Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്രാടം നക്ഷത്രക്കാരുടെ പ്രത്യേകതകൾ

ജ്യോതിഷം ഉത്രാടം നക്ഷത്രക്കാർ ഏറ്റെടുക്കുന്ന ജോലികൾ കൃത്യമായും ഭംഗിയായും നടപ്പിലാക്കും.

മാന്യ ശ്ശാന്ത ഗുണഃസുഖീ ച ധനവാൻ വിശ്വർക്ഷജ പണ്ഡിതഃ

ഇരുപത്തിയേഴ്നക്ഷത്രങ്ങളിൽ ഇരുപത്തിയൊന്നാമതു നക്ഷത്രം രാശിചക്രത്തിൽ 266 ഡിഗ്രി 40 മിനിറ്റിനും 280 ഡിഗ്രിക്കുമിടയിൽ വ്യാപിച്ചു കിടക്കുന്ന സംസ്കൃതനാമം ഉത്തരാഷാഢം. മനുഷ്യഗണം-പുരുഷയോനി, മൃഗം-കാള, വൃക്ഷം-പ്ലാവ്, പക്ഷി-കോഴി, സംഹാരനക്ഷത്രം ഊർദ്ധമുഖം. മന്ദാക്ഷം, ബൃഹത് നക്ഷത്രം, ഏകപാദ് നക്ഷത്രം ഊൺ നാളാകയാൽ എല്ലാ ശുഭകാര്യങ്ങൾക്കും കൊള്ളുന്നു. വിശേഷിച്ച് വാസ്തു കർമ്മം, ഗൃഹപ്രവേശം ഇവയ്ക്കു നന്ന്. നക്ഷത്ര ദേവത വിശ്വദേവകളാണ്. നക്ഷത്രാധിപൻ ആദിത്യനും രാശ്യാധിപൻ ശനിയുമാണ്. ഉത്രാടം മകരക്കൂറിന് സൂര്യന്റെയും ശനിയുടെയും പ്രഭാവം ഇവരിൽ കാണാൻ സാധിക്കും. ഈ നക്ഷത്രക്കാർ സംസ്കാര സമ്പന്നരും നീതിനിഷ്ഠരും സാമർഥ്യമുള്ളവരും നല്ല ആശയമുള്ളവരും പ്രൗഡരായ ചിന്തകൻമാരുമാണ്. പ്രസന്നമായ മുഖവും സൗമ്യഭാവവും ആകർഷകമായ സംഭാഷണവും ഇവരുടെ പ്രത്യേകതയാണ്. ലളിതമായ വേഷവും കുലീനമായ പെരുമാറ്റവും ആളുകൾക്കിടയിൽ മാന്യമായ സ്ഥാനം ഇവർ ഉറപ്പാകും. ധാരാളം സുഹൃത്തുക്കളും അവരിൽ നിന്നുള്ള സഹായങ്ങളും ഇവർക്കുണ്ടാവും. ഉപകാരങ്ങൾ കൃതജ്ഞതയോടെ സ്മരിക്കുന്ന സ്വഭാവം ഇവർക്കുണ്ട്. ആത്മാർഥതയും അനുകമ്പയും ഇവരുടെ ഗുണങ്ങളാണ് . കഴിയുന്നത്ര ആരേയും ഉപദ്രവിക്കാതെയും, കഴിയുന്നത്ര മറ്റുള്ളവർക്ക് നന്മ ചെയ്തു കഴിയാനും ഇവർ ആഗ്രഹിക്കുന്നു.

ജീവിതത്തിലെ പൂർവ്വാർദ്ധത്തിൽ ഇവർക്ക് വളരെ ക്ലേശങ്ങൾ അനുഭവിക്കേണ്ടിവരുന്നു. എന്നാൽ സ്വപ്രയത്നത്താൽ ഇവർ നല്ല നിലയിൽ എത്തിച്ചേരും. സ്വന്തം കാര്യങ്ങൾ തടസപ്പെട്ടാലും ആർക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ആത്മാർഥമായി ശ്രമിക്കും. ജീവിതത്തിൽ ഒന്നിനോടും അതിരു കളഞ്ഞ ആസക്തി ഇവർക്കുണ്ടായിരിക്കുകയില്ല. എല്ലാ അർത്ഥശൂന്യവും നശ്വരവും ആണെന്നബോധം ചിന്തയിലും പ്രവൃത്തിയിലും നിഴലിച്ചിരിക്കും.

കാര്യങ്ങൾ ശരിക്കും പഠിച്ചതിനുശേഷമേ തീരുമാനങ്ങൾ എടുക്കുകയുള്ളൂ. തീരുമാനം എടുത്താൽ അതിൽ ഉറച്ചുനിൽക്കും. അന്യരുടെ അഭിപ്രായങ്ങൾ അറിയാൻ ആഗ്രഹിക്കും. സ്വന്തം ചിന്താഗതികൾ അന്യർമനസിലാക്കാതിരിക്കാൻ ശ്രമിക്കും. പിണക്കം തോന്നുന്നവരിൽ നിന്നും ഒഴിഞ്ഞുമാറും. കലഹങ്ങൾ ഇഷ്ടപ്പെടുന്നില്ല. ഏറ്റെടുക്കുന്ന ജോലികൾ കൃത്യമായും ഭംഗിയായും നടപ്പിലാക്കും. എല്ലാ വിഷയത്തിലും അറിവുനേടും. കാര്യപ്രാപ്തിയും പാകതയും ലോകപരിചയവും ഉണ്ടാവും. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമുണ്ട്. ഈ സന്ദർഭത്തിൽ ഏറ്റവും അടുപ്പമുള്ളവരോടും കർശനമായി പെരുമാറും. പിന്നീട് സമാധാനിപ്പിക്കാൻ ശ്രമിക്കും. കുടുംബസ്നേഹമുണ്ട്. കുടുംബത്തിന്റെ അഭിവൃദ്ധിക്കായ് പരിശ്രമിക്കും. പല ബുദ്ധിമുട്ടും സഹിക്കേണ്ടി വരുമ്പോഴും ചിരിച്ചുകൊണ്ട് എല്ലാം അഭിമുഖീകരിക്കും. ചൊവ്വായ്ക്ക്നാലാം ഭാവത്തിന്റെ ആധിപത്യം വന്നതിനാലാകാം മനപ്രയാസവും ചിന്താകുഴപ്പവും അലട്ടും. എല്ലാം ഉണ്ടെങ്കിലും മനഃസുഖമില്ലാത്ത ഒരവസ്ഥ തോന്നാം.

വിവേകവും മാനസിക സന്തുലനവും ഉള്ളതിനാൽ ഒന്നും കണ്ണുമടച്ച് വിശ്വസിക്കുമെന്നു കരുതേണ്ട. പെട്ടെന്ന് ഒരു കാര്യവും വകവച്ചു കൊടുക്കുകയുമില്ല. മനസിലാക്കാനുള്ള സമയം കൊടുക്കുക. ഒരു കാര്യം തീരുമാനിച്ചുറപ്പിക്കാൻ പിന്നെ അതിൽ നിന്നും മാറ്റിയെടുക്കാൻ പ്രയാസമാണ്. ഭയങ്കര ശുചിത്വബോധമാണ് താനുപയോഗിക്കുന്നതൊക്കെയും നിർമ്മലമായിരിക്കണം എന്നു നിർബന്ധമുണ്ട്. നല്ല കാര്യങ്ങൾ ചെയ്യുന്നതൊക്കെ ഒന്ന് അംഗീകരിച്ചുകൊടുത്താൽ വളരെ സന്തോഷമാകും. ഇടപാടുകളിൽ നീതിയും ആത്മാർഥതയും പുലർത്തും. ചതി വഞ്ചന എന്നത് ആലോചിക്കുക വിഷമമുള്ള കാര്യമാണ്. ശനിയുടെ രാശി ആകയാൽ അൽപം നിർബന്ധബുദ്ധി കൂടുതലായിരിക്കും. മതകാര്യങ്ങളിലും വിശ്വാസത്തിലും മുന്നിലായിരിക്കും വ്രതം നോക്കുന്ന കാര്യത്തിൽ ഇവർ മാതൃകയാണ്.നല്ല ആദർശനങ്ങളും ശ്രേഷ്ഠമായ ആഗ്രഹങ്ങളുമായിരിക്കും ഇവരുടേത്. ഗുരുജനങ്ങളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യും. ഒന്നിലും നിരാശരാകാറില്ല. ശുഭാപ്തി വിശ്വാസം കൂടെപ്പിറപ്പാണ്. ആരോഗ്യകാര്യത്തിലൊഴികെ, അതിൽ ആകുലരായിരിക്കും ഒന്നു സമാധാനിപ്പിക്കുക വിഷയം അവിടെ തീരും.

ഇതിഹാസങ്ങളിലും പുരാണങ്ങളിലും വിശ്വാസവും അറിവും ഉണ്ടായിരിക്കും. ധനം ഉണ്ടെങ്കിലും മിതവ്യയ ശീലരായിരിക്കും. അലസതയില്ല. എല്ലാം വളരെ വേഗത്തിൽ ചെയ്തുതീർക്കാം. കാഴ്ചയിൽ അൽപം തലക്കനമുണ്ടോ എന്നു തോന്നാം. അടുത്തറിയുമ്പോൾ മാത്രമേ യാഥാർഥ്യം മനസിലാവൂ. വിവാഹ ജീവിതം അത്ര സുഖകരമായിരിക്കില്ല. തന്റെ സ്വപ്നത്തിലെ പങ്കാളിയാവില്ല ജീവിതസഖി. ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ഈശ്വരഭക്തരും മനോനൈർമല്യവും ഉള്ളവരായിരിക്കും. പക്ഷേ വാഗ്ദോഷത്താൽ ഭർത്താവുമായി പിണങ്ങാനിടവരും. ഉത്രാടക്കാർ സന്താനങ്ങളുമായി അകന്നുകഴിയാൻ ഇടയുണ്ട്.

ആരോഗ്യം പൊതുവേ മെച്ചമായിരിക്കും. മൂന്ന് വയസുവരെ രോഗദുരിതങ്ങൾ അലട്ടും.13 വരെയുള്ള കാലം ഗുണദോഷസമ്മിശ്രമാണ്. വിദ്യാഗുണം കുടുംബസുഖം ഇക്കാലത്തു അനുഭവമാവും. 13 മുതൽ 20 വരെ മെച്ചമായ ആരോഗ്യം വിദ്യാഗുണം. സുഹൃത് സഹായം കുടുംബത്തിൽ അഭിവൃദ്ധി തുടങ്ങിയവയുണ്ടാകും.  38 വരെയുള്ള കാലം ക്ലേശാനുഭവങ്ങളും മാതാപിതാക്കൾക്ക് ദോഷവുമാണ്. 38 വയസിനുശേഷം സന്തുഷ്ടവും ഐശ്വര്യപൂർണവുമായ കുടുംബജീവിതം നയിക്കും. സന്താനങ്ങൾ ബന്ധുക്കൾ സുഹൃത്തുക്കൾ ഇവരിൽ നിന്നെല്ലാം അനുകൂലഫലങ്ങൾ ഉണ്ടാകും. 55നുശേഷം വാതരോഗസാധ്യത. ധനപരമായും, തൊഴിൽപരമായും അനുകൂലകാലം.

അധ്യാപകവൃത്തി, പൗരാണികവിഷയങ്ങൾ, സാഹിത്യം, ഗണിതശാസ്ത്രം, ആത്മീയ പ്രവർത്തനങ്ങൾ, നീതിന്യായം തുടങ്ങിയ മേഖലകളിൽ ശോഭിക്കാം.

അവിട്ടം, പൂരുരുട്ടാതി, രേവതി, ഉത്രാടം, ധനുകൂറിന് പുണർതം ആദ്യപാദവും (കർക്കിടകകൂറ്), പൂയം, ആയില്യവും മകരക്കൂറിന് മകം, പൂരം, ഉത്രം ആദ്യപാദവും പ്രതികൂല നക്ഷത്രങ്ങളാണ്.

ചൊവ്വ ബുധൻ വ്യാഴം എന്നീ ദശാകാലങ്ങൾ ഇവർ ദോഷപരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കുക. കാർത്തിക, ഉത്രം, ഉത്രാടം നാളുകളിൽ ക്ഷേത്രദർശനവും ദേവപൂജയും ഉത്തമം. നക്ഷത്രാധിപനായ ആദിത്യനെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങളും ഞായറാഴ്ച വ്രതവും ശിവക്ഷേത്രദർശനവും ഉത്തമം. ധനുകൂറിൽ ജനിച്ചവർ വ്യാഴത്തെയും മകരക്കൂറുകാർ ശനിയേയും പ്രീതിപ്പെടുത്തണം. വ്യാഴപ്രീതിയ്ക്കായി വിഷ്ണുഭജനവും ശനി പ്രീതിയ്ക്കായി ശനിയാഴ്ച വ്രതവും ശാസ്താഭജനവും ശനീശ്വരപൂജയും ഉത്തമം.

ഓം വിശ്വദേവേഭ്യോ നമഃ എന്ന് ജപിക്കുന്നത് ഉത്തമം.

ലേഖനം തയ്യാറാക്കിയത്

ഗീതകുട്ടി

ലക്ഷ്മീനാരായണ കൊടുങ്ങൂർ

9656132213

sreelakshminarayananastro@gmail.com

Your Rating: