Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃക്കേട്ട: നക്ഷത്ര സ്വഭാവം, തൊഴിൽ, പൊരുത്തം

star

കേട്ടക്കാർ പൊതുവെ ഏതെങ്കിലും വിഷയത്തെക്കുറിച്ച് അറിവുള്ളവരായിരിക്കും. ഏറ്റെടുക്കുന്ന ജോലി പൂർത്തിയാക്കുന്നവരും, യാതൊരു മടിയും കൂടാതെ പെട്ടെന്നു ചെയ്യുന്നവരുമാണ്. നേരംപോക്ക് പറയാനും കേൾക്കാനും ഇവർക്കിഷ്ടമാണ്. പിടിക്കാത്തതും ഇഷ്ടപ്പെടാത്തതുമായ കാര്യം കണ്ടാൽ വെട്ടിതുറന്നു പറയുന്നവരാണ്. ഉരുളയ്ക്കുപ്പേരി പോലെ വാക്കുതർക്കങ്ങളിൽ ഉടനടി മറുപടി കൊടുക്കുന്നവരും, പുതിയ പുതിയ ആശയങ്ങൾ തോന്നുകയും അതു നടപ്പിലാക്കുന്നവരുമാണ്. രാപ്പകലില്ലാതെ അധ്വാനിക്കുന്നവരും പ്രയോഗികബുദ്ധി കൂടുതലുള്ളവരും പരോക്ഷമായ് കുത്തുവാക്കു പറയുകയും ഗൂഡാർത്ഥം വച്ചു സംസാരിക്കുന്നവരുമാണ്. പഠിക്കാൻ മിടുക്കരായിരിക്കും. ഗ്രന്ഥകാരും പത്രപ്രവർത്തകരും ഗ്രന്ഥാന്വേഷികളും നിരൂപകരും അഭിമാനികളുമായിരിക്കും. സംസാരശൈലിക്ക് നല്ല മൂർച്ചയുണ്ടായിരിക്കും. ചിലർ ജന്തുക്കളെ വളർത്തുന്നതിൽ തൽപരരായിരിക്കും. 

1–ാം ഭാഗത്തിൽ ജനിച്ചാൽ അമ്മൂമ്മയ്ക്കും 2–ാം ഭാഗത്തിൽ അപ്പൂപ്പനും 3–ാം ഭാഗത്തിൽ അമ്മാവനും 4–ാം ഭാഗത്തില്‍ അമ്മയ്ക്കും 5–ാം ഭാഗത്തില്‍ ജാതകനും 6–ാം ഭാഗം കുടുംബത്തിനും 7–ാം ഭാഗം കുലനാശിനിയും 8–ാം ഭാഗത്തിൽ ചേട്ടനും 9–ാം ഭാഗം ശ്വശുരനും 10 എല്ലാത്തിനെയും നശിപ്പിക്കുമെന്നും കാണുന്നു. മുൻകോപവും എടുത്തുചാട്ടവും വീണ്ടുവിചാരമില്ലാതെ പ്രവർത്തിക്കുകയും കാള പെറ്റെന്നു കേട്ടാൽ കയറെടുക്കുന്ന സ്വഭാവവും ഹൃദയചാഞ്ചല്യവും മനസ്ഥിതി ഇല്ലായ്മയും കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കാൻ കഴിയില്ല. മനസ്സിൽ ഒരു സംശയവും സ്ഥിരമായി നിൽക്കില്ല. പൊതുജനങ്ങളോട് മനസ്സിൽ വരുന്ന കാര്യങ്ങൾ വലിയ ധൃതിയിൽ പറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ല. ഇതുകാരണം പലതര അനർത്ഥത്തിലും, അപകടത്തിലും അബദ്ധത്തിലും ചെന്നുചാടുന്നു. അതുപോലെ വിപരീത പരിസ്ഥിതിയിൽ പിടിച്ചു നിൽക്കത്തക്ക തന്റേടം അഹങ്കാരികളെന്ന് പുറമെ തോന്നുമെങ്കിലും സൂക്ഷ്മമായി പഠിച്ചാൽ മനക്കട്ടിയില്ലായ്മ മനസ്സിലാകും. 

വളഞ്ഞ വഴി ചിന്തിക്കുന്ന കുബുദ്ധികളാണിവർ. മറ്റുള്ളവരെ ചതിക്കാനോ കുരുക്കിൽ പെടുത്താനോ ശ്രമിക്കും. വഞ്ചിക്കുന്ന പ്രകൃതക്കാരോട് അകന്നു നിൽക്കും. ആദർശത്തിനു വിപരീതമായോ, ഇഷ്ടമില്ലാത്തതു കാണുകയോ ചെയ്താൽ അതിനുടൻ എതിർപ്പു പ്രദർശിപ്പിക്കും. പല കാര്യങ്ങളിലും മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കത്തക്ക അറിവുണ്ടായിരിക്കും. ആവശ്യത്തിൽ കൂടുതൽ സംസാരിക്കുകയും മറ്റുള്ളവരെ തള്ളിപ്പറയുകയും ചെയ്യും. ധാരാളം ശത്രുക്കളുണ്ടായിരിക്കും. നിർബന്ധബുദ്ധികളും മറ്റുള്ളവർക്ക് വഴങ്ങാത്തവരുമാണ്. ഈ നിർബന്ധബുദ്ധിയും വീണ്ടുവിചാരമില്ലായ്മയും ധൃതിയും സംശയരോഗവും ചേർന്ന് ഇവരുടെ ജീവിതത്തിലെ ഉയർച്ചയെ ബാധിക്കുന്നു. ശത്രുക്കളെയും സൃഷ്ടിക്കുന്നു. മറ്റുള്ളവർ എത്ര ഉപദേശിച്ചാലും തനിക്കു തന്നെ ശരിയല്ലെന്ന് ബോധ്യപ്പെട്ടാലും തനിക്കു തോന്നിയതു തന്നെ പ്രവർത്തിക്കുന്ന സ്വഭാവക്കാരാണ്. അതിനാൽ സമാധാനമായി ഏറ്റുകൊള്ളും. കുട്ടിക്കാലം മുതൽതന്നെ ഇവരുടെ ആത്മനിയന്ത്രണവും വീണ്ടുവിചാരവും ചുറ്റുപാടുകളെ വിലയിരുത്തി പ്രവർത്തിക്കാനുള്ള ശിക്ഷണവും നൽകിയാൽ ഭാവിയിലിവർ തങ്ങളുടെ മുഴുവൻ കഴിവും നൽകുന്ന നല്ല പൗരന്മാരായിത്തീരും ഇതിൽ സംശയമില്ല. 

ഇവരുടെ ആത്മാഭിമാനം ദുരഭിമാനമായി മാറാറുണ്ട്. ഇത്തരം പ്രവൃത്തികൾ ശത്രുക്കളെ വിലയ്ക്കു വാങ്ങുന്നു. ബന്ധുക്കളെക്കൊണ്ടും സ്വജനത്തെകൊണ്ടും വലിയ ഗുണമൊന്നും ലഭിക്കില്ല. സ്വന്തം പരിശ്രമം മാത്രമേ മുന്നേറാൻ കഴിയൂ. വീടിനു പുറത്താണ് പ്രവർത്തനരംഗം വിജയിക്കുന്നത്. ലഹരിക്ക് അടിമകളാണ്. ഇവരുടെ ജീവിതം തൃപ്തികരമാവില്ല. 50നു ശേഷം ജീവിതത്തിൽ അടുക്കും ചിട്ടയും വരികയുള്ളൂ. അതുവരെ കടലിലെ തിരപോലെ മാറിമറിയും. തൃക്കേട്ട ഏട്ടനാകാം എന്നും പറയപ്പെടുന്നു. ചേട്ടന് ദോഷമുണ്ടാകുമെന്ന് ഒരുപക്ഷവും കേട്ട സ്ത്രീ വിവാഹം കഴിക്കുന്നവന്റെ ചേട്ടനു ദോഷമെന്നും പറയുന്നുണ്ട് എന്നാലിതിനു പ്രസക്തിയില്ല. കേട്ടയുടെ അവസാന 2 നാഴികയും മൂലത്തിന്റെ ആദ്യ 2 നാഴികയും ഗന്ധാന്തദോഷമെന്നു പറയുന്നു. അച്ഛൻ 8 വർഷം വേർപിരിഞ്ഞിരിക്കണം, വിവാഹത്തിന് കാലതാമസം നേരിടണം, ഗർഭാശയ സംബന്ധരോഗമുണ്ടെന്ന് പറയാം. 

വീടുവിട്ട് ചെറുപ്പത്തിലെ ദൂരദേശത്ത് കുടിയേറിപ്പാർക്കുന്നവരാണിവർ. പല തൊഴിൽ മാറ്റങ്ങളും ഉണ്ടാകും. സ്വന്തം അധ്വാനത്തിൽ ഉയർച്ചയിലെത്തുന്നവരായിരിക്കും. അമ്മയിൽനിന്നും സഹോദരങ്ങളിൽനിന്നും ഒരു സഹായവും കിട്ടില്ലെന്നു മാത്രമല്ല അവർ ഇവരുടെ ശത്രുക്കളുമായിരിക്കും. ഇവരുടെ നിയന്ത്രണം ഇവരുടെ ഭാര്യമാരിൽ ഉണ്ടായിരിക്കും. എന്നാലും കുടുംബജീവിതം നന്നായിരിക്കും. ചൊവ്വായുടെ രാശിയായതുകൊണ്ടായിരിക്കാം ഇവരെ ദ്രോഹിക്കുന്നവരെ അവസരം നോക്കിയിരുന്ന് പകരം വീട്ടുന്നവരാണിവർ. അതുപോലെ എപ്പോഴും അഭിപ്രായം മാറ്റി പറയുന്നവരാണിവർ. കേട്ടയിൽ ജനിക്കുന്ന കുട്ടികൾ ബന്ധുക്കൾക്ക് ദോഷം ചെയ്യുന്നവരാണെന്നു പറയുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം പൊക്കമുണ്ടായിരിക്കും. ചുരുണ്ട തലമുടിയായിരിക്കും. കഴിവുള്ളവരും അസൂയാലുക്കളും അഗാധ സ്നേഹമുള്ളവരുമായിരിക്കും ബുദ്ധിമതികളും ചിന്താശക്തിയുള്ളവരും ദീർഘദൃഷ്ടിയുള്ളവരുമായിരിക്കും. മറ്റുള്ളവരുടെ തന്നെക്കുറിച്ചുള്ള അഭിപ്രായം അറിയാൻ ജാഗരൂകരായിരിക്കും. മറ്റുള്ളവരിൽ അധികാരം ചെലുത്താനാകാത്തവരാണ്. നല്ലൊരു സംഘാടകയായിരിക്കും. സ്പോർട്സ് തൽപരരായിരിക്കും. സ്വന്തം വിജയം തന്റെ ഇണയുടെയും കുടുംബത്തിന്റെതുമെന്ന് വിശ്വസിക്കുന്നവരാണ്. ഭർതൃഗൃഹത്തിൽ പല പ്രശ്നങ്ങൾ തരണം ചെയ്യേണ്ടിവരും. ബന്ധുക്കളും അയൽവാസികളും ഇവരുടെ ജീവിതത്തില്‍ വിഷം കുത്തിവയ്ക്കും, ആയതിനാൽ ഇവരെ സൂക്ഷിക്കേണ്ടതാണ്. ദുരിതം കുറഞ്ഞ സമയം ജീവിതത്തിൽ കുറവായിരിക്കും. കുട്ടികൾക്ക് വേണ്ടി ഇവർ ചെയ്യുന്ന കാര്യങ്ങൾ പോലും ഇവർക്കുതന്നെ പിന്നീടത് വിനയായി മാറുന്നതാണ്. കുട്ടികൾ പോലും ഇവരെ വെറുക്കുന്ന അവസ്ഥ ഇവർക്ക് ഉണ്ടാകാം.

തൊഴിൽ – പ്രസ്സ്, പ്രസിദ്ധീകരണം, ടെക്സ്റ്റൈൽ, അണക്കെട്ട്, വൈദ്യുതിയുമായി ബന്ധപ്പെട്ടവ, സംഗീതോപകരണം, ഇൻഷുറൻസ്, ശസ്ത്രക്രിയ ഉപകരണങ്ങൾ ബന്ധപ്പെട്ടവ, സൈന്യസേവനം, ജനവിഭാഗം, കണക്കെഴുത്ത്, പരസ്യങ്ങൾ, ജഡ്ജ്, ജയിലുമായി ബന്ധപ്പെട്ടവ, പോസ്റ്റ്മോർട്ടം, ടെലിഫോൺ, ജനപ്രതിനിധി, മരം, തുകൽ, സ്വകാര്യസേവനം, പാചകവിദഗ്ധ, സ്ഥാപന മേധാവി, രാഷ്ട്രീയ, ട്രാൻസ്പോർട്ട്, തദ്ദേശസ്വയംഭരണം, സ്വയംതൊഴിൽ, വാഹനനിയന്ത്രണം, താന്ത്രികം, ചന്ദനഫാക്ടറി, ഇഷ്ടികവ്യാപാരം, വിനോദശാല, ഗസറ്റഡ് ജോലി, കച്ചവടം

രോഗങ്ങൾ – രക്തസമ്മര്‍ദം, മജ്ജരോഗങ്ങൾ, നട്ടെല്ലിനെ ബാധിക്കുന്ന രോഗം, ശ്വാസകോശരോഗം, വലിവ്, പ്രമേഹം, ചെവിരോഗം, നേത്രരോഗം, തുടകൾ, എല്ലിനെ ബാധിക്കുന്നത്, തലവേദന, നീർദോഷം, അർശസ്സ്, ഗർഭാശയരോഗം, വെള്ളപോക്ക്.

വിവാഹത്തിന് അനുകൂല നക്ഷത്രങ്ങൾ – രോഹിണി 5, കാർത്തിക 7, ആയില്യം 8, പൂയം 6, മകം 6, ചോതി 6, അനിഴം 6

പ്രതികൂല നക്ഷത്രം – കേട്ട, മൂലം, പൂരാടം, തിരുവോണം, ചതയം, അശ്വതി, ഭരണി, മകയിരം, തിരുവാതിര, പുണർതം, വിശാഖം, ഉത്രം

അനുകൂല ദിവസം – തിങ്കൾ, ചൊവ്വ 

പ്രതികൂല ദിവസം – ബുധൻ, ശുക്രൻ

അനുകൂല തിയതി – 5, 14, 23, 9, 18, 27

പ്രതികൂല തിയതി – 6, 15, 24

അനുകൂല നിറം – പച്ച, ചുമപ്പ്

പ്രതികൂലം – നീല, കറുപ്പ്, വെള്ള 

നിർഭാഗ്യ മാസം – മിഥുനം, കുംഭം, തുലാം

അനുകൂലം – വൃശ്ചികം, മകരം, മേടം, കന്നി

ഭാഗ്യദേവത – നരസിംഹം, വാമനൻ

ശുഭകാര്യനക്ഷത്രം – രോഹിണി, മകം, പൂരം, ഉത്രം, അത്തം, അനിഴം, ഉതൃട്ടാതി, രേവതി, അവിട്ടം

ദോഷദശ – ശുക്രൻ, വ്യാഴം

പരിഹാരം – നിത്യവും 3 നേരം നെയ്‌വിളക്കു കത്തിക്കുക, നരസിംഹ മൂർത്തിക്ക് കൽക്കണ്ടവും ഉണക്കമുന്തിരിയും വച്ച് പ്രാർത്ഥിക്കുക (വീട്ടിൽ), മാസത്തിൽ 2 പ്രാവശ്യം കടുംപായസമോ, അരവണ പായസമോ വീട്ടില്‍ നടത്തുക, കാലത്തും വൈകിട്ടും 10 മിനിട്ടു നേരം നാമം ജപിക്കുക.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.