Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാഴമാറ്റഫലം 2016-2017

വ്യാഴമാറ്റഫലം 2016

വ്യാഴം ചിങ്ങം രാശിയിൽ നിന്നും കന്നി രാശിയിലേക്ക് മാറുന്നത് ഓഗസ്റ്റ് പതിനൊന്നിനാണ് . വ്യാഴം കന്നി രാശിയിൽ ഏറെക്കുറെ ഒരു വർഷം ഉണ്ടായിരിക്കും. കന്നിരാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ഫലശേഷിയാണ് ഇതിൽ. ഓഗസ്റ്റ് 11ന് രാത്രി 8 മണി 46 മിനിറ്റിന് ഗുരു കന്നിരാശിയിൽ പ്രവേശിക്കുന്നു. ഓരോ രാശിയുടെയും ഫലങ്ങൾ.

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

ഗുരു ലഗ്നത്തിന്റെ 6ലും രാഹു 5ലും ശനി 8ലും കേതു 11ലുമായി സഞ്ചരിക്കുന്നു. പല ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. സുഖഭോഗലബ്ധി പ്രതീക്ഷിക്കാം. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. ഭാര്യയുടെ വശ്യതയും നയപരമായ സംസാരത്താൽ അയൽവാസികൾക്ക് പ്രിയമുള്ളവരാകും. സൽക്കർമങ്ങള്‍ ചെയ്യും. ഉദരസംബന്ധമായ രോഗം വരാനിടയുണ്ട്. സർക്കാർ ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളാൽ ചില പ്രശ്നങ്ങള്‍ ഉണ്ടാകും. രാഷ്ട്രീയ നേതാക്കൾക്ക് സമയം അത്ര നന്നല്ല. പുത്രന്മാർക്ക് പഠനത്തിനും മറ്റു കാര്യങ്ങൾക്കും അധികം ചെലവ് ഉണ്ടാകും. കഠിനമായി പ്രയത്നിക്കും. മനസ്സിൽ സമാധാനക്കുറവ് അനുഭവപ്പെടും. ബന്ധുക്കളുമായി സ്വരച്ചേർച്ചക്കുറവ് ഉണ്ടാകും. വിനോദയാത്രയ്ക്കുള്ള സന്ദർഭം വന്നുചേരും.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

5ൽ ഗുരുവും 7ൽ ശനി കുജനും 4ൽ രാഹുവും 10ൽ കേതുവും സഞ്ചരിക്കുകയാൽ സർക്കാർ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലമാറ്റവും പദവി ഉയർച്ചയും ലഭ്യമാകും. ജ്ഞാനം വർദ്ധിക്കുന്നതാണ്. സുഹൃത്തുക്കളാൽ പലവിധ നന്മകൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് ഉന്നത മാർക്കോടുകൂടി വിജയിക്കും. ധനാഗമനവും മാനസിക സന്തോഷവും ലഭ്യമാകുന്നതാണ്. ചിലർക്ക് സന്താനലബ്ധിക്കുള്ള സമയമായി കാണുന്നു. ഉദരസംബന്ധമായ രോഗം വരാനിടയുണ്ട്. ആത്മവിശ്വാസം ഉണ്ടാകുന്നതായിരിക്കും. പിതാവിന് അസുഖങ്ങൾ വരാവുന്നതാണ്. ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടും. പ്രവൃത്തികളും ജീവിതശൈലിയും ഉന്നതമായിരിക്കും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. വരുന്ന കഷ്ടങ്ങളെ നേരിടുന്നതിനുള്ള കഴിവും സാമർത്ഥ്യവും ഉണ്ടാകും.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

4ൽ ഗുരുവും 3ൽ രാഹുവും 6ൽ ശനിയും 9ൽ കേതുവും സഞ്ചരിക്കുകയാൽ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ഭാര്യയ്ക്കും മാതാവിനും അനുകൂലമായ സമയമാണ്. അനുസരണയുള്ള ഭൃത്യന്മാർ ലഭ്യമാകും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കളാൽ പലവിധ നേട്ടങ്ങൾ ലഭ്യമാകുന്നതാണ്. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടും. സ്വന്തമായി കോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ച നേട്ടം ലഭ്യമാകും. അരി, ധാന്യങ്ങൾ, സുഗന്ധദ്രവ്യങ്ങൾ ശേഖരിച്ച് അധികവിലയ്ക്ക് വിൽക്കുന്നതാണ്. പാർട്ടി പ്രവർത്തകർക്ക് അനുകൂല സമയമാണ്. സന്താനങ്ങൾക്ക് ഉദ്യോഗം ലഭിക്കുക, വിവാഹം തീർച്ചപ്പെടാനുള്ള സന്ദർഭം കാണുന്നു. നേത്രരോഗം, പൂർവ്വിക ഭൂസ്വത്തുക്കൾ വിൽക്കാവുന്നതാണ്. ശത്രുക്കളെ പരാജയപ്പെടുത്തുന്നതായിരിക്കും.

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

3ൽ ഗുരുവും 2ൽ രാഹുവും 5ൽ ശനിയും 8ൽ കേതുവും സഞ്ചരിക്കുകയാൽ സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. സ്വതന്ത്രമായി എല്ലാകാര്യങ്ങളിലും തീരുമാനം എടുക്കും. സഹോദരങ്ങൾ പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യും. മനോദുഃഖം അനുഭവപ്പെടും. ബന്ധുക്കളുടെ ഉപദേശം കേൾക്കുന്നതല്ല. പുസ്തകം എഴുതുന്നവർക്ക് അനുകൂലമായ സമയമാണ്. സ്ത്രീകളോടും ഭാര്യയോടും അനുകമ്പയും സ്നേഹവും പ്രകടിപ്പിക്കും. വിനോദയാത്രയ്ക്കുള്ള അവസരപ്രാപ്തിയുണ്ടാകും. ഭക്തി മാർഗ്ഗത്തിൽ മനസ്സ് ചെല്ലുന്നതാണ്. പൊതുമേഖലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്. വാഹനം, വസ്തുക്കള്‍ വാങ്ങാവുന്നതായിരിക്കും. മനോചഞ്ചലം അനുഭവപ്പെടും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

2ൽ ഗുരുവും ചന്ദ്ര ലഗ്നത്തിൽ രാഹുവും 7ൽ കേതുവും 4ൽ ശനി കുജനോട് ബന്ധപ്പെട്ട് നിൽക്കുകയാൽ വിദേശത്ത് ജോലിക്കായി പരിശ്രമിക്കാവുന്നതാണ്. നിലം, വസ്തുക്കളാൽ വരുമാനം വർദ്ധിക്കും. ഭൂ ഇടപാടുകാർക്ക് തൊഴിലഭിവൃദ്ധിയുണ്ടാകും. മനോവ്യാകുലത അനുഭവപ്പെടും. ഗൃഹം നിർമ്മിക്കാവുന്നതാണ്. ത്യാഗമനസ്കതയോടുകൂടി പ്രവർത്തിക്കും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. അയൽവാസികളുമായി മാധുര്യവും വശ്യതയാർന്ന സംസാരത്താൽ പ്രിയമുള്ളവരാകും. മോഷണ ഭയം അനുഭവപ്പെടും. ജലത്തിനാലും യാത്രകളിലും ഭയം അനുഭവപ്പെടുന്നതാണ്. അനുയോജ്യമല്ലാത്ത സ്ത്രീകളുമായി ബന്ധം പുലർത്തും. പുനർവിവാഹത്തിനായി പരിശ്രമിക്കുന്നവർക്ക് വിവാഹം തീർച്ചപ്പെടും. സന്താനങ്ങൾക്ക് കാര്യതടസ്സം അനുഭവപ്പെടുന്നതായിരിക്കും.

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

ലഗ്നത്തിൽ ഗുരുവും 12ൽ രാഹുവും 6ൽ കേതുവും 3ൽ ചൊവ്വ ശനിയോട് ബന്ധപ്പെട്ട് നിൽക്കുകയാല്‍ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. എല്ലാ കാര്യങ്ങളും സാമർത്ഥ്യമായി ചെയ്തു തീർക്കും. നവദമ്പതികൾക്ക് പുത്രലബ്ധിക്കുള്ള അവസരമായി കാണുന്നു. വാഹനം, വസ്തുക്കൾ വാങ്ങാവുന്നതാണ്. വിദ്യാർത്ഥികൾ നല്ല മാർക്കോടുകൂടി വിജയിക്കും. സഹോദരഐക്യം കുറയാനുള്ള സാധ്യത കാണുന്നു. ദാനധർമ്മങ്ങൾ ചെയ്യും എന്നാൽ പ്രവൃത്തികൾ സംതൃപ്തി ലഭ്യമല്ല. രാഷ്ട്രീയമേഖലയിൽ പ്രശസ്തിയും ജനപ്രീതിയും ലഭിക്കുന്നതായിരിക്കും. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടും. സന്താനങ്ങൾക്ക് ഉദ്യോഗം ലഭിക്കുക, വിവാഹം തീർച്ചപ്പെടാനുള്ള സാധ്യത കാണുന്നു. അപ്രതീക്ഷിതമായി ചെലവുകൾ വരാനിടയുണ്ട്.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

2ൽ ഗുരുവും 11ൽ രാഹുവും 5ൽ കേതുവും 2ൽ കുജനും ശനിയും ബന്ധപ്പെട്ട് നിൽക്കുകയാൽ വിദ്യാഭ്യാസ പുരോഗതിയും പ്രശസ്തിയും ലഭ്യമാകുന്നു. പുത്രലബ്ധിക്കുള്ള സന്ദർഭം കാണുന്നു. വ്യാപാര സ്ഥാപനങ്ങൾ, യന്ത്രശാലകൾ മുതലായവയിൽ വരുമാനം വർദ്ധിക്കും. ഹിന്ദുക്കൾ അല്ലാത്തവരുടെ ധനം വന്നുചേരും. അന്യർക്ക് സഹായ സഹകരണങ്ങൾ ചെയ്യുകയും തന്മൂലം തനിക്കും നന്മയുണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്തും. ഇലക്ട്രിക്, ഇലക്ട്രോണിക്സ് സംബന്ധമായി ജോലി ചെയ്യുന്നവർക്ക് മികച്ച നേട്ടം കൈവരിക്കും. കുടുംബത്തിൽനിന്നും യാതൊരു സൗജന്യവും ലഭ്യമല്ല. ചീത്ത സൗഹൃദബന്ധം പുലർത്തും. സുഹൃത്തുക്കളാല്‍ ധനനഷ്ടം വരാനിടയുണ്ട്. ബന്ധുക്കളുമായി അകൽച്ചയുണ്ടാകും. പിതാവിനും മാതാവിനുമായി അൽപം ധനം നഷ്ടപ്പെടുന്നതായിരിക്കും.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

11ൽ ഗുരുവും 10ൽ രാഹുവും 4ൽ കേതുവും ലഗ്നത്തിൽ കുജൻ ശനിയുമായി ബന്ധപ്പെട്ട് നിൽക്കുകയാല്‍ അഡ്വക്കറ്റുമാർക്ക് പല കേസുകളും വിജയിക്കും. യുദ്ധത്തിൽ (വഴക്കിന്) മനസ്സ് ചെല്ലും. അന്യർക്കുവേണ്ടി ജോലി ചെയ്യും. ഗുസ്തി, കബഡി ചാമ്പ്യന്മാർക്ക് അനുകൂല സമയമാണ്. മാതാപിതാക്കളാൽ മാനസിക സന്തോഷം ലഭിക്കുന്നതല്ല. മറ്റുള്ളവരുടെ ധനം ധാരാളം വന്നുചേരും. കുട്ടികൾ വീണ് മുറിയാതെ ശ്രദ്ധിക്കുക. വസ്തുക്കളിൽനിന്നും ചില നഷ്ടങ്ങള്‍ വരാവുന്നതാണ്. അയൽവാസികളുമായി പിണക്കം വരാതെ ശ്രദ്ധിക്കുക. പല മേഖലകളിലും വരുമാനം വന്നുചേരും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ ലഭ്യമാകും. സ്വന്തമായി കോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ ചെയ്യുന്നവർക്ക് ലാഭം ഉണ്ടാകും. വാതം, സന്ധിവേദന വരാതിരിക്കാൻ ശ്രദ്ധിക്കണം.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

10ൽ ഗുരുവും 9ൽ രാഹുവും 3ൽ കേതുവും 12ൽ കുജനും ശനിയും ബന്ധപ്പെടുകയാൽ എല്ലാവിധ ഭാഗ്യാനുഭവങ്ങളും ലഭ്യമാകും. അധ്യാപകവൃത്തിക്കായി പരിശ്രമിക്കുന്നവർക്ക് ലഭിക്കുന്നതാണ്. മാതാപിതാക്കളെ പ്രശംസിക്കും. അയൽവാസികളുമായി അതിർത്തി തർക്കം വരാനിടയുണ്ട്. ബ്രാഹ്മണരെയും സന്യാസിമാരെയും സഹായിക്കുകയും ബഹുമാനിക്കുകയും ചെയ്യും. നേരായ ചിന്തനകൾ ഉണ്ടാകും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. സഹോദരഐക്യം കുറയുന്നതായിരിക്കും. ഉന്നതമായ ജീവിതലബ്ധിയുണ്ടാകും. പുണ്യകർമങ്ങൾ ചെയ്യുന്നതാണ്. പിതാവിനാൽ നന്മകൾ കുറയും. സന്താനങ്ങളാൽ നന്മ കുറയും. വ്യാപാര വ്യവസായ മേഖലകളിൽ പ്രതീക്ഷിച്ച ലാഭം ലഭ്യമാകും.

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

2ൽ കേതുവും 8ൽ രാഹുവും 9ൽ ഗുരുവും 11ൽ കുജൻ ശനിയോടു ബന്ധപ്പെടുകയാൽ തൊഴിലഭിവൃദ്ധിയുണ്ടാകും. ശരീരസുഖം ലഭ്യമാകുന്നതായിരിക്കും. വസ്തുക്കൾ വാങ്ങാവുന്നതാണ്. എണ്ണ, ഉരം മുതലായ കമ്പനികളിൽ വരുമാനം വർദ്ധിക്കും. കമ്പനി ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭിക്കാനിടയുണ്ട്. ചിട്ടി, സ്വന്തമായി ബാങ്ക് ഉള്ളവർക്ക് തിരികെ ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാകും. സൽപ്രവൃത്തികൾ ചെയ്യുമെങ്കിലും പ്രവൃത്തികളിൽ തരകുറവ് അനുഭവപ്പെടും. പണപഴക്കം അധികരിക്കും. ധനം എത്രവന്നാലും കഠിനമായ ചെലവും വന്നുചേരും. മാതാപിതാക്കൾക്ക് അസുഖം വരാനിടയുണ്ട്.

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

ലഗ്നത്തിൽ കേതുവും 7ൽ രാഹുവും 8ൽ ഗുരുവും 10ൽ കുജനും ശനിയും സഞ്ചരിക്കുകയാൽ പട്ടാളത്തിലോ പൊലീസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ജോലി ലഭിക്കും. യന്ത്രശാലകളിൽ വരുമാനം വർദ്ധിക്കും. ലോഹങ്ങളാലും അഗ്നിസംബന്ധമായും തൊഴിലുകൾ അഭിവൃദ്ധിയുണ്ടാകും. വാഹനം, ഇരുമ്പുകടകളിൽ വ്യാപാര വർദ്ധനയുടെ സമയമായി കാണുന്നു. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. വിഷസംബന്ധമായ രോഗങ്ങൾ വരാനിടയുണ്ട്. സഹോദരഐക്യം കുറയുന്നതായിരിക്കും. ചുറുചുറുപ്പായി എല്ലാ ജോലികളും ചെയ്തു തീർക്കും. പ്രശംസനീയരാൽ പ്രശംസിക്കപ്പെടും. പൊതുമേഖലാരംഗത്തും പ്രതീക്ഷിച്ച നേട്ടം ലഭ്യമാകും.

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്തൃട്ടാതി, രേവതി)

7ൽ ഗുരുവും 9ൽ കുജനും ശനിയും 6ൽ രാഹുവും 12ൽ കേതുവും സഞ്ചരിക്കുകയാൽ ധനവർദ്ധനയും സന്തോഷവും പ്രതീക്ഷിക്കാവുന്നതാണ്. പുത്രലബ്ധിക്കുള്ള സമയമായി കാണുന്നു. സഹോദരങ്ങൾക്ക് പലവിധ വൈഷമ്യങ്ങളുണ്ടാകും. കഠിനമായ പ്രവൃത്തികൾ ചെയ്യും. സാമർഥ്യവും കഴിവും ഉള്ളവർ സഹായികളായി വന്നുചേരും. അരി തുടങ്ങിയ ധാന്യങ്ങൾ മൂലം വ്യാപാരം ചെയ്യുന്നവർക്ക് മികച്ചനേട്ടം ലഭ്യമാകും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും.. സർക്കാരിൽ പെൻഷൻ, ലോൺ മുതലായവയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കാനിടയുണ്ട്. ഉദാരമായ മനസ്കതയോടുകൂടി പ്രവർത്തിക്കും. ജീവിതപുരോഗതിക്കായി പരിശ്രമിക്കുന്നതാണ്.

ലേഖകൻ

Prof. DESIKOM REGHUNADHAN

DESICOM

Near Sastha Temple Arasuparambu

Nedumangad, TVM-Dist.

Kerala, South India

Pin- 695 541, Tel: 0472 2813401

Your Rating: