Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2017–19 പൂതനാമോക്ഷ വർഷഫലം തുലാം രാശിക്കാർക്ക്

Libra

തുലാം രാശിക്കാർക്ക് കഴിഞ്ഞ എട്ട് വർഷത്തെ ദുരിതങ്ങൾക്ക് മോചനവുമായാണ്  2017 കടന്നുവരുന്നത്. 2020 ജനുവരി വരെ കാലം അനുകൂലമാണ്. പക്ഷേ ചിങ്ങത്തിനു ശേഷം മാത്രമെ താങ്കളുടെ കർമ്മഗുണം കൊണ്ടുള്ള ദോഷഫലം അനുഭവിക്കാനുള്ള യോഗം കാണുന്നു. 30 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ഈ ഭാഗ്യങ്ങൾ വരുന്നത്. പക്ഷേ രണ്ടര വർഷം കിട്ടേണ്ട ഭാഗ്യങ്ങൾ 3 വർഷം കിട്ടിയിട്ടുപോലും ചിങ്ങം വരെ കാത്തിരിക്കേണ്ടി വരുന്നത് വളരെ ദുഃഖകരമായ അവസ്ഥയാണ്. 4ഉം 5ഉം ഭാവാധിപൻ രാജയോഗപ്രദനായി 3ൽ നിൽക്കുന്നതിനാൽ നല്ല ആരോഗ്യസ്ഥിതിയും ഇളയസഹോദരങ്ങളുമായും കൂടെയുള്ള സഹപ്രവർത്തകരുമായും സന്താനങ്ങളുമായും മൂത്തസഹോദരന്റെ സന്താനങ്ങളുമായും അവരുടെ ഭാര്യമാരുമായും പൊതുവെ എല്ലാവരുമായും സഹകരണത്തിലായിരിക്കും. നിരവധി കാലമായി ചികിത്സകളും വഴിപാടുകളും നടത്തി കുഞ്ഞിക്കാൽ കാണാൻ കഴിയാത്തവർക്ക് അർഹതയുണ്ടെങ്കിൽ സന്താനലാഭം ലഭിക്കുന്നതാണ്. മാത്രവുമല്ല അമ്മയുടെ പൂർവ്വിക തറവാടും ലഭിക്കാൻ യോഗമുണ്ട്, അല്ലെങ്കിൽ ഗൃഹഭാഗ്യം ഉണ്ടാകും. താങ്കളുടെ ആദ്യസന്താനം കുംഭരാശിക്കാരനാണെങ്കിൽ ആ കുട്ടിയിലൂടെ വളരെയധികം ഉയർച്ചകൾ ലഭിക്കുന്നതാണ്. ഇപ്പോൾ താങ്കൾ ധനപരമായി വറ്റിയ ഒരു കിണറാണ്. മൂക്കുകൊണ്ട് ‘ക്ഷ’ എഴുതുകയാണ്. അതിനെല്ലാം പരിഹാരമായി നല്ല സമ്പത്ത് വന്നുചേരാൻ യോഗമുണ്ടാകും. നവഗ്രഹപ്രാർത്ഥനയിലൂടെ ജീവിതത്തിൽ ഭാഗ്യാനുഭവങ്ങൾ വരും.

എഴുത്തുകുത്തുകളിലൂടെ പ്രശസ്തിയും ധനവും ലഭിക്കാൻ യോഗം കാണുന്നു. ഇണയ്ക്ക് നല്ല തൊഴിലിനു യോഗവും ഇണയുടെ അച്ഛന് നല്ല തൊഴിൽ മാറ്റവും സംഭവിക്കാം. അമ്മയ്ക്ക് ആരോഗ്യസ്ഥിതി മോശപ്പെടുകയും അച്ഛനമ്മമാരുടെ പൂർവ്വികസ്വത്ത് നിങ്ങൾക്ക് ലഭിക്കാൻ യോഗവും കാണുന്നു. താങ്കളുടെ ജാതകത്തിലെ കേതുസ്ഥിതിയനുസരിച്ച് മൂലം 1–ാം പാദത്തിൽ മേടം രാശിയിൽ അംശകം വരുന്ന സമയത്തിൽ കുടുംബജീവിത (7–ാം ഭാവത്തിൽ സുഖസ്ഥാനാധിപനും കുടുംബസ്ഥാനാധിപനും മനസ്സിന്റെ ആധിപത്യമുള്ള ശനി) ത്തിന് പ്രശ്നങ്ങളുണ്ടാകും. ശനി പൂരാടത്തിൽ സഞ്ചരിക്കുമ്പോൾ (ലഗ്നാധിപൻ) കുട്ടികൾ ജനിക്കാൻ യോഗമുണ്ടെങ്കിലതും നല്ലൊരു ഗൃഹവും ലഭിക്കും. ജാതകത്തിൽ ശനി, ശുക്രൻ എന്നിവരുടെ സ്ഥിതിയും അർഹതയും കൂടി കണക്കിലെടുക്കണം. പൂരാടം 3–ാം പാദത്തിൽ സഞ്ചരിക്കുമ്പോൾ പുതിയ ഗൃഹത്തിൽ താമസസൗകര്യം ലഭിക്കും. തൊഴിലിൽ പുരോഗതിയുണ്ടാകും.  

ശനി ഉത്രാടത്തിൽ സഞ്ചരിക്കുമ്പോൾ നന്നായിരിക്കുകയില്ല. പിതാവിന്റെയും സഹോദരന്മാരുടെയും ആരോഗ്യം മോശമാകും. സഹോദരസ്ഥാനീയരുമായുള്ള ബന്ധത്തിന് വിള്ളലുകളുണ്ടാകും. അതവരുടെ തലയിണമന്ത്രത്തിന്റെ ഫലമായായിരിക്കും സംഭവിക്കുക. ഭൂസ്വത്ത് പങ്കുവയ്ക്കേണ്ടിവരും. അവരുടെ മനസ്സ് പിശാചിനെ ആയി മാറുന്നതാണ്. പഠിത്തത്തിൽ പ്രതിസന്ധികളുണ്ടായാലും ചിലരുടെ ആശയങ്ങൾക്ക് കീഴ്പ്പെട്ട് നഷ്ടങ്ങൾക്ക് സാധ്യതയുള്ളതിനാൽ അത് ശ്രദ്ധിക്കേണ്ടതാണ്. ജഡ്ജിമാർക്ക് കാലം അനുകൂലം. ജ്യോതിഷം കൈകാര്യം ചെയ്യുന്നതില്‍ താൽപര്യമുള്ളവർക്ക് കാലം അനുകൂലം.

വ്യാഴം സംഭാവന ചെയ്യുന്നത്

വിജയം നേടുമെങ്കിലും ശത്രുക്കളെ സൃഷ്ടിക്കും. സാമൂഹിക ജീവികൾക്കും ഡോക്ടർമാർക്കും ആത്മീയ ഗുരുക്കൾക്കും മതപരമായ തത്വജ്ഞാനികൾക്കും നന്നായിരിക്കും. വിദേശത്തുള്ളവർക്ക് വിദേശത്തുനിന്നും ധനം ലഭിക്കാം.

വ്യാഴം 4ലെ ശനി സഞ്ചരിക്കുന്ന ഫലവും വ്യാഴം 6ൽ കേതു നിൽക്കുന്ന ഫലവും വ്യാഴം 12ൽ രാഹു നിൽക്കുന്ന ഫലവും മേടം രാശിയിലേതു കാണുക.

ഇടവത്തിന്റെ 5ലെ ഗുരുസ്ഥിതി ഇടവം രാശിയിലെ കാണുക

മിഥുനത്തിന്റെ 4ലെ ഗുരു മിഥുനം രാശിയിലേതു കാണുക.

കർക്കടകത്തിന്റെ 3 ലെ ഗുരു കർക്കടകം രാശിയിലേതു കാണുക.

ചിങ്ങത്തിന്റെ 2ലെ ഗുരു ചിങ്ങം രാശി കാണുക.

പൊതുഫലം

നിരവധി കാര്യങ്ങള്‍ നിഷ്കർഷയോടെ ചെയ്തു തീർക്കും. മനസ്സിന് തൃപ്തിയായ വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റം ലഭിക്കും. ഇടപെടുന്ന കാര്യങ്ങളിൽ പൂർണ്ണതയും അനുഭവഫലങ്ങളും ലഭിക്കും. ലക്ഷ്യപ്രാപ്തി ലഭിക്കാൻ വിശ്വാസത്തോടുകൂടിയ പ്രവർത്തനങ്ങൾ നടത്തുകയും അതിൽ വിജയിക്കുകയും ചെയ്യും. പൊതുപ്രവർത്തനങ്ങളിൽ ജന നന്മ കിട്ടുന്നതാണ്. വിദഗ്ധ ചികിത്സകളാലും ചിട്ടയോടുകൂടിയ ദിനചര്യയിലൂടെയും ആരോഗ്യനില തൃപ്തികരമായി വരും. തൊഴിൽമേഖലയിൽ അപ്രതീക്ഷിത സാഹചര്യത്തെ തരണം ചെയ്ത് മുന്നോട്ടു പോകേണ്ടി വരും. ഉപകാരം ചെയ്തു കൊടുത്തവരില്‍നിന്നും  വിപരീത പ്രതികരണങ്ങൾ വന്നുചേരും. പ്രലോഭനങ്ങളിൽ പെടാതെ സൂക്ഷിക്കണം. സന്താനത്തിന്റെ കാര്യത്തിൽ മാനസിക പ്രയാസം ഉണ്ടാക്കും. കുടുംബത്തിൽ അഭിപ്രായവ്യത്യാസത്തിലും കലഹത്തിലും ഉണ്ടായിരുന്ന സാഹചര്യം മാറി വളരെ സംയമനത്തോടെ മുന്നോട്ട് പോകും. ഏതു കാര്യത്തിലും അതീവ ജാഗ്രതയോടെയുള്ള പെരുമാറ്റം കൊണ്ട് വളരെ ഗുണങ്ങൾ വന്നുചേരും. ധനനഷ്ടത്തിനും മാനഹാനിക്കും യാത്രാവേളയിൽ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. അപരിചിതരോട് അടുത്തു പെരുമാറ്റത്തിന് പോകരുത്. അനാവശ്യ യാത്രകളും കൂട്ടുകെട്ടുകളും മാറ്റിവയ്ക്കണം. ചതിവിനു സാധ്യതയുണ്ട്. 

പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. വ്യാപാര വിപണന മേഖലയിൽ പ്രതീക്ഷിച്ചതിലും കൂടുതൽ പുരോഗതിയുണ്ടാകും. വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ കഴിയും സൽകീർത്തിയും സജ്ജനപ്രീതിയും ഉണ്ടാകും. ഈശ്വരാരാധനകളാൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കും. തൊഴിൽ മേഖലയിൽ പ്രതിസന്ധികൾ കുറയും. കാര്യങ്ങൾക്കായി അശ്രാന്ത പരിശ്രമം വേണ്ടിവരും. വ്യക്തമായ നിർദേശവും ഉപദേശവുമില്ലാതെ ഓരോ പ്രവൃത്തിയിലും ഇടപെടരുത്, പണവും മുടക്കരുത്. സാഹചര്യങ്ങൾക്കനുസരിച്ച് ആത്മനിയന്ത്രണം വേണ്ടിവരും. വിദ്യാർത്ഥികൾക്ക് പഠനം നിർത്താനുള്ള മനസ്സുള്ളതായി കാണുന്നു ആയതിനാൽ രക്ഷിതാക്കളും അധ്യാപകരും ഉപദേശിച്ച് നവഗ്രഹപ്രാർത്ഥനകളാൽ അതിനെ അതിജീവിക്കാന്‍ സാധിക്കണം. ചിലരുടെ കാര്യത്തിൽ ഉയർന്ന പഠനം ലഭിക്കാനും വിദേശപഠനത്തിനും സാധ്യത കാണുന്നുണ്ട്. സന്താനത്തിന്റെ വിവാഹകാര്യത്തിൽ തടസ്സമുണ്ടാകും. പൊതുജനത്തിൽ നിന്നും അനുകൂല പെരുമാറ്റമുണ്ടാകും. സേനാ വിഭാഗത്തിലുള്ളവർക്ക് മേലുദ്യോഗസ്ഥരുടെ അനുകൂല ഇടപെടൽ പ്രതീക്ഷിക്കാം. പൊതുപ്രവർത്തകർ, രാഷ്ട്രീയപ്രവർത്തകർ എന്നിവർക്ക് പലവിധ എതിർപ്പുകൾ നേരിടേണ്ടിവരും. അധികാരസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർ കൂടുതൽ സംയമനം പാലിക്കണം. സ്വദേശത്തുനിന്നും വിട്ടുനിൽക്കാൻ യോഗമുണ്ട്. അതിനാല്‍ വിദേശജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂലഫലം ലഭിക്കും. 

ഔദ്യോഗിക രംഗത്ത് നിലനിന്നിരുന്ന കുരുക്കുകളിൽ നിന്നും മോചനം ലഭിക്കും. അകന്ന് കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും. വിവാഹകാര്യത്തിൽ തീരുമാനമെടുക്കും. കോൺട്രാക്റ്റ് ജോലിയിലേർപ്പെട്ടിരിക്കുന്നവർക്ക് നിലനിന്നിരുന്ന സ്തംഭനവും സാമ്പത്തിക തടസ്സവും മാറി പുരോഗതി ലഭിക്കും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചില അവസരങ്ങളില്‍ മികച്ചലാഭം പ്രതീക്ഷിക്കാം. അധികാരസ്ഥാനത്തുള്ളവർക്ക് അണികളിൽ നിന്നും കീഴ്ജീവനക്കാരിൽനിന്നും എതിർപ്പ് നേരിടേണ്ടിവരും. ഐടി മേഖലയിലുള്ളവർക്ക് നേട്ടങ്ങളുണ്ടാക്കാൻ കഴിയും. 

കർമ്മരംഗത്ത് നിലനിന്നിരുന്ന പ്രതിസന്ധികൾ ഒന്നൊന്നായി തരണം ചെയ്ത് മുന്നോട്ടുപോകും. ഭൂമി വിൽപ്പനയ്ക്ക് ശ്രമിക്കുന്നവർക്ക് തടസ്സം മാറി കാര്യസാധ്യമുണ്ടാകും. ഗൃഹത്തിൽ അറ്റകുറ്റപ്പണികളും അലങ്കാരപ്പണികളും നടത്തും. സംഗീതജ്ഞർ ശോഭിക്കും.കുടുംബത്തിൽ സന്തോഷവും സമാധാനവും ജോലിയിൽ മേലധികാരികളുടെയും കീഴ്ജീവനക്കാരുടെയും പ്രശംസ ലഭിക്കും. പട്ടാളം, പോലിസ് വകുപ്പിലുള്ളവർ മത്സരപരീക്ഷയിൽ വിജയിക്കും. വസ്ത്ര വ്യാപാരിക്കും രത്ന വ്യാപാരിക്കും കാലം അനുകൂലം. നിയമജ്ഞർക്ക് ജനരോക്ഷമായ വിധി പറയേണ്ടിവരും. ഇഴജന്തുക്കളുടെ ഉപദ്രവമുണ്ടാകും. വൈദ്യുതി മൂലമുള്ള അപകടം സൂക്ഷിക്കണം. പുതിയ പ്രേമത്തിൽ പെടാം. പൂർത്തിയാക്കാത്ത വിദ്യാഭ്യാസം പൂർത്തിയാക്കാനവസരമുണ്ടാകും. വിദ്യാഭ്യാസവുമായും കലാരംഗവുമായുള്ളവർക്ക് ബഹുമതിയും സന്താനങ്ങളിൽനിന്നും ധനാഗമവും പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങാനും യോഗം കാണുന്നു. സർക്കാരിൽനിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കും. കൂട്ടു ചേർന്ന് പുതിയ ബിസിനസ്സ് ആരംഭിക്കും. കൃഷിയിൽനിന്നും വാടകയിൽനിന്നും ആദായം വരും.

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.