Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂരുരുട്ടാതി നക്ഷത്രക്കാരുടെ സ്വഭാവം...

നക്ഷത്രഫലം

പൂർവ്വപ്രോഷ്ഠപദി പ്രഗത്ഭ വചനോ ധൂർത്തോ ഭയാർത്തോ മൃദുശ്ച

ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ‌ ഇരുപത്തിയഞ്ചാമത് നക്ഷത്രം. രാശി ചക്രത്തിൽ 320 ഡിഗ്രി  മുതൽ 333 ഡിഗ്രി 20 മിനിട്ടുവരെ വ്യാപിച്ചുകിടക്കുന്നു. സംസ്കൃതനാമം പൂർവ്വഭദ്രാപദം. നക്ഷത്ര ദേവത അജയ്കപാദ്. നക്ഷത്രാധിപൻ വ്യാഴം. രാശ്യാധിപൻ ശനി(കുംഭക്കൂർ) നക്ഷത്രമൃഗം നരൻ. വൃക്ഷം തേൻമാവ്. ഗണം-മാനുഷം, യോനി-പുരുഷം, പക്ഷി-മയിൽ. ഊൺനാൾ അല്ലാത്തതിനാൽ ശുഭകാര്യങ്ങൾക്ക് നന്നല്ല. ഇതൊരു ക്രൂരനക്ഷത്രവും അധോമുഖനക്ഷത്രവും മധ്യാക്ഷവുമാണ്. ശിൽപ കർമ്മങ്ങൾ സാഹസിക കർമ്മങ്ങൾ കൃഷി, കച്ചവടം, ഛേദനകർമ്മം, ജലയന്ത്രനിർമ്മാണം, മഹിഷാദികളെ വാങ്ങാൻ എന്നിവയ്ക്ക് കൊള്ളാം. ഇതൊരു വസുപഞ്ചക നക്ഷത്രം കൂടിയാണ്.

ഈ നക്ഷത്രത്തിൽ ആദ്യത്തെ 45 നാഴിക കുംഭം രാശിയിലും അവസാന പാദം(15 നാഴിക) മീനം രാശിയിലുമാണ് വരുന്നത്. മീനക്കൂറുകാർക്ക് രാശ്യാധിപൻ വ്യാഴമാണ്. ഈ നക്ഷത്രത്തിൽ ജനിച്ചവർ ബുദ്ധിമാൻമാരും നീതി നിഷ്ഠ ഉള്ളവരും ആത്മീയമായ ഉൾക്കാഴ്ചയുള്ളവരും ആയിരിക്കും. മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നവരാണ്. ആധ്യാത്മികത മുന്നിട്ടുനിൽക്കും. സമൂഹത്തിൽ മാന്യതയും ഔദാര്യവും ഉണ്ടാവും. ഏതു രംഗത്തും ശുഭ പ്രതീക്ഷ വച്ചു പുലർത്തും. പാരമ്പര്യ രീതികളും നിയമങ്ങളും പിൻതുടരാനിഷ്ടപ്പെടുന്നവരാണ്. 

ഏതു രംഗത്തും ശുഭ പ്രതീക്ഷ വച്ചു പുലർത്തും. പാരമ്പര്യ രീതികളും നിയമങ്ങളും പിൻതുടരാനിഷ്ടപ്പെടുന്നവരാണ്. മറ്റുള്ളവരുടെ ഇഷ്ടമറിഞ്ഞു പ്രവർത്തിക്കാനുള്ള കഴിവും ഹൃദയവിശാലതയും ഇവർക്കുണ്ട്. നല്ലൊരു സുഹൃത്തായിരിക്കും. തന്നെപ്പോലെ തന്നെ മറ്റുള്ളവർക്കും പ്രയോജനം ഉണ്ടാവുന്ന കാര്യങ്ങളേ ഇവർ ചെയ്യാറുള്ളൂ. അഭിപ്രായ സ്ഥിരതയും കഠിനാധ്വാനവും ഇവരുടെ പ്രത്യേകതയാണ്. സാമ്പത്തികമായി പിശുക്ക് കാണിക്കില്ല. ആഡംബര പ്രിയരാണ്. വേഗത്തിൽ തന്നെ ഔദ്യോഗിക രംഗത്ത് പ്രവേശിക്കുകയും ഉയർച്ച നേടുകയും ചെയ്യും. നല്ല ഭക്ഷണപ്രിയരാണ്. വിദ്യകൊണ്ട് ഇവർ ധനസമ്പാദനം നടത്തും.

ചെറിയ കാര്യങ്ങളെ വലുതായി കാണുന്ന സ്വഭാവം ഉണ്ട്. പ്രവർത്തനസമാർഥ്യം ഉളളതിനാൽ ഏതു കാര്യത്തിലേർപ്പെട്ടാലും അത് ഭംഗിയായി നിർവഹിക്കും. ഏതു കാര്യത്തിലും നിഷ്പക്ഷമായി മാത്രമേ തീരുമാനം എടുക്കുകയുള്ളൂ. മാതാപിതാക്കൾ ഇവരോടു സ്നേഹമായി പെരുമാറിയാലും ഇവർ സ്വന്തം ഇഷ്ടാനുസരണം കാര്യങ്ങൾ ചെയ്തു തീർക്കാറുണ്ട്. കുടുംബത്തെപ്പറ്റി വളരെ ശ്രദ്ധയുണ്ടായിരിക്കും. സാധാരണക്കാരേക്കാൾ ചിന്താശക്തിയും കാര്യഗ്രഹണശക്തിയും ഇവരിൽ കൂടുതലായി ഉണ്ടാവും. ഏതു സന്ദർഭവും ഉചിതമായി കൈകാര്യം ചെയ്യും. ആകർഷകമായ വ്യക്തിത്വം ഇവരുടെ പ്രത്യേകതയാണ്. സ്വന്തം അഭിപ്രായത്തിന് വിലകൊടുക്കുന്നവരാണ്. മറ്റുള്ളവരുടെ അഭിപ്രായം മാനിക്കുമെങ്കിലും തന്റെ തീരുമാനവുമായി യോജിച്ചില്ലെങ്കിൽ നിഷ്കരുണം തള്ളിക്കളയുകയാണ് പതിവ്. സ്വഭാവം കൊണ്ട് ശാന്ത ഗംഭീരന്മാരായിരിക്കും. പൗരുഷം ഉള്ള വ്യക്തിത്വമാണ്. ശനിയും, വ്യാഴവും സ്ഥിരതാസ്വഭാവവുമുള്ള ഗ്രഹങ്ങളാകയാലാണ് ഇതിനു കാരണം. ക്ഷിപ്ര കോപികളല്ല. തനിക്കിഷ്ടപ്പെടാത്ത കാര്യങ്ങളിൽ നിന്നും മാറി നിൽക്കും.

കുടുംബജീവിതം പൊതുവേ സന്തോഷകരമായിരിക്കും. യഥാകാലം വിവാഹം നടത്തുകയും സഹകരണമനോഭാവമുള്ള പങ്കാളിയെ ലഭിക്കുകയും ചെയ്യും. സന്താനഗുണം,  ന്യായമായ സമ്പത്ത്, ഇതൊക്കെയും ഇവർക്കനുകൂലമാണ്.  ഈ നാളിൽ ജനിച്ച സ്ത്രീകൾ സന്തോഷമുള്ള കുടുംബജീവിതം നയിക്കും. ഭർത്താവിനെയും സന്താനങ്ങളെയും കുടുംബത്തേയും ഇവർ വളരെ അധികം സ്നേഹിയ്ക്കും. കുടുംബഭരണത്തിലും ഔദ്യോഗിക രംഗത്തും പൊതുപ്രവർത്തനത്തിലും എല്ലാം ഇവർ വിജയിക്കും. ഭർത്താവുമായി വളരെ രമ്യതയിൽ ജീവിക്കും.

ബാല്യം പൊതുവെ സന്തോഷകരമായിരിക്കും. കഫ സംബന്ധിയായ രോഗങ്ങൾക്ക് സാധ്യത. കുടുംബത്തിൽ ഇക്കാലം അഭിവൃദ്ധി കാണുന്നു. എട്ട് മുതൽ  ഇരുപത്തിയേഴുവരെ കാലം ഗുണദോഷ സമ്മിശ്രമായിരിക്കും. ഈ കാലത്ത് വിദ്യാഗുണമുണ്ടാകുമെങ്കിലും അതിന് മന്ദത അനുഭവപ്പെടും. യാത്രാക്ലേശമുണ്ടാകും. കുടുംബത്തിൽ ഇക്കാലം ധനാഭിവൃദ്ധിയുണ്ടാകും. 27 വയസിനുശേഷം പ്രവർത്തന വിജയം , ധനാഭിവൃദ്ധി പുതിയ കാര്യങ്ങൾ പഠിക്കാൻ ഇടയാവുക. സ്ഥാനലാഭം തുടങ്ങിയവ അനുഭവപ്പെടും.  44 മുതൽ 51 വരെ കാലം മെച്ചമല്ല. രോഗപീഢകൾ, അപകടങ്ങൾ തുടങ്ങിയവ ശ്രദ്ധിക്കണം. 51നുശേഷം സന്തുഷ്ടവും സുഖസമൃദ്ധമായ ജീവിതത്തിന് സാധ്യതയുണ്ട്. അഭിഭാഷകവൃത്തി, കലാസാംസ്കാരിക രംഗം, വൈദ്യശാസ്ത്രം, ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ, ബിസിനസ്സ്, പത്രപ്രവർത്തനം ഈ മേഖലകൾ അനുകൂലമാണ്. ഉത്രം വേധനക്ഷത്രമാണ്.

കുംഭക്കൂറുകാർക്ക് രേവതി ഭരണി രോഹിണി നക്ഷത്രങ്ങളും മീനക്കൂറുകാർക്ക് ചിത്തിര, ചോതി, വിശാഖം എന്നീ തുലാക്കൂറിലെ നക്ഷത്രങ്ങളും പ്രതികൂല നക്ഷത്രങ്ങളാണ്. ബുധൻ ശുക്രൻ ചന്ദ്രൻ എന്നീ ദശാകാലങ്ങൾ അനുകൂലമല്ലാത്തതിനാൽ വിധിപ്രകാരമുള്ള പരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കണം. പുണർതം വിശാഖം പൂരുരുട്ടാതി നാളുകളിൽ ക്ഷേത്രദർശനവും പൂജാദികർമ്മങ്ങൾക്കും ഉത്തമം. നക്ഷത്രാധിപനായ വ്യാഴത്തെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾ ചെയ്യുന്നത് ഗുണകരമാണ്. ജന്മനക്ഷത്രത്തിൽ വിഷ്ണുപൂജ, വിഷ്ണുസഹസ്രനാമജപം തുടങ്ങിയവ അനുഷ്ഠിക്കുക. ശനിയാഴ്ച വ്രതവും ശാസ്താഭജനവും ഗുണകരമാണ്.

ഓം അജൈകപാദേ നമഃ എന്നു ജപിക്കുന്നത് ഉത്തമം.

ലേഖനം തയ്യാറാക്കിയത്

ഗീതകുട്ടി

ലക്ഷ്മീനാരായണ കൊടുങ്ങൂർ

9656132213

sreelakshminarayananastro@gmail.com

 

Your Rating: