Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂരാടം നക്ഷത്രക്കാരുടെ സ്വഭാവം...

ജ്യോതിഷം നക്ഷത്രഫലം

പൂർവ്വാഷാഢഭവോ വികാര ചരിതോ മാനി സുഖി ശാന്തി ധീഃ

ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഇരുപതാമത് നക്ഷത്രം. സംസ്കൃതനാമം, പൂർവ്വാഷാഢം രാശിചക്രത്തിൽ‌ 253 ഡിഗ്രി 20 മിനിട്ടുമുതൽ 

266ഡിഗ്രി 40 മിനിട്ടുവരെ വ്യാപിച്ചുകിടക്കുന്നു. നക്ഷത്രദേവത അപസ്സാണ് (ജലം). ഈ നക്ഷത്രം ഊൺ നാൾ അല്ലാത്തതിനാലും വന്ധ്യനക്ഷത്രമായതിനാലും ശുഭകാര്യങ്ങൾക്ക് വർജ്ജ്യം. ബന്ധനാദികൾക്കും ക്രൂര കർമ്മങ്ങൾക്കും നല്ലതാണ് . ഇതൊരു മധ്യമരജ്ജു നക്ഷത്രവും പാദദോഷമുള്ള നക്ഷത്രവും ആണ്. ഈ നക്ഷത്രക്കാർക്ക് മറ്റു രജ്ജു നക്ഷത്രക്കാരുമായി വിവാഹം ഗുണകരമല്ല. നക്ഷത്രമൃഗം-വാനരൻ, വൃക്ഷം-പഞ്ഞി, ഗണം-മാനുഷം, യോനി-പുരുഷം, പക്ഷി-കോഴി.

നക്ഷത്രാധിപതി ഭൗതികസുഖങ്ങളുടെയും സൗന്ദര്യത്തിന്റെയും കാരകത്വമുള്ള ശുക്രനും രാശ്യാധിപതി ബുദ്ധിയുടെയും നയത്തിന്റെയും കാരകത്വമുള്ള വ്യാഴവുമാണ്. അതുകൊണ്ടുതന്നെ ഈ നാളിൽ ജനിക്കുന്നവർ സൗന്ദര്യം, ആകർഷകത്വം, ബുദ്ധിശക്തി, വിശാല ഹൃദയവും ഉള്ളവരായിരിക്കും. വശ്യമായ സ്വഭാവം ആകർഷകമായി സംസാരിക്കാനുള്ള കഴിവ് സുഹൃത്തുക്കളോടു നല്ല ആത്മാർത്ഥത പെരുമാറ്റം എന്നിവ ഇവരുടെ പ്രത്യേകതയാണ്. സ്നേഹം, വാത്സല്യം തുടങ്ങിയ ഗുണങ്ങൾ മറ്റുള്ളവരെ സഹായിക്കാനുള്ള മനഃസ്ഥിതി മറ്റുള്ളവരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് പെരുമാറുന്ന സ്വഭാവം, തന്നെ ഏൽപിക്കുന്ന ജോലി വളരെ വിശ്വാസയോഗ്യമായി ചെയ്തു തീർക്കുകയും ന്യായവും സത്യവും നിലനിർത്തിയുള്ള പ്രവർത്തനവും കഷ്ടപ്പാടുകൾ സഹിക്കാനുള്ള കഴിവും ഇവരെ വലിയ സുഹൃത് വലയത്തിന് ഉടമകളാക്കും. കുഴപ്പം പിടിച്ച പ്രശ്നങ്ങൾക്കും പരിഹാരം കാണാനും അന്യർക്ക് മാർഗനിർദ്ദേശം നൽകാനും കഴിവുണ്ടാകും. ഇങ്ങനെയൊക്കെയാണെങ്കിലും സ്വന്തം കാര്യങ്ങൾ സ്വന്തം അഭിപ്രായമനുസരിച്ചേ ചെയ്യുകയുള്ളൂ. സുഹൃത്തുക്കളുടെ സഹായത്താൽ ജീവിതത്തിൽ കൂടുതൽ നേട്ടങ്ങളുണ്ടാവും കൂട്ടായ പ്രവർത്തനം കൊണ്ട് ജീവിതത്തിൽ വളരെ ധനം നേടും. മാതാപിതാക്കളിൽ നിന്ന് കാര്യമായ ആനുകൂല്യങ്ങൾ ഇവർക്കു ലഭിക്കാറില്ല. അന്യനാട്ടിൽ ഈ നക്ഷത്രക്കാർ ജീവിതവിജയം നേടാറുണ്ട്.

ബാല്യം ക്ലേശം നിറഞ്ഞതായിരിക്കും. മധ്യകാലഘട്ടത്തിൽ സുഖാനുഭവങ്ങൾ ഉണ്ടാകും. ശുദ്ധഹൃദയരാണെങ്കിലും ദേഷ്യം വന്നാൽ മുൻപിൻ നോക്കാറില്ല. വീണ്ടുവിചാരമില്ലാതെ എടുത്തുചാടും. ശുക്രന്റെയും വ്യാഴത്തിന്റെയും സ്വാധീനതയാൽ ആചാര്യന്റെയും അധ്യാപകന്റെയും ഗുണങ്ങൾ ഇവരിൽ കാണാം. സ്വതസിദ്ധമായ വാക്ചാതുര്യവും അപാരമായ അറിവും ഏതൊരു വാദപ്രതിവാദരംഗത്തും ഇവർക്ക് ശോഭിക്കാനാവും. ശുഭഗ്രഹങ്ങൾ ലഗ്നത്തിൽ നിൽക്കുകകൂടി ചെയ്താൽ ഇവർ വശ്യമായ ശരീരസൗന്ദര്യത്തിന് ഉടമകളായിരിക്കും. ഈശ്വരവിശ്വാസവും പാപഭയവും ഒക്കെ ഉള്ളവരാണെങ്കിലും മാറ്റിവയ്ക്കേണ്ട സാഹചര്യത്തിൽ ചെന്നുപെടുകയാൽ ഒക്കെയും ഒരു കോണിൽ വച്ച് ധൈര്യത്തോടെ രംഗത്തിറങ്ങും. ഇത്തരത്തിലുള്ള പ്രവർത്തനത്തിൽ നിന്നും ഇവരെ പിൻതിരിപ്പിക്കാൻ ആർക്കും സാധ്യമല്ല. വലിയ അഭിമാനികളായ ഇവർ അഭിമാനത്തിന് ഭംഗം വരുന്നത് ക്ഷമിക്കാനാവില്ല. വക്രബുദ്ധികളല്ലാത്തതിനാൽ വിശ്വസിക്കാം. ഒന്നിലും എടുത്തുചാട്ടം കാണിക്കില്ല. വളരെ ആലോചിച്ച് കരുതലോടെ മാത്രമേ തുടങ്ങുകയുള്ളു. ശുഭാപ്തി വിശ്വാസം നല്ലതുപോലെ ഉണ്ട്. കുടുംബ ജീവിതം പൊതുവേ സന്തോഷകരമായിരിക്കും. വിവാഹം അൽപം താമസിക്കാൻ ഇടയുണ്ട്.പങ്കാളിക്ക് സന്തോഷമുണ്ടാകുന്ന രീതിയിൽ പെരുമാറുവാൻ പ്രത്യേകം ശ്രദ്ധിക്കും. സന്താനങ്ങൾ ബന്ധുക്കൾ തുടങ്ങിയവരുടെ സഹകരണം ലഭിക്കും. ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ സൗന്ദര്യം, ആരോഗ്യം ബുദ്ധി എന്നീ ഗുണങ്ങളോടു കൂടിയവരായിരിക്കും. ഉന്നതമായ വിദ്യാഭ്യാസം മെച്ചമായ തൊഴിൽ എന്നിവ അനുഭവത്തിൽ വരും.  ബാല്യം പൊതുവെ 10 വയസുവരെ ഗുണകരമാണ്. 16 വരെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. 16 മുതൽ 26 വരെ ഉന്നതമായ വിദ്യാഭ്യാസത്തിനും മെച്ചമായ തൊഴിലിനും സാധ്യതയുള്ളകാലം 26 മുതൽ 33 വരെയുള്ള കാലഘട്ടം മാറ്റങ്ങളുടെ കാലമാണ് 33നുശേഷം ധനാഭിവൃദ്ധി കുടുംബസുഖം തൊഴിൽ സംബന്ധമായ നേട്ടം ഒക്കെയുണ്ടാകും. ഇടയ്ക്കിടെ ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധിക്കണം എന്നുമാത്രം.

പ്രഭാഷകൻ, കലാസാംസ്കാരിക പ്രവർത്തനം, മതപരമായ പ്രവർത്തനം, അധ്യാപകവൃത്തി, ന്യായാധിപൻ, ബിസിനസ്, വൈദ്യശാസ്ത്രം ഇവ അനുകൂലമായ മേഖലകളാണ്. പൂയം വേധ നക്ഷത്രമാണ്. എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം. തിരുവോണം, ചതയം, ഉതൃട്ടാതി, പുണർതം അവസാനപാദം, പൂയം, ആയില്യം പ്രതികൂല നക്ഷത്രങ്ങളാണ്.

ചന്ദ്രൻ, രാഹു, ശനി എന്നീ ദശാകാലങ്ങളിൽ വിധിപ്രകാരമുള്ള പ്രതിവിധികൾ അനുഷ്ഠിക്കണം. ഭരണി, പൂരം, പൂരാടം നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം പൂജാദികർമ്മങ്ങൾ ഇവയ്ക്കുത്തമം. ശുഭപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുക, മഹാലക്ഷ്മി ഭജനം അന്നപൂർണേശ്വരി ഭജനം ഇവ ഉത്തമമാണ്. വിഷ്ണു ക്ഷേത്രദർശനം സഹസ്രനാമജപം ഇവ അനുഷ്ഠിക്കുന്നത് ഗുണഫലത്തെ പ്രദാനം ചെയ്യും.

ഓം അദ്രഭ്യോനമഃ എന്നു ജപിക്കുന്നത് ഉത്തമം

Your Rating: