Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശനിയുടെ രാശിമാറ്റം നിങ്ങൾക്കെങ്ങനെ?

astrology-news

(2017 ജനുവരി 26 രാത്രിയിൽ ശനിമാറ്റം)

മേടം

(അശ്വതി, ഭരണി, കാർത്തിക ¼)

അഷ്ടമത്തിലായിരുന്നു ശനി സഞ്ചരിച്ച് വന്നിരുന്നത്. അഷ്ടമശനി ദോഷമാണെന്നും അല്ലെന്നും ജ്യോതിഷികൾക്ക് ഇടയിൽ രണ്ട് അഭിപ്രായങ്ങൾ ഉണ്ട്. എന്തായാലും ഏർപ്പെടുന്ന കാര്യങ്ങളിലൊക്കെ പരാജയം സംഭവിക്കേണ്ടിയിരുന്ന കാലമായിരുന്നു കഴിഞ്ഞത്. ആവശ്യമില്ലാത്ത കുഴപ്പങ്ങളിലും മറ്റും ചെന്നു പെട്ടതു മൂലമുള്ള ബുദ്ധിമുട്ടുകളിൽ നിന്നും മോചനവും ശനിമാറ്റം മൂലം ഉണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ കൂടുതൽ ശ്രദ്ധിക്കാൻ വരുന്ന കാലയളവ് നിങ്ങൾ പരിശ്രമിക്കണം. ത്വക് സംബന്ധമായതും അല്ലാത്തതുമായ രോഗങ്ങൾ ബാധിക്കുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്. വിലപിടിപ്പുള്ള കാര്യങ്ങൾ മോഷണം പോകുന്നതിനോ നഷ്ടപ്പെട്ട് പോകുന്നതിനോ സാധ്യത ഉള്ളതിനാൽ കരുതൽ പുലർത്തുക.

ഇടവം

(കാർത്തിക ¾, രോഹിണി, മകയിരം ½)

കണ്ടകശനി കാലമായിരുന്നു നിങ്ങൾക്ക് ഉണ്ടായിരുന്നത്. അതിൽനിന്നും ഒരു മാറ്റം ഇപ്പോൾ ഉണ്ടാകും. ഈ കണ്ടകശനി നിങ്ങളെ ഏറ്റവും അധികം ബാധിച്ചിരുന്നത് സാമ്പത്തികമായ ചെലവുകൾ ആയിരുന്നു. അപ്രതീക്ഷിതമായ നഷ്ടങ്ങളും നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാകാം. ഇപ്പോൾ അഷ്ടമ ഭാവത്തിലേക്കാണ് ശനി വന്നിട്ടുള്ളത്. അത് ആയുസ്സിന് ദോഷമുണ്ടാക്കും എന്ന ചിന്തകൾ ഒരു വിഭാഗം പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ അഷ്ടമശനി ആയുസിന് അഭിവൃദ്ധികരമാണ് എന്നാണ് മിക്ക ഗ്രന്ഥങ്ങളിലും പറയുന്നത്. മുൻപുണ്ടായിരുന്ന മനസമാധാനകുറവ് പരിഹരിക്കാൻ ഈ ശനിമാറ്റം മൂലം നിങ്ങൾക്ക് കഴിയും. രോഗാവസ്ഥകളിൽ നിന്നും അൽപം മാറ്റം ഉണ്ടാകുന്നതും ഈ കാലയളവിൽ തന്നെ ആയിരിക്കും.

മിഥുനം

(മകയിരം ½, തിരുവാതിര, പുണർതം ¾)

നിങ്ങൾക്ക് കണ്ടകശനിയുടെ ആരംഭകാലമാണ്. ഏറ്റവും കൂടുതൽ ബാധിക്കുന്നത് പല കാര്യങ്ങളും അടുത്തുവരെ വന്ന് മാറിപ്പോകുന്നു എന്നതിലാണ്. എഴുത്തു പരീക്ഷകൾക്കോ മറ്റോ തയ്യാറെടുക്കുന്നവർ കുറച്ചു കൂടി കഠിനമായ പരിശ്രമങ്ങൾ നടത്താൻ നോക്കണം. കൂട്ടുചേർന്നുള്ള വ്യവസായങ്ങൾ നടത്തുന്ന ആളുകൾക്കും അത്ര ഗുണകരമായ സമയമല്ല. പുതിയ നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ ആ മേഖലയിൽ മുൻപ് പ്രാവീണ്യം തെളിയിച്ചിട്ടുള്ളവരുമായി ഒന്ന് ആശയവിനിമയം നടത്തി ചിലത് ഉൾക്കൊണ്ട് നടപ്പാക്കാൻ ശ്രമിക്കുക. ശാരീരികമായ അൽപം അസ്വസ്ഥതകൾ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. ചെറിയ തോതിൽ അസുഖം എന്ന് തോന്നുമ്പോൾ മതിയായ ചികിത്സ തേടാൻ ശ്രമിക്കുക.

കർക്കടകം

(പുണർതം ¼, പൂയം, ആയില്യം)

അഞ്ചാം ഭാവത്തില്‍ നിന്നും ആറിലേക്കാണ് ശനി മാറുന്നത്. തടസ്സപ്പെട്ടു കിടന്നിരുന്ന പദ്ധതികൾ പൂർത്തിയാക്കാൻ സാധിക്കും. നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. ആരോഗ്യസ്ഥിതി അൽപം വഷളാകുന്നതിന് സാധ്യത കാണുന്നുണ്ട്. ആരുമായും കലഹങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. സന്താനങ്ങളെക്കൊണ്ട് മനസിന് സന്തോഷം ഉളവാക്കുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. കുടുംബപരമായി നിലനിന്നിരുന്ന തർക്കങ്ങൾ ഒട്ടൊക്കെ പരിഹരിക്കുന്നതിന് സാധിക്കും. സാമ്പത്തികമായ അച്ചടക്കം പുലർത്താൻ പരിശ്രമിക്കുക.

ചിങ്ങം

(മകം, പൂരം, ഉത്രം ¼)

കണ്ടകശനി മാറുകയാണ്. ശനിയുടെ മാറ്റം കൊണ്ട് ഏറ്റവും പ്രയോജനം ലഭിക്കുന്ന രാശികളിൽ ഒന്നാണ് ചിങ്ങം. വളരെ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന കാലമായിരുന്നു കടന്നു പോയത്. വിവാഹജീവിതത്തിലും മറ്റും അസ്വസ്ഥമായ ചില പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ആ മാനസിക ആശങ്കയ്ക്ക് ഒരു പരിഹാരം ഉണ്ടാകും. സ്വന്തം കാലിൽ നിൽക്കുവാനുള്ള പരിശ്രമങ്ങൾ ചെയ്യണം. എല്ലാത്തിനെയും ഭീതിയോടെയും സംശയത്തോടെയും കാണുന്ന ചിന്താഗതി ഉണ്ടെങ്കിൽ മാറ്റാൻ ശ്രമിക്കണം. ജോലിയില്ലാതെ വിഷമിച്ചിരുന്നവർക്ക് സന്തോഷകരമായ ഫലങ്ങൾ ഈ കാലയളവിൽ ലഭിക്കും.

കന്നി

(ഉത്രം ¾, അത്തം, ചിത്തിര ½)

കണ്ടകശനി ആരംഭിക്കുന്നു എന്നതാണ് കന്നിക്കൂറുകാരുടെ പ്രത്യേകത. വാഹനം ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്താൻ ശ്രമിക്കുക. ഏർപ്പെടുന്ന കാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങൾ പ്രതീക്ഷിക്കാം. മറ്റുള്ളവരുടെ പ്രയോജനത്തിനായി ചെയ്യുന്ന കാര്യങ്ങൾ അപവാദത്തിന് കാരണമായി തീരാം. പൂർവ്വികരാൽ സമ്പാദിക്കപ്പെട്ട വസ്തുവകകളുടെ പേരിൽ തർക്കങ്ങൾ ഉണ്ടാകുന്നതിനും സാധ്യത കാണുന്നുണ്ട്. കുടുംബജീവിതത്തിൽ തെറ്റിദ്ധാരണയുടെ പേരിൽ അൽപം പ്രശ്നങ്ങൾക്കും സാധ്യതയുണ്ടാകാം.

തുലാം

(ചിത്തിര ½, ചോതി, വിശാഖം ¾)

ഏഴരവർഷമായി ഉണ്ടായിരുന്ന ശനിയുടെ മോശം അവസ്ഥകൾ ഒന്ന് മാറിക്കിട്ടുകയാണ്. ജോലി സംബന്ധമായ പ്രയോജനങ്ങൾ ഉണ്ടാകുന്നതിന് ഏറ്റവും അനുകൂലമായ കാലമാണ്. ഗൃഹനിർമ്മാണമൊക്കെ പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നവർക്ക് അത് പൂർത്തിയാക്കുന്നതിന് സാധിക്കും. സാമ്പത്തികമായി അപ്രതീക്ഷിത ചെലവുകൾ പ്രതീക്ഷിക്കാം. വിദേശത്ത് പോകുവാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സാധ്യതകൾ വന്നുചേരും. ആരോഗ്യപരമായി ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ ഒട്ടൊക്കെ മാറിക്കിട്ടും. രാഷ്ട്രീയ പൊതുരംഗത്ത് ഉള്ളവർക്ക് പ്രയോജനകരമായ നേട്ടങ്ങൾ ഉണ്ടാകും.

വൃശ്ചികം

(വിശാഖം ¼, അനിഴം, കേട്ട)

ശനിമാറ്റം ഏറ്റവും പ്രയോജനം ചെയ്യുന്ന രാശികളിൽ ഒന്നാണ് വൃശ്ചികം. ജന്മത്തിൽ നിന്നും ശനി മാറുകയാണ്. സാമ്പത്തികമായി നിലനിന്നിരുന്ന വലിയ പ്രതിസന്ധികൾ ഒരു പരിധി വരെ തരണം ചെയ്യുന്നതിന് നിങ്ങൾക്ക് സാധിക്കും. ജോലിയൊക്കെ നഷ്ടപ്പെട്ട് പ്രതിസന്ധിയിൽ ആയിരുന്ന ആളുകൾക്കും ആശ്വാസം ലഭിക്കുന്നതാണ് ഈ ശനി മാറ്റത്തിലൂടെ. മറ്റുള്ളവർക്ക് വേണ്ടി ജാമ്യം നിൽക്കുന്നതു പോലെയുള്ള കാര്യങ്ങളിൽ നിന്നും അകന്ന് നിൽക്കാൻ ശ്രമിക്കുക. ഒരു പ്രവർത്തനവും പാതിവഴിയിൽ ഉപേക്ഷിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ബിസിനസ് സംബന്ധമായി അൽപം കഷ്ടങ്ങൾ ഉണ്ടാകും.

ധനു

(മൂലം, പൂരാടം, ഉത്രാടം ¼)

ഏഴരശനിയിലെ അൽപം മോശമായ ജന്മശനി എന്ന കാലം ആരംഭിക്കുകയാണ്. ഏതു പ്രവൃത്തി ആരംഭിക്കുമ്പോഴും അൽപം മുൻകരുതൽ എടുക്കുന്നത് നല്ലതാണ്. കുടുംബജീവിതത്തിലെ താളപ്പിഴകൾ പാരമ്യത്തിൽ എത്തിച്ചേരും. ജോലി സംബന്ധമായ ശ്രദ്ധക്കുറവുകൾ മൂലം ചില നഷ്ടങ്ങളും പ്രതീക്ഷിക്കാം. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുവാൻ ശ്രമിക്കുക. തമാശിന് എന്ന് കരുതി പറയുന്ന കാര്യങ്ങൾ പോലും ഗൗരവതരമായി മാറാനും സാധ്യത ഉണ്ടാകും. സഹോദരങ്ങളുമായി വഴക്കുകൾ ഉണ്ടാകാതെ നോക്കുക. അപ്രതീക്ഷിതമായ ചില സഹായങ്ങൾ പ്രതീക്ഷിക്കാം.

മകരം

(ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ഏഴരശനി ആരംഭിക്കുന്നു എന്നതാണ് പ്രത്യേകത. ആരംഭകാലത്ത് ശനി അത്ര ദോഷം ചെയ്യുന്നതിന് ഇടയില്ല. എന്നിരുന്നാലും വാഹന ഉപയോഗം അൽപം ശ്രദ്ധിക്കുക. സഹപ്രവർത്തകരുമായി നല്ല ബന്ധം സ്ഥാപിച്ച് മുന്നോട്ട് പോകാനും ശ്രമിക്കുന്നത് നല്ലതാണ്. വിവാഹം നടക്കാതെ വിഷമിച്ചിരുന്നവർക്ക് സന്തോഷകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. അപവാദ ശ്രവണം നിമിത്തം മാനസികവ്യഥ അനുഭവിച്ചിരുന്നവർക്ക് ആശ്വാസ്യകരമായ കാര്യങ്ങള്‍ ഉണ്ടാകും. കട ബാധ്യതകൾ ഒട്ടൊക്കെ പരിഹരിക്കുന്നതിന് സാധിക്കും.

കുംഭം

(അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കണ്ടകശനി മാറുകയാണ്. എന്നിരുന്നാലും വ്യാഴം പ്രതികൂലമായതിനാൽ അൽപം ശ്രദ്ധ പുലർത്തണം. കേസുകളിൽ നിന്നും മറ്റും മോചനം ഉണ്ടാക്കുന്നതിന് സാധിക്കും. വലിയ ചില ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ട സ്ഥിതി പ്രതീക്ഷിക്കാം. വാഹന ഉപയോഗം അൽപം ശ്രദ്ധിക്കുകയോ, കുറയ്ക്കുകയോ ചെയ്യുന്നത് ഗുണകരമാണ്. പെട്ടെന്ന് അടുത്തുകൂടി സൗഹൃദം സ്ഥാപിക്കാൻ എത്തുന്നവരെ കരുതലോടെ ശ്രദ്ധിക്കുക. വെറുതെ ആശങ്കകൾ ഉണ്ടാകുന്നത് വഴി ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. സന്താനങ്ങളെക്കൊണ്ട് മനസിന് വേദന ഉളവാക്കുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം.

മീനം

(പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

കണ്ടകശനി ആരംഭിക്കുകയാണ്. ആരോഗ്യപരമായ കാര്യങ്ങളിൽ അൽപം ശ്രദ്ധ പുലർത്താൻ നോക്കുക. ത്വക് സംബന്ധമായ രോഗങ്ങൾ ബാധിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. പ്രശസ്തിക്ക് അൽപം മങ്ങൽ ഏൽക്കും. ഏർപ്പെട്ടിരുന്ന പ്രവൃത്തി നഷ്ടപ്പെടുന്നതിനുള്ള സാധ്യതയും ഉണ്ടാകും. അടുത്ത ബന്ധുജനങ്ങളുടെ ആകസ്മിക വിയോഗത്താൽ മനസ്വസ്ഥത കുറയും. പ്രകൃതിക്ഷോഭത്താൽ നാശനഷ്ടത്തിനും സാധ്യതയുണ്ട്. വാഹനം ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.