Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്രാടം നക്ഷത്രക്കാർ ആത്മാർത്ഥതയുള്ള ജോലിക്കാർ

x-default

പൊതുവെ ഒത്തശരീരക്കാരായിരിക്കും നീണ്ട വിരലുകളും തിളക്കമുള്ള കണ്ണുകളും പുഞ്ചിരിക്കുന്ന മുഖവും വെളുത്ത ശരീരവുമായിരിക്കും. ശുദ്ധരായിരിക്കും ലാളിത്യത്തിൽ സംസാരിക്കും ഹൃദയശുദ്ധിയുള്ളവർ, കാഴ്ചയിൽ നിരപരാധികളായി തോന്നും, സമൂഹത്തിനിടയിൽ ഉയർന്ന പദവി അലങ്കരിക്കുന്നവരായിരിക്കും, ആഡംബരം ഇഷ്ടപ്പെടാത്തവരാണ്, സാധാരണ ജീവിതം ഇഷ്ടപ്പെടുന്നു, മതവിശ്വാസികളായിരിക്കും. ഇവരുടെ ഉള്ളിലെ അറിവിനെക്കുറിച്ച് മനസ്സിലാക്കാന്‍ പ്രയാസമായിരിക്കും. ഇവരുടെ കണ്ണിന് എല്ലായ്പ്പോഴും ഒരു ചുവന്ന നിറമുണ്ടായിരിക്കും. എടുക്കുന്ന ജോലി ആത്മാർത്ഥതയോടെ ചെയ്യുന്നവരാണ്. മറ്റുള്ളവരെ താഴ്ത്തിക്കെട്ടുകയോ മറ്റുള്ളവർക്ക് പ്രശ്നങ്ങളുണ്ടാക്കുകയോ പൊതുവേ ചെയ്യാറില്ല. എന്നാൽ പോലും ഇവരുടെ നല്ല സ്വഭാവങ്ങൾ ഇവർക്കുതന്നെ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇവർ ആരിലും കണ്ണടച്ചു വിശ്വസിക്കുന്നവരല്ല. എന്നാൽ ആരെയെങ്കിലും വിശ്വസിച്ചു കഴിഞ്ഞാല്‍ അവരെ ആരെക്കൊണ്ടും മാറ്റിക്കാനും സാധിക്കുകയില്ല. പുകഴ്ത്തി പറയുന്നത് ഇഷ്ടപ്പെടുന്നവരാണിവർ. ആയതിനാൽ ഇവരെ ആരെങ്കിലും എപ്പോഴും പുകഴ്ത്തി പറഞ്ഞാൽ ഇവരത് അങ്ങേയറ്റം ഇഷ്ടപ്പെടും.

ഏതെങ്കിലുമൊരു പ്രവർത്തനത്തിനു മുതിരുമ്പോൾ വളരെയധികം ആലോചിച്ചും വരുംവരായ്കകളെ കുറിച്ച് ചിന്തിച്ചും സമചിത്തതയോടു കൂടി മാത്രമെ ഏർപ്പെടാറുള്ളു. ശനിയുടെ രാശിക്കാരായതിനാൽ (മകരം) പൊതുവെ അലസസ്വഭാവം മുന്നിട്ടു നിൽക്കും. ഏറ്റെടുക്കുന്ന പ്രവൃത്തി കാര്യഗൗരവത്തോടും കൃത്യനിഷ്ഠയോടും കൂടി ചെയ്യുന്നവരാണ്. മറ്റുള്ളവരുടെ പെരുമാറ്റം ഇഷ്ടപ്പെട്ടില്ലെങ്കിൽ മുഖത്തു നോക്കി പറയുന്നതിൽ ഒരൽപം പിന്നോട്ടു പോകുന്നവരാണിവർ, പക്ഷേ ആ വിരോധാഭാസത്തെ മനസിനകത്ത് ഒതുക്കിവയ്ക്കാനുള്ള കഴിവ് ഇല്ലാത്തതുകൊണ്ട് മറച്ചുവയ്ക്കാൻ ശ്രമിച്ചാലും വിരോധം സ്വയം പ്രകടമായിപോകും.

കുട്ടിക്കാലം മുതൽക്കുതന്നെ പലതരം ചുറ്റുപാടുമായും വിവിധ സ്വഭാവക്കാരുമായും ഇടപഴകുന്നതുമൂലം ഇവരുടെ സ്വഭാവത്തിൽ ഒരു അപാകതയുണ്ടായിരിക്കുന്നതാണ്. അതുകൊണ്ടുതന്നെ ജീവിത യാഥാർത്ഥ്യങ്ങളെയും കർക്കശങ്ങളെയും പറ്റി ശരിയായ അനുഭവം ഇവർക്ക് ചെറുപ്പത്തിലെ ഉണ്ടായി കഴിയും. ഇവർ മുൻകോപികളായിരിക്കും, എന്നാല്‍ തെറ്റു മനസ്സിലായാൽ അതിൽനിന്നും പിന്തിരിയുന്നതായിരിക്കും. എപ്പോഴും മനഃപ്രയാസവും ചിന്താകുഴപ്പവും ഇവരെ അലട്ടിക്കൊണ്ടിരിക്കും. ചൊവ്വായ്ക്ക് സുഖസ്ഥാനത്തിന്റെ (4) ആധിപത്യമുള്ളതാകാം ഇതിനു കാരണം. കുടുംബത്തിന്റെ അന്തസ്സും അഭിമാനവും നിലനിർത്തിയേ ഏതു കാര്യത്തിലും പ്രവേശിക്കുകയുള്ളു. ജീവിതത്തിലിവർക്ക് പലതരം കുടുംബക്ലേശവും മാനസികപ്രയാസവും പ്രതിബന്ധങ്ങളെയും തരണം ചെയ്യേണ്ടിവരും.. ഭാഗ്യവും നിർഭാഗ്യവും മാറി മാറി അനുഭവിക്കേണ്ടി വരുന്നു. കൂട്ടുബിസിനസ്സ് നന്നായിരിക്കില്ല. എന്നാലും കൂട്ടുബിസിനസ്സേ ഇവർക്ക് താൽപര്യവും കാണുകയുള്ളു.

ഇവരുടെ ആദര്‍ശങ്ങൾ ശ്രേഷ്ഠമായിരിക്കും. ആഗ്രഹവും ഉയർന്ന നിലവാരത്തിലായിരിക്കും. ആഗ്രഹങ്ങൾ നല്ലതുമായിരിക്കും. മറ്റുള്ളവർക്ക് നന്മ ചെയ്യുന്ന ആഗ്രഹമുണ്ടായിരിക്കും. മതകാര്യത്തിൽ താൽപര്യം കൂടിയിരിക്കും. അതിൽ വിജയിക്കുകയും ചെയ്യും, നിയമത്തിനനുസരിച്ച് ജീവിക്കുന്നവരായിരിക്കും. ഇവർ ഒരു കാര്യത്തിലും പിശുക്കു കാണിക്കില്ല. നേരമ്പോക്കിഷ്ടപ്പെടുന്നു. പ്രസന്നമായ മുഖമായിരിക്കും. ഒരു കാര്യത്തിലും നിരാശരാകില്ല. ശുഭാപ്തിവിശ്വാസം കൂടിയിരിക്കും. ന്യായവും സത്യവും ധർമ്മവും പുലർത്തുന്നവരാണിവർ. ഗുരുജനങ്ങളെ ആദരിക്കുന്നവരാണ്. പിതാവിൽനിന്നും ഗുരുക്കന്മാരിൽനിന്നും ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. പരാക്രമികളായിരിക്കും. എല്ലാകാര്യത്തിലും സമാധാന ബുദ്ധിയോടുകൂടി ഇടപെടും. ശിൽപവേലയിലും ആസ്വദിക്കാനുള്ള സാമർത്ഥ്യവും കഴിവുമുണ്ടായിരിക്കും. ഇവർ പണമുണ്ടാക്കാനേ ആഗ്രഹിക്കൂ. സമുദായ സേവകരായ ഇവർ സമുദായോദ്ധാരണത്തിലും സേവനത്തിലും പുരോഗമനത്തിലും തൽപരരും സമുദായത്തിന്റെ നെടുംതൂണായും നിൽക്കുന്നവരാണ്. വിദ്യാഭ്യാസ സംബന്ധമായ ഏതെങ്കിലും കാര്യത്തിൽ ഇവർക്ക് പ്രത്യേക കഴിവുണ്ടായിരിക്കും. ഈശ്വരഭക്തരുമായിരിക്കും..

നിങ്ങളുടെ ജീവിതത്തിലെ ഭാഗ്യാനുഭവങ്ങള്‍

കാഴ്ചയിൽ അഹങ്കാരികളായി തോന്നുമെങ്കിലും അതിവരുടെ കുടുംബപ്രൗഢിയും ആഢ്യത്വവുമാണ് സൂചിപ്പിക്കുന്നത്. പുരാണത്തിലും ഇതിഹാസത്തിലും വിശ്വാസമുള്ളവരാണിവർ. ധനികരാണെങ്കിലും പിശുക്കരായിരിക്കും. സ്നേഹമായി പെരുമാറുന്നവരോട് തിരിച്ചും സ്നേഹമുണ്ടായിരിക്കും. കാര്യങ്ങൾ ചുറുചുറുക്കോടെ ചെയ്യും. ആരുടെയും കീഴിൽ ജോലി ചെയ്യാൻ ഇഷ്ടപ്പെടുകയില്ല. അലസരായിരിക്കില്ല, വ്യവസായത്തിൽ തൽപരരായിരിക്കും, വലിയ ഉന്നതി ലഭിക്കാറില്ല, ആശ്രിതർ കൂടുതലായിരിക്കും. വിവാഹജീവിതം സുഖകരമായിരിക്കില്ല, ജീവിതത്തിൽ പ്രത്യേക അടുക്കും ചിട്ടയുമുള്ളവരാണിവർ. വരുംവരായ്കകളെ മുൻകൂട്ടി കണ്ടുകൊണ്ടു മാത്രമെ പ്രവർത്തിക്കൂ.

ചിലവു ചുരുക്കല്‍ പരിപാടികൾ ഇവരെ ഏൽപ്പിച്ചാൽ ഭംഗിയായി കൈകാര്യം ചെയ്യും. ശനിയുടെ പ്രഭാവം ഉള്ളതുകൊണ്ട് അലസന്മാരായിരിക്കും. മാത്രമല്ല എഴുത്തുകുത്തുകളും, ഫയലുകളും വച്ചു താമസിപ്പിക്കും. പണം വാങ്ങിയാൽ വളരെ പതുക്കെ മടക്കി കൊടുക്കുകയുള്ളു. നല്ല ധീരന്മാരും സർക്കാർ ആനുകൂല്യമുള്ളവരും, മറ്റുള്ളവരോട് ദയാപൂർവ്വം പെരുമാറുന്നവരും ദാനശീലരും സത്യവാൻമാരും ദേഷ്യക്കാരും കലാസാമർത്ഥ്യമുള്ളവരും നല്ല ഗ്രഹണശക്തിയുള്ളവരുമായിരിക്കും. ചിലർ ജനമദ്ധ്യത്തിൽ പ്രസിദ്ധി നേടുമ്പോൾ മറ്റു ചിലർ കുപ്രസിദ്ധി നേടുന്നവരായിരിക്കും. ഉയർന്ന പദവി അലങ്കരിക്കും ചിലർ. ഇവർക്ക് ധാരാളം ശത്രുക്കളുണ്ടായിരിക്കും, മറ്റുള്ളവരിൽനിന്നും ധാരാളം ഉപദ്രവങ്ങൾ അനുഭവിക്കേണ്ടി വരും. തന്നിൽനിന്നും താഴ്ന്ന നിലവാരത്തിലെ സ്ത്രീയെ വിവാഹം കഴിക്കാൻ സാധിക്കൂ, ചിലരില്‍ ഭാര്യയ്ക്ക് പ്രായം കൂടിയിരിക്കും. ഇഷ്ടപ്പെടാത്തവരോട് അവസരം നോക്കി പകരം വീട്ടുന്നവരാണിവർ. മറ്റുള്ളവർക്ക് പിടിച്ചാലും ഇല്ലേലും ഇവർ പറയേണ്ടത് മുഖത്തുനോക്കി വിളിച്ചു പറയുന്നവരാണിവർ. ഇടുപ്പിനു താഴെയുള്ള അസുഖങ്ങളായിരിക്കും ഇവർക്ക് കൂടുതലും.

ചതിക്കുന്ന സ്വഭാവം ഇവരിലുണ്ടായിരിക്കും. ജാതകപരിശോധനയ്ക്കു ശേഷമെ കൃത്യമായി ചിന്തിക്കാൻ കഴിയൂ. 38 വയസ്സിനുശേഷം ജീവിതത്തിൽ ഉയർച്ചകൾ പ്രതീക്ഷിക്കാം. 28നും 32നും മദ്ധ്യേ ജീവിതത്തിൽ പല പ്രധാന മാറ്റങ്ങളും ഉണ്ടാകാം. ഉത്തരവാദിത്വവും സ്നേഹമുള്ളതുമായ ഭാര്യയെ ഇവർക്ക് ലഭിക്കും. ഭാര്യ പൊതുവിൽ അസുഖക്കാരിയായിരിക്കും. കുട്ടികളിലൂടെയായിരിക്കും ഇവർക്ക് സന്തോഷം കൂടുതലും ലഭിക്കുന്നത്. ലൗകികാസക്തി ഇവരിൽ കൂടിയിരിക്കും, സദാ സഞ്ചാരപ്രിയനായിരിക്കും.

സ്ത്രീകളില്‍ ഉള്ള പല പ്രവൃത്തിയും സംസാരവും പലർക്കും സഹിക്കാനാകാത്തതായിരിക്കും. ദുർവാശിക്കാരും ധീരകൃത്യങ്ങൾ ചെയ്യുന്നവരുമായിരിക്കും. ഇവരുടെ എടുത്തുചാട്ടം ദോഷത്തിൽ കലാശിക്കും. മറ്റുള്ളവരോട് ചാടികടിക്കുന്ന സ്വഭാവമായിരിക്കും. ഇവർ പണ്ടൊരു പഴഞ്ചൊല്ലുപോലെ ഞാൻ പിടിച്ച മുയലിന് രണ്ട് കൊമ്പ് എന്ന പ്രകൃതക്കാരായിരിക്കും. ഈ സ്വഭാവം കാരണം ഇവർക്ക് ഒരുവിധ ഉയർച്ചയും ഉണ്ടാകാതെ ഒരു സാധാരണ ജീവിതത്തിൽ ഒതുങ്ങി കൂടേണ്ടിവരും. ഇവർക്ക് മതസ്ഥാപനത്തിലോ, സ്കൂൾ ടീച്ചറോ, ബാങ്ക് ഉദ്യോഗസ്ഥയോ ആയി സേവനം ലഭിക്കാം. ച/ബുധ യോഗം ജാതകത്തിൽ വന്നാൽ എഴുത്തുകാരിയോ, പബ്ലിഷറോ ആകും. കുടുംബജീവിതം സുഖകരമായിരിക്കില്ല. ഭർത്താവുമായി ചില്ലറപ്രശ്നങ്ങൾ ഉണ്ടാകും. ഇവർ ഈശ്വരഭക്തിയും മനക്കട്ടിയുമുള്ളവരായിരിക്കും. ഗൃഹഭരണ സാമർത്ഥ്യമുള്ളവരായിരിക്കും. സന്ദർഭമോ സാഹചര്യമോ നോക്കാതെ എന്തും വിളിച്ചു പറയുന്നവരായിരിക്കും.. ചുറ്റുപാടു നോക്കാതെയുള്ള സംസാരം ഭർത്താവിൽനിന്നും അകൽച്ചയ്ക്ക് വഴിവയ്ക്കുന്നു.

ഉച്ചക്ഷേത്രമായ ചൊവ്വയുടെയും, സ്ഥിരസ്വഭാവനായ ശനിയുടെ രാശിയായതിനാലും നിർബന്ധബുദ്ധി കൂടുതലായിരിക്കും. ഇവർക്ക് ആരോഗ്യപരമായി വളരെയധികം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. മധുരമായി സംസാരിക്കുന്നവളായിരിക്കും. രക്ഷകർത്താക്കൾക്ക് അപ്രിയരായിരിക്കും ചതിയരായിരിക്കും. കള്ളം പറയുന്നവരായിരിക്കും. രേവതി, ഉതൃട്ടാതി നക്ഷത്രക്കാരുമായുള്ള ബന്ധം സന്തോഷം നൽകുന്നതാണ്.

വിദ്യാഭ്യാസം – വിദ്യാഭ്യാസം പൊതുവെ നല്ലതായിരിക്കും.

തൊഴിൽ – എസ്റ്റേറ്റ്, ഖനി, ഇൻകം ടാക്സ്, ശാസ്ത്രീയ ഗവേഷണം, ധനവിനിയോഗ വകുപ്പ് ചിലവു ചുരുക്കൽ പരിപാടി, പുരാവസ്തു വകുപ്പ്, സ്മാരകങ്ങൾ, ഹോമിയോപ്പതി, ജയിൽ, എൻജിനീയർ, പ്രാചീനഭാഷ, നീതിന്യായം, ജഡ്ജി, രാഷ്ട്രീയം, വ്യവസായം, കപ്പൽ വ്യവസായം, മതം, കയറ്റുമതി, വൈദ്യം, മരുന്നുകൾ, അഭയാർത്ഥി ക്യാമ്പ്, ആശുപത്രി, ജനസേവന സ്ഥാപനങ്ങൾ, കലാരംഗം, മദ്യവ്യാപാരം, കാർപ്പന്റർ, കൺസ്ട്രക്ഷൻ, റവന്യൂവകുപ്പ്, സൈന്യം, വാഹനനിയന്ത്രണം, മൃഗസംരക്ഷണ വകുപ്പ്, ഫോറസ്റ്റ്, ക്ഷേത്രജീവനം, സാമൂഹ്യക്ഷേമവകുപ്പ്, വിഗ്രഹനിർമ്മാണം, തദ്ദേശസ്വയംഭരണം, മത്സ്യ വ്യാപാരം, മലിനീകരണ നിയന്ത്രണവകുപ്പ്, പൊതുമരാമത്ത്, വെള്ളിവ്യാപാരം

ആരോഗ്യം – മൂലം നക്ഷത്രത്തിൽ പറഞ്ഞവയും ശ്വാസകോശരോഗം, മാറാരോഗങ്ങൾ, പാണ്ടുരോഗം, ദന്തരോഗം, വാതം, പക്ഷാഘാതം, ഉദരരോഗം, കാൽമുട്ട്, ചിരട്ട എന്നിവയിലെ അസുഖം, നാഡീരോഗം, അസ്ഥികള്‍ പൊട്ടൽ, ശരീരശോഷണം, ബോധക്കേട്, രക്തരോഗങ്ങൾ, ആസ്മ, മലബന്ധം, ആമാശയരോഗം, ഹെർണിയ, ജനനേന്ദ്രിയരോഗങ്ങൾ, കാലിന് പരാലിസിസ്, കണ്ണിനസുഖങ്ങൾ.

വിവാഹത്തിനനുകൂല നക്ഷത്രങ്ങൾ – രോഹിണി 6, തിരുവാതിര 7, പൂയം 6, ആയില്യം 6, ഉത്രം 8, അത്തം 6, ചിത്തിര 5, വിശാഖം 5, പൂരാടം 7, ചതയം 5

പ്രതികൂല നക്ഷത്രങ്ങൾ – മകയിരം, പുണർതം, മകം, പൂരം, അവിട്ടം, പൂരുരുട്ടാതി, രേവതി, അശ്വതി, ചോതി, അനിഴം, മൂലം

അനുകൂലദിവസം – ഞായർ, തിങ്കൾ, വെള്ളി

പ്രതികൂലദിവസം – വ്യാഴം, ബുധൻ

അനുകൂല തിയതി – 1, 10, 19, 28

പ്രതികൂല തിയതി – 6, 15, 24

നിർഭാഗ്യ നിറം – കറുപ്പ്, നീല

അനുകൂല നിറം – മഞ്ഞ, കാവി

നിർഭാഗ്യ മാസം – ചിങ്ങം, മകരം, ധനു

ഭാഗ്യമാസം – മീനം, മേടം, മിഥുനം, തുലാം, വൃശ്ചികം

ഭാഗ്യദേവത – ശിവൻ

ദോഷദശകൾ – ചൊവ്വ, വ്യാഴൻ, ബുധൻ

നക്ഷത്രദേവത – വിശ്വദേവ

പഞ്ചപ്പക്ഷി – കോഴി

മൃഗം – ആൺകീരി

ശുഭകാര്യങ്ങൾക്ക് – തിരുവോണം, രേവതി, അശ്വതി, രോഹിണി, ഉത്രം, അത്തം, ചിത്തിര, ചോതി

ജീവിതവിജയത്തിന് – മൂന്ന് നേരം ദിവസവും നെയ്യ്‌വിളക്ക് വീട്ടിൽ കത്തിക്കുക, മാസത്തിൽ രണ്ട് ദിവസം കടുംപായസമോ അരവണപ്പായസമോ വീട്ടിൽ നടത്തുക. കൽക്കണ്ടവും ഉണക്ക മുന്തിരിയും വച്ച് നരസിംഹമൂർത്തിയെ മനസ്സിൽ പ്രാർത്ഥിക്കുക.

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.