വീട്ടിൽ സമാധാനം നിറയ്ക്കാൻ?

ഗൃഹനിർമാണത്തിൽ മുറികളുടെ സ്ഥാനങ്ങൾക്ക് വളരെ പ്രാധാന്യം ഉണ്ട്. ഒരു ദിവസത്തിന്റെ പകുതി ഭാഗമോ അതിൽ കൂടുതലോ ചിലവഴിക്കുന്ന ഇടമാണ് കിടപ്പുമുറികൾ. അടുക്കള, ഊണുമുറി, സ്വീകരണമുറി, എന്നിവ സ്ഥാനവും അളവും അനുസരിച്ച് പണിയുന്നത് സ്വസ്ഥതയ്ക്കും സമാധാനത്തിനും ആരോഗ്യത്തിനും ഉത്തമമാണ്. 

ഗൃഹനാഥൻ ഒരിക്കലും വീടിന്റെ വടക്കുകിഴക്കുള്ള മുറിയിലോ തെക്കുകിഴക്കുള്ള മുറിയിലോ കിടക്കാൻ പാടില്ല. പ്രായമായവർ വീടിന്റെ വടക്കുകിഴക്കുള്ള മുറി ഉപയോഗിക്കുന്നതിൽ തെറ്റില്ല .വീടിന്റെ  മധ്യഭാഗത്തു കിടപ്പുമുറി പാടില്ല. അറ്റാച്ച്ഡ്  ബാത്റൂമുകൾ മുറിയുടെ വടക്കോ പടിഞ്ഞാറോ ആണു വരേണ്ടത്. ടോയ്‌ലറ്റിന്റെ കതക് എപ്പോഴും അടച്ചിടുകയും വേണം. കിടപ്പുമുറിയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഒഴിവാക്കുക. വീട്ടിലെ മാസ്റ്റർ ബെഡ്റൂം തെക്കുപടിഞ്ഞാറേ കോണായ കന്നിമൂലയിൽ ആയിരിക്കണം.

സ്ത്രീകൾ കൂടുതൽ സമയം ചെലവഴിക്കുന്ന മുറി ആയതിനാൽ അടുക്കള തെക്കുകിഴക്കേ മൂലയായ അഗ്നികോണിൽ  നിർമിക്കാവുന്നതാണ്. കിഴക്കോട്ടു തിരിഞ്ഞു  ഭക്ഷണം പാകം ചെയ്യുന്നതാണ് ഉത്തമം. ഊണുമുറി ഗൃഹത്തിന്റെ വടക്കോ കിഴക്കോ അടുക്കളയ്ക്ക് സമീപത്തായി ക്രമീകരിക്കാം. സ്വീകരണമുറി ഗൃഹത്തിന്റെ മുഖം വരുന്ന ദിശയിലോ വടക്കോ കിഴക്കോ ആയി നിർമ്മിക്കാവുന്നതാണ്.ബാത്റൂം ഉൾപ്പെടെയുള്ള മുറികളുടെ എണ്ണം ഇരട്ടസംഖ്യയിലാവാനും ശ്രദ്ധിക്കണം.