Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തൃട്ടാതി നക്ഷത്രക്കാരുടെ സ്വഭാവം...

ജ്യോതിഷം നക്ഷത്രഫലം

അഹിർ ബുധ്നിജ മാനവോ മൃദു ഗുണ സ്ത്യാഗി ധനി പണ്ഡിത:

നക്ഷത്രാധിപൻ ശനിയും രാശ്യാധിപൻ വ്യാഴവുമാണ് ഉത്തൃട്ടാതി നക്ഷത്രത്തിന്റേത്ഇരുപത്തിയാറാമത് നക്ഷത്രമാണ്. ഉത്തരഭദ്ര പദം എന്ന സംസ്കൃതനാമം രാശി ചക്രത്തിൽ 333 ഡിഗ്രി 20 മിനിട്ടിനും 346 ഡിഗ്രി 40 മിനിട്ടിനും ഇടയിൽ വ്യാപിച്ചു കിടക്കുന്നു. നക്ഷത്ര മൃഗം-പശു, വൃക്ഷം-കരിമ്പന, ഗണം-മനുഷം, യോനി-സ്ത്രീ, പക്ഷി-മയിൽ നക്ഷത്ര ദേവത അഗിർ ബുധ്നി. ഇതൊരു മധ്യമരജ്ജു നക്ഷത്രവും വസുപഞ്ചക നക്ഷത്രവുമാണ്. ഊൺ നാളാകയാൽ എല്ലാ ശുഭ കർമ്മങ്ങൾക്കും നന്ന്, വിശേഷിച്ചു ദേവ പ്രതിഷ്ഠ, വിവാഹം, ഗൃഹാരംഭം എന്നിവ. 

ഈ നക്ഷത്രത്തിൽ ജനിച്ചവർ ധീരന്മാരും ഈശ്വര വിശ്വാസികളും ഭംഗിയായി സംസാരിക്കുന്നവരും ആയിരിക്കും. എത്ര കുഴപ്പം പിടിച്ച സാഹചര്യത്തിലും സമചിത്തതയോടെ ആത്മസംയമനം പാലിക്കുകയും പ്രതിസന്ധികളെ ധീരമായി തരണം ചെയ്യുകയും ചെയ്യും. ഇവരുടെ മനസിലെ ചിന്തകൾ പെട്ടെന്നു മനസിലാക്കാൻ കഴിയില്ല. ധീരത പ്രകടിപ്പിക്കുമെങ്കിലും അലസതയും ഇവർക്കുണ്ടാകും. സ്വയം പ്രവർത്തിക്കാതെ മറ്റുള്ളവരെ കൊണ്ടു ജോലി ചെയ്യിക്കാൻ മിടുക്കുള്ളവരാണ്. എങ്കിലും എല്ലാവരോടും സ്നേഹമായി പെരുമാറുകയും ആർക്കും ഉപദ്രവമുണ്ടാകാതിരിക്കാനും ശ്രദ്ധിക്കും. ചെറിയ കാര്യം കൊണ്ടു തന്നെ പിണങ്ങുകയും കലഹിക്കുകയും ചെയ്യും. പക്ഷേ അധികം നീണ്ടു നിൽക്കില്ല. മാതാപിതാക്കളോട് വളരെ സ്നേഹവും ബഹുമാനവും ഉണ്ടായിരിക്കും. സ്വന്തക്കാരോട് അത്ര അടുപ്പം കാണില്ല. ഒരു 

കാര്യം തുടങ്ങി വച്ചാൽ അവസാനിക്കും വരെ കഠിനമായി പ്രവർത്തിക്കും. ഔദ്യോഗിക രംഗത്ത് ശോഭിക്കും. സ്നേഹിക്കുന്നവർക്കുവേണ്ടി എന്തും സഹിക്കുവാൻ തയാറാക്കും. പിണങ്ങിയാൽ പിന്നെ നോക്കുകയേ വേണ്ട, എത്ര കർശനമായി പെരുമാറാവോ അത്രയും വിരോധം കാണിക്കും. സാമ്പത്തിക ഉയർച്ചയിൽ സന്തോഷിക്കുകയോ ഇല്ലായ്മയിൽ സങ്കടപ്പെടുകയോ ഇല്ല. എല്ലാം സമചിത്തതയോടെ തരണം ചെയ്യും.

ശുക്രൻ ഈ രാശിയിൽ ഉച്ചം വരികയാൽ ഇവർ കലകളോട് ആഭിമുഖ്യമുള്ളവരായിരിക്കും. സർഗവാസനകൾ ഉള്ളിൽ കൊണ്ടു നടക്കും. അൽപം കൂടുതൽ ധനം ചെലവാക്കുന്ന ശീലമുള്ളവരായിക്കാണാം. ധന വിനിയോഗത്തിൽ ശ്രദ്ധിക്കുന്നത് നന്ന്. ഇവർ സ്വപ്രയത്നം കൊണ്ട് ഉയർച്ചയും പ്രശസ്തിയും നേടും. അധ്യാപനത്തിനും ഉപദേശിക്കുന്നതിലും വലിയ താൽപര്യം കാണും. ഗുരുവിന്റെ രാശിയാണല്ലോ, സന്തുഷ്ട കുടുംബജീവിതം നയിക്കാൻ ഇവർക്കാവും. വിട്ടുവീഴ്ചാ മനോഭാവം കൂടുതലുള്ളതിനാൽ ജീവിത പങ്കാളിയുമായി സ്നേഹത്തിൽ കഴിയാൻ ബുദ്ധിമുട്ടു വരാറില്ല. വിവാഹം ജീവിതത്തിന്റെ വഴിത്തിരിവു ആകുകയും അതിനുശേഷം കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും. ബന്ധു ബലം കൊണ്ട് വളരെ അധികം ഗുണങ്ങൾ ഉണ്ടാകും. വിവാഹശേഷം നാട്ടിൽ നിന്നും മാറി അകന്ന് പോകുവാൻ സാധ്യതയുണ്ട്. ദുരസ്ഥലത്ത് സുഖ ജീവിതം നയിക്കും. പങ്കാളി മനസിനിണങ്ങിയതും കുടുംബ ഭരണ ചാതുര്യമുള്ളവളുമായിരിക്കും കുലീനതയുള്ളവരായിരിക്കും സന്താനങ്ങളെകൊണ്ടുള്ള സൗഭാഗ്യത്തിനും യോഗമുണ്ട്.

ഈ നക്ഷത്രത്തിലെ സ്ത്രീകൾക്ക് ഇവർ ജനിക്കുന്ന കുലം ഐശ്വര്യവും സമൃദ്ധിയും ഉള്ളതായിരിക്കും. വളരെ മാന്യമായി പെരുമാറുവാൻ കഴിയുന്ന ഇവർക്ക് ആവശ്യത്തിനുള്ള സൗന്ദര്യവും ആരോഗ്യവും ഉണ്ടായിരിക്കും. ഈശ്വര വിശ്വാസികളായ ഇവർ ആഡംബര പ്രിയത്വം കുറഞ്ഞവരും ഉദാരമനസ്കരും ആയിരിക്കും. 

ഉത്തൃട്ടാതി നക്ഷത്രക്കാരുടെ ആരോഗ്യം പൊതുവേ മെച്ചമായിരിക്കും സാമാന്യം പുഷ്ടിയുള്ള ശരീര പ്രകൃതിയും വ്യായാമങ്ങളിലും കായിക വിനോദങ്ങളിലും താൽപര്യവും ഉണ്ടായിരിക്കും. പത്ത് വയസുവരെ ചെറിയ തോതിൽ രോഗങ്ങൾ അലട്ടും, പക്ഷേ ഇക്കാലത്ത് കുടുംബത്തിന് അഭിവൃദ്ധിയുണ്ടാകും. പത്തു മുതൽ ഇരുപത്തിയേഴുവരെയുള്ളകാലം ഭാവി ജീവിതത്തിന് ഉതകുന്ന രീതിയിൽ ഉള്ള വിദ്യാഭ്യാസം ലഭിക്കും. ഉന്നത വിദ്യാഭ്യാസം, മെച്ചമായ ജോലി, ഉയർന്ന പദവിയിലുള്ളവരുമായി സ്നേഹബന്ധം തുടങ്ങിയവ ഇക്കാലത്ത് അനുഭവമാക്കും. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഇക്കാലം ഗുണകരമാണ്. 34ാം വയസ്സിൽ രോഗ പീഡകൾ, അപകടങ്ങൾ, ആപത്തുകൾ ഇവയ്ക്ക് സാധ്യത. മുപ്പത്തിനാല് മുതൽ അൻപത്തിനാല് വരെ ഗുണദോഷ സമ്മിശ്രമായ കാലമായിരിക്കും. വ്യവസായം, കൃഷി എന്നിവയിൽ നിന്നും ധനലാഭം ഉണ്ടാവും. ആരോഗ്യം മധ്യമം. 

ശാസ്ത്ര സാങ്കേതികം, അഭിഭാഷക വൃത്തി, ആരോഗ്യ മേഖല, രാഷ്ട്രീയം, ആത്മീയ മേഖല, അധ്യാപക വൃത്തി ഇവയിൽ ശോഭിക്കാൻ കഴിയുന്ന മണ്ഡലങ്ങളാണ്. പൂരം , കാർത്തിക, മകയിരം എന്നീ നക്ഷത്രങ്ങളും ചിത്തിര അവസാന പകുതി ചോതി, വിശാഖം ആദ്യ മൂന്നു പാദങ്ങൾ എന്നിവ പ്രതികൂല നക്ഷത്രങ്ങളാണ്. കേതു സൂര്യൻ, ചൊവ്വ എന്നീ ദശാകാലങ്ങളിൽ വിധി പ്രകാരമുള്ള പരിഹാര കാര്യങ്ങൾ അനുഷ്ഠിക്കേണ്ടതുണ്ട്.

ഉത്രട്ടാതി, പൂരം, അനിഴം എന്നീ ദശാകാലങ്ങളിൽ ക്ഷേത്ര ദർശനവും പൂജാദികാര്യങ്ങൾക്കും ഉത്തമം. ജന്മ നക്ഷത്രം തോറും ശനീശ്വര പൂജയും അന്നദാനം നടത്തുകയും രാശിനാഥനായ വ്യാഴ പ്രീതിയ്ക്കുള്ള കാര്യങ്ങളും അനുഷ്ഠിക്കേണ്ടതാണ്. വിഷ്ണു പൂജയും വിഷ്ണു സഹസ്ര നാമ ജപവും നല്ലതാണ്.

ഓം അഹിർബുധ്ന്യായ നമഃ എന്നു ജപിക്കുന്നത് ഉത്തമം.

 

ലേഖനം തയ്യാറാക്കിയത്

 

ഗീതകുട്ടി

ലക്ഷ്മീനാരായണ കൊടുങ്ങൂർ

9656132213

sreelakshminarayananastro@gmail.com

Your Rating: