Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രേവതി നക്ഷത്രക്കാരുടെ സ്വഭാവം

ജ്യോതിഷം

രേവത്യാ മുരുലഞ്ചനോ പഗതതനു : കാമാതുര സുന്ദരോ മന്ത്രീ പുത്ര മിത്ര കളത്ര സഹിതോ ജാതഃ സ്ഥിതഃ ശ്രീരതഃ

ഇരുപത്തിയേഴാമത് നക്ഷത്രമാണ് രേവത്. നക്ഷത്ര മൃഗം- ആന, വൃക്ഷം- ഇരിപ്പ, ഗണം-ദേവം, യോനി-സ്ത്രീ, പക്ഷി-മയിൽ മൃദു നക്ഷത്രം തിര്യങ്ങ് മുഖ നക്ഷത്രം അന്ധാക്ഷം സമനക്ഷത്രം ചതുഷ്പാത്ത് നക്ഷത്രം സംഹാര നക്ഷത്രവുമാണ്. ഇത് ഒരു വസുപഞ്ചക നക്ഷത്രവും ഗണ്ഡാന്ത ദോഷമുള്ള നക്ഷത്രവുമാണ്. ഊൺ നാളാകയാൽ എല്ലാ ശുഭകർമ്മങ്ങൾക്കും കൊള്ളാറുണ്ട്. വിശേഷിച്ച് ഗൃഹനിർമ്മാണം, പ്രവേശം, ക്ഷേത്ര നിർമ്മാണം, ആഭരണ നിർമ്മാണം ഇവയ്ക്ക് നല്ലതാണ്. നക്ഷത്ര ദേവത പൂഷാവാണ്, നക്ഷത്രാധിപൻ-ബുധനും രാശ്യാധിപൻ വ്യാഴവുമാണ്. ബുധൻ, ഗുരു എന്നീ രണ്ടു ശുഭഗ്രഹങ്ങളുടെ പ്രഭാവം ഇവരിൽ കാണും ബുധന്റെ പ്രത്യേകതയായ വിദ്യയും ബുദ്ധിയും വാഗ്‌വിത്വവും വ്യാഴത്തിന്റെ ‌പ്രത്യേകതയായ വിവേകവും സംസ്കാരവും സമ്പത്തും ഇവരിൽ കാണും. ബുദ്ധിപരമായും യുക്തിപരമായും പ്രവർത്തനം അന്യരെ ആശ്രയിക്കാതെയുള്ള ജീവിതം , ധൈര്യം എന്നിവ ഇവരിൽ കാണാം. പൊതുവേ സൗന്ദര്യവും അന്തസും ഉള്ളവരായിരിക്കും. ഏർപ്പെടുന്ന കാര്യങ്ങളിൽ നേതൃസ്ഥാനത്ത് എത്തപ്പെടും. രേവതിക്കാരെപ്പറ്റി പൊതുവേയുള്ള അഭിപ്രായം ഇവർ സ്ഥിരമായി ഒന്നിലും ഉറച്ചു നിൽക്കില്ല. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരിക്കും.. ഈ കാരണത്താൽ അധ്വാനത്തിനു തക്ക നേട്ടം ജീവിതത്തിൽ ഉണ്ടായി എന്നു വരില്ല. പ്രശ്നങ്ങളെ നേരിടേണ്ടി വരുമ്പോൾ പതറിപ്പോകാറുണ്ട്. ആരുടെയെങ്കിലും പിൻബലം ഉണ്ടെങ്കിൽ ഏതു കാര്യവും നേരിടും. സഹന ശക്തി കുറവാണ്. സ്േനഹിക്കുന്നവരുടെ മുമ്പിൽ ഹൃദയം തുറന്നിടും ഈ അമിത വിശ്വാസം അപകടത്തിൽ ചെന്നു ചാടാൻ കാരണമാവും.

സ്വാതന്ത്ര്യത്തിന് ഭംഗം വരുന്ന ഒന്നിലും ഇടപെടാറില്ല. എല്ലാവരോടും നന്നായി ഉടപെടുമെങ്കിലും ആരോടും അതിരു കവിഞ്ഞ് അടുക്കുകയില്ല. ആരെയും അതിരുകടന്ന് വകവയ്ക്കുകയില്ല. ആർക്കും കീഴടങ്ങി നിന്ന് പ്രവർത്തിക്കാൻ തയാറാവുകയില്ല. സ്വന്തം അഭിപ്രായത്തെ മുറുകെ പിടിച്ചുള്ള പ്രവർത്തനമാണ് ഇവർക്കുള്ളത്. വ്യാഴത്തിന്റെ രാശി ആയതിനാൽ അടിയുറച്ച ഈശ്വരവിശ്വാസികളായിരിക്കും. രേവതിക്കാർ സാഹിത്യം, സംഗീതം തുടങ്ങിയ കലകളിൽ വാസനയുണ്ടാകും. ശാസ്ത്രവിഷയങ്ങളിലും അഭിരുചി ഉണ്ടാകും. വിവാഹജീവിതം പൊതുവേ സന്തോഷ പ്രദമായിരിക്കും. ജീവിത പങ്കാളിയുമായി ആശയങ്ങൾ കൈമാറുകയും സ്വന്തം അഭിപ്രായത്തിൽ വേണ്ട മാറ്റം വരുത്താനും ഇവർ തയാറാകും. സഹകരണത്തോടുകൂടി പ്രവർത്തിച്ച് സന്തുഷ്ടവും ഐശ്വര്യ പൂർണവുമായ ഒരു കുടുംബജീവിതം കെട്ടിപ്പെടുക്കാൻ ഇവർക്കു കഴിയും.

ആരോഗ്യ വിഷയത്തെപ്പറ്റി ആകുലതയില്ലാത്ത ഇവർ ഔഷധം സേവിക്കുന്നതിലും വിമുഖരാണ്. പാദരോഗങ്ങളും കുടൽ സംബന്ധിയായ രോഗങ്ങൾക്കും സാധ്യതയുണ്ട്. ചില രേവതിക്കാർ ലഹരിക്കടിമപ്പെടാൻ സാധ്യതയുണ്ട്. ശരീര പുഷ്ടിയും ആരോഗ്യവും ദീർഘായുസ്സും ഉണ്ടായിരിക്കും. ബാല്യത്തിൽ ത്വക്ക് രോഗങ്ങൾ പനി രക്ത ദൂഷ്യരോഗങ്ങൾ ഇവയ്ക്ക് സാധ്യത. എട്ടിനും 15 നും ഇടയ്ക്ക് രോഗങ്ങൾ അപകടങ്ങൾ ചതവ് മുറിവ് എന്നിവയ്ക്ക് സാധ്യതയുണ്ട്. 15 നു ശേഷം 35 വരെയുള്ള കാലം തൊഴിൽ ഗുണം, വിദ്യാഗുണം, വിവാഹം, സന്താനം, കുടുംബ സുഖം, ബന്ധുഗുണം ഇവയുണ്ടാകും.  35 നും 41നും ഇടയ്ക്ക് അധ്വാനം കൂടുതലും അലച്ചിലിനും ഇടയുണ്ട്. സാമ്പത്തിക യോഗത്തിനും സാധ്യത. 51 വരെയുള്ള കാലത്ത് കുടുംബ സുഖം ബന്ധുഗുണം ധനാഭിവൃത്തി, സ്ഥാനമാനാദിലാഭം സാമ്പത്തികമായി മെച്ചമായിരിക്കുമെങ്കിലും രോഗക്ലേശ സാധ്യതയുണ്ട്. മനഃക്ലേശത്തിനും സാധ്യത. മകം വേധ നക്ഷത്രമാണ് ഭരണി രോഹിണി തിരുവാതിര ചിത്തിര രണ്ടാം പകുതി ചോതി വിശാഖം ആദ്യത്തെ 3 പാദങ്ങൾ ഇവ പ്രതികൂല നക്ഷത്രങ്ങളാണ്.

ശുക്രൻ-ചന്ദ്രൻ-രാഹു എന്നീ ദശാകാലങ്ങളിൽ വിധി പ്രകാരമുള്ള പരിഹാരങ്ങൾ അനുഷ്ഠിക്കുക. രേവതി ആയില്യം തൃക്കേട്ട നക്ഷത്രങ്ങളിൽ ക്ഷേത്രദർശനവും പൂജാദി കാര്യങ്ങളും ഉത്തമം. രാശ്യാധിപനായ വ്യാഴത്തിന് പ്രീതികരമായ കർമ്മം നടത്തുക. വിഷ്ണു ക്ഷേത്ര ദർശനം, വിഷ്ണു സഹസ്രനാമം ഇവ ശീലമാക്കുകയും, ബുധനാഴ്ച ഭാഗവതപാരായണം ശ്രീ കൃഷ്ണ ഭജനം ഇവ ഉത്തമം.

ലേഖനം തയ്യാറാക്കിയത്

ഗീതകുട്ടി
ലക്ഷ്മീനാരായണ കൊടുങ്ങൂർ

9656132213

sreelakshminarayananastro@gmail.com

Your Rating: