Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യരാശി ഫലം 2015 നിങ്ങൾക്കെങ്ങനെ?

zodiac-2015

ഏരീസ് (മാർച്ച് 22-ഏപ്രിൽ 20) ഈ രാശിയിൽ ജനിച്ചവർ വിശാല ഹൃദയരും പുറമേക്കു പ്രസന്നത പ്രകടിപ്പിക്കുന്നവരും ആകുമെങ്കിലും അനാവശ്യമായി വ്യാകുലപ്പെടുന്നവരും ദുഃഖം ഉള്ളിലമർത്തിപ്പിടിക്കുന്നവരുമാണ്. പൊതുവെ ഉത്സാഹികളും പ്രത്യുൽപന്നമതികളും അന്യർക്കുവേണ്ടി പ്രവർത്തിക്കുന്നവരുമാണ്. കഠിന പ്രയത്നങ്ങളിലൂടെ ഐശ്വര്യത്തിന്റെ ഗിരിശൃംഗങ്ങളിലിവർക്ക് എത്തിച്ചേരാൻ കഴിയും. ശത്രുക്കളുടെ ഏതിർപ്പുകളെയും വിമർശനങ്ങളെയും അതിജീവിച്ച് ഇവർ പ്രഥമ സ്ഥാനത്തെത്തും. ലോല ഹൃദയരായ ഇവർ കല , അഭിനയം, കോടതി, ആരോഗ്യം, സാഹിത്യരചന എന്നീ മണ്ഡലങ്ങളിൽ ശോഭിക്കും. വിനോദ വ്യായാമകാര്യങ്ങളിൽ താല്പര്യം കുറവായ ഇവർ ഉദ്യോഗത്തിൽ നിന്നു വിരമിച്ചാൽ പൂർണ വിശ്രമം ആഗ്രഹിക്കുന്നവരാണ്. പ്രതികരണശേഷി കൂടൂതലായിരിക്കും. അംഗീകാരവും വിമർശനങ്ങളും ഒരേ സമയം ഇവരെ പിന്തുടരും. ഇവർ സന്താനങ്ങളുടെ ഉന്നതിയിൽ വളരെ സന്തോഷിക്കുകയും ശുഷ്കാന്തി കാണിക്കയും ചെയ്യും.

ഏരീസ് 2015ലെ ഫലം എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവമുണ്ടാകും. ഉദ്യോഗക്കയറ്റം ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് സ്ഥലം മാറ്റം എന്നിവ ലഭിക്കും. ചലച്ചിത്രാഭിനയത്തിന് സാധ്യതയുണ്ട്. ജന്മദിനാഘോഷ പരിപാടികളും വിവാഹച്ചടങ്ങുകളും ആർഭാടമായി നടത്തും. ദേവാലയ കാര്യങ്ങൾക്ക് നല്ല തുക സംഭാവന നൽകേണ്ടി വരും. സഹോദര സ്ഥാനീയരിൽ നിന്നു ഗുണാനുഭവമുണ്ടാകും. വിദ്യാഭ്യാസാവശ്യങ്ങൾക്കായി നല്ല സംഖ്യ ചെലവഴിക്കും. ഭാഗ്യക്കുറിയോ ചിട്ടിയോ കിട്ടുക വഴി കട ബാധ്യത ഒരു പരിധി വരെ തീർക്കാൻ കഴിയും. മത്സര പരീക്ഷാദികളിൽ സമുന്നത വിജയം കരസ്ഥമാക്കും. വിനോദ യാത്ര, തീർഥാടനം, വിദേശ രാജ്യങ്ങൾ സന്ദർശിക്കൽ, പൊതു വേദികളിൽ പ്രത്യക്ഷപ്പെടാനവസരം ലഭിക്കുകയും അതിൽ തിളങ്ങുവാൻ കഴിയുകയും ചെയ്യുക എന്നിവ അനുഭവപ്പെടും. കളികളിലും സംഗീതത്തിലും നൃത്തത്തിലും താൽപര്യം വർധിക്കും. സൗന്ദര്യ സംരക്ഷണത്തിന് പ്രാധാന്യം നൽകും. വളരെക്കാലമായി കണ്ടുമുട്ടുവാനാഗ്രഹിക്കുന്നവരെ കണ്ടു മനസു നിറയും. വാഹനം, വൈദ്യുതി, വാതകം, രാസവസ്തുക്കൾ എന്നിവ കൈകാര്യം ചെയ്യാൻ വളരെ ജാഗ്രത പുലർത്തേണ്ടതാകുന്നു. മേലധികാരികൾ നിന്ന് അനുമോദനം. ബഹുമാനം തിരഞ്ഞെടുപ്പിൽ വജയം എന്നിവയും ഈ വർഷം പ്രതീക്ഷിക്കാം.

ഭാഗ്യ നമ്പർ :9 നിറം : ചുവപ്പ് രത്നം: വജ്രം(വൈരം) മൃഗം: ആട് ഭക്ഷണം: ചുവന്നുള്ളി, കുരുമുളക്

ടോറസ് (ഏപ്രിൽ 21- മെയ് 21) ഈ രാശിയിൽ ജനിച്ചവർ പ്രണയിക്കുന്ന സ്വഭാവക്കാരായിരിക്കും. സത്യസന്ധരും മര്യാദക്കാരുമായ ഇവർ അടുക്കോടും ചിട്ടയോടും കാര്യങ്ങൾ ചെയ്തുതീർക്കുന്നവരായിരിക്കും. നല്ല വസ്ത്രധാരണവും നല്ല കയ്യെഴുത്തും ഇവരുടെ മുതൽക്കൂട്ടായിരിക്കും. ഫലിതം ഇഷ്ടപ്പെടുന്ന ഇവർ ജീവിത വിജയത്തിനു വേണ്ടി ആഹോരാത്രം പണിയെടുക്കാൻ മടികാണിക്കാത്തവരായിരിക്കും. വിശ്വസിക്കുന്നവരെ വഞ്ചിക്കാത്ത ഇവർ അന്ധവിശ്വാസങ്ങൾ പുലർത്തുന്നവരാകും. പരോപകാരം ചെയ്യുന്ന ഇവർ ഉത്തരവാദിത്വം കുറച്ചുമാത്രമേ ഏറ്റെടുക്കുകയുള്ളൂ. ഇവർ ഭോജനപ്രിയരും ലഹരി പദാർഥങ്ങളോടു വൈമുഖ്യം കാണിക്കാത്തവരുമായിരിക്കും. ഊഹക്കച്ചവടം, കായികാഭ്യാസം, നടനം, കലാപരിപാടികൾ കണ്ടാസ്വദിക്കൽ, ചൂതുകളി, പന്തുകളി, ചീട്ടുകളി, കുതിരപ്പന്തയം, ഊഹക്കച്ചവടം എന്നിവയ്ക്കുവേണ്ടി സമയം ചെലവഴിക്കും. ഇവർ അഭിമാനികളും മനസിലുള്ളത് വെട്ടിത്തുറന്നു പറയുന്നവരുമായിരിക്കും. അതിഥിമര്യാദ, സത്പ്രവൃത്തി, ആകർഷണീയമായ പെരുമാറ്റം എന്നിവ ഇവരുടെ മുതൽക്കൂട്ടാണ്. സാഹിത്യാഭിരുചിയുള്ളവരും സംഗീത പ്രിയരുമായിരിക്കും. ജീവിത പങ്കാളികളുമായി ഇവർക്കു കൂടുതൽ ഇടപഴകാൻ സമയം ലഭിക്കാറില്ല.

ടോറസ് 2015 ലെ ഫലം പുതിയ കൂട്ടുകെട്ടു മൂലം ഗുണാനുഭവമുണ്ടാകും. ശത്രുജയം, കൃഷിഗുണം, വിദേശ രാജ്യങ്ങൾ സന്ദർശിക്കാനുള്ള അവസരം ഇവ ഈ വർഷം ലഭിക്കൽ സാധ്യത കൂടുതൽ കാണുന്നു. പ്രധാനപ്പെട്ട ചില ആധാരങ്ങളിൽ ഒപ്പു വയ്ക്കേണ്ടി വരും. നവീന ഗൃഹാരംഭ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും.ഇഷ്ടജന സഹവാസം വിവാഹപ്രായമായ കുടുംബാംഗങ്ങളുടെ വിവാഹകാര്യങ്ങളിൽ തീരുമാനം, ഉന്നത വ്യക്തികളുമായി പരിചയപ്പെടുവാനവസരം ഇവയ്ക്കു സാധ്യത. പുരസ്കാര ലബ്ധി പ്രതീക്ഷിക്കാമെങ്കിലും ഒടുവിൽ ചില തടസങ്ങൾ അനുഭവപ്പെടും. കുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്കായി നല്ല തുക ചെലവഴിക്കേണ്ടി വരും. അവരുടെ അഡ്മിഷൻ കാര്യങ്ങളിൽ അൽപം മാനസിക സംഘർഷങ്ങൾക്കു സാധ്യത കാണുന്നു. വളരെക്കാലമായി തീരുമാനമാകാതെ കിടക്കുന്ന വ്യവഹാരങ്ങളിൽ അനുകൂലമായ വിധി ലഭിക്കും സർക്കാരിൽ നിന്ന് അനുകൂലമായ ചില നടപടികൾ ഉണ്ടാകും. വളരെക്കാലമായി വിദഗ്ധ ചികിത്സ ചെയ്തും വഴിപാടുകൾ നേർന്നും സന്താന ഭാഗ്യം കൈവരാത്ത ദമ്പതികൾക്ക് സന്താനഭാഗ്യമനുഭവപ്പെടാൻ ഈ വർഷം യോഗം കാണുന്നു. ചില അടുത്ത ബന്ധുക്കളുടെ മരണാനന്തര ചടങ്ങുകളിൽ സംബന്ധിക്കാൻ ഇടവരും. ഔഷധസേവ, വ്യായാമം ഇവ മുടക്കരുത്. ചില ബന്ധുക്കൾ ശത്രുക്കളെപ്പോലെ പെരുമാറാനുള്ള സാധ്യതയുണ്ട്. ഭരണപാടവം പ്രകടിപ്പിക്കുന്ന ചില തീരുമാനങ്ങൾ എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റും. പ്രശംസകളും അതുവഴി ലഭിക്കും.

ഭാഗ്യ നമ്പർ: 6 നിറം: പിങ്ക് ഇളം നീല കല്ല് (രത്നം): എമറാൾഡ് (മരതകം) മൃഗം : എല്ലാ മൃഗങ്ങളും (കാള പ്രധാനം) ഭക്ഷണം: ധാന്യങ്ങൾ (ഗോതമ്പ് പ്രധാനം)

ജമിനി (മെയ് 22 - ജൂൺ 21) ആരംഭശൂരത്വം പ്രകടിപ്പിക്കുന്ന ഇവർ വിശ്വാസങ്ങൾക്കടിമപ്പെട്ടവരാകും. ഏറ്റെടുക്കുന്ന കാര്യങ്ങൾ കൃത്യസമയത്തിനു മുഴുമിപ്പിക്കാനാകാതെ പകുതിയിൽ വച്ചു കാര്യങ്ങൾ നിർത്തുന്ന പ്രകൃതക്കാരായിരിക്കും. ഏതു സാഹചര്യങ്ങളിലും ഇണങ്ങി ജീവിക്കാൻ കഴിയുന്ന ഇവർ വികാരജീവികളും ദിവാസ്വപ്നങ്ങൾ അധികവും കാണുന്നവരായിരിക്കും. സംഭാഷണപ്രിയരും ഫലിതപ്രിയക്കാരുമായ ഇവർ തികഞ്ഞ ഈശ്വരവിശ്വാസികളാകും. വ്യാകരണം, ഗണിതം, സാഹിത്യ പ്രവർത്തനം അഭിനയം ജ്യോതിഷം, അധ്യാപനം, കൃഷി മാധ്യമപ്രവർത്തനം, നിയമം എന്നിവയിൽ ശോഭിക്കും. മാതാപിതാക്കളുടെ സ്നേഹം ലഭിക്കുന്ന ഇവർ കണ്ട കാര്യം പറയുന്നതിനാൽ ഇവർക്കു ശത്രുക്കൾ കൂടിവരുന്നതാണ്. ബുദ്ധിപരമായ സമീപനവും പരസ്പര ധാരണയും ചുറുചുറുക്കുമുള്ള പങ്കാളികളെയാണ് ഇവർക്ക് ഇഷ്ടപ്പെടുക. സൗന്ദര്യാരാധകരായ ഇവർ ശരീര സംരക്ഷണത്തിന് മുൻതൂക്കം കൊടുക്കും. അന്ധവിശ്വാസങ്ങൾക്കടിമപ്പെട്ടവരാകയാൽ വിശ്വാസ വഞ്ചനയ്ക്കു പാത്രമാകാനിടയുണ്ട്. രാഷ്ട്രീയത്തിലും കലകളിലും ഇവർ ശോഭിക്കുന്നതാണ്. ആഡംബര ഭ്രമവും ധനം സമ്പാദിക്കണമെന്ന ആഗ്രഹവും ഇവർക്കു കൂടുന്നതാണ്.

ജമിനി 2015-ലെ ഫലം കലാപ്രവർത്തനങ്ങളിൽ അത്യധികം ശോഭിക്കുകയും വരുമാനം വർധിക്കുകയും ചെയ്യുന്ന വർഷമാണ് എന്നാൽ ഇത് ബന്ധുജനങ്ങളിൽ ചിലരുടെ അകാരണമായ അപ്രീതി സമ്പാദിക്കാൻ ഇടയാക്കും. അവരുടെ വാക്കുകളിൽ കൂടുതൽ വിഷമിക്കും. പക്ഷേ മംഗളകരമായ വാർത്തകളാണ് പിന്നീടും ഉണ്ടാവുക. വിദേശങ്ങളിൽ പോകാനുള്ള ആഗ്രഹം പൂവണിയും. പങ്കാളിയുമായി പിണങ്ങേണ്ടിവരുന്ന സന്ദർഭങ്ങളുണ്ടാകുമെങ്കിലും താമസിയാതെ കൂടുതലടുക്കും. പ്രേമകാര്യങ്ങളിൽ നല്ല പുരോഗതിയുണ്ടാകും. ജാമ്യം നിന്നതു മൂലമുള്ള കുഴപ്പങ്ങൾ തലപൊക്കാൻ ഇടയുള്ള കാലമാണ്. കരുതിയിരിക്കുക. പരസ്യങ്ങളിൽ ഭ്രമിച്ച് ധനനഷ്ടവും മാനനഷ്ടവും ആരോഗ്യ നഷ്ടവും ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നതു നന്ന്. ലഹരി പദാർഥങ്ങളിൽ അമിത താൽപര്യമുണ്ടാകും. പ്രധാനപ്പെട്ട പ്രമാണങ്ങളിലൊപ്പിടുകയും അതുവഴി പുരാതന ധനം ലഭിക്കുകയും ചെയ്യും. ഉപരിപഠനങ്ങൾക്കുള്ള മാർഗങ്ങൾ തെളിഞ്ഞു വരും. ഉദ്യോഗാർഥികൾക്ക് ചെറിയ ജോലിയെങ്കിലും ലഭിക്കും. അസൂയക്കാരിൽ നിന്നു ശല്യം എപ്പോഴും പ്രതീക്ഷിക്കണം. ഉത്തരവാദിത്തം കൂടുതൽ ഏൽക്കേണ്ടി വരുന്നതു മൂലം ജനശ്രദ്ധ പെട്ടെന്നു നേടും.

ഭാഗ്യ നമ്പർ ; 5 നിറം : മഞ്ഞ കല്ല്(രത്നം): ഗോമേദകം മൃഗം :കുരങ്ങ് ഭക്ഷണം : കശുവണ്ടി, കപ്പലണ്ടി, പയർ

കാൻസർ (ജൂൺ 22-ജൂലൈ 23) ഈ രാശിയിൽ ജനിച്ചവർ നിർഭയരും അചഞ്ചലരുമായിരിക്കും. മാനസിക സമ്മർദ്ദങ്ങൾക്കു വേഗത്തിൽ വിധേയരാകുമെങ്കിലും തീരുമാനങ്ങൾ വേഗത്തിലെടുക്കാൻ കഴിവുള്ളവരും അതു നടപ്പിൽ വരുത്താൻ കഴിയുന്നവരും തീരുമാനങ്ങളിൽ നിന്നു വ്യതിചലിക്കാത്തവരും ആയിരിക്കും. ഇവരുടെ മക്കൾ പ്രശസ്തരും പ്രഗത്ഭരും വിനയാന്വിതരുമായിരക്കും. സന്താനങ്ങളുടെ കാര്യങ്ങളിലും കുടുംബകാര്യങ്ങളിലും ഇവർ വളരെ ശുഷ്കാന്തി കാണിക്കും. പുരാതന വസ്തുക്കളോട് ഏറെ താൽപര്യമുള്ള ഈ രാശിക്കാർ സൗന്ദര്യവർധകസാമഗ്രികൾ ശേഖരിക്കുന്നതിനും പാചകകലകളിലും സംഗീതത്തിലും ജ്യോതിഷത്തിലും ചിത്രമെഴുത്തിലും പന്തുകളി, ചീട്ടുകളി മുതലായവയിലും വൈദഗ്ധ്യം തെളിയിക്കും. ദിനചര്യയിൽ വ്യതിയാനം ഇവർക്ക് ഇഷ്ടമുള്ള കാര്യമല്ല. ചുറുചുറുക്കും ആധുനിക മനോഭാവമുള്ള ജീവിത പങ്കാളികളെയാണ് ഇവർ കൂടുതൽ ഇഷ്ടപ്പെടുക. കർമ രംഗങ്ങളിൽ ചെറിയ നിലയിൽ നിന്ന് ഉന്നത നിലവരെ ഏണിപ്പടി കയറുന്നപോലെ ഉയർന്നുകൊണ്ടിരിക്കും. മിതഭക്ഷണക്കാരായ ഇവർ സത്യസന്ധരും വിനോദസഞ്ചാരപ്രിയരുമായിരിക്കും. ഏതു കാര്യത്തിലും പുതുമ ആഗ്രഹിക്കുന്ന ഇവർ രഹസ്യ സ്വഭാവം ഉള്ളവരായിരിക്കും. ഗുരുത്വമുള്ളവരും ഈശ്വരഭക്തരുമായിരിക്കും.

കാൻസർ 2015-ലെ ഫലം വളരെക്കാലമായി ശത്രുതയിൽ കഴിഞ്ഞുവരുന്ന ബന്ധുക്കൾ അവരുടെ കാര്യലാഭത്തിനുവേണ്ടി അടുത്തു കൂടി വരുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഗുരുസ്ഥാനീയരിൽനിന്നും അനുഗ്രഹം ലഭിക്കും. മക്കളെ ചൊല്ലിയുള്ള ചില ഉത്കണ്ഠകൾ മനസ്സിനെ ഇടയ്ക്കു വല്ലാതെ അലട്ടുമെങ്കിലും എല്ലാ ആശങ്കകളും അകറ്റുന്ന സാഹചര്യ ം വർഷത്തിന്റെ പകുതിയോടെ സംഭവിക്കും. കുടുംബാംഗങ്ങളോടൊത്തും ഒറ്റയ്ക്കും പ്രധാനപ്പെട്ട പുണ്യ ദേവാലയങ്ങൾ സന്ദർശിക്കും. താന്ത്രിക കാര്യങ്ങൾക്കും വഴിപാടുകൾക്കുമായി നല്ല തുക ചെലവഴിക്കാനും സാധ്യത കാണുന്നു. ഉറ്റ സുഹൃത്തുക്കളുടെയോ വേണ്ടപ്പെട്ടവരുടെയോ വിരഹവിയോഗ ദുഃഖം അനുഭവപ്പെടാൻ സാധ്യത കാണുന്നു. ഊഹക്കച്ചവടങ്ങളിൽ അമിത ലാഭം ഈ വർഷം പ്രതീക്ഷിക്കരുത്. ഓഹരി വിപണിയിലേർപ്പെടുന്നുവെങ്കിൽ കൂടുതൽ ശ്രദ്ധ നൽകണം. ഇല്ലെങ്കിൽ അതു നഷ്ടത്തിലെ കലാശിക്കൂ. സുഹൃത്തുക്കളുടെ ഉപദേശാനുസരണം പുതിയ സംരംഭങ്ങൾക്കു തുടക്കം കുറിക്കുമെങ്കിലും അതിന് ബാലാരിഷ്ടതകൾ ഉണ്ടാകാൻ ലക്ഷണമുണ്ട്. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്തു തീർക്കുന്നതാണ്. സഹപ്രവർത്തകരിൽ നിന്നും ഗുരുജനങ്ങളിൽ നിന്നും സഹായം ലഭിക്കും.

ഭാഗ്യനമ്പർ : 2 നിറം: നീല കല്ല്(രത്നം): മുത്ത് (പേൾ) മൃഗം : ഞണ്ട് ഭക്ഷണം: സവാള, കാബേജ്, പാൽ, മീൻ

ലിയോ- (ജൂലൈ 24-ഓഗസ്റ്റ് 23) ഈ രാശിക്കാർ സംഗീതം നൃത്തം, അഭിനയം, കോടതി, ആരോഗ്യം, സാഹിത്യരചന, ചിത്രരചന, രാഷ്ട്രീയം എന്നീ മണ്ഡലങ്ങളിൽ ശോഭിക്കും. സർവശക്തിയേറിയ ഇവർ വിശാല മനസ്കത പ്രകടിപ്പിക്കുന്നവരാണ്. പൊതുജനോപകാര പ്രദമായ കാര്യങ്ങളിൽ ഇവർ മുൻപന്തിയിലായിരിക്കും. ലോലഹൃദയരും സഹാനുഭൂതിയുള്ളവരുമായിരിക്കും. വിനോദ കാര്യങ്ങൾക്കുപോലും ഇവർക്കു സമയം ലഭിക്കുകയില്ല. വിശ്രമം ഇവർക്കു വിധിച്ചില്ലെന്നു തോന്നും. കീഴ് ജീവനക്കാരെ ഏകോപിപ്പിച്ച് കൊണ്ടുപോകാനും ഇവർക്കു പ്രത്യേക കഴിവുണ്ട്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതങ്ങളിൽ ഇവർ ഇടപെടുന്നവരാണ്. വ്യവസായ സ്ഥാപനങ്ങളിലെ മേൽനോട്ടത്തിൽ ഇവർ യോഗ്യരാണ്. സ്ഥിരമായ ശത്രുക്കൾ നിഴൽപോലെ ഇവരെ പിന്തുടരുന്നതിനാൽ ഉത്കണ്ഠാകുലരായിരിക്കും. വാഗ്വാദങ്ങളിൽപ്പെട്ടു ജീവിക്കുന്ന ഇവർ ജീവിത പങ്കാളിക്കുവേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാകും. നയപരമായ നീക്കങ്ങൾകൊണ്ടും വശ്യമായ മുഖഭാവം കൊണ്ടും സൂത്രത്തിൽ കാര്യങ്ങൾ നേടിയെടുക്കാൻ ഈ രാശിക്കാർക്കു വിരുതായിരിക്കും. എത്ര വലിയ തടസങ്ങളും മറികടന്നു ലക്ഷ്യം നേടിയെടുക്കാൻ ഇവർ പ്രാപ്തരായിരിക്കും. ഉത്സാഹശീലരും യാഥാസ്ഥിതികരും ആയിരിക്കും.

ലിയോ 2015ലെ ഫലം വീടു പണി തുടങ്ങാനും വിദ്യാഭ്യാസം തുടങ്ങാനും പറ്റിയതാണ് ഈ വർഷം. സംഗീതം, യോഗ, നീന്തൽ, വാഹനം ഓടിക്കൽ തുടങ്ങി പുതിയൊരു മേഖലയിലേക്കു പ്രവേശിക്കാനും യോഗം കാണുന്നു. അന്യരുടെ വാക്കു കേട്ട് അബദ്ധത്തിൽ ചെന്നു ചാടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പരീക്ഷകളിലും മത്സരങ്ങളിലും പ്രതീക്ഷിച്ചത്ര നല്ല പ്രകടനം കാഴ്ച വയ്ക്കാൻ കഴിയുകയില്ലെങ്കിലും ഇതു മനസിനെ വല്ലാതെ അലട്ടുകയില്ല. ദൂരയാത്രമൂലം ഗുണാനുഭവമുണ്ടാകും. വ്യാപാരികൾക്ക് കയറ്റുമതി ഇറക്കുമതി വഴി നല്ല ലാഭം കൊയ്യുവാൻ കഴിയും. പ്രേമസാഫല്യം, തൊഴിൽ ലബ്ധി, പ്രശസ്തി, അലങ്കാര വസ്തുക്കൾക്കായി നല്ല തുക ചെലവഴിക്കൽ, ഭൃത്യജനങ്ങളുടെ നിസഹകരണം, അഗ്നിഭയം, ചോരഭയം, പതനഭയം എന്നിവയ്ക്ക് ഈ വർഷം സാധ്യത കാണുന്നു. അവസാന മാസങ്ങളിൽ മക്കളുടെ കാര്യത്തിൽ ചില നിർണായക തീരുമാനങ്ങൾ എടുക്കേണ്ടി വരും. മക്കളുടെ അഭ്യുന്നതിക്കുവേണ്ടി അശ്രാന്ത പരിശ്രമം ചെയ്യേണ്ടിയും വരും. രോഗഭീതി മൂലം ദിനചര്യയിൽ ചില വ്യതിയാനങ്ങൾ വരുത്തും. പക്ഷേ വർഷത്തിൽ ഒരു തവണ എങ്കിലും ആശുപത്രി വാസം വേണ്ടി വരും. ഉദ്യോഗത്തിൽ ഉയർച്ച ലഭിക്കും. എങ്കിലും ഉത്തരവാദിത്തങ്ങൾ അൽപം പിരിമുറുക്കം സൃഷ്ടിക്കും. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ നിന്ന് പലതരം സഹായങ്ങൾ ഇടയ്ക്കിടയ്ക്ക് ലഭിക്കുന്നത് മനസിനു സന്തോഷം പകരും.

ഭാഗ്യനമ്പർ : 1 നിറം: ചുവപ്പ് കല്ല് (രത്നം): മാണിക്യം (റൂബി) മൃഗം: പൂച്ചവർഗം, സിംഹം ഭക്ഷണം: മാംസം, അരി ,തേൻ

വിർഗോ (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23) ഈ രാശിയിൽ ജനിച്ചവർ സംഭാഷണപ്രിയരും വാഗ്മികളുമായിരിക്കും. തന്നെ സ്നേഹിക്കുന്നവർക്കുവേണ്ടി എന്തു ത്യാഗവും ചെയ്യാനും ഇവർ സന്നദ്ധരായിരിക്കും. ശരീരസൗന്ദര്യം പരമാവധി നിലനിർത്താൻ ഇവർ ശ്രമിക്കും. പ്രഥമദർശനത്തിൽ തന്നെ ആരെയും വിശ്വസിക്കുകയില്ല. എന്നാൽ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കുകയും ചെയ്യും. അന്യരെ ആത്മാർഥമായി സഹായിക്കുന്നവരാണ്. സ്വന്തം ജോലി കൃത്യനിഷ്ഠയോടെ ചെയ്യും. അന്യരിൽ നിന്ന് തന്നെപ്പറ്റിയുള്ള വിമർശനം ഇവർക്ക് സഹിക്കാനും താങ്ങാനുമാവില്ല. സ്വന്തം കഴിവുകളെപ്പറ്റി അതിരു കവിഞ്ഞ വിശ്വാസം, തെറ്റുകൾ തെറ്റാണെന്ന് സമ്മതിക്കാനുള്ള വിമുഖത, പ്രവൃത്തികളിൽ വിജയം കൈവരിക്കുന്നതിൽ അതീവ സന്തോഷം, കുടുംബഭാരം ചെറുപ്പത്തിൽ തന്നെ ഏറ്റെടുക്കേണ്ടി വരിക എന്നിവ ഇവരുടെ പ്രത്യേകതകളാണ്. നൃത്ത സംഗീത സാഹിത്യാദികളിൽ വലിയ താൽപര്യമുണ്ടാകുന്നവരാണ്. കുലീനമായി പെരുമാറുന്നവരും വിദ്വാന്മാരുമായിരിക്കും. ഏതു ദുർഘടസന്ധികളിൽ ചെന്നു ചാടിയാലും അതിൽ നിന്നെല്ലാം ഇവർ അദ്ഭുതകരമായി രക്ഷപ്പെടും. ഭക്ഷണകാര്യങ്ങളിൽ നിർബന്ധബുദ്ധി പ്രകടിപ്പിക്കുന്നവരും ശുചിത്വം വേണ്ടതിലധികം പരിപാലിക്കുന്നവരുമായിരിക്കും. ഭൂമി ഇടപാടുകളിലും ഊഹക്കച്ചവടത്തിലും ജാഗ്രത പുലർത്തുന്നവരായിരിക്കും.

വിർഗോ (2015-ലെ ഫലം) നാളുകളായി മനസ്സിൽ സൂക്ഷിച്ചിരുന്ന ചില അഭിലാഷങ്ങൾ പൂവണിയുന്ന വർഷമാണു പിറക്കുന്നത്. വളരെക്കാലങ്ങളായി തീർപ്പുകൽപ്പിക്കാത്ത വ്യവഹാരങ്ങളിൽ അനുകൂലമായി വിധിയുണ്ടാകും. സാങ്കേതിക കലാവിദ്യകൾ, എഴുത്തുകുത്തുകൾ ഇവ ഗുണവും പ്രശസ്തിയും ആരാധനയും നേടിത്തരും. പങ്കാളിയുടെ ചില പ്രവൃത്തികൾ ചെറിയ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുമെങ്കിലും ആദ്യ മൂന്നു മാസങ്ങൾ കഴിയുന്നതോടെ കുടുംബത്തിൽ കൂടുതൽ സന്തോഷം കണ്ടുതുടങ്ങും. ഈ സമയത്തു പുതിയ വാഹനങ്ങൾ വാങ്ങാനും യോഗമുണ്ട്. തിരികെ ലഭിക്കില്ലെന്നു കരുതിയിരുന്ന ധനം പലിശ സഹിതം തിരികെ ലഭിക്കും. പണം ധാരാളം വന്നുചേരുമെങ്കിലും ചെലവും കൂടും. മക്കൾക്കുവേണ്ടി കൂടുതൽ പണമിടപാടുകൾ വേണ്ടിവരും. ഉപകാരം ചെയ്ത് സ്വയം ഉപദ്രവങ്ങൾ ഏറ്റുവാങ്ങേണ്ട ചില സാഹചര്യങ്ങൾ ഉണ്ടാകും എന്നു മനസ്സിൽ കരുതി പ്രവർത്തിക്കുക. ആലോചിക്കാതെ ചെയ്തുപോയ ചില കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ചോർത്തു മനസ്സ് വിഷമിക്കുമെങ്കിലും പ്രതീക്ഷിച്ചത്ര കുഴപ്പം ഉണ്ടാകുകയില്ല. വീട്ടിൽ ചില സത്കർമങ്ങൾ നടക്കും. മക്കളുടെ നല്ല പ്രവർത്തനങ്ങൾ നാട്ടിലും മറ്റു സ്ഥലങ്ങളിലും പ്രശസ്തി നേടിത്തരും.

ഭാഗ്യനമ്പർ: 5 നിറം: പച്ച, കടുംതവിട്ട്നിറം കല്ല് (രത്നം): സാർഡോണിക്സ്, വൈഡൂര്യം മൃഗം: പട്ടി, പൂച്ച ഭക്ഷണം: ഏലക്കായ, ചേന, ഉരുളക്കിഴങ്ങ്

ലിബ്രാ (സെപ്റ്റംബർ 24 - ഒക്ടോബർ 23) ഈ രാശിക്കാർ മധുര സാധനങ്ങളിലും കൊഴുപ്പുള്ള ഭക്ഷണസാമഗ്രികളിലും വളരെ താൽപര്യമുള്ളവരായിരിക്കും. പൊതുവെ ശാന്തപ്രകൃതക്കാരായ ഇവർ ദേഷ്യം വന്നാൽ പരിസരം മറന്നു പ്രവർത്തിക്കും. അന്യരുടെ വിഷമങ്ങൾ കണ്ടറിഞ്ഞു സഹായിക്കുന്നവരും അദ്ധ്യാത്മിക ചിന്തയുള്ളവരായിരിക്കും. ജ്യോതിഷം, വേദാന്തം, യോഗ, കളരിപ്പയറ്റ്, അദ്ധ്യാത്മീക പ്രഭാഷണം എന്നിവയിൽ പ്രഗത്ഭരായിത്തീരും. പ്രശസ്തിയുടെ കൊടുമുടിയിലെത്താൻ വേണ്ടി ഇവർ ഭഗീരഥ പ്രയത്നം കുട്ടിക്കാലം മുതൽക്കുതന്നെ തുടങ്ങും. സന്താനങ്ങളെ അമിതമായി സ്നേഹിക്കും. സൗന്ദര്യ വർധക സാമഗ്രികളിൽ പ്രിയം, സംഗീതാസ്വാദനം, സാഹിത്യരചന, അഭിനയം, ശക്തമായ പ്രസംഗശൈലി എന്നിവ ഈ രാശിക്കാർക്കുള്ള പൊതു ഘടകങ്ങളാണ്. പകൽ വിശ്രമിച്ച് രാത്രിയിൽ പണിയെടുക്കാൻ ഉത്സാഹം കാണിക്കുന്നവരാണിവർ. ചെറിയ കാര്യങ്ങളെ പർവ്വതീകരിച്ചു കാണിക്കുന്ന ഇവർ കീഴ്ജീവനക്കാർക്കും ഭൃത്യജനങ്ങൾക്കും അവരുടെ അവകാശങ്ങൾ വകവെച്ചു കൊടുക്കുന്ന പ്രകൃതക്കാരാണ്. ആഡംബര വസ്തുക്കൾ ഇവർക്ക് പ്രിയമായിരിക്കും. ദാമ്പത്യജീവിതം അത്ര സുഖകരമായിരിക്കില്ല. മാതാവിനോടുള്ള ആത്മാർഥമായ സ്നേഹവും ഭക്തിയും ഇവരുടെ സവിശേഷതയാണ്. ഈ രാശിക്കാരുടെ വിവാഹം താമസിക്കാൻ സാധ്യതയേറെയാണ്.

ലിബ്രാ (2015-ലെ ഫലം) ഗൃഹം പുതുക്കിപ്പണിയാനോ, പുതിയ ഗൃഹം വാങ്ങാനോ പണിയാനോ ഈ വർഷം യോഗം കാണുന്നു. തീരുമാനം എടുക്കാൻ വൈകുമെങ്കിലും എടുത്തുകഴിഞ്ഞാൽ പ്രവർത്തനങ്ങൾ പെട്ടെന്നു തന്നെ മുന്നോട്ടു പോകും. അപ്രതീക്ഷിതമായ മേഖലകളിൽ നിന്നു ധനസഹായവും ലഭിക്കും. ആശയവിനിമയങ്ങളിലെ അപാകതമൂലം കുടുംബത്തിൽ ചില തെറ്റിദ്ധാരണകൾക്കു സാധ്യതയുണ്ട്. ഉദ്യോഗത്തിൽ ഉയർച്ച ലഭിക്കും. പുതിയ ഉത്തരവാദിത്തങ്ങളിലേക്ക് ഇതു നയിക്കുമെങ്കിലും സഹായിക്കാൻ കൂടുതൽ പേർ കൂടെയുണ്ടാകും. ചില സമ്മർദങ്ങൾക്ക് വിധേയമായി പ്രവർത്തിക്കേണ്ടിവരും. ഇതു മനസ്സിനെ ചിലപ്പോഴെങ്കിലും അലട്ടാൻ സാധ്യതയുണ്ട്. ഒറ്റയ്ക്കോ കുടുംബസമേതമോ ഉള്ള ദേശവിദേശയാത്രകൾക്കും യോഗം കാണുന്നു. വർഷത്തിന്റെ രണ്ടാംപകുതിയിൽ ഗുണഫലങ്ങൾ കൂടുതലായി അനുഭവപ്പെടും. വളരെ അടുത്തുനിൽക്കുന്ന ഒരാളിൽ നിന്ന് വഞ്ചനയും അവഹേളനവും ഉണ്ടാകും. ഈ പോരാട്ടത്തിലും അന്തിമവിജയം നിങ്ങൾക്കുതന്നെയാണ്. ആഘോഷങ്ങളുടെ കാലമാണു വരുന്നത്. ചെറിയ കാര്യങ്ങൾ പോലും വലുതായി ആഘോഷിക്കാൻ തോന്നും. പരീക്ഷ, സ്പോർട്സ്, കല തുടങ്ങിയ രംഗങ്ങളിൽ മക്കൾ ഉന്നതമായ നിലയിലെത്തും.

ഭാഗ്യഭാഗ്യനമ്പർ: 6 നിറം: പിങ്ക്, ഇളംപച്ച കല്ല് (രത്നം): സഫയർ, പുഷ്യരാഗം, ജെയ്ഡ് മൃഗം: പല്ലി മുതലായ ഇഴജന്തുക്കൾ ഭക്ഷണം: ഗോതമ്പ്, ആപ്പിൾ, ബീൻസ്

സ്കോർപ്പിയോ (ഒക്ടോബർ 24 - നവംബർ 22) ഈ രാശിക്കാർ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ, മദ്യവ്യവസായം, ഗവേഷണം, മരാമത്ത്, യന്ത്രവ്യവസായം, ചലച്ചിത്രവ്യവസായം, ഗവേഷണം, അഭിനയം എന്നീ മേഖലകളിൽ സമുന്നതവിജയം കരസ്ഥമാക്കാൻ കഴിവുള്ളവരാണ്. സ്വയം പരിശ്രമം കൊണ്ടു ചെറിയ നിലയിൽ നിന്നു വലിയ സ്ഥിതിയിലേക്കും പ്രശസ്തിയിലേക്കും ഉയരും. കാര്യങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്തു പ്രശ്നങ്ങളെ അതിജീവിക്കാൻ ഇവർക്കു കഴിയുന്നു. ഈ രാശിക്കാർ അവരവരുടെ ജീവിതപങ്കാളിയെ പ്രീണിപ്പിക്കുന്നതിൽ രസം കണ്ടെത്തുകയും അതു വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലെത്തുകയും ചെയ്യും. സാധാരണക്കാർക്കു പിരിമുറുക്കം ഉണ്ടാകുന്ന തൊഴിലിൽ ഇവർ ശോഭിക്കും. പുറമേയ്ക്കു ധൈര്യം പ്രദർശിപ്പിക്കുമെങ്കിലും യഥാർഥത്തിൽ തൊട്ടാവാടികളും ഭയചകിതരുമാണിവർ. രഹസ്യപ്രവർത്തനങ്ങൾ നടത്തുന്നതിൽ ഒട്ടും മടി കാണിക്കയില്ല. ശത്രുക്കളെ സൂത്രത്തിൽ പരാജയപ്പെടുത്തുവാൻ പ്രഗത്ഭരാണിവർ. ഈ രാശിക്കാർക്കു പ്രേമം സഹജസ്വഭാവമാണ്. മാംസഭക്ഷണം കൂടുതൽ ഇഷ്ടപ്പെടുന്ന ഇവർ ജീവിതപങ്കാളിയോടും സന്താനങ്ങളോടും കാര്യമായ അടുപ്പം കാണിക്കും. പന്തയം വയ്ക്കുന്നതിലും ചൂതുകളി മുതലായവയിലും അതീവ തൽപരരായിരിക്കും.

സ്കോർപ്പിയോ (2015-ലെ ഫലം) ഏർപ്പെടുന്ന ഏതു കാര്യങ്ങളിലും കാലവിളംബം അനുഭവപ്പെടുന്നതാണ്. എന്തെന്നില്ലാത്ത ഒരു ഭീതി മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. വർഷം പകുതിയോടെ ജീവിതത്തിൽ ചില നിർണായക മാറ്റങ്ങൾ ഉണ്ടാകും. ഉപദേശങ്ങൾ പലതുണ്ടാകും എങ്കിലും നിങ്ങളുടെ ചുവട് തന്നെയാണ് ഏറ്റവും ശരി എന്നു പിന്നീടു മനസ്സിലാകും. അഭിനയരംഗത്തുള്ളവർക്ക് കൂടുതൽ ശോഭനമായ കാലമാണിത്. പൊതുവേദികളിൽ പ്രത്യക്ഷപ്പെടുവാൻ പല തവണ അവസരം ലഭിക്കയും അതിൽ ശോഭിക്കയും ചെയ്യും. വിവിധ കാലയളവിൽ, വിവിധ കാരണങ്ങളാൽ അന്യദേശവാസത്തിന് സാധ്യതയുണ്ട്. വർഷാവസാനം കർമമേഖലയിൽ പുരോഗതിയുണ്ടാകും. വിവാഹജീവിതത്തിൽ ചെറിയ പൊരുത്തക്കേടുകളും അതൃപ്തിയും നിലനിൽക്കും എങ്കിലും കുടുംബത്തിന്റെ യശസ്സ് വർധിക്കുന്ന സംഭവവികാസങ്ങളുണ്ടാകും. ആയുധം കൊണ്ടും വിഷജന്തുക്കളെക്കൊണ്ടും അപകടങ്ങളുണ്ടാകുവാൻ സാധ്യതയുള്ളതിനാൽ കരുതിയിരിക്കുക. പുസ്തകരചന നടത്തി പ്രശസ്തിയിലേക്കുയരും. മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി കൂടുതൽ പ്രയത്നിക്കും. ഗുരുജനങ്ങളിൽ നിന്നു സഹായങ്ങളും അനുഗ്രഹവും ലഭിക്കും. വിദേശധനം ലഭിക്കാൻ സാധ്യത.

ഭാഗ്യനമ്പർ: 9 നിറം: മെറൂൺ കല്ല് (രത്നം): ഓപ്പൽ, പവിഴം മൃഗം: ഈച്ച, പാറ്റ തുടങ്ങിയ കീടങ്ങൾ ഭക്ഷണം: എരിവും പുളിയുമുള്ളവ, ഉള്ളി, കടുക്.

സാജിറ്റേറിയസ് (നവംബർ 23 - ഡിസംബർ 22) ഈ രാശിക്കാർ സൗമ്യമായ പെരുമാറ്റമുള്ളവരായിരിക്കും. ഏറ്റെടുക്കുന്ന ജോലി കൃത്യമായി ചെയ്തു തീർക്കുന്ന ഇവർ കൈക്കൂലി വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ല. സ്വന്തം കാര്യത്തിനായി എത്ര കഷ്ടപ്പാടു സഹിക്കാനും ഇവർ തയ്യാറായിരിക്കും. ബുദ്ധിസാമർഥ്യം, മാതൃഭക്തി, അഭിമാനം, ആത്മനിയന്ത്രണം, സേവനതൽപരത, കർമശേഷി എന്നിവ ഈ രാശിയിൽ ജനിച്ചവരുടെ ഗുണവിശേഷങ്ങളാണ്. നന്നായി സംസാരിക്കുന്നവരും മറ്റുള്ളവരെ വാഗ്വാദങ്ങളിൽ തോൽപിക്കുന്നവരുമായ ഇവർ അഭിഭാഷകവൃത്തിയിലും അഭിനയത്തിലും രാഷ്ട്രീയത്തിലും പ്രണയകാര്യങ്ങളിലും വിജയിക്കും. സ്വന്തം ആരോഗ്യത്തെപ്പറ്റി ഇവർ അത്ര ബോധമുള്ളവരല്ലായെങ്കിലും സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ സമർഥരായിരിക്കും. പ്രാർഥനയിൽ അമിതവിശ്വാസം കൽപിക്കുന്ന ഇവർ വേദാന്തവിഷയങ്ങളിൽ താൽപര്യമുള്ളവരായിരിക്കും. ഏതുകാര്യങ്ങളിലും സ്വതസിദ്ധമായ സൂക്ഷ്മത, സത്യസന്ധത, സ്ഥിരോത്സാഹം, ഭോജനപ്രിയത്വം എന്നിവ പ്രത്യേക സ്വഭാവവിശേഷങ്ങളാണ്. സാഹിത്യപ്രവർത്തനം, അധ്യാപകവൃത്തി, സർക്കാർ ജോലി എന്നിവ ഇവരുടെ മേഖലകളാണ്. ചെറിയ കാര്യങ്ങളിൽ വലിയ ഉൽക്കണ്ഠ സൃഷ്ടിച്ചു മറ്റുള്ളവരുടെ സ്വൈര്യവും ധൈര്യവും കളയും. ചെറിയ ചെറിയ കാര്യങ്ങളെ പർവതീകരിച്ചു കാണിക്കുന്നവരാണിവർ.

സാജിറ്റേറിയസ് (2015-ലെ ഫലം) ഗുണദോഷസമ്മിശ്രമായ ഫലമാണ് ഈ വർഷം അനുഭവപ്പെടുക. ആദ്യമാസങ്ങളിൽ ദോഷഫലങ്ങൾ കൂടിയിരിക്കുമെങ്കിലും ക്രമേണ മാറ്റമുണ്ടാകും. സദാചാരവിരുദ്ധമായ കാര്യങ്ങളിൽ വാസനയുണ്ടാകുന്നതു നിയന്ത്രിച്ചില്ലെങ്കിൽ കുഴപ്പങ്ങൾക്കു സാധ്യതയുണ്ട്. പങ്കാളിയുടെയും ഉറ്റ ചില ബന്ധുക്കളുടെയും സമയോചിതമായ ഇടപെടൽ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഗുണം തരുന്നത് അനുഭവപ്പെടും. കലാസാഹിത്യപ്രവർത്തനം മൂലം ഗുണാനുഭവമുണ്ടാകും. പെട്ടെന്നുണ്ടാകുന്ന പ്രശസ്തി മൂലം ചില ബന്ധുക്കൾ ശത്രുക്കളെ പോലെ പെരുമാറും. ഗൃഹത്തിൽ ചില പരിഷ്കാരപ്രവർത്തനങ്ങൾ നടത്തും. ചില മംഗളകർമങ്ങൾക്കും യോഗം കാണുന്നു. ഔദ്യോഗിക മേഖലയിൽ അനാവശ്യമായ ഒരു ഭീതി നിലനിൽക്കും എങ്കിലും പ്രമോഷനെയോ മേലധികാരികളുമായുള്ള ബന്ധത്തെയോ അതു ബാധിക്കില്ല. പൊതുജനസേവനരംഗത്തു ശോഭിക്കാൻ കഴിയും. ആലോചിക്കാതെയുള്ള സംഭാഷണങ്ങൾ ശത്രുക്കളെ ക്ഷണിച്ചുവരുത്തും. ക്ഷേത്ര പുനരുദ്ധാരണപ്രവർത്തനങ്ങളിലും ധാർമിക കാര്യങ്ങളിലും ആത്മാർഥമായി ഏർപ്പെടും. അപ്രതീക്ഷിതമായി വിദേശയാത്രകൾ വന്നു ചേരും. പങ്കാളിയുമായി മാറിത്താമസിക്കേണ്ട സന്ദർഭങ്ങളുണ്ടാകും.

ഭാഗ്യനമ്പർ: 3 നിറം: പർപ്പിൾ, കടുത്ത നീല കല്ല് (രത്നം): ടോപാസ്, മഞ്ഞ പുഷ്യരാഗം മൃഗം: കുതിര ഭക്ഷണം: കിഴങ്ങ്, മുന്തിരി എന്നിവ

കാപ്രിക്കോൺ (ഡിസംബർ 23 - ജനുവരി 20) പൈതൃകം കാത്തുസൂക്ഷിക്കുന്ന ഇവർ ചിട്ടയായി കാര്യങ്ങളെ വിശകലനം ചെയ്തു സമീപിക്കുന്നവരായിരിക്കും. കഠിനപ്രയത്നം മൂലവും കൂട്ടായ പ്രവർത്തനം മൂലവും ഇവർ ഉയർന്ന നിലയിലെത്തിച്ചേരും. ജീവിതത്തിൽ നല്ല വഴിത്തിരിവുണ്ടാകാതെ ഇവർ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുകയില്ല. ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് ആത്മാർഥതയോടെ പ്രവർത്തിക്കും. അന്യരുടെ ഉപദേശം സ്വീകരിക്കാൻ വൈമുഖ്യം കാട്ടുന്ന ഇവർ സ്വന്തം ഉപദേശം മറ്റുള്ളവർക്കു കൊടുത്തു വലിയവനാകാൻ ശ്രമിക്കും. കരാറുജോലി, ഭൂമിക്കച്ചവടം, പലിശയ്ക്കു പണം കടം കൊടുക്കൽ, സർക്കാർ ജോലി, രാഷ്ട്രീയം, വ്യാപാരം, സാഹിത്യരചന എന്നിവയും ഇവരുടെ മേഖലകളാണ്. ആരോഗ്യകാര്യങ്ങളിൽ മുൻകരുതലുകൾ എടുക്കുന്ന സ്വഭാവക്കാരാണ്. എന്നും സഞ്ചരിക്കേണ്ടിവരുന്നവരാണ്. വളരെനേരം തുടർച്ചയായി ജോലി ചെയ്യാൻ ഇഷ്ടപ്പെടാത്തവരാണ്. രഹസ്യങ്ങൾ അധികകാലം മനസ്സിൽ സൂക്ഷിക്കാൻ കഴിയാത്ത വ്യക്തികളായിരിക്കും. സന്താനങ്ങളെച്ചൊല്ലി അമിതമായി ഉൽക്കണ്ഠപ്പെടും. ധനം കൂട്ടിക്കൂട്ടി വയ്ക്കുന്നതിൽ രസം കണ്ടെത്തുന്ന ഇവർ പങ്കാളിയുമായി വൈകാരികബന്ധം അരക്കിട്ടുറപ്പിക്കാൻ വളരെ പ്രയാസപ്പെടും.

കാപ്രിക്കോൺ (2015-ലെ ഫലം) ഏതു മത്സരങ്ങളിലും വമ്പിച്ച വിജയം കരസ്ഥമാക്കുന്ന ഒരു പുതുവർഷമാണു പിറക്കുന്നത്. ധർമലോപമുണ്ടാക്കുന്ന പ്രവൃത്തികളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ജീവിതപങ്കാളിയിൽ നിന്നും സന്താനങ്ങളിൽ നിന്നും ഉണ്ടായിട്ടുള്ള വിഷമസന്ധികളെല്ലാം പരിഹരിക്കാനുള്ള ശ്രമം വിജയിക്കുന്ന കാലമാണു വരുന്നത്. പുണ്യദേവാലയ സന്ദർശനം, വഴിപാടുകൾ ഇവ ഈ സമയത്തു കൂടുതൽ നടത്തും. നാളുകളായി മുടങ്ങിക്കിടന്നിരുന്ന ചില പ്രവർത്തികൾ വീണ്ടും തുടങ്ങും. ഗൃഹത്തിനുവേണ്ടി കൂടുതൽ പണം മുടക്കാൻ തീരുമാനിക്കും. അലങ്കാരവസ്തുക്കൾ വാങ്ങുകയും വീട് മോടിപിടിപ്പിക്കുകയും ചെയ്യും. അടുത്ത ചില ബന്ധുക്കളുടെ വേർപാട് മനസ്സിനെ ഉലയ്ക്കാനിടയുണ്ട്. വിദ്യാഭ്യാസരംഗത്തു പ്രവർത്തിക്കുന്നവർക്കു കഠിനാധ്വാനം ചെയ്യേണ്ടിവരും. ഉദ്യോഗസംബന്ധമായി ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. ധനാഗമ മാർഗങ്ങൾ കൂടുതൽ ഉണ്ടാകും. മേലധികാരികളുടെ നീരസം സമ്പാദിക്കുവാൻ സാധ്യതയുള്ളതിനാൽ ചെയ്യുന്ന പ്രവൃത്തിയിൽ കൂടുതൽ ശുഷ്കാന്തി കാണിക്കണം. തീർഥയാത്രകൾക്കു നേതൃത്വം നൽകും. സർക്കാരിൽ നിന്നു ലഭിക്കേണ്ട ആനുകൂല്യങ്ങളും തുകയും ലഭിക്കും.

ഭാഗ്യനമ്പർ: 8 നിറം: കടുംപച്ച, കറുപ്പ്, ബ്രൗൺ (തവിട്ടുനിറം) കല്ല് (രത്നം): അമേത്തിസ്റ്റ്, ടോർക്വോയിസ് മൃഗം: ആട് ഭക്ഷണം: ഇറച്ചി, ഉരുളക്കിഴങ്ങ്, സവാള.

അക്വേറിയസ് (ജനുവരി 21 - ഫെബ്രുവരി 19) കലാപ്രവർത്തനങ്ങളിലും കായികരംഗത്തും വിജയം കൈവരിക്കുന്ന ഈ രാശിക്കാർ രഹസ്യം സൂക്ഷിക്കാൻ കഴിവുള്ളവരും നേതൃത്വപാടവമുള്ളവരുമായിരിക്കും. നല്ല വസ്ത്രം, ആഭരണം, വാഹനം, മോടി പിടിപ്പിച്ച ഗൃഹം എന്നിവയ്ക്കു വേണ്ടി പരിശ്രമം തുടങ്ങും. പൊതുവെ ഊർജസ്വലരായ ഇവർ വിനോദസഞ്ചാരം, വിദേശയാത്ര എന്നിവ ഇഷ്ടപ്പെടുന്ന വ്യക്തികളായിരിക്കും. സ്വന്തം വ്യക്തിജീവിതത്തിൽ അന്യർ കൈകടത്തുന്നതു തീരെ ഇഷ്ടമില്ലാത്ത ഇവരുടെ തന്നിഷ്ട സ്വഭാവം വിവാഹജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കിക്കൂടായ്കയില്ല. ഏതു മണ്ഡലങ്ങളിൽ പ്രവർത്തിച്ചാലും അവിടെ ഒന്നാമനായിത്തീരും. ശിഷ്യസമ്പത്തു ധാരാളമുണ്ടാകും. വാർത്താവിനിമയം, പന്തുകളി, തച്ചുശാസ്ത്രം, വേദാന്തം മുതലായ രംഗങ്ങളിലും പ്രഗത്ഭ്യം തെളിയിക്കും. അന്യരെ അഭിനന്ദിക്കാൻ മടി കാട്ടാത്ത ഇവർ ആദർശശാലികളും അഭിമാനികളുമായിരിക്കും. എതിർലിംഗത്തിൽപ്പെട്ടവരുടെ വലയിൽ എളുപ്പത്തിൽ കുടുങ്ങിപ്പോകുവാൻ സാധ്യതയുണ്ട്. രക്തസമ്മർദം, നേത്രരോഗം എന്നിവയുണ്ടാകും. അപവാദങ്ങൾ നേരിടേണ്ടിവരും. സൽസ്വഭാവികളും ഈശ്വരവിശ്വാസികളുമായ ഇവർ പെട്ടെന്നു പ്രതികരിക്കുന്നവരായിരിക്കും.

അക്വേറിയസ് (2015-ലെ ഫലം) ഉദ്യോഗത്തിൽ എല്ലാവിധ ഉയർച്ചയ്ക്കും യോഗം കാണുന്നുണ്ട്. ഭൂമിസംബന്ധമായ ചില പ്രമാണങ്ങൾ കൈവശം വന്നുചേരുകയും അതു ഭാവിയിൽ ഗുണം ചെയ്യുകയും ചെയ്യും. കീഴ്ജീവനക്കാരുടെ സഹകരണം പ്രതീക്ഷിക്കാം. പൂർവിക സ്വത്ത് അനുഭവയോഗ്യമാകും. വളരെക്കാലങ്ങളായി നിലനിന്നുവന്നിരുന്ന ചില തർക്കങ്ങൾ പരിഹരിക്കാൻ സ്വയം ഇറങ്ങിപ്പുറപ്പെടുകയും അതിൽ വിജയിക്കുകയും ചെയ്യും. സ്വന്തമായി വീടു വാങ്ങാനുദ്ദേശിക്കുന്നവർക്ക് അനുകൂലമായ സമയമാണ്. സന്താനഭാഗ്യത്തിനുള്ള യോഗവും കാണുന്നു. അപവാദപ്രചരണത്തെ കരുതിയിരിക്കേണ്ട സമയമാകയാൽ ഗൃഹത്തിൽ നിന്നു വിട്ടുനിൽക്കാതിരിക്കയാണ് അഭികാമ്യം. പുതിയ കൂട്ടുകെട്ടുകൾ ഒഴിവാക്കുന്നതു നന്നായിരിക്കും. സ്വന്തം കാര്യങ്ങൾ മറ്റുള്ളവരെ ഏൽപ്പിക്കുന്ന പ്രവണതയും നന്നല്ല. ജോലിക്കു വേണ്ടിയുള്ള ഹ്രസ്വകാലപഠന കേന്ദ്രങ്ങളിൽ ചേരും. നീന്തൽ, വാഹനമോടിക്കാൻ പഠിക്കൽ, യോഗ, സംഗീതം തുടങ്ങി ഇതുവരെ ശ്രദ്ധിക്കാത്ത പുതിയൊരു മേഖലയിൽ ചുവടുവയ്ക്കാനും സാധ്യതയുണ്ട്. വിദേശങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം വരും. പങ്കാളിയുടെ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. യാത്രകളും സൂക്ഷിക്കണം. മക്കളുടെ വിജയങ്ങളിലൂടെ ജനശ്രദ്ധ നേടും. അദ്ധ്യാത്മിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ തോന്നിത്തുടങ്ങും.

ഭാഗ്യനമ്പർ: 8 നിറം: നീല കല്ല് (രത്നം): അക്വാമറൈൻ, മരതകം മൃഗം: മനുഷ്യൻ ഭക്ഷണം: തണുത്ത ഭക്ഷണം, ആപ്പിൾ.

പീസസ് (ഫെബ്രുവരി 20 - മാർച്ച് 21) ഈ രാശിക്കാർ കാപട്യം കാണിക്കാത്തവരും വേഗത്തിൽ തീരുമാനമെടുക്കാൻ കഴിയുന്നവരും ആത്മാർഥമായി സ്നേഹിക്കുന്നവരും എന്നാൽ, ബന്ധുക്കളിൽ നിന്നു പ്രതീക്ഷിക്കുന്നതൊന്നും ലഭിക്കാത്തവരും സത്യസന്ധരും സ്വന്തം പരിശ്രമത്താൽ ധനം സമ്പാദിച്ചു സുഖിച്ചു ജീവിക്കുന്നവരുമായിരിക്കും. ഗുരുജനങ്ങളെയും മാതാപിതാക്കളെയും അനുസരിക്കുകയും ബഹുമാനിക്കയും ചെയ്യും. ജീവിതപങ്കാളിക്കുവേണ്ടി ഏതുതരം വികാരപ്രകടനങ്ങളും ഇവർ കാഴ്ചവയ്ക്കും. ബുദ്ധിപരമായ കഴിവിൽ അഭിമാനം കൊള്ളും.

ചെറിയ രോഗങ്ങൾക്കുപോലും മരുന്നിനെ ആശ്രയിക്കുന്നവരാണ്. വിനോദസഞ്ചാരപ്രിയരും സൗന്ദര്യാരാധകരും പരോപകാരതൽപരരുമായിരിക്കും. നല്ല വസ്ത്രം, നല്ല വാഹനം, നല്ല ഗൃഹം, നല്ല ജീവിതപങ്കാളി എന്നിവ അനുഭവയോഗം. ജോലിയും പഠിപ്പും തമ്മിൽ വലിയ ബന്ധമുണ്ടാവുകയില്ല. പൊതുവെ ഭോജനപ്രിയരും ഭോഗപ്രിയരുമായിരിക്കും. പ്രസന്നവദനരായിരിക്കുന്ന ഇവർ പൊതുരംഗത്തു ശോഭിക്കുന്നവരും കള്ളസൂത്രം കണ്ടുപിടിക്കാൻ മിടുക്കരുമായിരിക്കും. കരൾരോഗം, സന്ധിവാതം, വൃക്കരോഗം, ദന്തരോഗം, തലവേദന ഇവരിൽ സാധാരണമാണ്.

പീസസ് (2015-ലെ ഫലം) വിലപ്പെട്ട ചില വിദേശ നിർമിതവസ്തുക്കൾ ഈ വർഷം പാരിതോഷികമായി ലഭിക്കാം. സർക്കാർ ജോലിക്കായി ശ്രമിക്കുന്നവർക്ക് വർഷത്തിന്റെ രണ്ടാംപകുതിയിൽ അനുകൂല സാഹചര്യങ്ങൾ കണ്ടു തുടങ്ങും. പ്രണയകാര്യങ്ങൾ വേണ്ടത്ര പുരോഗമിക്കയില്ലെന്നു മാത്രമല്ല, ചില തടസ്സങ്ങൾ ഉണ്ടാകാനും ഇടയാകും. പ്രണയം വീട്ടിലറിയുന്നത് കൂടുതൽ എതിർപ്പുകളിലേക്കു നയിക്കും. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ചില സുപ്രധാന തീരുമാനങ്ങൾ ഈ വർഷം എടുക്കും. പങ്കാളിയുടെ ഭാഗത്തു നിന്നു ചണസംബന്ധമായ ചില സഹായങ്ങൾ ഉണ്ടാകും. തികച്ചും അപ്രതീക്ഷിതമായ ചില സ്ഥലങ്ങളിൽ നിന്നു ധനാഗമവും കാണുന്നു. പൊതുവെ ശരീരക്ഷീണം കൂടാൻ സാധ്യതയുണ്ട്. പ്രാർഥനയ്ക്കായി കൂടുതൽ സമയം ചെലവഴിക്കണം. അവിഹിതമാർഗങ്ങളിലൂടെ ധനം സമ്പാദനത്തിനുള്ള പല വഴികൾ മുന്നിൽ തുറക്കും. അവയിൽ കുടുങ്ങാതെ ശ്രദ്ധിക്കുക. പരിചയക്കാരുടെ മധുരവാക്കുകൾ കേട്ട് അബദ്ധത്തിൽ ചെന്നു ചാടാതിരിക്കാനും ശ്രദ്ധിക്കണം. ക്രയവിക്രയങ്ങൾ മൂലം നേട്ടങ്ങളുണ്ടാകും. കുടുംബസദസ്സുകളിലും സുഹൃത്സംഘങ്ങളിലും കൂടുതൽ ഇടപെടുകയും അതുവഴി അഭിമാന വർധന നേടുകയും ചെയ്യും.

ഭാഗ്യനമ്പർ: 3 നിറം: ഇളംപച്ച കല്ല് (രത്നം): ചന്ദ്രകാന്തം (മൂൺസ്റ്റോൺ) മൃഗം: മീൻ ഭക്ഷണം: വെള്ളരിക്ക, മത്തൻ

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer