Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാശി നോക്കി ജോലി നോക്കാം...

sunsign career

എത്ര കഴിവുണ്ടെങ്കിലും ചിലർക്കു തങ്ങളുടെ ജോലിയിൽ അത്രകണ്ട് വൈദഗ്ധ്യം തെളിയിക്കാനാകില്ല. സൂര്യരാശി ഫലമനുസരിച്ച് ഓരോരുത്തർക്കും ഇണങ്ങുന്ന ജോലിയുണ്ട്. ഓരോരുത്തരും അവരവരുടെ രാശിയനുസരിച്ചുള്ള ജോലി മാത്രമേ ചെയ്യാൻ പാടുള്ളൂവെന്നില്ല. രാശിയനുസരിച്ച് ഇണങ്ങുന്ന രംഗം തിര‍ഞ്ഞെടുത്താൽ കൂടുതൽ ഫലം കിട്ടുമെന്നാണ് വിശ്വാസം. ജനന തീയതിയെ അടിസ്ഥാനമാക്കിയാണ് സൺസൈൻ. അധിവർഷം വരുമ്പോൾ ഒന്നോ രണ്ടോ തീയതികളുടെ വ്യത്യാസമുണ്ടാകാം.

സൂര്യരാശിയെ മാത്രമല്ല ജനന സമയത്ത് ഏറ്റവും കൂടുതൽ ബലവാനായ ഗ്രഹത്തെയും കൂടി അടിസ്ഥാനമാക്കിയാണ് ഒരു വ്യക്തിയുടെ പ്രവൃത്തി തീരുമാനിക്കപ്പെടുക. അധികാരമുള്ള ജോലി എന്നു പറയുമ്പോൾ ആഭ്യന്തര മന്ത്രി മുതൽ കോൺസ്റ്റബിൾ വരെ ആകാം. ഒരു വ്യക്തിയുടെ അധികാരത്തിന്റെ വ്യാപ്തി അറിയാൻ കർമസ്ഥാനവും കർമരൂപവും വിശദമായി നോക്കേണ്ടതുണ്ട്. സൂര്യരാശി എന്നു കേൾക്കുമ്പോൾ ജ്യോതിഷത്തിൽ സൂര്യൻ സ്ഥിതി ചെയ്യുന്ന രാശി (സോഡിയാക്) എന്നാണു പലരും ചിന്തിക്കുക. എന്നാൽ യഥാർഥത്തിൽ സൂര്യനും രാശികളുമായിട്ടല്ല, ഭൂമിയും രാശികളുമായാണു ബന്ധം. സൂര്യൻ സഞ്ചരിക്കുന്നില്ല.

ഏരീസ് മേടം (മാർച്ച് 21 – ഏപ്രിൽ 19 വരെ) ചിഹ്നമായ മലയാട് ശ്രദ്ധയില്ലാതെ ചാടി നടക്കുകയും വേറൊരു കുഞ്ഞാടിനെ കണ്ടാൽ ഉടനെ യുദ്ധത്തിനു തയാറാകുകയും ചെയ്യും. ഈ രാശിയുടെ അധിപനായ ഗ്രഹം ചൊവ്വയാണ്. യുദ്ധം ചെയ്യുക, അധികാരം പ്രയോഗിക്കുക, അമിതമായി ദേഷ്യപ്പെടുക, ഭവിഷ്യത്തുകളെപ്പറ്റി ആലോചിക്കാതെ പ്രവർത്തിക്കുക എന്നീ സ്വഭാവങ്ങളുണ്ടാവും. പൊലീസ്, പട്ടാളം തുടങ്ങിയവയിൽ താൽപര്യം ഉണ്ടാവും. സിവിൽ സർവീസ് ഉദ്യോഗം ഇവ ഇവർക്ക് അനുയോജ്യമാണ്. അഗ്നിശമനസേനാ ഉദ്യോഗം, പലതരം കായികരംഗത്തെ പ്രവൃത്തികൾ ഇവർക്ക് ചേരും. പാചകത്തിൽ നിപുണരാകും. ഏരീസ്, ലിയോ, സാജിറ്റേറിയസ് എന്നീ രാശികൾ ആഗ്നേയ രാശികളാണ്. ഒരേ പോലെയുള്ള സ്വഭാവമായതിനാൽ മേലധികാരികളായി ഇതിലേതെങ്കിലും രാശിക്കാർ വന്നാൽ അഭിപ്രായ ഭിന്നത ഉണ്ടാകാൻ ഇടയുണ്ട്. ഇത്തരം സാഹചര്യത്തിൽ ഏറ്റുമുട്ടൽ ഒഴിവാക്കുന്നതാണ് ഉചിതം.

ടോറസ് ഇടവം (ഏപ്രിൽ 20 – മേയ് 20 വരെ) ഈ രാശിയുടെ ചിഹ്നം കാളയാണ്. അധിപൻ ശുക്രനും. കാള നിസ്വാർഥമായ സേവനത്തിന്റെ പ്രതീകമാണ്. ആരോഗ്യമുള്ള കാലം മുഴുവനും അന്യർക്കു വേണ്ടി ജോലി ചെയ്യുന്ന പ്രകൃതം. ഈ രാശിക്കാർ മറ്റുള്ളവരുമായി കൂട്ടായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനു താൽപര്യവും കഴിവും ഉള്ളവരുമാണ്. വളരെ വ്യക്തമായി സംസാരിക്കുന്നവരാവുമെന്നതിനാൽ അനൗൺസർ, ന്യൂസ് റീഡർ, പ്രാസംഗികർ എന്നീ നിലകളിൽ തിളങ്ങും. എൻജിനീയറിങ്, ഡിസൈനിങ്, കലാരംഗം, പാചകകല എന്നീ മേഖലകളിൽ ശോഭിക്കും. ഭൂരാശി ആയതിനാൽ ഏതു രാശിക്കാരുമായും ക്ഷമയോടെ യോജിച്ചു പോകും. എന്നാൽ വിർഗോ (കന്നി), കാപ്രികോൺ (മകരം) ഇവ ഭൂരാശി ആയതിനാൽ ഇവർ തമ്മിൽ യോജിച്ചു പോകാൻ വിഷമമുണ്ടാവും.

ജെമിനി മിഥുനം (മേയ് 21 – ജൂൺ 21) പൂർണമായും മാനുഷിക പരിവേഷമുള്ള രാശിയാണു ജെമിനി. ബുധനാണ് ഈ രാശിയുടെ അധിപൻ. ദൈവദൂതൻ എന്ന സ്ഥാനമുണ്ട്. ആശയവിനിമയത്തിന്റെ ഗ്രഹം എന്നും അറിയപ്പെടുന്നു. ഈ രാശിയിൽ ജനിച്ചവർ സംസാരിച്ചു ഫലിപ്പിക്കുക, കണക്കുകൾ കൈകാര്യം ചെയ്യുക, മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന വിധത്തിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്യുക എന്നീ സ്വഭാവങ്ങൾ ഉള്ളവരാവും. പ്രസംഗം, രാഷ്ട്രീയം, മിമിക്രി, കോമഡി, അഭിനയം, അഭിഭാഷകവൃത്തി, അക്കൗണ്ടൻസി, ജ്യോതിഷം, ഇടനിലക്കാർ എന്നീ മേഖലകൾ ഇവർക്കു വളരെ അനുയോജ്യമാണ്. ജെമിനി, ലിബ്ര, അക്വേറിയസ് ഇവ വായുരാശികളാണ്. ആഗ്നേയ രാശികളായ ഏരീസ്, ലിയോ, സാജിറ്റേറിയസ് ഇവയുമായി പൊരുത്തപ്പെട്ടു പോകാൻ വിഷമമുണ്ട്. അതേപോലെ മറ്റു വായുരാശികളുമായും യോജിച്ചു പോകാൻ ബുദ്ധിമുട്ടാണ്.

കാൻസർ കർക്കിടകം (ജൂൺ 21 – ജൂലൈ 22) കർക്കിടക രാശിയാണിത്. ഈ രാശിയുടെ അധിപൻ ചന്ദ്രനാണ്. ഞണ്ട് ആണു ചിഹ്നം. ഞണ്ട് ഒരിക്കലും നേരെയുള്ള വരിയിലൂടെ സഞ്ചരിക്കില്ല. കർക്കിടകം രാശിയുടെ അധിപനായ ചന്ദ്രൻ മനുഷ്യമനസ്സിനെ നിയന്ത്രിക്കുന്നവനും ആണ്. മനസ്സ് ഒരിക്കലും ഒരേവഴിയിൽക്കൂടി നീങ്ങാത്തതുപോലെ ഞണ്ടിന്റെ യാത്രയും. ഈ രാശിയിൽ ജനിച്ചവർക്കു ഓഷ്യനോഗ്രഫി, ഫിഷറീസ് സയൻസ്, ജലവിഭവങ്ങളുമായി ബന്ധപ്പെട്ട ജോലി, ജലയാത്ര, നേവി, മർച്ചന്റ് നേവി, കസ്റ്റംസ്, എണ്ണകൾ, സുഗന്ധ ദ്രവ്യങ്ങൾ, പുഷ്പങ്ങൾ, ആയുർവേദ മരുന്നുകൾ, ആയുർവേദ ചികിത്സ, സൈക്കോളജി തുടങ്ങിയ പ്രവൃത്തികൾ അനുയോജ്യമാണ്. ജലവും അഗ്നിയും യോജിക്കാത്തതിനാല്‍ ഏരീസ്, ലിയോ, സാജിറ്റേറിയസ് ഇവരുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടാവാനിടയുണ്ട്.

ലിയോ ചിങ്ങം (ജൂലൈ 23 – ഓഗസ്റ്റ് 22) സിംഹമാണു ചിഹ്നം. വലുപ്പം കൊണ്ട് ആനയേക്കാളും ചെറുതാണെങ്കിലും ഒറ്റയടിക്ക് ആനയെ കൊല്ലാനുള്ള കഴിവുണ്ട് സിംഹത്തിന്. ജ്യോതിഷത്തിൽ ഗജകേസരിയോഗം പോലെയാണിത്. മനസ്സിനെ വിശേഷബുദ്ധികൊണ്ട് കീഴ്പ്പെടുത്താൻ സാധിക്കുന്നവനു രാജതുല്യമായ സ്ഥാനത്ത് എത്താൻ കഴിയും എന്നാണ്. ഈ രാശിയിൽ ജനിച്ചവർക്ക് ഉന്നത അധികാര സ്ഥാനത്തെത്തുന്നതിനും ധർമം നിലനിർത്തുന്നതിനും ആരുടെയും ഭീഷണിക്കു മുന്നിൽ തല കുനിക്കാതെ നിൽക്കുന്നതിനും കഴിയും. ഇംഗ്ലിഷ് മരുന്നുകൾ, രാസവസ്തുക്കൾ, ഹൃദയ ശസ്ത്രക്രിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലികളിൽ ശോഭിക്കും. യാഗം, യജ്ഞം, ദൈവികമായ കർമങ്ങൾ ഇവ ചെയ്തു ഫലിപ്പിക്കുന്നതിനും കഴിവുണ്ട്. ആഗ്നേയ രാശികളായ ഏരീസ്, സാജിറ്റേറിയസ്, വായു രാശികളായ ജെമിനി, ലിബ്ര, അക്വേറിയസ്, ജലരാശികളായ കാന്‍സര്‍, സ്കോർപ്പിയോ, പിസസ് തുടങ്ങിയ രാശിക്കാരുമായി യോജിച്ചുപോകാൻ വിഷമമാണ്.

വിർഗോ കന്നി (ഓഗസ്റ്റ് 23 – സെപ്റ്റംബർ 22) ഒരു കയ്യിൽ നെൽക്കതിരും മറുകയ്യിൽ വിറകു കൊള്ളിയുമേന്തിയ കന്യകയാണു ചിഹ്നം. ബുധനാണ് ഈ രാശിയുടെ അധിപൻ. ചിഹ്നം സൂചിപ്പിക്കുന്നതുപോലെ കന്യകയുടേതായ ഒതുക്കവും എന്നാൽ ആവശ്യമുള്ള സാഹചര്യങ്ങളിൽ ഫലസിദ്ധിയുള്ള പ്രവൃത്തികൾക്കും അഗ്നിയായി ജ്വലിക്കുന്നതിനും കഴിവുള്ള വ്യക്തികളാണ്. പലപ്പോഴും ഇവരുടെ കഴിവുകളെ അടുത്തു പരിചയമുണ്ടെങ്കിൽ മാത്രമേ അറിയാൻ കഴിയൂ. ഇവർ ശരിയായ രീതിയിൽ നിയന്ത്രണങ്ങൾ ശീലിക്കുന്നവരും വേണ്ട ഗുണങ്ങൾ ഉള്ളവരും അധ്വാനശീലരും അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാത്തവരുമാവും.. കാര്യങ്ങളുടെ സത്യാവസ്ഥ കണ്ടുപിടിക്കാൻ ഇവർക്കു കഴിവുള്ളതിനാൽ സിബിഐ, സിഐഡി, കുറ്റാന്വേഷണം ഇത്തരം ജോലികളിൽ തിളങ്ങും. തർജമ, മാധ്യമരംഗം എന്നീ മേഖലകളിൽ ഈ രാശിക്കാർ ഭംഗിയായി ശോഭിക്കും. ഭൂരാശി ആയതിനാൽ പൊതുവെ എല്ലാവരുമായി യോജിച്ചു പോകും. ഇവരുടെ കഴിവുകള്‍ പലപ്പോഴും വൈകിയേ തിരിച്ചറിയപ്പെടൂ എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

ലിബ്ര തുലാം (സെപ്റ്റംബർ 23 – ഒക്ടോബർ 22) ചിഹ്നം ത്രാസ്. അധിപൻ ശുക്രൻ. തുലനം ചെയ്തു നിർത്താൻ വിഷമമാണെന്നതാണു ത്രാസിന്റെ പ്രത്യേകത. ഒരു തട്ടിൽ എന്തെങ്കിലും ഭാരമുള്ള വസ്തു വീണാൽ ഇതിന്റെ സന്തുലിതാവസ്ഥ നഷ്ടമാകും. ഇവർ എപ്പോഴും ശ്രദ്ധിക്കുന്നതു രണ്ടു തട്ടുകളും തുല്യത പാലിച്ചു തന്നെ നിൽക്കണമെന്നതാണ്. ഈ പരിശ്രമത്തിനിടയിൽ ഒന്നും ധൈര്യമായി ചെയ്യാൻ സാധിക്കാതെ വരും. അതേ സമയം എല്ലാക്കാര്യങ്ങളിലും ന്യായം നടത്തുന്നതിന് ഇവർക്കുള്ള കഴിവ് പ്രധാനമാണ്. കോടതിയുടെ ചിഹ്നം ത്രാസാണല്ലോ. ലിബ്ര വായുരാശിയാണ്. ഒരാളുമായും വിരോധമുണ്ടാകാതിരിക്കാൻ ഇവർ ശ്രദ്ധിക്കും. പറയുന്ന ജോലിക്കപ്പുറം സ്വമേധയാ ഒന്നും ചെയ്യില്ല. കാര്യപ്രാപ്തി ഉണ്ടെങ്കിലും സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാവില്ല. കലാരംഗത്ത് ശോഭിക്കും. ആർട്ടുമായി ബന്ധമുള്ള ജോലികളും ക്ലർക്ക്, പഴ്സണൽ അസിസ്റ്റന്റ് പോലെയുള്ളവയും ഇവർക്ക് അനുയോജ്യമാണ്.

സ്കോർപ്പിയോ വൃശ്ചികം (ഒക്ടോബർ 23 – നവംബർ 21) തേൾ ആണു ചിഹ്നം. ചൊവ്വയാണ് അധിപൻ. ചാണക്യന്റെ സ്വഭാവമാണ് ഇവരുടേത്. അതായതു ശത്രുവിനെ വേരോടെ പിഴുതെടുത്ത് പൂർണമായും നശിപ്പിക്കാനുള്ള കഴിവ് ഇവരിലുണ്ട്. ആയോധന കലകളിൽ പ്രത്യേകമായ കഴിവുകൾ ഉണ്ടാവും. സൈന്യം, ഫയർഫോഴ്സ്, ലോഹങ്ങളുമായി ബന്ധപ്പെട്ട ജോലികൾ, സ്പേസ് സയന്റിസ്റ്റ്, ഡിസൈനിങ്, ആർക്കിടെക്ട്, വളരെയേറെ ആലോചിച്ചു വിഭാവനം ചെയ്യേണ്ടതായ ജോലികള്‍, പാചകം തുടങ്ങിയ ജോലികളിൽ ഇവർ സമർഥരായിരിക്കും. മടി ഇല്ലാതെ തുടർച്ചയായി ജോലി ചെയ്യാൻ ഇവര്‍ മിടുക്കരാണ്. ആസൂത്രണം, നയതന്ത്രം എന്നീ രംഗങ്ങളിൽ തിളങ്ങും. പദ്ധതികൾ ഭാവനയിൽ കാണാനും അത് കൃത്യമായി നടപ്പാക്കാനും ഇവർ മിടുക്കരാണ്. രാഷ്ട്രീയ നേതാക്കന്മാരുടെ ഉപദേഷ്ടാവായി ശോഭിക്കും. വളരെയേറെ ശ്രദ്ധയോടെ എതിരാളികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള പ്രവൃത്തികൾ ഇവ സ്കോർപ്പിയോക്കാർക്ക് ഉത്തമമാണ്. രാശിയുടെ അധിപന്‍ ചൊവ്വ.

സാജിറ്റേറിയസ് ധനു (നവംബർ 22 – ഡിസംബർ 21) വ്യാഴമാണ് ഈ രാശിയുടെ അധിപൻ. ചിഹ്നം പകുതി മനുഷ്യനും പകുതി മൃഗവും കയ്യിൽ കുലച്ച അമ്പും വില്ലും. ഈ രാശി ചിഹ്നം ഇവർക്ക് അനുയോജ്യമായ പ്രവൃത്തി ഏതെന്നു തെളിയിക്കുന്നു. മൃഗത്തിന്റെ ശക്തിയും മനുഷ്യന്റെ ബുദ്ധിയും കൂടാതെ യുദ്ധത്തിനു തയാറെടുത്തുള്ള നിൽപ്പും. ഭഗവദ് ഗീതയുടെ അവസാനത്തെ ശ്ലോകത്തിന്റെ അർഥം – ജ്ഞാനവും ധർമം നിലനിർത്താനുള്ള ആഗ്രഹവും അതിനുവേണ്ടി പ്രവർത്തിക്കുന്നതിനുള്ള ആരോഗ്യവും ആയുധവും ഉണ്ടെങ്കിൽ ധർമം നിലനിർത്താം. ഇത് ഇവർക്കു യോജിച്ചതാണ്. ഈ രാശിയിൽ ജനിച്ചവർ യുദ്ധത്തിൽ തൽപരരും വാഗ്വാദങ്ങളിൽ ഏർപ്പെടുന്നവരുമാണ്. അഭിഭാഷകവൃത്തി, നിയമപാലനം, സ്പോർട്സ്, ആയോധന കലകൾ പഠിപ്പിക്കുക എന്നിവ ഇവർക്ക് അനുയോജ്യമാണ്. സുരക്ഷാസേനയിലും പ്രതിരോധ കർമങ്ങളിലും ഇവർ ശോഭിക്കും. മൃഗങ്ങളെ പരിശീലിപ്പിക്കുന്ന ജോലിയും ഈ രാശിക്കാർക്ക് ഇണങ്ങും. വിയോജിപ്പ് തോന്നിയാൽ തുറന്ന് പറയാൻ ഇവർ മടി കാട്ടില്ല. ഇതിനാൽ എല്ലാവരുമായും പൊരുത്തപ്പെട്ടു പോകാൻ ഇവർക്കു കഴിയില്ല. എന്നാൽ ധർമിഷ്ടരായവർ എല്ലാവരുമായും പൊരുത്തപ്പെട്ടു ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാകും.

കാപ്രികോൺ മകരം (ഡിസംബർ 22 – ജനുവരി 19) ചിഹ്നം മകര മത്സ്യം. ശനിയാണ് ഈ രാശിയുടെ അധിപൻ. ഗ്രഹങ്ങളിൽ ഏറ്റവും തണുത്തത് ശനിയാണ്. ആ പ്രകൃതം ഇവരിൽ വ്യക്തമായുണ്ടാവും. വളരെ തണുത്ത പ്രകൃതമാവും ഇവരുടേത്. പെട്ടെന്നു തീരുമാനങ്ങളെടുക്കുകയോ ക്ഷുഭിതരാവുകയോ വീണ്ടുവിചാരമില്ലാതെ പ്രവർത്തിക്കുകയോ ഇല്ല. ആവശ്യമാണെങ്കിൽപ്പോലും ഒരു പ്രവൃത്തി ചെയ്യുന്നതിനോ മറുപടി പറയുന്നതിനോ ഇവർ തയാറാവുകയില്ല. വളരെ തണുത്ത പ്രകൃതക്കാരെ കാപ്രികോണിയൻസ് എന്നു പറയും. വെള്ളത്തിനു തീ പിടിച്ചതു പോലെയുള്ള സ്വഭാവമെന്നർഥം. ഗ്രീവൻസ് സെല്ലുകൾ, കൗണ്ടറുകൾ, ആശുപത്രികളിലെ റിസപ്ഷനിസ്റ്റുകൾ, മനോനിയന്ത്രണം വേണ്ട ജോലികൾ ഇവയിൽ ഈ രാശിക്കാർ ശോഭിക്കും. ആഗ്നേയ രാശിക്കാർ ഇവരുമായി യോജിക്കില്ല. (ഏരീസ്, ലിയോ, സാജിറ്റേറിയസ്) രാഷ്ട്രീയ നേതാവാകാന്‍ ഇവർ അനുയോജ്യരാണ്.

അക്വേറിയസ് കുംഭം (ജനുവരി 20 – ഫെബ്രുവരി 18) കുടമാണു ചിഹ്നം. ശനിയാണ് ഈ രാശിയുടെ അധിപൻ. ചിഹ്നം ഒഴിഞ്ഞ കുടമാണ്. ഇല്ലാത്ത കാര്യങ്ങൾ വളരെ വലുതാക്കി പറഞ്ഞ് ആളുകളെ സ്വാധീനിക്കുകയും അതിൽ നിന്നും അവനവനും മറ്റുള്ളവർക്കും പ്രയോജനമുണ്ടാക്കുകയും ചെയ്യും. പറയുന്ന കാര്യങ്ങൾ, വാഗ്ദാനങ്ങൾ പോലും പലപ്പോഴും പൊള്ളയാവും. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ കഴിവുണ്ടാകും. പൊതുവെ അലസരാണ് ഇവർ. ഒരു സ്ഥലത്ത് ഇരുന്നു കൊണ്ടുള്ള ജോലി, ടെലിമാർക്കറ്റിങ് തുടങ്ങിയവ ഇവർക്ക് ഇണങ്ങും. ഒരു സ്ഥലത്ത് ഇരുന്നുകൊണ്ടുള്ള ജോലിയിലാവും താൽപര്യം. ബേഡ് വാച്ചിങ്, സ്കൈ വാച്ചിങ്, പട്രോളിങ് ഇവ അനുയോജ്യമാണ്. അടുത്തറിയുന്ന എല്ലാവരുമായും നല്ല ബന്ധം സ്ഥാപിക്കാൻ ഇവർ മിടുക്കരാണ്. പ്രചാരണ രംഗത്ത് ഇവർക്കു നല്ല കഴിവുണ്ടാവും.

പിസസ് മീനം (ഫെബ്രുവരി 19 – മാർച്ച് 20) അന്യോന്യം വാലിൽ കടിച്ചു പിടിച്ചിരിക്കുന്ന രണ്ടു മത്സ്യങ്ങളാണ് ഈ രാശിയുടെ ചിഹ്നം. ഒന്നും പൂർണമായി ചെയ്യാൻ അനുവദിക്കില്ല എന്നതാണ് ഈ ചിഹ്നം പ്രകടമാക്കുന്നത്. വ്യാഴമാണ് അധിപൻ. ഇത് ഒരു ജലരാശിയാണ്. ജലസംബന്ധിയായ ജോലികൾ, ജലയാത്ര, ഫിഷറീസ് സയൻസുമായി ബന്ധമുള്ള ഉദ്യോഗം, ജല വിഭവങ്ങളുമായി ബന്ധമുള്ള പ്രവൃത്തികൾ ഇവയ്ക്ക് അനുയോജ്യമാണ്. കഴിവുകൾ ധാരാളമുണ്ടാകുമെങ്കിലും അവ പ്രയോഗിക്കാനുള്ള സാധ്യതകൾ കുറവാകും. നൂതനമായ സൃഷ്ടികൾ, പുതിയ തരം ചിന്തകൾ ഇവയിൽ പ്രാവീണ്യം ഉള്ളവരാകും. വിദഗ്ധമായി പഠിപ്പിക്കാനുള്ള കഴിവും ഉണ്ടാകും. ഐടി മേഖലകളിലും ഉപകരണങ്ങളുടെയും മരുന്നുകളുടെയും ഉപയോഗക്രമം എഴുതി ഉണ്ടാക്കുന്നതിനു വിദഗ്ധരാകും.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. വി.എസ്. രാമകൃഷ്ണന്‍ നായർ

പ്രസിഡന്റ്, സെന്റർ ഫോർ അസ്ട്രോളജിക്കൽ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (കാർഡ്), എറണാകുളം

Your Rating: