Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാണ് വാസ്തുപുരുഷൻ ?

Vastu Purushan ഗൃഹത്തിന്റെയും ഗൃഹവാസികളുടെയും സംരക്ഷണത്തിൽ വാസ്തുപുരുഷന് അതിപ്രധാന സ്ഥാനമാണുള്ളത്

ഗൃഹനിർമ്മാണ ഘട്ടങ്ങളില്‍ വാസ്തു നോക്കുമെങ്കിലും വാസ്തുപുരുഷനെക്കുറിച്ചുള്ള അറിവ് പലർക്കും പരിമിതമാണ്. നാം ഗൃഹംപണിയുന്ന വസ്തുവിലും ആ ഗൃഹത്തിലും വസിക്കുന്ന ദേവനാണ് വാസ്തുപുരുഷൻ. ഗൃഹത്തിന്റെയും ഗൃഹവാസികളുടെയും സംരക്ഷണത്തിൽ വാസ്തുപുരുഷന് അതിപ്രധാന സ്ഥാനമാണുള്ളത്. വാസ്തുപുരുഷന്റെ സംതൃപ്തിയിലും, അതൃപ്തിയിലും അധിഷ്ഠിതമാണ് ഓരോ ഗൃഹത്തിന്റെയും അഭിവൃദ്ധി.

വാസ്തുപുരുഷന്റെ ജനനം ത്രേതായുഗത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു. പരമശിവനും അന്ധകാരൻ എന്ന രാക്ഷസനും തമ്മിൽ നടന്ന ഘോരയുദ്ധത്തിനിടയിൽ പരമശിവന്റെ ശരീരത്തിൽ നിന്നും ഉതിർന്നു വീണ വിയർപ്പുതുള്ളി ഭീകരരൂപം പ്രാപിച്ച് ജഗത് മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഭൂതമായി മാറുകയായിരുന്നു എന്നാണ് ഐതീഹ്യം. അസാമാന്യ ശക്തിയുണ്ടായിരുന്ന ഈ ഭൂതം ദേവൻമാരെ സദാ ആക്രമിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ സഹികെട്ട ദേവൻമാർ രക്ഷയ്ക്കായി ബ്രഹ്മാവിനെ സമീപിച്ചു. യുദ്ധം ചെയ്ത് തോൽപിച്ച് ഭൂതത്തിനെ ഭൂമിയിലേക്ക് വലിച്ചെറിയാതെ ദേവലോകത്തിന് രക്ഷയുണ്ടാകില്ല എന്ന് ബ്രഹ്മാവ് ദേവന്മാർക്ക് ഉപദേശം നൽകി. തുടർന്ന് ദേവൻമാരും, ഭൂതവുമായി കടുത്ത യുദ്ധം നടന്നു. യുദ്ധത്തിനൊടുവിൽ ദേവന്മാർ ഒത്തുചേർന്ന് ഭൂതത്തിനെ ദേവലോകത്തുനിന്നും ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു.

ഭൂമിയിൽ നിലം പതിച്ച ഭൂതം ഭൂമിയാകമാനം വ്യാപിച്ചു. ശിരസ്സ് വടക്കു കിഴക്ക് കോണിലും, കാൽപാദങ്ങൾ തെക്ക് പടിഞ്ഞാറ് കോണിലും, കൈകൾ രണ്ടും തെക്കു കിഴക്കിലും, വടക്കു പടിഞ്ഞാറിലുമായി ഭൂമിയെ വലയം പ്രാപിച്ചതിനാൽ ഭൂതം വാസ്തുപുരുഷന്‍ എന്നപേരിൽ അറിയപ്പെട്ടു.

ഭൂമിയിൽ കിടന്ന് പൂര്‍ണ്ണമായും ഭ്രമണം ചെയ്തു തുടങ്ങിയ വാസ്തുപുരുഷൻ ഭൂമിയിലെ മനുഷ്യരെ ആക്രമിച്ചു തുടങ്ങി. ആക്രമണങ്ങളിൽ ഭയചകിതരായ മനുഷ്യർ തങ്ങളുടെ രക്ഷയ്ക്കായി ബ്രഹ്മാവിനോട് പ്രാർത്ഥിച്ചു. തുടർന്ന് വാസ്തുപുരുഷന്റെ ശക്തിയെ വീണ്ടും ക്ഷയിപ്പിക്കുവാൻ ബ്രഹ്മാവ് തീരുമാനിച്ചു. കരുത്തരായ അൻപത്തിമൂന്ന് ദേവൻമാരോട് വാസ്തുപുരുഷന്റെ ശരീരത്തിൽ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിക്കുവാൻ ബ്രഹ്മാവ് നിർദേശിച്ചു. അൻപത്തിമൂന്ന് ദേവൻമാരും നിർദേശം അക്ഷരംപ്രതി അനുസരിച്ച് വാസ്തുപുരുഷന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ചു. ഇതോടെ ശക്തി ക്ഷയിച്ച വാസ്തുപുരുഷൻ ബ്രഹ്മാവിനോട് ചെയ്ത തെറ്റുകൾക്ക് ക്ഷമ ചോദിച്ചു. മനസ്സലിഞ്ഞ ബ്രഹ്മാവ് വാസ്തുപുരുഷനെ അനുഗ്രഹിച്ചു. ഭൂമിയിലെ മനുഷ്യർ വാസ്തുപുരുഷനെ ആരാധിക്കുമെന്ന വരവും നൽകി. ശിലാന്യാസം, കട്ടളവെയ്പ്, ഗൃഹപ്രവേശം എന്നീ അവസരങ്ങളിൽ മനുഷ്യരെല്ലാം നിന്നെ പൂജിക്കും. അല്ലാത്ത പക്ഷം അവർക്ക് നാശങ്ങളുണ്ടാകും. നിന്നെ പ്രീതിപ്പെടുത്തുന്നവർക്കും, നിന്റെ അനുഗ്രഹത്തിന് പാത്രമാകുന്നവർക്കും സർവവിധ അഭിവൃദ്ധിയുമുണ്ടാകും. നിന്റെ സംരക്ഷണത്തിലായിരിക്കും അവരുടെ ജീവിതം. ഇതായിരുന്നു ബ്രഹ്മാവ് നൽകിയ വരത്തിന്റെ സാരം. തുടർന്ന് മനുഷ്യരാശിയുടെ പൂജകളും പ്രാർത്ഥനകളും ഏറ്റുവാങ്ങി വാസ്തുപുരുഷൻ ഭൂമിയാകമാനമായി നിലകൊള്ളുന്നു എന്നാണ് വിശ്വാസം.

Read more: Download yearly horoscope, Soul mate, Malayalam Panchangam, Feng Shui Tips in Malayalam, Astrology Tips in Malayalam