Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിണി നക്ഷത്രക്കാരുടെ സ്വഭാവം

ജ്യോതിഷം

ഇരുപത്തിയെഴു നക്ഷത്രങ്ങളിൽ നാലാമത്തെ നക്ഷത്രം. രാശി ചക്രത്തിൽ  നാൽപത് ഡിഗ്രി മുതൽ അൻപത്തിമൂന്ന് ഡിഗ്രി ഇരുപത്  മിനിറ്റുവരെയും വ്യാപിച്ചു കിടക്കുന്നു.

ദേവത-ബ്രഹ്മാവ്, ഗണം -മാനുഷം,യോനി-സ്ത്രീ, മൃഗം– പാമ്പ്, വൃക്ഷം– ഞാവൽ, പക്ഷി– പുളള്. ഊർദ്ധ മുഖം നക്ഷത്രം, സൃഷ്ടി നക്ഷത്രം, ധ്രുവനക്ഷത്രം, അഗ്നി ഗോത്രം, അന്നപ്രശ്ന നക്ഷത്രമാകയാൽ എല്ലാ ശുഭകാര്യങ്ങൾക്കും കൊളളാം. നാമകരണം, വിദ്യാരംഭം, വിവാഹം, ഉപനയനം, വിതയ്ക്കൽ, ഗൃഹാരംഭം, ദേവകാര്യങ്ങൾ തുടങ്ങിയ മംഗളകർമ്മങ്ങൾക്ക് യോജിക്കും.

രോഹിണിയിൽ സത്യതയും

പ്രിയവാക്കുമുറപ്പു സൗന്ദര്യം

അഷ്ടമിയും തിഥിയും രോഹിണി നക്ഷത്രവും ഒന്നിച്ചാവുന്ന രാത്രിയിലാണ് ഭഗവാൻ ശ്രീകൃഷ്ണന്റെ  ജനനം. ഈ നക്ഷത്രജാതർ കുലശ്രേഷ്ഠരും സത്യസന്ധതയുളളവരും മനോഹരമായി സംസാരിക്കുന്നവരുമാണ്. മറ്റുളളവരുടെ ദുഃഖങ്ങളിൽ പങ്കു ചേരാനും അവരെ ആശ്വസിപ്പിക്കുവാനും ഇവർക്കു കഴിയും. ഈ നക്ഷത്രജാതർ സ്ഥിരചിത്തരും സൗന്ദര്യമുളളവരും ആയിരിക്കും. നേത്ര വൈകല്യമോ നേത്ര രോഗസാധ്യതയോ ഉണ്ട്. ജീവിതത്തിൽ ഒരു നല്ല അടിത്തറ പണിതുയർത്താൻ ഇവർക്കു കഴിയും. ലൗകിക സുഖത്തിലും സമ്പത്തിലും പ്രതിപത്തിയുളളവരാകയാൽ ഭാവിയിലേക്കുളള സമ്പാദ്യത്തിനു വളരെ പ്രാധാന്യം കൊടുക്കും. രോഹിണിക്കാർ അമ്മയോടു വളരെ സ്നേഹമുളളവരായിരിക്കും. മാതൃവാത്സല്യം ഇവർക്ക് ഏറെ അനുഭവിക്കാനാകും. നക്ഷത്രാധിപത്യം ചന്ദ്രനു വരികയാലും ഈ നക്ഷത്രത്തിൽ ചന്ദ്രന് ഉച്ചം വരികയാലും ആണ് ഈ ഗുണാ നുഭവങ്ങൾ സിദ്ധിക്കുന്നത്.

രോഹിണി നക്ഷത്രാധിപനായ ചന്ദ്രനും രാശ്യാധിപനായ ശുക്രനും സ്ത്രീ ഗ്രഹങ്ങളായതിനാൽ രോഹിണിക്കാരിൽ സ്ത്രീകളിൽ കൂടുതലായി കാണാറുളള ശിശുവാത്സല്യം, ഭൂതദയ, മുഖപ്രസാദം, പരോപകാര പ്രവണത, ആകർഷകമായ പെരുമാറ്റം, ലാളിത്യം എന്നീ ഗുണങ്ങൾ ഉണ്ടായിരിക്കും. ചന്ദ്രന്റെ വൃദ്ധിക്ഷയം പോലെ തന്നെ സ്വഭാവത്തിനും ഇവർക്ക് ചാഞ്ചല്യം ഉണ്ടാകും. (ലഗ്നത്തിനും ചന്ദ്രനും പാപയോഗം വന്നാൽ ഇതിൽ മാറ്റം സംഭവിക്കും).

രോഹിണിനക്ഷത്രക്കാരുടെ വിവാഹജീവിതം പൊതുവേ നന്നായിരിക്കും.  സഹിഷ്ണുതയും നല്ല ധാരണയുമുളള പങ്കാളിയെ ലഭിക്കും. രോഹിണിയിൽ ജനിച്ച സ്ത്രീകൾ സ്നേഹനിധികളായ ഭാര്യമാരും വാത്സല്യമുളള അമ്മമാരും ആയിരിക്കും. ക്ഷമയുള്ള നല്ല പങ്കാളി ആയിരിക്കും. നഴ്സിംഗ്, ഗൃഹാലങ്കാരം, അന്നദാനം തുടങ്ങിയവ ഇഷ്ട വിഷയങ്ങളായിരിക്കും.

രോഹിണിക്കാര്‍ക്ക് ശോഭിക്കാൻ കഴിയുന്ന മേഖലകൾ ബിസിനസ്– ശാസ്ത്രസാങ്കേതിക വിഷയങ്ങൾ, നിയമം, അധ്യാപകൻ, ആരോഗ്യ മേഖല, കാർഷിക മേഖല ഇവയാണ്.

ബാല്യകാലം പൊതുവേ രോഗങ്ങൾ അലട്ടും. പനി, ശ്വാസ കോശ രോഗങ്ങൾ, രക്തദൂഷ്യ രോഗങ്ങൾ തുടങ്ങിയവ 30 വയസുവരെ ഉണ്ടായിരിക്കും. മുപ്പത് വയസിനും നാൽപതിനും മധ്യേയുളള കാലം പൊതുവേ ഗുണകരമായിരിക്കും. കുടുംബസുഖം, സന്താന ഗുണം, ബന്ധുഗുണം തുടങ്ങിയവ  ഇക്കാലത്തുണ്ടാവും. 46 മുതൽ 65 വരെ ആരോഗ്യം മെച്ചമല്ലെങ്കിലും സാമ്പത്തിക ഉയർച്ച ഉണ്ടാവും. 65 നു ശേഷം ഗുണദോഷസമ്മിശ്രഫലമായിരിക്കും. 

രോഹിണിക്ക് ചോതി വേധനക്ഷത്രമാണ്. തിരുവാതിര, പൂയം, മകം, മൂലം, പൂരാടം, ഉത്രാടം ആദ്യ പാദം ഇവ പ്രതികൂല നക്ഷത്രങ്ങളാണ്. രാഹു–ശനി–കേതു ദശാകാലങ്ങൾ പൊതുവേ അശുഭമായിരിക്കും. ഇക്കാലത്ത് വിധിപ്രകാരമുളള പരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതാണ്.  ജാതകത്തിൽ ചന്ദ്രന് പക്ഷബലമുളളവർ ദുർഗാദേവിയേയും പക്ഷബലമില്ലാത്തവർ ഭദ്രകാളിയേയും ഭജിക്കുക. തിങ്കളാഴ്ച വ്രതം നോക്കുന്നത് ഗുണകരമാണ്. രാശ്യാധിപനായ ശുക്രനെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങളും അനുഷ്ഠിക്കുന്നത് ഉത്തമം. 

മന്ത്രം– ഓം ബ്രഹ്മണേ നമഃ

ലേഖനം തയ്യാറാക്കിയത്

ഗീതകുട്ടി

ലക്ഷ്മീനാരായണ കൊടുങ്ങൂർ

9656132213

sreelakshminarayananastro@gmail.com

Your Rating: