Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുണർതം നക്ഷത്രക്കാരുടെ സ്വഭാവം

ജ്യോതിഷം

ഭഗവാൻ ശ്രീരാമചന്ദ്രന്റെ ജന്മനക്ഷത്രമെന്ന് പ്രസിദ്ധം. ഇരുപത്തിയെഴ് നക്ഷത്രങ്ങളിൽ ഏഴാമത്തെ നക്ഷത്രം. സംസ്കൃതനാമം പുനർവസു. രാശിചക്രത്തിൽ എൺപത് ഡിഗ്രി മുതൽ തൊണ്ണൂറ്റിമൂന്ന് ഡിഗ്രി 20 മിനിറ്റ് വരെ വ്യാപിച്ചു കിടക്കുന്നു. പുണർതത്തിന്റെ നക്ഷത്ര ദേവത അദിതിയാണ്. യോനി-സ്ത്രീ , ഗണം-ദൈവം, മൃഗം–പൂച്ച, പക്ഷി– ചെമ്പോത്ത്, വൃക്ഷം–മുള, ഭൂതം–ജലം. സൃഷ്ടി നക്ഷത്രം, ചരനക്ഷത്രം. ഊൺനാളിൽപ്പെട്ട നാളായതിനാൽ എല്ലാ ശുഭകാര്യങ്ങൾക്കും നന്ന്. പൗഷ്ടിക ക്രിയകൾ, ശാന്തി കർമ്മങ്ങൾ, വാസ്തു കർമ്മങ്ങൾ, കൃഷി, വിദ്യാരംഭം, വാഹനം, വാങ്ങൽ ഇവയ്ക്കെല്ലാം നല്ലതാണ്. 

പുണർതത്തിന്റെ നക്ഷത്രാധിപൻ ഗുരുവാണ്. അതുകൊണ്ടു തന്നെ ഇവർ ബുദ്ധിശാലികളും വിശാല മനസ്കരും സൗമ്യതയും ഉളളവരും ആയിരിക്കും. എല്ലാ കാര്യങ്ങളെക്കുറിച്ചും വളരെ ആലോചിച്ച് അഭിപ്രായം  രൂപീകരിച്ചശേഷമേ പ്രവർത്തനം തുടങ്ങുകയുളളൂ. ഓരോ കാര്യത്തിന്റെയും നന്മതിന്മകളെ തിരിച്ചറിയാൻ കഴിവുളള ഇവർ അന്യരുടെ കാര്യങ്ങളിൽ ഇടപെടാറില്ല. ധാർമ്മികമായും മതപരമായും ഉളള കാര്യങ്ങളിൽ താല്പര്യം കാണിക്കും. ബാല്യകാലത്തിൽ ക്ലേശം  അനുഭവിക്കുമെങ്കിലും ഭാവിയിൽ ഇവർ ഉന്നതിയിൽ എത്തും. അധ്യാപകവൃത്തിയിൽ ഇവർ ശോഭിക്കാറുണ്ട്. പുണർതം നക്ഷത്രം മിഥുനകൂറുകാരും കര്‍ക്കിടക കൂറുകാരും വ്യത്യസ്തമായ സ്വഭാവത്തിനുടമകളായിരിക്കും. കർക്കിടകത്തിൽ ജനിച്ചവർ സരളസ്വഭാവക്കാരായിരിക്കും. മാതൃസ്വഭാവവും കല്പനാസ്വഭാവവും ഇവരിൽ മുന്നിട്ടു നിൽക്കും. സൗന്ദര്യപ്രിയരും സൗന്ദര്യാരാധകരുമായിരിക്കും. ജലസംബന്ധമായ കാര്യങ്ങളിലും, കലകളിലും, താല്പര്യം കാണിക്കും.  ഔഷധശാസ്ത്രത്തിൽ താല്പര്യം കാണും. പാലും പാലുല്പന്നങ്ങളുമായി ബന്ധമുളള തൊഴിലിലും ഏർപ്പെടാം. യാത്രയിൽ വളരെ താല്പര്യം കാണിക്കും. ക്ലേശം സഹിക്കാനുളള കഴിവ് ഇവരിൽ കുറഞ്ഞിരിക്കും. സ്വന്തം വീട് വിട്ട് നില്ക്കാൻ ഇവർക്കാഗ്രഹമില്ല. ഗൃഹാതുരത്വം ആധിയാവും. ബുധന്റെയും വ്യാഴത്തിന്റെയും സ്വാധീനം മിഥുനകൂറുകാരിൽ കാണും. ആകർഷകമായ ശരീരവും സത്യസന്ധമായ പ്രവൃത്തിയും വശ്യമായ സംഭാഷണവും മറ്റുളളവരുടെ ഇംഗിതമറിഞ്ഞ് പ്രവർത്തിക്കാനുളള കഴിവും ഇവരെ മറ്റുളളവർക്ക് പ്രിയമുളളവരാക്കി മാറ്റുന്നു.

ഇവർ കാര്യങ്ങളെ ബുദ്ധിപൂർവ്വം ഗ്രഹിച്ച്  എല്ലാവശവും ചിന്തിച്ച് പ്രവൃത്തിയിൽ കൊണ്ടുവരുന്നവരാണ്. ഒരു കാര്യത്തിലും എടുത്തുചാട്ടം കാണിക്കുകയില്ല. വാക്ശക്തിയും വിചാരശക്തിയുമുളള ഇവരെ വാഗ്വാദത്തിൽ എതിർത്തു തോല്പിക്കുക ബുദ്ധിമുട്ടാണ്. ഇവർ ധനപരമായി ഇടത്തരക്കാരായിരിക്കും. ധനാധിപനായ ചന്ദ്രന്റെ  പന്ത്രണ്ടിലെ  സ്ഥിതി ഒരു കാരണമാണ്. പുത്രാനുകൂല്യം കുറവായിരിക്കും. പല വിഷയങ്ങളിലും ഇവർ അറിവു നേടുമെങ്കിലും ഒന്നിലും പൂര്‍ണ്ണത നേടാൻ ഇവർക്കാകില്ല.  ആരോടും സ്ഥായിയായ സ്നേഹം കാണിക്കാറില്ല. പക്ഷേ ആരെയും പിണക്കുകയും ഇല്ല. മാതാവിനോട് വളരെ മമത കാണും. വിവാഹ ജീവിതത്തിൽ പൂർണ്ണത അനുഭവപ്പെടാറില്ല. ആധാരം എഴുത്ത്, ഓഡിറ്റ്, ലേഖകൻ, അധ്യാപനം, നിയമം ഇവയിൽ ശോഭിക്കും. പുണർതം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ പുണ്യകാര്യങ്ങളിൽ തല്പരരും അഹന്ത ഇല്ലാത്തവരും നല്ല സ്വഭാവവും ഗാർഹിക കാര്യങ്ങളിൽ തല്പരരും ഭർതൃസാമീപ്യത്തോടു കൂടിയവരും ആയിരിക്കും. 

ആരോഗ്യം പൊതുവേ മെച്ചമായിരിക്കും. പക്ഷെ ആരോഗ്യത്തെപ്പറ്റി ആകുലപ്പെടുന്ന സ്വഭാവം ഉണ്ടാകും. ദിനചര്യകൾ പാലിക്കാനും ഔഷധങ്ങൾ യഥാസമയം കഴിക്കാനും പഥ്യം ആചരിക്കാനും പ്രത്യേകം ശ്രദ്ധിക്കും. ബാല്യകാലം മെച്ചമായ ആരോഗ്യവും കുടുംബസുഖവും ഉണ്ടാവും. പത്ത്് വയസുമുതൽ ഇരുപത്തിനാല് വരെ ഗുണദോഷ സമ്മിശ്രഫലമാണ്. ഈ കാലത്ത് ആരോഗ്യക്കുറവ്, മനഃക്ലേശം, ധനനഷ്ടം, യാത്രാ ക്ലേശം, അപകടങ്ങൾ തുടങ്ങിയവ ഉണ്ടാകും. 50 നു ശേഷം സന്തുഷ്ട കരമായ ജീവിതം നയിക്കും. 

പുണർതത്തിന്റെ പ്രതികൂലനാളുകൾ 

ഉത്രാടം വേധനക്ഷത്രമാണ്. എല്ലാ കാര്യങ്ങൾക്കും വർജ്ജ്യം. ആയില്യം, പൂരം, അത്തം, പുണർതം മിഥുന കൂറിന് ഉത്രാടം (മകരകൂറ്), തിരു വോണം, അവിട്ടം നക്ഷത്രങ്ങളും കർക്കിടകക്കൂറിന് അവിട്ടം 1/2, ചതയം, പൂരുരുട്ടാതി (കുംഭക്കൂറിലെ നക്ഷത്രങ്ങൾ) അശുഭങ്ങളാണ്. ബുധദശ, ചന്ദ്രദശ, ശുക്രദശ എന്നീ ദശാകാലത്ത് പരിഹാരങ്ങൾ അനുഷ്ഠിക്കുക. പുണർതം, വിശാഖം, പൂരുരുട്ടാതി നക്ഷത്രങ്ങളിൽ ക്ഷേത്രദര്‍ശനം നടത്തുക. വിഷ്ണു സഹസ്രനാമജപം വളരെ ശ്രേഷ്ഠമാണ്. മിഥുനകൂറുകാർ ബുധ പ്രീതിയും ശ്രീകൃഷ്ണ ക്ഷേത്രദര്‍ശനവും നടത്തുകയും കര്‍ക്കിടകകൂറുകാർ ചന്ദ്രപ്രീതികരമായി കർമ്മങ്ങളും ദേവീ ക്ഷേത്ര ദര്‍ശനവും നടത്തുക.

മന്ത്രം–ഓം അദിതയേ നമഃ

ലേഖനം തയ്യാറാക്കിയത്

ഗീതകുട്ടി

ലക്ഷ്മീനാരായണ കൊടുങ്ങൂർ

9656132213

sreelakshminarayananastro@gmail.com

Your Rating: