Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്ത രണ്ടാഴ്ച നിങ്ങൾക്കെങ്ങനെ ?

astro-prediction

2016 ഫെബ്രുവരി 1 മുതൽ 14 വരെ (1191 മകരം 18 മുതൽ കുംഭം ഒന്നു വരെ)

മേടക്കൂറ് (അശ്വതി, ഭരണി‌, കാർത്തിക 15 നാഴിക)

ശാസ്ത്രീയ വശം ശരിയായിരിക്കാമെങ്കിലും പ്രായോഗിക വശം ചിന്തിക്കാതെ പ്രവർത്തിച്ചാൽ പദ്ധതി ആസൂത്രണങ്ങളിൽ പ്രതീക്ഷിച്ച ഫല‌മുണ്ടാവുകയില്ല. ആരാധനാലയത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്യാനിടവരും. കക്ഷി രാഷ്ട്രീയ പ്രവർത്തകരുടെ പിൻബലത്താൽ പുതിയ കരാർ ജോലികൾ ലഭിക്കും. സഹകരണ പ്രസ്ഥാനങ്ങൾക്ക് സാരഥ്യം വഹിക്കും. പണം മുടക്കാതെ, ഉപദേ‌ശങ്ങളും നിർദേശങ്ങളും നൽകുന്ന സ്ഥാപനത്തിനു തുടക്കം കുറിക്കും. ഔദ്യോഗികമായി സ്ഥാനക്കയറ്റം ലഭിക്കാൻ നിയമസഹായം തേടും. ഭർത്താവിന്റെ തൊഴിൽ മേഖലകളിലുളള അനിഷ്ടങ്ങൾ നീങ്ങാൻ പ്രത്യേക ഈശ്വരപ്രാർഥനകളും പ്രതിവിധികളും ചെയ്യും.

എടവക്കൂറ് (കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക)

ദാമ്പത്യ സൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും മനസന്തോഷവും ഉണ്ടാകും. ഗർഭം ധരിക്കുന്നതിനുളള സാഹചര്യം വന്നു ചേരും. മാർഗ തടസങ്ങൾ നീങ്ങി ഉദ്ദിഷ്ട കാര്യങ്ങൾ സാധിക്കുന്നതിനുളള സാഹചര്യമുണ്ടാകും. ശത്രുതയിലിരിക്കുന്ന ബന്ധുക്കൾ മിത്രങ്ങളായിത്തീരും. രോഗവിമുക്തി വരുമെന്നറിഞ്ഞതിനാൽ ആശ്വാസമുണ്ടാകും. പകർച്ച വ്യാധികൾ പിടിപെടാതെ സൂക്ഷിക്കണം. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാനിടവരും. അഭിമാനാർഹമായ പുത്രന്റെ പ്രവർത്തനങ്ങളിൽ മനസ്സന്തോഷം തോന്നും. അവധിയെടുത്ത് ഉപരിപഠനത്തിന് വിദേശയാത്ര പുറപ്പെടും. പദ്ധതി ആസൂത്രണങ്ങളിൽ വിജയിക്കും.

മിഥുനക്കൂറ് (മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക)

വർഷങ്ങൾക്കു മുമ്പു വാങ്ങിയ ഭൂമിയിൽ ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കും. സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും സാമ്പത്തിക നേട്ടവും വർധിക്കുന്ന ഉദ്യോഗത്തിന് നിയമ‌നാനുമതി ലഭിക്കും. മകളുടെ വിവാഹ ശ്രമത്തിന്റെ ഭാഗമായി ദൂരദേശയാത്ര പുറപ്പെടും. കുടുംബസമേതം ബന്ധുഗൃഹത്തിൽ വിരുന്നു പോകും. പൊതു പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യം ആവശ്യമായി വരും. ലാഭവിഹിത വ്യവസ്ഥയിലുളള വ്യാപാരങ്ങൾക്കു തുടക്കം കുറിക്കും. ദന്തരോഗപീഡകൾ വർധിക്കും. വിട്ടുവീഴ്ചാമനോഭാവത്താൽ ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും സ്വസ്ഥതയും ഉണ്ടാകും.

കർക്കടകക്കൂറ് (പുണർതം 15 നാഴിക, പൂയം, ആയില്യം)

മാസത്തിലൊരിക്കൽ ഗൃഹത്തിൽ വന്നു പോകാൻ തക്കവണ്ണം ദൂരത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ആധ്യാത്മിക, ആത്മീയ പ്രഭാഷണങ്ങൾ കേൾക്കുവാനിടവന്നതിനാൽ ആശ്വാസമുണ്ടാകും. സഹപ്രവർത്തകരുടെ നിസ്സഹകരണത്താൽ കൂടുതൽ സമയം പ്രവർത്തിക്കുവാൻ നിർബന്ധിതനാകും. വ്യാപാര വ്യവസായ മേഖലകളിൽ നിന്നും സാമ്പത്തിക ലാഭം വർധിക്കും. മനസ്സാന്നിധ്യം കൈവിടാതെ ഈശ്വര ആരാധനകളോടെ പ്രവർത്തിച്ചാൽ ഉദ്ദിഷ്ട കാര്യം വിജയിക്കും. അപവാദാരോപണങ്ങളിൽ നിന്നും കുറ്റ വിമുക്തനായാതിനാൽ മനസ്സമാധാനമുണ്ടാകും. അനുവദിച്ച സംഖ്യ ലഭിക്കാൻ കക്ഷി രാഷ്ട്രീയക്കാരുടെ സഹായം തേടും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 15 നാഴിക)

ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. കുടുംബത്തിലെ അഭിപ്രായ വ്യത്യാസം രമ്യമായി പരിഹരിക്കുവാൻ സാധിക്കും. വ്യാപാ‌ര വ്യവസായ മേഖലകളിൽ പുതിയ ആശയം പ്രാവർത്തികമാക്കുവാൻ വിദഗ്ധോപദേശം തേടും. ശത്രുതാ മനോഭാവത്തിലായിരുന്ന പലരും അവരുടെ സ്വാർഥ താല്പര്യത്തിനായി മിത്രങ്ങളായിത്തീരും. സമാനചിന്താഗതിയിലുളളവരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാനുളള അവസരം വന്നു ചേരും. പുതിയ വീട് വാങ്ങാൻ സാധ്യതയുണ്ട്. പുത്രപൗത്രാദികളോടൊപ്പം താമസിക്കാൻ അന്യസംസ്ഥാന യാത്ര പുറപ്പെടും. കാര്യവിജയത്തിനായി സുഹൃത് സഹായം തേടും. വാഹനം മാറ്റി വാങ്ങുവാൻ തീരുമാനിക്കും.

കന്നിക്കൂറ് (ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)

സാമ്പത്തിക പരാധീനതകൾക്കു ശാശ്വത പരിഹാരമായി ഭൂമി വില്പന സാധ്യമാകും. വാഗ്ദാനങ്ങൾ പ്രാവർത്തികമാക്കുവാൻ സാധിക്കാത്തതിനാൽ സമൂഹത്തിൽ പിന്തളളപ്പെടും. സഹപ്രവർത്തകന് അപകടം സംഭവിച്ചതിനാൽ സാമ്പത്തിക സഹായം നൽകാനിടവരും. കാര്യങ്ങൾ വസ്തു നിഷ്ഠമായി പഠിച്ച് പൊതുജനാവശ്യം മനസ്സിലാക്കി പ്രവർത്തിക്കും. വ്യവസായ സ്ഥാപനത്തിന് അനുദിനം സാമ്പത്തിക പുരോഗതി കൈവരും. അസൂയാലുക്കളുടെ കുപ്രചരണം ഉണ്ടാകുമെങ്കിലും യുക്തിപൂർവം ആത്മാർഥമായി പ്രവർത്തിച്ചാൽ എല്ലാ ദോഷങ്ങളും തരണം ചെയ്യും. മേലധികാരിയുടെ കാര്യങ്ങൾക്കായി ദൂരദേശ യാത്ര ആവശ്യമായി വരും. പുതിയ കരാർ ജോലിയിൽ ഒപ്പു വയ്ക്കും.

തുലാക്കൂറ് (ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)

വ്യക്തിപരമായി പണം മുടക്കിയുളള പ്രവൃത്തികളിൽ നിന്നും ഒരു വർഷം ഒഴിഞ്ഞുമാറുകയാണ് നല്ലത്. അധികൃതരുടെ പ്രീതി സമ്പാദിക്കുന്നതു വഴി സ്ഥാനക്കയറ്റം ലഭിക്കും. ആത്മനിയന്ത്രണം കുറവുളള പുത്രിയുടെ സംരക്ഷണത്തിൽ നിർബന്ധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വിമർശനങ്ങൾക്കു പാത്രമാകുമെങ്കിലും ആത്മവിശ്വാസത്തോടുകൂടി പ്രവർത്തിച്ചാൽ അതിജീവിക്കുവാൻ സാധിക്കും. ഭർത്താവിന്റെ തൊഴിൽ പരമായ അനിഷ്ടങ്ങൾ നീങ്ങുവാൻ പ്രത്യേക ഈശ്വരപ്രാർഥനകളും വഴിപാടുകളും നടത്തും. സാമ്പത്തിക ചുമതലയും യാത്രാക്ലേശവും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.

വൃശ്ചികക്കൂറ് (വിശാഖം 15, നാഴിക, അനിഴം, തൃക്കേട്ട)

അവഗണിക്കപ്പെട്ട അവസ്ഥകൾ ഒഴിഞ്ഞുമാറി ആവശ്യങ്ങൾ പരിഗണിക്കപ്പെടുമെന്നതിനാൽ ആശ്വാസമുണ്ടാകും. അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കാൻ അനുകൂലമായ സാഹചര്യമുണ്ടാകും. മുടങ്ങിക്കിടക്കുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങൾ പുനരാരംഭിക്കാനുളള അവസരം വന്നു ചേരും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ സജീവ സാന്നിധ്യം വേണ്ടി വരും. വിദേശത്ത് ഉദ്യോഗമുളള ഭർത്താവ് അവധിയെടുത്ത് വരുന്നുണ്ടെന്നറിഞ്ഞതിനാൽ ആശ്വാസമാകും. സുഹൃത് നിർദേശത്താൽ ലാഭോദ്ദേശ്യം മനസ്സിൽ കരുതി ഭൂമി വാങ്ങുവാനിടവരും. ശാസ്ത്രപരീക്ഷണങ്ങളിൽ വിജയം കൈവരിക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)

നിയന്ത്രണങ്ങൾക്കു വിധേയമായി ഉപരിപഠനത്തിനു ചേരുവാൻ ഇടവരും. അനാവശ്യ ചിന്തകളാൽ ആധി വർധിക്കുന്നതിനും ഉറക്കമില്ലായ്മയ്ക്കും യോഗമുണ്ട്. വിശാല മന:സ്ഥിതിയുളളവരുമായുളള ആത്മബന്ധം സങ്കുചിത മനോഭാവം ഉപേക്ഷിക്കു വാൻ ഉപകരിക്കും. പുത്രന്റെ വിദ്യാരംഭ ചടങ്ങിൽ പങ്കെടുക്കാനിടവരും. തൊഴിൽ രംഗങ്ങളിലുളള അനിഷ്ടാവസ്ഥകൾ പരിഗണിക്കുവാൻ പുരോഹിതൻ നിർദേശിക്കുന്ന പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തും. എതിർപ്പുകൾ മൂലം ഉദ്യോഗം ഉപേക്ഷിക്കാൻ തീരുമാനിച്ച്, രാജിക്കത്തു നൽകും. ജീവിത പങ്കാളിയുടെ ആശ്വാസ വചനങ്ങൾ ആത്മധൈര്യമുണ്ടാക്കും. ഉദ്യോഗമന്വേഷിച്ചുളള വിദേശയാത്ര വിഫലമാകും.

മകരക്കൂറ് (ഉത്രാടം 45 നാഴിക, തിരുവോണം അവിട്ടം 30 നാഴിക)

സാഹചര്യങ്ങൾ വിപരീതമായതിനാൽ നിശ്ചയിച്ച വിവാഹത്തിൽ നിന്നു പിന്മാറും. അസാധാരണ വ്യക്തിത്വമുളളവരുമായി ആത്മബന്ധത്തിനു അവസരമുണ്ടാകും. കാര്യകാരണ സഹിതം സമർപ്പിച്ച അപേക്ഷകൾക്ക് അനുകൂല പ്രതികരണങ്ങൾ ഉണ്ടാകും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കാൻ സാധിച്ചതിനാൽ ആശ്ചര്യമുണ്ടാകും. ബന്ധുവിന്റെ ആകസ്മികമായ വിയോഗം പൂർവകാല സ്മരണകൾക്കു വഴിയൊരുക്കും. അസാധ്യമെന്നു തോന്നുന്ന പലതും നിഷ്പ്രയാസം സാധിക്കും. സുതാര്യക്കുറവിനാൽ കൂട്ടു കച്ചവടത്തിൽ നിന്നു പിന്മാറും.

കുംഭക്കൂറ് (അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക)

ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ നിർബന്ധിതനാകും. വ്യക്തമായ നിർദേശവും ഉപദേശവും ലഭിച്ചതിനാൽ നിലവിലുളളതിനോടനുബന്ധമായ വ്യാപാര സ്ഥാപനം തുടങ്ങുവാൻ തീരുമാനിക്കും. പുത്രന് ഉപരിപഠനത്തിനു വിദേശത്ത് പ്രവേശനം ലഭിച്ചതിനാൽ മനസ്സന്തോഷമാകും. ഗുരുസ്ഥാനീയരെ ആദരിക്കാനുളള അവസരമുണ്ടാകും. ആഭരണം മാറ്റി വാങ്ങുവാനിടവരും. ആഗ്രഹ നിവൃത്തിക്ക് സുഹൃത് സഹായം തേടും. ഹ്രസ്വകാലാവധിക്ക് ഭർത്താവ് വരുന്നുണ്ടെന്നറിഞ്ഞതിനാൽ ആശ്വാസമാകും. അനാവശ്യമായ മനസ്സിന്റെ ആധി നിയന്ത്രിക്കണം.

മീനക്കൂറ് (പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)

ഇനി ഒരു വർഷം പ്രായേണ ഗുണപ്രദവും ശൂന്യവുമായ കാലമാണെന്നറിഞ്ഞതിനാൽ ആശ്വാസമാകും. വാഹനം മാറ്റി വാങ്ങുവാനുളള തീരുമാനം മാറ്റി വയ്ക്കുകയാണു നല്ലത്. മാതാവിന് അസുഖം വർധിക്കുന്നതിനാൽ ആശുപത്രി വാസം വേണ്ടിവരും. ബന്ധുക്കളുടെ സമീപനത്താൽ അതൃപ്തി തോന്നുമെങ്കിലും നിസ്സംഗമനോഭാവം സ്വീകരിക്കുകയാണ് ഭാവിയിലേക്ക് നല്ലത്. ഭർത്താവിനോടൊപ്പം താമസിക്കാനുളള അനുമതി ലഭിച്ചതിനാൽ വിദേശയാത്ര പുറപ്പെടും. സാംക്രമിക രോഗങ്ങൾ പിടിപെടാതെ സൂക്ഷിക്കണം. നിലവിലുളള ഗൃഹത്തിനു പുറമെ ഭാവിയിൽ ആവശ്യം വരുമെന്ന പ്രതീക്ഷയിൽ പട്ടണത്തിൽ ഗൃഹം വാങ്ങാൻ തീരുമാനിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.