Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ്ണ നക്ഷത്രഫലം കൊല്ലവർഷം 1191

1191-yearly-star-prediction

1191-ാം മാണ്ട് ചിങ്ങമാസം ഒന്നിനു പുതുവർഷം പിറക്കുകയാണ്. അശ്വതി മുതൽ രേവതി വരെയുള്ള നാളുകാർക്ക് ഇൗ വര്‍ഷം അനുഭവവേദ്യമാകുന്ന പൊതുഫലങ്ങളാണ് ഇവിടെ പ്രവചിക്കുന്നത്. ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ ഒാരോരുത്തരിലും മാറിമാറി അനുഭവപ്പെടാം. നിത്യമായ ദേവതാ ഭജനവും ദേവാലയദർശനവും പ്രാര്‍ഥനയും ഗുണഫലങ്ങൾ വർധിപ്പിക്കാനും ദോഷഫലങ്ങൾ കുറയ്ക്കാനും സഹായിക്കും.

ഒാരോ നക്ഷത്രങ്ങളുടെയും മൃഗപക്ഷിവൃക്ഷാദികളുടെ വിവരങ്ങളും ഇതോടൊപ്പം ചേർക്കുന്നു. അവരവരുടെ നക്ഷത്രങ്ങൾക്കു പറഞ്ഞിരിക്കുന്ന മൃഗത്തേയും പക്ഷിയേയും ഉപദ്രവിക്കാതെ സംരക്ഷിക്കുകയും വൃക്ഷത്തെ മുറിക്കാതെയും നശിപ്പിക്കാതെയും പരിപാലിക്കുകയും ഭൂതത്തെയും ദേവതയെയും ദിനവും ഭക്തിയോടെ പൂജിക്കുകയും ചെയ്താൽ ആയുസ്സും സമ്പത്തും െഎശ്വര്യങ്ങളും വര്‍ധിക്കും.

അശ്വതി

ദേവത: അശ്വനി ദേവകൾ

ഗണം: ദൈവം

ഭൂതം:ഭൂമി

മൃഗം: കുതിര

പക്ഷി: പുള്ള്

വൃക്ഷം: കാഞ്ഞിരം

അശ്വതി നക്ഷത്രക്കാർ ശരാശരിയിൽ കൂടുതൽ അറിവുള്ളവരായിരിക്കും. ഇൗ നക്ഷത്രക്കാർ പൊതുവെ ധീരന്മാരും അഭിമാനികളും മാന്യന്മാരും എല്ലാ കാര്യത്തിലും വിദഗ്ധരും കുടുംബത്തിൽ ബഹുമാനിക്കപ്പെട്ടവരും ആയിരിക്കും. സ്വന്തം കടമകളിൽ തികഞ്ഞ ഉത്തരവാദിത്തബോധം കാണിക്കും. അശ്വതി നക്ഷത്രക്കാർക്കു പൊതുവെ മദ്യപാനത്തോടു കൂടുതൽ താത്പര്യം കാണും. ഏതായാലും ദ്രവഭക്ഷണമാണ് ഇക്കൂട്ടർ കൂടുതൽ ഇഷ്ടപ്പെടുക.

പുതുവർഷഫലം

അനാരോഗ്യത്താൽ ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാൻ കാലതാമസം നേരിടും. പ്രാണായാമം, വ്യായാമം, യോഗാഭ്യാസം തുടങ്ങിയ ജീവിതചര്യയിൽ ഉൾപ്പെടുത്തുന്നത് ക്ഷീണാവസ്ഥകളെ അതിജീവിക്കാൻ സഹായിക്കും. അനാവശ്യമായ ആധി ഒഴിവാക്കണം. പണം കടം കൊടുക്കുക, ജാമ്യം നിൽക്കുക, സംയുക്തസംരംഭങ്ങളിൽ ഏർപ്പെടുക, സ്വന്തം ചുമതലകൾ അന്യരെ ഏല്പിക്കുക തുടങ്ങിയ ഇൗ വര്‍ഷം അരുത്. ഒൗദ്യോഗികതലത്തിൽ ചുമതലകളും യാത്രാക്ലേശവും അധികാരപരിധിയും വർധിക്കും. രേഖയില്ലാത്ത പണമിടപാടുകളിൽ കഷ്ടനഷ്ടങ്ങളും മാനഹാനിയും വന്നുചേരും. വ്യപാര വ്യവസായ മേഖലകളിൽ പുരോഗതിയുണ്ടാകുമെങ്കിലും സാമ്പത്തിക നേട്ടം കുറയും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമം നിർവഹിക്കും. പദ്ധതി സമർപ്പണം, നറുക്കെടുപ്പ്, കലാകായികമത്സരങ്ങൾ, സുപ്രധാനമായ പരീക്ഷണ നിരീക്ഷണങ്ങൾ, കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ വിജയം കൈവരിക്കും. അവിചാരിതമായി വിദേശ ഉദ്യോഗം നഷ്ടപ്പെടും. കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിപ്പിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. ആഗ്രഹസാഫല്യമുണ്ടാകും. അദൃശ്യമായ ഇൗശ്വര സാന്നിധ്യം അനുഭവപ്പെടും. ഇൗശ്വരപ്രാർഥനകളാലും വിദഗ്ധ ചികിത്സകളാലും വിശ്രമത്താലും സന്താനഭാഗ്യമുണ്ടാകും. ദീര്‍ഘകാല വീക്ഷണത്തോടെ പദ്ധതികൾ വിഭാവനം ചെയ്യും . ഉദര-നീര്‍ദോഷ രോഗങ്ങള്‍ക്ക് ഭക്ഷണ ക്രമീകരണം ശീലിക്കും. മംഗള കർമങ്ങള്‍ക്ക് ആചാര്യസ്ഥാനം വഹിക്കാനിട വരും. ഭക്ഷ്യ വിഷബാധയേൽക്കാതെ സൂക്ഷിക്കണം. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂല സാഹചര്യ മുണ്ടാകും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനുചേരും.

ഭരണി

ദേവത: യമൻ

ഗണം: മാനുഷം

ഭൂതം:ഭൂമി

മൃഗം: ആന

പക്ഷി: പുള്ള്

വൃക്ഷം:നെല്ലി

ഭരണി നക്ഷത്രക്കാർക്ക് പൊതുവെ എല്ലായ്പ്പോഴും ക്ഷീണം തോന്നും. പരസ്ത്രീകളിൽ (സ്ത്രീകളുടെ കാര്യത്തിൽ പുരുഷന്മാരിൽ ) താത്പര്യം തോന്നുന്ന ഇൗ നക്ഷത്രക്കാർക്കു പല കാര്യങ്ങളും ഉറച്ച തീരുമാനങ്ങൾ‍ എടുക്കാൻ കഴിഞ്ഞെന്നു വരില്ല. ഭരണി നക്ഷത്രക്കാർ പൊതുവെ ധീരന്മാരും ബുദ്ധിമാന്മാരും ആയിരിക്കും. സഹോദരന്മാർക്കു പ്രിയപ്പെട്ടവനായിരിക്കുക, ദീർഘായുസ്സുണ്ടാകുക, ആൺമക്കളേക്കാൾ കൂടുതൽ പെൺമക്കളുണ്ടാവുക തുടങ്ങിയവയും ഭരണി നക്ഷത്രത്തിന്റെ ഫലമാണ്.

പുതുവർഷഫലം

ആത്മവിശ്വാസം, കാര്യനിർവഹണശക്തി, ഉത്സാഹം, ഉന്മേഷം തുടങ്ങിയവ പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും. സാമ്പത്തിക നേട്ടവും പുതിയ അവസരങ്ങളും ഉണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും . തൃപ്തിയായ വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഭയഭക്തി ബഹുമാനത്തോടു കൂടി ചെയ്യുന്നതെല്ലാം വിജയിക്കും. പുരോഗതിയില്ലാത്ത ഗൃഹം വില്പന ചെയ്ത് നിർമാണത്തിലുള്ള ഗൃഹം വാങ്ങുവാൻ സാധിക്കും. പരീക്ഷകളിൽ പ്രതീക്ഷിച്ചതിലുപരി വിജയശതമാനം ഉണ്ടാകും. തൊഴിൽമേഖലകളിൽ കലോചിതമായ പരിഷ്കാരങ്ങൾ അവലംബിക്കും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. സ്വപ്ന സാക്ഷാത്കാരത്താൽ ആത്മനിര്‍വൃതിയുണ്ടാകും. ബന്ധുക്കൾ തമ്മിലുള്ള തർക്കങ്ങളിൽ അഭിപ്രായം പറയരുത്. തൊഴിൽ മേഖലകളിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടാകും. കലാകായിക മത്സരങ്ങൾ, ഇന്റർവ്യൂ, പരീക്ഷകൾ തുടങ്ങിയവയിൽ പ്രശസ്ത വിജയമുണ്ടാകും. നാഡീ-വാതരോഗപീഡകൾക്ക് വിദഗ്ധ ആയുർവേദ ചികിത്സകൾ ആവശ്യമായി വരും.

കാർത്തിക

ദേവത: അഗ്നി

ഗണം: ആസുരം

ഭൂതം:ഭൂമി

മൃഗം: ആട്

പക്ഷി: പുള്ള്

വൃക്ഷം:അത്തി

കാര്‍ത്തിക നാളിലാണു ജനിച്ചത് എന്നതിനാൽ, നിങ്ങൾക്കു സഹോദരന്മാരിൽ നിന്നു വേർപിരിഞ്ഞു താമസിക്കേണ്ടി വരും. കാര്‍ത്തിക നക്ഷത്രത്തില്‍ ജനിക്കുന്നവർ സത്യസന്ധരും ആരോഗ്യമുള്ളരും തേജസ്വികളും ആവും . ഒന്നിലധികം വീടുകൾ ഇവർക്കുണ്ടാകും. ഇൗ നാളുകൾ പൊതുവെ വിദ്യാഭ്യാസ സമ്പന്നരായിരിക്കും. ജീവിതത്തിലുടനീളം സാമാന്യം ധനികരായിരിക്കാനാണു സാധ്യത.

പുതുവർ‌ഷഫലം

അനാരോഗ്യകരമായ അവസ്ഥകൾ പലപ്പോഴും അവധിയെടുക്കുവാൻ പ്രേരിപ്പിക്കും. വാത-നീർദോഷ- പ്രമേഹരോഗങ്ങൾക്ക് വിദഗ്ധ ചികിത്സയും പ്രാണായാമവും വ്യായാമവും വേണ്ടിവരും. ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിന് ചേരാനുള്ള തീരുമാനം ഭാവിയിലേക്ക് ഗുണകരമാകും. ഇൗശ്വര പ്രാർഥനകളാൽ പരീക്ഷ വേണ്ട വിധത്തിൽ അവതരിപ്പിക്കുവാൻ സാധിക്കും. പണം മൂൻകൂട്ടി ചെലവാക്കിയുള്ള പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയാവും നല്ലത്. വിനയം, ക്ഷമ, ആദരവ്, കാര്യനിർവഹണശക്തി തുടങ്ങിയവ സകല പ്രതിബന്ധങ്ങളെയും അതിജീവിക്കുവാൻ ഉപകരിക്കും. ആശയവിനിമയങ്ങളിൽ അബദ്ധങ്ങള്‍ ഒഴിവാക്കണം. അവിചാരിത ചെലവുകളാല്‍ ചിലപ്പോള്‍ അത്യാവശ്യത്തിന് കടം വാങ്ങേണ്ടതായി വരും. സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കുവാനുള്ള മാനസികാവസ്ഥ സംജാതമാകും. പരിഹാസവചനങ്ങൾ കേൾക്കുവാനിടവരുമെങ്കിലും സാരാംശം മനസ്സിലാക്കി പ്രതികരിക്കുകയാണു നല്ലത്. പ്രലോഭനത്തിൽ അകപ്പെടരുത്. വില്പനോദ്ദേശ്യം മനസ്സിൽ കരുതി വാങ്ങിയ ഭൂമിക്ക് പ്രതീക്ഷിച്ചതിലുപരിലാഭമുണ്ടാകും. അസുഖങ്ങളുടെ ഗുരുതരാവസ്ഥ തരണം ചെയ്ത് പ്രവർത്തനരംഗങ്ങളിൽ വ്യാപൃതനാകും.

രോഹിണി

ദേവത: ബ്രഹ്മാവ്

ഗണം: മാനുഷം

ഭൂതം:ഭൂമി

മൃഗം: നല്പാമ്പ്

പക്ഷി: പുള്ള്

വൃക്ഷം:ഞാവൽ

രോഹിണി നക്ഷത്രക്കാർക്ക് ഇടയ്ക്കിടെ തലവേദന ഉണ്ടാകാൻ സാധ്യതയുണ്ട്. പൊതുവെ ജീവിതത്തിലുടനീളം ധനവാനായിരിക്കും. ഏതു കൂട്ടത്തിൽ ചെന്നാലും അവിടത്തെ നേതാവായിരിക്കും. രോഹിണി നക്ഷത്രക്കാരിൽ മിക്കവർക്കും മുഖത്തോ ശരീരത്തിന്റെ വശങ്ങളിലോ എന്തെങ്കിലും അടയാളമുണ്ടായിരിക്കും. അമ്മയുമായി പലപ്പോഴും പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ട്. പുതുവർഷഫലം ജീവിത യാഥാർഥ്യങ്ങളെ മനസ്സിലാക്കി പ്രവർത്തിച്ചാൽ സർവകാര്യ വിജയവും സമാധാനവും സ്വസ്ഥതയും അനുഭവയോഗ്യമാകും. ഉദ്യോഗം ഉപയോഗിച്ച് വ്യാപാര വ്യവസായങ്ങള്‍ തുടങ്ങും. നിരവധി ചുമതലകൾ ഏറ്റെടുക്കേണ്ടതായി വരും. കുടുംബാംഗങ്ങളെ ജന്മനാട്ടിൽ താമസിപ്പിച്ച് വിദേശവാസം തുടരാനിടവരും. വിദഗ്ധ ചികിത്സകളാലും വ്യായാമത്താലും ആരോഗ്യം നിലനിർത്തുവാൻ സാധിക്കും. ശുഭസൂചനങ്ങളായ പ്രവര്‍ത്തനങ്ങളിൽ ആത്മാർത്ഥമായി പ്രവർത്തിക്കാൻ അവസരമുണ്ടാകും. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ ആശയങ്ങൾ വന്നുചേരുമെങ്കിലും വിദഗ്ധ ഉപദേശം തേടുകയാവും നല്ലത്. അബദ്ധങ്ങളിൽ നിന്നും സന്താനങ്ങളെ രക്ഷിക്കാൻ മാറ്റിത്താമസിപ്പിക്കും. അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയരുത്. നിലവിലുള്ള ഗ്രഹം വിൽപന ചെയ്ത്, പുതിയ ഗ്രഹം വാങ്ങി താമസിച്ചു തുടങ്ങും. വിദേശബന്ധമുള്ള വ്യാപാര- വിതരണ മേഖല പുനരാരംഭിക്കും. സാഹിത്യ രചനകളുടെ പുനരാവിഷ്കരണം ജനശ്രദ്ധയ്ക്ക് വഴിയൊരുക്കും. കൂറുമാറി പ്രവർത്തിക്കുന്നതിനാൽ കക്ഷിരാഷ്ട്രീയ മത്സരങ്ങളിൽ വിജയസാധ്യത കുറയും. ഏറ്റെടുക്കുന്ന കര്‍മണ്ഡലങ്ങൾ ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാൻ സാധിക്കും. നൂതന ഗൃഹവാസം. കഫ-നീർദോഷരോഗപീഡകൾക്ക് വിദഗ്ദ ചികിത്സകള്‍ വേണ്ടിവരും.

മകയിരം

ദേവത: ചന്ദ്രൻ

ഗണം: ദൈവം

ഭൂതം:ഭൂമി

മൃഗം: പാമ്പ്

പക്ഷി: പുള്ള്

വൃക്ഷം:കരിങ്ങാലി

മകയിരം നക്ഷത്രക്കാർക്ക് നിശ്ചിതമായ സ്വഭാവം ഉണ്ടാകില്ല. ഇടയ്ക്കിടെ സ്വഭാവം മാറും. വലിയ ശരീരപ്രകൃതിയുണ്ടായിരിക്കും. ബാല്യത്തില്‍ രോഗിയായിരിക്കാനും സാധ്യതയുണ്ട്. അറിഞ്ഞുകൊണ്ടുപോലും തെറ്റുകൾ ചെയ്യാൻ മടിയില്ലാത്ത വനായിരിക്കും. ഏതു കാര്യത്തിനും വലിയ ഉത്സാഹം കാണിക്കും. ധാരാളം ശത്രുക്കളുണ്ടാകും. യാത്ര ചെയ്യാൻ വലിയ താത്പര്യമുണ്ടാകുന്ന ഇക്കൂട്ടർക്കു ചീത്ത ബുദ്ധിയും തോന്നും ചിലപ്പോൾ. കാമപീഡിതനായിരിക്കുകയെന്നതും മകയിരത്തിന്റെ ഫലമാണ്. ‌ പുതുവർഷഫലം

മേയ് മുതൽ അപ്രധാനങ്ങളായ കാര്യങ്ങളിൽ ഇടപെടരുത്. ചികിത്സകളാലും ഇൗശ്വരപ്രാർഥനകളാലും സന്താനഭാഗ്യമുണ്ടാകും. ജീവിത നിലവാരം വർധിപ്പിച്ചതിനാൽ കൂടുതല്‍ സൗകര്യമുള്ള ഗൃഹം വാങ്ങുവാൻ തയാറാകും. അനന്തസാധ്യതകളോടു കൂടിയ മേഖലകളിൽ ജോലി ചെയ്യുവാനുള്ള അവസരം വന്നുചേരും. വിദ്യാർഥികൾക്ക് അകാരണഭയവും ഉദാസീന മനോഭാവവും ഉണ്ടാകും. സാരസ്വതഘൃതം കാലത്ത് കുളിച്ച് സേവിക്കുന്നത്. ഒാർമ്മശക്തിക്ക് ഉപകരിക്കും. അസുഖങ്ങൾ ഉണ്ടോ എന്ന അനാവശ്യ തോന്നലുകളാൽ വിദഗ്ദ പരിശോധന നടത്തും. പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കുമെങ്കിലും വിട്ടുവീഴ്ചാ മനോഭാവം വേണ്ടിവരും. യാഥാർഥ്യങ്ങളെ മനസ്സിലാക്കി ആത്മനിയന്ത്രണത്തോടെ ചെയ്യുന്നതെല്ലാം ലക്ഷ്യപ്രാപ്തി നേടും. ചുമതലകളും സമ്മർദ്ദവും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പറയുന്ന വാക്കുകൾ ഫലപ്രദമായ രീതിയിൽ പ്രാബല്യത്തിലാവുന്നതിനാല്‍ ആശ്ചര്യമനുഭവപ്പെടും. സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ അപകീര്‍ത്തി ഒഴിവാക്കും. പ്രായോഗിക വശങ്ങൾ ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ ആഗ്രഹസാഫല്യമുണ്ടാകും.

തിരുവാതിര

ദേവത: ശിവൻ

ഗണം: മാനുഷം

ഭൂതം:ജലം

മൃഗം: ശ്വാവ്

പക്ഷി: ചെമ്പോത്ത്

വൃക്ഷം:കരിമരം

തിരുവാതിര നക്ഷത്രക്കാര്‍ക്ക് പൊതുവെ ചഞ്ചലമനസ്സുള്ളവരായിരിക്കും. സ്വഭാവത്തിൽ കാര്‍ക്കശ്യം കാണും. കള്ളം പറയുന്നതിലും ചെയ്യുന്നതിലും താത്പര്യം ഉണ്ടാകും. ആരെയെങ്കിലും കിട്ടിയാൽ അനാവശ്യമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ഇക്കൂട്ടർ അഭിമാനികളും ദീർഘായുഷ്മാന്മാരും ബലവാന്മാരും ആയിരിക്കും തിരുവാതിര നക്ഷത്രക്കാർക്കു പൊതുവെ ആണ്‍കുട്ടികൾ കുറഞ്ഞിരിക്കാനാണു സാധ്യത. ഇൗ നാളുകാർക്കു സർ‌ക്കാരിൽ നിന്നോ അധികൃതസ്ഥാനങ്ങളിൽ നിന്നോ പ്രതീക്ഷിച്ചതിൽ കൂടുതൽ അംഗീകാരം ലഭിക്കും. നേട്ടങ്ങൾക്കു വേണ്ടി ചീത്ത കാര്യങ്ങൾ പോലും ചെയ്യാൻ മടിക്കില്ല.

പുതുവർഷഫലം

അനാരോഗ്യകരമായ അവസ്ഥാവിശേഷത്താൽ പലപ്പോഴും അവധിെയടുക്കുവാനിടവരും. കഴിവിന്റെ പരമാവാധി പരിശ്രമിക്കുമെങ്കിലും അനുഭവ ഫലങ്ങള്‍ കുറയും. ഏറ്റെടുത്ത ദൗത്യം വിജയപഥത്തിലെത്തിക്കാൻ അഹോരാത്രം പ്രയത്നവും സഹപ്രവർത്തകരുടെ സഹായവും വേണ്ടിവരും. വിദ്യാർഥികൾക്ക് അലസതയും ഉദാസീനമനോഭാവവും ഉണ്ടാകുമെങ്കിലും ഇൗശ്വരപ്രാർഥനകളാൽ പുനഃപരീക്ഷയിൽ വിജയം ഉണ്ടാകും. പണം കടംകൊടുക്കുക, കടം വാങ്ങുക, ജാമ്യം നിൽക്കുക, കുറിചേരുക, സ്വന്തം ഉത്തരവാദിത്തങ്ങൾ അന്യരെ ഏല്പിക്കുക, മറ്റുള്ളവരുടെ കാര്യങ്ങളിൽ അമിതമായി ഇടപെടുക തുടങ്ങിയവ അരുത്. മാസത്തിലൊരിക്കൽ ഗൃഹത്തിൽ വന്നു പോകുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. തൊഴില്‍മേഖലയിൽ സമ്മർദം വർധിക്കും. നിലവിലുള്ള ഉദ്യോഗം ഉപേക്ഷിച്ച് മറ്റൊന്നിന് ശ്രമിക്കുന്നത് അഭികാമ്യമല്ല. വ്യവസ്ഥകള്‍ പാലിക്കുവാൻ അശ്രാന്ത പരിശ്രമം വേണ്ടിവരും. ഭദ്രതയില്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്നും യുക്തിപൂർവ്വം പിന്മാരും. പ്രലോഭനങ്ങൾ പലതും വന്നുചേരുമെങ്കിലും വിദഗ്ദമായി അന്വേഷിച്ചറിയാതെ ഇടപെടരുത്. നിസ്സാര കാര്യങ്ങൾക്കുപോലും കൂടുതൽ സമയം പ്രവർത്തിക്കേണ്ടതായി വരും. കഫ- ഉദരരോഗപീഡകൾ വർധിക്കും. കക്ഷിരാഷ്ട്രീയ മത്സരങ്ങളിൽ പരാജയപ്പെടും. അധികാരപരിധിയിൽപ്പെടുന്ന കാര്യങ്ങള്‍ ആത്മാർഥതയോടുകൂടി പ്രാവർത്തികമാക്കുവാൻ അശ്രാന്തപരിശ്രമം വേണ്ടിവരും. അവഗണിക്കപ്പെട്ട അവസ്ഥകൾ മാറി പരിഗണിക്കപ്പെടുന്നതിനാൽ ആശ്വാസം തോന്നും . വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം.

പുണർതം

ദേവത: അദിതി

ഗണം: ദൈവം

ഭൂതം:ജലം

മൃഗം: പൂച്ച

പക്ഷി: ചെമ്പോത്ത്

വൃക്ഷം:മുള

പുണർതം നക്ഷത്രക്കാർ ഉദാരമതികളായിരിക്കും. സുഖം അനുഭവിക്കുന്നവരും എപ്പോഴും സന്തോഷിക്കുന്നവരും ആയിരിക്കുന്ന ഇൗ നക്ഷത്രക്കാർക്കു കവിഹൃദയമുണ്ടായിരിക്കും. വെള്ളത്തിനുവേണ്ടിയുള്ള ദാഹം മറ്റുള്ളവരേക്കാൾ കൂടുതലുണ്ടാകും. പല കാര്യങ്ങളിലും ബുദ്ധി വൈകി മാത്രമേ ഉദിക്കൂ. ഇൗ നാളുകാർ ഏവരെയും സ്നേഹിക്കാൻ കഴിയുന്നവരാണ്. നല്ല സ്വഭാവമുള്ളവരെന്നു പേരു കേട്ടവരായിരിക്കും ഇൗ നക്ഷത്രക്കാർ.

പുതുവർഷഫലം

പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. ഉദ്ദേശിച്ച വിഷയത്തിൽ ആഗ്രഹിച്ച സ്ഥാപനത്തിൽ ഉപരിപഠനത്തിനു ചേരുവാൻ സാധിക്കും. പ്രവർത്തന മേഖലകളിൽ അഭൂതപൂർവമായ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. കലാകായിക രംഗങ്ങള്‍, നറുക്കെടുപ്പ്, സമ്മാനപദ്ധതികൾ തുടങ്ങിയവയിൽ വിജയിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. പദ്ധതി ആസൂത്രണവിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ കഴിവിന്റെ പരമാവധി പ്രകടിപ്പിക്കുവാൻ സാധിക്കും. നിയുക്തപദവിയിൽ നിന്നും സ്ഥാനക്കയറ്റവും സ്ഥാനചലനവും ഉണ്ടാകും. അന്ധമായ ആത്മവിശ്വാസം അബന്ധങ്ങൾക്കു വഴിയൊരുക്കും. കുടുംബ ജീവിതത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. പ്രയത്നങ്ങള്‍ക്കും പ്രവർത്തനങ്ങൾക്കും അനുഭവ ഫലമുണ്ടാകും. പുതിയ വ്യാപാര വ്യവസായങ്ങളിൽ നിന്നും സാമ്പത്തിക നേട്ടമുണ്ടാക്കും. ഗർഭമലസുവാനിടയുള്ളതിനാൽ അവധിയെടുത്ത് വിശ്രമം വേണ്ടി വരും. സുവൃക്തമായ ധാരണയും ലക്ഷ്യബോധവുമുള്ളതിനാൽ സംയുക്ത സംരംഭത്തിൽ നിന്നും പിന്മാറി സ്വന്തമായ വ്യാപാരം തുടങ്ങും. വാഹന ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധവേണ്ടിവരും. ആഹാര പദാര്‍ഥങ്ങളിലുള്ള അപാകതകളാല്‍ അസ്വാസ്ഥ്യമനുഭപ്പെടും. ബന്ധുക്കളോടൊപ്പം പുണ്യതീര്‍ഥ ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. മേലധികാരി ചെയ്തുവച്ച അബദ്ധങ്ങള്‍ക്ക്് വിശദീകരണം നൽകുവാനിടവരും.

പൂയം

ദേവത: ബൃഹസ്പതി

ഗണം: ദൈവം

ഭൂതം:ജലം

മൃഗം: ആട്

പക്ഷി: ചെമ്പോത്ത്

വൃക്ഷം:അരയാൽ

പൂയം നക്ഷത്രക്കാർ പൊതുവെ കോപിഷ്ഠരായിരിക്കും. വളരെ ബുദ്ധിമാന്മാരായ ഇക്കൂട്ടർ ഏതു കാര്യത്തിൽ എടുത്തു ചാടാനുള്ള ധൈര്യമുണ്ടാകും. ശാസ്ത്രം , സാഹിത്യം തുടങ്ങിയവയിൽ പാണ്ഡിത്യമുണ്ടാകുമെന്നു മാത്രമല്ല, നല്ല വാഗ്മികളുമായിരിക്കും. ബന്ധുക്കളെ ധാരാളം സഹായിക്കും. പൊതുവെ ധനികരായിരിക്കുമെങ്കിലും മറ്റുള്ളവരുടെ പണം ഉപയോഗിച്ച് പല കാര്യങ്ങളും നടത്തും. മിക്ക കാര്യത്തിലും സ്വതന്തമായ നിലപാടായിരിക്കും. സർക്കാർ തലത്തിലും പുരോഹിതന്മാർക്കിടയിലും ഏറെ ജനപ്രീതിയുള്ളയാളായിരിക്കും. പൊതുവെ ഇൗ നാളുകാർ ദൈവാധീനമുള്ളവരാണ്.

പുതുവർഷഫലം

ബൃഹത്പദ്ധതികൾക്ക് ആസൂത്രണം ചെയ്യുന്ന സംഘത്തിന്റെ ഭാഗമാകും. പാര്‍ശ്വഫലങ്ങളുള്ള ഒൗഷധങ്ങൾ ഒഴിവാക്കി പ്രകൃതിദത്തമായ ജീവിതരീതി അവലംബിക്കും. യാഥാർഥ്യങ്ങൾ മനസ്സിലാക്കാത്തതിനാൽ ബന്ധുക്കളും സ്വന്തക്കാരും വിരോധികളായിത്തീരും . ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദബന്ധത്തിലേർപ്പെടുന്നതുവഴി പുതിയ കർമപദ്ധതികൾ രൂപ കല്പന ചെയ്യുവാൻ സാധിക്കും. ആദരണീയരുടെ കൂട്ടത്തില്‍ സ്ഥാനം ലഭിച്ചതിനാൽ ആത്മാഭിമാനം തോന്നും. സമചിത്തതയോടെയുള്ള പ്രവർത്തനശൈലി ലക്ഷ്യപ്രാപ്തി കൈവരിക്കാൻ ഉപകരിക്കും. സങ്കല്പത്തിനനുസരിച്ച് ഉയരുവാൻ പുത്രന് അവസരം ലഭിച്ചതിനാൽ ആശ്വാസം തോന്നും. അനുഭവ ജ്ഞാനമുള്ളവരുടെ നിർദേശത്താല്‍ ഭൂമിക്രയവിക്രയങ്ങളിൽ പണം മുടക്കും. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാൽ കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറും . ആരോഗ്യം തൃപ്തികരമായിരിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. ഏറ്റെടുക്കുന്ന കരാറു ജോലികള്‍ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കുവാൻ സാധിക്കും. കർമമേഖലകളിൽ ക്രമാനുഗതമായ വളർച്ചയും സാമ്പത്തികനേട്ടവും ഉണ്ടാകും.

ആയില്യം

ദേവത: സര്‍പ്പങ്ങൾ

ഗണം: ആസുരം

ഭൂതം:ജലം

മൃഗം: കരിമ്പൂച്ച

പക്ഷി: ചെമ്പോത്ത്

വൃക്ഷം:നാകം

ആയില്യം നക്ഷത്രക്കാർ ഏതു കൂട്ടത്തിൽ ചെന്നാലും അതിന്റെ നേതാവായിരിക്കും. ഏതു കാര്യത്തിലും അഗാധമായ അറിവ്, നല്ല വാക്സാമർഥ്യം, എന്തു കാര്യം ചെയ്യാനും മടിയില്ലായ്മ , മനസ്സിന് ഉറപ്പില്ലായ്മ തുടങ്ങിയവയെല്ലാം ഇൗ നാളുകാരുടെ പ്രത്യേകതകളാണ്. ഇൗ നാളുകാർക്ക് സര്‍ക്കാർ തലത്തിൽ നിന്നുമുള്ള ധനം ലഭിക്കാൻ സാധ്യതയുണ്ട്. ഇവര്‍ക്ക് ആൺകുട്ടികൾ കുറവായിരിക്കും. നിഗൂഢമായ കാര്യങ്ങൾ കണ്ടെത്താൻ പ്രത്യേക കഴിവുണ്ടായിരിക്കും. ഉപകാരം ചെയ്തവരെ സ്മരിക്കുന്ന കാര്യത്തിൽ പിന്നിലായിരിക്കും ഇൗ നാളുകാർ . പെട്ടെന്നു ദേഷ്യം വരും . എന്തൊക്കെയായാലും സദാചാരം വിട്ടു പെരുമാറില്ല.

പുതുവർഷഫലം

തൊഴിൽമേഖലകളിൽ അഭൂതപൂർവമായ പുരോഗതിയും സമ്പൽസമൃദ്ധിയും പ്രതാപവും െഎശ്വര്യവും ഇൗ വർഷം അനുഭവിക്കും. ജീവിത നിലവാരം പ്രതീക്ഷിച്ചതിലുപരി ഉയർച്ചയിലെത്തും. പഠിച്ച വിദ്യായോടനുബന്ധമായതും തൃപ്തിയുള്ളതുമായ ഉദ്യോഗം ലഭിക്കും. വിദേശബന്ധമുള്ള വ്യാപാര വിപണന വിതരണമേഖലകൾ തുടങ്ങും. ആത്മവിശ്വാസം, കാര്യനിര്‍വഹണശക്തി, ഉത്സാഹം, ഉന്മേഷം തുടങ്ങിയവ പ്രവർത്തക്ഷമതയ്ക്കും ആഗ്രഹസാഫല്യത്തിനും വഴിയൊരുക്കും. വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂല അവസരങ്ങളും അംഗീകാരവും ബഹുമതിയും വന്നുചേരും. കൂടുതൽ വിസ്തൃതിയുള്ള ഗൃഹം വാങ്ങി ഏപ്രിൽ മാസം മുതല്‍ താമസിച്ചു തുടങ്ങും. അര്‍ഹമായ രീതിയിൽ ആദരണീയ സ്ഥാനം ലഭിക്കുന്നതിനാൽ വിനയത്തോടുകൂടി സ്വീകരിക്കേണ്ടതാണ്. കുടംുബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. കടംകൊടുത്ത സംഖ്യതിരിച്ചു ലഭിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാവും. സന്താനഭാഗ്യമുണ്ടാകും. വാഹനം മാറ്റി വാങ്ങും. പുതിയ ഭരണ സംവിധാനം പ്രയോജനകരമാകും വിധത്തിൽ അനുഭവത്തിൽ വന്നുചേരും.

മകം

ദേവത: പിത്യക്കൾ

ഗണം: ആസുരം

ഭൂതം:ജലം

മൃഗം: എലി

പക്ഷി: ചെമ്പോത്ത്

വൃക്ഷം:പേരാൽ

മകം നക്ഷത്രക്കാർ പൊതുവെ അറിവുള്ളവരായിരിക്കുമെന്നു മാത്രമല്ല, വിനയാന്വിതരുമായിരിക്കും. എല്ലാവരുടെയും ബഹുമാനം പിടിച്ചു പറ്റും. ആരോടെങ്കിലും ശത്രുത തോന്നിക്കഴിഞ്ഞാൽ പിന്നെ അതു കുറെ നാളത്തേക്കു വച്ചുകൊണ്ടിരിക്കും. ശൗര്യസ്വഭാവമുള്ള ഇക്കൂട്ടർ ജീവിതത്തിൽ പൊതുവെ ധനികരും സുഖശീലരും അഭിമാനികളും പുണ്യകാര്യങ്ങളിൽ താത്പര്യമുള്ളവരുമായിരിക്കും. വലിയ കാര്യങ്ങൾ ഏറ്റെടുക്കും. ഇൗ നാളുകാർ ഭാര്യയുടെ വാക്കിനു കൂടുതൽ പ്രാധാന്യം നല്‍കും . ഇൗ നാളിൽ ജനിച്ച ഭാര്യമാർ ഭർത്താക്കന്മാരുടെ വാക്കിനു പ്രാധാന്യം നൽകും.

പുതുവർഷഫലം

ശ്രമകരമായ പ്രവർത്തനങ്ങൾ എല്ലാം വിജയപഥത്തിലെത്തിക്കാൻ സാധിക്കും. നിഷേധാത്മകമായ നിലപാടിൽ നിന്നും ഒഴിഞ്ഞുമാറി യുക്തിപൂർവം ചിന്തച്ചു പ്രവർത്തിക്കണം. വിദ്യാർഥികള്‍ക്ക് പഠിച്ചതും അറിവുള്ളതുമായ വിഷയങ്ങളാണെങ്കിൽപ്പോലും ജനുവരി മുതൽ പലപ്പോഴും വേണ്ടവിധത്തിൽ അവതരിപ്പിക്കാൻ സാധിക്കുകയില്ല. ദൃഷ്ടിപഥത്തിലുള്ളതെല്ലാം ശരിയാണെന്നുള്ള മിഥ്യാധാരണകൾ ഒഴിവാക്കണം. പ്രവർത്തനമേഖലകളിൽ നിന്നും സാമ്പത്തിക വരുമാനം വർധിക്കുമെങ്കിലും അവിചാരിത ചെലവുകൾ വർധിക്കുന്നതിനാൽ നീക്കിയിരിപ്പു കുറയും. സഹോദര സുഹൃത് സഹായ ഗുണത്താൽ നിലനില്പിന്നാധാരമായ ഉദ്യോഗം ലഭിക്കും. കുടുംബസമേതം വിശേഷ ദേവാലയങ്ങൾ സന്ദര്‍ശിക്കും. വില്പനോദ്ദേശ്യത്തോടെ ഭൂമി വാങ്ങും. അശരണര്‍ക്കും അനാഥർക്കും അന്നവസ്ത്രാദികൾ ദാനം ചെയ്യും. വിവിധങ്ങളായ പ്രവൃത്തികൾ സമയബന്ധിതമായി ചെയ്തു തീർക്കും. നിര്‍ത്തിവെച്ച വിദേശബന്ധമുള്ള വ്യാപാര വിപണനങ്ങൾ പുനരാരംഭിക്കും. ബന്ധുമിത്രദികളുടെ സ്വകാര്യ കുടുംബകാര്യങ്ങളിൽ ഏർപ്പെടുന്നത് ശത്രുതയ്ക്കു വഴിയൊരുക്കും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. പ്രമേഹ- ഉദര രോഗ പീഡകൾ വർധിക്കും.

പൂരം

ദേവത: ആര്യമാവ്

ഗണം: മാനുഷം

ഭൂതം:ജലം

മൃഗം: ചുണ്ടെലി

പക്ഷി: ചെമ്പോത്ത്

വൃക്ഷം:പ്ലാശ്

പൂരം നക്ഷത്രക്കാർക്കു നന്നായി സംസാരിക്കാൻ കഴിയും. അതുകൊണ്ടു തന്നെ ആരെയും വശത്താക്കാൻ ഇവർക്കു കഴിയും. ആർക്കും എന്തും ദാനം ചെയ്യാൻ ഇക്കൂട്ടർക്കു മടിയില്ല. അനാവശ്യമായി പണം ചെലവാക്കും. ഏതു മേഖലയിൽ പ്രവർത്തിച്ചാലും പ്രശ്സതനാകും. മേലുദ്ദ്യോഗസ്ഥർക്കു പ്രിയപ്പെട്ടവനായിരിക്കും. ഇവർ അരോഗദൃഢഗാത്രന്മാരായിരിക്കുമെങ്കിലും ഏറ്റുമുട്ടലുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കും.

പുതുവർഷഫലം

വസ്തുസംബന്ധമായ തർക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തും. വ്യാപാര വ്യവസായ മേഖലകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കർമോത്സുകരായവരെ നിയമിക്കും. പൂർവ്വിക സ്വത്ത് നിലനിർത്തി പട്ടണത്തിൽ ഗൃഹം വാങ്ങും . നിശ്ചിത സമയപരിധിക്കുള്ളിൽ വ്യത്യസ്തങ്ങളായ പ്രവൃത്തികൾ ചെയ്തു തീർക്കുവാനവസരം വന്നുചേരും . പരിശ്രമസാഫല്യത്താൽ നേർന്നുകിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും. നഷ്ടപ്പെട്ടു എന്നു കരുതുന്ന രേഖകൾ തിരിച്ചു ലഭിക്കും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ െഎക്യതയും ഉണ്ടാകും. ബൃഹത്തായ വികസന പദ്ധതി ആസൂത്രണസംഘത്തില്‍ ഉള്‍പ്പെടുവാനിടവന്നതിനാൽ ആത്മാഭിമാനം തോന്നും. പഠിച്ച വിഷയത്തിനോടനുബന്ധമായ ഉദ്യോഗം ലഭിക്കും. കുടുംബബന്ധം നിലനിർ‌ത്താനും സ്വത്തു തർക്കം പരിഹരിക്കാനും വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കും. സ്വയം ഭരണാധികാരം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിച്ച് സർവകാര്യങ്ങളും ലക്ഷ്യപ്രാപ്തി നേടും. അനാവശ്യമായ ആധി ഒഴിവാക്കണം. വിവരസാങ്കേതിക വിദ്യയിൽ പുതിയ കണ്ടെത്തലുകൾക്ക് സാക്ഷിയാകും. ആധ്യാത്മിക - ആത്മീയ ചിന്തകളാൽ സേവന പ്രവർത്തനങ്ങളിൽ വ്യാപൃതനാകും . നിബന്ധനകൾക്കു വിധേയനായി പുതിയ പദ്ധതികൾ ഏറ്റെടുക്കും. നീർദോഷ- പ്രമേഹ രോഗപീഡകൾക്ക് ആയുർവേദ ചികിത്സ ആവശ്യമായി വരും.

ഉത്രം

ദേവത: ഭഗൻ

ഗണം: മാനുഷം

ഭൂതം:അഗ്നി

മൃഗം: ഒട്ടകം

പക്ഷി: കാകൻ

വൃക്ഷം:ഇത്തി

ഉത്രം നക്ഷത്രക്കാർ പൊതുവെ എതിർലിംഗത്തിൽപ്പെട്ടവർക്കും പ്രിയപ്പെട്ടവരായിരിക്കും. ജ്ഞാനികളും ഉദാരമനസ്കരും നന്ദിയുള്ളവരും ആയിരിക്കും. ബന്ധുക്കൾക്കിടയിൽ എപ്പോഴും മാന്യമായ സ്ഥാനം ലഭിക്കും. കൂടുതൽ കാലവും സുഖം അനുഭവിക്കും. സര്‍ക്കാരിൽ നിന്നുള്ള ധനം ലഭിക്കാൻ സാധ്യതയുണ്ട്. വാചാലന്മാരായ ഇൗ നാളുകാർ ഉപകാരം ചെയ്തവരോട് എപ്പോഴും നന്ദിയുള്ളവരായിരിക്കും.

പുതുവർഷഫലം

സമയബന്ധിതമായ പ്രവർത്തനങ്ങൾ ചെയ്തു തീർക്കാൻ പര സഹായവും പ്രതീക്ഷിച്ചതിലുപരി പണച്ചെലവും വേണ്ടിവരും. നിസ്സാര കാര്യങ്ങൾക്കുപോലും അഹോരാത്രം പ്രവർത്തനം വേണ്ടിവരും. മേലധികാരിയുടെ ആജ്ഞകൾ അനുസരിക്കേണ്ടതായി വരും. സത്യാവസ്ഥ ബോധിപ്പിക്കുന്നതിനാൽ മിഥ്യാധാരണകൾ ഒഴിവാകും. ബന്ധപ്പെട്ടവരുടെ തെറ്റിധാരണകൾ ഒഴിവാക്കുവാൻ വ്യക്തമായ വിശദീകരണം നൽകുവാനിടവരും. ഉദ്യോഗത്തിനു സ്ഥാനക്കയറ്റം ലഭിക്കാത്തതിനാൽ ഉപരിപഠനത്തിനു ചേരും. പ്രായോഗിക വിജ്ഞാനം പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും. പൊതു പ്രവർത്തനങ്ങളിൽ ശോഭിക്കും. ആധുനികസംവിധാനവും പൗരാണിക സംസ്കാരവും സമന്വയിപ്പിച്ചു കൊണ്ടുള്ള പുതിയ പദ്ധതികൾ രൂപകല്പന ചെയ്യുവാനിടവരും. അപ്രധാനങ്ങളായ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടൽ അബദ്ധങ്ങൾ വന്നുചേരും ജീവിതച്ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആർ‌ഭാടങ്ങൾ ഒഴിവാക്കും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നുചേരും. യുക്തമായ തീരുമാനങ്ങൾക്ക് ജീവിത പങ്കാളിയുടെ നിർദേശം സ്വീകരിക്കുകയാവും നല്ലത്. പകർച്ചവ്യധി പിടിപെടും. അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അതിജീവിക്കുവാന്‍ സുത്യാര്യതയുള്ള സമീപനത്താൽ സാധ്യമാകും. സ്വയം നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറി രക്ഷിതാക്കൾ നിശ്ചയിക്കുന്നതിനു തയാറാകും. വാത-നാഡീ- കരള്‍രോഗ പീഡകൾ‌ക്ക് ശസ്ത്രക്രിയ വേണ്ടിവരും.

അത്തം

ദേവത: ആദിത്യൻ

ഗണം: ദൈവം

ഭൂതം :അഗ്നി

മൃഗം :പോത്ത്

പക്ഷി :കാകൻ

വൃക്ഷം :അമ്പഴം

അത്തം നക്ഷത്രക്കാർ കാമികളും കൗശലക്കാരുമായിരിക്കും. നന്നായി സംസാരിക്കാൻ ഇവർക്കു കഴിയും. പൊതുവെ ധനവാന്മാരായ ഇവരിൽ മിക്കവരും ജനിച്ച നാടുവിട്ടു താമസിക്കുന്നവരായിരിക്കും. വിദ്വാന്മാരായിരിക്കുമെന്നതിനു പുറമേ മറ്റുള്ളവർക്ക് ഉപകാരം ചെയ്യാൻ താൽപര്യമുള്ളവരായിരിക്കും. ശത്രുക്കളെ മുഴുവൻ സ്നേഹം കൊണ്ടു കീഴടക്കും. ഇക്കൂട്ടർക്ക് അന്യരുടെ സാധനങ്ങൾ മോഷ്ടിക്കുന്നതിനു ചെറിയൊരു താൽപര്യം ഉണ്ടായിരിക്കും.

പുതുവർഷഫലം

ജീവിത നിലവാരം വർധിക്കുമെങ്കിലും അമിതമായ സാമ്പത്തിക ചെലവുകളും അഹംഭാവവും ഉപേക്ഷിക്കണം. ഉദ്ദേശിച്ച വിഷയത്തിൽ നിന്നും വ്യതിചലിച്ച് ഉപരിപഠനത്തിന് ചേരേണ്ടതായി വരും. പ്രയത്നങ്ങൾക്കും പ്രവർത്തനങ്ങൾക്കും അനുഭവഫലം കുറയും. കുറ്റങ്ങളും കുറവുകളും പരിഹരിച്ച് ജീവിതം നയിക്കുവാൻ തയാറായ പുത്രന്റെ സമീപനത്താൽ ആശ്വാസം തോന്നും. അഭിമാനത്തെ ചോദ്യം ചെയ്തതിനാൽ മനോവിഷമം തോന്നുമെങ്കിലും ഉദ്യോഗമുപേക്ഷിക്കരുത്. വിദേശത്തുള്ളവർക്ക് അവധിയിൽ വരുന്ന സാഹചര്യത്തിൽ ഉദ്യോഗം നഷ്ടപ്പെടുവാനിടയുണ്ട്. സഹകരണ പ്രസ്ഥാനങ്ങൾക്ക് സാരഥ്യസ്ഥാനം വഹിക്കുവാനിടവരുമെങ്കിലും സാമ്പത്തിക വിഭാഗത്തിൽ നിന്നു പിന്മാറുകയാണു നല്ലത്. മാതാവിന്റെ അസുഖം നിമിത്തം ജന്മനാട്ടിലെ ഉദ്യോഗത്തിന് ശ്രമിക്കും. വ്യക്തി പ്രഭാവത്താലും സുതാര്യതയുള്ള സമീപനത്താലും ദുഷ്പ്രചരണങ്ങൾ നിഷ്പ്രഭമാകും. വർഷങ്ങൾക്കുശേഷം ജന്മനാട്ടിലേക്കുള്ള പുനരധിവാസത്തിന് അകാരണ തടസങ്ങൾ അനുഭവപ്പെടും. വ്യത്യസ്ത പ്രവർത്തന മേഖലകളിൽ വിജയാനുഭവങ്ങളുണ്ടാകും. പുരോഗതിയില്ലാത്ത ഗൃഹത്തിൽ നിന്നും മാറിത്താമസിക്കും. ഗതാഗത നിയമം പാലിക്കാത്തതിനാൽ ഒന്നിലധികം തവണ പിഴ അടയ്ക്കേണ്ടതായി വരും. നാഡി രക്തദൂഷ്യജന്യങ്ങളായ രോഗപീഡകൾക്ക് ആയുർവേദ ചികിത്സ വേണ്ടിവരും.

ചിത്തിര

ദേവത: ത്വഷ്ട്രാവ്

ഗണം: ആസുരം

ഭൂതം: അഗ്നി

മൃഗം: ആൾപുലി

പക്ഷി: കാകൻ

വൃക്ഷം: കൂവളം

ചിത്തിര നക്ഷത്രക്കാർ വലിയ ഉത്സാഹികളായിരിക്കും. ഏതു വിഷയത്തെക്കുറിച്ചും വാദപ്രതിവാദം നടത്താൻ താൽപര്യമുണ്ടാകും. നല്ല വസ്ത്രം, നല്ല ആഭരണങ്ങൾ എന്നിവയിൽ ഭ്രമമുണ്ടാകാൻ സാധ്യതയുണ്ട്. നാടുവിട്ടു താമസിക്കേണ്ടിവരും. ഈ നാളുകാരായ പുരുഷന്മാർക്കു പരസ്ത്രീ താൽപര്യം കൂടും. സ്ത്രീകൾക്കു മറിച്ചും. ചിത്തിര നക്ഷത്രക്കാർ എന്തു തന്നെയായാലും വലിയ അഭിമാനികളായിരിക്കും. കാര്യം നേടാൻ ചീത്ത സ്വഭാവവും പുറത്തെടുത്തെന്നു വരാം.

പുതുവർഷഫലം

തൊഴിൽ മേഖലകളിൽ സദ്സൂചനകൾ വന്നുചേരുമെങ്കിലും അനുഭവ ഫലം കുറയും. ഔദ്യോഗികമായി ഉത്തരവാദിത്തം വർധിക്കും. നിഷ്പ്രയാസം സാധിക്കേണ്ടതായ കാര്യങ്ങൾക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. ആത്മവിശ്വാസക്കുറവിനാൽ ഊഹക്കച്ചവടത്തിൽ നിന്നും പിന്മാറുകയാണ് നല്ലത്. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതും സ്വന്തം ചുമതലകൾ അന്യരെ ഏൽപിക്കുന്നതും അബദ്ധമാകും. അറിവുള്ള വിഷയങ്ങൾ ആവശ്യമുള്ള സമയത്ത് അവതരിപ്പിക്കുവാൻ സാധിക്കുകയില്ല. ഈശ്വരപ്രാർഥനകളാലും സൗമ്യ സമീപനത്താലും പ്രതികൂല സാഹചര്യങ്ങളെ ഏറെക്കുറെ അതിജീവിക്കും. വ്യവസ്ഥകൾ പാലിക്കാൻ കഠിനപ്രയത്നം വേണ്ടി വരും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കാനിടവരുമെങ്കിലും പ്രതികരിക്കാതിരിക്കുകയാവും നല്ലത്. ഔചിത്യമുള്ള സമീപനശൈലിക്ക് അർഹമായ അംഗീകാരം അനുഭവയോഗ്യമാകും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടെ സമർപ്പിക്കുന്ന പദ്ധതികൾ വിജയിക്കും. ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് നടപ്പിലാക്കിയ മേലധികാരിയോട് ആദരവു തോന്നും. അവസ്ഥാഭേദങ്ങൾക്കനുസരിച്ച് മാറുന്ന പുത്രന്റെ സമീപനം ആശങ്ക വർധിപ്പിക്കും. വാത-ഉദര-ശ്വാസകോശരോഗപീഡകൾക്ക് പ്രകൃതി ചികിത്സയ്ക്കൊപ്പം യോഗാഭ്യാസം, പ്രാണായാമം, വ്യായാമം എന്നിവ ശീലമാക്കുന്നത് ഉത്തമം.

ചോതി

ദേവത: വായു

ഗണം: ദൈവം

ഭൂതം: അഗ്നി

മൃഗം: മഹിഷം

പക്ഷി: കാകൻ

വൃക്ഷം: നീർമരുത്

ചോതി നക്ഷത്രക്കാർ പൊതുവെ വിനയമുള്ളവരായിരിക്കും. സുഖമനുഭവിക്കുന്ന ഇവർ വസ്ത്രം, ആഭരണം തുടങ്ങിയ ആഡംബരകാര്യങ്ങളിൽ അധികം താൽപര്യം കാണിക്കില്ല. ഇവർക്കു ദാഹം കൂടുതലായിരിക്കും. സംഭാഷണപ്രിയരായ ഇവർ പണം കടം വാങ്ങുന്ന കാര്യത്തിൽ ഒട്ടും പിന്നിലാകില്ല. ബന്ധുക്കൾക്കിടയിൽ ഇവരെക്കുറിച്ചു നല്ല അഭിപ്രായമായിരിക്കില്ല. ഏതു സാഹചര്യത്തിലും ധർമം വിട്ടു പ്രവർത്തിക്കില്ല. ചോതി നക്ഷത്രക്കാർക്കു വിദേശവാസത്തിനു സാധ്യതയുണ്ട്. ജീവിതത്തിലൊരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല.

പുതുവർഷഫലം

സത്യസന്ധമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. നിരവധി കാര്യങ്ങൾ നിഷ്കർഷയോടെ ചെയ്തു തീർക്കും. ഉപരിപഠനത്തിനോടനുബന്ധമായ ഉദ്യോഗം ലഭിക്കും. വിദേശത്ത് സ്ഥിരതാമസമാക്കാനുള്ള അനുമതി ലഭിക്കും. ആസൂത്രിത പദ്ധതികളിൽ അനുകൂല വിജയമുണ്ടാകും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് തൃപ്തിയായ വിഷയത്തിനു ചേരും. സന്താനങ്ങൾ സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തും. അധികാരപരിധി വർധിക്കും. ആഗ്രഹിച്ചപോലെ സന്താനസൗഭാഗ്യമുണ്ടാകും. അനാവശ്യമായ അശുഭ ചിന്തകൾ ഉപേക്ഷിക്കണം. ജീവിത പങ്കാളിയുടെ ആശയങ്ങൾ വിപരീത സാഹചര്യങ്ങളെ അതിജീവിക്കാൻ സഹായകമാകും. സ്വപ്നത്തിൽ കാണുന്ന കാര്യങ്ങൾ വർഷാന്ത്യത്തിൽ സഫലമാകും. പ്രാദേശിക പിന്തുണലഭിച്ചതിനാൽ കക്ഷിരാഷ്ട്രീയ മത്സരത്തിൽ വിജയിക്കും. പണം കൊടുത്ത് പൂർവിക സ്വത്ത് വാങ്ങാൻ തയാറാകും. പ്രവർത്തനങ്ങൾക്ക് വിദ്വത്ജനങ്ങളുടെ പ്രശംസ വന്നുചേരും. സമ്പൂർണ അധികാരം ലഭിച്ചതിനാൽ ഭരണ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തി പ്രവർത്തനക്ഷമമാക്കും. നഷ്ടസാധ്യതകളെ വിലയിരുത്തി, വ്യവസായം വിൽപന ചെയ്ത്, വിദേശയാത്ര പുറപ്പെടും. ഉദര നീർദോഷരോഗപീഡകൾക്ക് ഭക്ഷണക്രമീകരണവും പ്രകൃതി ചികിത്സയും വേണ്ടിവരും.

വിശാഖം

ദേവത: ഇന്ദ്രാഗ്നി

ഗണം: ആസുരം

ഭൂതം: അഗ്നി

മൃഗം: സിംഹം

പക്ഷി: കാകൻ

വൃക്ഷം: വയ്യങ്കതവ്

വിശാഖം നക്ഷത്രക്കാർക്കു പെട്ടെന്നു കോപം വരും. ധാരാളം സംസാരിക്കുന്ന ഇക്കൂട്ടർ ജീവിതത്തിലുടനീളം പൊതുവെ സമ്പന്നരും, ഭാഗ്യവാന്മാരും അയിരിക്കും. നല്ല ഭാര്യയും നല്ല മക്കളുമുണ്ടാകും. എത്ര പണം കൈയിലുണ്ടായാലും പിശുക്കു വിടില്ല. ഭാര്യമാർ പറയുന്നതിനു കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ഈ നക്ഷത്രക്കാർ ശത്രുക്കളെ സ്നേഹം കൊണ്ടു ജയിക്കും. വിശാഖം നക്ഷത്രക്കാർക്ക് കണ്ണിന് അസുഖം വരാൻ സാധ്യത കൂടുതലാണ്.

പുതുവർഷഫലം

തൊഴിൽ മേഖലകളിൽ അഭൂതപൂർവമായ പുരോഗതിയും സമ്പൽസമൃദ്ധിയും പ്രതാപവും ഐശ്വര്യവും ഈ വർഷം അനുഭവിക്കും. ജീവിത നിലവാരം പ്രതീക്ഷിച്ചതിലുപരി ഉയരും. പഠിച്ച വിദ്യയോടനുബന്ധമായതും തൃപ്തിയുള്ളതുമായ ഉദ്യോഗം ലഭിക്കും. ആത്മവിശ്വാസം, കാര്യനിർവഹണശക്തി, ഉത്സാഹം, ഉന്മേഷം,. തുടങ്ങിയവ പ്രവർത്തനക്ഷമതയ്ക്കും ആഗ്രഹസാഫല്യത്തിനും വഴിയൊരുക്കും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്നതിനാൽ ആഹ്ലാദവും ആത്മവിശ്വാസവും ഉണ്ടാകും. ഗുരുകാരണവന്മാരുടെ വാക്കുകൾ അനുസരിക്കുന്നതിനാൽ സർവകാര്യ വിജയത്തിലുപരി ആത്മാഭിമാനം ഉണ്ടാകും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കും. സന്താനഭാഗ്യമുണ്ടാകും. പഴയ വാഹനം മാറ്റി പുതിയതു വാങ്ങും. വിവേചനബുദ്ധിയും അനുഭവജ്ഞാനവും പൊതുജന ആവശ്യവും പുതിയ തൊഴിൽമേഖലകളുടെ ആശയങ്ങൾക്കു വഴിയൊരുക്കും. പുത്രപൗത്രാദികളോടൊപ്പം വിദേശത്ത് മാസങ്ങളോളം താമസിക്കാനിടവരും. പ്രായത്തിലുപരി, പക്വതയോടുകൂടിയ സമീപനം ആർജിക്കുന്നതിനാൽ സൽകീർത്തിയും സജ്ജനബഹുമാന്യതയും വന്നുചേരും. രോഗങ്ങൾക്കുള്ള ചികിത്സ ഫലിക്കും. ഉദര-കഫരോഗപീഡകൾക്ക് ആയുർവേദ ചികിത്സ വേണ്ടിവരും.

അനിഴം

ദേവത: മിത്രൻ

ഗണം: ദൈവം

ഭൂതം :അഗ്നി

മൃഗം: മാൻ

പക്ഷി: കാകൻ

വൃക്ഷം: ഇലഞ്ഞി

അനിഴം നക്ഷത്രക്കാർക്ക് മറ്റുള്ളവരേക്കാൾ വിശപ്പും ദാഹവും കൂടും. കുറച്ചുകാലം നാടുവിട്ടു താമസിക്കേണ്ടിവരും. യാത്ര കൂടുതലായി വേണ്ടിവരും. എവിടെപോയാലും ഭാഗ്യം കൈവിടില്ല. ആരോടെങ്കിലും സംസാരിച്ചിരിക്കാൻ ഏറെ താൽപര്യമുള്ള ഈ നക്ഷത്രക്കാർ ഒരിക്കലും ധർമം വിട്ടു പ്രവർത്തിക്കില്ല. കാര്യമൊന്നുമില്ലെങ്കിലും ഓരോന്ന് ആലോചിച്ച് വെറുതെ ദുഃഖിച്ചിരിക്കുകയെന്നത് ഈ നാളുകാരുടെ പ്രത്യേകതയാണ്. നല്ല വ്യക്തികളുടെ സ്നേഹം ഈ നാളുകാർക്ക് എപ്പോഴും ലഭിക്കും.

പുതുവർഷഫലം

ക്രിയാത്മക നടപടികൾക്ക് മേലധികാരിയുടെ ആത്മാർഥമായ അനുമോദനം ലഭിക്കും. നഷ്ടപ്പെട്ടു എന്നു കരുതുന്ന രേഖകൾ തിരിച്ചു ലഭിക്കും. പുതിയ കരാറു ജോലിയിൽ ഒപ്പുവയ്ക്കും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യഐക്യതയും ഉണ്ടാകും. ബൃഹത്തായ വികസന പദ്ധതി ആസൂത്രണസംഘത്തിൽ ഉൾപ്പെടാനിടവന്നതിനാൽ ആത്മാഭിമാനം തോന്നും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. കുടുംബബന്ധം നിലനിർത്താനും സ്വത്തു തർക്കം പരിഹരിക്കാനും വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കും. അർഹമായ കാര്യങ്ങൾ അനുഭവത്തോടു കൂടി പ്രാബല്യത്തിൽ വന്നുചേരും. നിരവധി കാര്യങ്ങൾ നിഷ്കർഷയോടെ ചെയ്തു തീർക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. സ്വയംഭരണാധികാരം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിച്ച് സർവകാര്യങ്ങളും ലക്ഷ്യപ്രാപ്തി നേടും. അനാവശ്യമായ ആധി ഒഴിവാക്കണം. ശ്രമകരമായ പ്രവർത്തനങ്ങൾ ജൂണിനുശേഷം ലക്ഷ്യപ്രാപ്തി നേടും. ആധ്യാത്മിക ചിന്തകളാൽ സേവന പ്രവർത്തനങ്ങളിൽ വ്യാപൃതനാകും. ആർഭാടങ്ങൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുവഴി മിച്ചം വയ്ക്കാൻ സാധിക്കും. നിബന്ധനകൾക്കു വിധേയമായി പുതിയ പദ്ധതികൾ ഏറ്റെടുക്കും.

തൃക്കേട്ട

ദേവത: ഇന്ദ്രൻ

ഗണം: ആസുരം

ഭൂതം: വായു

മൃഗം: കേഴമാൻ

പക്ഷി: കോഴി

വൃക്ഷം: വെട്ടി

മനസിന് എപ്പോഴും സന്തോഷമുണ്ടായിരിക്കുക എന്നത് തൃക്കേട്ട നക്ഷത്രക്കാരുടെ പ്രത്യേകതയാണ്. ഇവർക്ക് ധർമാനുഷ്ഠാനത്തിൽ പ്രത്യേക താൽപര്യമുണ്ടായിരിക്കും. ബന്ധുക്കൾ വളരെയധികം ഉണ്ടാകും. ആരോഗ്യദൃഢഗാത്രനായിരിക്കും. സ്വന്തം സമുദായത്തിൽ നേതൃസ്ഥാനത്തെത്തും. ഈ നാളുകളിൽ ചിലർക്കു പരസ്ത്രീകളിൽ താൽപര്യമുണ്ടായിരിക്കുകയെന്ന ദോഷവശവും ഉണ്ട്.

പുതുവർഷഫലം

ദീർഘകാല പദ്ധതികൾക്ക് ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിക്കും. വർഷങ്ങൾക്കു മുമ്പ് അപേക്ഷിച്ച വിദേശ സ്ഥിര താമസാനുമതി ലഭിക്കും. അസാധ്യമെന്നു തോന്നുന്ന പലതും, നിഷ്കർഷതയോടു കൂടിയ പ്രവർത്തനങ്ങളാൽ സാധിക്കും. മക്കളുടെ വിദ്യാഭ്യാസം, ഉദ്യോഗ വിഷയങ്ങളിലുള്ള ലക്ഷ്യപ്രാപ്തിയിൽ ആശ്വാസം തോന്നും. കലാകായിക മത്സരങ്ങൾക്ക് പരിശീലനം തുടങ്ങും. നീതിന്യായങ്ങൾ നടപ്പിലാക്കുവാൻ നിയമസഹായം തേടും. കുടുംബത്തിലെ അഭിപ്രായവ്യത്യാസം പരിഹരിച്ച് ആഹ്ലാദ അന്തരീക്ഷം സംജാതമാകും. അനാവശ്യമായ ആധിയും ദുസ്സംശയങ്ങളും ഒഴിവാക്കണം. നിലവിലുള്ള വാഹനം മാറ്റി വലിയ വാഹനം വാങ്ങുവാനിടവരും. കാര്യകാരണ സഹിതം സമർപ്പിക്കുന്ന അപേക്ഷകർക്ക് അംഗീകാരം ലഭിക്കും,ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശന കർമം നിർവഹിക്കും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കാനിടവരും. സമ്മാനപദ്ധതികളിലും നറുക്കെടുപ്പിലും വിജയിക്കും. വാത-നാഡീ-ഹൃദ്രോഗങ്ങൾക്ക് ശസ്ത്രക്രിയ വേണ്ടിവരും. വിട്ടുവീഴ്ചാമനോഭാവം സ്വീകരിച്ചാൽ ദാമ്പത്യബന്ധം പുനഃസ്ഥാപിച്ച് സ്വസ്ഥതയും സമാധാനവും ഉണ്ടാകും. കടം കൊടുത്ത സംഖ്യ മധ്യസ്ഥൻ മുഖാന്തിരം ഗഡുക്കളായി ലഭിക്കുവാൻ ധാരണയാകും. മകളുടെ സുരക്ഷിതത്വം മാനിച്ച് മെച്ചപ്പെട്ട സുരക്ഷയുള്ള സ്ഥലത്തേക്ക് മാറി താമസിക്കുവാൻ നിർബന്ധിതനാകും. പ്രവർത്തന മണ്ഡലങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുവാൻ നിർദേശം തേടും.

മൂലം

ദേവത: നിര്യതി

ഗണം: ആസുരം

ഭൂതം: വായു

മൃഗം:ശ്വാവ്

പക്ഷി: കോഴി

വൃക്ഷം വയനം

മൂലം നക്ഷത്രക്കാർ പൊതുവെ ഏതു കാര്യത്തിലും അറിവുള്ളവരും സുഖം അനുഭവിക്കുന്നവരും ധനവാന്മാരും ആയിരിക്കും. ഇടയ്ക്കിടെ രോഗശല്യം ഉണ്ടായെന്നു വരാം. ഇളകുന്ന മനസ് ആയിരിക്കും. സഹോദരന്മാർക്കിടയിൽ പ്രമുഖസ്ഥാനം ഉണ്ടാകും. നല്ല വാക്സാമർഥ്യം ഉണ്ടായിരിക്കും. കിട്ടുന്ന പണം വാരിക്കോരി ചെലവാക്കും. ഈ നാളുകാർക്കു പൊതുവെ ഉപകാരസ്മരണ കുറവായിരിക്കും.

പുതുവർഷഫലം

അന്യദേശത്തോ വിദേശത്തോ ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും. പഠിച്ച വിഷയത്തിനോടനുബന്ധമായ ഉദ്യോഗം ലഭിക്കും. ആഗ്രഹിച്ച സ്ഥാനമാനങ്ങളും മുടങ്ങിക്കിടപ്പുള്ള ആനുകൂല്യങ്ങളും ലഭിക്കും. പൂർവിക സ്വത്തിൽ ഗൃഹം നിർമിച്ചു താമസിക്കും. അന്യദേശത്തു വസിക്കുന്നവർക്ക് തൊഴിൽപരമായ അനിശ്ചിതാവസ്ഥ ഒഴിഞ്ഞു മാറി ഗൃഹം വാങ്ങി താമസിക്കാൻ സാധിക്കും. വ്യാപാര വ്യവസായ വിപണനമേഖലകളിൽ ക്രമാനുഗതമായ വളർച്ചയും സാമ്പത്തികനേട്ടവും അനുഭവപ്പെടും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണമുള്ള സാഹചര്യവും ഉദ്യോഗമാറ്റവും ഉണ്ടാകും. കുടുംബജീവതത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. മാതാപിതാക്കളുടെ അനുഗ്രഹാശിസുകളോടെയുള്ള പ്രവർത്തനങ്ങളെല്ലാം ലക്ഷ്യപ്രാപ്തി നേടും. വാഹനം മാറ്റി വാങ്ങാനിടവരും. ദീർഘകാല നിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങാൻ അവസരമുണ്ടാകും. അന്യദേശത്തു വസിക്കുന്നവർക്ക് മാസങ്ങളോളം മാതാപിതാക്കളെ ഒരുമിച്ചു താമസിപ്പിക്കാൻ സാധിക്കും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ കൃതാർഥതയുണ്ടാകും. വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കും. അർഹമായ പൂർവിക-പിതൃ സ്വത്തുക്കൾ രേഖാപരമായി ലഭിക്കും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും.

പൂരാടം

ദേവത:ജലം

ഗണം: മാനുഷം

ഭൂതം: വായു

മൃഗം: വാനരൻ

പക്ഷി കോഴി

വൃക്ഷം വഞ്ഞി

പൂരാടം നക്ഷത്രക്കാർക്ക് ഉറച്ച സൗഹൃദമുണ്ടായിരിക്കും. വിനയമുള്ള ഇക്കൂട്ടർ ബുദ്ധിയുടെ കാര്യത്തിൽ ഒട്ടും പിന്നിലായിരിക്കുകയില്ല. ബന്ധുക്കൾക്കിടയിൽ ആദരണീയനാകുമെന്നതിനു പുറമെ നല്ല മക്കളെക്കൊണ്ടുള്ള ഗുണവും ലഭിക്കും. ജീവിതത്തിൽ പൊതുവെ സുഖം അനുഭവിക്കുന്ന ഇക്കൂട്ടർക്കു സർക്കാർ തലത്തിൽ അംഗീകാരം ലഭിക്കാനിടയുണ്ട്. പെട്ടെന്നു വികാരത്തിനടിമയാകും.

പുതുവർഷഫലം

ജീവിത പങ്കാളിയുടെ ആഗ്രഹങ്ങൾ നിറവേറ്റും. കാര്യനിർവഹണശക്തി വർധിക്കും. വാസ്തുവിദ്യ, ശിൽപശാസ്ത്രം, കലാകായികരംഗങ്ങൾ, സാഹിത്യ രചനകൾ തുടങ്ങിയവയിൽ ഭാവനയ്ക്കനുസൃതമായി ഉയരാൻ സാധിക്കും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഉത്സാഹത്തോടെ പ്രവർത്തിക്കുമെങ്കിലും അനുഭവഫലം കുറയും. സന്താനങ്ങളുടെ ബഹുവിധമായ ആവശ്യങ്ങൾക്കായി അവധി വേണ്ടിവരും. ഏറ്റെടുത്ത ദൗത്യം നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കും. ഉദ്ദേശിച്ച സ്ഥാപനത്തിൽ ഉപരിപഠനത്തിനു ചേരുവാൻ സാധിക്കും. അന്യദേശത്തു വസിക്കുന്നവർക്ക് വർഷങ്ങൾക്കുശേഷം ജന്മനാട്ടിൽ വരാനും പൂർവികഗൃഹത്തിൽ താമസിക്കാനും അവസരമുണ്ടാകും. വഴിപാട് നേർന്ന്, കാര്യസാധ്യം കൈവന്ന്, നേർന്ന വഴിപാടുകൾ ചെയ്യാനിടവരും. സുരക്ഷിതമായ ഗൃഹത്തിലേക്കു മാറിത്താമസിക്കും. കൈവിട്ടുപോയെന്നു കരുതിയ വസ്തുക്കൾ തിരിച്ചു ലഭിക്കും. സന്താനഭാഗ്യമുണ്ടാകും. ശിരോ നാഡീ രോഗപീഡകൾക്ക് ശസ്ത്രക്രിയ വേണ്ടിവരും. ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും മുൻകാല പ്രാബല്യപ്രകാരമുള്ള ശമ്പള വർധനവോടെ ലഭിക്കും. വിശ്വാസയോഗ്യമല്ലാത്ത പ്രവൃത്തികളിൽ നിന്നും പിന്മാറും. പ്രായോഗിക വശം ചിന്തിച്ചു പ്രവർത്തിച്ചു പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. വരവിനേക്കാൾ ചെലവ് കൂടുമെന്നതിനാൽ ശ്രദ്ധ വേണം.

ഉത്രാടം

ദേവത: വിശ്വദേവതകൾ

ഗണം: മാനുഷം

ഭൂതം: വായു

മൃഗം: കാള

പക്ഷി: കോഴി

വൃക്ഷം: പ്ലാവ്

ഉത്രാടം നക്ഷത്രക്കാർ ഹാസ്യപ്രിയന്മാരായിരിക്കും. വിനയമുള്ള ഇവർക്കു പക്ഷേ ശത്രുക്കൾ ഏറെയുണ്ടാകും. പലപ്പോഴും ദുഃഖിതരായിരിക്കും. പല സ്ഥലത്തും യാത്ര ചെയ്യേണ്ടിവരും. അഭിമാനികളായ ഈ നക്ഷത്രക്കാർ വിദ്വാന്മാരും ആയിരിക്കും. എതിർലിംഗത്തിൽപ്പെട്ടവരിൽ ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരിക്കും. ചില സമയങ്ങളിൽ ചീത്തസ്വഭാവവും പുറത്തെടുത്തെന്നു വരും. ദുരിതമനുഭവിക്കുന്നവരോടു കനിവു കാണിക്കുന്നവരായിരിക്കും.

പുതുവർഷഫലം

ജനമധ്യത്തിൽ പരിഗണന ലഭിക്കുമെങ്കിലും കക്ഷിരാഷ്ട്രീയ മത്സരങ്ങളിൽ പരാജയപ്പെടും. പ്രത്യേക പാഠ്യപദ്ധതിക്കു ചേരാൻ പ്രതീക്ഷച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. അശ്രദ്ധയാൽ അബദ്ധങ്ങളുണ്ടാവും. ആശയങ്ങൾ വ്യത്യസ്തമായതിനാൽ സംയുക്ത സംരംഭങ്ങളിൽ നിന്നും പിന്മാറും. പൊതുവെ സുഖദുഃഖ സമ്മിശ്രമായ ഫലങ്ങളാണ് ഈ വർഷം അനുഭവയോഗ്യമാവുക. വീഴ്ചകൾ ഉണ്ടാവാതെയും ഭക്ഷ്യവിഷബാധയേൽക്കാതെയും സൂക്ഷിക്കണം. പുതിയ കർമപദ്ധതികൾ ഏറ്റെടുക്കേണ്ടതായി വരുമെങ്കിലും സാമ്പത്തിക ചുമതലയിൽ നിന്നും പിന്മാറുകയാണു നല്ലത്. ഉദ്യോഗത്തിൽ നേട്ടമില്ലാത്തതിനാൽ ഉപരിപഠനത്തിനു ചേരും. വിമർശനങ്ങളെ അതിജീവിക്കും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര സഫലമാകും. പുതിയ സംരംഭങ്ങൾക്ക് ഈ വർഷം പണം മുടക്കുന്നത് അഭികാമ്യമല്ല. മനസിലുദ്ദേശിക്കുന്ന കാര്യങ്ങൾ ഈശ്വര ആരാധനകളാൽ സാധിക്കും. തൊഴിൽ മേഖലകളിൽ സമ്മർദങ്ങളും പ്രതികൂല സാഹചര്യങ്ങളും വന്നുചേരും. പ്രണയബന്ധം സഫലമാകും. മാസത്തിലൊരിക്കൽ വന്നുപോകാൻ തക്കവണ്ണം ദൂരത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. വിദഗ്ധ ചികിത്സകളാലും വിശ്രമത്താലും ഈശ്വര പ്രാർഥനകളാലും സന്താനഭാഗ്യമുണ്ടാകും. പ്രകൃതിക്ഷോഭത്താൽ കൃഷിനാശമുണ്ടാകും. കടം വാങ്ങി, കടം നൽകുന്നത് ഉപേക്ഷിക്കണം

തിരുവോണം

ദേവത : വിഷ്ണു

ഗണം: ദൈവം

ഭൂതം: വായു

മൃഗം വാനരൻ

പക്ഷി കോഴി

വൃക്ഷം എരിക്ക്

തിരുവോണം നക്ഷത്രക്കാർ ശാസ്ത്രത്തിൽ നല്ല അറിവുള്ളവരായിരിക്കും. ധനവാന്മാരും പ്രശസ്തരുമാകുന്ന ഇവർക്ക് ശത്രുക്കളും ഏറെയുണ്ടാവും. പലപ്പോഴും വീടു വിട്ടു താമസിക്കേണ്ടിവരും. അനുയോജ്യമായ ജീവിതപങ്കാളിയെ ലഭിക്കും. ജീവിതത്തിൽ ഏറെ സമ്പാദിക്കുമെങ്കിലും ചെലവു കൂടും. ദൈവവിശ്വാസികളായ ഇവർക്കു പുരോഹിതന്മാരോടും വലിയ ബഹുമാനമായിരിക്കും. ഇക്കൂട്ടർ അധാർമികമായി ഒന്നും ചെയ്യില്ല. ഏതു സദസ്സിൽ ചെന്നാലും അവിടത്തെ നേതാവായിരിക്കും

പുതുവർഷഫലം

പഠന-ഗവേഷണ-പരീക്ഷണ-നിരീക്ഷണങ്ങൾക്കായി കൂടുതൽ പ്രയത്നം വേണ്ടിവരും. യാത്രാക്ലേശം ദൂരദേശവാസവും വേണ്ടി വരുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പുതിയ ആശയങ്ങൾ ഉദിക്കുമെങ്കിലും ജൂണിനു ശേഷമേ അനുകൂല സാഹചര്യമുണ്ടാകുകയുള്ളൂ. നിയന്ത്രണങ്ങൾക്കു വിധേയമായി ഉപരിപഠനത്തിനു ചേരാനിടവരും. കൂട്ടുകെട്ടുകളിൽ നിന്ന് അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം. കർമ പദ്ധതികൾ നഷ്ടങ്ങൾക്കു വഴിയൊരുക്കും. അപരിചതരുമായുള്ള ആത്മബന്ധത്തിൽ പണ നഷ്ടത്തിനു സാധ്യതയുണ്ട്. നിർണായകമായ തീരുമാനങ്ങൾക്ക് വിദഗ്ധ നിർദേശം വേണ്ടിവരും. തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് മാനസിക സമ്മർദം വർധിക്കും. വ്യാപാര വ്യവസായ വിപണന വിതരണമേഖലകളിൽ പ്രതീക്ഷിച്ച നേട്ടം കുറയും. സംയുക്ത സംരംഭത്തിൽ നിന്നും പിൻമാറാനിടവരും. അത്യധ്വാനം ചെയ്താലും പ്രതീക്ഷിച്ച അംഗീകാരവും അനുഭവവും ഉണ്ടാവില്ല. നിലനിൽപിന് വിഘാതമായ പ്രവർത്തനങ്ങൾ എല്ലാ വിഭാഗത്തിൽ നിന്നുമുണ്ടാകുമെങ്കിലും ആത്മധൈര്യത്തോടു കൂടി പ്രവർത്തിച്ചാൽ എല്ലാത്തിനെയും അതിജീവിക്കാനാകും. ഭയ-ഭക്തി-ബഹുമാനത്തോടു കൂടി ചെയ്യുന്ന പ്രവർത്തനങ്ങൾ അന്തിമ നിമിഷത്തിൽ ലക്ഷ്യപ്രാപ്തി നേടും.

അവിട്ടം

ദേവത: വസുക്കൾ

ഗണം: ആസുരം

ഭൂതം: ആകാശം

മൃഗം: സിംഹം

പക്ഷി: മയിൽ

വൃക്ഷം വഹ്നി

നേതൃത്വഗുണമുള്ളവരായിരിക്കും. അവിട്ടം നക്ഷത്രക്കാർ. നാടുവിട്ടു താമസിക്കുന്നതിലാണ് ഇവർക്ക് കൂടുതൽ സന്തോഷം ധനവാന്മാരായിരിക്കുന്ന ഈ നാളുകാർ സംഗീതം, നാടകം തുടങ്ങിയവയിൽ തൽപരരുമായിരിക്കും. പലപ്പോഴും ഭാര്യയുമായി വേർപെട്ടു താമസിക്കേണ്ടി വരും. ആഗ്രഹങ്ങൾ ഏറിയവരാണിവർ. അൽപം ശൗര്യപ്രകൃതിയുണ്ടാവും. ജീവിതത്തിൽ സുഖം അനുഭവിക്കും. നന്നായി സംസാരിക്കാൻ കഴിയുന്ന ഇവർ വേണ്ടി വന്നാൽ കള്ളം പറയാനും മടിക്കില്ല.

പുതുവർഷഫലം

അവസരോചിതമായി പ്രവർത്തിക്കാനുള്ള സമചിത്തതയും യുക്തിയും അനുകൂല സാഹചര്യങ്ങൾക്കു വഴിയൊരുക്കും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരാൻ സാധിക്കും. വർഷങ്ങൾക്കു മുമ്പ് അപേക്ഷിച്ച വിദേശ സ്ഥിരതാമസാനുമതി ലഭിക്കും. അസാധ്യമെന്നു തോന്നുന്ന പലതും നിഷ്കർഷയോടെയുള്ള പ്രവർത്തനങ്ങളാൽ സാധിക്കും. മക്കളുടെ വിദ്യാഭ്യാസം, ഉദ്യോഗ വിഷയങ്ങളിലുള്ള ലക്ഷ്യപ്രാപ്തിയിൽ ആശ്വാസം തോന്നും. കലാകായിക മത്സരങ്ങൾക്ക് പരിശീലനം തുടങ്ങും. പുരോഗതിയില്ലാത്ത ഗൃഹം വിൽപന ചെയ്ത്, ഭൂമി വാങ്ങി തച്ചുശാസ്ത്ര വിധിപ്രകാരം ഗൃഹനിർമാണം തുടങ്ങും. നീതിന്യായങ്ങൾ നടപ്പിലാക്കാൻ നിയമ സഹായം തേടും. കുടുംബത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശന കർമം നിർവഹിക്കും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കാനിടവരും. സമ്മാനപദ്ധതികളിലും നറുക്കെടുപ്പിലും വിജയിക്കും. വാത-നാഡീ-ഹൃദ് രോഗങ്ങൾക്ക് ശസ്ത്രക്രിയ വേണ്ടിവരും. കടം കൊടുത്ത സംഖ്യ മധ്യസ്ഥർ മുഖാന്തിരം ഗഡുക്കളായി ലഭിക്കാൻ ധാരണയാകും. കീഴ്ജീവനക്കാരുടെ കുതന്ത്രങ്ങൾ നിയന്ത്രിക്കാൻ സാധിക്കും. ഗുണനിലവാരം കുറഞ്ഞ ഗൃഹോപകരണങ്ങളിൽ നിന്നും അഗ്നിഭീതിക്ക് യോഗമുണ്ട്. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കും.

ചതയം

ദേവത:വരുണൻ

ഗണം:ആസുരം

ഭൂതം: ആകാശം

മൃഗം: കുതിര

പക്ഷി: മയിൽ

വൃക്ഷം: കടമ്പ്

ചതയം നാളുകാർ പൊതുവേ ധാരാളം സംസാരിക്കുന്നവരായിരിക്കും. ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരാകുന്ന ഇവർ ഏതു സംഘത്തിൽ ചെന്നാലും അവിടത്തെ നേതാവാകും. കിട്ടുന്ന പണം മുഴുവൻ വാരിക്കോരി ചെലവാക്കും. ദയയും അനുകമ്പയുമൊന്നും അധികം കാണിക്കില്ല. ഏതു കാര്യങ്ങളും എളുപ്പത്തിലാക്കാൻ സൂത്രം കണ്ടെത്തും. ശത്രുക്കളെ മുഴുവൻ സ്നേഹിച്ചു വശത്താക്കും. കാലം മാറുന്നതനുസരിച്ചു പെരുമാറാൻ ഇവർക്ക് അറിയാം. ഭക്ഷണം അധികം കഴിക്കില്ല. സാഹസസ്വഭാവമുണ്ടായിരിക്കും

പുതുവർഷഫലം

പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. ഉദ്ദേശിച്ച വിഷയത്തിൽ ആഗ്രഹിച്ച സ്ഥാപനത്തിൽ ഉപരിപഠനത്തിനു ചേരും. പ്രവർത്തന മേഖലകളിൽ അഭൂതപൂർവമായ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. കലാകായിക രംഗങ്ങൾ, നറുക്കെടുപ്പ്, സമ്മാനപദ്ധതികൾ തുടങ്ങിയവയിൽ വിജയിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. പദ്ധതി ആസൂത്രണ വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ കഴിവിന്റെ പരമാവധി പ്രകടിപ്പിക്കാൻ സാധിക്കും. നിയുക്ത പദവിയിൽ നിന്നും സ്ഥാനക്കയറ്റവും സ്ഥാനചലനവും ഉണ്ടാകും. ആദരവും വിനയവുമുള്ള സമീപനം മാർഗതടസങ്ങളെ അതിജീവിച്ച് സർവകാര്യ വിജയം നേടാൻ സഹായിക്കും. അന്ധമായ അമിതവിശ്വാസം അബദ്ധങ്ങൾക്കു കാരണമാകും. കുടുംബജീവിതത്തിൽ ആഹ്ലാദമുണ്ടാകും. പുതിയ വ്യാപാര വ്യവസായങ്ങളിൽ നിന്നും സാമ്പത്തിക നേട്ടമുണ്ടാകും. വെല്ലുവിളികളെ അതിജീവിക്കാനുള്ള ആത്മധൈര്യമുണ്ടാകും. വാക്കും പ്രവൃത്തിയും വ്യത്യസ്തമാവാതെ സൂക്ഷിക്കണം. ഗർഭമലസാനിടയുള്ളതിനാൽ അവധിയെടുത്ത് വിശ്രമം വേണ്ടിവരും. സംയുക്ത സംരംഭത്തിൽ നിന്നും പിന്മാറി സ്വന്തമായ വ്യാപാരം തുടങ്ങും. ആഹാരപദാർഥങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. അസ്ഥി,വാത നിർദോഷ രോഗങ്ങൾ വർധിക്കും.

പൂരുരുട്ടാതി

ദേവ: അജൈകപാത്

ഗണം: മാനുഷം

ഭൂതം: ആകാശം

മൃഗം: നരൻ

പക്ഷി: മയിൽ

വൃക്ഷം: തേൻമാവ്

പൂരുരുട്ടാതി നക്ഷത്രക്കാർ സ്ഥിരമായി ഒരിടത്തു താമസിക്കുന്നവരല്ല. ആർക്കും എളുപ്പത്തിൽ മനസിലാക്കാൻ കഴിയാത്ത സ്വഭാവമാവും. ഈ നാളുകാർക്ക് എതിർലിംഗത്തിൽപ്പെട്ടവരോട് കൂടുതൽ താൽപര്യം തോന്നും. സർക്കാരിൽ നിന്ന് ആനൂകൂല്യങ്ങളോ അംഗീകാരമോ ലഭിക്കും. ശാന്തമായ മനസുണ്ടാകുമെങ്കിലും ഇവർക്കു പേടി കൂടും. സ്വന്തം ജോലി ചിട്ടയോടെ ചെയ്യുന്ന കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാവില്ല. സൗമ്യ സ്വഭാവക്കാരായ ഇവർ പൊതുവെ ദീർഘായുഷ്മാൻമാരുമായിരിക്കും

പുതുവർഷഫലം

വ്യാപാര, വിപണന, വിതരണ മേഖലകളിൽ പ്രതീക്ഷിച്ചതിലുപരി ഉണർവും സാമ്പത്തികനേട്ടവും ഉണ്ടാകും. ആഗ്രഹിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരാൻ സാധിക്കും. സുദീർഘമായ ചർച്ചയിലൂടെ സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കുന്നതിൽ കൃതാർ‌ഥനാകും. ഉത്തേജന മരുന്നുകൾ ഉപേക്ഷിച്ച് പ്രകൃതി ജീവന ഔഷധ രീതി അവലംബിക്കും. അഭ്യൂഹങ്ങൾ പലതും കേൾക്കാനിടവരുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. ദേഹത്തിന് തളർച്ച, പക്ഷവാതം, ഹൃദ്, നാഢീരോഗങ്ങൾ തുടങ്ങിയവയ്ക്ക് വിദഗ്ധ ചികിത്സ വേണ്ടിവരും. ഭാര്യാഭർത്താക്കന്മാർ ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. സുതാര്യവും നീതിയുക്തവുമായ സംസാരശൈലി സർവാദരങ്ങൾക്കും വഴിയൊരുക്കും. പുതിയ ഗൃഹം വാങ്ങി താമസിച്ചു തുടങ്ങും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. ഈശ്വരപ്രാർഥനകളാലും ആയുർവേദ-പ്രകൃതിചികിത്സകളാലും സന്താനസൗഭാഗ്യമുണ്ടാകും. അവസരങ്ങൾ പരമാവധി പ്രയോ‌ജനപ്പെടുത്തും. പാരമ്പര്യ പ്രവൃത്തികൾക്ക് പരിശീലനം നേടി. പ്രവർത്തന തലത്തിൽ കൊണ്ടുവരും. പരീക്ഷ, ഇന്റർവ്യൂ, സന്ധിസംഭാഷണം തുടങ്ങിയവയിൽ പ്രശസ്ത വിജയം നേടും. വാഹനം മാറ്റി വാങ്ങും. അനാവശ്യമായ ആധി ഉപേക്ഷിക്കണം

ഉത്രട്ടാതി

ദേവത: അഹിർബുധ്നി

ഗണം മാനുഷം

ഭൂതം ആകാസം

മൃഗം പശു

പക്ഷി മയിൽ

വൃക്ഷം കരിമ്പന

നല്ല വാക് സാമർഥ്യമുള്ള ഉത്രട്ടാതി നക്ഷത്രക്കാർ ജീവിതത്തിൽ പൊതുവെ സുഖം അനുഭവിക്കുന്നവരുമായിരിക്കും. അധാർമികമായി ഒന്നും ചെയ്യാൻ ഇക്കൂട്ടർക്കു കഴിയില്ല. ആരോടും വിനയത്തോടെ പെരുമാറും. ആർക്കും എന്തും കൊടുക്കാൻ മടിയുണ്ടാകില്ല. ആരോഗ്യ പരിപാലനത്തിൽ ഏറെ ശ്രദ്ധിക്കുന്ന ഈ നാളുകാർക്ക് പണത്തോട് ഏറെ ആഗ്രഹമുണ്ടാകും. എന്നാൽ പണം ചെലവാക്കുന്ന കാര്യത്തിൽ അങ്ങേയറ്റം പിശുക്കും കാണിക്കും. ഏതു വിഷയത്തിലും ആഴത്തിലുള്ള അറിവുണ്ടായിരിക്കും

പുതുവർഷഫലം

വിജയസാധ്യതകളെപ്പറ്റി വിലയിരുത്തി പുതിയ പദ്ധതികൾക്കു രൂപകൽപന ചെയ്യും. ഉദ്യോഗമാറ്റമുണ്ടാകും. സാഹിത്യം, കലാകായികം, വൈജ്ഞാനികം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അവസരങ്ങളുണ്ടാകും. ഉന്നതരുമായി സൗഹൃദബന്ധം പുലർത്തുന്നതുവഴി പുതിയ ആശയങ്ങൾ ഉത്ഭവിക്കും. നിശ്ചദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. സൂക്ഷ്മതക്കുറവുകൊണ്ടു വാഹനാപകടം ഉണ്ടാകും. അംഗീകാരങ്ങൾക്കു കാലതാമസമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ അനുകൂലമായ അന്തരീക്ഷം സംജാതമാകും. ഈശ്വരപ്രാർഥനകളാലും യുക്തിപൂർവമുള്ള സമീപനത്താലും മാർഗതടസങ്ങൾ നീങ്ങും. പരീക്ഷ ഇന്റർവ്യൂ ചർച്ചകൾ തുടങ്ങിയവയിൽ പരിമിതമായ രീതിയിൽ വിജയമുണ്ടാകും. ശാസ്ത്രസാങ്കേതിക വിദഗ്ധർക്ക് ദേശീയ അംഗീകാരം ലഭിക്കും. ഗർഭം ധരിച്ച് സന്താനഭാഗ്യമുണ്ടാകും. വ്യാപാര മേഖലയിലുള്ള അനിശ്ചിതാവസ്ഥ ഒഴിഞ്ഞുമാറി, നിലനിൽപ് ഉണ്ടാകും. മൂത്രാശയ, കരൾ, നാഡീ രോഗപീഡകൾക്ക് വിദഗ്ധ ചികിത്സയും ശസ്ത്രക്രിയയും വേണ്ടിവരും. ആസൂത്രിത പദ്ധതികളിൽ അന്തിമമായി അനുകൂല വിജയവും അനുഭവവും ഉണ്ടാകും. വികസ്വര രാജ്യത്തിലേക്ക് സ്ഥിരതാമസമാക്കുവാനുള്ള തീരുമാനം തൽക്കാലം ഉപേക്ഷിക്കും.

രേവതി

ദേവത: പുഷാവ്

ഗണം ദൈവം

ഭൂതം ആകാശം

മൃഗം ആന

പക്ഷി മയിൽ

വൃക്ഷം ഇരിപ്പ

രേവതി നക്ഷത്രക്കാർ സ്വയം പ്രതാപികളെന്ന് അഭിമാനിക്കും. പൊതുവെ സുന്ദരന്മാരായ ഇവർ പക്ഷേ സ്ത്രീകൾക്കു പെട്ടെന്നു വഴങ്ങുന്ന കൂട്ടത്തിലാകില്ല. എങ്കിലും കാമാതുരമായ ഹൃദയമുണ്ടായിരിക്കും. ഏതു കാര്യത്തിലും മത്സരബുദ്ധി കാണിക്കും. ഇളകാത്ത മനസായിരിക്കും. നല്ല കാര്യങ്ങൾ ചെയ്യാൻ അതിയായ താൽപര്യം ഉണ്ടാകും. ഭാര്യയോടും മക്കളോടും കൂടി സന്തോഷപ്രദമായ ജീവിതം നയിക്കും. ശരീരത്തിൽ പ്രത്യേക അടയാളം കാണാനിടയുണ്ട്

പുതുവർഷഫലം

പദ്ധതി അസൂത്രണങ്ങളിൽ വിജയവും സാമ്പത്തിക നേട്ടവും ഉണ്ടാകും. വിദഗ്ധരുടെയും അനുഭവജ്ഞാനമുള്ളവരുടെയും നിർദേശത്തോടെ പ്രവർത്തിച്ചാൽ തൊഴിൽ മേഖലകളിലുള്ള പരാജയങ്ങൾ ഒഴിവാക്കാം. അധികച്ചെലവ് നിയന്ത്രിക്കണം. പുതിയ തലമുറയിലുള്ളവരുടെ അതൃപ്തിയാൽ മാറി താമസിക്കാനിടവരും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ, ഒരാൾ ഉദ്യോഗം ഉപേക്ഷിക്കേണ്ടതായി വരും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും അപമാനം വന്നുചേരും. നിരപരാധിത്വം തെളിയിക്കുവാൻ സാധിക്കുന്നതിനാൽ ഉദ്യോഗത്തിൽ പുനർനിയമനമുണ്ടാകും. ജലോത്ഭവ ജലാശ്രിത പ്രവൃത്തികളിൽ നിന്നും സാമ്പത്തികനേട്ടമുണ്ടാകും. അവിചാരിതമായ തടസങ്ങളെ അതിജീവിക്കുവാൻ അഹോരാത്രം പ്രയത്നം വേണ്ടിവരും. അർഹമായ അംഗീകാരങ്ങൾക്ക് കാലതാമസമുണ്ടാരും. ആരോഗ്യം തൃപ്തികരമായിരിക്കും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂല സാഹചര്യമാണ്. നിശ്ചയിച്ച വി‌വാഹത്തിന് കാലതാമസമുണ്ടാകും. വിവരസാങ്കേതിക വിദ്യയിൽ പുതിയ കണ്ടെത്തലുകൾക്ക് അംഗീകാരം ലഭിക്കും. അശ്രദ്ധകൊണ്ടു ദേഹത്തിൽ മുറിവുകളും വീഴ്ചകളും ുണ്ടാകും. ജീവിത പങ്കാളിക്ക് അസുഖം വർധിക്കാനും വിദഗ്ധ ചികിത്സ വേണ്ടിവരാനുമിടയുണ്ട്. പുതിയ കരാർ ജോലികൾ ഏറ്റെടുക്കുമെങ്കിലും പ്രതീക്ഷിച്ച സാമ്പത്തിക നേട്ടമുണ്ടാവില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.