Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവാതിര നക്ഷത്രക്കാരുടെ സ്വഭാവം

ജ്യോതിഷം

ആർദ്രയാം മടനശ്ച ചപലോ അധികബലഃ

ക്ഷുദ്രക്രിയാ ശീലവാൻ

ആർദ്ര എന്ന സംസ്കൃത പദം മലയാളത്തിൽ വന്നപ്പോൾ ആതിരയാകുകയും ബഹുമാനസൂചകമായി തിരുകൂടിച്ചേർത്ത് തിരു ആതിരയായി മാറി. ഇരുപത്തിയെഴ് നക്ഷത്രങ്ങളിൽ  ആറാമത്തെ നക്ഷത്രമാണ്. ഭഗവാൻ ശിവന്റെ നക്ഷത്രമെന്നു പ്രസിദ്ധം.  രാശി ചക്രത്തിൽ അറുപത്തിയാറ് ഡിഗ്ര് നാൽപത് മിനിറ്റ് മുതൽ എൺപത് ഡിഗ്രിവരെയും മിഥുനരാശിയിൽ 66.40 മുതൽ ഇരുപതുഡിഗ്രിവരെയും  വ്യാപിച്ചു കിടക്കുന്നു. ഗണം-മാനുഷം, നക്ഷത്രം-സ്ത്രീ, മൃഗം-ശ്വാവ്, വൃക്ഷം – കരിമരം, പക്ഷി–ചെമ്പോത്ത്, ഭൂതം– ജലം സംഹാരനക്ഷത്രമാണ്. ഊൺ നാളല്ലാത്തതിനാൽ മംഗളകാര്യങ്ങൾക്കൊന്നും കൊളളുന്നില്ല. വിദ്യാരംഭത്തിനു കൊള്ളാം. യുദ്ധം, ബന്ധനം, വിഷക്രിയകൾ, അഗ്നിക്രിയകൾ, ഉച്ചാടാദികർമ്മം ഇവയ്ക്കു നല്ലതാണ്. മുത്യുനക്ഷത്രം, മൈത്ര നക്ഷത്രം, ഊർദ്ധമുഖം ചതുഷ്പാദ നക്ഷത്രം.

ധനുമാസത്തിലെ തിരുവാതിര ശിവക്ഷേത്രത്തിൽ പ്രധാനം. കാമദേവൻ ശിവന്റെ ദൃഷ്ടിയാൽ ദഹിച്ചപ്പോൾ വിലപിച്ച രതീദേവിക്ക് ഭർത്തൃ സമാഗമം ലഭിക്കാനുളള വരം പാർവ്വതി ദേവി നൽകിയത് ഈ ദിനത്തിലാണെന്ന് കരുതപ്പെടുന്നു. പണ്ട് അമ്പാടിയിൽ ഗോപസ്ത്രീകൾ ബാലഗോപാലനെ ഭർത്താവായി ലഭിക്കുവാൻ  കാർത്ത്യായനി  പൂജ നടത്തിയതും ഇതേ ദിനത്തിലാണ്. കേരളത്തിലെ സ്ത്രീകൾ നല്ല കുടുംബജീവിതം ലഭിക്കുന്നതിനും ഭർത്താവിന്റെ ആയുസ്സിനുമായി തിരുവാതിരവ്രതം ആചരിക്കുകയും പാതിരാപ്പൂ ചൂടുകയും ശിവക്ഷേത്രദർശനം നടത്തുകയും ചെയ്യാറുണ്ട്. 

ഈ നക്ഷത്ര ജാതർ അനവധി വിഷയങ്ങളിൽ പരി‍ജ്ഞാനമുളളവരും ധനസമ്പാദനത്തിൽ അതീവ ശ്രദ്ധാലുക്കളുമാണ്. ഇവർ പൊതുവേ പരസ്യമായി സംസാരിക്കുന്നവരും സഹൃദയരുമാണ്. ഏതു കാര്യത്തിനും യുക്തിയുക്തമായി വാദിക്കുകയും എല്ലാ ആളുകളുമായി ഇടപഴകി ജീവിക്കുന്നവരുമാണ്. ബുധന്റെ രാശ്യാധിപത്യമാണ് ഇതിനു കാരണം. ദുർവാശിയും ദുരഭിമാനവും കൂടുതലുളളതിനാൽ അർഹിക്കുന്ന സ്ഥാനമാനങ്ങൾ ഇവർക്കു ലഭിക്കുകയില്ല.  ഒന്നിലും സ്ഥിരതയില്ലായ്മ ബുധന്റെ സ്വഭാവമാണ്. ഈ രാശിയിൽ ജനിച്ചവർ ചഞ്ചല ചിത്തരും സഹനശക്തി കുറവുളളവരും ആയിരിക്കും. തന്റെ ആശയങ്ങളോട് മറ്റുളളവർ യോജിക്കുന്നില്ല എന്നു കണ്ടാൽ ഇവർ വിരോധം പ്രകടിപ്പിക്കും. ജീവിതവും പെരുമാറ്റവും മാറി മറിഞ്ഞുകൊണ്ടേയിരിക്കും. ഇവരുടെ ജീവിതത്തിൽ ഭാഗ്യാ നുഭവങ്ങ കുറവായിരിക്കും. ഭാഗ്യാധിപനായ ശനിയുടെ അഷ്ടമാധിപത്യമാണ് ഇതിനു കാരണം. ശനിയുടെ അഷ്ടമാധിപത്യം ആയുസിനു ഗുണകരമാണ്. മറ്റുളളവരുടെ കീഴിൽ ജോലി ചെയ്യാൻ ഇവർ ഇഷ്ടപ്പെടുന്നില്ല. ബുധന്റെ രാശിയിലെ ജനനമാകയാൽ ബുദ്ധിയുളളവരായിരിക്കും. കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കാനുളള കഴിവ്  ഉണ്ടായിരിക്കും. ഏതു കാര്യത്തിലും രണ്ട് അഭിപ്രായം പ്രകടിപ്പിക്കും. അഭിപ്രായമാറ്റം മൂലം ഒരു കാര്യവും തീർത്ത് പറയുകയില്ല. രാഹുവിന്റെ നക്ഷത്രാധിപത്യം മൂലം വാക്കുകൾ മൂർച്ചയുളളതായിരിക്കും. ‍ജാതകത്തിൽ ബുധനും മറ്റുഗ്രഹങ്ങൾക്കും ബലമില്ലെങ്കിൽ കൃത്രിമരേഖകൾ ഉണ്ടാക്കുകയും പറയുകയും സ്വന്തം കഴിവുകൾ ദുരുപയോഗവും ചെയ്യും. മാതാപിതാക്കളേക്കാൾ ഭാര്യയോടാവും പ്രതിപത്തി. മാതാവും ഭാര്യയുമായി ചേർച്ച കുറവായിരിക്കും. 

തിരുവാതിര നക്ഷത്രജാതനെ മനസ്സിലാക്കാൻ സാധിക്കാത്ത ഭാര്യയാണെങ്കിൽ വിവാഹജീവിതം നരകതുല്യമായിരിക്കും. ജാതകത്തിൽ ശുക്രനും ചന്ദ്രനും ബല ക്ഷയം വന്നാൽ അന്യബന്ധങ്ങളിൽ ചെന്നു പെടും. പ്രത്യേകിച്ചും ശുക്രന് ബലഹാനി വന്നാൽ വളഞ്ഞ മാർഗ്ഗങ്ങൾ ഇതിനായി ഇവർ ഉപയോഗിക്കും. ഈ നക്ഷത്രജാതർക്ക് ബുദ്ധിയും വാചാലതയും ഉളളതിനാൽ വാദപ്രതിവാദങ്ങളിൽ തക്ക മറുപടി നൽകും.  പ്രശംസ ഇഷ്ടപ്പെടുന്ന ഇവർ തന്റെ കഴിവുകൾ മറ്റുളളവരുടെ മുന്നിൽ അവതരിപ്പിക്കുന്നതിലും തല്പരരായിരിക്കും. കഴിവുണ്ടെങ്കിലും അശ്രദ്ധ കൂടുതലുളള ഇവരെ അന്യർ ചൂഷണം ചെയ്യും. തന്നെ എതിർക്കുന്നവരോട് ശത്രുതാമനോഭാവം വച്ചു പുലർത്തും. തരംകിട്ടുമ്പോൾ പകരം വീട്ടുകയും ചെയ്യും. തനിയ്ക്കറിയാവുന്ന കാര്യങ്ങൾ മറ്റുളളവരെ പറഞ്ഞു മനസ്സിലാക്കാനുളള കഴിവ് ഇവർക്കുണ്ട്. നക്ഷ്രത്രാധിപനായ രാഹുവിന് ഇഷ്ടസ്ഥിതിയെങ്കിൽ എതിർപ്പുകളെ അതിജീവിക്കുവാനുളള തന്റേടവും മനോധൈര്യവും പ്രകടിപ്പിക്കും.

ഈ നക്ഷത്രക്കാർക്ക് ബാല്യകാലത്ത് തുടർച്ചയായി രോഗപീഡകളുണ്ടാവാൻ ഇടയുണ്ട്. 10 മുതൽ 26 വരെയുളള കാലം പൊതുവേ നന്നായിരിക്കും. മെച്ചമായ വിദ്യാഭ്യാസം തൊഴിൽ ഇവയ്ക്കു സാദ്ധ്യതയുണ്ട്. 26 മുതൽ 45 വരെ സ്വജനങ്ങളിൽ നിന്ന് അകന്ന് ബുദ്ധിമുട്ടി കഴിയേണ്ടിവരും. ഇക്കാലത്ത് സാമ്പത്തിക നേട്ടങ്ങളുണ്ടാകുമെങ്കിലും കുടുംബജീവിതത്തിൽ അസ്വസ്ഥതകളുണ്ടാകും. 46 മുതൽ 62 വരെ കാലം ഗുണദോഷസമ്മിശ്രമായിരിക്കും. 63 മുതൽ 70 വയസുവരെയുളള കാലം അപകടങ്ങൾ, മുറിവു ചതവുകൾ, രോഗബാധ തുടങ്ങിയവയുണ്ടാകും. എഴുപതിനുശേഷം ശാന്തവും സന്തോഷപ്രദവുമായ ജീവിതം പ്രതീക്ഷിക്കാം. പക്ഷെ സ്വജനങ്ങളിൽ നിന്ന് അകന്നു കഴിയാനുളള സാഹചര്യം ഉണ്ടാവും. 

തിരുവാതിരയുടെ പ്രതികൂല നക്ഷത്രങ്ങൾ പൂയം– മകം, ഉത്രം, ഉത്രാടം(മകരക്കൂറ്), അവിട്ടം (മകരക്കൂറ്). തിരുവാതിരയുടെ വേധനക്ഷത്രം തിരുവോണം ആകയാൽ ഈ നക്ഷത്രക്കാരുമായോ, നക്ഷത്രത്തിലോ ഉളള ഒരു ഇടപാടും നല്ലതല്ല. തിരുവാതിര നക്ഷത്രക്കാർ അനുഷ്ഠിക്കേണ്ടുന്ന കർമ്മങ്ങൾ നക്ഷത്രദേവനായ ശിവനെ ഭജിക്കുകയും ഒാം രുദ്രായ നമഃ എന്നു ജപിക്കുന്നതും ഉത്തമം. ബുധനാഴ്ച ദിവസം ശ്രീകൃഷ്ണക്ഷേത്രദർശനവും ബുധപ്രീതികരമായ കർമ്മങ്ങളും ഗുണം ചെയ്യും. സർപ്പക്ഷേത്ര ദർശനവും സർപ്പപ്രീതികരമായ കർമ്മങ്ങളും ഈ നക്ഷത്രജാതർക്ക് ശ്രേയസുണ്ടാക്കും. 

ലേഖനം തയ്യാറാക്കിയത്

ഗീതകുട്ടി

ലക്ഷ്മീനാരായണ കൊടുങ്ങൂർ

9656132213

sreelakshminarayananastro@gmail.com

Your Rating: