Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവോണം നക്ഷത്രക്കാരുടെ പ്രത്യേകതകൾ

Astrology Stars

ശ്രോണായാം ദ്വിജദേവ ഭക്തനിരതോ രാജ ധനി ധർമ്മവാൻ

തിരുവോണം ഇരുപത്തിയേഴ്  നക്ഷത്രങ്ങളിൽ ഇരുപത്തിരണ്ടാമതു നക്ഷത്രം. ഭഗവാൻ വിഷ്ണുവിന്റെ നാളെന്നു പ്രസിദ്ധം രാശിചക്രത്തിൽ 280 ഡിഗ്രി 293 ഡിഗ്രി 20 മിനിട്ടുവരെ വ്യാപിച്ചുകിടക്കുന്നു. സംസ്കൃതത്തിൽ ശ്രാവണം എന്നറിയപ്പെടുന്നു. ഇത് ഒരു ചരനക്ഷത്രവും, ഊർ‌ദ്ധമുഖവും, സുലോചനവും സമനക്ഷത്രവും ചതുഷ്പാദനക്ഷത്രവും ആകുന്നു.

നക്ഷത്രദേവത വിഷ്ണു. നക്ഷത്രമൃഗം-വാനരൻ, വൃക്ഷം-എരിക്ക്, ഗണം-ദൈവം, യോനി-പുരുഷം, പക്ഷി-കോഴി ഊൺ നാളാകയാൽ എല്ലാ ശുഭകർമ്മങ്ങൾ എടുക്കാറുണ്ട്. വിശേഷിച്ച് പ്രതിഷ്ഠാ, ഗൃഹനിർമ്മാണം, ഉപനയനം, ശാന്തികർമ്മം, പൗഷ്ടിക കർമ്മങ്ങൾ കിഴക്ക് യാത്രയ്ക്ക് വർജ്ജ്യം. വിവാഹത്തിനും കൊള്ളാറില്ല. ഈ നക്ഷത്ര ജാതരുടെ രാശ്യാധിപനായ ശനിയുടെയും നക്ഷത്രാധിപനായ ചന്ദ്രന്റെയും സ്വഭാവ വിശേഷങ്ങൾ ഒന്നിച്ചു കാണാം. കുലീനമായ പെരുമാറ്റവും ദാനശീലവും പരോപകാരതൽപരതയും ഇവരുടെ പ്രത്യേകതയാണ്. നല്ല സംഭാഷണ ചാതുര്യമുള്ള ഇവർക്ക് നല്ലൊരു സുഹൃത്‌വലയം ഉണ്ടായിരിക്കും. എല്ലാവരോടും സ്നേഹമായി പെരുമാറുകയും മറ്റുള്ളവരുടെ ബുദ്ധിമുട്ടിൽ അനുകമ്പതോന്നി കഴിവിൽ കവിഞ്ഞ സഹായങ്ങൾ നൽകാൻ സന്നദ്ധരാകും. അടുത്ത സുഹൃത്തുക്കളുടെ സ്നേഹവിശ്വാസങ്ങൾ നേടിയെടുക്കാൻ ഇവർക്കാവും. അവർ എന്നും സഹായികളായിരിക്കുകയും ചെയ്യും. ജീവിതത്തിൽ പലപ്പോഴും ഉയർച്ചയും താഴ്ചയും മാറി മാറി വരും. ഇവർ വളരെ ഈശ്വരഭക്തരും ആചാരാനുഷ്ഠാനങ്ങളിൽ വിശ്വസിക്കുന്നവരും ആയിരിക്കും. സാമ്പത്തികകാര്യങ്ങളിൽ അച്ചടക്കവും അതിലൂടെ പിശുക്കരെന്നപേരും ഇവർക്കു ലഭിക്കും. ഏതു കഠിനമായ പ്രതിസന്ധിയും അതിജീവിച്ചും ജീവിതത്തിൽ മുന്നേറും. നല്ല വിദ്യാഭ്യാസം നേടാൻ യോഗമുണ്ട്. അതിനു കഴിഞ്ഞില്ലെങ്കിലും ലോകപരിചയവും ജ്ഞാനസമ്പാദനവും പൊതുവിജ്ഞാനത്തിലും മുൻപിൽ നിൽക്കും. പല പ്രവർത്തനങ്ങളും മാറി മാറി ചെയ്തു വിജയിക്കുമെങ്കിലും ചിലതിൽ നല്ല പരാജയം ഉണ്ടാവും. ദുർഘട ഘട്ടത്തിലും സമചിത്തതയോടെ എല്ലാ നേരിടാനും പരിഹരിക്കുവാനും അവർക്കാവും.

ആരെയും ആശ്രയിക്കാൻ ഇവർ ഇഷ്ടപ്പെടുന്നില്ല. ആജ്ഞാശക്തിയും സംഘടനാ പാടവവും ഇവർക്കുണ്ടാവും. കാലത്തെയും വാർധക്യത്തെയും കുറിച്ച് ആശങ്കയുള്ള ഇവർ ജീവിതത്തിന് ഒരു അടിത്തറ വേണമെന്നുള്ള ആഗ്രഹത്തോടെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടും ബാല്യത്തിൽ തന്നെ ഉത്തരവാദിത്വം ഏൽക്കേണ്ടിവരുന്ന ഇവർ അമ്മമാരുടെ നിയന്ത്രണത്തിൽ പക്വമതികളും ആത്മനിയന്ത്രണം ഉള്ളവരുമായിരിക്കും. നല്ല ഭക്ഷണത്തിൽ പ്രിയരായ ഇവർ മറ്റുള്ളവർക്കും നല്ല ഭക്ഷണം നൽകുന്നതിലും സന്തോഷം കണ്ടെത്തും. ചന്ദ്രന്റെ നക്ഷത്രമാകയാൽ ചന്ദ്രന്റെ ഗുണമായ വാത്സല്യം ഇവരിൽ മുന്നിട്ടുനിൽക്കും. കുടുംബജീവിതം പൊതുവേ സന്തോഷകരമായിരിക്കും. സ്നേഹവും വിധേയത്വവുമുള്ള പങ്കാളിയെ ലഭിക്കും. 30 വയസുവരെ ഗുണദോഷ സമ്മിശ്രമായ ജീവിതമായിരിക്കും. ഈ കാലത്ത് വിദ്യാപരമായ ഗുണം, തൊഴിൽഗുണം ഇവ ഉണ്ടാകുമെങ്കിലും യാത്രാക്ലേശം മനഃക്ലേശം സ്വജനങ്ങളിൽ നിന്നും വേറിട്ടു കഴിയേണ്ടിവരുക മുതലായ ക്ലേശങ്ങളുണ്ടാകും. 30 മുതൽ 46 വരെയുള്ള കാലം സൗഭാഗ്യപൂർണമായിരിക്കും. ധനാഭിവൃദ്ധി കുടുംബസുഖം, വീട്, വാഹനം ഇവ അനുഭവത്തിൽ വരും. 46 വയസിനുശേഷം സാമ്പത്തിക നേട്ടങ്ങളുണ്ടാവുമെങ്കിലും ആരോഗ്യക്കുറവുമൂലം ക്ലേശിക്കും. ജീവിതത്തിൽ എല്ലാത്തിനും ഒരു കാലതാമസം ഇവർക്കുണ്ടാകും.

ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് നല്ല ഭർത്താവ് കുടുംബസുഖം, ഐശ്വര്യവും ലഭിക്കും. സന്താനങ്ങളുടെ ഉയർച്ചയിലും വളർച്ചയിലും വലിയ താൽപര്യം ഉള്ളവരായിരിക്കും. ശാസ്ത്രവിഷയങ്ങൾ വൈദ്യശാസ്ത്രം, അധ്യാപകവൃത്തി, അഭിഭാഷകവൃത്തി, പ്രഭാഷകർ എന്നീ മേഖലകളിലും രാഷ്ട്രീയരംഗത്തും ശോഭിക്കാനാവും. തിരുവാതിര വേധ നക്ഷത്രമാണ്. ചതയം, ഉത്തൃട്ടാതി, അശ്വതി, മകം, പൂരം, ഉത്രാടം ആദ്യപാദം പ്രതികൂല നക്ഷത്രങ്ങളാണ്.

രാഹു, ശനി, കേതു ദശാകാലങ്ങൾ വിധിപ്രകാരമുള്ള ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുക. രോഹിണി, അത്തം, തിരുവോണം നക്ഷത്രങ്ങളിൽ ക്ഷേത്രദർശനവും ദേവപൂജകളും നടത്തുക. ജാതകത്തിൽ ചന്ദ്രന് ബലമുണ്ടെങ്കിൽ ദുർഗ്ഗാഭജനവും ബലഹീനനാണെങ്കിൽ ഭദ്രാകാളി ഭജനവും നടത്തുക. ശനിയാഴ്ച ശാസ്താഭജനവും ശനീശ്വര പൂജയും നടത്തുന്നത് ഉത്തമം. പൗർണമിക്ക് ദുർഗാപൂജയും അമാവാസിക്ക് ഭദ്രകാളിപൂജയും നടത്താം.

ഓം വിഷ്ണുവേനമഃ എന്നു ജപിക്കുന്നത് ഉത്തമം.

ലേഖനം തയ്യാറാക്കിയത്

ഗീതകുട്ടി

ലക്ഷ്മീനാരായണ കൊടുങ്ങൂർ

9656132213

sreelakshminarayananastro@gmail.com

Your Rating: