Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃക്കേട്ട നക്ഷത്രക്കാരുടെ സ്വഭാവം...

ജ്യോതിഷം - ജന്മനക്ഷത്രം

നക്ഷത്രങ്ങളിൽ പതിനെട്ടാമത് നക്ഷത്രം ജ്യേഷ്ഠാ എന്ന് സംസ്കൃതനാമം രാശിചക്രത്തിൽ 226 ഡിഗ്രി 40 മിനിറ്റുമുതൽ  240 ഡിഗ്രി വരെ വ്യാപിച്ചു കിടക്കുന്നു. നക്ഷത്രമൃഗം - കേഴ, വൃക്ഷം-വെട്ടി, ഗണം-അസുരം, യോനി-പുരുഷം, പക്ഷി-കോഴി, ഭൂതം-വായു, നക്ഷത്രദേവത-ഇന്ദ്രൻ. നക്ഷത്രാധിപൻ ബുധനും ഇതൊരു  തീക്ഷ്ണ നക്ഷത്രവും സംഹാരനക്ഷത്രവുമാണ്. ഊൺ നാളല്ലാത്തതിനാൽ ശുഭകാര്യങ്ങൾക്ക് വർജ്ജ്യം. തിര്യങ്മുഖനക്ഷത്രവും മധ്യാക്ഷനക്ഷത്രവുമാണ്. ഊൺ നാളല്ലാത്തിനാൽ ശുഭകാര്യങ്ങൾക്ക് വർജ്ജ്യം. ശത്രുസംഹാരം, ലോഹനിർമ്മാണം, ശിൽപ നിർമാണം എണ്ണ-കുഴമ്പ് ഇവ കാച്ചുന്നതിനും ആഭിചാരകർമ്മത്തിനും, ആന, കുതിര ഇവയെ മെരുക്കാനും സംഗീത വിദ്യാരംഭം-നവവസ്ത്രധാരണം ഇവയ്ക്കും നന്ന്. ഇതൊരു ഗന്ധാന്ത നക്ഷത്രമാണ്.

ജ്യേഷ്ഠായാ മതി കോപവാൻ

 

പരവധുസക്തോ വിഭൂർധാർമ്മിക

നക്ഷത്രാധിപൻ ബുധന്റെയും വൃശ്ചികത്തിലെ അധിപനായ കുജന്റെയും സവിശേഷസ്വഭാവങ്ങൾ തൃക്കേട്ട നക്ഷത്ര ജാതരിൽ കാണാവുന്നതാണ്. ബാല്യകാലം വളരെ ക്ലേശാനുഭവങ്ങൾ ഇവർക്കുണ്ടാവും. ഈ നക്ഷത്രത്തിൽ ജനിച്ചവർ പ്രവർത്തനനിരതരും പ്രവർത്തനങ്ങളിൽ ബുദ്ധികൂർമ്മത പ്രകടിപ്പിക്കുന്നവരും ആയിരിക്കും. പുറമെ ഗൗരവക്കാരും മനോബലം ഉള്ളവരാന്നു തോന്നുമെങ്കിലും ഇവർ ചഞ്ചല ചിത്തരും ഭീരുക്കളുമായിരിക്കും. സുഹൃത്തുക്കളോടു സ്നേഹമായി പെരുമാറുകയും ഉപകാരങ്ങൾ ചെയ്യുവാൻ തയാറാവുകയും ചെയ്യും. അടുത്ത സ്നേഹിതരോട് ആത്മാർഥതയോടെതന്നെ മനസു തുറന്ന് ആശയവിനിമയം ചെയ്യും. കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാമർഥ്യം ഉണ്ടാകുമെങ്കിലും കുഴഞ്ഞ പ്രശ്നങ്ങൾ മുമ്പിൽ വരുമ്പോൾ ഒഴിഞ്ഞുമാറാൻ ശ്രമിക്കും. പെട്ടെന്നുള്ള കോപവും ദുരഭിമാനവും മൂലം ജീവിതത്തിൽ പല പരാജയങ്ങളും സംഭവിക്കും. ബന്ധുക്കളുമായി കലഹിക്കുകയും അവരെ അവഗണിക്കുകയും മൂലം അവരിൽ നിന്നുണ്ടാകാവുന്ന പല ഗുണങ്ങളും നഷ്ടപ്പെട്ടു എന്നുവരും. സ്വജനങ്ങളുമായി പൊതുവേ അകൽച്ചയായിരിക്കും ഉണ്ടാകുക. ഇതിനൊക്കെ ഒരു പരിധിവരെ കാരണം ഇവരുടെ ബാല്യകാലം വളരെ ക്ലേശം നിറഞ്ഞതായിരിക്കും. അതുകൊണ്ടുതന്നെ ജീവിതക്ലേശങ്ങൾ നേരിടാനും അവയെ ക്ഷമാപൂർവം തരണം ചെയ്യാനും ഇവർക്കാവും. കുജന്റെ രാശി ആയതിനാൽ തന്നെ ഉപദ്രവിക്കുന്നവരോട് കാലമെത്ര കഴിഞ്ഞാലും മനസിൽ വച്ച് തക്കസമയത്ത് പകരം വീട്ടും. ബുദ്ധിപരമായ കഴിവുകളുള്ള ഇവർ ഏറ്റെടുക്കുന്ന പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കാറുണ്ട്. നേരമ്പോക്ക് ഇഷ്ടപ്പെടുന്ന ഇവർ വാഗ്‌വാദത്തിലും തന്റെ ഭാഗം സമർഥിക്കാൻ യുക്തികൾ നിരത്തും. പുതിയ ആശയങ്ങൾ തോന്നുന്നതനുസരിച്ച് രാവും പകലും പ്രവർത്തിക്കും.

തൃക്കേട്ടയുടെ നക്ഷത്രാധിപൻ ബുധനാകയാൽ പഠനത്തിനും പ്രായോഗിക ബുദ്ധിയിലും ഇവർ മുന്നിട്ടുനിൽക്കും. ഗൂഢശാസ്ത്രങ്ങളിൽ താൽപര്യം ഇവർക്കുണ്ടാകും. ജാതകത്തിൽ ചന്ദ്രൻ പക്ഷബലം കുറഞ്ഞാൽ മുൻകോപം, വക്രബുദ്ധി, സ്വാർഥത എന്നീ ദുർഗുണങ്ങൾ ഇവരിൽ ഉണ്ടാകും. ദാമ്പത്യജീവിതം കുഴപ്പമില്ലാതെ പോകുമെങ്കിലും പങ്കാളിക്ക് വേണ്ടത്ര അംഗീകാരം നൽകാത്തതുമൂലം അസ്വസ്ഥതകൾക്കിടയുണ്ട്. സന്താനങ്ങളിൽ നിന്നും സുഖം പൊതുവേ ലഭിക്കാറില്ല. അധ്യാപകവൃത്തി, പത്രപ്രവർത്തനം, വാർത്താവിനിമയം, ഇലക്ട്രോണിക്സ്, ഓഡിറ്റർ, ഗണിതം, കാർഷികമേഖല ഇവയിൽ ശോഭിക്കാൻ കഴിയും.

പൊതുവേ ആരോഗ്യവും ദീർഘായുസും ഉണ്ടാവും. ചെറിയ അസുഖങ്ങളെ അവഗണിക്കും. പൊതുവേ സൗന്ദര്യവും ശരീരപുഷ്ടിയും ഉണ്ടാകും. പല്ലുകൾക്ക് ചില പ്രത്യേകതകൾ ഉണ്ടാകാമെങ്കിലും സൗന്ദര്യത്തെ അത് ബാധിക്കുകയില്ല. ശിരോരോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ തുടങ്ങിയവ ചെറിയ തോതിൽ ബാധിക്കാം. ബാല്യം പൊതുവേ നന്നായിരിക്കും 8 വയസുവരെ, ശേഷം 15 വരെ രോഗങ്ങൾ അപകടങ്ങൾ ഇവയെ സൂചിപ്പിക്കുന്ന കാലമാണ്.  35 വയസുവരെ വളരെ ഗുണകരമായിരിക്കും. 41 വരെ തൊഴിൽ പരമായ ഉന്നതിയുടെ കാലം. 51 വരെ പൊതുവേ കാലം അനുകൂലമായിരിക്കും. അതിനുശേഷം ക്ലേശങ്ങളും രോഗപീഢകളും ഉണ്ടാകും.

പൂരാടം, തിരുവോണം, ചതയം, മകയിരം അവസാന പാതി, തിരുവാതിര, പുണർതം ആദ്യമൂന്നു പാദങ്ങൾ പ്രതികൂല നക്ഷത്രങ്ങളാണ്.

ഇവർക്ക് ശുക്രൻ, വ്യാഴം, സൂര്യൻ എന്നീ ദശാകാലങ്ങളിൽ ദോഷപരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതാണ്. ആയില്യം, കേട്ട, രേവതി എന്നീ നക്ഷത്രങ്ങളിൽ ക്ഷേത്രദർശനവും മറ്റു പൂജാദി കാര്യങ്ങളും നടത്തുക. ബുധനെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾ പതിവായി അനുഷ്ഠിക്കുക-ശ്രീകൃഷ്ണക്ഷേത്രദർശനം ഭാഗവതപരായണം തുടങ്ങിയവ ഉത്തമഫലം തരും.

രാശ്യാധിപനായ കുജനെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങളും അനുഷ്ഠിക്കേണ്ടതാണ്. ജാതകത്തിൽ കുജസ്ഥിതി അനുസരിച്ച് സുബ്രഹ്മണ്യനെയോ, ഭദ്രകാളിയേയോ ഭജിക്കുക.

ഓം ഇന്ദ്രായ നമഃ എന്നു ജപിക്കുന്നത് ഉത്തമം.

ലേഖനം തയ്യാറാക്കിയത്

ഗീതകുട്ടി

ലക്ഷ്മീനാരായണ കൊടുങ്ങൂർ

9656132213

sreelakshminarayananastro@gmail.com

Your Rating: