധരാണ്. പ്രഥമ ദർശനത്തിൽ തന്നെ ആരെയും പൂർണമായി വിശ്വസിക്കുകയില്ല. സ്വന്തം കഴിവുകളെപ്പറ്റി അമിത വിശ്വാസം ഇവർക്കുണ്ടാകും. തെറ്റു പറ്റിയാൽ തന്നെ അത് അംഗീകരിക്കുവാൻ വൈമുഖ്യമുളളവരാണ്. ഭക്ഷണ കാര്യങ്ങളിൽ നിർബന്ധ ബുദ്ധിയുളളവരും ശുചിത്വം പാലിക്കുന്നവരുമായിരിക്കും വിർഗോ രാശിക്കാർ.

വിർഗോ 2016–ലെ ഫലം

വിവാഹപ്രായമായവർക്ക് ഈ വർഷം വിവാഹത്തിന് അത്ര അനുകൂലമായ കാലമല്ലാത്തതിനാൽ വിവാഹലബ്ധി ആഗ്രഹിക്കുന്നവർ വഴിപാടുകൾ കഴിക്കുന്നത് നന്നായിരിക്കും. പഠിത്തത്തിൽ തോൽവി സംഭവിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ കാര്യങ്ങളാണെങ്കിലും അതിനെ പെരുപ്പിച്ച് കാണിച്ച് മറ്റു വ്യക‍്തികളുടെ സ്വൈര്യം കളയാതിരിക്കാൻ നോക്കണം. അനാവശ‌്യമായ സംഭാഷണം പ്രശ്നങ്ങളിലേക്കു വഴി വയ്ക്കും. ഒഴിവുകാലത്ത് പൂരാഘോഷ കലാപരിപാടികളിൽ കുടുംബസമേതം പങ്കെടുക്കുകയും വേണ്ടപ്പെട്ട പല വ്യക്തികളെ കണ്ടുമുട്ടുകയും അത് ഭാവിയിൽ പ്രയോജനം ചെയ്യുകയും ചെയ്യും. മരണാനന്തര ചടങ്ങുകളിൽ സംബന്ധിക്കും. കുറച്ചു ദിവസം ദേഹാസ്വാസ്ഥ്യം മൂലം ജോലി ചെയ്യാനാകാതെ അവധിയെടുത്ത് വിശ്രമ ജീവിതം നയിക്കും. നേതൃസ്ഥാനത്തിൽ നിന്ന് ശാസന, തിരഞ്ഞടുപ്പിൽ പരാജയം, രാഷ്ട്രീയ കേസുകളിൽ പ്രതിയാക്കൽ, സ്ഥലമാറ്റം എന്നിവയ്ക്ക് ലക്ഷണം കാണുന്നുണ്ട്. പ്രത‌ീക്ഷിക്കാത്ത സ്ഥലങ്ങളിൽ നിന്ന് പലവിധ സഹായങ്ങളും ഇടയ്ക്കിടെ ലഭിക്കുന്നത് ആശ്വാസം തരുന്നതാണ്.

ഭാഗ്യനമ്പർ : 5 നിറം : പച്ച, കടും തവിട്ടു നിറം രത്നം : വൈഡൂര്യം (സാർഡോണിക്സ്) മൃഗം : പട്ടി, പൂച്ച ഭക്ഷണം : ഏലക്കായ, ചേന, ഉരുളക്കിഴങ്ങ്

തുലാം– ലിബ്രോ (സെപ്റ്റംബർ 24– ഒക്ടോബർ 23)

പ്രശസ്തി ആഗ്രഹിക്കുന്ന ഈ രാശിക്കാർ ഭൃത്യജനങ്ങൾക്കും കീഴ്ജീവനക്കാർക്കും അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും വകവെച്ചു കൊടുക്കുന്നവരായിരിക്കും.

ഏകാന്തത തീരെ ഇഷ്ടപ്പെടാത്ത ഈ രാശിക്കാർ അന്യരുടെ വിഷമങ്ങൾ കണ്ടറിഞ്ഞു സഹായിക്കുന്നവരും മറ്റുളളവരുടെ സുഖദുഃഖങ്ങൾ പങ്കു വയ്ക്കുന്നതിൽ അതീവ തല്പരരുമായിരിക്കും. ആദ്ധ്യാത്മിക കാര്യങ്ങളിൽ മുൻതൂക്കം കൊടുക്കും. ആഡംബരമായ സുഖലോലുപമായ, അധ്വാനം കുറഞ്ഞ, നൂലാമാലകളില്ലാത്ത, സുഗമമായ ഉദ്യോഗമാണ് ഇവർ ആഗ്രഹിക്കുന്നത്.

സൗന്ദര്യ വസ്തുക്കളുമായി ബന്ധപ്പെട്ട തൊഴിൽ, പരിഷ്കാര സാമഗ്രികളുടെ ക്രയവിക്രയം, നയപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജോലി, ഭരണനിർവഹണം, കലാസാംസ്കാരിക പരിപാടികളുടെ നിർവഹണം, അഭിനയം എന്നിവയിലാണ് കൂടുതൽ താത്പര്യമുണ്ടാവുക. മധുരപ്രിയരും കൊഴുപ്പടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളിൽ കൂടുതൽ തത്പരരും ആയിരിക്കും. ഗൃഹപരിഷ്കാരം, സുഗന്ധ ദ്രവ്യ വ്യാപാരം, സൗന്ദര്യ വർധക സാമഗ്രികളുടെ വില്പന എന്നിവ ഈ രാശിക്കാർക്ക് പറഞ്ഞിട്ടുളളതാണ്. പ്രശസ്തി ആഗ്രഹിക്കുന്ന ഈ രാശിക്കാർ ഭൃത്യജനങ്ങൾക്കും കീഴ്ജീവനക്കാർക്കും അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും വകവച്ചു കൊടുക്കുന്നവരായിരിക്കും. നീതിക്കു വേണ്ടി വാദിക്കുകയും പ്രവർത്തിക്കുകയും ചെയ്യും.

ലിബ്ര 2016–ലെ ഫലം

കുടുംബസൗഖ്യം, സന്താന സൗഖ്യം, കർമമേഖലകളിൽ വിജയം, ശരീരസൗഖ്യം, പരീക്ഷാദികളിൽ വിജയം, സൽപ്രവൃത്തികളിൽ പങ്കെടുക്കുവാനുളള സന്ദർഭം ഉണ്ടാകൽ, വാഹന ലബ്ധി, ആശുപത്രി വാസം, ഗുരുജനങ്ങളുടെ വേർപാട്, പൊളളലേൽക്കൽ, മേലധികാരികളിൽ നിന്ന് അംഗീകാരവും പ്രോത്സാഹനവും ലഭിക്കൽ, വളരെക്കാലമായി കാണുവാനാഗ്രഹിക്കുന്നവരെ യാദൃച്ഛികമായി കണ്ടു മുട്ടൽ, ഭൃത്യ ജനങ്ങളിൽ നിന്ന് സഹായസഹകരണം, വ്യവസായം തുടങ്ങൽ, അഭിമാനക്ഷതം, ദേഹക്ഷതം, നീച സംസർഗം, അന്യദേശവാസം, ക്രയവിക്രയം മൂലം ലാഭം. നിഗൂഢ ശാസ്ത്ര ജ്ഞാനലബ്ധി, നാൽക്കാലികളിൽ നിന്ന് കുഴപ്പം സംഭവിക്കൽ, സജ്ജന പ്രീതി, കുടുംബത്തിൽ വിവാഹ പ്രായമായവരുടെ വിവാഹകാര്യങ്ങളിൽ തീരുമാനമെടുക്കൽ, നിദ്രാഭംഗം, മദ്യപാനാസക്തി, ശസ്ത്രക്രിയ, പൊതുജനവിശ്വാസം പിടിച്ചു പറ്റൽ, സർക്കാരിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കൽ, അധികാരം ദുർവിനിയോഗം ചെയ്യൽ എന്നിവയ്ക്ക് ലക്ഷണം കാണുന്നുണ്ട്.

ഭാഗ്യനമ്പർ : 6 നിറം : പിങ്ക്, ഇളം പച്ച രത്നം : സഫയർ, പുഷ്യരാഗം, ജെയ്ഡ് മൃഗം : പല്ലി, ഇഴജന്തുക്കൾ ഭക്ഷണം : ബീൻസ്, ആപ്പിൾ

വൃശ്ചികം– സ്കോർപ്പിയോ (ഒക്ടോബർ 24 – നവംബർ 22)

ഉന്നത ജീവിത നിലവാരം ലക്ഷ്യമാക്കി പഠിക്കുകയും പഠിപ്പിനനുസരിച്ചുളള തൊഴിൽ മേഖലയിൽ ജോലിയെടുക്കുകയും ചെയ്യും.

ജീവിത വിജയം കരസ്ഥമാക്കുവാൻ കഠിനമായി പ്രവർത്തിക്കുന്ന ഈ രാശിക്കാർ കർമശേഷിയും ആത്മബലവും ശാരീരിക ശക്തിയും ദൃഢതയുമുളളവരാകുന്നു. സ്വപരിശ്രമത്താൽ വലിയ സ്ഥിതിയിലേക്കും പ്രശസ്തിയിലേക്കും ഉയരുവാനുളള കഴിവ് സ്കോർപ്പിയോ രാശിക്കാരുടെ പ്രത്യേകതയാണ്. അവരവരുടെ കഴിവുകൾ നിത്യാഭ്യാസം കൊണ്ട് വികസിപ്പിച്ചെടുത്ത് ഉയരങ്ങളിലേക്കു പറക്കുന്നവരാണിവർ. അന്യർക്ക് പ്രയാസമെന്നു തോന്നുന്ന തൊഴിലിൽ ഇവർ വൈദഗ്ധ്യം പ്രകടിപ്പിക്കും. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നതിൽ ഈ രാശിക്കാർ ബഹുസമർഥരായിരിക്കും. എതിർ ലിംഗത്തിൽപ്പെട്ടവരെ ആ‌കർഷിപ്പിക്കുവാൻ ഇവർ സമർഥരാണ്. ഉന്നത ജീവിത നിലവാരം ലക്ഷ്യമാക്കി പഠിക്കുകയും പഠിപ്പിനനുസരിച്ചുളള തൊഴിൽ മേഖലയിൽ ജോലിയെടുക്കുകയും ചെയ്യും. പ്രേമം ഇവരുടെ സഹജ സ്വഭാവമാണ്. പന്തയം വയ്ക്കൽ, മദ്യവ്യവസായം, ചലച്ചിത്ര വ്യവസായം, ഗവേഷണം, മരാമത്ത്, യന്ത്രവ്യവസായം, രഹസ്യപ്രവർത്തനം, ഊഹക്കച്ചവടം എന്നീ മേഖലകളിൽ ഇവർ തല്പരരാകും.

സ്കോർപ്പിയോ 2016–ലെ ഫലം

പ്രളയം, കൊടുങ്കാറ്റ് എന്നിവ മൂലം ധനനഷ്ടം സംഭവിക്കാനിടയുണ്ട്. പുത്ര സൗഖ്യം, മഹാരാജബഹുമാനം, സർവകാര്യ വിജയം, നവീന ഗൃഹോപകരണലബ്ധി, പുതിയ ജോലിയിൽ പ്രവേശിക്കൽ, സംഗീതം, യോഗ, കളരിപ്പറ്റ്, നൃത്തം മുതലായവ അഭ്യസിക്കൽ, ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട പ്രശസ്തി നേടൽ, ത്രിദോഷകോപം, ദാനധർമങ്ങൾ ചെയ്യുവാൻ ഭാഗ്യം ലഭിക്കൽ, വ്യവഹാര വിജയം, വസ്തുവാഹനലാഭം, വ്യാപാര ഗുണാഭിവൃദ്ധി, വിദേശ രാജ്യങ്ങൾ സന്ദർശിക്കുവാനനുമതി ലഭിക്കൽ, സന്താനങ്ങളുടെ അഭ്യുന്നതിക്കുവേണ്ടി അശ്രാന്ത പരിശ്രമം, എന്നിവ പ്രതീക്ഷിക്കാം.

ജനുവരിയിൽ‌ സ്ഥാന ചലനം, അഗ്നിഭയം. ഫെബ്രുവരിയിൽ ദേഹക്ഷതം, ദ്രവ്യസംബന്ധമായി കഷ്ടങ്ങൾ. ഏപ്രിൽ മാസത്തിൽ ഭൂമി വാഹന ലബ്ധി, സ്ഥാനക്കയറ്റം, മേയ് മാസത്തിൽ സർക്കാരിൽ നിന്ന് അനുകൂലമായ നടപടി ഗൃഹനിർമ്മാണം, ജൂൺ മാസത്തിൽ ബന്ധുജന സഹായം, ഓഗസ്റ്റിൽ വിവാഹ തീരുമാനം, സെപ്റ്റംബറിൽ സൗന്ദര്യവർധന, കൃഷിഗുണം, രോഗവിമുക്തി, ഡിസംബറിൽ പുരസ്കാര ലബ്ധി തുടങ്ങിയവ കാണുന്നു.

ഭാഗ്യനമ്പർ : 9 നിറം : മെറൂൺ കല്ല്് (രത്നം) : ഓപ്പൽ, പവിഴം മൃഗം : ഈച്ച, പാറ്റ, തേൾ ഭക്ഷണം : എരിവും പുളിയുമുളളവ, ഉളളി, ചുവന്നമുളക്, കടുക്

ധനു– സാജിറ്റേറിയസ് (നവംബർ 23– ഡിസംബർ 22)

ഊഹക്കച്ചവടത്തിലും കരാർജോലികളിലും നല്ല ലാഭം പ്രതീക്ഷിക്കാം. പ്രാർഥനയിൽ വലിയ വിശ്വാസം കല്പിക്കുന്നവരാണിവർ

സാജിറ്റേറിയൻകാർ സ്ഥിരോത്സാഹികളും സത്യസന്ധരും ബന്ധുക്കളെ കണക്കറ്റു സ്നേഹിക്കുന്നവരുമാണ്. സൂക്ഷ്മതയും സ്ഥിരോത്സാഹവും ആത്മപ്രശംസയും ഇവരുടെ മുഖമുദ്രയാണ്. അഭിനയരംഗത്തും പാചകരംഗത്തും അധ്യാപകവൃത്തിയിലും പത്രപ്രവർത്തന രംഗത്തും രാഷ്ട്രീയ കാര്യങ്ങളിലും വൈദിക കാര്യങ്ങളിലും കരാർ ജോലികളിലും സാഹിത്യ പ്രവർത്തന രംഗത്തും ഇവർ ശോഭിക്കും. സാഹസിക പ്രവൃത്തികൾ ചെയ്യുന്ന ഇവർ വികാര ജീവികളായിരിക്കും. എതിർലിംഗത്തിൽപ്പെട്ടവർക്കു വേണ്ടത്ര മാന്യത കല്പിച്ചു കൊടുക്കുന്ന ഈ രാശിക്കാർ അന്യർക്ക് പ്രയാസമെന്ന് തോന്നുന്ന കാര്യങ്ങൾ എളുപ്പത്തിൽ ചെയ്തു തീർക്കുവാൻ പ്രഗത്ഭരായിരിക്കും. സസ്യഭക്ഷണം ഇവർക്ക് പ്രിയങ്കരമായിരിക്കും. പ്രാർഥനയിൽ വലിയ വിശ്വാസം കല്പിക്കുന്നവരാണിവർ.

സാജിറ്റേറിയസ് 2016–ലെ ഫലം

ഊഹക്കച്ചവടത്തിലും കരാറുജോലികളിലും നല്ല ലാഭം പ്രതീക്ഷിക്കാം. സൗന്ദര്യവർധക സാമഗ്രികൾക്കായി നല്ല തുക ചെലവഴിക്കും. യന്ത്രത്തകരാർ മൂലം ധനനഷ്ടം സംഭവിക്കും. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ ലഭിക്കാവുന്ന കാലഘട്ടമാണ്. സന്താനങ്ങളിൽ മറവി മൂലം പഠന വൈമുഖ്യമുണ്ടാകും. ലഹരിപദാർത്ഥങ്ങളുടെ അമിതോപയോഗം പല പ്രശ്നങ്ങൾക്കും കളമൊരുക്കുമെന്നതിനാൽ ഈ ദുശ്ശീലം കുറയ്ക്കണം. രാഷ്ട്രീയ സമ്മർദങ്ങൾക്കു വിധേയമായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു. വിവാഹത്തിന് വളരെക്കാലമായി കാത്തിരിക്കുന്ന യുവതീ യുവാക്കളുടെ വിവാഹം നടക്കും. സർക്കാരിൽ നിന്ന് വായ്പ, ഇളവ് എന്നിവ ലഭിക്കും. ഉന്നതരും പ്രശസ്തരുമായ വ്യക്തികളുമായി പരിചയപ്പെടുവാനവസരം ലഭിക്കും. തന്മൂലം ഗുണാനുഭവമുണ്ടാകും. മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുവാനവസരം ലഭിക്കുകയും അതിൽ വിളങ്ങുകയും ചെയ്യും. സഹോദരസ്ഥാനീയരിൽ നിന്ന് ഭൂമി സംബന്ധമായി ശത്രുതയും എതിർപ്പും ഗൃഹഛിദ്രവും അനുഭവപ്പെടും. കീടങ്ങളിൽ നിന്നും മൃഗങ്ങളിൽ നിന്നും കുഴപ്പങ്ങളുണ്ടാവും ചതിക്കില്ലെന്ന് വിശ്വസിച്ചിരുന്ന വ്യക്തികളിൽ നിന്നും വൻ ചതി അനുഭവപ്പെടും. അതിർത്തി പ്രശ്നം രമ്യതയിലെത്തും. പ്രവർത്തന മണ്ഡലങ്ങൾ വ്യാപിക്കും. സർക്കാരിൽ നിന്ന് അദ്ഭുതകരമാംവിധം രക്ഷപ്പെടും. പൂജാദികാര്യങ്ങൾക്കായി നല്ല തുക ചെലവഴിക്കും. തെറ്റ് ചെയ്യാതെ തന്നെ ദോഹോപദ്രവം ഏൽക്കാനും ലക്ഷ‌ണം കാണുന്നുണ്ട്.

പ്രണയസാഫല്യം, ഇഷ്ടജനസഹവാസം, അധികാരപ്രാപ്തി, വ്യാപാര പുരോഗതി, വ്രതാനുഷ്ഠാനം, പുണ്യദേവാലയ ദർശനം തുടങ്ങിയവയ്ക്കു സാധ്യത.

ഭാഗ്യനമ്പർ : 3 നിറം : പർപ്പിൾ, കടും നീല കല്ല്് (രത്നം) : ടോപ്പാസ്, മഞ്ഞ, പുഷ്യരാഗം മൃഗം : കുതിര ഭക്ഷണം : കിഴങ്ങ്, മുന്തിരി എന്നിവ

മകരം– കാപ്രിക്കോൺ (ഡിസംബർ 23 – ജനുവരി 20)

ഭൂമി വാങ്ങി വീട് നിർമിക്കാനുളള ചിരകാലാഭിഷേകം പൂവണിയും. പല സ്രോതസ്സുകളിൽ‌ നിന്നും ധനം വന്നു േചരും.

ആരോഗ്യം സംരക്ഷിക്കാൻ വളരെ മുൻകരുതലുകളും നിയന്ത്രണങ്ങളും സ്വീകരിക്കുന്ന പ്രകൃതക്കാരാണീ രാശിക്കാർ. ചിട്ടയോടെ കാര്യങ്ങളെ സമീപിക്കുന്നവരും പാരമ്പര്യ മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്നവരുമായിരിക്കും. പൊതുവെ ക്ഷമാശീലരായ ഇവർ‌ കർക്കശ സ്വഭാവക്കാരാണ് എന്നു കരുതാം. കഠിനാധ്വാനത്തിലൂടെയും കൂട്ടായ പ്രവർത്തനം മൂലവും അത്യുന്നത നിലയിൽ എത്തിച്ചേരും. ജീവിതത്തിൽ ശോഭനമായ ഒരു വഴിത്തിരിവ് ഉണ്ടാകാതെ ഇവർ ജീവിത പങ്കാളിയെ സ്വീകരിക്കുകയില്ല. സംഗീതം, മുതലായ കലകളിൽ പ്രഗത്ഭമതികളാകും. അന്യരുടെ ഉപദേശങ്ങൾ കേൾക്കാൻ പൊതുവേ വൈമുഖ്യം കാണിക്കുന്ന ഈ രാശിക്കാർ ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് ഭംഗിയായി നിറവേറ്റും. സർക്കാർ ജോലി, സംഗീതം, രാഷ്ട്രീയം, സാംസ്കാരിക നേതൃത്വം, യോഗപരിശീലനം, ഭൂമി കച്ചവടം എന്നിവ ഈ രാശിക്കാർക്ക് വിധിച്ച കർമ്മമണ്ഡലങ്ങളാണ്. ഉദരരോഗം, തൊണ്ട രോഗം എന്നിവ എളുപ്പത്തിൽ ഈ രാശിക്കാരെ പിടികൂടും. വൈദ്യം, ജ്യോതിഷം, വാദ്യം എന്നിവയിൽ ഇവർക്ക് അവബോധമുണ്ടാകും.

കാപ്രിക്കോൺ 2016–ലെ ഫലം

പല സ്രോതസ്സുകളിൽ നിന്നും ധനം വന്നു ചേരും. വിദേശത്ത് ജോലി ലഭിക്കുവാൻ സാധ്യതയുണ്ട് എങ്കിലും പ്രതിബന്ധ ങ്ങൾ ധാരാളമുണ്ടാകയാൽ പരിഹാരങ്ങൾ ചെയ്യേണ്ടതാണ്. നിയമ–ന്യായ രംഗത്ത് പ്രവർത്തിക്കുന്നവരുടെ വിധി പ്രഖ്യാപനങ്ങൾ സത്കീർത്തിയുണ്ടാക്കുകയും മേലധികാരികളുടെ പ്രശംസയ്ക്ക് പാത്രമാവുകയും ചെയ്യും. രാഷ്ട്രീയ, സാമുദായിക, ആദ്ധ്യാത്മിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സ്ഥാനലബ്ധിയുണ്ടാകും. ഭൂമി വാങ്ങി വീട് നിർമ്മിക്കാനുളള ചിരകാലാഭിലാഷം ‌പൂവണിയും. ഹൃദയരോഗങ്ങളും പ്രമേഹ രോഗങ്ങളും രക്തസമ്മർദവും വരാതിരിക്കാൻ യോഗപരിശീലിക്കുന്നത് നന്നായിരിക്കും. ആരോഗ്യം കൂടുതൽ മെച്ചപ്പെടാനുളള ഭക്ഷണക്രമം പരിശീലിപ്പിക്കും, സന്താനങ്ങളുടെ കലാവിരുന്ന് മനസ്സിന് കുളിർമയേകും. ശിക്ഷണനടപടികൾ ഉണ്ടാവാതിരിക്കാൻ പ്രത്യേകമായി ജോലിക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്. വിലപ്പെട്ട ആധാരങ്ങളിൽ ഒപ്പു വയ്ക്കാവുന്നതാണ്. നിശ്ചയിച്ചുറച്ച വിവാഹ തീരുമാനങ്ങൾ മാറ്റി ചെയ്യേണ്ടിവരും. ഔദ്യോഗിക രംഗത്ത് ഉയർച്ചയുണ്ടാകുമെങ്കിലും സ്ഥലമാറ്റം ഒരു പ്രശ്നമാകുന്നതാണ്. ബന്ധുക്കളുമായി അകാരണ കലഹത്തിന് സാധ്യതയേറെയാണ്.

ഉദ്യോഗക്കയറ്റം, വ്യാപാര പുരോഗതി, സർക്കാരിൽ‌ നിന്ന് സഹായലബ്ധി, ഗൃഹലബ്ധി.

ഭാഗ്യനമ്പർ : 8 നിറം : കടുംപച്ച, കറുപ്പ്, തവിട്ടു നിറം കല്ല്് (രത്നം) : അമേത്തിസ്റ്റ് മൃഗം : മാൻ, മുതല ഭക്ഷണം : ഇറച്ചി, ഉരുളക്കിഴങ്ങ്, സവാള

കുംഭം– അക്വേറിയസ് (ജനുവരി 21– ഫെബ്രുവരി 19)

ഈ രാശിക്കാർ പൊതുവെ ആദർശശാലികളും സത്യസന്ധരും അഭിമാനികളുമാകും. നേർവഴിക്കു മാത്രം സഞ്ചരിക്കുന്നവരാണിവർ.

പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ സമീപിക്കുന്നവരാണ് ഈ രാശിക്കാർ. മറ്റുളളവരെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും ഇവർ ഒട്ടും മടി കാണിക്കില്ല. ഏതു പ്രതിസന്ധിയിലും തളരാതെ, ഊർജസ്വലതയോടെ ഇവർ ആത്മവിശ്വാസത്തോടെ മുന്നോട്ടു കുതിക്കും. പങ്കാളികളുമായി വൈകാരിക ബന്ധം അരക്കിട്ടുറപ്പിക്കുവാൻ വളരെ പ്രായസപ്പെടുക മൂലം ജീവിതത്തിൽ വലിയ പ്രത്യാഘാതങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. വിവാഹ ജീവിതത്തിൽ അപസ്വരങ്ങൾ നിശ്ചയമായുമുണ്ടാകും. കലാസാഹിത്യോപാസകരാ യിരിക്കും ഈ രാശിക്കാർ. കുതിരപ്പന്തയം, ഭാഗ്യക്കുറി, തച്ചുശാസ്ത്രം, വേദാന്തം, വിനോദ സഞ്ചാരം, ശിഷ്യ സമ്പത്ത്, ഗ്രന്ഥര‌ചന, വിദേശയാത്ര, പന്തുകളി, വാർത്താവിനിമയം, നേതൃത്വം വഹിക്കൽ എന്നിവ ഇവരുമായി ഇഴുകിച്ചേരുന്ന വിഷയങ്ങളാകുന്നു. ഈ രാശിക്കാർ പൊതുവെ ആദർശശാലികളും സത്യസന്ധരും അഭിമാനികളുമാകും. നേർവഴിക്കു മാത്രം സഞ്ചരിക്കുന്നവരാണിവർ. ഏതു മേഖലകളിലാണെങ്കിലും അവയിൽ ഒന്നാമനാകും. അഗ്നി, ആയുധം, ധനം കൂട്ടിക്കൂട്ടി വയ്ക്കുന്നതിൽ വളരെ സന്തുഷ്ടരായ ഇവർ എതിർലിംഗത്തിൽപ്പെട്ടവരുടെ വലയിൽ എളുപ്പത്തിൽ കുടുങ്ങിപ്പോകുവാൻ ഉളള സാധ്യത തളളിക്കളയാനാവില്ല. തണുത്ത കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഈ രാശിക്കാർ നേതൃപാടവമുളളവരായിരിക്കും. നല്ല വസ്ത്രം, ആഭരണം, വാഹനം, എന്നിവയ്ക്കു വേണ്ടി എന്നും പരിശ്രമം തുടരും. വ്യക്തി ജീവിതത്തിൽ അന്യർ കൈകടത്തുന്നത് ഈ രാശിക്കാർക്ക് തീരെ ഇഷ്ടപ്പെടുകയില്ല.

അക്വേറിയസ് 2016– ലെ ഫലം

അർഹമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കുന്നതാണ്. ചെറുതാണെങ്കിലും ഒരു ജോലി ലഭിച്ച് സ്വന്തം കാലിൽ നിൽക്കാൻ കഴിയും. ധീരമായ നീക്കങ്ങൾകൊണ്ട് രാഷ്ട്രീയപരമായ അപവാദങ്ങളിൽ നിന്നും വിമർശനങ്ങളിൽ നിന്നും മുക്തി നേടും. മത്സരങ്ങളിൽ വിജയിച്ച് സമ്മാനങ്ങൾ നേടും. നിർത്തിവച്ച ഗൃഹ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. രാഷ്ട്രീയപരമായി സമ്മർദങ്ങൾക്കു വിധേയരാകും. സമചിത്തതയോടെ കാര്യങ്ങളെ മനസ്സിലാക്കി പ്രവർത്തിക്കുക വഴി സഹപ്രവർത്തകർക്ക് വലിയ മതിപ്പുണ്ടാക്കാൻ കഴിയുന്നതാണ്. സന്താനങ്ങളുടെ അഭ്യുന്നതിക്ക് വേണ്ടി അശ്രാന്തം പരിശ്രമിക്കും. കലാസാഹിത്യ പ്രവർത്തനങ്ങളിൽ സൂര്യതേജസ്സുപോലെ ശോഭിക്കു കയും പലവിധ പുരസ്കാരങ്ങളും ലഭിക്കുകയും ചെയ്യും. വിവാഹകാര്യങ്ങളിൽ തീരുമാനമാകുന്നതാണ് ഈ വർഷം തന്നെ. സൗന്ദര്യവർധക സാമഗ്രികൾക്കായി നല്ല തുക ചെലവഴിക്കും.

ഭാഗ്യനമ്പർ : 8 നിറം : നീല കല്ല്് (രത്നം) : മരതകം, അക്വാമറൈൻ മൃഗം : മനുഷ്യൻ ഭക്ഷണം : ആപ്പിൾ, തണുത്ത ഭക്ഷണം.

മീനം – പീസസ് (ഫെബ്രുവരി 20 – മാർച്ച് 21)

രാഷ്ട്രീയത്തിലും പ്രണയകാര്യങ്ങളിലും ഇവർ ശോഭിക്കും. ബുദ്ധിപരമായ കഴിവിൽ സ്വയം അഭിമാനം കൊളളുന്നവരാണ് ഈ രാശിക്കാർ

അപകടങ്ങളിൽ നിന്നു രക്ഷപ്പെടുന്ന സൂത്രശാലികളാണ് പൈസിയൻസ്. ആലോചനാശക്തി, ശുഭാപ്തിവിശ്വാസം എന്നിവ കൈമുതലായുളള ഈ രാശിക്കാർ പരോപകാരികളും കൃത്യനിഷ്ഠ പാലിക്കപ്പെടുന്നവരുമായിരിക്കും ഈ രാശിയിൽ ജനിച്ചവർ. ഊർജസ്വലരും മികച്ച വ്യക്തിത്വപ്രഭാവമുളളവരുമായിരിക്കും ഈ രാശിക്കാർ. അതിവേഗത്തിൽ തീരുമാനമെടുക്കാൻ കഴിവുളളവരും ജാടയും കാപട്യവും കാണിക്കാത്തവരും ആത്മാർഥമായി സ്നേഹിക്കുന്നവരും ബന്ധുക്കളിൽ നിന്ന് അർഹതപ്പെട്ടതുപോലും ലഭിക്കാത്തവരും സത്യസന്ധരും സ്വന്തം പരിശ്രമങ്ങളാൽ ധനം സമ്പാദിച്ചു സുഖിച്ചു ജീവിക്കുന്നവരുമായിരിക്കും.

ജീവിതപങ്കാളിക്കുവേണ്ടി ഏതു തരം വികാര പ്രകടനങ്ങളും ഇവർ കാഴ്ച വയ്ക്കും. രാഷ്ട്രീയത്തിലും പ്രണയകാര്യങ്ങളിലും ഇവർ ശോഭിക്കും. ബുദ്ധിപരമായ കഴിവിൽ സ്വയം അഭിമാനം കൊളളുന്നവരാണ് ഈ രാശിക്കാർ. ചെറിയ രോഗങ്ങൾക്കു പോലും മരുന്നിനെ ആശ്രയിക്കുന്ന ഈ രാശിക്കാർ വിനോദ സഞ്ചാര പ്രിയരും സൗന്ദര്യാരാധകരും പരോപകാര തത്പരരുമായിരിക്കും.

ജോലിയും പഠിപ്പും തമ്മിൽ വലിയ ബന്ധമുണ്ടാവുകയില്ല. നല്ല വസ്ത്രധാരണം, നല്ല വാഹനം, നല്ല ഗൃഹം, നല്ല ജീവിതപങ്കാളി എന്നിവ അനുഭവയോഗമാകുന്നു. ഭക്ഷണത്തിൽ എരിവ് കൂടുതലിഷ്ടപ്പെടുന്ന ഇവർ എല്ലാ കാര്യങ്ങളും നീട്ടി നീട്ടിക്കൊണ്ടുപോയി അവസാനത്തേക്കു വയ്ക്കുന്ന പ്രകൃതരാണ്. എപ്പോഴും പ്രസന്നവദരായിരിക്കും.

പീസസ് 2016–ലെ ഫലം

തറവാട് ഭൂമി സംബന്ധമായി കുടുംബാംഗങ്ങൾ തമ്മിൽ വഴക്കിനിടവരും. വിദേശയാത്രകളും ഉദ്യോഗലബ്ധിക്കുളള പരിശ്രമങ്ങളും സഫലമാകുന്നതാകുന്നു. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുമെങ്കിലും സർക്കാരിൽ നിന്ന് ചില ആനുകൂല്യങ്ങൾ ലഭിക്കയാൽ തത്കാലം ആ പ്രശ്നം ഉണ്ടാവുകയില്ല. വിദേശത്തു നിന്ന് മുൻകൂറായി ധനം വന്നു ചേരും. വിനോദ സഞ്ചാരം നടത്തുകയും അതിനിടെ അപ്രതീക്ഷിതമായി ആഹ്ലാദം തിര തല്ലുന്ന അവസരങ്ങളുണ്ടാവുകയും ചെയ്യും. മത്സര പരീക്ഷകളിലും കലാകായിക മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കും. ബഹുമതി, ശത്രുജയം, സ്ഥാനക്കയറ്റം, വ്യാപാരാഭിവൃദ്ധി, വാഹനാപകടം, ഗൃഹസ്ഥാനചലനം, സഹപ്രവർത്തകരിൽ വിശ്വാസം, സർക്കാരിൽ നിന്ന് പ്രതികൂല നടപടി, കർമഗുണം, സ്ഥാനമാന ലബ്ധി. സ്ഥാനചലനം, ഭയം, രോഗശാന്തി, ഉദ്യോഗലബ്ധി, ധനലാഭം, ശത്രുജയം, ഗൃഹലാഭം, വസ്lതുലബ്ധി, കാര്യവിജയം എന്നിവ കാണുന്നു.

ഭാഗ്യനമ്പർ : 3 നിറം : ഇളംപച്ച കല്ല്് (രത്നം) : ചന്ദ്രകാന്തം (മൂൺസ്റ്റോൺ) മൃഗം : മീൻ ഭക്ഷണം : വെളളരിക്ക, മത്തൻ

ലേഖകൻ

ജ്യോതിശാസ്ത്ര പണ്ഡിതൻ, ആദ്ധ്യാത്മിക പ്രഭാഷകൻ, ഹസ്തരേഖാ വിദഗ്ദ്ധൻ, ആകാശവാണി അംഗീകൃത നാടക നടൻ എന്നീ നിലകളിൽ പ്രശസ്തനാണ്. പ്രഥമ മുരളി പുരസ്കാരം, ജ്യോതിഭൂഷൺ, ജ്യോതിഷ ചക്രവർത്തി, ജ്യോതിഷ കേസരി, ലണ്ടൻ കൊളറാഡോ യൂണിവേഴ്സിറ്റിയുടെ അംബാസഡർ ഓഫ് അസ്ട്രോളജി തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തൃശൂർ വടക്കുംനാഥ ക്ഷേത്രം, പഴയന്നൂർ ക്ഷേത്രം, ഗരുവായൂർ അമ്പലത്തിലെ ഗണപതി ക്ഷേത്രം, ബെംഗളൂരു ജലഹല്ലി അയ്യപ്പക്ഷേത്രം തുടങ്ങി എണ്ണൂറിലധികം ദേവപ്രശ്നങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.